അയൽക്കാർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവരുടേയും സുഹൃദ് രാജ്യങ്ങൾ ശ്രമം നടത്തുന്നുണ്ട്. ഖത്തർ, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇരുവരോടും സംയമനം പാലിക്കാനും പിരിമുറുക്കങ്ങൾ കുറയ്ക്കാനും സംഭാഷണത്തിലൂടെ സംഘർഷങ്ങൾ പരിഹരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അഫ്ഗാനിസ്താനിൽ 1996-ൽ താലിബാൻ ആദ്യമായി അധികാരത്തിൽ എത്തുമ്പോൾ അവരെ ഔദ്യോഗികമായി അംഗീകരിച്ച മൂന്ന് രാജ്യങ്ങളിൽ ഒന്ന് പാകിസ്താനായിരുന്നു. സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിലും തുടർന്നുള്ള ആഭ്യന്തര സംഘർഷത്തിലും അവർ താലിബാനെ പിന്തുണച്ചു. നേതാക്കൾക്ക് അഭയവും പരിശീലനവും നൽകി. അവരെ ഇന്ത്യയ്‌ക്കെതിരായി ഉപയോഗിക്കാനും അഫ്ഗാനിൽ സ്വാധീനം വളർത്താനും ശ്രമിച്ചു. സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുമായി പരസ്യമായി സഹകരിച്ചെങ്കിലും പാകിസ്താൻ താലിബാൻ നേതാക്കൾക്ക് ഗോത്രമേഖലകളിൽ സുരക്ഷിത താവളങ്ങൾ ഒരുക്കി. സമ്മർദ്ദമുണ്ടായിട്ടും താലിബാൻ നേതാക്കളെ രഹസ്യമായി സംരക്ഷിച്ചു. അമേരിക്കൻ അധിനിവേശത്തിന് പിന്നാലെ അധികാരത്തിലെത്തിയ അഫ്ഗാൻ ഭരണകൂടവുമായി പാകിസ്താൻ ആ സൗഹൃദം തുടർന്നതുമില്ല.
2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തുമ്പോൾ ഇരുവരും വീണ്ടും അടുക്കുമെന്നാണ് കരുതപ്പെട്ടത്. അതുണ്ടായില്ല. താലിബാൻ-പാക് ബന്ധം വഷളാകുന്നതിന് ലോകം സാക്ഷിയായി. അഫ്ഗാൻ മണ്ണിൽ പാകിസ്താൻ ചെലുത്തുന്ന സൈനിക സമ്മർദ്ദവും വ്യോമാക്രമണങ്ങളും ഇരുവർക്കുമിടയിൽ അവിശ്വാസം വർധിപ്പിച്ചു. അടുത്ത കാലത്ത് അത് രൂക്ഷമായി. അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖിയുടെ ഇന്ത്യ സന്ദർശനവേളയിൽ ആരംഭിച്ച പാക്-അഫ്ഗാൻ അതിർത്തി സംഘർഷം അയവില്ലാതെ തുടരുകയാണ്.
അതിർത്തിയിൽ ഭീകരവാദികളുടെ കേന്ദ്രത്തിലേക്ക് നടത്തിയ ആക്രമണത്തിൽ 200 പേരെ വധിച്ചതായി പാക് സൈന്യവും 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ സൈന്യവും അവകാശപ്പെടുന്നു. സംഘർഷത്തെത്തുടർന്ന് ഇരുവർക്കുമിടയിലെ അതിർത്തിയിലെ വാണിജ്യപാതകൾ അനിശ്ചിതകാലത്തേക്ക് അടച്ചു. മധ്യസ്ഥശ്രമങ്ങളുണ്ടെങ്കിലും സംഘർഷത്തിന് അറുതിയില്ല. എന്താണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് പിന്നിൽ? എങ്ങനെയാണ് അത് മേഖലയെ ബാധിക്കുക?
പാകിസ്താൻ- അഫ്ഗാനിസ്താൻ ശത്രുത
അതിദീർഘവും സങ്കീർണവുമായ ചരിത്രമാണ് അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളുടേത്. ഇരുരാജ്യങ്ങളുടെയും അതിർത്തിയായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഡ്യൂറണ്ട് രേഖയുടെ സൃഷ്ടി മുതൽ ആരംഭിച്ച ഈ സംഘർഷങ്ങൾ സമീപ ദശകങ്ങളിൽ വലിയ തോതിൽ മോശമാകുകയും ചെയ്തു. 1893-ൽ ബ്രിട്ടീഷ് സാമ്രാജ്യം അംഗീകരിച്ച 2,670 കിലോമീറ്റർ ദൈർഘ്യമുള്ള ഡ്യൂറണ്ട് രേഖ, പിന്നീടുവന്ന അഫ്ഗാൻ സർക്കാരുകൾ ഒരുകാലത്തും പൂർണ്ണമായി അംഗീകരിച്ചില്ല. ഇതാണ് പരിഹരിക്കാനാകാത്ത നയതന്ത്ര സംഘർഷത്തിലേക്ക് നയിച്ചത്.
1947-ൽ പാകിസ്താൻ രൂപീകൃതമായപ്പോൾ അവരുടെ ഐക്യരാഷ്ട്രസഭ പ്രവേശനത്തിനെതിരെ വോട്ട് ചെയ്ത ഒരേയൊരു രാജ്യം അഫ്ഗാനിസ്താനായിരുന്നു. അതിർത്തിയിലെയും പഷ്തൂൺ പ്രദേശങ്ങളിലെയും തർക്കങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. പിന്നീട് പ്രാദേശിക ഗോത്രങ്ങളും അതിർത്തി സുരക്ഷാ സേനയും ഉൾപ്പെടുന്ന ഏറ്റുമുട്ടലുകൾ തുടർന്നു. അതിർത്തി കടന്നുള്ള സംഘർഷങ്ങളും വെടിവയ്പ്പുമുണ്ടായി.
1979-ലെ സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്താൻ അധിനിവേശവും തുടർന്നുണ്ടായ ആഭ്യന്തര യുദ്ധവും അതിർത്തി പ്രശ്നങ്ങളിലും നിർണായകമായി. അഫ്ഗാനിൽനിന്ന് പാകിസ്താനിലേക്ക് അതിർത്തി കടന്ന് അഭയാർഥി പ്രവാഹമുണ്ടായി. അഫ്ഗാൻ മുജാഹിദീൻ, താലിബാൻ, പിന്നീട് തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി.) എന്നിവയുൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകൾക്കും ഇതൊരു വിളനിലമായി. ഈ ഘട്ടത്തിൽ സോവിയറ്റ് വിരുദ്ധ ശക്തികളെയാണ് പാകിസ്താൻ പിന്തുണച്ചത്. 1990-കളിൽ താലിബാൻ അധികാരത്തിൽ വന്നതോടെ തീവ്രവാദികളുടെയും ആയുധങ്ങളുടെയും ഒഴുക്കുമൂലം അതിർത്തിയിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.
2001-ൽ യു.എസ് നേതൃത്വത്തിലുള്ള അധിനിവേശത്തിനുശേഷവും ഇത് തുടർന്നു. പാകിസ്താന്റെ പടിഞ്ഞാറൻ അതിർത്തിയിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തുടർന്നു. താലിബാൻ, ടി.ടി.പി., പാകിസ്താൻ സുരക്ഷാ സേനകൾ എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം പ്രശ്നങ്ങൾ വഷളാക്കി. 2007 മുതൽ സായുധ സംഘർഷങ്ങളും അതിർത്തി അടച്ചിടലുകളും പതിവായി. ഇരുപക്ഷവും പരസ്പരം തീവ്രവാദികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചു.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ഇരുവരും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ സുഖകരമായില്ല. അതിർത്തിയിലെ സൈനിക പ്രവർത്തനങ്ങൾ വർധിച്ചതോടെ സ്ഥിതി കൂടുതൽ മോശമായി. ഡ്യൂറൻഡ് ലൈനിലെ വിവിധ ഭാഗങ്ങളിൽ കുറച്ചുകാലമായി സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിനിടെ അഫ്ഗാനിസ്താനിലെ തീവ്രവാദികളെ ലക്ഷ്യമിട്ട് പാകിസ്താൻ സൈനിക നടപടികൾ ശക്തമാക്കി. അതേസമയം, പാകിസ്താൻ ആവർത്തിച്ച് പരമാധികാര ലംഘനങ്ങൾ നടത്തുന്നുവെന്നാണ് അഫ്ഗാനിസ്താന്റെ ആരോപണം. 2025-ൽ വലിയ ഏറ്റുമുട്ടലുകൾ നടന്നു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ, വ്യോമാക്രമണങ്ങൾ എന്നിവ ഇരുവശത്തും വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടാക്കി. 2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും തീവ്രമായ ഏറ്റുമുട്ടലുകളിലൊന്നാണ് 2025 ഒക്ടോബറിൽ ഉണ്ടായ അതിർത്തി സംഘർഷം.
പാകിസ്താന്റെ ഒക്ടോബർ ആക്രമണം
തീവ്രവാദ സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താനെ(ടിടിപി) ലക്ഷ്യമിട്ട് പാക് സൈന്യം അഫ്ഗാൻ പ്രദേശത്തിനുള്ളിൽ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് നിലവിലെ സംഘർഷങ്ങൾ ഉടലെടുത്തത്. ടിടിപി പാക് ജനവാസമേഖലകളിലേക്ക് ആക്രമണം നടത്തുന്നു എന്നാണ് പാകിസ്താന്റെ ആരോപണം. ടിടിപി നേതാവ് നൂർ വാലി മെഹ്സൂദിനെ ലക്ഷ്യംവെച്ച് ആക്രമണങ്ങൾ നടത്തിയെങ്കിലും അയാളെ ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടു. പക്ഷേ, ആക്രമണത്തിൽ ഉയർന്ന സൈനിക ഉദ്യോഗസ്ഥൻ ഉൾപ്പെടെ മുപ്പതോളംപേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾ കാബൂൾ, മറ്റ് കിഴക്കൻ പ്രവിശ്യകൾക്ക് സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളെ ബാധിച്ചു.
ടിടിപി താവളങ്ങളിലേക്കാണ് ആക്രമണം നടത്തിയതെന്നും ഭീകരവാദികളുടെ ഒളിത്താവളം നശിപ്പിച്ചെന്നും പാകിസ്താൻ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. ഈ ആക്രമണങ്ങളെ തങ്ങളുടെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് താലിബാൻ വ്യാഖ്യാനിച്ചു. ഇതിനു മറുപടിയായാണ് അഫ്ഗാനിസ്താൻ ആക്രമണം തുടങ്ങിയത്. എന്നാൽ, പാകിസ്താനിൽ അസ്വസ്ഥതയുണ്ടാക്കാൻ അഫ്ഗാൻ സർക്കാർ ഭീകരവാദികളെ പിന്തുണയ്ക്കുകയാണെന്ന് അവർ ആരോപിക്കുന്നു.
മറുപടിയെന്നോണം ഡ്യൂറണ്ട് രേഖയിലെ പാക് സൈനിക അതിർത്തി പോസ്റ്റുകളിൽ അഫ്ഗാൻ സേന ആക്രമണം നടത്തി. ഒക്ടോബർ 11-12 തീയതികളിൽ രാത്രിയിൽ, പാകിസ്താൻ സൈനിക പോസ്റ്റുകൾ ആക്രമിക്കുകയും 25 പോസ്റ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഖൈബർ പഖ്തൂൺഖ്വ, ബാരാംച മേഖലയിലെ അംഗൂർ അഡ, ബജാവുർ, ഖുറം, ദിർ, ചിത്രാൽ തുടങ്ങി പ്രദേശങ്ങളിലെ പാക് സൈനിക പോസ്റ്റുകൾക്കുനേരേയാണ് അഫ്ഗാനിസ്താൻ വ്യോമാക്രമണം നടത്തിയത്.
ചിലയിടങ്ങളിൽ ചാവേർ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ 58 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അവകാശപ്പെട്ടു. 23 പേർ മരിച്ചതായി പാകിസ്താൻ സമ്മതിക്കുകയും പ്രത്യാക്രമണങ്ങളിൽ 200 താലിബാൻകാർ കൊല്ലപ്പെട്ടതായി അവകാശപ്പെടുകയും ചെയ്തു. ഏറ്റുമുട്ടലുകൾ അതിർത്തികൾ അടച്ചിടുന്നതിലേക്ക് നയിച്ചു. ഇത് വ്യാപാരത്തേയും ജനങ്ങളുടെ സഞ്ചാരത്തേയും ഒരുപോലെ തടസ്സപ്പെടുത്തി.
പ്രതിസ്ഥാനത്ത് തെഹ്‌രീകെ താലിബാൻ പാകിസ്താൻ
2021 ഓഗസ്റ്റിൽ താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്താനിലെ പഷ്തൂൺ പ്രദേശങ്ങളിലും ടിടിപി, ബലൂച് ബെൽറ്റിലെ ബലൂച് വിഘടനവാദികൾ എന്നിവരുടെ പ്രവർത്തനങ്ങളാണ് ഇതിന് പ്രധാന കാരണം. പാക് ഭരണകൂടം ശ്രമിച്ചെങ്കിലും അക്രമം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നര വർഷത്തിനിടയിൽ പല വഴികളിലൂടെ അവർ ഇത് പരിഹരിക്കാൻ ശ്രമിച്ചു. നയതന്ത്ര ഇടപെടൽ, ഉന്നത പുരോഹിതന്മാരുടെ സ്വാധീനം ഉപയോഗപ്പെടുത്തൽ, വ്യാപാര-ഗതാഗത സമ്മർദങ്ങൾ, അഫ്ഗാൻ അഭയാർത്ഥികളെ തിരിച്ചയക്കൽ, അപ്രഖ്യാപിത വ്യോമ, ഡ്രോൺ ആക്രമണങ്ങൾ, അതിർത്തി കടന്നുള്ള ആക്രമണങ്ങൾ എന്നിങ്ങനെ പാകിസ്താൻ പ്രയോഗിക്കാത്ത വഴികളില്ല. എന്നിട്ടും വർധിച്ചുവരുന്ന സംഘർഷങ്ങൾ പരിഹരിക്കാനായില്ല.
പാകിസ്താന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ആക്രമണം ശക്തമാക്കിയ ടിടിപിക്കെതിരേ അഫ്ഗാൻ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. എന്നാൽ, അഫ്ഗാനാകട്ടെ ഇവർക്ക് അഭയം നൽകുന്നില്ലെന്ന് പറയാനോ ശക്തമായ നടപടി സ്വീകരിക്കാനോ വിസമ്മതിക്കുന്നു. ടിടിപിക്കെതിരേ താലിബാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പാകിസ്താൻ നിരാശരാണ്. ഇതോടെ അതിർത്തിയിലെ ഏറ്റുമുട്ടലുകളും അഫ്ഗാനിസ്താനുള്ളിൽ നടത്തിയ വ്യോമാക്രമണങ്ങളും വർധിച്ചു. താലിബാൻ തിരിച്ചടിച്ചതോടെ ഇരുരാജ്യങ്ങൾക്കും ഇടയിലെ വിള്ളൽ വലുതായി. സാമ്പത്തിക സ്വാധീനവും പങ്കുവഹിച്ചിട്ടുണ്ട്. താലിബാൻ നയിക്കുന്ന ഭരണകൂടത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്ന വ്യാപാര, അതിർത്തി നിയന്ത്രണങ്ങൾ പാകിസ്താൻ കർശനമാക്കിയിട്ടുണ്ട്, ഇത് പിരിമുറുക്കം വർധിപ്പിക്കുന്നു.
പ്രശ്നപരിഹാരത്തിന് സൗദിയും ഖത്തറും
അയൽക്കാർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവരുടേയും സുഹൃദ് രാജ്യങ്ങൾ ശ്രമം നടത്തുന്നുണ്ട്. ഖത്തർ, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇരുവരോടും സംയമനം പാലിക്കാനും പിരിമുറുക്കങ്ങൾ കുറയ്ക്കാനും സംഭാഷണത്തിലൂടെ സംഘർഷങ്ങൾ പരിഹരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നങ്ങൾ രൂക്ഷമാകുന്നത് ഒഴിവാക്കാൻ ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് ഖത്തറും സൗദി അറേബ്യയും അഭ്യർത്ഥിച്ചു. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി ഇരുവർക്കുമിടയിൽ മധ്യസ്ഥത വഹിക്കാമെന്ന് ഇറാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കണമെന്ന് ഇറാന്റെ ഉന്നത നയതന്ത്ര പ്രതിനിധി അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങൾക്കുമിടയിലെ സഹവർത്തിത്വം ഈ മേഖലയിലാകെ സമാധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ ഇടപെടലിനെത്തുടർന്ന് ആക്രമണം നിർത്തിവെക്കുകയായിരുന്നെന്ന് താലിബാൻ സർക്കാരിന്റെ മുഖ്യ വക്താവ് സബീഹുള്ള മുജാഹിദ് സബീഹുള്ള പറഞ്ഞിരുന്നു. പാകിസ്താന്റെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനമുണ്ടായാൽ നോക്കിനിൽക്കില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അഫ്ഗാനിസ്താൻ വ്യക്തമാക്കി.
പാകിസ്താൻ-താലിബാൻ ബന്ധം ഇന്ത്യയ്ക്കും നിർണായകമാണ്. അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖിയുടെ ഇന്ത്യ സന്ദർശനവേളയിലാണ് പാകിസ്താൻ പട്ടാളം അതിർത്തി കടന്ന് കാബൂളിൽ ബോംബാക്രമണം നടത്തിയത്. ടി.ടി.പിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് അവർ അവകാശപ്പെട്ടതെങ്കിലും അതിന്റെ സമയമാണ് ചോദ്യങ്ങൾ ഉയർത്തുന്നത്. ഇന്ത്യയോട് അഫ്ഗാൻ അടുക്കുന്നതിന്റെ ചൊരുക്ക് തീർത്തതാകാം എന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മുത്താഖി ഇന്ത്യയ്ക്കൊപ്പം സംയുക്ത പ്രസ്താവന നടത്തിയതിൽ പാകിസ്താൻ എതിർപ്പ് ഉയർത്തിയിരുന്നു. ഇസ്‌ലാമാബാദിലെ അഫ്ഗാനിസ്താൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് അവർ എതിർപ്പ് അറിയിച്ചത്. പാകിസ്താനുമായി ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും അത് വിജയിച്ചില്ലെങ്കിൽ മുന്നിൽ മറ്റ് മാർഗങ്ങളുണ്ടെന്നും മുത്താഖിയും തിരിച്ചടിച്ചിരുന്നു. അഫ്ഗാനിസ്താനുമായുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയും ശ്രമം നടത്തുന്നുണ്ട്.
ഇറാനിലെ ചബഹാർ തുറമുഖം വഴി മധ്യേഷ്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രധാന ഗതാഗത മാർഗമായാണ് അഫ്ഗാനിസ്താനെ ഇന്ത്യ കാണുന്നത്. എന്നാൽ, പാകിസ്താൻ- താലിബാൻ പ്രശ്നത്തിൽ കളത്തിലിറങ്ങി കളിക്കാൻ ഇന്ത്യ തയ്യാറായേക്കില്ല.
Content Highlights: Explore the complex history of Pakistan-Afghanistan border disputes, the Taliban`s role, and the rising tensions involving the TTP
Published: 14 Oct 2025, 11:30 am IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented