ശത്രുരാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളിലേക്ക് നുഴഞ്ഞുകയറി, അവരുടെ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തി സ്വന്തം രാജ്യത്തിന് കൈമാറുന്ന ചാരന്മാരും അവരുടെ അപകടകരവും സാഹസികവുമായ ജീവിതവും ചരിത്രത്തില്‍ ഒരപൂര്‍വതയല്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രത്തെ ദീര്‍ഘകാലം വഞ്ചിച്ച് അവരുടെ ഏറ്റവും വലിയ ശത്രുരാജ്യത്തിന്റെ ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ച ഒരു ചാരന്‍ ലോക ചരിത്രത്തില്‍ ഏറെയൊന്നും ഉണ്ടാകില്ല. ലോകത്തിലേറ്റവും മികച്ച രഹസ്യാന്വഷണ ഏജന്‍സികള്‍ എന്ന് പേര് കേട്ട എം.ഐ6നെയും സിഐഎയുമാണ് അയാള്‍ ഒരു പതിറ്റാണ്ടിലേറെക്കാലം മണ്ടന്മാരാക്കിയത്. ലോകത്തിലേറ്റവും കൗശലക്കാരനായ ഡബിള്‍ ഏജന്റ് എന്ന വിശേഷിപ്പിക്കപ്പെട്ട കിം ഫില്‍ബിയുടെ ജീവിതം ഒരു സ്‌പൈ സിനിമയേക്കാള്‍ വലിയ ത്രില്ലറായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തും തുടര്‍ന്ന് ശീതയുദ്ധകാലത്തും ബ്രിട്ടണില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ സോവിയറ്റ് യൂണിയന് കൈമാറുകയും പിടിക്കപ്പെടുമെന്നായപ്പോള്‍ സോവിയറ്റ് യൂണിയനിലേക്ക് കടന്നുകളയുകയും ചെയ്ത ലോകപ്രശസ്തനായ സോവിയറ്റ് ഡബിള്‍ ഏജന്റാണ് കിം ഫില്‍ബി. ഇന്നും ലോക ചരിത്രത്തില്‍ ഫില്‍ബിയെ വെല്ലുന്നൊരു ഡബിള്‍ ഏജന്റിനെ കണ്ടെത്താന്‍ സാധിക്കില്ല.

To advertise here,

ബ്രിട്ടീഷ് ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ ഫില്‍ബിയുടെ മകനായി 1912ലെ പുതുവത്സര ദിനത്തില്‍ ഇന്ത്യയിലെ ഹരിയാണയിലെ അംബാലയിലാണ് കിം ഫില്‍ബി ജനിക്കുന്നത്. ചാരക്കഥകളില്‍ ആകൃഷ്ടനായിരുന്ന പിതാവ്, റുഡ്യാഡ് കിപ്ലിങ്ങിന്റെ നോവലിലെ ഒരു ചാര കഥാപാത്രത്തിന്റെ പേരായിരുന്നു മകന് നല്‍കിയത്. വിദ്യാഭ്യാസത്തിന്റെ ഭാഗമായി ബ്രിട്ടണിലേക്ക് മടങ്ങിയ കിം ഫില്‍ബി വെസ്മിന്‍സ്റ്റര്‍ സ്‌കൂളിലും പിന്നീട് കേബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും ചേര്‍ന്നു. കേംബ്രിഡ്ജിലെ വിദ്യാഭ്യാസ കാലത്താണ് ഫില്‍ബി കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകൃഷ്ടനാവുന്നത്. ലോകത്ത് ഫാസിസം വളര്‍ന്നുവരുന്ന കാലമായിരുന്നു അത്. ഫില്‍ബി കാമ്പസിലെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകളില്‍ സജീവമായി. വൈകാതെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങി. ഫില്‍ബിയും കാമ്പസിലെ സമാന ആശയക്കാരായ സുഹൃത്തുക്കളും ചേര്‍ന്ന സംഘം പിന്നീട് കേംബ്രിഡ്ജ് ഫൈവ് എന്ന പേരിലാണ് അറിയപ്പെട്ടത്. ചരിത്രകാരനായിരുന്ന ആന്തണി ബ്ലണ്ടും ഈ സംഘത്തിന്റെ ഭാഗമായിരുന്നു. ഇക്കാലത്ത് തന്നെ ഇവര്‍ സോവിയറ്റ് രഹസ്യാന്വേഷണ സംഘടനയായ കെ.ജി.ബിയുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

കെ.ജി.ബി റിക്രൂട്ട് ചെയ്യുന്നു

ബിരുദം നേടിയ ശേഷം കിം ഫില്‍ബി വിയന്നയില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി നോക്കി. ഇക്കാലത്തും അദ്ദേഹം കെ.ജി.ബി ബന്ധങ്ങള്‍ തുടര്‍ന്നിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സോവിയറ്റ് അനുകൂല സംഘടനകളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചു. ഇക്കാലത്ത് സോവിയറ്റ് ഇന്റലിജന്‍സ് ഓഫീസറായിരുന്ന അര്‍ണോള്‍ഡ് ഡോയിച്ചായിരുന്നു കിമ്മിന്റെ സോവിയറ്റ് കോണ്‍ടാക്ട്. ഈ യുവ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റിന്റെ സാധ്യതകള്‍ മനസ്സിലാക്കിയ ഡോയിച്ച് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായുള്ള നേരിട്ടുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കാനും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നുഴഞ്ഞുകയറാനും പ്രേരിപ്പിച്ചു. ഇതിന് സമ്മതം മൂളിയതോടെ ഫില്‍ബിയെ കെ.ജി.ബി ഏജന്റായി റിക്രൂട്ട് ചെയ്തു. ഇതിന് ശേഷം ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘടനയായ എം.ഐ6ന്റെ ശ്രദ്ധ തന്റെ മേല്‍ പതിയാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതിനായി മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ നിരന്തരം സോവിയറ്റ് വിരുദ്ധ വാര്‍ത്തകളെഴുതി. കമ്മ്യൂണിസ്റ്റ് അനുഭാവികളായ സുഹൃത്തുക്കളുമായുള്ള ബന്ധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചു. 1940ല്‍ ഈ ശ്രമങ്ങള്‍ക്ക് ഫലം കണ്ടു. ഉന്നതവിദ്യാഭ്യാസവും നയതന്ത്ര കുടുംബ പശ്ചാത്തലവമുള്ള ഒരു ബ്രിട്ടീഷ് രാജ്യസ്‌നേഹിയായാണ് ഫില്‍ബിയെ എം.ഐ6 വിലയിരുത്തിയത്. എം.ഐ6ല്‍ ഗൈ ബര്‍ജസ് എന്ന ഉദ്യോഗസ്ഥനായിരുന്നു കിമ്മിന്റെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ബര്‍ജസും മറ്റൊരു സോവിയറ്റ് ഡബിള്‍ ഏജന്റായിരുന്നു. അതിനാല്‍ തന്നെ കേംബ്രിഡ്ജ് രാഷ്ട്രീയ ബന്ധങ്ങളൊന്നും ഏജന്‍സിയിലെ പ്രമുഖര്‍ അറിഞ്ഞില്ല.

placeholder
gettyimage

വളരെ പെട്ടെന്നായിരന്നു എം.ഐ6ല്‍ കിം ഫില്‍ബിയുടെ വളര്‍ച്ച. യുദ്ധം അവസാനിച്ചതോടെ എം.ഐ6 സോവിയറ്റ് കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം തലവനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പടിഞ്ഞാറന്‍ യൂറോപ്പിലെ സോവിയറ്റ് സ്വാധീനം തടയുകയായിരുന്നു ഈ വിഭാഗത്തിന്റെ പ്രധാന ഉത്തരവാദിത്വം. അക്കാലത്ത് സോവിയറ്റ് യൂണിയനിലെ ബ്രിട്ടീഷ് ചാരന്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് പോലും ഫില്‍ബിയോടായിരുന്നു. ഇതെല്ലാം അപ്പപ്പോള്‍ തന്നെ കെ.ജി.ബിയിലേക്ക് എത്തി. അപ്പോഴേക്കും ബ്രിട്ടണിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്റലിജന്‍സ് ഓഫീസര്‍മാരിലൊരാളായി അദ്ദേഹം പേരെടുത്തിരുന്നു. 1945ല്‍ മികച്ച സേവനത്തിന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഉന്നത പുരസ്‌കാരമായ ഒ.ബി.ഇ പോലും ലഭിക്കുകയുണ്ടായി.

രഹസ്യങ്ങള്‍ ചോരുന്നു, തിരിച്ചറിയാതെ അമേരിക്കയും ബ്രിട്ടണും

1949ല്‍ വാഷിങ്ടണിലെ ബ്രിട്ടീഷ് എംബസിയിലെ ഫസ്റ്റ് സെക്രട്ടറിയായി അദ്ദേഹം നിയമിക്കപ്പെട്ടു. നിയമിക്കപ്പെട്ട പദവി ഇതായിരുന്നെങ്കിലും മറ്റൊരു നിര്‍ണായക ഉത്തരവാദിത്വവുമായിട്ടായിരുന്നു ഫില്‍ബിയെ എം.ഐ6 അമേരിക്കയിലേക്കയച്ചത്. ബ്രിട്ടീഷ്-അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കിടയിലെ ഏറ്റവും പ്രധാന ലൈസണ്‍ ഓഫീസര്‍ എന്നതായിരുന്നു ആ ഉത്തരവാദിത്വം. സി.ഐ.എയും എം.ഐ.6ഉം തമ്മില്‍ നടക്കുന്ന എല്ലാ ഇടപാടുകളിലെയും മുഖ്യകണ്ണി കിം ഫില്‍ബിയായിരുന്നു. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെതിരായ നിര്‍ണായക നീക്കങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് ഇവിടെ വെച്ചായിരുന്നു. അമേരിക്കയും ബ്രിട്ടണും ചേര്‍ന്ന് സോവിയറ്റ് വിരുദ്ധ നീക്കങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതിന്റെ മുഖ്യ ആസൂത്രകനായി ഉണ്ടായിരുന്നത് ഒരു കെ.ജി.ബി ഡബിള്‍ ഏജന്റായിരുന്നുവെന്ന് ലോകത്തിലെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെട്ടിരുന്നു രണ്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഒരു സൂചന പോലും ഉണ്ടായിരുന്നില്ല.

അമേരിക്കയിലെ തന്ത്രപ്രധാനമായ ജോലിക്കിടെ അതിനിര്‍ണായകമായ രഹസ്യങ്ങളാണ് കിം ഫില്‍ബി സോവിയറ്റ് യൂണിയന് ചോര്‍ത്തിക്കൊടുത്തത്. എം.ഐ.6 ന്റെയും സി.ഐ.എയുടെയും നിര്‍ണായക വിവരങ്ങളെല്ലാം കിം വഴി സോവിയറ്റ് യൂണിയനിലെത്തിക്കൊണ്ടിരുന്നു. 1950ല്‍ അല്‍ബേനിയയിലേക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധരായ സായുധ സംഘങ്ങളെ അയക്കാനുള്ള തീരുമാനം കിം ചോര്‍ത്തി നല്‍കി. വിമതരെ പാര്യൂട്ടിൽ അല്‍ബേനിയയിലേക്ക് ഇറക്കുക എന്നതായിരുന്ന സഖ്യസേനയുടെ പദ്ധതി. പാരച്യൂട്ടിൽ അല്‍ബേനിയയില്‍ ഇറങ്ങിയ ഓരോ സംഘാംഗങ്ങളെയും കാത്തിരുന്നത് സോവിയറ്റ് സൈന്യത്തിന്റെ തോക്കുകകളായിരുന്നു. അതോടെ ഈ അട്ടിമറി നീക്കം പരാജയപ്പെട്ടു. കൊറിയന്‍ യുദ്ധത്തിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും നിര്‍ണായക നീക്കങ്ങളും ഇത്തരത്തില്‍ എതിര്‍ചേരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. പാരീസിലെ കാമുകിക്ക് എഴുതുന്ന കത്തുകളുടെ രൂപത്തിലായിരുന്നു അദ്ദേഹം വിവരങ്ങള്‍ കൈമാറിയിരുന്നത്. പിന്നീടുള്ള അന്വേഷണത്തില്‍ പാരീസിലെ സോവിയറ്റ് എംബസിയിലേക്കാണ് ഈ കത്തുകള്‍ എത്തിയിരുന്നതെന്ന് തെളിഞ്ഞിരുന്നു. അക്കാലത്ത് തുര്‍ക്കിയിലെ സോവിയറ്റ് ഉന്നത ഉദ്യോഗസ്ഥനായിരുന്ന വോള്‍ക്കോവ് ബ്രിട്ടണ് ഒരു കത്തയച്ചു. നല്ല പണം നല്‍കിയാല്‍ ബ്രിട്ടണിലെ റഷ്യന്‍ ചാരന്‍മാരുടെ പേര് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാമെന്നായിരുന്ന കത്തിന്റെ ഉള്ളടക്കം. കത്ത് കിട്ടിയത് തന്നെ ഫില്‍ബിയുടെ കയ്യിലായിരുന്നു. വൈകാതെ വോള്‍കോവിനെ കെ.ജി.ബി കൈകാര്യം ചെയ്തു.

placeholder
വിവാദങ്ങള്‍ക്കിടയില്‍ വിളിച്ച പത്ര സമ്മേളനത്തില്‍ കിം ഫില്‍ബി | gettyimage

എം.ഐ6ന്റെ സംശയമുന ഫില്‍ബിയിലേക്ക്

അക്കാലത്ത് എം.ഐ.6ല്‍ മറ്റ് രണ്ട് സോവിയറ്റ് ഡബിള്‍ ഏജന്റുമാര്‍ കൂടെ ഉണ്ടായിരുന്നു. ഡൊണാള്‍ഡ് മക്‌ലാരനും ഗയ് ബര്‍ജസും. ഇടക്കാലത്ത് ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ എം.ഐ.6ന് ചില സംശയങ്ങള്‍ വന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അതീവ രഹസ്യമായി നിരീക്ഷിക്കാന്‍ ഏജന്‍സി തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ ഫില്‍ബി വിവരം ഇവരെ അറിയിക്കുകയും ബ്രിട്ടണ്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് സോവിയറ്റ് യൂണിയനിലേക്ക് രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു. ഇവര്‍ സോവിയറ്റ് ഡബിള്‍ ഏജന്റുമാരാണെന്ന് വ്യക്തമായതോടെ ഫില്‍ബിയിലേക്കും എം.ഐ6ന്റെ സംശയദൃഷ്ടി പതിഞ്ഞു. ആ സമയത്ത് സോവിയറ്റ് യൂണിയനില്‍ നിന്ന് കൂറുമാറി ബ്രിട്ടണില്‍ രാഷ്ട്രീയ അഭയം തേടിയ ചിലര്‍ എം.ഐ6ന്റെ ഉന്നത സ്ഥാനത്ത് ഒരു സോവിയറ്റ് ഏജന്റ് ഇപ്പോഴുമുണ്ടെന്ന് വെളിപ്പെടുത്തിയതും കാര്യങ്ങളുടെ ഗതിമാറ്റി. സംശയം ബലപ്പെട്ടതോടെ ഏജന്‍സി ഫില്‍ബിയെ അറസ്റ്റ് ചെയ്ത് നിരവധി തവണ ചോദ്യം ചെയ്തു. എന്നാല്‍ അദ്ദേഹം ഡബിള്‍ ഏജന്റാണെന്ന് തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ ഫില്‍ബിക്കെതിരായ നിരവധി തെളിവുകള്‍ കൊണ്ടുവന്നുവെങ്കിലും വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ അതെല്ലാം തള്ളിക്കളഞ്ഞു. ഇതിനെക്കുറിച്ച് ഫില്‍ബി പിന്നീട് പറഞ്ഞത് നിരവധി തെളിവുകളുണ്ടായിട്ടും ബ്രിട്ടണിലെ വരേണ്യവര്‍ഗത്തില്‍ ജനിച്ച താന്‍ ഒരു ഒരു കമ്മ്യൂണിസ്റ്റാകുമെന്ന് വിശ്വസിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നാണ്. ഇതിനിടയില്‍ 1951ല്‍ ഫില്‍ബി എം.ഐ6ല്‍ നിന്ന് രാജി വെച്ചു.

ഏജന്‍സിയില്‍ നിന്ന് പുറത്തുവന്ന ഫില്‍ബി വീണ്ടും മാധ്യമപ്രവര്‍ത്തന മേഖലയിലേക്ക് തിരിഞ്ഞു. ഇതിനിടയില്‍ സോവിയറ്റ് ഡബിള്‍ ഏജന്റുമാരുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസില്‍ ചില വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചു. ഇതിലൂടെ കിം ഫില്‍ബി എന്ന പേര് വീണ്ടും ബ്രിട്ടണില്‍ ചര്‍ച്ചയായി. ഫില്‍ബിയുടെ സോവിയറ്റ് ബന്ധം മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം  ആരോപിച്ചു. സര്‍ക്കാര്‍ ഇത് നിഷേധിച്ചു. ഇതിനിടയില്‍ വിദേശകാര്യസെക്രട്ടറി ഹരോള്‍ഡ് മാക്മില്ലന്‍ കിം ഫില്‍ബിയെ നിരപരാധിയായി പ്രഖ്യാപിച്ചു. ഈ സമയത്തെല്ലാം വിളിച്ച വാർത്താസമ്മേളനങ്ങളിലെല്ലാം താനൊരു ദേശദ്രോഹിയോ ഡബിള്‍ ഏജന്റോ കമ്മ്യൂണിസ്റ്റോ അല്ലെന്ന് ഫില്‍ബി ആണയിടുന്നുണ്ട്. 1956ല്‍ ഒബ്‌സര്‍വര്‍, എക്കണോമിസ്റ്റ് എന്നീ പത്രങ്ങളുടെ പ്രതിനിധിയായി ഫില്‍ബി ബെയ്‌റൂത്തിലേക്ക് പോയി. കുറച്ച് നാളുകള്‍ക്ക് ശേഷം ബ്രിട്ടണില്‍ അഭയാര്‍ഥിയായി വന്ന മുന്‍ കെ.ജി.ബി ഉദ്യോഗസ്ഥന്‍ അനറ്റോളി ഗോളിസ്റ്റിന്‍ ഫില്‍ബി സോവിയറ്റ് ഡബിള്‍ ഏജന്റായിരുന്നുവെന്ന് എം.ഐ6 നോട് വെളിപ്പെടുത്തി. ഇത് ശരിവെക്കുന്ന തെളിവുകളും അദ്ദേഹം ഏജന്‍സിക്ക് കൈമാറി. ഇതോടെ ബെയ്‌റൂത്തില്‍ വെച്ച് ഏജന്‍സി ഫില്‍ബിയെ ചോദ്യം ചെയ്തു. തെളിവുകളുടെ മുന്നില്‍ പതറിയ ഫില്‍ബിയോട് സോവിയറ്റ് ചാരസംഘടനയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്താനും അന്വേഷണത്തോട് സഹകരിക്കാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തോളം ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പുകള്‍ തുടര്‍ന്നു.

placeholder
ഫില്‍ബിയുടെ രേഖകളും കുറിപ്പുകളും | gettyimage

മോസ്‌കോയിലേക്ക് രക്ഷപ്പെടുന്നു

നിക്കോളാസ് ഏലിയറ്റ് എന്ന എന്ന എം.ഐ6 ഉദ്യോഗസ്ഥനാണ് ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. നേരത്തെ ഏജന്‍സിയില്‍ ഫില്‍ബിയുടെ ഏറ്റവും അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ നിരപരാധിത്വത്തിനായി ഏറ്റവും കൂടുതല്‍ വാദിക്കുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു നിക്കോളാസ്. നാലാമത്തെ ദിവസം ഫില്‍ബിയെ താമസിപ്പിച്ചിരുന്ന കെട്ടിടത്തിലെത്തിയ ഏജന്റുമാര്‍ക്ക് അവിടെ അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. കിം ഫില്‍ബി രക്ഷപ്പെട്ടതായി ഞെട്ടലോടെ അവര്‍ മനസ്സിലാക്കി. തനിക്കായി ബെയ്‌റൂത്ത് മുഴുവന്‍ വലവിരിച്ച സി.ഐ.എയെയും എം.ഐ6നെയും വെട്ടിച്ച് 1963 ജൂലൈ 1 ന് കെ.ജി.ബി അയച്ച കപ്പലില്‍ ഫില്‍ബി മോസ്‌കോയിലേക്ക് കടന്നു. അതേസമയം ഫില്‍ബി ബ്രിട്ടണിലെത്തി വിചാരണ ചെയ്യാപ്പെട്ടാലുണ്ടാകുന്ന നാണക്കേടും രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഓര്‍ത്ത് എം.ഐ6 തന്നെയാണ് ഫില്‍ബിയെ മോസ്‌കോയിലേക്ക് വിട്ടയച്ചതെന്നും വാദങ്ങളുണ്ട്. വൈകാതെ ഫില്‍ബി മോസ്‌കോയിലുണ്ടെന്നും തങ്ങള്‍ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കിയതായും സോവിയറ്റ് യൂണിയന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടണില്‍ വലിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. സര്‍ക്കാരും ഇന്റലിജന്‍സ് സംവിധാനങ്ങളും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. മുഖ്യധാരാ മാധ്യമങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പരമ്പരകള്‍ ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെട്ടു. ഫില്‍ബി കേംബ്രിഡ്ജ് ഫൈവ് അംഗമായിരുന്നുവെന്നും അക്കാലത്ത് തന്നെ കെ.ജി.ബി റിക്രൂട്ട് ചെയ്തിരുന്നുവെന്നും മാധ്യമങ്ങള്‍ കണ്ടെത്തി. 

മോസ്‌കോയിലെത്തിയ ഫില്‍ബിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. കെ.ജി.ബിയില്‍ ഉന്നത പദവി അദ്ദേഹത്തിന് ലഭിച്ചു. വൈകാതെ കെ.ജി.ബിയുടെ പുതിയ ഏജന്റുമാരുടെ ട്രെയിനിങ് ചുമതല ഉള്‍പ്പടെ അദ്ദേഹത്തിന് ലഭിച്ചു. 1968ല്‍ കിം ഫില്‍ബിയുടെ അനുഭവക്കുറിപ്പുകള്‍ മൈ സൈലന്റ് വാര്‍ എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങി. വിദ്യാര്‍ഥി കാലം മുതലേ താനൊരു കമ്മ്യൂണിസ്റ്റായിരുന്നുവെന്നും താനൊരിക്കലും ഒരു ഡബിള്‍ ഏജന്റല്ലെന്നും ഒരു സാമ്രാജ്യത്വ സര്‍ക്കാര്‍ ഏജന്‍സിക്കുള്ളില്‍ നുഴഞ്ഞുകയറിയ സോവിയറ്റ് ഏജന്റാണെന്നും ഫില്‍ബി പുസ്‌തകത്തില്‍ പറഞ്ഞു. ഹിറ്റ്‌ലര്‍ക്കെതിരായി പാശ്ചാത്യ രാജ്യങ്ങള്‍ കാര്യമായി ഒന്നും ചെയ്യില്ലെന്ന് മനസ്സിലാക്കിയതോടെയാണ് താന്‍ സോവിയറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും വെളിപ്പെടുത്തി. സോവിയറ്റ് യൂണിയന് വേണ്ടി ഇംഗ്ലണ്ടിലും അമേരിക്കയിലുമെല്ലാം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം പുസ്‌തകത്തില്‍ വിശദമായി എഴുതി. തങ്ങള്‍ക്ക് സംഭവിച്ച പല പരാജയങ്ങള്‍ക്കും കാരണം ഫില്‍ബിയായിരുന്നുവെന്ന് അപ്പോഴാണ് ബ്രിട്ടന് വ്യക്തമായത്. കണ്ടെത്തിയതിലും എത്രയോ വലിയ കാര്യങ്ങളാണ് ഫില്‍ബി ഏജന്‍സിക്കുള്ളില്‍ നടത്തിയതെന്ന് അവര്‍ തിരിച്ചറിഞ്ഞു. കുറച്ച് സുഹൃത്തുക്കളെ വഞ്ചിക്കേണ്ടി വന്നതിലൊഴിച്ച് മറ്റൊരു കാര്യത്തിലും തനിക്ക് കുറ്റബോധമില്ലെന്നും പുസ്തകത്തിലൂടെ ഫില്‍ബി വ്യക്തമാക്കിയിരുന്നു.

placeholder
ഭാര്യ റൂഫിന പുഖോവയ്‌ക്കൊപ്പം മോസ്‌കോയില്‍ | gettyimage

ദീര്‍ഘകാലം കിം ഫില്‍ബി കെ.ജി.ബിയില്‍ തുടര്‍ന്നു. ഏജന്‍സിയുടെ അമേരിക്കന്‍ ഓപ്പറേഷൻസിന്റെ വിദഗ്ധനായിരുന്നു അദ്ദേഹം. വിരമിച്ചശേഷവും കെ.ജി.ബിയുടെ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ഏജന്റുമാരെ പരിശീലിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ സേവനം കെ.ജി.ബി ഉപയോഗിച്ചു. സോവിയറ്റ് അനുകൂല രാജ്യങ്ങളിലെ ചാര സംഘടനകള്‍ക്ക് ക്ലാസുകളെടുക്കാനും ഫില്‍ബി പോകാറുണ്ടായിരുന്നു. സാമ്രാജ്യത്വ രാജ്യങ്ങളെ എങ്ങനെ പരാജയപ്പെടുത്താമെന്നും എങ്ങനെ കബളിപ്പിക്കാമെന്നും ഫില്‍ബി അവരോട് വിവരിച്ചു. ഇക്കാലത്തിനിടയില്‍ ഓര്‍ഡര്‍ ഓഫ് ലെനിന്‍ ഉള്‍പ്പടെയുള്ള സോവിയറ്റ് യൂണിയന്റെ നിരവധി ഉന്നത ബഹുമതികള്‍ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1988ല്‍ തന്റെ 76ാമത്തെ വയസില്‍ കിം ഫില്‍ബി അന്തരിച്ചു. ഒരു സോവിയറ്റ് വീരനായി പ്രഖ്യാപിച്ച് വലിയ ഔദ്യോഗിക ചടങ്ങുകളോടെയായിരുന്നു അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടന്നത്. അവസാനകാലത്ത് കിം കടുത്ത മദ്യപാനത്തിന് അടിമയായിരുന്നെന്നും താന്‍ ചെയ്തുപോയ തെറ്റുകള്‍ക്ക് പശ്ചാത്തപിച്ചിരുന്നുവെന്നും പിന്നീട് ബ്രിട്ടീഷ്  മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.