തുലാമഴയും പുഞ്ചിരിതൂകി നിൽക്കുന്ന പൂക്കളും മാത്രമല്ല ഓണം; മാനവികതയുടെയും ഒരുമയുടെയും സമത്വത്തിന്റെയും ഉദാത്തമായ ഓർമ്മ പുതുക്കലും കൂടിയാണ് മാവേലിയുടെ വരവ് ഉദ്‌ഘോഷിക്കുന്ന ആഘോഷം. നിരന്തരമായ ഓർമ്മപ്പെടുത്തൽ മനുഷ്യന്റെ സ്മൃതിപഥങ്ങളെ ഉണർത്താനും കൂടി ഉള്ളതാണ്. വാർഷാവർഷങ്ങളിലെ സ്മരണ പുതുക്കൽ ഓണത്തിന്റെ പൊലിമയെ മങ്ങലേൽക്കാതെ നിലനിർത്തുന്നു.

To advertise here,

ഏതൊരാളും എന്നും മനസ്സിൽ കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്ന വർണ്ണാഭമായ സമത്വസങ്കൽപ്പം നെഞ്ചിലേറ്റിയാണ് മലയാളികൾ ഓണം ഉൽസവമാക്കുന്നത്. ഈ ആഘോഷം ഭാഷയും മതവും അതിരുകളും മായ്ച്ചുകളയുന്ന സർവ്വജനീനമായ സ്‌നേഹത്തിന്റെ മാമാങ്കമാണ്.

'മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരും ഒന്നുപോലെ' എന്ന ഈരടികൾ വെറുമൊരു പാട്ടല്ല. ജാതി-മത-വർഗ്ഗ ഭേദമന്യേ മനുഷ്യരെല്ലാം തുല്യരാണെന്ന സാർവ്വലൗകിക 'സത്യ'ത്തിന്റെ അതിമനോഹരമായ വിളംബരമാണ്. ജാതി, മതം, ഭാഷ, സംസ്‌കാരം, പ്രത്യയശാസ്ത്രം, ദർശനം, നിറം, ദേശം തുടങ്ങിയ സ്വത്വങ്ങൾ മനുഷ്യനെ വിഭജിക്കുന്ന സമകാലിക സാഹചര്യത്തിൽ എല്ലാവർക്കും ഒരേ നീതിയും ഒരേ സന്തോഷവും സാധ്യമാകണമെന്ന അതിതീവ്രമായ താൽപ്പര്യമാണ് ഓണത്തിന്റെ അന്ത:സ്സത്ത.

ഓണം ഒരു പ്രത്യേക മതവിഭാഗത്തിന്റെ മതോത്സവമാണെന്ന 'ധാരണ' സമൂഹത്തിൽ ശക്തമാണ്. അതുകൊണ്ടാണ് അഹിന്ദുക്കളെ ഓണാഘോഷങ്ങളിൽനിന്ന് മാറ്റി നിർത്തണമെന്ന് ''ചിലർ' കട്ടായം പറയുന്നത്. അതിന് അനുബന്ധമായാണ് മുസ്ലിങ്ങളിലെയും ക്രൈസ്തവരിലെയും പ്രതിലോമ ചിന്താഗതിക്കാർ ഓണാഘോഷത്തിൽ പങ്കെടുക്കൽ സ്വന്തം വിശ്വാസത്തിന്റെ 'മഹിമ' കളങ്കപ്പെടുത്തലാണെന്ന് ശാഠ്യം പിടിക്കുന്നത്. ഓരോ ആത്മീയധാരയും വെള്ളവും വെളിച്ചവും കടക്കാത്ത ഇരുട്ടറകളാകണം എന്നാഗ്രഹിക്കുന്നവരാണ് എല്ലാ വിഭാഗങ്ങളിലുമുള്ള ഇത്തരം സങ്കുചിതവാദികൾ. ജനങ്ങൾ പരസ്പരം അടുത്ത് ഇടപഴകിയാൽ സ്വന്തം വിശ്വാസതട്ടകങ്ങളിൽ ആളുകൾ കുറയുമെന്ന പേടിയാണോ ഇവർക്ക്?

വിലക്കുകൾ വന്നതോടെ ഓണത്തിന്റെ മതാതീത നിറം മഴവിൽ വർണ്ണമായി രൂപപ്പെടുന്നതാണ് നാം കണ്ടത്. ഒരു മതാനുയായിയും അവരവരുടെ വിശ്വാസ വക്താക്കളുടെ ജൽപ്പനങ്ങൾക്ക് തരിമ്പ് വില കൽപ്പിക്കുന്നില്ലെന്നർത്ഥം. ഓരോ മതവിഭാഗങ്ങളിലെയും ജെൻ സീകളായ 'പാറ്റകൾ' ആൺ-പെൺ വ്യത്യാസമില്ലാതെ ഓണാഘോഷം പൊടിപൊടിക്കുന്നത് കുളിരേകുന്ന കാഴ്ചയാണ്. ദേശീയ ദിനങ്ങളല്ലാതെ ലോകത്തൊരിടത്തും എല്ലാ മതസ്ഥരും ഓണം പോലെ ഒരുമിച്ച് ആഘോഷിക്കുന്ന മറ്റൊരു ഉൽസവം ഉണ്ടോ എന്ന് സംശയമാണ്.

'ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരുമിച്ച്' എന്ന ചിന്തയാണ് ഓണസദ്യയുടെ കാതൽ. ഇല്ലാത്തവന് കൊടുക്കാനും കൂടെയിരുത്തി സൽക്കരിക്കാനും മനുഷ്യമനസ്സുകളെ സജ്ജമാക്കലാണ് ഓണസദ്യയുടെ ലക്ഷ്യം. ഇലയിൽ വിളമ്പുന്ന വിവിധ തരം ഭക്ഷ്യക്കൂട്ടുകൾ എങ്ങിനെ ഒരു ബഹുമത സമൂഹം ജീവിക്കണമെന്നതിന്റെ കൂടി ഉത്തമ മാതൃകയാണ്. സദ്യയിലെ വിവിധ തരം കൂട്ടുകൾപോലെ പരസ്പര ബന്ധിതമാണ് സമൂഹത്തിലെ വ്യത്യസ്ത മതക്കാരും ജാതിക്കാരും ഭാഷക്കാരും. വിളമ്പുന്നതിൽ ചോറോ സാമ്പാറോ ഏതെങ്കിലും ഒരു കൂട്ടോ കുറഞ്ഞാൽ ഓണസദ്യയുടെ 'സമൃദ്ധി'യിൽ അതുണ്ടാക്കുന്ന കുറവിന് സമാനമാണ് ഒരു മതമോ സംസ്‌കാരമോ ഭാഷയോ ഇല്ലാതാകുമ്പോൾ ഒരു രാജ്യത്തിനും സംഭവിക്കുന്നത്.

പൂക്കളവും തുമ്പപ്പൂവും പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യമാണ് മലയാളികളെ ഉൽബോധിപ്പിക്കുന്നത്. മനുഷ്യർ തമ്മിലുള്ള അകൽച്ചയും വർഗ്ഗീയ ധ്രുവീകരണവും ദിനേനെയെന്നോണം വർധിച്ചു വരുന്ന വർത്തമാന സാഹചര്യം ഓണത്തെ കൂടുതൽ അർത്ഥവത്താക്കുന്നു. വിദ്വേഷത്തിന്റെ മതിലുകൾ തകർത്ത് സ്‌നേഹത്തിന്റെ പാലങ്ങൾ പണിയാനാണ് ഓണം ആവശ്യപ്പെടുന്നത്.

കഷ്ടപ്പാടുകൾക്കിടയിലും മറ്റുള്ളവരുടെ കണ്ണീരൊപ്പാനും എല്ലാവർക്കും ആഹാരവും സന്തോഷവും ഉറപ്പാക്കാനുമുള്ള മാനവികചിന്തയാണ് ഓണാഘോഷത്തിന്റെ യഥാർത്ഥ മാഹാത്മ്യം. 'നാനാത്വത്തിലെ ഏകത്വ'മാണ്

പൂക്കളത്തിൽ നിറയുന്ന നിറഭേദങ്ങളുള്ള ഓരോ പൂവിതളും പ്രതിനിധാനം ചെയ്യുന്നത്. വൈവിധ്യമാർന്ന മനുഷ്യർ ഒരുമിച്ചു ചേരുമ്പോൾ ഉണ്ടാകുന്ന മനോഹാരിതയാണ് കരവിരുതിലും സൗന്ദര്യസങ്കൽപ്പങ്ങളിലും രൂപപ്പെടുന്ന ഓരോ പൂക്കളവും.

തട്ടമിട്ടവരും തട്ടമിടാത്തവരും, പൊട്ട് തൊട്ടവരും പൊട്ട് തൊടാത്തവരും, കുരിശുമാല ധരിച്ചവരും കുരിശുമാല ധരിക്കാത്തവരും, മാംസാഹാര പ്രിയരും സസ്യാഹാര പ്രിയരും, സഫാരി സൂട്ടിട്ടവരും ജീൻസിട്ട ജെൻ സീകളും, ചുരിദാറിട്ടവരും പർദ്ദ ധരിച്ചവരും, തിരുവസ്ത്രം സ്വീകരിച്ചവരും അല്ലാത്തവരും, കസവിൽ തിളങ്ങുന്ന ഓണക്കോടികളെടുത്ത് ഒത്തുകൂടുമ്പോൾ പുലരുന്നത് മനുഷ്യർക്കിടയിലെ മതിലുകൾ തീർക്കാത്ത ഐക്യബോധമാണ്.