
മുംബൈ: ടൈഗർ ഷ്റോഫിനെ വെടിവെച്ച സംഭവത്തിലെ മൂന്നു പ്രതികളും വിദേശത്തേക്കു കടക്കാൻ പദ്ധതിയിട്ടെന്ന് പോലീസ്. മുംബൈയിൽവെച്ച് നടന്റെ വാഹനത്തിനുനേരേ വെടിയുതിർത്തശേഷം രാജസ്ഥാൻ വഴി വിദേശത്തേക്ക് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ശ്രമമെന്നും പോലീസ് അറിയിച്ചു. യു.എസിൽനിന്ന് പ്രവർത്തിക്കുന്നതായി സംശയിക്കുന്ന ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ കൂട്ടാളിയെന്ന് ആരോപിക്കപ്പെടുന്ന അനിൽ പണ്ഡിറ്റുമായി പ്രതികളിലൊരാളായ റെഹാൻ, നേരത്തേ ബന്ധപ്പെട്ടിരുന്നതായി എസ്.പി. പറഞ്ഞു.
പുണെ ജയ്പുർ എക്സ്പ്രസിൽ യാത്രചെയ്യുന്നതിനിടെയാണ് ഇവർ കോട്ട റെയിൽവേ സ്റ്റേഷനിൽവെച്ച് പിടിയിലായത്. ഈ ട്രെയിനിൽ ഡൽഹിയിലെത്തി അവിടെനിന്ന് നേപ്പാളിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്ന് പ്രാഥമിക ചോദ്യംചെയ്യലിൽ വ്യക്തമായതായി എസ്.പി. പറഞ്ഞു. വെടിവെപ്പിന് ഉപയോഗിച്ച ആയുധങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ല.
ടൈഗർ ഷ്റോഫിന് രക്ഷയായത് തോക്കിന്റെ തകരാർ?
മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിനുനേരേനടന്ന വെടിവെപ്പിൽ ആയുധത്തിന് തകരാർ സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ആക്രമണത്തിൽ ഏഴ് റൗണ്ട് വെടിയുതിർത്തെന്നും ഇതിനിടെ പൊട്ടാത്ത രണ്ട് തിരകൾ അന്വേഷണസംഘം കണ്ടെടുത്തെന്നും പ്രാഥമിക വിവരങ്ങളിൽ പറയുന്നു. അക്രമികളിലൊരാളുടെ ആയുധത്തിനുണ്ടായ തകരാർമൂലം പൊട്ടാത്ത തിര പുറത്തേക്ക് തെറിച്ചുവീണതാകാമെന്നാണ് പോലീസിന്റെ സംശയം.
ടൈഗർ ഷ്റോഫിന്റെ കാറിനുനേരേ ഒരാൾ വെടിയുതിർക്കുമ്പോൾ രണ്ടാമൻ തന്റെ തോക്കുമായി ബുദ്ധിമുട്ടുന്നതും കൈ മാറ്റിപ്പിടിച്ചിട്ടും വെടിവെക്കാനാകാത്തതുമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ആക്രമണം പാളിയത് തോക്കിന്റെ തകരാർ കാരണമാണോ എന്ന സംശയം ഉയരുന്നുണ്ട്. 7.62 എം.എം. കാലിബറിലുള്ളവയാണ് തിരകൾ. അഞ്ച് ഒഴിഞ്ഞ കേസിങ്ങുകളും കണ്ടെത്തി. ഉപയോഗിച്ച ആയുധങ്ങളിലൊന്ന് തുർക്കിനിർമിത സിഗാന പിസ്റ്റളാണോ എന്നും അന്വേഷിക്കുന്നുണ്ട്.
ദൃക്സാക്ഷി പറയുന്നു…
“ഞായറാഴ്ച നടൻ ടൈഗർ ഷ്റോഫ് ആക്രമിക്കപ്പെടുമ്പോൾ മുംബൈയിലെ ജുഹു മേഖലയിൽ തിരക്കേറിയ സായാഹ്നമായിരുന്നു. ഒട്ടേറെ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു...” ഓട്ടോറിക്ഷാ ഡ്രൈവറായ ദൃക്സാക്ഷി രാകേഷ് കുമാർ താൻ കണ്ട കാര്യങ്ങൾ വിവരിച്ചു. ‘‘ഞാൻ മുംബൈയിൽ റിക്ഷ ഓടിക്കുകയാണ്. വണ്ടി പുറത്തെടുക്കാൻ ഏഴു മണിയോടെയാണ് ഞാൻ എത്തിയത്. മൂന്നുപേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. ഒരാൾ മോട്ടോർസൈക്കിളിലായിരുന്നു. മറ്റ് രണ്ടുപേർ പുറത്തു നിൽക്കുകയായിരുന്നു. ഒരാൾ ഗേറ്റിനടുത്തും മറ്റൊരാൾ അതിന് അല്പം മുന്നിലും. ഒരാൾ മുന്നിൽനിന്ന് ടൈഗർ ഷ്റോഫ് ഇരുന്ന സീറ്റ് ലക്ഷ്യമാക്കി വെടിയുതിർത്തു. ഗേറ്റിനടുത്തുണ്ടായിരുന്നയാൾ വെടിവെച്ചപ്പോൾ ഡ്രൈവറുടെ കൈയിൽ കൊണ്ടു’’ -രാകേഷ് പറഞ്ഞു.
Published: 20 Oct 2026, 07:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented