ഴ് പതിറ്റാണ്ടോളം പാകിസ്താന്റെ അഭിമാനമായിരുന്ന ദേശീയ വിമാനക്കമ്പനി. അറുപതുകളിലും എഴുപതുകളിലും ലോകത്ത് തന്നെ ഏറ്റവും ലാഭകരമായി സർവീസുകൾ നടത്തിയ എയർലൈൻ. ആ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായി കണക്കാക്കപ്പെട്ട കമ്പനി. വിദേശ എയർലൈനുകൾക്ക് സാങ്കേതിക സഹായം നൽകുകയും ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമാനക്കമ്പനികളിലൊന്നായി വളർന്ന എമിറേറ്റ്‌സിന് സാങ്കേതികവും ഭരണപരവുമായ സഹായം നൽകിയിരുന്നവർ.. പറഞ്ഞു വരുന്നത് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിനെ (പിഐഎ) കുറിച്ചാണ്. ഈ ആഴ്ച ആദ്യം ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ലേലത്തിൽ പിഐഎയുടെ ഭൂരിഭാഗം ഓഹരികളും സർക്കാർ വിറ്റൊഴിവാക്കി. കറാച്ചി ആസ്ഥാനമായുള്ള ആരിഫ് ഹബീബ് ലിമിറ്റഡ് (എ.എച്ച്.എൽ.) കൺസോർഷ്യമാണ് കമ്പനിയെ സ്വന്തമാക്കിയത്.

To advertise here,

ഒരു കാലത്ത് ലോകത്തിലെ മുൻനിര വിമാനക്കമ്പനികളിലൊന്നായി പേരെടുത്ത പിഐഎ തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന വേളയിലാണ് സ്വകാര്യവത്കരണം. ദേശീയ വിമാനക്കമ്പനിയുടെ ഷെയറുകൾ വിൽക്കാൻ അന്താരാഷ്ട്ര നാണയ നിധിയുടെ ഭാഗത്ത് നിന്ന് പാകിസ്താന് മേൽ സമ്മർദവുമുണ്ടായിരുന്നു. പിഐഎയെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് ഈ ഘട്ടത്തിലും പാകിസ്താൻ പറയുന്നത്. എന്താണ് പിഐഎയ്ക്ക് സംഭവിച്ചത്? ഇന്ത്യാവിഭജനത്തിന് മുമ്പ് കൊൽക്കത്തയിൽ തുടങ്ങിയ കമ്പനിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാൻ സ്വകാര്യവത്കരണത്തിന് സാധിക്കുമോ?

കൊൽക്കത്തയിൽ തുടങ്ങിയ കമ്പനി

ഇന്ത്യാ വിഭജനത്തിനും മുമ്പാണ് പിഐഎയുടെ കഥ ആരംഭിക്കുന്നത്. അന്ന് പക്ഷേ, ഒരു സർക്കാർ സ്ഥാപനമായിരുന്നില്ല ഇത്. 1946 ഒക്ടോബർ 29-ന് ബ്രിട്ടീഷ് ഇന്ത്യയിലെ കൊൽക്കത്തയിൽ വ്യവസായികളായ മിർസ അഹമ്മദ് ഇസ്പഹാനിയും ആദംജി ഹാജി ദാവൂദും ചേർന്ന് സ്ഥാപിച്ച സ്വകാര്യ എയർലൈസിൽ നിന്നായിരുന്നു പിഐഎയുടെ തുടക്കം. ഒറിയന്റ് എയർവേസ് എന്നായിരുന്നു ആദ്യം പേര്. പാകിസ്താൻ രാജ്യം പിറവിയെടുക്കും മുമ്പ് 1947 ജൂൺ നാലിന് വിമാനക്കമ്പനി പ്രവർത്തനം ആരംഭിച്ചു. കമ്പനി പ്രവർത്തനം ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ പാകിസ്താൻ പിറന്നു. പുതിയ രാജ്യത്തിന്റെ ജനനം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കൈമാറ്റങ്ങളിലൊന്നിന് കാരണമായി. ഈസമയത്ത് ഓറിയന്റ് എയർവേയ്‌സ്, ഡൽഹിക്കും കറാച്ചിക്കും ഇടയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും യാത്രാ സർവീസും ആരംഭിച്ചു.

1947-ൽ പാകിസ്താൻ രൂപീകരിച്ചതിനുശേഷം, ഓറിയന്റ് എയർവേയ്‌സ് അതിന്റെ പ്രവർത്തനങ്ങൾ പാകിസ്താനിലേക്ക് മാറ്റി. പാകിസ്താന്റെ ആഭ്യന്തര, അന്താരാഷ്ട്ര യാത്രാ ആവശ്യങ്ങൾ നിറവേറ്റിയ ആദ്യത്തെ എയർലൈനായി കമ്പനി മാറി. പരിമിതമായ മൂലധനവും വിഭവങ്ങളുമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു കമ്പനി എന്ന നിലയിൽ ഓറിയന്റ് എയർവേയ്‌സിന് പോരായ്മകളുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് 1950-കളുടെ തുടക്കത്തിൽ കമ്പനി ദേശസാൽക്കരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കുന്നത്. 1955-ൽ ഓറിയന്റ് എയർവേയ്‌സിനെ പാകിസ്താൻ ദേശസാത്കരിക്കുകയും പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് കോർപ്പറേഷൻ (പിഐഎസി) എന്ന സർക്കാർ ഉടമസ്ഥതയിലുള്ള പുതിയ സ്ഥാപനത്തിൽ ലയിപ്പിക്കുകയും ചെയ്തു. പുതിയ കോർപ്പറേഷനിൽ ഓറിയന്റിന്റെ ഓഹരി ഉടമകൾക്ക് ഓഹരി ലഭിച്ചു. മിർസ അഹമ്മദ് ഇസ്പഹാനി പിഐഎയുടെ ആദ്യ ചെയർമാനായി. 'പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഇത് രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായി.

പാകിസ്താൻ എയർലൈൻസിന്റെ സുവർണകാലഘട്ടം

1955-ൽ കെയ്‌റോ, റോം വഴി ലണ്ടനിലേക്ക് പിഐഎ അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചു. ഒരു വികസ്വര രാജ്യത്തിന് അത്യന്താപേക്ഷിതമായ മറ്റ് പദ്ധതികൾക്ക് മുൻഗണന നൽകുന്നതിന് പകരം അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചത് തുടക്കത്തിൽ വിമർശനങ്ങൾ വിളിച്ചു വരുത്തി. പക്ഷേ, കമ്പനിയുടെ വിപുലീകരണം പ്രധാനമായിരുന്നതിനാൽ അന്താരാഷ്ട്ര സർവീസുകൾ വഴിയുള്ള ധനസമാഹരണം ആവശ്യമായിരുന്നു. ഇക്കാലഘട്ടത്തിലെ പി‌ഐ‌എയുടെ നേതൃത്വം കമ്പനിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചു. 1959-ൽ എയർ മാർഷൽ നൂർ ഖാൻ മാനേജിങ് ഡയറക്ടറായി നിയമിതനായതോടെ എയർലൈന്റെ വളർച്ച ആരംഭിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നടപടികൾ വിമാനക്കമ്പനിയെ പുതിയ ഉയരങ്ങളിലെത്തിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പി‌ഐ‌എ ആധുനിക ജെറ്റുകൾ സ്വന്തമാക്കിയത്, പുതിയ ആഗോള റൂട്ടുകൾ തുറന്നത്, മറ്റ് രാജ്യങ്ങൾക്കായി പൈലറ്റുമാരെ പരിശീലിപ്പിച്ചത്.

ചുരുങ്ങിയ കാലയളവിനുള്ളിൽ ലോകത്തിലെ മുൻനിര വിമാനക്കമ്പനികളിലൊന്നായി പിഐഎ പേരെടുത്തു. വ്യോമയാന ചരിത്രത്തിൽ പിഐഎയുടെ സുവർണ വർഷങ്ങളായിരുന്നു പിന്നാലെ വന്നത്. നൂർ ഖാനാകട്ടെ പിഐഎയുടെ സുവർണകാലഘട്ടത്തിന്റെയും ആധുനികവത്കരണത്തിന്റെയും ശിൽപിയായി കണക്കാക്കപ്പെട്ടു. 1960 മാർച്ചിൽ, ലണ്ടൻ-കറാച്ചി-ധാക്ക റൂട്ടിൽ പിഐഎ അതിന്റെ ആദ്യത്തെ ബോയിംഗ് 707 ജെറ്റ് സർവീസ് ആരംഭിച്ചു. ഇതോടെ, എയർ ഇന്ത്യയ്ക്ക് ശേഷം ജെറ്റ് വിമാനം പ്രവർത്തിപ്പിക്കുന്ന രണ്ടാമത്തെ ഏഷ്യൻ എയർലൈൻ ആയി പിഐഎ മാറി. പിറ്റേ വർഷം കറാച്ചിയിൽ നിന്ന് ന്യൂയോർക്കിലേക്ക് ക്രോസ്-അറ്റ്ലാന്റിക് സർവീസ് ആരംഭിച്ചു. ഈ സമയമായപ്പോഴേക്കും കൂടുതൽ പുതിയ വിമാനങ്ങൾക്ക് പിഐഎ ഓർഡർ നൽകി. 1964-ൽ ഒരു കമ്മ്യൂണിസ്റ്റ് ഇതര രാജ്യത്ത് നിന്ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലേക്ക് പറക്കുന്ന ആദ്യത്തെ എയർലൈൻ എന്ന ബഹുമതി പിഐഎ നേടി. 1960-കളുടെ അവസാനത്തോടെ ലോകത്തിലെ ഏറ്റവും ലാഭകരമായ എയർലൈനുകളിൽ ഒന്നായി പിഐഎ മാറി.

വിജയത്തിന്റെ കൊടുമുടി കയറിയ പി‌ഐ‌എ അറുപതുകളുടെ മധ്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പാകിസ്താന്റെ പേരായി മാറി. വിമാനക്കമ്പനി നടത്തിപ്പിൽ മറ്റ് രാജ്യങ്ങൾക്ക് ഉപദേശം നൽകുന്ന നിലയിലെത്തി കാര്യങ്ങൾ. എയർ ചൈന, എയർ മാൾട്ട, ചോസൺ മിൻഹാങ് (ഇപ്പോൾ എയർ കൊറിയോ എന്നറിയപ്പെടുന്നു), ഫിലിപ്പൈൻ എയർലൈൻസ്, സൊമാലി എയർലൈൻസ്, യെമനിയ എന്നിവയുൾപ്പെടെയുള്ള വിദേശ വിമാനക്കമ്പനികൾക്ക് സാങ്കേതികവും ഭരണപരവുമായ സഹായം നൽകി. ജീവനക്കാർക്ക് പരിശീലനമടക്കം നൽകി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ എയർലൈനുകളിൽ ഒന്നായ എമിറേറ്റ്സ്, പി‌ഐ‌എയുടെ സാങ്കേതിക സഹായത്തോടെ ഉയർന്നുവന്ന കമ്പനിയായിരുന്നു. എഴുപതുകളിൽ പിഐഎ ബോയിംഗ് 747 വിമാനങ്ങൾ അവതരിപ്പിച്ചു. ഇത് ഗൾഫിലേക്കുള്ള തൊഴിലാളികളുടെ യാത്രയും ഹജ്ജ് തീർത്ഥാടനത്തിനും സഹായകമായി. പക്ഷേ, 1970 കളുടെ അവസാനത്തിൽ രാജ്യത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ പിഐഎയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങി.

വിമാനക്കമ്പനിയുടെ തകർച്ച തുടങ്ങുന്നു

വ്യോമയാനമേഖലയിലെ പിഐഎയുടെ സുവർണ കാലഘട്ടം പക്ഷേ എൺപതുകളിൽ അവസാനിച്ചു. സാമ്പത്തിക ശേഷിയും ദീർഘവീക്ഷണവുമുള്ള ഗൾഫ് വിമാനക്കമ്പനികൾ ഉയർന്നുവന്നതോടെ മേഖലയിലെ മത്സരം രൂക്ഷമായി. മത്സരം ശക്തമായപ്പോൾ പിഐഎയ്ക്ക് വിപണിയിൽ പിടിച്ചു നിൽക്കാൻ പ്രയാസമായി. സ്വയം പുതുക്കുന്നതിന് പകരം പിഐഎയ്ക്ക് കാലിടറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിമാനക്കമ്പനിയിൽ രാഷ്ട്രീയ ഇടപെടൽ പതിവായി. യോഗ്യതയുള്ളവരെ തലപ്പത്ത് എത്തിക്കുന്നതിൽ ഭരണനേതൃത്വം പരാജയപ്പെട്ടു. ആരാണ് അധികാരത്തിലുള്ളത് എന്നതിനെ ആശ്രയിച്ച് നേതൃത്വം ഇടയ്ക്കിടെ മാറി. പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനങ്ങൾ പലപ്പോഴും വിവാദമായി. കാലക്രമേണ, എയർലൈനിൽ ജീവനക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചു. പുതിയതായി അധികാരത്തിലെത്തിയ സർക്കാരുകൾ എയർലൈനിന് ആവശ്യമുള്ളതിലും കൂടുതൽ ജീവനക്കാരെ ചേർത്തു. ഇത് ചെലവ് വർദ്ധിപ്പിക്കുകയും ഉൽ‌പാദനക്ഷമത കുറയ്ക്കുകയും ചെയ്തു.

 

സാമ്പത്തിക പ്രതിസന്ധി, അഴിമതി, ഭരണതലത്തിലെ കെടുകാര്യസ്ഥത എന്നിവയ്ക്ക് പുറമേ സുരക്ഷാ വീഴ്ചകൾ, തുടർച്ചയായ അപകടങ്ങൾ എന്നിവയും തിരിച്ചടിയായി. 2020 മേയ് മാസത്തിൽ കറാച്ചി വിമാനത്താവളത്തിന് സമീപം പിഐഎ വിമാനം തകർന്നുവീണ് 97 പേർ മരിച്ചു. അന്വേഷണത്തിൽ ഞെട്ടിക്കുന്ന നിയമ ലംഘനങ്ങളാണ് പുറത്തുവന്നത്. പൈലറ്റുമാരിൽ 30 ശതമാനത്തിലേറെപ്പേർ വ്യാജ ലൈസൻസുള്ളവരാണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതോടെ കമ്പനിയുടെ 260-ലേറെ പൈലറ്റുമാരെ ചുമതലകളിൽ നിന്ന് മാറ്റിനിർ‌ത്തേണ്ടി വന്നത് പാകിസ്താന് കനത്ത തിരിച്ചടിയായി. പിഐഎക്ക് യൂറോപ്യൻ യൂണിയൻ വിലക്കും ഏർപ്പെടുത്തി. യൂറോപ്യൻ യൂണിയന് പുറമേ, യുകെയും യുഎസും എന്നിവ പിഐഎ വിമാനങ്ങൾ നിരോധിച്ചു. വിമാനക്കമ്പനിയുടെ ഏറ്റവും ലാഭകരമായ റൂട്ടുകളിൽ ചിലതായിരുന്നു അത്. ഇത് നിർണായക വരുമാന നഷ്ടമുണ്ടാക്കി. ഇതിനൊപ്പം വർഷങ്ങളായി തുടരുന്ന പ്രവർത്തന നഷ്ടം കമ്പനിയെ വലിയ കടത്തിലേക്ക് തള്ളിവിട്ടു.

അന്താരാഷ്ട്ര മത്സരത്തിൽ പിടിച്ചുനിൽക്കാൻ വിമാനക്കമ്പനിയെ നവീകരിക്കാൻ പാകിസ്താന് കഴിഞ്ഞില്ല. പഴയ വിമാനങ്ങൾ ഉപയോഗിക്കുന്നത് ഇന്ധന ഉപഭോഗത്തിലും അറ്റകുറ്റപ്പണിയുടെ ചെലവിലും വർധനവുണ്ടാക്കി. ബില്ലുകൾ അടയ്ക്കാത്തതിന്റെ പേരിൽ ഇന്ധന വിതരണം ഇടയ്ക്കിടെ തടസപ്പെട്ടു. ഇതോടെ വിമാനം റദ്ദാക്കുന്നതും താമസിക്കുന്നതും പതിവായി. യാത്രക്കാരുടെ പരാതികൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഒരിക്കൽ വിശ്വാസ്യതയുടെ ആകാശം കീഴടക്കിയ പിഐഎ എന്ന ബ്രാൻഡിന് വിശ്വാസ്യത നഷ്ടമാകുന്ന കാഴ്ചയ്ക്ക് ലോകം സാക്ഷിയായി. എമിറേറ്റ്‌സിന്റെ വളർച്ചയ്ക്ക് പിന്നിൽനിന്ന പാകിസ്താന്റെ വ്യാമയാന കമ്പനി, മിഡിൽ ഈസ്റ്റേൺ എതിരാളികൾക്ക് മുന്നിൽ തളർന്നു. 2023-ൽ 75 ബില്യൺ രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. എയർലൈനിന്റെ മൊത്തം ബാധ്യതകൾ 825 ബില്യൺ രൂപയായി ഉയർന്നു.

സ്വകാര്യവത്കാരണം രക്ഷിക്കുമോ?

സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് നട്ടംതിരിയുന്ന പാകിസ്താന് കൂനിൻമേൽ കുരു പോലെയായിരുന്നു പിഐഎയുടെ പ്രതിസന്ധി. ഇതിനിടെ അന്താരാഷ്ട്ര നാണയ നിധിയുടെ സമ്മർദ്ദത്തെ തുടർന്നാണ് തിരിക്കിട്ട് പിഐഎയുടെ സ്വകാര്യവത്കരണം നടന്നത്. സഹായത്തിനായി രാജ്യാന്തര നാണയനിധി (ഐഎംഎഫ്)യെ സമീപിച്ച പാകിസ്താന് മുന്നിൽ ഐഎംഎഫ് വെച്ച് നിബന്ധനകളിലൊന്ന് ദേശീയ വിമാനക്കമ്പനിയുടെ സ്വകാര്യ വത്കരണമായിരുന്നു. നിലവിൽ ഏഴ് ബില്യൺ ഡോളർ വായ്പാ പദ്ധതി കൈപ്പറ്റുന്ന പാകിസ്താൻ ഈ വർഷം അവസാനത്തോടെ എയർലൈനിന്റെ സ്വകാര്യവത്കരണം പൂർത്തിയാക്കാൻ പ്രതിജ്ഞാബദ്ധമായിരുന്നു. മൂന്ന് കമ്പനികൾ ലേലത്തിൽ പങ്കെടുത്തെങ്കിലും പാകിസ്താനിലെ ഏറ്റവും വലിയ ബ്രോക്കറേജ്, നിക്ഷേപ സ്ഥാപനമായ ആരിഫ് ഹബീബ് കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് വിമാനക്കമ്പനി സ്വന്തമാക്കിയത്. ഈ കൺസോർഷ്യം ഏകദേശം 135 ബില്യൺ രൂപയ്ക്ക് 75 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയത്. ബാക്കി 25% സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തി.

വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന്റെ 92 ശതമാനവും വിമാനക്കമ്പനിയിൽ തന്നെ നിക്ഷേപിക്കുമെന്നാണ് കരാർ വ്യവസ്ഥ. ഒരു ചെറിയ ഭാഗം (ഏകദേശം 10 ബില്യൺ രൂപ) മാത്രമേ സർക്കാരിലേക്ക് പോകുന്നുള്ളൂ. ഇതോടെ പൊതുമേഖലാ സ്ഥാപനത്തിൽനിന്ന് സ്വകാര്യ കൺസോർഷ്യം നടത്തുന്ന കമ്പനിയായി പിഐഎ മാറും. ഇത് പതിറ്റാണ്ടുകളായി തുടരുന്ന കെടുകാര്യസ്ഥതയിൽ നിന്ന് എയർലൈനിനെ കരകയറ്റുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യവത്കരണം എയർലൈനിനെ അതിന്റെ പ്രതാപകാലത്തേക്ക് തിരികെ കൊണ്ടുവരുമോ അതോ വീണ്ടും തകർച്ചയിലേക്ക് തള്ളിവിടുമോ എന്നത് പുതിയ ഉടമകൾ വെല്ലുവിളികളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇതെല്ലാമാണെങ്കിലും ഘടനാപരമായ പ്രശ്നങ്ങൾ കമ്പനിയിൽ അവശേഷിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ, ആഗോളതലത്തിൽ വിശ്വാസം വീണ്ടെടുക്കൽ, വിമാനങ്ങളുടെ നവീകരണം, ജീവനക്കാരുടെ കാര്യശേഷി വർധിപ്പിക്കൽ, സാമ്പത്തിക സുതാര്യത ഉറപ്പാക്കൽ എന്നിവയെല്ലാമായിരിക്കും പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ഭാവി നിർണയിക്കുക.