കഴിഞ്ഞ മൂന്നു നാലു ദിവസത്തിനുള്ളില് ആയുധം വെച്ചു കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം മുന്നൂറിലധികമാണ്. സീനിയര് കമാന്ഡര് ഭൂപതിയെപ്പോലുള്ള പ്രമുഖ നേതാക്കളുണ്ട് കീഴടങ്ങിയവരുടെ കൂട്ടത്തില്. പത്തുവര്ഷം മുമ്പ് രാജ്യത്തെ 125 ജില്ലകളില് നക്സല് സാന്നിദ്ധ്യമുണ്ടായിരുന്നു, ഇപ്പോള് പതിനൊന്നിടത്തേ ഉള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 2026 മാര്ച്ചോടെ രാജ്യത്തെ നക്സല് വിമുക്തമാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം കാലാവധിക്കു മുമ്പ് പൂര്ത്തിയാവുമെന്ന് നിരീക്ഷകര് പറയുന്നു. രാജ്യത്തെ നക്സലൈറ്റുകള്ക്ക് എന്താണ് സംഭവിച്ചത്?
ഏഴു ദശകത്തിലധികമായി സിപിഐ (എംഎല്) പ്രസ്ഥാനത്തിനോടൊപ്പം സഞ്ചരിക്കുന്ന കെ.എന്. രാമചന്ദ്രന് സംസാരിക്കുന്നു. 89 വയസ്സുള്ള അദ്ദേഹം ദീര്ഘകാലം സിപിഐ (എംഎല്) ജനറല് സെക്രട്ടറിയായിരുന്നു. ഇപ്പോള് അനാരോഗ്യം കാരണം സജീവപാര്ട്ടി പ്രവര്ത്തനം വിട്ട് എഴുത്തും വായനയുമായി കഴിയുകയാണ്.
മാവോയിസ്റ്റുകള് കൂട്ടമായി കീഴടങ്ങുകയാണ്. നക്സല് പ്രസ്ഥാനം ഇത്ര പെട്ടെന്ന് ക്ഷയിക്കുവാന് കാരണം?
കേന്ദ്രം ഉദ്ദേശിക്കുന്നത് മാവോയിസ്റ്റുകളെയാണ്. പൊതുവേ ആള്ക്കാര് മാവോയിസ്റ്റുകളും മാര്ക്സിസ്റ്റ് ലെനിനിസ്റ്റുകളും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്ന രീതിയുണ്ട്. 1969-ല് ചാരു മജുംദാറുടെ നേതൃത്വത്തില് സിപിഐ എംഎല് രൂപീകരിക്കപ്പെടുമ്പോള് അതിന്റെ പ്രത്യയശാസ്ത്രം മാര്ക്സിസം, ലെനിനിസം, മാവോ ചിന്തകള് എന്നിവയായിരുന്നു. ചൈനയില് ഉണ്ടായിക്കൊണ്ടിരുന്ന പുതിയ സംഭവവികാസങ്ങള് ഉള്ക്കൊള്ളിക്കുന്ന കാഴ്ചപ്പാടായിരുന്നു പ്രസ്ഥാനത്തിന്. ഇന്ത്യന് സാഹചര്യമനുസരിച്ച് വിപ്ലവത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നതാണ് സിപിഐ എംഎല് അവതരിപ്പിച്ച കാഴ്ചപ്പാട്. പക്ഷേ, അത് വര്ഗശത്രുക്കളുടെ ഉന്മൂലനം തുടങ്ങിയ വഴികളിലേക്ക് തിരിഞ്ഞു, പൊതുവില് ഒരു ഇടതുപക്ഷ വ്യതിയാനത്തിലേക്ക് പോവുകയും ചെയ്തു. അതിനെ തുടര്ന്ന് ഭീകരമായ അടിച്ചമര്ത്തല് ഉണ്ടായി. 1972 ജൂലായ് 28-ന് ചാരു മജുംദാര് രക്തസാക്ഷി ആയശേഷം പ്രസ്ഥാനത്തെ തകര്ക്കാനും ശിഥിലീകരിക്കാനും അന്നത്തെ കോണ്ഗ്രസ് സര്ക്കാരുകള്ക്ക് കഴിഞ്ഞു. ഈ ശിഥിലീകരണത്തില് സിപിഎം അടക്കമുള്ള പാര്ട്ടികള് കോണ്ഗ്രസിനെ സഹായിക്കുകയുണ്ടായി.
അടിയന്തരാവസ്ഥയും നക്സലിസവും
അടിയന്തരാവസ്ഥ വന്നപ്പോള് വിവിധ ഗ്രൂപ്പുകളെ പല രീതിയില് ഐക്യപ്പെടുത്താന് ശ്രമിച്ചതിന്റെ ഫലമായി കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില് അടിയന്തരാവസ്ഥയ്ക്കെതിരേ ചെറുത്തുനില്പ്പ് ഉണ്ടായി. അക്കാലത്ത് ഇന്ത്യയില് മാവോയിസം ഇല്ലായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം പുനഃസംഘടന ആരംഭിച്ചു. വിവിധ ലൈനുകള് ആവിഷ്കരിക്കുന്നു, വിവിധ ഗ്രൂപ്പുകള് വ്യത്യസ്ത കാഴ്ചപ്പാടുകളനുസരിച്ച് പ്രവര്ത്തിക്കാനും തുടങ്ങി. അതിലൊന്നായിരുന്നു ഞാന് ജനറല് സെക്രട്ടറിയായിരുന്ന സിപിഐ എംഎല് റെഡ് സ്റ്റാര്. ചില ഗ്രൂപ്പുകള് സിപിഎമ്മിനൊപ്പം പോയി, മറ്റു ചിലർ ഒന്നും ചെയ്യാതെ നിഷ്ക്രിയമായി. ഈ സാഹചര്യത്തിലാണ് മൂന്ന് ഗ്രൂപ്പുകള്- ആന്ധ്രയിലെ പീപ്പിള്സ് വാര് ഗ്രൂപ്പ് (പിഡബ്ല്യുജി) സിപിഐ എംഎല് പാര്ട്ടി യൂണിറ്റി, മാവോയിസ്റ്റ് കമ്മ്യൂണിറ്റി സെന്റര് (എംസിസി) എന്നിവ ചേര്ന്ന് 2004-ല് സിപിഐ മാവോയിസ്റ്റ് ഉണ്ടാകുന്നത്. അവരാണ് മാവോചിന്തകളെ മാറ്റി മാവോയിസം എന്ന പ്രത്യയശാസ്ത്രം സ്വീകരിച്ചത്. സായുധസമരം ഏകമാര്ഗ്ഗം എന്ന ലൈന് അവര് സ്വീകരിക്കുകയും മാവോയുടെ എല്ലാ സംഭാവനകളെയും സൈനികമാര്ഗമായി ചുരുക്കുകയും ചെയ്തു.
ജനങ്ങളെ സംഘടിപ്പിച്ച് ജനങ്ങളാണ് വിപ്ലവം നടത്തേണ്ടത് എന്നാണ് മാര്ക്സിസം പഠിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്ട്ടി ഒരു രാസത്വരക ശക്തി മാത്രമാണ്. ജനങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കുകയും അവരെ വിപ്ലവത്തിന് തയ്യാറാക്കുകയും ചെയ്യുക, ജനകീയ വിപ്ലവം നടത്തുക-അതാണ് മാര്ക്സിസ്റ്റ് ലൈന്. അതിനെ നിഷേധിച്ചുകൊണ്ട് ചൈനയില് നടന്ന ജനകീയവിപ്ലവത്തെ ഏകമാര്ഗമായി അവര് സ്വീകരിച്ചു. മാവോയുടെ സംഭാവനകളായ സാംസ്കാരിക വിപ്ലവവും ജനകീയ കമ്മ്യൂണുകളും മറ്റും ഉപേക്ഷിച്ച് വെറും സൈനികമാര്ഗമായി അതിനെ ചുരുക്കി. ഞങ്ങള് അന്നു മുതല് ഈ നിലപാടിനെ എതിര്ത്തിരുന്നു.
ഇന്ത്യയില് പലവിധ മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഫാഷിസത്തിന്റെ അപകടങ്ങള് വര്ധിച്ചുവരുന്ന സാഹചര്യത്തില് ജനങ്ങളെ സംഘടിപ്പിച്ച് പാര്ലമെന്ററി സമരം അടക്കമുള്ള എല്ലാ മാര്ഗങ്ങളും ഉപയോഗിച്ചുകൊണ്ട് ജനങ്ങളെ ഉയര്ത്തെഴുന്നേല്പ്പിലേക്ക് നയിക്കുകയാണ് വേണ്ടത്. അങ്ങനെ ജനങ്ങള് അധികാരം പിടിച്ചെടുക്കുന്ന അവസ്ഥ ഉണ്ടാവണമെന്നതാണ് മാര്ക്സിസ്റ്റ് കാഴ്ചപ്പാട്. പക്ഷേ, മാവോയിസ്റ്റുകള് സായുധസമരത്തില് മാത്രമാണ് വിശ്വസിക്കുന്നത്. ഇന്ത്യന് സാഹചര്യത്തില് ചില മേഖലകളില് വൈരുദ്ധ്യങ്ങള് വളരെ മൂര്ച്ഛിച്ചിരുന്നതിനാല് അവിടെ ആദിവാസികളെ സംഘടിപ്പിക്കാനും ആധുനിക ആയുധങ്ങള് ഉപയോഗിച്ചുകൊണ്ട് സായുധസമരം സംഘടിപ്പിക്കാനും മാവോയിസ്റ്റുകള്ക്ക് കഴിഞ്ഞു.
ഇന്ത്യയിലെ മാവോവാദികളുടെ പ്രശ്നം മാവോയിസത്തിന്റേതല്ല, അതിന്റെ ഒരു ഭാഗം മാത്രം സ്വീകരിച്ചതാണ് എന്നാണോ?
ചൈനയിലെ അന്നത്തെ സാഹചര്യങ്ങള് അനുസരിച്ചാണ് മാവോ സായുധസമരം സ്വീകരിച്ച് ജനകീയയുദ്ധം നടത്തിയത്. മാവോ തന്നെ പറഞ്ഞു, ചൈനയില് പ്രയോഗിച്ച ജനകീയയുദ്ധത്തിന്റെ പാത എല്ലായിടത്തും പ്രായോഗികമാവില്ലെന്ന്. ഇന്ത്യയില്നിന്ന് കരണ് ബോസ്, കനു സന്യാല് തുടങ്ങിയവര് ചൈനയില് പോയി മാവോയെ കണ്ടു ചര്ച്ചകള് നടത്തിയിരുന്നു. അപ്പോള് മാവോയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്ട്ടിയും അവരോട് പറഞ്ഞത്, നിങ്ങളുടെ രാജ്യത്തെ സാഹചര്യങ്ങള്ക്കനുസരിച്ച് പ്രവര്ത്തിക്കണം എന്നാണ്. വിപ്ലവത്തിനു ശേഷം മാവോ നയിച്ച സാംസ്കാരിക വിപ്ലവം, ജനകീയ കമ്മ്യൂണുകള്, മുതലാളിത്ത പാതക്കാര്ക്കെതിരായ സമരം, തത്വചിന്താപരമായ മാവോയുടെ സംഭാവനകള് തുടങ്ങിയവ അവഗണിച്ച മാവോവാദികള് ജനകീയയുദ്ധം മാത്രം സ്വീകരിക്കുകയായിരുന്നു. അതിന് കൂടുതല് വാര്ത്താപ്രാധാന്യം കിട്ടി. മാധ്യമങ്ങളിലും മറ്റും നക്സലിസം, മാവോയിസം എന്നിവയെപ്പറ്റി ആശയക്കുഴപ്പമുണ്ടാകുന്ന അവസ്ഥയുണ്ടായി. നക്സലിസത്തില് പല ധാരകളുണ്ട്, അവ ഇന്ത്യ മുഴുവന് പ്രവര്ത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ മാവോയിസ്റ്റുകള് സാംസ്കാരിക വിപ്ലവം പോലുള്ള പ്രവര്ത്തനങ്ങളെ പിന്പറ്റിയില്ല എന്ന് അങ്ങ് പറഞ്ഞു. പക്ഷേ, ലോകത്തില് പരക്കെ വിമര്ശിക്കപ്പെടുന്ന ഒന്നാണ് മാവോയുടെ സാംസ്കാരിക വിപ്ലവം…
മുതലാളിത്തം സ്വന്തം പ്രതിച്ഛായയില് ലോകത്തെ മൊത്തം മാറ്റിത്തീര്ക്കും എന്നാണ് മാര്ക്സിസം പഠിപ്പിക്കുന്നത്. അതിപ്പോള് മാറിമാറി കോര്പ്പറേറ്റ്വത്കരണവും കുത്തകവത്കരണവും നിര്മ്മിത ബുദ്ധിയും വരെ എത്തിയിരിക്കുന്നു. സാങ്കേതികവിദ്യ വികസിപ്പിച്ച് മൊത്തം ജനങ്ങളെയും ശാസ്ത്ര സാങ്കേതികവിദ്യയ്ക്ക് അടിമപ്പെടുത്തി മുതലാളിത്തത്തെ വികസിപ്പിക്കുകയാണ്. അതില്നിന്ന് ജനങ്ങളെ ആശയപരമായി വിപ്ലവത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതാണ് സാംസ്കാരിക വിപ്ലവം. മുതലാളിത്തപൂര്വവും മുതലാളിത്തപരവും ആയിട്ടുള്ള സാംസ്കാരിക, സാമൂഹിക കാഴ്ചപ്പാടുകള്ക്ക്-ജാതിവ്യവസ്ഥ ഉള്പ്പെടെ-എതിരായ ആശയപരമായ ഒരു സമരത്തിലൂടെ നവോത്ഥാനപ്രസ്ഥാനത്തിന്റെ തുടര്ച്ചയായി മുന്നോട്ടു പോകണം. ആ കാഴ്ചപ്പാടാണ് സാംസ്കാരിക വിപ്ലവം മുന്നോട്ടുവച്ചത്. ചൈനയില് മാവോയുടെ നേതൃത്വത്തില് സോഷ്യലിസ്റ്റ് പരിവര്ത്തനം നടക്കുമ്പോള് താവോ, കണ്ഫ്യൂഷ്യന് ചിന്തകളെ ഉപയോഗിച്ചുകൊണ്ട് അവിടുത്തെ മുതലാളിത്ത പാതക്കാര് പൂച്ച വെളുത്തതായാലും പ്രശ്നമല്ല, എലിയെ പിടിച്ചാല് മതി; എങ്ങനെയും ഉല്പാദന ശക്തികളെയും ഉല്പാദനത്തേയും വികസിപ്പിക്കുക, മുതലാളിത്തം വികസിപ്പിക്കുക സോഷ്യലിസ്റ്റ് പരിവര്ത്തനത്തില് ഊന്നണ്ട എന്ന കാഴ്ചപ്പാടില് വിശ്വസിച്ചു. അതിനെതിരായാണ് സാംസ്കാരിക വിപ്ലവം വന്നത്.
അക്കാലത്ത് വലിയ തോതില് അടിച്ചമര്ത്തല് ഉണ്ടായി എന്നത് ഏറെക്കുറെ അംഗീകരിക്കപ്പെട്ടതാണ്..
അത് ബൂര്ഷ്വാ മാധ്യമങ്ങള് അല്ലേ പ്രചരിപ്പിക്കുന്നത്? യഥാര്ത്ഥത്തില് അന്നായിരുന്നു ചൈനയില് ഏറ്റവും കൂടുതല് ജനാധിപത്യം ഉണ്ടായിരുന്നത്. എല്ലാ അധികാരവും ജനകീയ കമ്മ്യൂണുകള്ക്കായിരുന്നു. ഗാന്ധി പറഞ്ഞ ഗ്രാമസ്വരാജ് ആയിരുന്നു ചൈനയിലെ ജനകീയ കമ്മ്യൂണ്. സാമ്രാജ്യത്വ മാധ്യമങ്ങള് അതിനെയൊക്കെ തമസ്കരിക്കുകയായിരുന്നു. ആ സമയത്ത് സോവിയറ്റ് യൂണിയനൊക്കെ മുതലാളിത്ത പാതയിലേക്ക് പോയിക്കഴിഞ്ഞിരുന്നു, അവരും സാമ്രാജ്യത്വ തമസ്കരണത്തിന്റെ ഭാഗമായി. ഇന്ത്യയില് സിപിഐയും സിപിഎമ്മും പോലുള്ള തിരുത്തല്വാദ പാര്ട്ടികള് ബൂര്ഷ്വാ പാര്ലമെന്ററി വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ടു കഴിഞ്ഞപ്പോള് അവരും സാംസ്കാരിക വിപ്ലവത്തെയും ജനകീയ കമ്മ്യൂണുകളെയും ഒക്കെ എതിര്ത്തു. അവരുടെ മോഡല് പിണറായി മോഡലാണ്, സിപിഎം-സിപിഐ മുന്നോട്ടുവയ്ക്കുന്നത് പിണറായി മോഡലാണ്. ബ്യൂറോക്രാറ്റിക് കമ്മ്യൂണിസം ആണ് അത്. പേര് കമ്മ്യൂണിസവും ബ്യൂറോക്രസിയും. ബ്യൂറോക്രാറ്റിക് മുതലാളിത്തം ആണത്. അത്തരമൊരു നീക്കത്തിനെതിരായിരുന്നു ചൈനയിലെ സംസ്കാരികവിപ്ലവം. സാമ്രാജ്യത്വശക്തികള് അതിനെ അടിച്ചമര്ത്തല് എന്നാക്ഷേപിച്ചു പക്ഷേ ലോകം മുഴുവന് അടിച്ചമര്ത്തുന്നത് ആരാണ് കമ്മ്യൂണിസ്റ്റുകള് ആണോ? യുക്രൈനിലും പലസ്തീനിലുമൊക്കെ എന്താണ് നടക്കുന്നത്?
അപ്പോള് സോവിയറ്റ് യൂണിയനും കമ്മ്യൂണിസ്റ്റ് അല്ല?
കുറച്ചുകാലം അവര് കമ്മ്യൂണിസ്റ്റ് ആയിരുന്നു. കമ്മ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് പരിവര്ത്തനം നടത്തിയ രാജ്യമായിരുന്നു. പക്ഷേ, സ്റ്റാലിന്റെ അവസാനകാലം ആകുമ്പോഴേക്കും അവിടെയും ഫാഷിസം ശക്തിപ്പെട്ടു, സോഷ്യലിസ്റ്റ് പാതക്കെതിരെ മുതലാളിത്തപാതക്കാര് വളര്ന്നുവന്നു. സ്റ്റാലിനുശേഷം അവര് അധികാരം പിടിച്ചെടുത്തു, സോവിയറ്റ് യൂണിയനെ സോഷ്യല് സാമ്രാജ്യത്വമാക്കി. സോവിയറ്റ് യൂണിയന് പിന്നീട് ശിഥിലീകരിച്ചു. വിയറ്റ്നാമിലും ഉത്തര കൊറിയയിലും സോഷ്യലിസ്റ്റ് പരിവര്ത്തനം ഉണ്ടാകാന് തുടങ്ങിയതാണെങ്കിലും അവ സാമ്രാജ്യത്വത്തിന്റെ സ്വാധീനത്തില്പ്പെട്ട് ചങ്ങാത്ത മുതലാളിത്തത്തിന്റെ രീതിയിലേക്ക് പോയി. ഇന്ത്യയില് കോണ്ഗ്രസും ബിജെപിയും സിപിഎമ്മും തമിഴ്നാട്ടിലെ സ്റ്റാലിനും നടപ്പാക്കുന്നത് ചങ്ങാത്ത മുതലാളിത്തമാണ്. അവര് കോര്പ്പറേറ്റുകളുടെ കൈപ്പിടിയിലാണ്. ജനങ്ങളിലേക്ക് അധികാരം എത്തുന്നില്ല. ആധുനിക സാങ്കേതികവിദ്യകളൊക്കെ ജനങ്ങള്ക്കെതിരായാണ് പ്രയോഗിക്കുന്നത്. ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ മാര്ക്സിസത്തിന് മുന്നോട്ട് പോകാനാവില്ല.
ബൂര്ഷ്വാ ജനാധിപത്യത്തിന്റെ നല്ല പല അംശങ്ങളും ഇന്നും പലയിടത്തും കാണാനാകും. അതിനെ മറികടക്കുന്ന ഒരു സോഷ്യലിസ്റ്റ് ജനാധിപത്യം ഉണ്ടാകണം. സോഷ്യലിസത്തില് നിന്ന് വ്യതിചലിച്ച രാജ്യങ്ങളൊക്കെ ബൂര്ഷ്വാ ജനാധിപത്യത്തെക്കാളും പിന്നിലേക്ക് പോയിരിക്കുന്നു. ഫാഷിസം നിലവിലുണ്ടായിരുന്ന ഇറ്റലിയിലും പോലും ജര്മ്മനിയിലും പോലും പലസ്തീനെ അനുകൂലിച്ച് പ്രകടനങ്ങള് നടക്കുന്നുണ്ട്. അത്തരം റിപ്പോര്ട്ടുകള് ചൈനയിലും റഷ്യയിലും നിന്ന് വരുന്നില്ല. അവര് അവരുടെ സ്വന്തം കാര്യങ്ങളില് മാത്രം ഏര്പ്പെട്ടിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങളുമായി സംവദിക്കാന് മാര്ക്സിസ്റ്റുകളും നക്സലൈറ്റുകളും തയ്യാറാകണം. ചൈനയില് മാവോ കൈക്കൊണ്ട സൈനികലൈന് യാന്ത്രികമായി പിന്തുടര്ന്ന് ഇന്ത്യയില് വിപ്ലവം നടത്താമെന്ന മിഥ്യാധാരണയിലാണ് മാവോയിസ്റ്റുകള്. അതിനാല് ഞങ്ങള് മാവോയിസ്റ്റുകള്ക്ക് എതിരാണ്. പിഡബ്ല്യുജി ജനറല് സെക്രട്ടറിയായിരുന്ന കൊണ്ടപ്പള്ളി സീതാരാമയ്യ, ഗണപതി തുടങ്ങിയ നേതാക്കളുമായി ഞാന് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
2011-ല് ബംഗാളില് വച്ച് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കിഷന്ജിയുമായി സംസാരിച്ചിട്ടുണ്ടോ? കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില് കീഴടങ്ങിയ ഭൂപതിയുടെ സഹോദരനായിരുന്നല്ലോ?
അവരൊക്കെ എന്റെ അടുത്ത തലമുറയില് പെട്ടവരാണ്..
നക്സല്ബാധിത പ്രദേശങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നത് പ്രസ്ഥാനം ദുര്ബലമായതുകൊണ്ടോ അതോ, പോലീസ് നടപടികള് ശക്തിപ്പെട്ടതുകൊണ്ടോ?
മാവോയിസ്റ്റുകളുടെ പ്രധാന ശക്തികേന്ദ്രങ്ങളില് ഒന്നാണ് ഛത്തീസ്ഗഡ്. അവിടെ ബസ്തര് മേഖലയില് ആദിവാസികള് അറുപതു ശതമാനത്തോളം വരും. ഭരണഘടനയുടെ ആറാം ഷെഡ്യൂളില് പെടുത്തി സ്വയംഭരണാവകാശം ഉള്പ്പെടെയുള്ള അധികാരങ്ങള് അവര്ക്ക് നല്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള് സമരം തുടങ്ങിയതാണ്. മേഖലയിലെ ധാതുസമ്പത്ത് കൊള്ളയടിക്കാന് കോര്പ്പറേറ്റുകള് പ്രവര്ത്തിക്കുന്നുണ്ട്. അവക്കെതിരായ ജനകീയസമരങ്ങളില് ഞങ്ങളുമുണ്ടായിരുന്നു. പക്ഷേ മാവോയിസ്റ്റുകള് നിലയുറപ്പിച്ചപ്പോള് മറ്റുള്ളവരെയൊക്കെ പുറത്താക്കി. അവര് സൈനിക ലൈനിലൂടെ പരിഹാരത്തിന് ശ്രമിച്ചു. സമരങ്ങളില് വിജയിക്കണമെങ്കില് ജനകീയശക്തി വേണം. മാവോവാദികള് അതിന് ഊന്നല് നല്കാതെ സായുധശക്തിക്ക് ഊന്നല് നല്കി. ലോകത്തിലെ നാലാമത്തെയോ മൂന്നാമത്തെയോ ഏറ്റവും വലിയ സൈന്യമാണ് ഇന്ത്യയ്ക്കുള്ളത്. ഒരു ചെറിയ പ്രദേശത്തെ ഏതാനും ഗറില്ലാഗ്രൂപ്പുകള്ക്ക് ആ സൈന്യത്തെ ചെറുത്തുനില്ക്കാനാവുമോ? ജനകീയസമരമാണ് നമ്മുടെ മാര്ഗം. ആ സമരത്തിന് സഹായമായി വേണമെങ്കില് ആയുധം ഉപയോഗിക്കാം. അതും ജനങ്ങള്ക്ക് താല്പര്യമുണ്ടെങ്കില് മാത്രം.
മാവോയിസ്റ്റുകള് തങ്ങളുടെ സ്വാധീന മേഖലകളില് സ്കൂളും ആശുപത്രിയും പാലവും മറ്റും അടിസ്ഥാന സൗകര്യങ്ങളും നിര്മ്മിക്കാന് അനുവദിക്കുന്നില്ല, കുട്ടികളെ പോരാട്ടത്തിനിറക്കുന്നു, നിര്ബന്ധിത പണപ്പിരിവ് നടത്തുന്നു എന്നൊക്കെയാണ് ആരോപണങ്ങള്?
ജനങ്ങളാണ് വിപ്ലവം നടത്തേണ്ടത് എന്നാണ് മാര്ക്സിസം പഠിപ്പിക്കുന്നത്. ജനങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയമായി നയിക്കുകയാണ് കമ്മ്യൂണിസ്റ്റുകള് ചെയ്യേണ്ടത്. ബൂര്ഷാ പാര്ലമെന്ററി സമ്പ്രദായത്തില് ഒതുങ്ങി നില്ക്കാതെ എല്ലാ സമരമാര്ഗങ്ങളും വഴി ജനങ്ങളെ സംഘടിപ്പിച്ച് വിപ്ലവം നടത്തണം. ലാറ്റിനമേരിക്കയിലും മറ്റ് പലയിടങ്ങളിലും അത്തരം കലാപങ്ങള് നടക്കുന്നുണ്ട്. ഇവിടെ സിപിഐ എംഎല് പ്രസ്ഥാനങ്ങള് അടിസ്ഥാനപരമായ പല പ്രശ്നങ്ങളിലും ജനങ്ങളെ സംഘടിപ്പിക്കുന്നുണ്ട്. അതിലൊന്നും പങ്കെടുക്കാതെ ആദിവാസി മേഖലയില് ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് സായുധസമരത്തിന്റെ ലൈന് മാത്രമാണ് മാവോയിസ്റ്റുകള് സ്വീകരിച്ചത്. അവര് വിപ്ലവത്തിന്റെ കരാറുകാരായി. കമ്മ്യൂണിസ്റ്റുകാര് വിപ്ലവത്തിന്റെ കോണ്ട്രാക്ട് ഏറ്റെടുക്കേണ്ട കാര്യമില്ല.
Published: 19 Oct 2025, 10:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented