
ന്യൂഡൽഹി: വനാന്തരങ്ങളിലെ സായുധരായ നക്‌സലുകളെ ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും തലച്ചോറിൽ നക്‌സലിസം ശേഷിക്കുന്നവർ ഇന്ത്യയിൽ ഇപ്പോഴും തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അക്രമവഴിയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്ന ഇത്തരം വ്യക്തികളെ ഒറ്റപ്പെടുത്തണം. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റ് ചിന്താഗതിയുള്ളവർ പൊതുജീവിതത്തിലും വിവിധ സർക്കാർ കമ്മിറ്റികളിലും വർഷങ്ങളായി സ്വാധീനം ചെലുത്തിയിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സായുധരായ നക്‌സലുകളിൽനിന്ന് രാജ്യത്തെ മുക്തമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ 'ദിമാഗി നക്‌സലുകൾ' (നക്‌സലൈറ്റ് ആശയമുള്ളവർ) അക്രമത്തിനുള്ള വഴികൾ ഇപ്പോഴും തിരയുകയാണ്. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് ഇത്തരം ആളുകളെ തിരിച്ചറിഞ്ഞ് മാറ്റിനിർത്തണമെന്നും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.
നക്‌സലിസംമൂലം ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങളാണ് തകർന്നത്. തോക്കിൻമുനയിൽ രാജ്യത്തിന്റെ വലിയൊരു ഭാഗത്തേയും ജനങ്ങളേയും നാലുപതിറ്റാണ്ടോളമാണ് ഇക്കൂട്ടർ ബന്ദികളാക്കിയത്. ഇതിലൂടെ രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ അവർ തകർക്കാൻ ശ്രമിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പോരാട്ടങ്ങളിൽ 3,500-ലധികം സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായത്. യുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരേക്കാൾ കൂടുതൽ വരും ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട പോലീസുകാരുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു.
2014-ൽ അധികാരത്തിലെത്തിയപ്പോൾ രാജ്യത്തെ നക്‌സലിസത്തിൽനിന്ന് മോചിപ്പിക്കണമെന്ന് ഉറപ്പിച്ചിരുന്നു. 80 വർഷത്തെ സ്വാതന്ത്ര്യത്തിനുശേഷം ഇന്ന് ഇന്ത്യ നക്‌സലിസത്തിന്റെ പിടിയിൽനിന്ന് പൂർണമായി മുക്തമായിക്കൊണ്ടിരിക്കുകയാണ്. നക്‌സലിസത്തിന് ഇന്ന് ശ്വാസമെടുക്കാൻപോലും ശേഷിയില്ലാത്ത അവസ്ഥയാണെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ പരാമർശത്തിനെതിരേ കോൺഗ്രസ് രംഗത്തെത്തി. മുൻപ് തന്റെ രാഷ്ട്രീയ എതിരാളികളെ അർബൻ നക്‌സലുകൾ എന്നുവിളിച്ചിരുന്ന മോദി, ഇപ്പോൾ ദിമാഗി നക്‌സലുകൾ എന്നുവിളിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ നിരാശയാണ് വ്യക്തമാക്കുന്നത്. ദിമാഗി നക്‌സൽ എന്നുവിളിച്ച് ആക്ഷേപിക്കുന്ന ആളുകൾ ആവശ്യപ്പെടുന്ന കാര്യങ്ങൾതന്നെയാണ് പിന്നീട് അദ്ദേഹത്തിന്റെ സർക്കാരിന് നടപ്പിലാക്കേണ്ടിവരുന്നത്. രാഷ്ട്രീയതന്ത്രത്തിലെ Master Abuser (മഹാ അധിക്ഷേപകൻ) ആയതുകൊണ്ടാണ് മോദിക്ക് എം.എ. ബിരുദം കിട്ടിയത്. അത് വെറുതേ കിട്ടിയതല്ലെന്നും ജയ്‌റാം രമേശ് പരിഹസിച്ചു.
Content Highlights: PM Modi addressed the nation from the Red Fort on Independence Day., Highlighted the elimination of armed Naxalism while warning against 'Dimagi Naxalism'. Jairam Ramesh Replied him
Published: 15 Aug 2026, 02:47 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented