ന്യൂഡൽഹി: ആയുധധാരികളായ നക്സലുകളെ തുടച്ചുനീക്കിയെങ്കിലും നക്സലിസത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവശേഷിക്കുന്നത് രാഷ്ട്രീയ പാർട്ടികളിൽ നുഴഞ്ഞുകയറിയിട്ടുള്ള 'ദിമാഗി നക്സലുകൾ' ആണെന്നും അവരിൽനിന്ന് രാജ്യത്തെ രക്ഷപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ കരൺപൂരിലുള്ള സിആർപിഎഫ് ക്യാമ്പിൽ ദീപാവലി ആഘോഷവേളയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിലും മോദി സമാനമായ പരാമർശം നടത്തിയിരുന്നു.
രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള നിരവധി സംഘടനകളിൽ 'ദിമാഗി നക്സലുകൾ' നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവർ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരേ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നും ബസ്തറിൽ അദ്ദേഹം ആരോപിച്ചു. നാം ഇത്തരം ഘടകങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുകയും രാജ്യത്തെ സുരക്ഷിതമാക്കുകയും വേണമെന്നും മോദി വ്യക്തമാക്കി.
രാജ്യത്തിന്റെ ശരിയായ നയങ്ങളുടെയും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും വിജയമാണ് മാവോയിസ്റ്റ് ഭീകരതയുടെ ഉന്മൂലനമെന്നും മോദി പറഞ്ഞു. 'ഈ വിജയങ്ങൾക്കിടയിൽ, നാം മറ്റൊരു കാര്യം കൂടി ഓർക്കണം. നക്സലൈറ്റുകളെ ഉന്മൂലനം ചെയ്തിട്ടുണ്ട്, എന്നാൽ ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ല. സായുധരായ നക്സലൈറ്റുകൾ കാടുകളിൽനിന്ന് അപ്രത്യക്ഷരായി, എന്നാൽ, ദിമാഗി നക്സലുകൾ പല സംഘടനകളുടെയും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴും അവർ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരേ ജനങ്ങളെ പ്രേരിപ്പിക്കുന്നു. അവർ നിരവധി രാഷ്ട്രീയ പാർട്ടികളിലും വിവിധ സംഘടനകളിലും നുഴഞ്ഞുകയറിയിട്ടുണ്ട്. നാം അവരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുകയും രാജ്യത്തെ സുരക്ഷിതമാക്കുകയും വേണം', മോദി പറഞ്ഞു.
നേരത്തെയുള്ള സർക്കാരുകൾ സുരക്ഷാസേനയുടെ കൈകൾ കെട്ടിയിട്ടിരുന്നു. മാവോയിസ്റ്റ് ആക്രമണങ്ങൾ നടന്നു. എന്നാൽ, ഫലപ്രദമായി തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം സുരക്ഷാ സേനയ്ക്ക് ഉണ്ടായിരുന്നില്ല. ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള സ്വാതന്ത്ര്യം തന്റെ സർക്കാരാണ് സുരക്ഷാ സേനയ്ക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനങ്ങളിൽനിന്ന് ഇടതുതീവ്രവാദത്തിന് ലഭിച്ച പിന്തുണ അവസാനിപ്പിക്കാനും തന്റെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഒരു അമ്മയ്ക്കും തന്റെ കുഞ്ഞിനെ നഷ്ടപ്പെടരുത്, ഒരു കുടുംബവും തകർച്ചയിലേക്ക് തള്ളിയിടപ്പെടരുത്, ഒരു കുട്ടിയും ആയുധമെടുക്കരുത്, ഒരു യുവാവിന്റെയും ഭാവി നശിപ്പിക്കപ്പെടരുത് എന്നത് ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ലക്ഷ്യം കൈവരിക്കുന്നതുവരെ ഞങ്ങൾ ഈ പ്രതിജ്ഞയോട് പ്രതിബദ്ധത പുലർത്തി. പരസ്യങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ, ഞങ്ങൾ സംവേദനക്ഷമതയോടെ പ്രവർത്തിക്കുകയും മാവോയിസ്റ്റ് ഭീകരരുടെ നട്ടെല്ലൊടിക്കുകയും ചെയ്തു. നക്സൽ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ഞങ്ങൾ മാറ്റിമറിച്ചു, നക്സലിസത്താൽ കഷ്ടപ്പെടുന്നവരെ സർക്കാരിനൊപ്പം ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചു. കള്ളനോട്ട് ശൃംഖലകളെ നശിപ്പിക്കാനും നക്സലൈറ്റുകളുടെയും വിഘടനവാദികളുടെയും വിതരണ ശൃംഖല തടസ്സപ്പെടുത്താനും സർക്കാർ തീരുമാനങ്ങൾ കാരണമായി' മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 47 വർഷത്തിനിടയിൽ ആദ്യമായി, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഡ്യൂട്ടിക്കിടെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരാരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Content Highlights: Prime Minister Narendra Modi stated that armed Naxals have been largely eradicated from forests., Modi warned about 'Dimagi Naxals' infiltrating political parties and various organizations., He emphasized that security forces were previously tied down, but his government gave them full freedom to act., CRPF recorded zero casualties on duty over the past year for the first time in 47 years.
Published: 08 Nov 2026, 03:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented