24 മണിക്കൂറും കറങ്ങുന്ന സിസിടിവി ക്യാമറകൾ, പുറത്തിറങ്ങാൻ അനുവദിക്കാത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന ഉത്തരവ്, ഏകാന്തതടവ്... ഗുജറാത്തിലെ സബർമതി ജയിലിലെ നാലായിരത്തോളം വരുന്ന തടവുകാരിൽ ഏറ്റവും വീർപ്പുമുട്ടി കഴിയുന്ന ഒരാളുടെ ചിത്രമാണ് നിങ്ങളുടെ മനസ്സിൽ തെളിയുന്നതെങ്കിൽ തെറ്റി. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയെ സംബന്ധിച്ച് അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിൽ എന്ന തടവറ ഒരു കലവറ പോലെയാണ്; ഇന്ത്യയിലും വിദേശത്തുമുള്ള അധോലോക നീക്കങ്ങളുടെ ചരടുവലിക്കാൻ ഏറ്റവും സുരക്ഷിതമായ ഒരാസ്ഥാനം.
ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിനു നേരെയുണ്ടായ വെടിവെപ്പും മുൻപ് നടന്ന ബാബ സിദ്ദിഖിയുടെ കൊലപാതകവും സൽമാൻ ഖാന്റെ വീടിനു നേരെയുണ്ടായ ആക്രമണവുമെല്ലാം വിരൽ ചൂണ്ടുന്നത് ഒരേ വ്യക്തിയിലേക്കാണ്. തടവിൽ കഴിയുന്ന ബിഷ്ണോയ് എങ്ങനെയാണ് അതിർത്തികൾ കടന്ന് വൻകിട ഓപ്പറേഷനുകൾ നിഷ്പ്രയാസം നിയന്ത്രിക്കുന്നത്?
വിവിധ സംസ്ഥാനങ്ങളിലായി 84-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിഷ്ണോയ്. എന്നാൽ, മറ്റൊരു സംസ്ഥാനത്തെ പോലീസിനും ഇയാളെ ചോദ്യം ചെയ്യാനായി സ്വന്തം കസ്റ്റഡിയിൽ വിട്ടുകിട്ടില്ല. ഇതിനു പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണായകമായ ഒരു ഉത്തരവുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്.) 303-ാം വകുപ്പ് (പഴയ ക്രിമിനൽ നടപടിച്ചട്ടം വകുപ്പ് 268) പ്രകാരം, പൊതുസമാധാനത്തിന് ഭീഷണിയായതോ സുരക്ഷാപ്രശ്നങ്ങളുള്ളതോ ആയ തടവുകാരെ ജയിലിനു പുറത്തേക്ക് മാറ്റുന്നത് തടയാൻ സർക്കാരിന് അധികാരമുണ്ട്.
2023 മേയിൽ കച്ച് തീരത്തെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സബർമതിയിലെത്തിച്ച ബിഷ്ണോയിക്കുമേൽ ഏർപ്പെടുത്തിയ ഈ നിയന്ത്രണം കേന്ദ്ര സർക്കാർ തുടർച്ചയായി പുതുക്കുകയായിരുന്നു. ഇതുപ്രകാരം ബിഷ്ണോയിയെ യാതൊരു കാരണവശാലും സബർമതി ജയിൽ വളപ്പിനു പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല. മറ്റ് സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികൾക്കോ കോടതികൾക്കോ ഇയാളെ ഹാജരാക്കണമെങ്കിൽ അത് വീഡിയോ കോൺഫറൻസിങ് വഴി മാത്രമായിരിക്കണം. ഏതെങ്കിലും ഏജൻസിക്ക് ചോദ്യം ചെയ്യണമെങ്കിൽ സബർമതി ജയിലിനകത്ത് നേരിട്ടെത്തുകയല്ലാതെ മറ്റ് മാർഗങ്ങളില്ല.
മുംബൈ ക്രൈംബ്രാഞ്ച് അടക്കമുള്ള അന്വേഷണ സംഘങ്ങൾക്ക് ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ സാധിക്കാത്തതിനു പിന്നിലെ നിയമപരിരക്ഷ ഇതാണ്. അതുകൊണ്ടുതന്നെ ജയിലിനകം ബിഷ്ണോയിക്ക് നിലവിൽ ഏറ്റവും സുരക്ഷിതമായ അഭയകേന്ദ്രവുമാണ്.
വർഷങ്ങളായി ജയിലിൽ കഴിയുന്ന ബിഷ്ണോയ് പല കേസുകളിലും ജാമ്യത്തിനായി ശ്രമിക്കാറില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) നേരത്തേതന്നെ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ജയിലിനുള്ളിലിരുന്ന് ഓപ്പറേഷനുകൾ മുന്നോട്ട് കൊണ്ടുപോകാൻ ഇയാൾക്ക് പ്രത്യേക വൈദഗ്ധ്യമുണ്ടെന്നും അതിനാൽ ജയിലിൽ കഴിയുന്നതാണ് അയാൾ സുരക്ഷിതമായി കരുതുന്നതെന്നുമാണ് നിഗമനം. എന്നാൽ, നിരവധി കേസുകൾ നിലവിലുള്ളതിനാൽ ജാമ്യത്തുകയോ ആൾജാമ്യമോ നൽകാൻ ആരും മുന്നോട്ട് വരാത്തതുകൊണ്ടാണ് ജാമ്യത്തിന് ശ്രമിക്കാത്തതെന്നാണ് ബിഷ്ണോയിയുടെ അഭിഭാഷകയുടെ വാദം.
കർശനമായ ജയിൽ മാനുവലും നിയന്ത്രണങ്ങളുമെല്ലാം നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും, ജയിലിനുള്ളിൽനിന്ന് ബിഷ്ണോയ് ഫോൺ ഉപയോഗിക്കുന്നുവെന്ന വിവരങ്ങൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ഡൽഹിയിലെ ജിം ഉടമ നാദിർ ഷായുടെ കൊലപാതകക്കേസിൽ അറസ്റ്റിലായ ബിഷ്ണോയിയുടെ കൂട്ടാളി ഹാഷിം ബാബ മജിസ്ട്രേറ്റിനു നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടായിരുന്നു. സബർമതി ജയിലിൽ കഴിയുന്ന ബിഷ്ണോയ് തനിക്ക് ജയിലിനുള്ളിൽനിന്ന് വീഡിയോ കോൾ ചെയ്തിരുന്നുവെന്നും കൈവശമുള്ള രണ്ട് മൊബൈൽ ഫോണുകൾ കാണിച്ച് തനിക്ക് അവിടെ പ്രത്യേക സൗകര്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടതായും ഹാഷിം ബാബ വെളിപ്പെടുത്തിയിരുന്നു.
ജയിലിനുള്ളിലിരുന്ന് വാട്സാപ്പ് അടക്കമുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയും അന്താരാഷ്ട്ര ഇന്റർനെറ്റ് കോളുകൾ വഴിയുമാണ് ഇയാൾ വിദേശത്തുള്ള സംഘാംഗങ്ങളുമായി ബന്ധപ്പെടുന്നത്. മുൻപ് ടിവി ചാനലിന് ജയിലിനുള്ളിൽനിന്ന് അഭിമുഖം നൽകിയതും പാകിസ്താനി ഗുണ്ടാസംഘത്തലവനുമായി നടത്തിയെന്നു പറയപ്പെടുന്ന വീഡിയോ കോളുമെല്ലാം ജയിലിലെ സുരക്ഷാ നിരീക്ഷണങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്ത സംഭവങ്ങളാണ്.
ഒരു കോർപ്പറേറ്റ് കമ്പനിയെപ്പോലെ പല തട്ടുകളായാണ് ബിഷ്ണോയിയുടെ ഗ്യാങ് പ്രവർത്തിക്കുന്നത്. ജയിലിനുള്ളിൽനിന്ന് നിർദേശം പോയാൽ അത് താഴേത്തട്ടിൽ എത്തുന്ന രീതി ആരെയും അത്ഭുതപ്പെടുത്തും. ബിഷ്ണോയ് നൽകുന്ന നിർദേശങ്ങൾ അമേരിക്കയിലോ കാനഡയിലോ മറ്റ് വിദേശ രാജ്യങ്ങളിലോ കഴിയുന്ന ഗോൾഡി ബ്രാർ അല്ലെങ്കിൽ രൺദീപ് മാലിക് പോലുള്ള വിശ്വസ്തരിലേക്കാണ് ആദ്യം എത്തുന്നത്.
അധോലോകത്തിന്റെ ഗ്ലാമർ ഇമേജും റീലുകളും കണ്ട് ആകർഷിതരാകുന്ന, മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ യുവാക്കളെയാണ് പലപ്പോഴും ഈ 'സെലിബ്രിറ്റി' തടവുകാരൻ തന്റെ ഓപ്പറേഷനുകൾക്കായി തിരഞ്ഞെടുക്കുന്നത്.
ഒരു ഓപ്പറേഷനിൽ പങ്കെടുക്കുന്നവർക്ക് പരസ്പരം ആരെയും അറിയില്ല. ഒരാൾ തോക്ക് എത്തിച്ചുനൽകിയാൽ മറ്റൊരാൾ ബൈക്ക് ക്രമീകരിക്കും; വെടിവെക്കാൻ എത്തുന്ന ഷൂട്ടർമാർക്ക് ഇത് ആസൂത്രണം ചെയ്ത പ്രധാന വ്യക്തികളെക്കുറിച്ചോ തങ്ങൾക്ക് ആയുധം നൽകിയവരെക്കുറിച്ചോ ഒരു വിവരവുമുണ്ടാകില്ല. ദൗത്യം കഴിഞ്ഞാൽ സമൂഹമാധ്യമങ്ങളിലൂടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും.
സിദ്ദു മൂസ്‌വാല വധക്കേസിലും സൽമാൻ ഖാന്റെയും രോഹിത് ഷെട്ടിയുടെയും വീടുകൾക്കു നേരെയുണ്ടായ വെടിവെപ്പുകളിലും ഈ സമാനമായ പ്രവർത്തനരീതിയാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.
കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ഒരു വശത്ത് ഇയാളെ മറ്റൊരു സംസ്ഥാന പോലീസിന്റെയും പക്കൽ വിട്ടുനൽകാതെ നിയമപരമായി ജയിലിൽ പിടിച്ചുനിർത്തുന്നു. മറുഭാഗത്ത്, ജയിലിന്റെ പഴുതുകൾ മുതലെടുത്ത് സ്മാർട്ട്ഫോണുകളിലൂടെ അധോലോക സാമ്രാജ്യം സുരക്ഷിതമായി നയിക്കാൻ ബിഷ്ണോയിക്ക് സാധിക്കുകയും ചെയ്യുന്നു.
Content Highlights: Gangster Lawrence Bishnoi continues to direct international crime operations and Bollywood threats from Sabarmati Central Jail, aided by legal protections preventing state police transfers and security loopholes.
Published: 20 Oct 2026, 01:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented