
അമേരിക്കയുടെ പ്രഥമവനിത മെലാനിയ ട്രംപ് കഴിഞ്ഞയാഴ്ച നടത്തിയ അപ്രതീക്ഷിത വാർത്താസമ്മേളനം പതുക്കെ ചൂടുപിടിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിലെ താത്കാലിക വെടിനിർത്തൽ സംബന്ധിച്ച ചർച്ചകളിൽ ലോകംമുഴുകിയിരിക്കെ വൈറ്റ് ഹൗസിൽ വെച്ചായിരുന്നു അവർ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ലൈംഗികകുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി തന്നെ ബന്ധിപ്പിക്കുന്ന നുണകൾ ഉടനടി അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ട്രംപുമായുള്ള തന്റെ വിവാഹത്തിൽ എപ്‌സ്റ്റീൻ യാതൊരു പങ്കും വഹിച്ചിട്ടില്ലെന്നും അയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികചൂഷണം നടത്തിയതു സംബന്ധിച്ചും നേരത്തേ അറിവുണ്ടായിരുന്നില്ലെന്നും അയാളുടെ കുറ്റകൃത്യശൃംഖലയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമോ കുറ്റകരമോ ആയ യാതൊന്നും ചെയ്തിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. എപ്‌സ്റ്റീന്റെ ഇരകൾക്ക് വേണ്ടി അമേരിക്കൻ കോൺഗ്രസ് പബ്ലിക് ഹിയറിംഗ് നടത്തണമെന്നും പ്രഥമവനിത ആവശ്യപ്പെട്ടു.
വർഷങ്ങളായി എപ്‌സ്റ്റീൻ വിഷയത്തിൽ നിന്ന് അകലം പാലിക്കുകയായിരുന്ന മെലാനിയയുടെ ഈ നീക്കം അസാധാരണമായിരുന്നു. സമ്മേളനത്തിന് മണിക്കൂറുകൾ മുമ്പ് മുൻ ബ്രസീലിയൻ മോഡൽ അമാൻഡ ഉംഗാരോ എക്‌സിൽ പങ്കുവെച്ച സ്‌ഫോടനാത്മകമായ ചില ഭീഷണികളായിരുന്നു മെലാനിയയെ അസ്വസ്ഥയാക്കിയതെന്ന് വ്യക്തം. '20 വർഷമായി നിന്നെ എനിക്കറിയാം... ഞാൻ ഐസിഇയിൽ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) തടവിലായത് നീ അറിഞ്ഞിരുന്നു... എനിക്കറിയാവുന്നതെല്ലാം ഞാൻ വെളിപ്പെടുത്തും... കൊടിച്ചിപ്പട്ടീ, എന്നോടു കളിക്കുമ്പോൾ നീ സൂക്ഷിക്കണം... നിനക്ക് ഭയമുണ്ടാകണം, നീ ആരാണെന്നും നിന്റെ ഭർത്താവ് ആരാണെന്നും എനിക്ക് അറിയാമെന്നതിനെ നീ ഭയക്കണം...' മെലാനിയയ്ക്കും 'ബാലപീഡകനായ' ഭർത്താവിനും എതിരെ നിയമനടപടി എടുക്കുമെന്നും അവർ ഭീഷണിപ്പെടുത്തി.
41-കാരിയായ അമാൻഡ ഇപ്പോൾ ബ്രസീലിലാണുള്ളത്. ജീവിതത്തിന്റെ പകുതിയോളം കാലം അമേരിക്കയിൽ കഴിഞ്ഞ അവരെ കഴിഞ്ഞ ഒക്‌ടോബറിൽ ജന്മനാട്ടിലേക്ക് നാടുകടത്തുകയായിരുന്നു. ട്രംപ് വൈറ്റ്ഹൗസിൽ തിരിച്ചെത്തിയശേഷം നാടുകടത്തപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാരിൽ ഒരാൾ. അതിനുമുമ്പ് മൂന്നുമാസം തടങ്കൽപ്പാളയത്തിൽ കടുത്ത യാതന അനുഭവിക്കേണ്ടിയും വന്നു അമാൻഡയ്ക്ക്. ഐക്യരാഷ്ട്രസഭയിൽ അമേരിക്കയിൽ പ്രവർത്തിച്ചിട്ടുള്ള അവർ നിരവധി തവണ മുൻഭർത്താവ് പോളോ സാമ്പോളിയും മകനുമൊത്ത് ട്രംപ് കൊട്ടാരമായ മാരലാഗോയിൽ വിരുന്നുകളിൽ പങ്കെടുത്തിട്ടുണ്ട്.
മെലാനിയയുടെ മാതാപിതാക്കളോട് അടുത്ത ബന്ധമുണ്ടായിയിരുന്നു അവർക്ക്. പല ആഘോഷവേളകളിലും അമാൻഡയും കുടുംബവും ട്രംപ് കുടുംബത്തോടൊപ്പം ചെലവഴിച്ചു. അവയുടെ ചിത്രങ്ങൾ സാമ്പോളി സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അയാളാണത്രെ മെലാനിയക്ക് ഡൊണാൾഡ് ട്രംപിനെ പരിചയപ്പെടുത്തിക്കൊടുത്തത്. എന്നിട്ടും ജയിലിൽ കിടക്കാനും നാടു കടത്തപ്പെടാനും മാത്രം എന്തു തെറ്റാണ് അമാൻഡ ചെയ്തതെന്ന ചോദ്യമുയരുന്നു.
അമാൻഡയും മെലാനിയയും
1984ൽ ബ്രസീലിൽ ജനിച്ച അമാൻഡ ഉംഗാരോ വളരെ ചെറുപ്പത്തിൽ മോഡലിങ് ലോകത്തേക്ക് കടന്നു. മോഡലിംഗ് ഏജൻസി നടത്തിയിരുന്ന സാമ്പോളിയാണ് അവരെ അമേരിക്കയിലെത്തിച്ചത്. 17ാം വയസ്സിൽ എപ്‌സറ്റീന്റെ സ്വകാര്യ ജെറ്റിൽ യാത്ര ചെയ്തുവെന്നും താൻ അയാളുടെ ഇരകളിലൊരാളാണെന്നും അവർ തന്നെ പറഞ്ഞിട്ടുണ്ട്. ട്രംപടക്കമുള്ള വമ്പൻമാരുടെ കൂട്ടായ്മകളിലേക്ക് എത്തിച്ചതും സാമ്പോളി തന്നെ. ആ ബന്ധം പിന്നീട് വിവാഹത്തിലേക്കെത്തി. ഏകദേശം 20 വർഷം ഒരുമിച്ചു ജീവിച്ച അവർക്ക് 16 വയസ്സുള്ള ഒരു മകനുണ്ട്. 2023-ൽ വേർപിരിഞ്ഞതിനു ശേഷം മകന്റെ കസ്റ്റഡിക്കായി ഇരുവരും യുദ്ധം തുടങ്ങി. ഇതാണ് തടങ്കലിനും നാടുകടത്തലിനും വഴിവെച്ച സംഭവങ്ങൾക്ക് തുടക്കമിട്ടത്.
പുതിയ ഭർത്താവുമൊത്ത് ഫ്‌ളോറിഡയിൽ സ്ഥിരതാമസമാക്കിയ തന്റെ വീട്ടിൽ 2025 ജൂണിൽ പത്തു പോലീസ് ഓഫീസർമാർ ഇരച്ചെത്തിയാണ് അറസ്റ്റു ചെയ്തത്. മകനെ അവർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു-സ്പാനിഷ് പത്രമായ എൽ പൈസിനു കൊടുത്ത അഭിമുഖത്തിൽ അവർ പറഞ്ഞു. മയാമിയിൽ നടത്തിയിരുന്ന കോസ്‌മെറ്റിക് ക്ലിനിക്കിൽ തട്ടിപ്പു നടത്തിയെന്നായിരുന്നു കുറ്റം. പക്ഷേ, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അമാൻഡ ആണയിടുന്നു. കൊലപാതകികൾക്കൊപ്പം തന്നെ സെല്ലിലിട്ടെന്നും അവർ ആരോപിക്കുന്നു. കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ചായിരുന്നു തടവിലിട്ടത്. 2025 ഒക്ടോബറിൽ നാടുകടത്തി. തനിക്ക് സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. പക്ഷേ, എന്നായാലും സത്യം പുറത്തു വരുമെന്ന് അമാൻഡ പറയുന്നു.
തന്റെ മുൻഭാര്യയെ കസ്റ്റഡിയിലെടുത്തെന്ന് അറിഞ്ഞപ്പോൾ സാമ്പോളി ഐസിഇ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും മകന്റെ കസ്റ്റഡി തനിക്ക് കിട്ടുന്നതിനായി അമാൻഡയെ തടഞ്ഞുവെക്കാൻ അഭ്യർഥിക്കുകയും ചെയ്‌തെന്ന് പത്രങ്ങൾ എഴുതി. സാമ്പോളി ഇത് നിഷേധിച്ചു; വിസാ ലംഘനത്തിന്റെ ചട്ടപ്രകാരമുള്ള നടപടിയായിരുന്നു അതെന്ന് ഐസിഇ പറയുന്നു. പക്ഷേ, അമാൻഡ അതിനെ സാമ്പോളിയുടെ വ്യക്തിപരമായ പ്രതികാരമായാണ് കാണുന്നത്. '20 വർഷത്തെ ബന്ധത്തിൽ എന്നെ നശിപ്പിച്ചത് മതിയാകാതെ പുതിയ ജീവിതം തുടങ്ങിയപ്പോൾ വീണ്ടും തകർക്കാൻ ശ്രമിച്ചു' എന്ന്. 1990-കളിൽ യുഎസിലെത്തി മോഡലിംഗ് ഏജൻസി തുടങ്ങിയ സാമ്പോളി യൂറോപ്യൻ യുവതികളെ അമേരിക്കയിലെത്തിച്ച് മോഡലുകളെ ചൂഷണം ചെയ്തും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയും പണമുണ്ടാക്കിയെന്ന് ആരോപണമുണ്ട്.
എപ്‌സ്റ്റീന്റെ ശൃംഖലയുമായി സാമ്പോളിക്കുള്ള ബന്ധം ശ്രദ്ധേയമാണ്. കുറ്റകൃത്യങ്ങളിൽ എപ്സ്റ്റീന്റെ പങ്കാളിയായിരുന്ന ഗിസ്ലെയ്ൻ മാക്‌സ്‌വെല്ലിന്റെ ടെറാ മാർ പ്രോജക്ടിലെ ബോർഡംഗമായിരുന്നു സാമ്പോളി. അമാൻഡ പതിനേഴാം വയസ്സിൽ എപ്‌സ്റ്റീന്റെ ലോലിതാ എക്‌സ്പ്രസിൽ യാത്ര ചെയ്തതിനു കാരണം സാമ്പോളിയുമായുള്ള ബന്ധമായിരുന്നു. ട്രംപ് പ്രസിഡന്റായ ശേഷം സാമ്പോളിക്കും കുടുംബത്തിനും ഏറെ ഗുണങ്ങളുണ്ടായി. ആദ്യ ടേമിൽ ഡൊമിനിക്ക, ഗ്രാനഡ എന്നീ രാജ്യങ്ങളുടെ യുഎൻ അംബാസഡറായി സാമ്പോളി നിയമിതനായി, അമാൻഡ നയതന്ത്രജ്ഞയും. 2025 മാർച്ചിൽ ട്രംപിന്റെ രണ്ടാംടേമിൽ അദ്ദേഹത്തെ ആഗോള പങ്കാളിത്തങ്ങൾക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതനായി നിയമിച്ചു. അതായത്, ട്രംപ് ഭരണകൂടത്തിൽ വളരെയധികം സ്വാധീനമുള്ള വ്യക്തിയാണ് സാംപോളി. ഈ സ്വാധീനം ഉപയോഗിച്ച് അയാൾ തനിക്കെതിരെ വ്യക്തിപരമായ പ്രതികാരം നടത്തിയെന്നാണ് അമാൻഡയുടെ ആരോപണം.
മെലാനിയ ഭയക്കുന്നതെന്ത്?
ഇതുവരെ പുറത്തുവന്ന രേഖകൾ പ്രകാരം പ്രഥമവനിതയ്ക്ക് അമാൻഡയിൽ നിന്നും പേടിക്കാനൊന്നുമില്ല. പക്ഷേ, അവർ ഭീഷണി മുഴക്കിയതിനു പിന്നാലെ മെലാനിയ നടത്തിയ വാർത്താസമ്മേളനം ഇനിയുമെന്തോ പുറത്തുവരാനുണ്ടെന്ന സംശയമുണർത്തുന്നു. ലഭ്യമായ രേഖകളും കോടതി ഫയലുകളും വ്യക്തമാക്കുന്നത് എപ്‌സ്റ്റീന്റെ സ്വകാര്യവിമാനത്തിന്റെ യാത്രാരേഖകളിൽ ഒരിടത്തും മെലാനിയ ട്രംപിന്റെ പേരില്ല എന്നാണ്. ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപിലെ അവരുടെ യഥാർഥ ഫോട്ടോകളൊന്നും പുറത്തുവന്നിട്ടില്ല. അവരെ എപ്‌സറ്റീനോ ഗിസ്ലെയ്ൻ മാക്‌സ്‌വെല്ലോ മനുഷ്യക്കടത്ത് നടത്തിയതാണെന്ന് സൂചിപ്പിക്കുന്ന വിശ്വസനീയമായ തെളിവോ ആരോപണമോ ഇല്ല. മാരലാഗോയിൽ എപ്‌സ്റ്റീനും മാക്‌സ്‌വെല്ലിനും ഒപ്പമുള്ള 2000-ലെ ഒരു ഫോട്ടോ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പിന്നെ, 2002-ൽ മാക്‌സ്‌വെല്ലിന് അയച്ച ഒരു സാധാരണ ഇമെയിലും.
അമാൻഡയെപ്പോലെ അമേരിക്കയിലേക്ക് വരുന്നതിനും ഫാഷൻ രംഗത്തു ചുവടുറപ്പിക്കുന്നതിനും വർക്ക് വിസ തരപ്പെടുത്തുന്നതിനും മെലാനിയക്ക് സാമ്പോളിയുടെ സഹായം കിട്ടിയിരുന്നു. സ്ലൊവീനിയക്കാരിയായ മെലാനിയ ക്‌നോസ് 1996-ലാണ് യുഎസ്സിലെത്തിയത്. എഛ് വൺ ബി വീസ തരപ്പെടുത്താൻ സാമ്പോളി സഹായിച്ചു. 2001-ൽ അസാധാരണമായ കഴിവുകളുള്ളവർക്കുള്ള ഇബി വൺ വിഭാഗത്തിൽ ഗ്രീൻ കാർഡ് കിട്ടി, 2006-ൽ അമേരിക്കൻ പൗരയായി. ഈ ഭീഷണി മെലാനിയയെ അസ്വസ്ഥമാക്കുന്നതിന് കാരണം മാരലാഗോയിൽ പലപ്പോഴും ഒരുമിച്ചുണ്ടായിരുന്ന, മോഡലിങ് ലോകത്ത് പൊതുബന്ധങ്ങളുള്ള, തന്റെ മാതാപിതാക്കളോട് അടുപ്പമുള്ള വ്യക്തിയാണ് അമാൻഡ എന്നതാണ്.
Published: 13 Apr 2026, 06:32 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented