അമേരിക്കയുമായുള്ള കാനഡയുടെ തീരുവയുദ്ധം രൂക്ഷമാകുന്ന ഘട്ടത്തിലാണ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി സാമ്പത്തിക വിദഗ്ദ്ധനും രണ്ട് രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളുടെ മേധാവിയുമായിരുന്ന മാര്‍ക്ക് കാര്‍ണി രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ താരിഫ് യുദ്ധത്തിനിടയില്‍ കാനഡയെ നയിക്കുക എന്നതായിരുന്നു കാര്‍ണി നേരിട്ട വെല്ലുവിളി. സര്‍ക്കാരിന് ഒക്ടോബര്‍ മാസം വരെ കാലാവധിയുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ച് കാര്‍ണി വെല്ലുവിളികളെ നേരിട്ടു. ട്രംപിന്റെ തീരുവ ഭീഷണിക്കെതിരേ ദേശീയ വികാരമുണര്‍ന്ന തിരഞ്ഞെടുപ്പില്‍ കാര്‍ണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. 343 അംഗ ജനപ്രതിനിധിസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി ചരിത്രപരമായ ഭരണത്തുടര്‍ച്ച നേടി. തുടര്‍ച്ചയായ നാലാംതവണയാണ് ലിബറലുകള്‍ കാനഡിയില്‍ അധികാരം പിടിക്കുന്നത്. ലിബറലുകള്‍ 168 സീറ്റ് നേടിയപ്പോള്‍ അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 144 സീറ്റോടെ രണ്ടാം സ്ഥാനത്തായി. 

To advertise here,

കാര്‍ണിയുടെ വരവ് കാനഡയ്ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിനും കാര്‍ണി നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം കൂടിയാണ് കാനഡ. ഏകദേശം നാല് ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് രാജ്യത്തുള്ളത്. കാര്‍ണി അധികാരത്തില്‍ വന്നതോടെ, വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുന്നവരുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ണിക്ക് അയച്ച അഭിനന്ദന സന്ദേശം, ഉഭയകക്ഷി ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു എന്നും സൂചിപ്പിച്ചിരുന്നു. മുന്‍ഗാമിയായ ട്രൂഡോയുടെ ഇന്ത്യയോടുള്ള സമീപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായിരുന്നു. സാമ്പത്തിക വിദഗ്ധനായ കാര്‍ണി, തന്റെ ശ്രദ്ധ വിദേശനയത്തേക്കാള്‍ കനേഡിയന്‍ സമ്പദ് വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നതിലായിരിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. കാര്‍ണി വരുമ്പോള്‍ എന്തായിരിക്കും ഇന്ത്യ- കാനഡ ബന്ധത്തിന്റെ ഭാവി ? ട്രൂഡോയുടെ കാലത്ത് ആടിയുലഞ്ഞ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും തളര്‍ക്കുമോ ? 

ആരാണ് മാര്‍ക്ക് കാര്‍ണി? 

നിയമസഭാംഗമായോ കാബിനറ്റ് അംഗമായോ പരിചയമില്ലാതെ കനേഡിയന്‍ പ്രധാനമന്ത്രിയായ ആദ്യവ്യക്തിയായിരുന്നു മാര്‍ക്ക് കാര്‍ണി. ട്രൂഡോയ്ക്ക് പകരക്കാരനായി മാര്‍ച്ചിലാണ് അദ്ദേഹം ലിബറല്‍ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയത്തില്‍ വലിയ പരിചയമില്ലായിരുന്നുവെങ്കിലും രണ്ട് രാജ്യങ്ങളുടെ കേന്ദ്രബാങ്കിന്റെ തലവനായി പ്രവര്‍ത്തിച്ചയാളായിരുന്നു അദ്ദേഹം. കനേഡിയന്‍ സാമ്പത്തിക വിദഗ്ദ്ധനായ മാര്‍ക്ക് കാര്‍ണി 2008 മുതല്‍ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായും 2013 മുതല്‍ 2020 വരെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 300-ല്‍ അധികം വര്‍ഷത്തെ ചരിത്രത്തില്‍ മേധാവിയാകുന്ന ആദ്യത്തെ ബ്രിട്ടീഷുകാരനല്ലാത്ത വ്യക്തിയായിരുന്നു കാര്‍ണി. ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണര്‍ എന്ന നിലയില്‍ 2008-ലെ സാമ്പത്തിക തകര്‍ച്ച ഘട്ടത്തില്‍ അദ്ദേഹം രാജ്യത്തെ നയിച്ചു. സാമ്പത്തികമാന്ദ്യത്തില്‍ ലോകരാജ്യങ്ങളെല്ലാം ആടിയുലഞ്ഞപ്പോള്‍ അതില്‍നിന്ന് ആദ്യം കരകയറിയത് കാനഡയായിരുന്നു. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായിരുന്ന കാര്‍ണിയും. 

placeholder
മാര്‍ക്ക് കാര്‍ണി | Photo: Nathan Denette/The Canadian Press via AP

കാനഡയുടെ വടക്കുപടിഞ്ഞാറു മേഖലയിലെ ഫോര്‍ട്ട് സ്മിത്ത് എന്ന ഗ്രാമത്തില്‍ 1965 മാര്‍ച്ച് 16-നാണ് മാര്‍ക്ക് കാര്‍ണി ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ രണ്ടുപേരും അധ്യാപകരായിരുന്നു. പടിഞ്ഞാറന്‍ നഗരമായ എഡ്മന്റണിലാണ് അദ്ദേഹം വളര്‍ന്നത്. സ്‌കൂള്‍ കാലത്ത് അദ്ദേഹമൊരു ഹോക്കി പ്ലെയറായിരുന്നു. പ്രാഥമിക വിദ്യാ്യഭ്യാസത്തിന് ശേഷം ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍നിന്ന് ബാച്ചിലേഴ്‌സ് ബിരുദം നേടി. അവിടെ വെച്ചാണ് മറ്റൊരു കനേഡിയന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോണ്‍ കെന്നത്ത് ഗാല്‍ബ്രെയ്ത്തിന്റെ പ്രഭാഷണങ്ങള്‍ അദ്ദേഹത്തില്‍ സാമ്പത്തിക ശാസ്ത്രത്തോടുള്ള താല്‍പ്പര്യം ജനിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പഠനം നടത്തി. 1995-ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറല്‍ ബിരുദവും നേടി. 

ധനകാര്യരംഗത്താണ് കാര്‍ണി തന്റെ കരിയര്‍ ആരംഭിച്ചത്. കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹം ഗോള്‍ഡ്മാന്‍ സാക്‌സില്‍ ജോലി ചെയ്തിരുന്നു. 2003-ല്‍ ബാങ്ക് ഓഫ് കാനഡയില്‍ ഡെപ്യൂട്ടി ഗവര്‍ണറായി സ്ഥാനമേറ്റു. 2008-ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായിരുന്ന മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ അദ്ദേഹത്തെ ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായി നിയമിച്ചു. തന്റെ 42-ാം വയസിലാണ് കാര്‍ണി ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായി നിയമിതനാകുന്നത്. 2008-ലെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണര്‍ എന്ന നിലയില്‍, ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സാമ്പത്തിക കാലഘട്ടങ്ങളിലൊന്നിലൂടെ മാര്‍ക്ക് കാനഡയെ നയിച്ചു. തൊഴിലവസരങ്ങള്‍ സംരക്ഷിക്കുകയും കാനഡ ശക്തമായി മുന്നേറുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ആഗോള സാമ്പത്തികമാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കാനഡയെ സഹായിച്ചത് കാര്‍ണിയുടെ പ്രശസ്തി വര്‍ധിപ്പിച്ചു. 

2013-ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തേക്ക് കാര്‍ണിയെ നിയമിച്ചു. 1694-ല്‍ സ്ഥാപിതമായതിന് ശേഷം ഈ സ്ഥാപനത്തെ നയിക്കുന്ന ആദ്യത്തെ ബ്രിട്ടീഷുകാരനല്ലാത്ത വ്യക്തിയായി അദ്ദേഹം മാറി. അക്കാലത്ത് 'റോക്ക് സ്റ്റാര്‍ സെന്‍ട്രല്‍ ബാങ്കര്‍' എന്ന അപൂര്‍വ്വമായ വിശേഷണത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബ്രെക്‌സിറ്റിലൂടെയും അതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളിലൂടെയും യു.കെ സമ്പദ്വ്യവസ്ഥയെ അദ്ദേഹം നയിച്ചു. 2016-ലെ ബ്രെക്‌സിറ്റ് ശേഷം ബ്രിട്ടീഷ് വിപണിയെ താങ്ങി നിര്‍ത്തുന്നതില്‍ കാര്‍ണി ഒരു പ്രധാന പങ്ക് വഹിച്ചു. 2019-ന്റെ അവസാനത്തില്‍ താന്‍ ബാങ്ക് വിടുകയാണെന്ന് കാര്‍ണി പ്രഖ്യാപിച്ചു. തുടര്‍ന്ന് 2020-ല്‍ കാലാവസ്ഥാ നടപടിക്കും ധനകാര്യത്തിനുമുള്ള ഐക്യരാഷ്ട്രസഭയുടെ മുന്‍ പ്രത്യേക പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 

placeholder
കനേഡിയൻ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വിജയിച്ചതിന് ശേഷം മാർക്ക് കാർണി തന്റെ പ്രചാരണ ആസ്ഥാനത്ത് സംസാരിക്കുന്നു | Photo: Justin Tang/The Canadian Press via AP

അധികാരത്തില്‍ മാര്‍ക്ക് കാര്‍ണി

ജനുവരിയില്‍ ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചതിനേത്തുടര്‍ന്നാണ് മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകുന്നത്. ഒമ്പതുവര്‍ഷത്തിലേറെ ഭരണത്തിലിരുന്നശേഷം ട്രൂഡോ സ്ഥാനമൊഴിഞ്ഞപ്പോഴാണ് പകരക്കാരനെ കണ്ടെത്താന്‍ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തിയത്. ഇതോടെയാണ്  ഭരണപക്ഷമായ ലിബറല്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി മാര്‍ക് കാര്‍ണിയെത്തിയത്. മുന്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, മന്ത്രിസഭാംഗം കരിന ഗൗള്‍ഡ്, ബിസിനസുകാരനും മുന്‍ എം.പി.യുമായ ഫ്രാന്‍ക് ബെയ്ലിസ് എന്നിവരെ പരാജയപ്പെടുത്തി വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകളിലൂടെ കാനഡയെ നയിക്കുക എന്നതായിരുന്നു കാര്‍ണിക്ക് മുന്നിലെ വെല്ലുവിളി. സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റപ്രശ്നം, യുഎസുമായും ഇന്ത്യയുമായുമുള്ള നയതന്ത്രപ്പോര്, തീരുവ തുടങ്ങി വിവിധ പ്രശ്നങ്ങളെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെയാണ് ആ സ്ഥാനത്തേക്ക് കാര്‍ണി എത്തിയത്. 

സര്‍ക്കാരിന് ഒക്ടോബര്‍വരെ കാലാവധിയുണ്ടായിരുന്നെങ്കിലും കാര്‍ണി തിരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ചു. ട്രൂഡോ രാജി പ്രഖ്യാപിക്കുമ്പോള്‍ ലിബറല്‍ പാര്‍ട്ടിക്ക് ജനങ്ങളുടെ പിന്തുണയത്രയും നഷ്ടപ്പെട്ടിരുന്നു. ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലിബറല്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്നായിരുന്നു സര്‍വേ ഫലങ്ങളെല്ലാം. ട്രൂഡോ രാജിവെച്ച സമയത്തെ അഭിപ്രായസര്‍വേകളില്‍ 74 ശതമാനമായിരുന്നു കണ്‍സര്‍വേറ്റീവുകളുടെ ജനപ്രീതി. ലിബറല്‍ പാര്‍ട്ടിയുടേതാട്ടെ 20 ശതമാനവും. മാര്‍ച്ചില്‍ പിരിച്ചുവിട്ട പാര്‍ലമെന്റില്‍ ലിബറലുകള്‍ക്ക് 152 സീറ്റും കണ്‍സര്‍വേറ്റീവുകള്‍ക്ക് 120 സീറ്റുമാണുണ്ടായിരുന്നത്. 24 സീറ്റുള്ള ജഗ്മീത് സിങ്ങിന്റെ ന്യൂഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലിബറല്‍ സര്‍ക്കാര്‍ ഭരണത്തിലെത്തിയത്. കാലാവധി തീരും മുമ്പേ സര്‍ക്കാര്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാര്‍ണിയുടെ തീരുമാനം സത്യത്തില്‍ ഒരു ചൂതാട്ടമായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ചിത്രം മാറി. 343 അംഗ ജനപ്രതിനിധിസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി ചരിത്രപരമായ ഭരണത്തുടര്‍ച്ചനേടി. 

പ്രധാനമന്ത്രിയായി ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ട്രംപുമായി കിടപിടിക്കാന്‍ കഴിയുന്നൊരാള്‍ കൂടിയാവണമെന്ന് കനേഡിയന്‍ ജനത ചിന്തിച്ചു. അതാണ് കാര്‍ണിക്ക് ഭരണത്തുടര്‍ച്ച നേടിക്കൊടുത്തത്. തുടര്‍ച്ചയായ നാലാംതവണയാണ് ലിബറലുകള്‍ അധികാരത്തിലെത്തുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവഭീഷണിക്കെതിരേ ദേശീയവികാരമുണര്‍ന്ന തിരഞ്ഞെടുപ്പില്‍ ലിബറലുകള്‍ 168 സീറ്റ് നേടി. രണ്ടാംസ്ഥാനത്തുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 144 സീറ്റാണ് ലഭിച്ചത്. ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന കാനഡക്കാര്‍ക്ക് പ്രത്യേകരാജ്യം വേണമെന്ന് വാദിക്കുന്ന ബ്ലോക്ക് ക്വിബെക്വാ പാര്‍ട്ടിയാണ് 23 സീറ്റോടെ മൂന്നാംസ്ഥാനത്ത്. ഖലിസ്താന്‍ വിഘടനവാദി ജഗ്മീത് സിങ് നയിച്ച ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ഏഴുസീറ്റിലൊതുങ്ങി. ജനസംഖ്യാ വര്‍ധനയ്ക്കനുപാതികമായി 2021-ലെ തിരഞ്ഞെടുപ്പിനെക്കാള്‍ അഞ്ചുസീറ്റ് ഇക്കുറി കൂട്ടിയിരുന്നു. ഇതോടെ കേവലഭൂരിപക്ഷത്തിന് 172 സീറ്റാണ് വേണ്ടത്. 

എന്തുകൊണ്ട് വീണ്ടും ലിബറല്‍ പാര്‍ട്ടി

യുഎസിന്റെ 51-ാം സംസ്ഥാനമാക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയുടെയും തീരുവയുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് കാനഡയില്‍ തിരഞ്ഞെടുപ്പ് നടന്നത്. അധികാരത്തിലേറിയതിന് പിന്നാലെ, യു.എസിലേക്കുള്ള നിയമവിരുദ്ധകുടിയേറ്റവും കള്ളക്കടത്തും തടയുന്നില്ലെന്നാരോപിച്ച് കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവചുമത്തിയിരുന്നു. ട്രംപിന്റെ ഭീഷണികള്‍ നേരിടുന്നതിന് ശക്തമായ ജനപിന്തുണ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മാര്‍ക് കാര്‍ണി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത്. ട്രംപിന്റെ ഭീഷണി വരുന്നത് വരെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്നും കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലേറുമെന്നുമായിരുന്നു പ്രവചനങ്ങള്‍. പിയര്‍ പോളിയേവ് നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ഈ ഘട്ടത്തില്‍ വ്യക്തമായ ജനപ്രീതിയുണ്ടായിരുന്നു. മറുഭാഗത്ത് ലിബറല്‍ പാര്‍ട്ടിയാകട്ടെ ജനങ്ങളില്‍നിന്ന് അകന്ന നിലയിലും. വിലക്കയറ്റം, പാര്‍പ്പിടദൗര്‍ലഭ്യം, കുടിയേറ്റപ്രോത്സാഹനനയം എന്നിങ്ങനെ എല്ലാംകൊണ്ടും അസംതൃപ്തരായിരുന്നു ജനം. ഖലിസ്താന്‍ ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഇന്ത്യയുടെ ആരോപണം മറുഭാഗത്തും. അങ്ങനെയൊരു സാഹചര്യത്തില്‍ ലിബറല്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തോല്‍വി ഉറപ്പായിരുന്നു. 

കാനഡയുടെ സമ്പദ്വ്യവസ്ഥയെയും പരമാധികാരത്തെയും ട്രംപ് ഭീഷണിപ്പെടുത്തിയതോടെ പ്രവചനങ്ങള്‍ മാറിമറിഞ്ഞു. കാനഡയ്ക്കുനേരേ തീരുവയുദ്ധവും 51-ാം സംസ്ഥാനമാക്കാമെന്ന പരിഹാസവും ട്രംപ് ഉയര്‍ത്തിയത് കാര്യങ്ങള്‍ ലിബറല്‍ പാര്‍ട്ടിക്ക് അനുകൂലമാക്കി. അതിനൊപ്പം ട്രൂഡോ രാജി വെയ്ക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടിയെ നയിക്കാന്‍ മാര്‍ക് കാര്‍ണിയെത്തി. ലിബറല്‍ സര്‍ക്കാരിന് ഒക്ടോബര്‍വരെ കാലാവധിയുണ്ടായിരുന്നെങ്കിലും അദ്ദേഹം തിരഞ്ഞെടുപ്പ് നേരത്തേയാക്കി. കാര്‍ണിയുടെ പ്രതിച്ഛായയും ട്രംപിന്റെ അധിക്ഷേപം ആളിക്കത്തിച്ച ദേശീയതയും ലിബറലുകള്‍ക്ക് ഗുണമായി. യു.എസിന് കാനഡ ചുമത്തിയ തീരുവയില്‍നിന്ന് കിട്ടുന്ന പണം വ്യാപാരയുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന കനേഡിയന്‍ തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് പ്രചാരണത്തിനിടെ കാര്‍ണി പ്രഖ്യാപിച്ചു. ട്രംപിനോട് വിട്ടുവീഴ്ചചെയ്യില്ലെന്ന കാര്‍ണിയുടെ നിലപാട് ജനങ്ങള്‍ വിശ്വാസത്തിലെടുത്തു. കാനഡയെ ഭിന്നിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം ഒരിക്കലും വിജയിക്കില്ലെന്ന തിരഞ്ഞെടുപ്പുപ്രചാരണവേളയിലെ പ്രഖ്യാപനം വിജയദിനസന്ദേശത്തിലും കാര്‍ണി ആവര്‍ത്തിച്ചു. ഒരുപക്ഷേ, ഡൊണാള്‍ഡ് ട്രംപ് യുഎസ് തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലായിരുന്നെങ്കില്‍ കാനഡയില്‍ ലിബറല്‍ പാര്‍ട്ടിയും ജയിക്കില്ലായിരുന്നു.

placeholder
ജസ്റ്റിൻ ട്രൂഡോ, നരേന്ദ്ര മോദി | Photo: PTI

ഇന്ത്യ-കാനഡ ബന്ധം വീണ്ടും തളിര്‍ക്കുമോ?

2023 ജൂണ്‍ 18-ന് ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞത്. നിജ്ജറിന്റെ കൊലപാതകത്തില്‍ മോദി സര്‍ക്കാരിന് പങ്കുണ്ടെന്ന 2023 സെപ്റ്റംബറിലെ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പുകഞ്ഞു. പക്ഷേ, ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധത്തിനാണ് താല്പര്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു മാര്‍ക്ക് കാര്‍ണിയുടെ നടപടികള്‍. ഈ മാസം ആദ്യം തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഹിന്ദുസമൂഹത്തോടൊപ്പം രാമനവമി ആഘോഷങ്ങളില്‍ പങ്കുചേരാന്‍ അദ്ദേഹം സമയം കണ്ടെത്തി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഈ സന്ദര്‍ശനം. ട്രൂഡോയുടെ ഭരണത്തിന്‍ കീഴില്‍ വഷളായ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുളള്ള കാര്‍ണിയുടെ താല്പര്യത്തിന്റെ സൂചനയായിരുന്നു ഇത്. ഇതിന് പുറമേ വ്യക്തിപരമായും സാമ്പത്തികമായും തന്ത്രപരമായും സുപ്രധാനമായ ബന്ധമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ളതെന്ന് മാര്‍ച്ചില്‍ അദ്ദേഹം പറഞ്ഞു. ബന്ധത്തിലെ സംഘര്‍ഷത്തെ പരസ്പരബഹുമാനത്തോടെ അഭിസംബോധനചെയ്യണമെന്നും പറഞ്ഞു.

ട്രൂഡോയുടെ ഭരണത്തില്‍ സ്വാധീനമുണ്ടായിരുന്ന ഖലിസ്താന്‍ വാദി നേതാവ് ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി(എന്‍.ഡി.പി.)ക്ക് കനത്ത തിരിച്ചടിയുണ്ടായി. 2021-ലെ തിരഞ്ഞെടുപ്പില്‍ 24 സീറ്റ് നേടിയ എന്‍ഡിപി ഈ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. ട്രൂഡോയുടെ അവസാന ഭരണകാലത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയെയാണ് ഭരണത്തെ താങ്ങി നിര്‍ത്തിയത്. ഏഴുസീറ്റിലൊതുങ്ങിയ എന്‍.ഡി.പിക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടമായി. അത് നിലനിര്‍ത്തണമെങ്കില്‍ 12 സീറ്റെങ്കിലും വേണമായിരുന്നു. 2019 മുതല്‍ രണ്ടു തവണ ജയിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയിലെ ബര്‍ണബി സെന്‍ട്രല്‍ മണ്ഡലം ഇക്കുറി ജഗ്മീതിനെ കൈവിട്ടു. ലിബറല്‍ സ്ഥാനാര്‍ഥിയായ വേഡ് ചാങ്ങിനോട് 40 ശതമാനം വോട്ടുകള്‍ക്കാണ് അദ്ദേഹം തോറ്റത്. പിന്നാലെ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ ജഗ്മീത് സിങ്ങിന്റെ തോല്‍വിയും എന്‍.ഡി.പി. അധ്യക്ഷസ്ഥാനം ഒഴിയാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും ഇന്ത്യ-കാനഡ ബന്ധത്തിന് ഗുണകരമാകും. ഇന്ത്യയോടുള്ള കാര്‍ണിയുടെ വിദേശനയത്തില്‍ തീവ്രസിഖ് ഘടകങ്ങളുടെ സ്വാധീനം കുറയുമെന്നും പ്രതീക്ഷിക്കുന്നു. 

placeholder
ഡൊണാള്‍ഡ് ട്രംപ് | Photo : Mandel NGAN / AFP

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ച് കാര്‍ണി ഇതുവരെ നേരിട്ട് പരാമര്‍ശിച്ചിട്ടില്ല. വര്‍ഷങ്ങളുടെ ഊഷ്മളബന്ധം തകര്‍ത്ത ഈ സംഭവത്തെക്കുറിച്ച് ഒന്നും പറയാതെ, ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുമാത്രം പറഞ്ഞു. പഴയ പ്രശ്‌നങ്ങള്‍ വിട്ടുകളയാന്‍ അദ്ദേഹം തയ്യാറാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബന്ധത്തിലെ 'ഉലച്ചിലുകള്‍' പരസ്പര ബഹുമാനത്തോടെ പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പോലും കാനഡ-ഇന്ത്യ ബന്ധം പ്രധാനപ്പെട്ടതാണെന്ന് കാര്‍ണി ഊന്നിപ്പറഞ്ഞിരുന്നു. ഇതിനിടെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുനഃസ്ഥാപിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 

ട്രംപുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസരങ്ങള്‍ക്കായി കര്‍ണി ശ്രമിച്ചേക്കാം. വ്യാപാരപങ്കാളിത്തം വിപുലമാക്കുന്നതിലുള്ള താത്പര്യം കാര്‍ണി മുന്‍പ് പങ്കുവെച്ചിരുന്നു. ടംപിന്റെ തീരുവയുദ്ധം നേരിടുന്നതിന് സുഹൃത്തുക്കളെയും സഖ്യങ്ങളെയും തേടുകയാണ് അദ്ദേഹം. ശക്തനായ ട്രംപിനെ നേരിടുന്നത് എളുപ്പമാകില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഇത് ഇന്ത്യക്കയ്ക്ക് അനുകൂലമാണ്. നയതന്ത്രപരമായ തര്‍ക്കത്തെ തുടര്‍ന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) നിര്‍ത്തിവച്ചിരുന്നു. ട്രൂഡോയുടെ നിലപാടുകളില്‍നിന്ന് കാര്‍ണി മാറി നടക്കുമ്പോള്‍ ഇന്ത്യ-കാനഡ ബന്ധത്തിലും അത് പ്രതിഫലിച്ചേക്കാം. ഒരുപക്ഷേ, സിഇപിഎ പുനരുജ്ജീവിപ്പിക്കപ്പെട്ടേക്കാമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പില്‍ ലിബറലുകള്‍ നാടകീയമായ തിരിച്ചുവരവ് നടത്തുകയും കാര്‍ണി പ്രധാനമന്ത്രിയായി തിരിച്ചെത്തുകയും ചെയ്യുമ്പോള്‍ ഇന്ത്യയുമായുള്ള ബന്ധവും പുതിയഘട്ടത്തിലേക്ക് നീങ്ങിയേക്കാ. അതോടൊപ്പം, ട്രൂഡോയുടെ പ്രക്ഷുബ്ധമായ ഭരണകാലത്തിന്റെ മോശം ഓര്‍മകള്‍ മായ്ക്കപ്പെടുമെന്നും കരുതാം. ലിബറല്‍ പാര്‍ട്ടിക്കും കാര്‍ണിക്കും കാനഡ നല്‍കിയ ഭരണത്തുടര്‍ച്ച ഇന്ത്യാബന്ധത്തില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം.