ദ്യവിരോധിയായിരുന്ന ഒരാള്‍ പിൽക്കാലത്ത് തന്റെ മദ്യബിസിനസ്സിലൂടെ വളരുന്നു. എൺപതാം  വയസ്സില്‍ അംബാനിക്കും അദാനിക്കും നഡാറിനുമൊപ്പം ഇന്ത്യയിലെ ബില്ല്യണര്‍ പട്ടികയില്‍ സ്ഥാനം പിടിക്കുന്നു. ലോകത്തെ 'ത്രീ കോമ ക്ലബ്ബില്‍' പുതിയതായി ഇടം നേടിയിരിക്കുകയാണ് ഇന്ത്യക്കാരനായ ഡോ. ലളിത് ഖൈത്താൻ എന്ന മദ്യവ്യവസായി. കഴിഞ്ഞ ദിവസം ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിലാണ് ലിക്കര്‍ മാഗ്നേറ്റും റാഡിക്കോ ഖൈത്താൻ കമ്പനി ചെയര്‍മാനുമായ ലളിത് ഖൈത്താൻ ഇന്ത്യയിലെ ഏറ്റവും പുതിയ ശതകോടീശ്വരന്മാരാടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ആരാണ് ലളിത് ഖൈത്താൻ? മാജിക് മൊമന്റ്‌സ് വോഡ്കയ്ക്കും 8 പി.എം വിസ്‌കിക്കും ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡിക്കുമെല്ലാം പിന്നിലുള്ള റാഡിക്കോ ഖൈത്താന്റെ വളര്‍ച്ച എങ്ങനെയായിരുന്നു? 

To advertise here,

ഇന്ത്യയെന്ന 'ആഗോള' മദ്യ വിപണി

ലോകത്ത് അതിവേഗം വളരുന്ന മദ്യവിപണികളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന്റെ ഈ മദ്യ ഉപഭോഗ പ്രവണതയില്‍ നിന്ന് പണം ഉണ്ടാക്കുന്നതാവട്ടെ റാഡിക്കോ ഖൈത്താനും യുണൈറ്റഡ് ബ്രൂവറീസ്  ഖോഡേയ് ഇന്ത്യയുമടക്കമുള്ള വന്‍കിട കമ്പനികളാണ്. കോടിക്കണക്കിന് രൂപയുടെ വിറ്റുവരവാണ് ഇത്തരം മദ്യകമ്പനികള്‍ ഓരോ വര്‍ഷവും സ്വന്തമാക്കുന്നത്. മദ്യവിപണിയിലെ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച മുതലാക്കിക്കൊണ്ടാണ് ലളിത് ഖൈത്താൻ ബില്യണര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 380 മില്ല്യണ്‍ ഡോളറാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഡോ.ലളിത് ഖൈത്താൻ ചെയര്‍മാനായ റാഡിക്കോ ഖയ്താന്റെ വരുമാനം.

ഇന്ത്യയില്‍ നാല് വര്‍ഷം കൊണ്ട് മദ്യവ്യവസായ മേഖലയില്‍ അഞ്ച് ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കാമെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ഡാറ്റാ വിതരണക്കാരായ ഐഡബ്ല്യുഎസ്ആര്‍ പറയുന്നത്. ആഗോള ശരാശരിയേക്കാള്‍ കൂടുതലാണിത്. വര്‍ധിച്ചുവരുന്ന നഗരവത്കരണവും അധ്വാനിക്കുന്ന ജനസംഖ്യയുടെ വര്‍ധനവുമാണ് മദ്യ ഉപഭോഗത്തിന്റെ വര്‍ധനവിലേക്ക് നയിക്കുന്നതെന്നാണ് കണക്കുകൂട്ടല്‍. 2021ല്‍ 52 ബില്ല്യണ്‍ ഡോളറായിരുന്ന മദ്യവില്‍പന 2027 ആകുമ്പോഴേക്കും 64 ബില്ല്യണ്‍ ഡോളറാകുമെന്ന് ഗുഡ്ഗാവ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നവംബര്‍ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. 

ലളിത് ഖൈത്താന്റെ റാഡിക്കോ

80 വര്‍ഷത്തെ അനുഭവസമ്പത്താണ് ലളിത് ഖൈത്താൻ നയിക്കുന്ന റാഡിക്കോ ഖൈത്താനുള്ളത്. 1943ല്‍ സ്ഥാപിക്കപ്പെട്ട രാംപുര്‍ ഡിസ്റ്റിലറി ആന്റ് കെമിക്കല്‍ കമ്പനിയാണ് പിന്നീട് റാഡികോ ഖൈത്താൻ ആയി മാറിയത്. ഉത്തര്‍പ്രദേശിലാണ് കമ്പനി ആസ്ഥാനം. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന രാംപുര്‍ ഡിസ്റ്റിലറിയെ 1972ല്‍ വെറും 16 ലക്ഷത്തിനാണ്  ലളിത് ഖൈത്താന്റെ പിതാവ് ജി.എന്‍ ഖൈത്താൻ വാങ്ങിയത്. മദ്യവ്യവസായി ആയിരുന്നെങ്കിലും ജീവിതാവസാനം വരെ ഒരു മദ്യം രുചിച്ചുനോക്കിയിട്ടില്ലായിരുന്നു ജി.എന്‍ ഖൈത്താൻ. 

തുടക്കത്തില്‍ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് ഇന്ത്യയിലെ പല കമ്പനികള്‍ക്ക് വിതരണം ചെയ്യുന്നതായിരുന്നു റാഡികോ ഖൈത്താന്റെ രീതി. ഷാ വാലസ്, മോഹന്‍ മീകിന്‍, യൂണൈറ്റഡ് ബ്രൂവറീസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് റാഡികോ മദ്യം വിതരണം ചെയ്തിരുന്നു. 1979കളില്‍ 65 ലക്ഷമായിരുന്നു റാഡികോയുടെ വരുമാനം. റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ കമ്പനി, മദ്യവ്യവസായം തുടങ്ങി നിരവധി വ്യവസായങ്ങള്‍ ജി.എന്‍ ഖൈത്താനുണ്ടായിരുന്നു. ഇവയില്‍ റാഡിക്കോയുടെ ചുമതല പിതാവിലൂടെ ലളിത് ഖൈത്താനിലേക്കെത്തുകയായിരുന്നു. ലളിത് കമ്പനി ഏറ്റെടുത്തതോടെ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച് ഉത്പാദനം വര്‍ധിപ്പിക്കുകയും കൂടുതല്‍ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലിറക്കുകയും ചെയ്തു. 1995-ല്‍ കമ്പനി ലളിത് ഖൈത്താൻ ഏറ്റെടുത്തു. കമ്പനിയുടെ പേരുമാറ്റവും ഈ കാലത്തായിരുന്നു. ലളിത് ഖൈത്താന്റെ വരവോടെ ഈ കമ്പനി പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ തുടങ്ങി. സാമ്പത്തിക നേട്ടങ്ങളൊന്നുമില്ലാതെ തളര്‍ന്നുകിടക്കുകയായിരുന്ന കമ്പനി ലാഭം കൊയ്യാന്‍ തുടങ്ങി. ഏറ്റവും മികച്ച കോര്‍പ്പറേറ്റ് ഭരണമായിരുന്നു ലളിത് കാഴചവെച്ചത്. ചെറിയ രീതിയിലായിരുന്ന കമ്പനി പിന്നീട് റാഡിക്കോ വലിയ അളവില്‍ മദ്യം ഉത്പാദിപ്പിക്കാനും വില്‍പന നടത്താനും ആരംഭിച്ചു. 1999ാണ് റാഡിക്കോ സ്വന്തം ബ്രാന്‍ഡില്‍ മദ്യം പുറത്തിറക്കാന്‍ ആരംഭിച്ചത്. ഇന്ന് പതിനഞ്ചിലേറെ ബ്രാന്‍ഡുകളാണ് റാഡിക്കോയ്ക്കുള്ളത്. മാര്‍ക്കറ്റിങ്ങില്‍ വിദഗ്ധനും ലളിതിന്റെ മകനുമായ അഭിഷേക് ഖൈത്താൻ 1997ല്‍ അച്ഛന്റെ ബിസിനസ്സിലേക്ക് ചേര്‍ന്നതിനു പിന്നാലെയാണ് പ്രീമിയം സെഗ്മന്റില്‍ ഉള്‍പ്പെടുന്ന മദ്യം ഉത്പാദിപ്പിച്ച് മാര്‍ക്കറ്റിലിറക്കാന്‍ റാഡിക്കോ ഖൈത്താൻ ആരംഭിച്ചത്. ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയര്‍ കൂടിയായ അഭിഷേക് ആണ് കമ്പനിയുടെ നിലവിലെ നടത്തിപ്പുകാരന്‍. 

റാഡിക്കോ തങ്ങളുടെ ഇന്റര്‍നാഷണല്‍ ഡിവിഷന്‍ ആരംഭിച്ചത് 2003ലാണ്. റാഡിക്കോ ഇന്റര്‍നാഷണലിന്റെ രണ്ട് ബ്രാന്‍ഡുകള്‍ ഇന്ത്യയിലും ലഭ്യമാണ്. ഏറെ പ്രചാരത്തിലുള്ള വോഡ്​ക്ക  ബ്രാന്‍ഡായ മാജിക് മൊമന്റ്‌സ് റാഡിക്കോ പുറത്തിറക്കിയത് 2005ല്‍ മാത്രമാണ്. മില്ല്യണര്‍ ബ്രാന്‍ഡിലുള്‍പ്പെടുന്ന മാജിക് മൊമന്റ്‌സ് കമ്പനിക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന ഉത്പന്നങ്ങളിൽ ഒന്നാണ്. 

placeholder
ലളിത് ഖൈത്താൻ

മദ്യം രുചിക്കാത്ത അച്ഛന്റെ മദ്യവിരോധിയായിരുന്ന മകന്‍

മാര്‍വാഡി കുടുംബത്തിലായിരുന്നു ലളിത് ഖൈത്താന്റെ ജനനം. അജ്മീറിലെ മയോ കോളേജിലും കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്സ് കോളേജിലുമാണ് പഠനം പൂര്‍ത്തീകരിച്ചത്. ബാംഗ്ലൂരിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ഹാര്‍വാര്‍ഡില്‍ മാനേജീരിയല്‍ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ് കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

തന്റെ പിതാവ് രാംപുര്‍ ഡിസ്റ്റിലറി ഏറ്റെടുക്കുന്നതുവരെ പൂര്‍ണ മദ്യവിരോധിയായിരുന്നു അദ്ദേഹം. പിന്നീട് ബിസ്സിനസ്സിലേക്ക് ഇറങ്ങിയ ഖൈത്താൻ കമ്പനിയെ ലാഭത്തിലേക്ക് നയിച്ചു. മദ്യവ്യവസായമാണ് തന്റെ മേഖലയെന്ന് ഒമ്പതാം ക്ലാസ്സ് മുതല്‍ ഞാന്‍ തീരുമാനിച്ചിരുന്നു, അന്നുമുതല്‍ അത്തരമൊരു കാഴ്ചപ്പാടിലാണ് ഞാന്‍ പഠിച്ചതും വളര്‍ന്നതുമെന്ന് ഒരിക്കല്‍ ലളിത് ഖൈത്താൻ അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മദ്യവ്യവസായമെന്ന ചിന്ത മനസ്സില്‍ വന്നകാലത്ത് വെറും അഞ്ച് കോടി രൂപയായിരുന്നു റാഡിക്കോ ഖൈത്താന്റെ മൂലധനമെങ്കില്‍ ഇന്നത് 5000 കോടി ആയി വളര്‍ന്നുവെന്നും 2020ല്‍ നല്‍കിയ അഭിമുഖത്തില്‍ ലളിത് കൂട്ടിച്ചേര്‍ക്കുന്നു. 

വിദേശത്ത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം രഹസ്യമായുളളവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ റാഡിക്കോ ഖൈത്താൻ കമ്പനിയുടെ ഉടമകളായ ലളിത് ഖൈത്താൻ, അഭിഷേക് ഖൈത്താൻ എന്നിവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അതിസമ്പന്നര്‍ക്കും കമ്പനികള്‍ക്കും മറ്റുമായി വിദേശത്ത്, പ്രത്യേകിച്ച് നികുതിയില്ലാത്ത ഇടങ്ങളില്‍ ഷെൽ കമ്പനികളും ട്രസ്റ്റുകളും ഫൗണ്ടേഷനുകളും സ്ഥാപിച്ച് കള്ളപ്പണം സൂക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം. 90 രാജ്യങ്ങളിലെ 330 രാഷ്ട്രീയക്കാര്‍, ഫോബ്സ് പട്ടികയിലുള്ള 130 കോടീശ്വരര്‍, രാജകുടുംബാംഗങ്ങള്‍, സെലിബ്രിറ്റികള്‍, മതനേതാക്കള്‍, ലഹരി ഇടപാടുകാര്‍ എന്നിവരായിരുന്നു പന്‍ഡോറ പേപ്പേഴ്‌സ് എന്ന പേരില്‍ പുറത്ത് വന്ന പട്ടികയിലുണ്ടായിരുന്നത്.

റാഡിക്കോ ഖൈത്താൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ മദ്യനിര്‍മാണ വിതരണ കമ്പനിയാണ്. ഇന്‍ഡസ്ട്രിയല്‍ ആല്‍ക്കഹോളിന് പുറമേ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും പ്രാദേശിക മദ്യ ഉത്പന്നങ്ങളും കാര്‍ഷികാവശ്യത്തിനുള്ള വളങ്ങളും റാഡിക്കോ വില്‍പനയ്‌ക്കെത്തിക്കുന്നുണ്ട്. അമേരിക്ക, കാനഡ,തെക്കേ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ ഉള്‍പ്പെടെ 85 രാജ്യങ്ങളിലാണ് റാഡിക്കോ ഖൈത്താന് മാര്‍ക്കറ്റുള്ളത്. 

റാഡിക്കോയുടെ ഇന്ത്യന്‍ മാര്‍ക്കറ്റ്

റാഡിക്കോ ഖൈത്താൻ ബ്രാന്‍ഡില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വില്‍പന ഉയരുകയും പുതിയ പാനിയങ്ങള്‍ പുറത്തിറക്കുകയും ചെയ്തതോടെ ഈ വര്‍ഷം മാത്രം കമ്പനിയുടെ ഓഹരി വില്‍പന 50 ശതമാനത്തിലധികം ഉയര്‍ന്നതായാണ് കണക്കുകള്‍. ഇതോടെ പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ ഡോളര്‍ വരുമാനമുള്ള കമ്പനി മുതലാളി ശതകോടീശ്വരന്മാരുടെ പട്ടികയിലേക്കും ചേക്കേറി. കമ്പനിയുടെ 40 ശതമാനം ഓഹരികള്‍ ലളിത് ഖൈത്താന്റെ പേരിലാണുള്ളത്. റാഡിക്കോ അടുത്തിടെ അവതരിപ്പിച്ച ഹാപ്പിനസ് ഇന്‍ എ ബോട്ടില്‍ ജിന്‍ എന്ന പുതിയ ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്കിടയില്‍ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ലളിത് കെയ്താന് റാഡിക്കോയില്‍ 40 ശതമാനം ഓഹരിയാണ് ഉള്ളത്.

പ്രീമിയം ബ്രാന്‍ഡുകളുടെ നിര വിപുലീകരിക്കാനുള്ള റാഡിക്കോ ഖൈത്താന്റെ മാര്‍ക്കറ്റ് തന്ത്രമാണ് ഇപ്പോള്‍ ഫലം കാണുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 15 പുതിയ ബ്രാന്‍ഡുകളാണ് റാഡിക്കോ ഖൈത്താൻ മാര്‍ക്കറ്റിലിറക്കിയത്. ഒപ്പം ജനപ്രിയ പ്രീമിയം ഉത്പന്നങ്ങളുടെ ശക്തവും പ്രചാരം വര്‍ധിക്കാന്‍ സാധ്യതയേറിയതുമായ ഒരു നിരയും സൃഷ്ടിച്ചെടുത്തു. കമ്പനിയുടെ വരുമാനത്തിലെ വളര്‍ച്ചയ്ക്ക് പിന്നിലെ തന്ത്രം ഇതാണെന്നാണ് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റീട്ടെയില്‍ ബ്രോക്കറേജ് യൂണിറ്റായ ഷെയര്‍ഖാന്റെ ഡിസംബറിലെ ഗവേഷണ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഇന്ത്യയിലെ മദ്യഉപഭോക്താക്കള്‍ ഇപ്പോള്‍ പ്രീമിയം നിരയിലുള്ള മദ്യം ഉപയോഗിക്കുന്നത് കൂടുതലാണ്. ഇന്ത്യയിലെ ആകെ മദ്യവില്‍പനയുടെ മൂന്നിലൊന്നായി പ്രീമിയം സെഗ്മന്റിലുള്‍പ്പെട്ട മദ്യ ഉത്പന്നങ്ങള്‍ മാറി. 2018ല്‍ ഇത് 26 ശതമാനമായിരുന്നു. പ്രീമിയം വിഭാഗത്തിലുള്‍പ്പെട്ട ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ഏറ്റവും വലിയ ഉത്പാദകരമാണ് റാഡിക്കോ ഖൈത്താൻ. കമ്പനിക്ക് അവരുടെ വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്നത് പ്രീമിയം ഉത്പന്നങ്ങളില്‍ നിന്നാണെന്ന് ഷെയര്‍ഖാന്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 

ഇന്ത്യയിലെ ആല്‍ക്കഹോള്‍ മാര്‍ക്കറ്റില്‍ റാഡിക്കോ ഖൈത്താന് ഏറെ എതിരാളികളും ഉണ്ട്. അതില്‍ പ്രധാനി യൂണൈറ്റഡ് ബ്രൂവറീസ് എന്നറിയപ്പെട്ടിരുന്ന യുണൈറ്റഡ് സ്പിരിറ്റ്‌സ് ആണ്. ഇപ്പോള്‍ ആല്‍ക്കഹോള്‍ കമ്പനിയായ ഡിയോജിയോ, റിലേ ബി.വി എന്നിവയുടെ ഉപസ്ഥാപനമാണ് യുണൈറ്റഡ് സ്പിരിറ്റ്‌സ്. മദ്യവ്യവസായിയും ഇപ്പോള്‍ ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന മുന്‍ ശതകോടീശ്വരനുമായ വിജയ് മല്യയുടെ നിയന്ത്രണത്തിലായിരുന്നു കമ്പനിയുണ്ടായിരുന്നത്. യുണൈറ്റഡ് സ്പിരിറ്റ്‌സിനെ കൂടാതെ ജനപ്രിയ ബ്രാന്‍ഡായ ഓഫീസേര്‍സ് ചോയിസ് വിസ്‌കിയുടെ നിര്‍മാതാക്കളായ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അലൈഡ് ബ്ലെന്‍ഡേഴ്സ് & ഡിസ്റ്റിലേഴ്സ്, മക്കാ സായി റമ്മിന്റെ നിര്‍മാതാക്കളായ ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റില്‍ഡിസ്റ്റില്ലിംഗ് സ്പിരിറ്റ്സ് ഇന്ത്യ, സ്‌ട്രെയ്‌ഞ്ചേര്‍സ് ആന്റ് സണ്‍സ് ജിന്‍ നിര്‍മാതാവായ തേര്‍ഡ് ഐ ഡിസ്റ്റിലറി ഹോള്‍ഡിംഗ്സ് എന്നിവയാണ് റാഡിക്കോ ഖയ്താന്റെ പ്രധാന എതിരാളികള്‍.  

പുതിയ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്നതിലൂടെ ഈ എതിരാളികളെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് റാഡിക്കോ പ്രതീക്ഷിക്കുന്നത്. അതേസമയം മദ്യകമ്പനികള്‍ക്ക് ഭാവിയില്‍ മൂലധനച്ചെലവ് വലിയ രീതിയില്‍ വര്‍ധിക്കുമെന്നും അത് റാഡിക്കോ അടക്കമുള്ള കമ്പനികളുടെ വരുമാനത്തെ കാര്യമായി ബാധിച്ചേക്കാമെന്നും മുംബൈ ഇന്‍വെസ്റ്റ്മെന്റ് ഹൗസ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് അഴരുടെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അടുത്തിടെയാണ് റാഡിക്കോ  ഉത്തര്‍പ്രദേശില്‍ ഒരു പുതിയ ഡിസ്റ്റിലറി യൂണിറ്റ് കമ്മീഷന്‍ ചെയ്തത്.