'ചരിത്രപരമായി ഇന്ത്യയും റഷ്യയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്, പ്രത്യേകിച്ച് 1950-കൾ മുതൽ. ആ ചരിത്രം വിസ്മരിക്കപ്പെടില്ല. ഞങ്ങളുടെ സുരക്ഷയും പ്രാദേശിക അഖണ്ഡതയും ഭീഷണിയിലായപ്പോൾ റഷ്യയും അതിനുമുമ്പുള്ള സോവിയറ്റ് യൂണിയനും പലവിധത്തിൽ ഞങ്ങളോടൊപ്പം ഉറച്ചുനിന്നിരുന്നു. ഞങ്ങളുടെ അയൽപക്കത്തുള്ള സൈനിക ഭരണകൂടത്തെ പിന്തുണയ്ക്കാൻ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും താല്പര്യം കാണിച്ച ഒരു കാലഘട്ടത്തിൽ, റഷ്യ ഞങ്ങളുമായി വളരെ നല്ല ബന്ധം പുലർത്തിയ രാജ്യമായിരുന്നു; ആ പാരമ്പര്യം ഞങ്ങളെ പലവിധത്തിലും സ്വാധീനിച്ചിട്ടുണ്ട്. ചരിത്രം നല്ലതായാലും ചീത്തയായാലും ജനങ്ങൾ മറക്കാറില്ല.'

To advertise here,

'എന്നെക്കുറിച്ച് ഞാൻ മനസ്സിലാക്കുന്നത് ഏഴായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയിൽ വേരുകളുള്ള ശക്തിയാണെന്നാണ്. ചുറ്റും നോക്കുമ്പോൾ ഈ യോഗ്യതയുള്ള വളരെ ചുരുക്കം ചിലരെ മാത്രമേ ലോകത്ത് കാണാൻ കഴിയൂ. രാജ്യങ്ങളുടെ സ്വയംബോധം ഭാഗികമായി അവരുടെ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, കുറേ അവരുടെ ശേഷിയെയും സമീപകാല ചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ളതും...'

ഈ ഉദ്ധരണികൾ ആരുടേതാണെന്ന് ഊഹിക്കുക അത്ര ബുദ്ധിമുട്ടല്ല. ലോക നയതന്ത്രരംഗത്തെ റോക്ക് സ്റ്റാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ വിദേശമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ സവിശേഷമായ മുദ്രയുള്ള വാക്കുകൾ. 2026 ഒക്ടോബർ 4-ന് ന്യൂഡൽഹിയിൽ നടന്ന മ്യൂണിക് ലീഡേഴ്സ് മീറ്റിങ്ങിൽ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസ് ചെയർമാൻ വൊൾഫ്ഗാങ് ഇഷിംഗറുമായുള്ള സംഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇവ പറഞ്ഞത്.

ആദ്യത്തേത് റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു ജർമൻ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു; രണ്ടാമത്തേത്, റഷ്യ സ്വയം ഒരു മഹാശക്തിയോ മഹാനാഗരികതയോ ആയി കരുതുന്നുവെന്ന പോളിഷ് വിദേശകാര്യ ഉദ്യോഗസ്ഥന്റെ ചോദ്യത്തോടുള്ള പ്രതികരണവും.

സമ്മേളനത്തിന്റെ വിഷയംതന്നെ വളർന്നുവരുന്ന, ഇടത്തരം ശക്തികളുടെ സഹകരണമായിരുന്നു. ക്വാഡ്, ഐമെക്, ബ്രിക്സ്, ഇന്റർനാഷണൽ സോളാർ അലയൻസ് എന്നിവയെ ഇത്തരം സഹകരണത്തിന്റെ മികച്ച ഉദാഹരണങ്ങളായി ജയശങ്കർ ചൂണ്ടിക്കാട്ടി. ഈ പ്രസ്താവനകളെ ഒരുമിച്ച് വായിക്കുകയും അദ്ദേഹം മുന്നോട്ടുവെക്കുന്ന ചിന്താധാരയുമായി താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോൾ ഇവ സാഹചര്യബന്ധിതമായ ഒറ്റപ്പെട്ട നിരീക്ഷണങ്ങളല്ലെന്ന് വ്യക്തമാവും.

കുറച്ചുകാലമായി ജയശങ്കർ മുന്നോട്ടുവെക്കുന്ന 'ഭാരതീയമാർഗം' (India Way) എന്ന ആശയവുമായി ചേർന്നുനിൽക്കുന്നവയാണവ. ഇറക്കുമതി ചെയ്ത പാശ്ചാത്യ ഭരണതന്ത്രത്തിനു പകരം, ഭാരതീയ നാഗരിക മൂല്യങ്ങളെയും വിഭവങ്ങളെയും ആശ്രയിക്കുന്ന രീതി.

റഷ്യയുമായുള്ള ബന്ധം: ചരിത്രവും പാരമ്പര്യവും

റഷ്യയിൽനിന്നുള്ള എണ്ണ ഇന്ത്യയുടെ ഊർജ്ജ സ്രോതസ്സിന്റെ ഭാഗമായി തുടരുമെന്ന് അടിവരയിട്ടു പറയാൻ അദ്ദേഹം മടിച്ചില്ല. റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന അഞ്ചു രാജ്യങ്ങൾക്ക് നൂറു ശതമാനം വരെ അധികത്തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അധികാരപ്പെടുത്തുന്ന നിയമം പാസാക്കിയതും ഇന്തോ-യുഎസ് വ്യാപാരക്കരാർ നിശ്ചലാവസ്ഥയിലാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പരസ്യമായി പറയുന്ന സാഹചര്യവും ഇന്ത്യയുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.

ഇന്ത്യയുടെ സുരക്ഷയും അഖണ്ഡതയും ഭീഷണിയിലായപ്പോൾ റഷ്യ കൂടെ നിന്നുവെന്നും അയൽപക്കത്തെ ഒരു സൈനിക ഭരണകൂടത്തെ പിന്തുണയ്ക്കാനാണ് ലോകത്തിന്റെ വലിയൊരു ഭാഗം താൽപ്പര്യപ്പെട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പേരെടുത്തു പറഞ്ഞില്ലെങ്കിലും അത് പാകിസ്താനെക്കുറിച്ചാണെന്ന് വ്യക്തം. ആപത്തിൽ സഹായിച്ച സുഹൃത്തിനേക്കാൾ വലുതല്ല മറ്റാരുമെന്ന് ജയശങ്കർ പറയാതെ പറയുന്നു

സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളെ നേരിടാൻ റഷ്യയും മുൻ സോവിയറ്റ് യൂണിയനും വിശ്വസ്തതയുള്ള തന്ത്രപ്രധാന പങ്കാളിയായി നിലകൊണ്ടിട്ടുണ്ട്. 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് അമേരിക്കയുടെ ഏഴാം കപ്പൽപടയുടെ ഭാഗമായ യു.എസ്.എസ് എന്റർപ്രൈസ് എന്ന വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്സ് 74-നെ അന്നത്തെ പ്രസിഡന്റ് റിച്ചഡ് നിക്സൻ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു. ഇന്ത്യയ്ക്കുമേൽ സമ്മർദം ചെലുത്താനുള്ള നീക്കമായിരുന്നു അത്.

പക്ഷേ, ഇന്ത്യ-സോവിയറ്റ് സൗഹൃദ കരാറിന്റെ പശ്ചാത്തലത്തിൽ യുഎസ്എസ്ആർ, ആണവ അന്തർവാഹിനികളും കപ്പലുകളും അടങ്ങുന്ന നാവികപ്പടയെ അതിവേഗം ബംഗാൾ ഉൾക്കടലിലേക്ക് നിയോഗിച്ചു. സോവിയറ്റ് കപ്പലുകൾ അമേരിക്കൻ പടയ്ക്കും ഇന്ത്യൻ തീരത്തിനുമിടയിൽ നിലയുറപ്പിച്ചതോടെ അമേരിക്കൻ വ്യൂഹം പിന്മാറാൻ നിർബന്ധിതമായി. ഇന്ത്യൻ സൈന്യത്തിന്റെ മുന്നേറ്റം ബംഗ്ലാദേശിന്റെ പിറവിയിൽ കലാശിച്ചു.

1962-ലെ ചൈനാ യുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ പരസ്യമായി ഇന്ത്യയ്ക്കൊപ്പം നിന്നില്ലെങ്കിലും, തൊട്ടുപിന്നാലെ മിഗ്21 വിമാനങ്ങൾ നൽകാനുള്ള ധാരണയുണ്ടായി. 1965-ലെ യുദ്ധത്തിനു ശേഷം അവർ താഷ്‌കന്റ് സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചു. 1999-ലെ കാർഗിൽ യുദ്ധകാലത്ത് റഷ്യ ഇന്ത്യയെ നയതന്ത്രതലത്തിൽ പിന്തുണയ്ക്കുകയും പ്രതിരോധ സാമഗ്രികളുടെ വിതരണം തുടരുകയും ചെയ്തു.

കശ്മീർ, ഗോവ വിഷയങ്ങളിൽ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ ഇന്ത്യയ്ക്കെതിരെ ഉയർന്നുവന്ന പ്രമേയങ്ങളെ സോവിയറ്റ് യൂണിയൻ പല തവണ വീറ്റോ ചെയ്ത് പരാജയപ്പെടുത്തി. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹങ്ങളായ ആര്യഭട്ടയും ഭാസ്‌കരയും വിക്ഷേപിക്കാനും രാകേഷ് ശർമ്മയെ ബഹിരാകാശത്തെത്തിക്കാനും വഴിതുറന്നത് സോവിയറ്റ് യൂണിയനായിരുന്നു.

ശാസ്ത്ര, സാങ്കേതിക മേഖലകളിലെ അത്യപൂർവമായ സഹകരണത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും മാതൃകകളാണ് കൂടംകുളം ആണവനിലയവും ബ്രഹ്‌മോസ് സൂപ്പർസോണിക് മിസൈലുകളുടെ സംയുക്ത നിർമ്മാണവും. ആയുധ, പടക്കോപ്പ് ഗവേഷണത്തിലും ഉത്പാദനത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. യുക്രൈൻ യുദ്ധത്തിന് ശേഷമുള്ള എണ്ണ വ്യാപാരത്തിലൂടെ അത് വൻതോതിലുള്ള സാമ്പത്തികസഹകരണമായും വളർന്നിരിക്കുന്നു. യുക്രൈൻ യുദ്ധത്തിനു മുമ്പ് ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി നാമമാത്രമായിരുന്നു; യുദ്ധം മൂലമുള്ള ആഗോള പ്രതിസന്ധി ഒഴിവാക്കാൻ അമേരിക്കയിലെ ബൈഡൻ ഭരണകൂടമാണ് അതിനെ പ്രോത്സാഹിപ്പിച്ചതായി കരുതുന്നു. അതായത്, അമേരിക്ക പറയുമ്പോൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങാനും നിർത്താൻ പറയുമ്പോൾ നിർത്താനും ഇന്ത്യക്ക് പറ്റില്ല.

തങ്ങൾക്ക് യാതൊരു പങ്കുമില്ലാത്ത വിദൂരസംഘർഷങ്ങളുടെ വില കൊടുക്കാൻ ഇന്ത്യയെ നിർബന്ധിക്കരുത്, ഇന്ത്യയുടെ ഊർജ്ജ തീരുമാനങ്ങളെ നയിക്കുന്നത് 140 കോടി ജനങ്ങളുടെ ആവശ്യങ്ങളാണ്. അവർക്ക് തടസ്സമില്ലാത്ത ഊർജ്ജ വിതരണവും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണെന്ന് ജയശങ്കർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതാണ് വ്ലാദിമിർ പുതിന്റെ യുദ്ധയന്ത്രത്തെ ചലിപ്പിക്കുന്നതെന്ന യൂറോപ്യൻ ആരോപണത്തെ ജയശങ്കർ പുച്ഛിച്ചു തള്ളുന്നു.

ഇപ്പോഴും യൂറോപ്പ്, റഷ്യയിൽനിന്നു പ്രകൃതിവാതകം വാങ്ങുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്കു മാത്രം എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ദുഷ്‌കരമായ സാഹചര്യത്തിൽ റഷ്യൻ എണ്ണ ഒഴിവാക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കും. ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയാൽ, അതിന്റെ പ്രത്യാഘാതങ്ങൾ സാധാരണക്കാരായ ഇന്ത്യക്കാരുടെ അടുക്കളകളിലും ജോലികളിലും ദൈനംദിന ജീവിതത്തിലും നേരിട്ട് പ്രതിഫലിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുരാതനനാഗരികതയും ശക്തിനിർവചനവും

സ്വയം വൻശക്തിയായോ മഹാനാഗരികതയോ ആയി കാണുന്ന റഷ്യ ഇടത്തട്ടിന്റെ മേൽഭാഗത്തു പോലുമല്ലെന്നും വളർന്നുവരുന്ന രാജ്യങ്ങളുടെയും ഇടത്തരം ശക്തികളുടെയും ചട്ടക്കൂടിൽ ആ രാജ്യത്തെ എങ്ങനെ കാണുന്നുവെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ജയശങ്കറിന്റെ നാഗരികശക്തി പരാമർശം വന്നത്. 'വളർന്നുവരുന്ന, ഇടത്തരം ശക്തികൾ' എന്ന വാക്കുകൾ ഉപയോഗിക്കുന്നത് തനിക്കിഷ്ടമായതു കൊണ്ടല്ലെന്നും മറിച്ച് തനിക്ക് നൽകിയ വിഷയമായതു കൊണ്ടാണെന്നും ജയശങ്കർ വ്യക്തമാക്കി. അത്തരം ശ്രേണീകരണത്തിൽ താൽപ്പര്യമില്ലെന്നും ഏഴായിരം വർഷം പഴക്കമുള്ള നാഗരിക ശക്തിയെന്നതാണ് തന്റെ സ്വയംബോധമെന്ന് വ്യക്തമാക്കി. രാജ്യങ്ങളെ ഇങ്ങനെ വിവിധ തട്ടുകളിലാക്കുന്നതിൽ വലിയ ആത്മനിഷ്ഠതയുണ്ടെന്നും ആ ചർച്ച അവിടെ നിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഈ വേർതിരിവ് പ്രധാനമാണ്. വിശാലമായ പാശ്ചാത്യ/ ലിബറൽ അന്താരാഷ്ട്രക്രമത്തിൽ ഒരു തുണക്കാരന്റെ പങ്കാണ് ഇടത്തരം ശക്തി എന്ന പ്രയോഗം കൊണ്ട് പൊതുവേ അർത്ഥം കൽപ്പിക്കുന്നത്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ. ഈ ചർച്ച തുടങ്ങേണ്ടത് തികച്ചും വ്യത്യസ്തമായ ഒരിടത്തു നിന്നാവണമെന്നാണ് ജയശങ്കറിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. സ്വന്തം ചരിത്രത്തിന്റെ ആഴം, രാജ്യതന്ത്രപാരമ്പര്യം, സ്വതാൽപ്പര്യങ്ങളുടെ സ്വതന്ത്രമായ വിലയിരുത്തൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭാരതം ലോകത്തെ സമീപിക്കുന്നത്. സഹകരണം സ്വാഗതാർഹമാണ്; എന്നാൽ, സ്വത്വമോ സ്വയംഭരണമോ അടിയറവെച്ചു കൊണ്ടാവില്ല അതെന്ന്.

പെട്ടെന്നൊരു ദിവസം ജയശങ്കറിന് ഉണ്ടായ വെളിപാടിന്റെ ഭാഗമല്ല ഇത്. ഭാരതീയമാർഗം: അനിശ്ചിതലോകത്തിന് ചില തന്ത്രങ്ങൾ ('ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടൻ വേൾഡ്) എന്ന പുസ്തകത്തിൽ (2020) അദ്ദേഹം വ്യക്തമാക്കിയ ബൗദ്ധിക അടിത്തറയിലാണ് ഇവ നിലകൊള്ളുന്നത്. ഇതിലെ 'കൃഷ്ണന്റെ തിരഞ്ഞെടുപ്പ്' (Krishna's Choice) എന്ന അധ്യായം, മഹാഭാരതത്തെ 'ഭരണതന്ത്രത്തെക്കുറിച്ചുള്ള ഭാരതീയചിന്തകളുടെ ഏറ്റവും തെളിവുറ്റ സാരാംശമായി കാണുന്നു. നയതന്ത്രത്തിന്റെ വിവിധ വശങ്ങളും ഘട്ടങ്ങളും അദ്ദേഹം കഥാസന്ദർഭങ്ങളുപയോഗിച്ച് വിശദീകരിക്കുന്നു. കൃഷ്ണനെയും ഹനുമാനെയും ഏറ്റവും മികച്ച നയതന്ത്രജ്ഞരായി അദ്ദേഹം ഉയർത്തിക്കാട്ടുന്നു- ചർച്ചകൾക്കും ശക്തിസന്തുലനത്തിന്റെ മാനേജ്മെന്റിനും നിർണായകമായ വഴികാട്ടലിനും കൃഷ്ണൻ; രഹസ്യാന്വേഷണത്തിനും മനോവീര്യം വളർത്താനും നിയുക്ത ദൗത്യത്തിനപ്പുറം പ്രവർത്തിക്കാനുള്ള സന്നദ്ധതയ്ക്കും ഹനുമാൻ.

പിന്നീട് പ്രസിദ്ധീകരിച്ച 'വൈ ഭാരത് മാറ്റേഴ്സ്' (എന്തുകൊണ്ട് ഭാരതം പ്രധാനപ്പെട്ടതാണ്) എന്ന പുസ്തകം സഖ്യനിർമ്മാണം, ധാർമ്മിക സ്ഥിരത, നാഗരിക ആത്മവിശ്വാസം എന്നിവയിലെ പാഠങ്ങൾക്ക് രാമായണത്തെ വിപുലമായി ആശ്രയിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെയും ഇതു സംബന്ധിച്ച നിരവധി പ്രസംഗങ്ങളിലെയും സന്ദേശം ഇതാണ്: ഇന്ത്യയുടെ വലിപ്പവും ചരിത്രപരമായ ആഴവുമുള്ള, വളർന്നുവരുന്ന ഒരു രാഷ്ട്രം കടമെടുത്ത ഭാഷയിൽ മാത്രം രാജ്യതന്ത്രം സംസാരിക്കരുത്. അത് സ്വന്തം പാരമ്പര്യത്തെ വീണ്ടെടുക്കുകയും ലോകത്തേക്ക് പ്രക്ഷേപിക്കുകയും വേണം. റഷ്യയെക്കുറിച്ചും സാംസ്‌കാരിക സ്വത്വത്തെക്കുറിച്ചുമുള്ള സമീപകാല പ്രസ്താവനകൾ വിളംബരം ചെയ്യുന്നത് അതാണ്. ആശ്രയിക്കാൻ കൊള്ളാവുന്നവരാണെന്ന ചരിത്രം പങ്കാളിത്തത്തിനുള്ള സാധുവായ മാനദണ്ഡമാവുന്നു. നാഗരികശക്തിയെന്ന സ്വയം വിശേഷണം യൂറോപ്യൻമാരുടെ 'ഇടത്തരം ശക്തി' ആശയത്തെ, അതിലൊളിഞ്ഞിരിക്കുന്ന അധികാരശ്രേണിയെ വകവെക്കാതെ അവരെ അഭിമുഖീകരിക്കാൻ ഇന്ത്യയെ സഹായിക്കുന്നു.

നിലപാടും നിലവിലെ ലോകസാഹചര്യവും

ഒരേസമയം റഷ്യയും യുക്രൈനും ഇറാനും അമേരിക്കയും ഇസ്രയേലുമായും മികച്ച ബന്ധങ്ങൾ നിലനിർത്തുന്ന ഇന്ത്യയുടെ തന്ത്രപരമായ സ്വയംതീരുമാനം ലോകം താൽപ്പര്യപൂർവം നോക്കുന്ന കാലമാണ്. ഇന്ത്യയുടെ സമാധാന നിർദ്ദേശങ്ങൾ മോസ്‌കോയും കീവും താൽപ്പര്യത്തോടെ വീക്ഷിക്കുന്നു. യുദ്ധം തീർക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ ആഗ്രഹിക്കുന്നു. എന്നുവെച്ച് വിദേശനയത്തിന് പരിമിതികളില്ലെന്നല്ല- എങ്ങുമെത്താത്ത അമേരിക്കൻ വ്യാപാരക്കരാർ, അസ്വസ്ഥമായ ബംഗ്ലാദേശ് ബന്ധം, ഏറെക്കുറെ നിശ്ചലമായ പാക് നയതന്ത്രബന്ധം എന്നിങ്ങനെ. പക്ഷേ, പ്രശ്നങ്ങൾക്ക് സാഹചര്യമനുസരിച്ച് പരിഹാരമുണ്ടാക്കാനുള്ള മെയ്‌വഴക്കമുണ്ട് ഇന്ത്യൻ നയതന്ത്രത്തിന്. ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിൽ ഈയിടെ വലിയ മുന്നേറ്റമുണ്ടാക്കാനായത് ഉദാഹരണം.

റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ലെന്ന പ്രഖ്യാപനത്തിൽ ചരിത്രപരമായ കാരണങ്ങൾ മാത്രമല്ല, തികച്ചും പ്രായോഗികമായ പ്രശ്നങ്ങളുമുണ്ട്. ഇന്ത്യ പൂർണമായും കൈയൊഴിഞ്ഞാൽ റഷ്യ ചെന്നുവീഴുക ചൈനയുടെ മടിയിലാവും. അത് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് ഗുണകരമല്ല. സ്റ്റോക്ക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനത്തിന്റെ (സിപ്രി) കണക്കനുസരിച്ച് 2020-24 കാലത്ത് ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 36 ശതമാനം റഷ്യയിൽനിന്നായിരുന്നു; 2015-19ൽ ഇത് 55 ശതമാനവും 2010-14ൽ 72 ശതമാനവുമായിരുന്നു.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ ഇറക്കുമതിക്കാരായ ഇന്ത്യയുടെ ഇറക്കുമതി ഇക്കാലയളവിൽ 9.3 ശതമാനം കുറഞ്ഞു; ആഭ്യന്തര ഉത്പാദനം വർധിച്ചതാണ് പ്രധാന കാരണം. എങ്കിലും നിലവിലുള്ള സേനാ ഉപകരണങ്ങളിൽ വലിയൊരു പങ്ക് റഷ്യൻ/സോവിയറ്റ് നിർമിതമായതിനാൽ സ്പെയർ പാർട്ടുകൾക്കും പരിപാലനത്തിനും മോസ്‌കോയുമായുള്ള ബന്ധം ഇന്ത്യയ്ക്ക് ഇപ്പോഴും അനിവാര്യമാണ്. റഷ്യയുടെ മൊത്തം ആയുധ കയറ്റുമതിയുടെ ഏതാണ്ട് മൂന്നിലൊന്ന് ഇന്ത്യയിലേക്കാണ് എന്നതിനാൽ ആശ്രിതത്വം ഇരുവശത്തുമുണ്ട്.

മാത്രമല്ല, സഖ്യകക്ഷിയെന്ന നിലയിൽ അമേരിക്കയെ പൂർണമായും വിശ്വസിക്കാനാവില്ല. പാശ്ചാത്യരാജ്യങ്ങൾ യുദ്ധത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപിക്കപ്പെടുന്ന യുക്രൈൻ ശ്വാസം കഴിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. റഷ്യൻ പട്ടാളത്തിനെതിരെ ഒപ്പം നിൽക്കാൻ അവർക്കാരുമില്ലാത്ത അവസ്ഥ. ട്രംപിന്റെ ഭീഷണി നേരിടാൻ പാശ്ചാത്യരാജ്യങ്ങൾക്കും കൂട്ടില്ല. സ്വന്തം രക്ഷയ്ക്കായി യുഎസ് സൈനികത്താവളങ്ങൾ സ്ഥാപിക്കാൻ അനുമതി കൊടുത്ത ഗൾഫ് രാജ്യങ്ങളെ നോക്കുക. ഇറാന്റെ വ്യോമാക്രമണത്തിൽനിന്ന് അവരെ രക്ഷിക്കാൻ ആരുമില്ല. ഒന്നുകിൽ സൗദി അറേബ്യയെപ്പോലെ പാകിസ്താനും തുർക്കിയുമായി സൈനികസഖ്യമുണ്ടാക്കണം, അല്ലെങ്കിൽ ഇസ്രയേലുമായി കരാറുണ്ടാക്കണം, യുഎഇയെപ്പോലെ!

മറ്റൊരു പ്രധാനകാര്യം ഇന്ത്യയോടുള്ള നിലപാടിൽ അമേരിക്ക വരുത്തുന്ന വ്യത്യാസമാണ്. മാർച്ചിലെ റയ്സീന ഡയലോഗിൽ അമേരിക്കൻ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫർ ലാൻഡൗ, രണ്ടു പതിറ്റാണ്ടു മുമ്പ് 'ചൈനയുടെ കാര്യത്തിൽ വരുത്തിയ തെറ്റ്' വാഷിംഗ്ടൺ ആവർത്തിക്കില്ലെന്ന് വ്യക്തമാക്കി. അതായത്, ചൈനയുടെ കാര്യത്തിൽ സംഭവിച്ചതു പോലെ, വലിയ സാമ്പത്തികവളർച്ച കൈവരിച്ച ശേഷം അമേരിക്കക്ക് വെല്ലുവിളി ഉയർത്തുന്ന ശക്തിയായി വളരാൻ ഇന്ത്യയെ അനുവദിക്കില്ലെന്നാണ് സൂചന. ചൈനയെ തളയ്ക്കാൻ ഇന്ത്യയെ തുണയ്ക്കുക, അതേസമയം, ഒരു പരിധിയിലധികം രാജ്യം വളരില്ലെന്നുറപ്പാക്കുക എന്നർത്ഥം. ഈ അന്തരീക്ഷത്തിൽ, ജയശങ്കറിന്റെ നിലപാടുകൾ പല ലക്ഷ്യങ്ങൾ നേടുന്നുണ്ട്.

1. പാശ്ചാത്യ സമ്മർദത്തിനു വഴങ്ങി പഴയ സുഹൃത്തുക്കളെയും രാജ്യതാൽപ്പര്യത്തെയും ബലികഴിക്കില്ലെന്ന് സ്വന്തം ജനങ്ങൾക്ക് ഉറപ്പുനൽകുന്നു.
2. തുല്യതയുടെയും പരസ്പര താൽപ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് തയ്യാറാണെന്ന് യൂറോപ്പിന് സൂചന നൽകുന്നു.
3. തന്ത്രപരമായ സ്വയംതീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അമേരിക്കയെ ഓർമ്മിപ്പിക്കുന്നു.
4. അനുഭവങ്ങളുടെയും ചരിത്രത്തിന്റെയും വെളിച്ചത്തിൽ ബന്ധങ്ങളെ വിലയിരുത്തുന്ന നാഗരികരാഷ്ടമെന്ന നിലയിൽ ആരുടെയും അധികാരശ്രേണിയുടെ ഭാഗമാകാനില്ല.

ഈ സമീപനത്തിന് ചില അപകടങ്ങൾ ഉണ്ട്. സാംസ്‌കാരികത സംബന്ധിച്ച അവകാശവാദങ്ങൾ കടുത്ത ആരോപണങ്ങളും വിമർശനങ്ങളും (പ്രത്യേകിച്ച്, ഇന്ത്യയ്ക്കകത്ത്) ക്ഷണിച്ചുവരുത്തിയേക്കാം. പുരാതന നാഗരികതയെന്ന അവകാശവാദം ബഹുസ്വരതയെ ഉൾക്കൊള്ളുന്ന ഒന്നാവുമോയെന്നും ഇടുങ്ങിയ സ്വത്വരാഷ്ട്രീയത്തിലേക്കു ചുരുങ്ങുമോയെന്നും ഇന്ത്യയ്ക്കകത്തുതന്നെ ആശങ്കകളുയരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുകയും അമേരിക്കൻ വിപണിയിൽ കനത്ത തീരുവകൾ ഏർപ്പെടുത്തുകയും ചെയ്താൽ കയറ്റുമതിക്കാർ വിഷമത്തിലാവും. റഷ്യൻ ആയുധങ്ങളെ ആശ്രയിക്കുന്നത് ബന്ധത്തിന്റെ കരുത്തല്ല, ദൗർബല്യമാണ് കാട്ടുന്നതെന്നും, ചൈനയുമായി കൂടുതൽ അടുക്കുന്ന മോസ്‌കോ ഭാവിയിൽ എത്രത്തോളം ആശ്രയിക്കാവുന്ന പങ്കാളിയാകുമെന്നും ചില തന്ത്രജ്ഞർ ചോദിക്കുന്നു.

ഈ വിമർശനങ്ങൾ ജയശങ്കറിന്റെ നിലപാടിന്റെ പരിമിതികൾ ഓർമ്മിപ്പിക്കുന്നവയാണ്. പക്ഷേ, ലാഭനഷ്ടങ്ങൾ പലതവണ കൂട്ടിക്കിഴിച്ചിട്ടാവും അദ്ദേഹത്തിന്റെ പ്രസ്താവനകളെന്നു വേണം കരുതാൻ. കാരണം, ആ നിലപാടുകൾ അദ്ദേഹത്തിന്റേത് മാത്രമല്ല, അദ്ദേഹം ഉൾപ്പെട്ട നരേന്ദ്രമോദി മന്ത്രിസഭയുടേത് കൂടിയാണ്. ദേശീയ സുരക്ഷാ സംവിധാനത്തിന്റെ ശുപാർശകളും അതിൽ ഉൾച്ചേരുന്നുണ്ടാകാം. നാഗരികതയുടെ ഭാഷ ഇന്ത്യയ്ക്ക് ആത്മവിശ്വാസവും കരളുറപ്പും നൽകിയേക്കാം. പക്ഷേ, അതുകൊണ്ടു മാത്രം തന്ത്രപരമായ സ്വയംതീരുമാനം നിലനിൽക്കില്ല. അതിന് ശക്തമായ സമ്പദ് വ്യവസ്ഥയും ഒന്നിലധികം വിപണികളും ഒരൊറ്റ ശക്തിയെ മാത്രം ആശ്രയിക്കാത്ത ഊർജ, പ്രതിരോധ, ഉൽപ്പാദന, വിതരണശൃംഖലകളും വേണം. ഏഴായിരം വർഷത്തെ ചരിത്രം ഇന്ത്യയ്ക്ക് വഴികാട്ടും; പക്ഷേ, മുന്നോട്ടു നടക്കാൻ വർത്തമാനകാലത്തെ കരുത്തു കൂടിയേ തീരൂ.