ദീര്‍ഘകാലം സിപിഐ (എംഎല്‍) റെഡ് ഫ്ളാഗ് ജനറല്‍ സെക്രട്ടറിയായിരുന്ന കെ.എന്‍ രാമചന്ദ്രനുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. 

To advertise here,

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഈയിടെ മുന്‍നക്സലൈറ്റ് ഗീതാ രാമസ്വാമിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസമുള്ള മേല്‍ജാതിക്കാരായ നഗരവാസികള്‍ അവരുടെ വിപ്ലവരാഷ്ട്രീയം അത് ബോധ്യപ്പെടാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണോ എന്ന സംശയത്തെ കുറിച്ചൊക്കെ അവര്‍ പറയുന്നുണ്ട്.

എഴുപതുകളില്‍ തന്നെ അവര്‍ക്ക് പാര്‍ട്ടിയെ വേണ്ട എന്നു വന്നത് വേറൊരു പ്രശ്നം. അതെന്തായാലും അവര്‍ പറഞ്ഞ വിമര്‍ശനങ്ങള്‍ ശരിയാണ്. ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരായി മാറി. ഇപ്പോള്‍ ആദിവാസികള്‍ സ്വന്തം നിലയ്ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലഡാക്കില്‍ മുന്നേറ്റം ഉണ്ടായില്ല? അതുപോലെ മണിപ്പൂരിലൊക്കെ ആദിവാസികള്‍ മുന്നിട്ടിറങ്ങിയില്ലേ? ആ പ്രശ്നങ്ങളില്‍ ബിജെപിക്ക് മറുപടിയില്ല. അതുപോലെ രാജ്യത്ത് പലയിടത്തും ജനകീയമായ ചെറുത്തുനില്‍പ്പുകളും സമരങ്ങളും നടക്കുന്നുണ്ട്. അവയെ സ്വാംശീകരിച്ചുകൊണ്ട് ജനങ്ങളെ രാഷ്ട്രീയമായി സജ്ജരാക്കി മുന്നോട്ടുകൊണ്ടു പോകുന്നതിനു പകരം എല്ലാം തോക്കിലേക്ക് ചുരുക്കാന്‍ ശ്രമിച്ചതാണ് മാവോയിസ്റ്റുകള്‍ ചെയ്ത തെറ്റ്.

2026 മാര്‍ച്ച് ഇന്ത്യയില്‍ മാവോയിസത്തെ അവസാനിപ്പിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചപ്പോള്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് മാവോയിസ്റ്റ് നേതാക്കള്‍ സന്നദ്ധത അറിയിച്ചു പക്ഷേ, കീഴടങ്ങിയിട്ട് ചര്‍ച്ച എന്ന നിലപാടാണ് കേന്ദ്രത്തിന്. ഒടുവില്‍ മാവോവാദികള്‍ കൂട്ടമായി കീഴടങ്ങുന്ന കാഴ്ചയാണ്

മാവോയിസ്റ്റുകളുടെ മൊത്തം സേനകളും കീഴടങ്ങിയിരിക്കുകയാണ്. മാവോയിസം പറയുന്ന ആളുകളെല്ലാം വെറുതെ ഇരിക്കുകയാണ്. അവര്‍ സ്‌ക്വാഡ് ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴാണ് പിണറായിയുടെ സര്‍ക്കാര്‍ എട്ടു പേരെ കൊന്നത്. മാവോവാദികളെ നേരിടാന്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക പോലീസ്സേനയുണ്ട്, കേരളത്തിലുമുണ്ട്. അതേസമയം ജനകീയസമരങ്ങളിലൂടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകളില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടത്തെ പ്രവര്‍ത്തനത്തിന് മാവോയിസ്റ്റുകള്‍ ഒരു തടസ്സമാണ്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ഫലത്തില്‍ ജനകീയ സമരങ്ങള്‍ക്ക് ഗുണകരമല്ല, അതിന് തടസ്സമായാണ് വരുന്നത്.

അതേസമയം, അമിത് ഷാ പറയുന്നതുമായി യാതൊരു തരത്തിലും ഐക്യപ്പെടുന്നുമില്ല ഞങ്ങള്‍. അമിത് ഷാ ഫാഷിസ്റ്റ് ഭരണാധികാരിയാണ്. അവര്‍ ജനകീയസമരങ്ങളെ മുഴുവന്‍ അടിച്ചമര്‍ത്തുകയാണ്. അദാനിയും അംബാനിയും അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് ധാതുവിഭവങ്ങളും വനവിഭവങ്ങളും കൊള്ളയടിക്കാന്‍ വേണ്ടുന്ന സൗകര്യം ചെയ്തു കൊടുക്കുകയാണ് അവര്‍. ആദിവാസികളെ അടിച്ചമര്‍ത്താന്‍ വേണ്ടി മാവോയിസ്റ്റുകളുമായുള്ള യുദ്ധത്തെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഫലത്തില്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നത് ആദിവാസികള്‍ക്ക് ദോഷകരമായി വരികയാണ്. ആദിവാസികള്‍ അന്യവല്‍ക്കരിക്കപ്പെട്ടു പോയി.

നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റിമറിക്കുന്ന സമരത്തെയാണ് വിപ്ലവം എന്ന് പറയുന്നത്. ആ വിപ്ലവം ജനങ്ങളില്ലാതെ പറ്റില്ല. ജനങ്ങളെ സംഘടിപ്പിക്കാതെ ഒറ്റപ്പെട്ട സമരങ്ങളിലേക്ക് പോവുന്നത് എപ്പോഴും നഷ്ടത്തിലാണ് കലാശിക്കുക, ജനതാല്‍പ്പര്യത്തിനെതിരായാണ് വരിക. മാവോയിസ്റ്റുകള്‍ പിന്തുടരുന്നത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാതയല്ല. ആ വ്യതിയാനത്തെ ഉപയോഗപ്പെടുത്തുന്ന ഫാഷിസ്റ്റ് സര്‍ക്കാര്‍ സൈനികമായി അവരെ അടിച്ചമര്‍ത്തുകയും അതിന്റെ പേരില്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുകയാണ്. മാവോയിസ്റ്റുകളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ തന്നെ അതിന്റെ പേരില്‍ ആദിവാസികളടക്കമുള്ള ജനകീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുകയാണ് അമിത് ഷാ ചെയ്യുന്നത്.

2014-ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അര്‍ബന്‍ നക്സല്‍ എന്ന് വലതുപക്ഷക്കാര്‍ വിളിക്കുന്ന, നല്ല ശമ്പളം പറ്റുന്ന ജോലികളും പദവികളും ഒക്കെ ഉപയോഗിച്ചുകൊണ്ട് നക്സലിസത്തിന് ബുദ്ധിപരമായ പിന്തുണയും സൗകര്യങ്ങളും ഒരുക്കുന്നവരുടെ ശൃംഖലയെ ഏറെക്കുറെ തകര്‍ത്തു എന്ന് പറയുന്നുണ്ട്.

കുറേപ്പേരെയൊക്കെ അവര്‍ അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു. ഇത്തരം വിഭാഗങ്ങളെ അവര്‍ നിഷ്‌ക്രിയമാക്കി. അര്‍ബന്‍ നക്സലുകള്‍ എന്നു പറയുന്നവരെക്കാള്‍ പലമടങ്ങ് ബുദ്ധിജീവികള്‍ സിപിഐ എംഎല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും അവര്‍ ജനകീയസമരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ക്കൊന്നും മാധ്യമങ്ങളില്‍ പ്രാധാന്യം കിട്ടുന്നില്ല എന്ന് മാത്രം.

നക്സല്‍ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ചിലര്‍ക്ക് വന്‍തോതില്‍ വിദേശഫണ്ട് കിട്ടുന്നതായി വാര്‍ത്തകളും ആരോപണങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ അച്ചടിക്കുന്നതിന് ചൈനയില്‍ നിന്നും പണം കൈപ്പറ്റി എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരായ ആരോപണം.

ചൈന പണം കൊടുക്കുന്നില്ല. അത് തെറ്റായ വാര്‍ത്തയാണ്. ചൈന ലോകത്ത് ഒരു രാജ്യത്തിനും പ്രസ്ഥാനത്തിനും സഹായം ചെയ്യുന്നില്ല. ചൈന ശരിക്കും ഒരു സോഷ്യല്‍ സാമ്രാജ്യത്വരാജ്യമാണ്. അവര്‍ക്ക് സോഷ്യലിസ്റ്റ് എന്ന പേര് മാത്രമേയുള്ളൂ. അവര്‍ ഒരു കോര്‍പ്പറേറ്റ് രാജ്യമാണ്. നിക്ഷേപം നടത്തുന്നത് കൊള്ളയടിക്ക് വേണ്ടിയാണ്. ശ്രീലങ്കയിലും ബംഗ്ലാദേശിലും മാലദ്വീപിലും പാകിസ്താനിലും ഒക്കെ അവര്‍ നിക്ഷേപം നടത്തുന്നത് ഈ ഉദ്ദേശത്തോടെയാണ്. ചൈനയില്‍ ഏതാണ്ട് 1,300 വലിയ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, 130 രാജ്യങ്ങളില്‍ അവര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ നിക്ഷേപങ്ങള്‍ ഒന്നും അതത് രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാന്‍ അല്ല, കൊള്ളയടിക്കാനാണ്.

അഭിമുഖത്തിന്റെ ഒന്നാം ഭാഗം വായിക്കാം
സിപിഎമ്മും സിപിഐയും മുന്നോട്ടുവയ്ക്കുന്നത് പിണറായി മോഡൽ, അത് ബ്യൂറോക്രാറ്റിക് കമ്മ്യൂണിസം-കെ.എൻ.രാമചന്ദ്രൻ

ലഡാക്കിലെ സമരത്തിന് വിദേശഫണ്ടിംഗ് ഉണ്ടായിരുന്നു എന്ന് ആരോപണമുണ്ട്

ലഡാക്കിലെ സമരം 75 ശതമാനം ജനങ്ങളും പങ്കെടുക്കുന്ന ജനകീയ സമരമാണ്. അതിനെ മാവോയിസ്റ്റ് എന്നുപറഞ്ഞ് അടിച്ചമര്‍ത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. വിദേശഫണ്ടിംഗ് എന്ന ആരോപണമെല്ലാം കള്ളമാണ്. തങ്ങളെ എതിര്‍ക്കുന്ന എല്ലാവരെയും ബിജെപി രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നു. മുസ്ലിങ്ങള്‍ മുഴുവന്‍ അവര്‍ക്ക് രാജ്യവിരുദ്ധരാണ്. എത്ര ലക്ഷം പേര്‍ക്കാണ് ബീഹാറില്‍ വോട്ട് നിഷേധിച്ചിരിക്കുന്നത്. കേരളത്തിലും അത് നടപ്പാക്കാന്‍ പോവുകയാണ്.

പക്ഷേ, വോട്ട് മോഷണം സംബന്ധിച്ച ആരോപണമൊന്നും കോടതിയില്‍ നില്‍ക്കുന്നില്ലല്ലോ

കോടതി ഇപ്പോള്‍ അവരുടെ പിടിയിലല്ലേ?

ബിജെപി കോടതികളും പിടിച്ചെടുത്തു എന്നാണോ?

താഴത്തെ കോടതികള്‍ അവരുടെ പിടിയിലാണ്. മുകളിലത്തെ ചില കോടതികള്‍ അല്‍പം റെസിസ്റ്റന്‍സ് കാണിക്കുന്നുണ്ട്. പക്ഷേ കോടതിക്ക് ചെയ്യാന്‍ കഴിയുന്നതിന് പരിധി ഉണ്ടല്ലോ. ഇനി, കോടതി പറഞ്ഞാലും നടപ്പാക്കണം എന്നില്ലല്ലോ.

ഇന്ത്യയെ തകര്‍ക്കാന്‍ വേണ്ടി ചൈന രാജ്യത്തിനകത്തുള്ള വിഘടനവാദി സംഘങ്ങളെ പിന്തുണയ്ക്കുന്നതായി ആരോപണമുണ്ട്

അതൊക്കെ ബൂര്‍ഷ്വാപ്രചാരണങ്ങളുടെ ഒരു രീതിയാണ്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വംശീയസമരങ്ങള്‍ നടക്കുന്നത് നക്സലൈറ്റുകള്‍ പറഞ്ഞിട്ടല്ല. ഞാന്‍ ആദിവാസിമേഖലകളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ആളാണ്. ദളിത് ആദിവാസി മേഖലകളില്‍ ഇപ്പോഴും അതിഭീകരമായ ചൂഷണമാണ് നടക്കുന്നത്. കേരളത്തില്‍ തന്നെ 42,000 രണ്ട് സെന്റ് കോളനികള്‍ ഉണ്ട്.

നാല്‍പ്പത്തിരണ്ടായിരമോ? വിശ്വസിക്കാന്‍ പ്രയാസം

കേരളത്തിലെ ജനങ്ങളുടെ മൂന്നിലൊരുഭാഗം ദാരിദ്ര്യത്തിലാണ്. അവര്‍ രണ്ടുസെന്റു കോളനികളിലാണ് താമസിക്കുന്നത്. ഇതു സംബന്ധിച്ച് പിണറായി വിജയന്‍ പറയുന്നത് കള്ളക്കണക്കാണ്. ആശാവര്‍ക്കര്‍മാരുടെ സമരം കണ്ടില്ലേ? 300 രൂപയാണ് ഒരുദിവസം അവര്‍ക്ക് കിട്ടുന്നത്. ദിവസം 300 രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ കേരളത്തില്‍ മൂന്നിലൊന്ന് ഭാഗം വരും. ഇതിനെക്കാള്‍ ഭീകരമായ സാഹചര്യം ആണ് മറ്റ് സംസ്ഥാനങ്ങളില്‍.

വര്‍ഗസമരത്തിന് ഇന്ത്യയില്‍ ഇനിയും സാധ്യതയുണ്ട് എന്നാണോ

തീര്‍ച്ചയായും. പലയിടത്തും ജനങ്ങള്‍ സംഘടിക്കുന്നുണ്ട്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകളുമായി ഐക്യപ്പെടുന്നതിന്റെ ഭാഗമായി ഞങ്ങള്‍ സെപ്റ്റംബര്‍ 27-ന് നടത്തിയ സമ്മേളനത്തില്‍ 5,000 പേര്‍ പങ്കെടുത്തു.

കമ്മ്യൂണിസം എന്ന ആശയത്തിന്റെ ഒരു പ്രശ്നം വര്‍ഗ്ഗസമരമാണ് എന്ന് വാദിക്കുന്നവരുണ്ട്. എപ്പോഴും ഏറ്റുമുട്ടാന്‍ എതിരെ ഒരു ശത്രു വേണമല്ലോ. എല്ലാവരെയും ഒരുപോലെ കാണുന്ന കാണാന്‍ പറ്റുന്ന രീതിയല്ലേ കൂടുതല്‍ നല്ലത്

വര്‍ഗ്ഗസമരം ആകുന്നത് വര്‍ഗ്ഗങ്ങള്‍ ഉള്ളതുകൊണ്ടാണ്. സമൂഹത്തില്‍ പലതരം വര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ നൂറു കുടുംബങ്ങളാണ് മൊത്തം സമ്പത്തിന്റെ 73 ശതമാനം കൈകാര്യം ചെയ്യുന്നത്. ഒരു ശതമാനം ആള്‍ക്കാര്‍ 73 ശതമാനം സമ്പത്തിനെ നിയന്ത്രിക്കുകയാണ്. ലോകത്തിലെ അവസ്ഥയും ഏതാണ്ട് ഇതുതന്നെയാണ്

പക്ഷേ, സാമ്പത്തിക അസമത്വത്തിന്റെ തോത് നോക്കുമ്പോള്‍ വളരെ ഭേദമാണ് ഇന്ത്യ എന്നാണ് ലോകബാങ്കിന്റെ കണക്ക്. ഏറ്റവും സാമ്പത്തിക സമത്വമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാമതാണ്

അങ്ങനെയല്ലാത്ത വേറെ കണക്കുണ്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യ വികാസസൂചികയനുസരിച്ച് ദാരിദ്ര്യരേഖാകണക്കില്‍ ഇന്ത്യ താഴെനിന്ന് മുകളിലേക്ക് പതിനാലാമതാണ്.

ബിജെപിയെ പോലെ ദിവസത്തില്‍ 24 മണിക്കൂറും രാഷ്ട്രീയം പയറ്റുന്ന രാഷ്ട്രീയയന്ത്രത്തിനെതിരെ വേണ്ടത്ര ആസൂത്രണം ഇല്ലാതെയാണ് പ്രതിപക്ഷം നീങ്ങുന്നത് എന്ന ആക്ഷേപമുണ്ട്

ഇത്രയും കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഇന്ത്യാസഖ്യത്തില്‍പ്പെട്ട പാര്‍ട്ടികള്‍ അല്ലേ? ഇന്ത്യന്‍ മാധ്യമങ്ങളുടെ 90 ശതമാനവും ബിജെപിയുടെ സ്വാധീനത്തിലാണ്.

കേരളത്തിലും അങ്ങനെയാണോ, ഇടതിന്റെ സ്വാധീനമില്ലേ

സിപിഎം ലെഫ്റ്റ് ആണോ, ഇടതുപക്ഷം ലെഫ്റ്റ് ആണോ? അവരും ചങ്ങാത്ത മുതലാളിത്തത്തിന്റെ കൂടെയല്ലേ? അമ്പലങ്ങളെ കൊള്ളയടിച്ചു എന്നു പറയുന്നത് അഴിമതിയുടെ വളര്‍ച്ചയെ അല്ലേ കാണിക്കുന്നത്? 34 വര്‍ഷം ഭരിച്ച ബംഗാളില്‍ സിപിഎമ്മിന് 250 എംഎല്‍എമാര്‍ ഉണ്ടായിരുന്നു. ഇന്ന് ഒരാള്‍ പോലുമില്ല. അതുതന്നെയല്ലേ കേരളത്തില്‍ നടക്കുന്നത്? എല്‍ഡിഎഫ് ജീര്‍ണ്ണിച്ചത് കൊണ്ട് മറ്റാരെങ്കിലും ജയിക്കാനുള്ള സാധ്യത വര്‍ധിച്ചു വരികയാണ്.

അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് സാധ്യത എന്ന് പറയാമോ

എല്‍ഡിഎഫിനുള്ളിലെ എതിര്‍പ്പ് കൊണ്ട് അവര്‍ക്ക് സാധ്യതയുണ്ടാവും. എല്‍ഡിഎഫ് ഇടതുപക്ഷം അല്ല, തീവ്രവലതുപക്ഷമാണ്. ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പറയുന്ന സാമ്പത്തികനയമാണ് അവര്‍ നടപ്പാക്കുന്നത്.

കേന്ദ്രത്തിലെ ബിജെപിയും കേരളത്തിലെ സിപിഎമ്മും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് പൊതുവേ ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബകാര്യത്തിലും മറ്റും

അതൊക്കെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കളികളാണ്. അവര്‍ക്കിടയില്‍ അന്തര്‍ധാര അല്ല, വ്യക്തമായ ബന്ധമാണുള്ളത്. കേരള പോലീസിനുള്ളില്‍ ആര്‍എസ്എസ്സിന്റെ സ്വാധീനം അതിരുകടക്കുകയാണ്. മാവോയിസ്റ്റുകളെ കൊല്ലാന്‍ പ്രത്യേകവിഭാഗം ഉണ്ടാക്കിയിരിക്കുന്നു. കേന്ദ്രത്തില്‍ നിന്നും കാശ് വാങ്ങി അവരെ അടിച്ചമര്‍ത്തുകയാണ്. മാവോയിസ്റ്റ് വേട്ടയ്ക്ക് ഇക്കുറി ഫണ്ട് ഇല്ല എന്ന് പറഞ്ഞപ്പോള്‍ മാവോയിസ്റ്റ് ഭീഷണിയുണ്ട്, ഫണ്ട് തരണമെന്ന് പറഞ്ഞതിനെ നേരത്തെ പറഞ്ഞതുമായി കൂട്ടി വായിക്കാം.

ഈ പറയുന്ന വേഗത്തില്‍ ഇന്ത്യയിലെ മാവോയിസം അവസാനിക്കുകയാണെങ്കില്‍ ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ക്ക് ഒരു പുനര്‍ജന്മം സാധ്യമാണോ

സാധ്യമാണ്. ശരിയായ വിഭാഗങ്ങള്‍ ശരിയായ ധാരയിലേക്ക് വരും.

കേരളം ഭൂപരിഷ്‌കരണം നടന്ന സംസ്ഥാനമാണ്, സമ്പൂര്‍ണ്ണ സാക്ഷരതയുണ്ട്. ഇപ്പോള്‍ ഡിജിറ്റല്‍ സാക്ഷരതയും സമ്പൂര്‍ണ്ണമാണെന്ന് സര്‍ക്കാര്‍ പറയുന്നു.

അതൊക്കെ അവകാശവാദങ്ങളാണ്.

തീര്‍ന്നില്ല. ഇവിടെ ഇടതുപക്ഷ അവബോധമുള്ള ഒരു ജനതയുണ്ട്. കേരളത്തില്‍ കടുത്ത ദാരിദ്ര്യമില്ല എന്ന് സര്‍ക്കാരും ഏജന്‍സികളും പറയുന്നു. ആ നിലയ്ക്ക് കേരളത്തില്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനത്തിന് എത്രത്തോളം പ്രസക്തിയുണ്ട്?

വലിയ പ്രസക്തിയുണ്ട്. പരമദരിദ്രരുടെ മാത്രം പ്രശ്നമല്ല ഇത്. സോഷ്യലിസം ഒരു പുതിയ ലോകത്തെ സൃഷ്ടിക്കുന്നതിന്റെ കാര്യമാണ്. പരിസ്ഥിതി പ്രശ്നം മാത്രം നോക്കുക. കോര്‍പ്പറേറ്റ് വികസനത്തിന്റെ ഫലമായി പരിസ്ഥിതി നാശത്തിലൂടെ മനുഷ്യന്‍ വിനാശത്തിലേക്ക് പോവുന്നു, അല്ലെങ്കില്‍ വ്യവസ്ഥിതിയെ തന്നെ മാറ്റണമെന്ന അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ജാതിയുടെ പ്രശ്നം എടുക്കുക. ജാതിക്കെതിരെ എന്തൊക്കെയാണ് നടന്നത്. അവസാനം വെള്ളാപ്പള്ളി നടേശന്‍ അടിച്ചു പിരിഞ്ഞില്ലേ, അയാള്‍ നവോത്ഥാന പ്രസ്ഥാനത്തെ തിരുത്തിയില്ലേ? ഫലത്തില്‍ ദളിത് ബുദ്ധിജീവികളില്‍ പെട്ട ഒരു നല്ലവിഭാഗം സ്വത്വവാദികളായി, സംവരണത്തിനപ്പുറം ചിന്തിക്കാതായി. അംബേദ്കര്‍ പറഞ്ഞതുപോലും പറയാന്‍ അവര്‍ തയ്യാറല്ല. ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടേണ്ട ആവശ്യമുണ്ട്.

കേരളത്തില്‍ ഇടതുപക്ഷ അവബോധമുണ്ട് എന്ന് പറഞ്ഞല്ലോ. സിപിഎം പ്രവര്‍ത്തകരെ പോലുള്ളവര്‍ രാമായണവായന പ്രചരിപ്പിക്കുകയാണ്. അഷ്ടമിരോഹിണിക്ക് ഉണ്ണികൃഷ്ണന്‍മാരെ ഇറക്കാന്‍ അവരും മുന്നിലുണ്ട്. സിപിഎം മുപ്പത്തിനാലു വര്‍ഷം അധികാരത്തിലിരുന്ന ബംഗാളില്‍ കാളീഘട്ടിലെ ദുര്‍ഗാക്ഷേത്രത്തില്‍ മൃഗബലി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അവിടത്തെ പൂജാവേദികള്‍ പതിനായിരങ്ങളായി വര്‍ദ്ധിച്ചു. നമ്മള്‍ പിന്നോട്ട് പോവുകയാണ്.

ഭൂരിപക്ഷ വര്‍ഗീയത

ഇന്ത്യയിലെ സാഹചര്യത്തില്‍ നമ്മള്‍ ഭൂരിപക്ഷവര്‍ഗീയതക്കെതിരെ സമരം ചെയ്തേ തീരൂ.  പ്രധാനശത്രുവിനെതിരെ പൊരുതിക്കൊണ്ടു മാത്രമേ ന്യൂനപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ സാധിക്കുകയുള്ളൂ.

ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചതാണ് ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തിയത് എന്ന് വലതുപക്ഷക്കാര്‍ പറയുന്നു

തുടക്കം മുതല്‍, 1947 മുതല്‍ നോക്കിയാല്‍ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് അവര്‍ ശക്തിപ്പെട്ടത്. ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയ ആര്‍എസ്എസ് എങ്ങനെയാണ് പിന്നീട് ഇത്രയും വലിയ ശക്തി ആയത്? ആര്‍എസ്എസിന് വളരാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്തത് ഇവിടത്തെ പാര്‍ലമെന്ററി രാഷ്ട്രീയമാണ്. ഭൂരിപക്ഷവര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നയമാണ് എല്ലാ പാര്‍ട്ടികളും സ്വീകരിച്ചത്.

ഇടതു പാര്‍ട്ടികള്‍ അടക്കം

2016ലെ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അന്നത്തെ സിപിഎം സിപിഐ സംസ്ഥാന കമ്മിറ്റികളുടെ മുദ്രാവാക്യം 'ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യാം, അടുത്ത തവണ തിരിച്ചു വരാം' എന്നായിരുന്നു. അവര്‍ പരസ്യമായി ബിജെപിക്ക് വോട്ടും ചെയ്തു. ബംഗാളില്‍ ഇത്ര വലിയ ശക്തിയായി ബിജെപി മാറിയത് സിപിഎം കേഡര്‍മാര്‍ സഹായിച്ചതുകൊണ്ടാണ്. ആയിരക്കണക്കിന് സിപിഎം കേഡര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു, ആര്‍എസ്എസ്സില്‍ ചേര്‍ന്നു. ത്രിപുരയില്‍ സിപിഎമ്മിനെ ആര്‍എസ്എസ് അടിച്ചമര്‍ത്തുകയായിരുന്നു.

ആ ശക്തിശോഷണം വന്നത് ജനകീയത നഷ്ടമായതുകൊണ്ടാണോ

ജനകീയമല്ലാതായതും ആശയപരമായി വലത്തോട്ട് പോയതുമാണ് പ്രശ്നമായത്. വിപ്ലവരാഷ്ട്രീയം ഉപേക്ഷിച്ചാല്‍ അതാണ് കുഴപ്പം. വിപ്ലവരാഷ്ട്രീയം ജനകീയരാഷ്ട്രീയം ആണ്, അത് ശരിയായ ലൈനിലല്ല പോകുന്നതെങ്കില്‍ പിന്നോട്ടു പോകും. അത് സിപിഎമ്മിനും സംഭവിച്ചു, സിപിഐ മാവോയിസ്റ്റിനും സംഭവിച്ചു. സിപിഎം വലതുപക്ഷത്തേക്ക് പോയി, മാവോയിസ്റ്റുകള്‍ ഇടതുപക്ഷ തീവ്രവാദത്തിലേക്കും.

നമ്മുടെ കോളേജുകളില്‍ പുതിയൊരുതരം ഇടത് ആക്ടിവിസം വരുന്നുണ്ട്. ദളിത്, ആദിവാസി, അംബേദ്കറൈറ്റ്, പരിസ്ഥിതി ഗ്രൂപ്പുകള്‍... ഇവയൊക്കെ ഒരുമിപ്പിച്ച് ഒരൊറ്റ ധാര ആക്കുക സാധ്യമാണോ

അതിനാണ് ശ്രമം നടക്കുന്നത്. ഇതിനകത്ത് തന്നെ ഒത്തുതീര്‍പ്പിന് തയ്യാറാക്കുന്ന വിഭാഗവും ഉണ്ട്, റാഡിക്കലുകളും ഉണ്ട്. കോംപ്രമൈസ് ചെയ്യുന്ന വിഭാഗങ്ങളെ ഒറ്റപ്പെടുത്തിക്കൊണ്ട് റാഡിക്കല്‍ ആയ വിഭാഗങ്ങളെ ഐക്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. പുരോഗമനവിഭാഗങ്ങളെ ഐക്യപ്പെടുത്തിക്കൊണ്ട് ജനകീയമുന്നേറ്റം ഉണ്ടാക്കണം. മൂന്നുനാലു വര്‍ഷം മുമ്പ് കര്‍ഷകര്‍ ഡല്‍ഹി വളഞ്ഞില്ലേ? അന്ന് തൊഴിലാളികളും കൂടി ഇറങ്ങിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? അതുപോലെ സിഎഎക്കതിരെ ഷഹീന്‍ബാഗ് പ്രസ്ഥാനം ഉണ്ടായില്ലേ? അതുപോലുള്ള വലിയ മുന്നേറ്റം രാജ്യത്ത് ഉണ്ടാകണം. വളരെ വ്യവസ്ഥാപിതമായ ഒന്നാണ് ഇന്ത്യാമുന്നണി. അതിനെയൊക്കെ നമുക്ക് പ്രോത്സാഹിപ്പിക്കാം പക്ഷേ, അതേസമയം തന്നെ അതിനുള്ളിലും പുറത്തും റാഡിക്കലായ ഒരു തരംഗമുണ്ടാവണം. ഒരു സ്വതന്ത്ര ഇടതുപക്ഷ മുന്നേറ്റം. അതിനുള്ള സാധ്യത ശക്തിപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

കേരളം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. കേരളത്തെ പിടിച്ചുനിര്‍ത്തുന്ന റെമിറ്റന്‍സ് എക്കോണമി പൊളിഞ്ഞാല്‍ എന്താണ് സംഭവിക്കുക

സാങ്കേതികവിദ്യയുടെ മുന്നേറ്റം വര്‍ധിക്കുന്നതനുസരിച്ച് മൂന്നുനാലു വര്‍ഷം കഴിയുമ്പോള്‍ ടെക്നോപാര്‍ക്കുകളിലെ എന്‍ജിനീയര്‍മാരിലെ വലിയൊരു ശതമാനം പണിയില്ലാത്തവരാകും. ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഇപ്പോള്‍ തന്നെ പതിനായിരങ്ങളെ പുറത്താക്കി കഴിഞ്ഞു. ഈ പ്രശ്നങ്ങളൊക്കെ അധികൃതര്‍ മൂടിവെക്കുകയാണ്. കഴിഞ്ഞ പത്തിരുപത് വര്‍ഷം കൊണ്ട് കേരളത്തില്‍ ടെക്നോപാര്‍ക്കുകളിലും മറ്റും ജോലി ചെയ്യുന്നവരുടെ പുതിയൊരു മധ്യവര്‍ഗ്ഗമുണ്ടായിട്ടുണ്ട്. ആ മധ്യവര്‍ഗ്ഗം പൊളിയും. മൈഗ്രേഷന്‍ വലിയൊരു വെല്ലുവിളിയാണ്. സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയ്ക്ക് വളരെ പെട്ടെന്ന് മാറ്റമുണ്ടാകും. ഇതിനെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയിലുള്ള ഒരു ഒരു മാര്‍ക്സിസ്റ്റ ധാര, തോക്കിലല്ലാതെ ജനങ്ങളില്‍ ഊന്നുന്ന പ്രസ്ഥാനം വരികയാണെങ്കില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഒക്കെ ഉണ്ടാകുന്ന പോലെ വലിയൊരു മുന്നേറ്റം ഇവിടെ ഉണ്ടാകും. അതാണ് ശ്രദ്ധിക്കുന്നത്.

എന്തുകൊണ്ടാണ് നക്സലൈറ്റുകള്‍ക്ക് ഇത്രയധികം സ്വപ്നം കാണാന്‍ കഴിയുന്നത്

സാഹചര്യങ്ങള്‍ നമ്മെ അതിന് നിര്‍ബന്ധിക്കുകയാണ്. ഈ പ്രായത്തിലും ഞാന്‍ സ്വപ്നങ്ങള്‍ കാണുന്നത് സാഹചര്യങ്ങള്‍ ഒരു സാമൂഹികമാറ്റം ആവശ്യപ്പെടുന്നത് കൊണ്ടാണ്. നമ്മുടെ നാട്ടില്‍ ജാതിക്കെതിരെയൊക്കെ വിപ്ലവകരമായ മുന്നേറ്റം ഉണ്ടായിട്ടില്ലേ, നവോത്ഥാനനീക്കങ്ങളും. അതോക്കെ പിന്നെ ജീര്‍ണിച്ചു പോയെങ്കിലും പുതിയ മുന്നേറ്റങ്ങള്‍ ഉണ്ടായി വരും. ആര്‍ക്കും ചരിത്രത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല.