
ഇന്ത്യൻ മാവോയിസ്റ്റ് മൂവ്‌മെന്റിന്റെ ബുദ്ധികേന്ദ്രമായിരുന്നു മലയാളിയായ മുരളി കണ്ണമ്പള്ളി. വർഷങ്ങളോളം കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ ശ്രമിച്ചിട്ടും കണ്ണമ്പള്ളിയെ പിടികൂടാനായില്ല. 2015-ലാണ് കണ്ണമ്പള്ളി പിടിയിലാകുന്നത്. അന്ന് പുണെയിലെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യലിനായി എത്തിയ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ മുൻപ് ഒരിക്കൽ പങ്കുവെച്ച ഓർമ്മകളാണിത്. കേവലമൊരു ചോദ്യം ചെയ്യലിനപ്പുറം മാർക്‌സിസ്റ്റ്-മാവോയിസ്റ്റ് ഐഡിയോളജിയെക്കുറിച്ചുള്ള സംഭാഷണം കൂടിയാണിത്.
---------------------------
പുണെയിലെ രഹസ്യകേന്ദ്രത്തിൽ എനിക്ക് അഭിമുഖമായിരിക്കുന്ന ഈ മനുഷ്യൻ ആരാണ്? പതിറ്റാണ്ടുകളോളം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണുകളിൽനിന്നും ഇയാൾ ഒഴിഞ്ഞുമാറിയതെങ്ങനെ? സൗമ്യമുഖമുള്ള ഈ മനുഷ്യനാണോ ഇന്ത്യൻ മാവോയിസ്റ്റ് മൂവ്‌മെന്റിന്റെ ബുദ്ധികേന്ദ്രം. അതുമല്ലെങ്കിൽ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ എല്ലാ ഉള്ളറ രഹസ്യങ്ങളും അറിയാവുന്ന കേന്ദ്രകമ്മിറ്റിയംഗം. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ മുരളി കണ്ണമ്പള്ളി പുണെയ്ക്ക് സമീപമുള്ള തലേഗാവിൽനിന്ന് ഒക്‌ടോപസിന്റെ (ഇന്ത്യയിലെ വിവിധ ഇന്റലിജൻസ് ഏജൻസികളുടെ സംയുക്തസേന) പിടിയിലാകുമ്പോൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേരള പോലീസിനോട് ആവശ്യപ്പെട്ടത് കണ്ണമ്പള്ളിയുടെ ഒരു ഫോട്ടോ മാത്രമായിരുന്നു.
'ഇരുപത് വർഷത്തേക്കെങ്കിലും ഈ തലച്ചോറുകൾക്ക് ചങ്ങലയിടണമെന്ന്' മുസ്സോളിനി പറഞ്ഞത് ഗ്രാംഷിയെ ഉദ്ധരിച്ചായിരുന്നുവല്ലോ. മുരളി കണ്ണമ്പള്ളി; നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ഇന്റലക്ച്വൽ വിങ് തലവൻ. 2015-ൽ കണ്ണമ്പള്ളി അറസ്റ്റിലായപ്പോൾ അയാളെ ചോദ്യംചെയ്യാനായി പോകാൻ നിർദേശമുണ്ടായി. പതിനൊന്ന് ദിവസം നീളുന്ന ചോദ്യംചെയ്യലായിരുന്നു അത്. ഇന്ത്യൻ ഭരണകൂടം തലയ്ക്ക് വിലപറഞ്ഞയാളിൽനിന്നുള്ള കേവലമായൊരു മൊഴിയെടുപ്പ് മാത്രമായിരുന്നില്ല അത്...
പുണെയിലെ ചോദ്യം ചെയ്യൽ
മാർക്‌സിസ്റ്റ്-മാവോയിസ്റ്റ് ഐഡിയോളജിയിലെ ഇന്റർനാഷണൽ എക്‌സ്പർട്ട് ആണ് മുരളി കണ്ണമ്പള്ളി. അങ്ങനെയുള്ള ഒരു മാർക്‌സിസ്റ്റ്-മാവോയിസ്റ്റ് ബുദ്ധിജീവിയെ ചോദ്യം ചെയ്യുകയെന്നത് ശ്രമകരമാണ്. അതിന് ആദ്യം വേണ്ടത് ഐഡിയോളജിയിൽ ചോദ്യകർത്താവിന് അവഗാഹമുണ്ടായിരിക്കണം. പാർട്ടി പദ്ധതിയും പാർട്ടി പരിപാടിയും അറിഞ്ഞിരിക്കണം. മാവോയിസ്റ്റ് പാർട്ടി പരിപാടിയും ഇന്ത്യൻ വിപ്ലവത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും പഠിച്ചിരിക്കണം. നിരന്തരം വായിച്ചും പഠിച്ചും മാവോയിസ്റ്റുകളിൽനിന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ ഡോക്യുമെന്റുകളും പഠിച്ച ശേഷമേ കണ്ണമ്പള്ളിയെ പോലുള്ളൊരാളെ ചോദ്യം ചെയ്യാനാകൂ.
നമ്മൾ ബ്ലാങ്ക് ആയാൽ അവർക്ക് നമ്മളിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയും. ചോദ്യംചെയ്യലിന്റെ ആദ്യദിനം മാവോയിസ്റ്റ് പാർട്ടിയുടെ ഐഡിയോളജിയെക്കുറിച്ച് സംസാരിച്ചപ്പോൾ 'നിങ്ങൾ പോലീസുകാർക്ക് ഇതൊക്കെ അറിയുമോ' എന്നായിരുന്നു മറുചോദ്യം. കർണാകടത്തിലെ മാവോവാദിയായ ബാബുവിന്റെ ‘വർണ ടു ജാതി’ എന്ന കൃതിയെ ഉദ്ധരിച്ചായിരുന്നു ഞാൻ സംസാരിച്ചുതുടങ്ങിയത്. കണ്ണമ്പള്ളിയുടെ 'ഭൂമി ജാതി ബന്ധനം' എന്ന കൃതി എനിക്ക് ഹൃദിസ്ഥമായിരുന്നു. ജന്മനാടായ കേരളത്തിലെ ക്രിമിനൽ മൂലധനം എന്ന വിഷയത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു അയാൾക്ക്.
RIM-ന്റെ രൂപീകരണവും പ്രവർത്തനവും
രണ്ടാം ഇന്റർനാഷണലിന്റെ പതനത്തെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി യാതൊരുവിധ അന്താരാഷ്ട്ര ഫോറവും നിലവിലില്ലായിരുന്നു. ലോകത്തെ വിവിധ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഏകോപന സമിതിയായി RIM-ന്റെ രൂപീകരണത്തിനായി എൺപതുകളിൽതന്നെ ശ്രമമാരംഭിച്ചിരുന്നു. ‘റിം’ രൂപീകൃതമായപ്പോൾ അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി, ഗ്രീസ്, ടുണീഷ്യ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ അതിൽ അംഗമായിരുന്നു. റിമ്മിന്റെ പ്രവർത്തനമായിരുന്നു എനിക്ക് ആദ്യം അറിയേണ്ടിയിരുന്നത്.
'1983-ൽ പാരീസിൽ വെച്ച് ചേർന്ന ‘റിമ്മി’ൽ ഞാനും വേണുവും പങ്കെടുത്തു. അന്ന് റിമ്മിന്റെ മുഖമാസികയായ 'എ വേൾഡ് ടു വിന്നി'ന്റെ എഡിറ്റോറിയൽ ബോർഡിലേക്ക് എന്നെ തിരഞ്ഞെടുക്കുകയുണ്ടായി. അജിത്ത് എന്ന പേരിലായിരുന്നു അന്താരാഷ്ട്ര കാര്യങ്ങളെക്കുറിച്ച് വേൾഡ് ടു വിന്നിൽ ഞാൻ എഴുതിയിരുന്നത്. മാവോയുടെ കാലഘട്ടത്തിൽ മാവോയിസം എന്നൊരു പദാവലി ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. പിന്നാക്ക ഫ്യൂഡൽ സമ്പദ്‌വ്യവസ്ഥയിൽ വിപ്ലവത്തിന് ശക്തമായ തന്ത്രം മാവോ വികസിപ്പിച്ചിരുന്നു. ‘മാവോ തോട്ട്’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. സായുധ വിപ്ലവത്തിന്റെയും യുദ്ധത്തിന്റെയും തന്ത്രമായി മാവോയിസം അംഗീകരിക്കണമെന്ന വാദവുമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളും പെറുവിയൻ കമ്യൂണിസ്റ്റ് പാർട്ടിയും രംഗത്തെത്തിയിരുന്നു. അമേരിക്കയിലെ കമ്യൂണിസ്റ്റ് പാർട്ടിയും ഇതിനെ പിൻതാങ്ങി. 93-ൽ റിമ്മിൽ മാർക്‌സിസത്തെയും ലെനിനിസത്തെയും മാവോയിസത്തെയും അതിന്റെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചു. അതിന് ശേഷം എല്ലാ പാർട്ടികളും എംഎൽഎമ്മിനെ (marxist leninist movement) ഉയർത്തിപ്പിടിക്കുന്നു. അന്നത്തെ യോഗത്തിന് ശേഷം വേണുമാത്രമായിരുന്നു ഇന്ത്യയിലേക്ക് മടങ്ങിയത്.
റിമ്മിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുരളി കണ്ണമ്പള്ളി ഏറെക്കാലം പാരീസിലുണ്ടായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച എന്റെ ചോദ്യത്തിന് കൂടുതൽ വിശദാംശങ്ങൾ നൽകാൻ കണ്ണമ്പള്ളി തയാറായില്ല.
പിടികിട്ടാത്ത കണ്ണമ്പള്ളി
ഒരു ഫോട്ടോപോലും ലഭ്യമല്ലാതിരുന്ന കണ്ണമ്പള്ളിയെ ഒരിയ്ക്കൽ കേരള പോലീസ് പിടികൂടുകപോലും ഉണ്ടായി. '2004-ലാണ് ഞാൻ പിടിക്കപ്പെടുന്നത്. രാവുണ്ണിയുമുണ്ടായിരുന്നു കൂടെ. വയനാട്ടിലെ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്ക് ഞങ്ങളെ പിടികിട്ടിയില്ല. കുറെ ചോദ്യംചെയ്യലിന് ശേഷം ഞങ്ങളെ വിട്ടയക്കുകയായിരുന്നു.' അജിത്ത് എന്ന പേരിൽ എഴുതിയിരുന്ന കണ്ണമ്പള്ളി സിപിഐഎംഎൽ എൻബി (നക്‌സൽ ബാരി) വക്താവായിരുന്ന കാലത്ത് പ്രസ്താവനകൾ ഇറക്കിയിരുന്നത് മറ്റൊരു പേരിലായിരുന്നു. ക്രാന്തിപ്രിയ എന്നായിരുന്നു ആ അപരനാമം.
ദണ്ഡകാരണ്യയിലെ കൂടിക്കാഴ്ച
കൊൽക്കത്തയിലെ ഹൗറയിലായിരിക്കുമ്പോഴാണ് സിപിഐ മാവോയിസ്റ്റ് തലവനായ ഗണപതിയുടെ (മുപ്പള ലക്ഷ്മൺ റാവു) ദൂതൻ എന്നെ കാണാനെത്തുന്നത്. 25 വയസ്സ് തോന്നിക്കുന്ന അഞ്ചടി ഉയരമുള്ള മെലിഞ്ഞ ക്ലീൻ ഷേവ് ചെയ്ത ഒരു യുവാവായിരുന്നു ദൂതനായി എന്റെ പക്കൽ എത്തുന്നത്. സൗത്ത് ഇന്ത്യക്കാരനാണ് എന്നാൽ മലയാളിയല്ല. ജോസഫ് എന്നാണ് പേര് (പേര് ശരിയാകണമെന്നില്ല). അവൻ നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്നു ഹിന്ദി ഒട്ടും സംസാരിച്ചില്ല. ഛത്തിസ്ഗഢിലെ ഗിരിഡ ജില്ലയിലുള്ള പരസ് നാഥ് ക്ഷേത്രത്തിന് സമീപത്തേക്കാണ് ജോസഫ് എന്നെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് രണ്ടരദിവസം നിബിഡമായ ദണ്ഡകാരണ്യ വനത്തിലൂടെ നടന്നാണ് ഗണപതിയുടെ അടുത്തെത്തിയത്. ഞാൻ അവിടെയത്തുമ്പോൾ കണ്ട കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. അറുപതോളം വരുന്ന പിഎൽജിഎ (പീപ്പിൾ ലിബറേഷൻ ഗറില്ല ആർമി) കമാന്റർമാരുടെ സംഘം എനിക്ക് സല്യൂട്ട് നൽകി സ്വീകരിക്കുകയായിരുന്നു. ഞാൻ മറ്റൊരു പാർട്ടിയുടേതല്ലെന്ന ധാരണ നൽകുകയായിരുന്നു അവർ. ഗണപതിയുമായി പത്തുദിവസത്തോളം ചർച്ചകൾ നീണ്ടു. ചർച്ചയിൽ ഞാനും ഗണപതിയുമൊഴിച്ചാൽ മറ്റാരുമില്ലായിരുന്നു. നക്‌സൽബാരിയുടെ ചരിത്രവും പ്രത്യയശാസ്ത്രവും ഞാൻ പങ്കുവെച്ചു. ആദ്യ ദിവസം സിപിഐ മാവോയിസ്റ്റ് പാർട്ടി രേഖകളെക്കുറിച്ച് ഗണപതി സംസാരിച്ചു. ഈ രേഖകൾ വായിച്ചതിന് ശേഷമാണ് രണ്ടാംദിനം ചർച്ചകൾ ആരംഭിച്ചത്. അജണ്ട വിഷയങ്ങൾ നിശ്ചയിച്ചതും ഈദിവസമായിരുന്നു. നീണ്ട ചർച്ചകൾക്ക് ശേഷം ഉപാധിരഹിതമായ ലയനത്തിന് ഞങ്ങൾ സമ്മതിച്ചു. (സിപിഐ (എം.എൽ) നക്‌സൽബാരി, സിപിഐ മാവോയിസ്റ്റിൽ ലയിച്ചു) അവസാന ദിവസത്തെ ചർച്ചയിൽ ഭാവി കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കലായിരുന്നു. പിന്നീട് എനിക്ക് ഗണപതിയുമായി കൂടുതൽ കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയില്ല. സംയുക്ത പ്രസ്താവന തയാറാക്കി ഞാനും ഗണപതിയും അതിൽ ഒപ്പിട്ടു. ഇരുപാർട്ടികളുടെയും ലയനത്തിന് ശേഷം പീപ്പിൾ മാർച്ച് എന്ന പേരിലുള്ള ഓൺലൈൻ എഡിഷന്റെ ചുമതലയായിരുന്നു എനിക്ക്.
(സിപിഐ എംഎൽ-ഉം സിപിഐ മാവോയിസ്റ്റും ലയിച്ചത് 2014-ലായിരുന്നു. ഗണപതിയുമായി ചർച്ച നടത്താൻ എത്തിയത് കണ്ണമ്പള്ളിയുമായിരുന്നു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥനും തയാറായില്ല).
കണ്ണമ്പള്ളിയുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ:
- ദക്ഷിണേന്ത്യയിൽ ഗറില്ലാ സോണായി പ്രഖ്യാപിച്ചയിടത്ത് ആക്രമണം മറ്റിടങ്ങളേക്കാൾ കുറവാണ്. പാർട്ടിയുടെ രാഷ്ട്രീയസൈനിക പ്രചാരണം ജനുവരിയിൽ അവസാനിച്ചു. അടുത്തഘട്ടം എന്താണ്? നിങ്ങളുടെ നാടായ കേരളത്തിൽ ആക്രമണം നടത്തിയാൽ നിലവിലുള്ള ജനപിന്തുണ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടോ?
കേരള രാഷ്ട്രീയത്തെ കുറിച്ച് അറിയുന്ന ആരും അത്തരമൊരു ആക്രമണത്തെ പ്രോത്സാഹിപ്പിക്കില്ല. അത് ദോഷം മാത്രമേ ഉണ്ടാക്കുവെന്ന് എല്ലാവർക്കും അറിയാം. ബുദ്ധിജീവികൾ അക്രമത്തെ ടി.വി ചാനലുകളിൽ ഇരുന്ന് അപലപിക്കും. എങ്കിലും ജനങ്ങൾ സമരം ചെയ്യുന്ന ഇടങ്ങളിൽ ഏതെങ്കിലും തരത്തിൽ പോരാട്ടം തുടരേണ്ടതുണ്ട്. പാർട്ടിക്ക് പിന്തുണ ലഭിക്കാൻ ഇത് ആവശ്യമാണ്. കേരളത്തിൽ ഗറില്ലാ സ്‌ക്വാഡിന് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്.
- ദണ്ഡകാരണ്യയിൽനിന്ന് പാർട്ടി കേഡറുകളെ മാറ്റി വിന്യസിച്ചിട്ടുണ്ടോ? കേരളത്തിൽ പ്രചാരണം മാത്രമേ നടക്കുന്നുള്ളൂവെന്ന് വാർത്തയുണ്ട്.
PLGA (peoples liberation gurellia army) സ്‌ക്വാഡുകളെ കേരളത്തിലേക്ക് മാറ്റി വിന്യസിക്കുന്നത് എളുപ്പമല്ല. കേരളത്തിൽ സ്‌ക്വാഡുകൾ ആശയപ്രചാരണം മാത്രമേ നടക്കുന്നുള്ളൂ. കേരളത്തിലേക്ക് വലിയ ടീമിനെ വിന്യസിക്കേണ്ട കാര്യമില്ല. എങ്കിലും സ്‌ക്വാഡുകളെ ബന്ധിപ്പിക്കുന്നതിനായി കർണാടകയിലെ ഫോഴ്‌സിനെ കേരളത്തിലേക്ക് മാറ്റി വിന്യസിച്ചിട്ടുണ്ട്. മലനാട് പ്രദേശത്ത് പോരാടുന്നവരാണ് അവർ. കർണാടകയിൽ ഇപ്പോൾ ഒരു ദളം മാത്രമാണ് ഉള്ളത്.
- സബ്യസാചി പാണ്ഡയുടെ കീഴടങ്ങൽ ഒഡിഷയിലെ നിങ്ങളുടെ പാർട്ടിയുടെ പ്രവർത്തനത്തെ എങ്ങനെ ബാധിച്ചു. പാർട്ടി ആസൂത്രണം ചെയ്ത നിരവധി കൊലപാതകങ്ങൾ അനാവശ്യമായിരുന്നുവെന്ന് പാണ്ഡയ്ക്ക് അഭിപ്രായമുണ്ടായിരുന്നുവല്ലോ. എന്തിന് വേണ്ടിയായിരുന്നു രക്തരൂക്ഷിതമായ കൊലപാതകങ്ങൾ?
റിക്രൂട്ട്‌മെന്റിലെ മന്ദതയും കീഴടങ്ങലും യുദ്ധചരിത്രത്തിൽ എല്ലായിടത്തുമുണ്ട്. കൊണ്ടപ്പള്ളി സീതരാമയ്യയുടെ സുഹൃത്തായിരുന്ന മുക്കു സുബ റെഡ്ഡി കുറെനാൾ മുമ്പ് കീഴടങ്ങിയിരുന്നു. പാർട്ടി നേതൃത്വവും സംഘടനാക്രമവും സബ്യസാചിയുടെ കീഴടങ്ങലിന് ശേഷം പുനക്രമീകരിച്ചിരുന്നു. തുടർച്ചയായുള്ള ഒഡിഷ നേതാക്കളുടെ അറസ്റ്റും ഇതിന് കാരണമായിട്ടുണ്ട്. നേതൃത്വത്തിലെ പോരായ്മയും സാങ്കേതിക തികവില്ലാത്തതും ഗൗരവമായ പ്രശ്‌നമാണ്. വർഗബോധമില്ലാത്തത് കാരണമാണ് കേഡറുകൾക്കിടയിൽ കീഴടങ്ങൽ ഉണ്ടാകുന്നത്. ബോൾഷെവിസൈസേഷൻ എന്നപേരിൽ വലത് വ്യതിയാനത്തിനെതിരെ തിരുത്തൽ ക്യാമ്പയ്ൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിന് മുൻപ് തന്നെ സബ്യസാചി പലവിഷയങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വലിയ രീതിയിലുള്ള പ്രവർത്തനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സബ്യസാചിയുടെ കീഴടങ്ങലിന് ശേഷമാണ് ഛത്തിസ്ഗഢ്-ഒഡിഷ ബോർഡർ കമ്മിറ്റികൾ രൂപീകരിച്ചത്.
- 2007 കോൺഗ്രസിലെ POR (രാഷ്ട്രീയ-സംഘടനാ റിപ്പോർട്ട്) അനുസരിച്ച് ദണ്ഡകാരണ്യയെ ഗറില്ല മേഖലയിൽനിന്ന് ഗറിലാ താവളപ്രദേശമായി മാറ്റാൻ ആലോചനയുണ്ടായിരുന്നോ? അതുപോലെ PLGA-യെ കൂടുതൽ ഉയർന്ന രൂപത്തിലുള്ള PLA ആയും. ഇത് പ്രാവർത്തികമാണോ, പാർട്ടിക്ക് വലിയ തിരിച്ചടിയാണ് അവിടെയുണ്ടായത്. ദണ്ഡകാരണ്യയിൽ നിങ്ങളുടെ പ്രത്യശാസ്ത്രം രക്തം വീഴ്ത്തുന്നു.
ഒരു വിപ്ലവകാരിയ്ക്ക് സുരക്ഷ എന്നൊന്നില്ല, മോശം അവസ്ഥയിലൂടെയാണ് ഇന്ത്യയിലെ വിപ്ലവം കടന്നുപോകുന്നത്. ഇന്ത്യയിൽ ഗറില്ല ബേസ് എവിടെയുമില്ല. Static was strategy പാർട്ടിയെ നശിപ്പിക്കാനെ ഉതകൂ. അതെല്ലാവർക്കും അറിയാം. പുന:സംഘടനയ്ക്കും തിരുത്തലിനും ശേഷം നിലവിലെ അവസ്ഥ ഏറക്കുറെ നിയന്ത്രണവിധേയമാണ്. ബിഹാർ ജാർഖണ്ഡ് സ്‌പെഷ്യൽ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ചത്തിസ്ഗഢ്-ഒഡിഷ ബോർഡർ കമ്മിറ്റിയും രൂപീകരിച്ചു. ബംഗാളിലും അസമിലും തിരിച്ചടികൾ തുടരുകയാണ്. തെലങ്കാനയിൽ സ്ഥിരത കൈവന്നിരിക്കുന്നു. ചില നേട്ടങ്ങളും അവിടെയുണ്ടായിട്ടുണ്ട്. ദണ്ഡകാരണ്യയിലെ എല്ലാ പ്രദേശത്തും സ്ഥിതി ഒരുപോലെ. മഹാരാഷ്ട്രയിലെ രണ്ടു ജില്ലകളിൽ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. പശ്ചിമഘട്ട സ്‌പെഷ്യൽ സോണൽ കമ്മിറ്റി കേരളത്തിൽ അട്ടപ്പാടി വരെയും കർണാടകയിൽ മലനാട് വരെയും തമിഴ്‌നാട്ടിൽ ഏതാനും പ്രദേശങ്ങളിലുമാണ് ഉള്ളത്. സൈനിക തലത്തിലെ തിരിച്ചടികളെ പുനഃപരിശോധന റിപ്പോർട്ട് അംഗീകരിക്കുന്നുണ്ട്. തെറ്റായ ചിത്രം നൽകുന്നതിൽ പ്രയോജനമില്ല.
- പശ്ചിമഘട്ടത്തെ ഗറില്ല സോണായി പ്രഖ്യാപിക്കുന്നതിന് മുമ്പ് സിപിഐ മാവോയിസ്റ്റ് പാർട്ടി ഏതെങ്കിലും സാമൂഹികസർവേ നടത്തിയിരുന്നോ?
ഒരു സാമൂഹിക സർവേ നടത്തുകയും റിപ്പോർട്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു. അത് എന്റെ കൈവശമില്ല. എന്റെ 'ഭൂമി ജാതി ബന്ധനം' എന്ന പുസ്തകത്തിന്റെ പതിപ്പിനായി എനിക്കും സർവേ റിപ്പോർട്ട് ആവശ്യമുണ്ട്.
- ലയനത്തിന് ശേഷം സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയിൽ നിങ്ങൾ അംഗമായിരുന്നുവല്ലോ? എതുവരെ എത്ര യോഗങ്ങൾ ചേർന്നു. എന്തൊക്കെയായിരുന്നു ചർച്ചാ വിഷയങ്ങൾ.
ഇതുവരെ ഒരു കേന്ദ്രകമ്മിറ്റി യോഗത്തിലും ഞാൻ പങ്കെടുത്തിട്ടില്ല. 2013ൽ ജാർഖണ്ഡിലോ ഛത്തിസ്ഗഢിലോ വെച്ചാണ് കേന്ദ്രകമ്മിറ്റി ചേർന്നത്. സുരക്ഷാ കാരണങ്ങളാൽ യോഗം അധികം ചേരാറില്ല. കൃത്യമായ ഇടവേളകളിൽ യോഗം നടക്കാറുമില്ല. ആവശ്യങ്ങൾക്ക് അനുസരിച്ചാണ് യോഗം ചേരാറ്.
- 2014ൽ കേരളത്തിൽ ഒരു കേന്ദ്രകമ്മിറ്റി യോഗം ചേർന്നിരുന്നുവല്ലോ. പാർട്ടി കോൺഗ്രസും കേരളത്തിൽ നടന്നെന്ന് വാർത്തകൾ ഉണ്ട്?
തെറ്റായ വാർത്തയാണിത്. പാർട്ടിയുടെ നേതാക്കൾക്ക് ദക്ഷിണേന്ത്യയിൽ ഒരു സംസ്ഥാനത്തും ഒരുമിച്ചെത്തി യോഗം ചേരാനാകില്ല. 2007-ൽ ബിഹാറിലെ ഉൾവന പ്രദേശമായ ഭീം ബന്ധിലാണ് പാർട്ടി കോൺഗ്രസ് ചേർന്നത്. അതിനുശേഷം പാർട്ടി കോൺഗ്രസ് ചേർന്നിട്ടില്ല. ഒരുപാർട്ടി യോഗവും tri-junction-നിൽ ചേർന്നിട്ടില്ല. നേതാക്കളെ അവിടെയെത്തിക്കുക എന്നത് വെല്ലുവിളിയാണ്. ദക്ഷിണേന്ത്യയിലെ കാട് വളരെ ഇടുങ്ങിയതാണ്.
- 2014 ൽ tri-junction-നിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പാസാക്കിയ രാഷ്ട്രീയ സംഘടന റിപ്പോർട്ട് വരെയുണ്ട്. തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ച് അതേയോഗം ചർച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യം താങ്കൾ മനപ്പൂർവം നിഷേധിക്കുന്നു?
തട്ടിക്കൊണ്ടുപോകലിനേക്കുറിച്ച് പ്രമേയം പാസാക്കുന്നത് നാലാമത്തെ കേന്ദ്രകമ്മിറ്റി യോഗത്തിലാണ്. 2013-ൽ ഏപ്രിലിൽ ചത്തിസ്ഗഢിലോ ജാർഖണ്ഡിലോ ആണ് ആ യോഗം നടന്നത്. ഞാൻ അതിൽ പങ്കെടുത്തിട്ടില്ല. മാവോയിസ്റ്റ് പാർട്ടി നടത്തിയ തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ച് യോഗം പരിശോധിച്ചു. ഇത് തുടർന്നുപോകണോയെന്നതിൽ കൃത്യമായ നിർദേശം വേണമെന്ന പൊതു അഭിപ്രായമാണ് ഉയർന്നത്. തട്ടിക്കൊണ്ടുപോകലിനെ എതിർത്ത് പിന്നീട് പ്രമേയം പാസാക്കുകയാണ് ചെയ്തത്. നിരന്തരമായ തിരിച്ചടികൾക്ക് ശേഷവും ട്രീ ജംഗ്ഷനിൽ കേന്ദ്രകമ്മിറ്റി ചേർന്നെങ്കിൽ പാർട്ടിക്ക് അത് നേട്ടമാണ്.
- ദേവ എന്ന നേതാവ് മാവോയിസ്റ്റിന്റെ കേരളത്തിലെ നഗരങ്ങളിലെ പ്രവർത്തനങ്ങൾക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. മലയാള ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റാണ് ദേവയുടെ പ്രതികരണം സംപ്രേഷണം ചെയ്തത്. അയാൾ പാർട്ടിയുടെ മുതിർന്ന നേതാവാണോ?
വാർത്ത വന്നതിന് ശേഷം ഞാൻ അതിനെക്കുറിച്ച് അന്വേഷിച്ചു. സുഖ്മ ജില്ലയിലെ കൊക്കാനഗറിലെ ഒരു ആദിവാസി നേതാവാണ് ദേവ. പ്രാദേശിക PLAG നേതാവുകൂടിയാണ് അദ്ദേഹം. സൈനിക യൂണിറ്റുമായി മാത്രമാണ് അയാൾക്ക് ബന്ധമുള്ളത്. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് അയാൾക്ക് അഭിപ്രായം പറയാനാകില്ല.
- പാർട്ടി സെക്രട്ടറിയുമായുള്ള താങ്കളുടെ ആശയവിനിമയം എങ്ങനെയാണ്?
ജോസഫ് എന്ന വ്യക്തി വഴിയാണ് പാർട്ടി സെക്രട്ടറിയുമായുള്ള ആശയവിനിമയം. (ഈ പേര് ശരിയാകണമെന്നില്ല) അയാൾക്ക് 25 വയസ്സുണ്ട്. ഇംഗ്ലീഷ് നന്നായി സംസാരിക്കുവാൻ കഴിവുള്ള ദക്ഷിണേന്ത്യക്കാരനാണ് അദ്ദേഹം.
(കണ്ണമ്പള്ളി പിടിയിലാകുമ്പോൾ സിപിഐ മാവോയിസ്റ്റിന്റെ സെക്രട്ടറി ഗണപതിയെന്ന് പേരിൽ അറിയപ്പെടുന്ന മുപ്പാല ലക്ഷ്മൺ റാവുവാണ്)
- ദണ്ഡകാരണ്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നുവല്ലോ കോസ? ആ പദവിയിൽനിന്ന് അദ്ദേഹം മാറിയല്ലോ. എങ്കിലും ഔദ്യോഗിക അറിയിപ്പുകളെല്ലാം ആയാളുടെ പേരിലാണ് വരുന്നത്. ആരാണ് ഇപ്പോഴത്തെ കോസ?
(ചോദ്യത്തിന് മറുപടി പറയാൻ കണ്ണമ്പള്ളി തയാറായില്ല. കദരി സത്യനാരായണ റെഡ്ഡി ആണോ എന്ന് ഞാൻ ഊന്നി ചോദിച്ചപ്പോൾ 'അതെ' എന്ന തരത്തിലുള്ള ചിരിയായിരുന്നു മറുപടി.
- അമേരിക്കൻ റവല്യൂണഷണറി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ ബോബ് അവാകിയന്റെ ആശയങ്ങൾക്കെതിരെ എഗയ്ൻസ്റ്റ് അവേക്കനിസം എന്ന പേരിൽ താങ്കൾ പുസ്തകം എഴുതിയിരുന്നു. പഴയ റിം പാർട്ടികളുടെ പുതിയൊരു അന്താരാഷ്ട്ര മുന്നേറ്റം രൂപീകരിക്കുന്നതിനുള്ള മുഖവുരയായി തോന്നുന്നു. ഏതെങ്കിലും തരത്തിൽ അന്താരാഷ്ട്ര മുന്നേറ്റം രൂപീകരിക്കാൻ സിപിഐ മാവോയിസ്റ്റ് പദ്ധതിയിടുന്നുണ്ടോ?
അന്താരാഷ്ട്ര കാര്യങ്ങൾ നോക്കാൻ പാർട്ടിയിൽ ഒരുവിഭാഗം ഇല്ല. നേപ്പാളിലെ സ്ഥിതിഗതികൾക്ക് അനുസരിച്ച് സിസി ഒഎംപിഒഎസ്എ പുനരുജ്ജീവിപ്പിക്കും. പക്ഷേ, അത് സിപിഐ മാവോയിസ്റ്റ് പാർട്ടി അത്യാവശ്യമായി മുൻഗണന നൽകുന്നില്ല. ആർ.ഐ.എം (RIM) പുനരുജ്ജീവിപ്പിക്കുകയെന്നത് ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്.
- കോയമ്പത്തൂരിൽ അറസ്റ്റിലായ കണ്ണന്റെയും ഈശ്വരന്റെയും പാർട്ടിയിലെ റോൾ എന്താണ്?
അടുത്തിടെ മൂന്നുതവണ ഞാൻ കോയമ്പത്തൂർ സഞ്ചരിച്ചിരുന്നു. സെന്തിൽ എന്ന കണ്ണനെ കാണാനാണ് ഞാനവിടെ പോയത്. ജോസഫ് ആണ് എന്നെ അങ്ങോട്ടുകൊണ്ടുപോയത്. കണ്ണൻ എസ്. സെഡ്. സിയിലെ ഒരംഗമാണ്. കണ്ണന് രാഷ്ട്രീയത്തിൽ നല്ല അറിവുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് ഒരുതീരുമാനം എടുക്കേണ്ടിയിരുന്നു. എൻ.ബിയുടെ നിലപാട് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങൾ സംബന്ധിച്ച ഗാഡ്ഗിലിൽ കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിക്കലായിരുന്നു. എങ്കിലും ഗാഡ്ഗിലിന്റെ നിർദേശങ്ങൾ അന്തിമ പരിഹാരമല്ലെന്ന് ഞങ്ങൾ വ്യക്തമാക്കിയിരുന്നു. പക്ഷേ, പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ എതിർക്കാനുള്ള തീരുമാനം അത് പാർട്ടിസിപ്പേറ്ററി മാനേജ്‌മെന്റിന് പ്രചാരം നൽകുന്നതാണ്. അതായത് ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള നിയന്ത്രണം. അതൊരു സാമ്രാജ്യത്വ ആശയമാണ്. പ്രശ്‌നപരിഹാരത്തിനായി ഏതെങ്കിലും മാർഗങ്ങൾ ഉരുത്തിരിയണമെങ്കിൽ കുറച്ച് ചർച്ചകൾ ആവശ്യമാണ്. ആ ആവശ്യത്തിനാണ് സെന്തിലുമായി ബന്ധപ്പെട്ടത്.
- ഈ ചർച്ചകളിൽ രൂപേഷ് പങ്കെടുത്തിരുന്നുവോ?
ഇല്ല, 2004-ൽ പെരുമ്പാവൂർ താലൂക്കിൽ വെച്ച് മാത്രമേ ഞാൻ രൂപേഷിനെ കണ്ടിട്ടുള്ളൂ. അയാൾ ജോലി സുഗമമായി നടപ്പാക്കുന്ന ആൾ മാത്രമാണ്. അയാളെ കാണുന്നതിന് ഒരു പശ്ചാത്തലവും ഉണ്ടായിരുന്നില്ല. യഥാർത്ഥ കൂടിയാലോചനകൾ നടത്തിയത് സുശീൽ റോയും യോഗേഷ്, കുപ്പു സ്വാമി ദേവരാജ് എന്നിവരായിരുന്നു.
- നക്‌സൽ ബാരിയുടെ പശ്ചാത്തലത്തിൽ അർബൻ ആക്ഷൻ ആരംഭിക്കുക എന്നതായിരുന്നവോ തീരുമാനം. അർബൻ ആക്ഷൻ (നഗരപ്രവർത്തനം) തത്വത്തിൽ ജനകീയ യുദ്ധത്തിന്റെ ഏറ്റവും അവസാനഘട്ടത്തിൽ അല്ലേ ആരംഭിക്കേണ്ടത്. എന്തുകൊണ്ട് ഇത് തിടുക്കത്തിൽ കേരളത്തിൽ നടപ്പാക്കുന്നൂ?
നഗരകേന്ദ്രീകരണ പ്രവർത്തനങ്ങൾ അവഗണിച്ചുകൂടാ. നഗരപ്രദേശങ്ങളിൽ ആക്രമണോന്മുകമായ ജനകീയ ആക്രമണങ്ങളെ (മിലിറ്റന്റ് മാസ് ലൈൻ അറ്റാക്ക്) ആശ്രയിച്ചത് പരിശീലനം ലഭിക്കാനും ഇത് കേരളത്തിൽ നടപ്പിലാക്കാൻ കഴിയുമെന്ന് കാണിക്കാനുമാണ്. അവസാനഘട്ടത്തിൽ കാത്തിരിക്കുന്നതിന്റെ ആവശ്യമില്ല. അത് അടുത്തതല്ല. വിപ്ലവ രാഷ്ട്രീയത്തിന് കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ഒരിടമുണ്ട്. അത്തരം വിഷയങ്ങളിൽ അനുഭാവം ഉണ്ടായിരുന്നവർക്ക് അത് രാഷ്ട്രീയ സന്ദേശം നൽകി. അത് ഒരു പ്രത്യേക കാര്യമല്ല. ദളം പ്രവർത്തനത്തോടൊപ്പം മുന്നോട്ടുപോകേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളിൽ അർബൻ ആക്ഷനുകൾ ഉയർന്ന തരം ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്ഷനാണ്. കേരളത്തിലെ അവസ്ഥയ്ക്ക് അത് യോജിച്ചതല്ല. കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയുള്ള ഏത് ആക്ഷനുകളും അർബൻ നെറ്റുവർക്കുകൾ തുറന്നുകാട്ടപ്പെടുന്നതിലേക്ക് നയിക്കുകയുള്ളൂ. നഗരപ്രദേശങ്ങളിൽ ഒരു രഹസ്യ സംവിധാനം സൂക്ഷിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ഏതാനും ആക്ഷനുകൾക്ക് ശേഷം അവ തകരും. അതുകൊണ്ട് അർബൻ ആക്ഷനുകൾക്ക് വലിയ രീതിയിലുള്ള മുൻകരുതൽ ആവശ്യമാണ്.
- നിങ്ങൾക്കാണല്ലോ പീപ്പിൾസ് മാർച്ചിന്റെ ചുമതല. കഴിഞ്ഞ ലക്കം പീപ്പിൾസ് മാർച്ചിൽ പശ്ചിമഘട്ട സ്‌പെഷ്യൽ സോണൽ കമ്മിറ്റിയെക്കുറിച്ച് ഒരു ലേഖനമുണ്ടല്ലോ? കബനി വെറുമൊരു നദി മാത്രമല്ല എന്ന പേരിൽ മറ്റൊരു ലേഖനവുമുണ്ട്. ഇത് ആരാണ് എഴുതിയത്?
ഈ ലേഖനങ്ങൾ ഞാനാണ് എഴുതിയത്.
- പാർട്ടിയുടെ വരുമാനം മാർഗം എന്താണ്, നികുതി പിരിവിന് പുറമെ തേൻഡു ലീഫ് കോൺട്രാക്ടർമാരിൽനിന്ന് വലിയ തോതിൽ ശേഖരണം ഉണ്ടെന്നാണ്?
മാവോയിസ്റ്റുകൾ ഖനനവും ക്വാറിയും നടക്കുന്ന പ്രദേശങ്ങളിൽനിന്ന് നികുതി വാങ്ങുന്നു. മാവോയിസ്റ്റ് അധീനതയിലുള്ള വലിയ പ്രദേശത്ത് തെൻഡു ലീഫ്(ബീഡി പൊതിയാൻ ഉപയോഗിക്കുന്ന ഇല) കൃഷിയാണ് ആദിവാസികളുടെ പ്രധാന ജോലി. ഇടനിലക്കാർ വളരെ ചെറിയ തുകയാണ് ആദിവാസികൾക്ക് നൽകിയിരുന്നത്. അവർക്ക് ഇലയ്ക്ക് നല്ല വില ലഭിക്കുന്നുണ്ട്. കോൺട്രാക്ടർമാരിൽനിന്ന് കലക്ഷൻ ഉണ്ടായിരിക്കാം. ശത്രുവിന്റെ ആസ്തി പിടിച്ചെടുക്കൽ ഉണ്ട്. പ്രദേശിക തലത്തിലാണ് കലക്ഷൻ. വികസനപ്രവർത്തനങ്ങൾക്കായി പങ്ക് ജനതാന സർക്കാരിന് നൽകുന്നു. പി.എൽ.ജി.എ നിലനിർത്തുന്നതിനാവശ്യമായ കുറഞ്ഞ അളവ് അവർക്കും നൽകുന്നു.
- കാട്ടുതീയുടെ ഏറ്റവും അടുത്തിറങ്ങിയ ഒരു ലക്കത്തിൽ മാവോയിസ്റ്റുകൾ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ തടസ്സപ്പെടുത്തുന്നതിൽ വിജയിച്ചുവെന്ന അവകാശവാദം ഉന്നയിക്കുന്നു. നിങ്ങൾക്ക് കേരളത്തിൽ ടെക്‌നിക്കൽ വിങ് ഉണ്ടോ?
വയർലെസ് റിപ്പീറ്റർ സ്‌റ്റേഷനും ഹാൻഡ്‌സെറ്റുകളും മറ്റ് സാങ്കേതിക ഉപകരണങ്ങളും ഉഗയിൽ വിപുലമായി ഉപയോഗിച്ചിട്ടുണ്ട്. അതുപോലുള്ളവ കേരളത്തിലും ഉപയോഗിച്ചിട്ടുണ്ടാകാം. പക്ഷേ, ഇപ്പോൾ ഈ സാങ്കേതിക ഉപകരണങ്ങളിൽ മിക്കവാറും തകർക്കപ്പെട്ടു. പശ്ചിമഘട്ടത്തിലെ ഭൂപ്രദേശങ്ങൾ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് യോജിച്ചതല്ല. പശ്ചിമഘട്ടത്തിലുള്ള മാവോയിസ്റ്റുകൾ ഒരുതരത്തിലുള്ള ഫോൺ തടസ്സപ്പെടുത്തലുകളും ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
- സിപിഐഎംഎൽ (നക്‌സൽബാരി) മാവോയിസ്റ്റുകളുമായി ലയിച്ചു കഴിഞ്ഞു. അവർ അവരുടെ ജനകീയ പ്രക്ഷോഭരീതികൾ തിരുത്തിയോ. എപ്പോഴാണ് അവർ മാവോയിസ്റ്റുകളുടെ മിലിറ്ററി ലൈൻ സംബന്ധിച്ച അവരുടെ സംവാദം തിരുത്തിയത്. എംഎൻ രാവുണ്ണിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് എന്താണ് പറയുവാനുള്ളത്. അടിസ്ഥാനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുമ്പാണ് ലയനം പ്രഖ്യാപിച്ചത് എന്നുപറയുന്നത് ശരിയാണോ?
ഇത് നിങ്ങൾ പോലീസിന്റെ ഭാഗം മാത്രമാണ്. ഇത്തരത്തിലുള്ള പ്രശ്‌നം ഉണ്ടായിരുന്നുവെങ്കിൽ പൊളിറ്റികോ മിലിറ്ററി ക്യാംപയ്ൻ വിജയകരമായി നടപ്പാക്കാൻ സാധിക്കില്ലായിരുന്നു. പ്രവർത്തനങ്ങൾ ഇത്തരത്തിലൊരു വിയോജിപ്പുകളുമില്ലെന്ന് കാണിച്ചുതരും. എങ്കിലും ലയനശേഷമുള്ള സാഹചര്യത്തിൽ ചില ഘടകങ്ങൾ അസന്തുഷ്ടരായിരിക്കാം. ഈ ആളുകളെല്ലാം പോയിക്കഴിഞ്ഞു. ഇവർക്ക് ഇനി വീണ്ടും ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ബുദ്ധിമുട്ടായിരിക്കാം. ഇത് എല്ലായിടത്തും പരന്നിട്ടുണ്ട്. കേരളത്തിലുടനീളം സ്വാധീനവുമുണ്ട്.
- പക്ഷേ, ലയന സമയത്തെ നിങ്ങളുടെ ശക്തി കേരളത്തിൽ നിന്നുള്ള 12 കേഡറുകളും മറ്റ് സംസ്ഥാനത്ത് നിന്നുള്ള രണ്ടും ആയിരുന്നില്ലേ?
കേരളത്തിൽ ഒരു വലിയ വിഭാഗം അനുഭാവികളുടെ പിന്തുണയുണ്ട്. അത് കേഡർ ശക്തിയുടെ കൂട്ടത്തിൽ ചേർത്ത് എണ്ണാൻ കഴിയില്ല.
- അസംതൃപ്തരായ ഒരുസംഘമുണ്ട്. കസ്റ്റഡിയിലുള്ളവരുമായല്ല പ്രശ്‌നം. ഈ അടുത്തുണ്ടായ അറസ്റ്റുകളുടെ സാഹചര്യത്തിൽ കേഡറുകളെ ഒറ്റിക്കൊടുക്കുന്ന തരത്തിലേക്ക് ഈ അസംതൃപ്തി വളർന്നുവെന്ന് താങ്കൾ വിചാരിക്കുന്നുണ്ടോ?
എനിക്കൊപ്പം പ്രവർത്തിക്കേണ്ടി വന്നിരുന്നുവെങ്കിൽ അവർക്ക് ഞാനുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേനെ. രണ്ട് കമ്പനികൾ തമ്മിൽ ലയിക്കുമ്പോഴും ഉത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകും. അത് അത്ര ഗൗരവകരമായി ഉത്കണ്ഠപ്പെടേണ്ട കാര്യമല്ല. അറസ്റ്റുകൾ ആന്ധ്ര-എസ്.ഐ.ബിയുടെ പ്രവർത്തനമാണ്. അതിന് പാർട്ടിയിലെ അസംതൃപ്തിയുമായി യാതൊരു ബന്ധവുമില്ല.
- എന്തുകൊണ്ടാണ് രൂപേഷും ഷൈനയും കീഴടങ്ങാൻ തമിഴ്‌നാട് തിരഞ്ഞെടുത്തു?
ഞാൻ കീഴടങ്ങലിൽ വിശ്വസിക്കുന്നില്ല.
- പിന്നെ എങ്ങനെയാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ അറസ്റ്റിലാകുന്നത്?
അത് നിങ്ങൾക്ക് മാത്രമേ വിശദീകരിക്കാൻ കഴിയൂ.
- നിങ്ങൾ ഇപ്പോഴും വരുമാന നികുതി (ഇൻകം ടാക്‌സ്) അടയ്ക്കുന്നുണ്ടല്ലോ. ഒരു വിപ്ലവകാരിക്ക് പാൻകാർഡ് എടുക്കേണ്ട ആവശ്യമെന്താണ്. അതും വ്യാജ വിലാസത്തിൽ?
നിങ്ങൾക്ക് ഒരു കൃത്യമായ തിരിച്ചറിയിൽ കാർഡ് ഇല്ലാതെ സഞ്ചരിക്കാൻ സാധ്യമല്ല. ഇത് അക്കാര്യത്തിൽ മാത്രമാണ്. പാർട്ടിയിൽനിന്നുള്ള എന്റെ വരുമാനം ഉപജീവനത്തിന് വേണ്ടി മാത്രമാണ്. എറണാകുളം ഇരുമ്പനത്തിന് സമീപം സമ്പന്ന പ്രദേശത്ത് എനിക്ക് മൂന്നേക്കർ ഭൂമിയുണ്ടായിരുന്നു. എന്റെ ഓഹരി ഞാൻ വിൽക്കുകയും പകുതി മകനും ബാക്കി പാർട്ടിക്കുമാണ് നൽകിയത്.
Content Highlights: Exclusive details on the 2015 arrest of CPI (Maoist) intellectual wing head Murali Kannampally., Insights into Marxist-Maoist ideology, international forums like RIM, and merger discussions with Ganapathy., Discussion on urban action strategies, Western Ghats special zonal committee, and party funding.
Published: 10 Aug 2026, 01:55 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented