ന്യൂഡൽഹി: അടുത്ത മാസം ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കളായ സ്മൃതി ഇറാനിയും ഹരീഷ് ദ്വിവേദിയും സ്ഥാനാർഥികളായേക്കുമെന്ന് റിപ്പോർട്ട്. കൂടാതെ വരുൺ ഗാന്ധി, സഞ്ജീവ് ബാലിയാൻ, സത്യപാൽ സിങ് തുടങ്ങിയ പ്രമുഖരുടെ പേരുകളും ബിജെപിയുടെ പരിഗണനയിലുണ്ട്. ഉത്തർപ്രദേശിൽ കാലാവധി പൂർത്തിയാകുന്ന 10 രാജ്യസഭാ സീറ്റുകളിലേക്കാണ് ഒക്ടോബർ 16 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ച മുതൽ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിക്കും.

To advertise here,

396 അംഗങ്ങളുള്ള യുപി നിയമസഭയിൽ ഒരു രാജ്യസഭാ സീറ്റിൽ വിജയിക്കാൻ 37 ഒന്നാം വോട്ടുകളാണ് വേണ്ടത്. അങ്ങനെയെങ്കിൽ സ്വന്തമായി 255 എംഎൽഎമാരുള്ള ബിജെപിക്ക് 7 സീറ്റുകളിൽ വിജയം ഉറപ്പാണ്. സഖ്യകക്ഷികളുടെ പിന്തുണയോടെ 33 അധിക വോട്ടുകൾ പാർട്ടിക്ക് ലഭിക്കും. എട്ടാമത്തെ സീറ്റ് സ്വന്തമാക്കാൻ ബിജെപിക്ക് 4 വോട്ടുകൾ കൂടി മാത്രം മതിയാകും.

കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, ഗീതാ ശാക്യ, ബി.എൽ. വർമ്മ എന്നിവരുടെ കാലാവധി പൂർത്തിയാവുകയാണ്. ഇവർക്ക് പകരം ആരെന്ന ചോദ്യമാണ് പാർട്ടിക്ക് മുന്നിലുള്ളത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജാതി സമവാക്യങ്ങളും യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യവും ഉറപ്പാക്കിക്കൊണ്ടാവും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ഒബിസി, ദളിത്, ജാട്ട്, രാജ്പുത് വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാനും പാർട്ടി ആലോചിക്കുന്നു. ലക്‌നൗവിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സാധ്യതയുള്ള പേരുകൾ ചർച്ച ചെയ്തിട്ടുണ്ട്. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും.

കോൺഗ്രസിന്റെ പിന്തുണയടക്കം 103 എംഎൽഎമാരുള്ള സമാജ്‌വാദി പാർട്ടിക്ക് 2 സീറ്റുകളിൽ വിജയിക്കാം. മൂന്നാമതൊരു സീറ്റിൽക്കൂടി ജയിക്കാൻ എസ്പിക്ക് 8 വോട്ടുകൾ കൂടി വേണം. മുതിർന്ന നേതാവ് രാം ഗോപാൽ യാദവ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് രഞ്ജൻ, സലീം ഇഖ്ബാൽ എന്നിവരുടെ പേരുകളാണ് സമാജ്‌വാദി പാർട്ടിയിൽ നിന്ന് പരിഗണനയിലുള്ളത്.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് ബാധകമല്ലാത്തതിനാൽ അംഗത്വം നഷ്ടപ്പെടുമെന്ന ഭയമില്ലാതെ എംഎൽഎമാർക്ക് വോട്ട് ചെയ്യാം. അതിനാൽ ഇരു പാർട്ടികളും പരമാവധി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുന്നതോടെ ക്രോസ് വോട്ടിംഗിനുള്ള സാധ്യതയുമുണ്ട്.