ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ദുരൂഹസാഹചര്യത്തിൽ ഇറാന്റെ തലസ്ഥാനമായ ടെഹറാനിൽ വെച്ച് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല. പക്ഷേ, കൊലയാളികളുടെ നിഴൽ പോലും അവശേഷിപ്പിക്കാത്ത കൊലപാതകരീതിയും ഉന്നത സാങ്കേതികവിദ്യയുടെ ഉപയോഗവും വിരൽചൂണ്ടുന്നത് ഇസ്രായേലി ചാരസംഘടന മൊസാദിനുള്ളിലെ കിഡോൺ എന്ന കുപ്രസിദ്ധ ഘാതകസംഘത്തിനു നേർക്കാണ്. ലക്ഷ്യത്തെ മാത്രം കൃത്യമായി വകവരുത്തുന്നതിൽ ഇവർക്കൊപ്പം വൈദഗ്ധ്യമുള്ളവർ ലോകത്ത് വേറെയുണ്ടാവില്ല. ഇസ്രായേലിന്റെ എതിരാളികളുടെ പേടിസ്വപ്നമായ കിഡോൺ, മൊസാദിനകത്തെ മൊസാദാണ്, ദി അൾട്ടിമേറ്റ് കില്ലർ സ്‌ക്വാഡ്. ദുരൂഹമായ വഴികളിലൂടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷരാവുന്ന നിഴൽക്കൊലയാളിസംഘം. അവരാരെന്നോ, എവിടെ നിന്നു വരുന്നെന്നോ എന്താണവരുടെ ലക്ഷ്യമെന്നോ മനസ്സിലാക്കി വരുമ്പോഴേയ്ക്കും അവരുണ്ടായിരുന്ന സ്ഥലത്ത് ഒരു വിരലടയാളം പോലും ബാക്കിയുണ്ടാവില്ല!

To advertise here,

ബുധനാഴ്ച പുലർച്ചെയായിരുന്നു ഹനിയയെ വകവരുത്തിയ സ്ഫോടനമുണ്ടായത്. വടക്കൻ ടെഹറാനിൽ കനത്ത സുരക്ഷയുള്ള ഒരു അതിഥി മന്ദിരത്തിൽ താമസിക്കുകയായിരുന്ന ഹനിയ്യയെ കൊന്നത് അദ്ദേഹത്തെ മാത്രം ലക്ഷ്യം വെച്ച ഒരു മിസൈൽ ആക്രമണമാണെന്നായിരുന്നു ആദ്യനിഗമനം. അയൽരാജ്യങ്ങളായ തുർക്ക്മെനിസ്താൻ, അസർബെയ്ജാൻ എന്നിവിടങ്ങളിൽ നിന്നോ, അതല്ല, ഇറാനിൽ നിന്നു തന്നെയോ ആയിരിക്കാം ആക്രമണമെന്ന് വാദമുയർന്നു. ഇപ്പോൾ കേൾക്കുന്നത് രണ്ടുമാസം മുമ്പ് ഈ അതിഥി മന്ദിരത്തിൽ സ്ഥാപിച്ച ബോംബ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പൊട്ടിച്ചായിരുന്നു കൊലപാതകമെന്നാണ്. ഈ സ്ഥലത്ത് മുമ്പും ഹനിയ താമസിച്ചിട്ടുണ്ട്. അടുത്ത വരവിന് പൊട്ടിക്കാൻ കരുതിവെച്ചിരുന്നതായിരിക്കണം ഈ ബോംബ്. ഹനിയ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ ഒരു പലസ്തീൻ തീവ്രവാദി നേതാവുണ്ടായിരുന്നെങ്കിലും അയാളെ തൊട്ടില്ല. അത്രയ്ക്ക് കണിശവും ആസൂത്രിതവുമായിരുന്നു ആക്രമണം.

പ്രസിഡന്റ് പെഷെസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സർക്കാർ അതിഥിയായെത്തിയ ഹനിയയുടെ വധം ഇറാനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചിട്ടുള്ളത്. പ്രത്യേകിച്ചും മധ്യപൂർവേഷ്യയിൽ തങ്ങളുടെ മേധാവിത്വം പ്രകടിപ്പിക്കാൻ അവർക്ക് താത്പര്യമേറുന്ന ഇക്കാലത്ത്. മേഖലയിലെ വലിയ സൈനിക ശക്തിയായ ഇറാനിൽ വളരെ അനായാസമായി ആരെയും വധിച്ചു മടങ്ങാൻ ഇസ്രായേലിനാവുമെന്ന പ്രതീതി ലോകത്തുണ്ടാവുന്നതിന്റെ അപകടം മറ്റാരെക്കാളും നന്നായി അവർക്കറിയാം. 2020-ൽ ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസ്സാദെയെ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന മെഷീൻ ഗൺ ഉപയോഗിച്ച് ഒറ്റ മിനിട്ടു കൊണ്ട് വധിച്ചത് മധ്യേഷ്യയിലാകെ നടുക്കമുണ്ടാക്കിയിരുന്നു. ശാസ്ത്രജ്ഞനൊപ്പമുണ്ടായിരുന്ന പത്നിയടക്കം മറ്റാർക്കും പരിക്ക് പോലും ഉണ്ടായില്ല!

കിഡോണിന്റെ മുഖമുദ്രയാണ് ഇത്തരം അതീവകൃത്യതയുള്ള അതിരഹസ്യ ഓപ്പറേഷനുകൾ. കിഡോണിന് ഹീബ്രൂ ഭാഷയിൽ കുന്തമുന എന്നാണർത്ഥം. അതേ, ഇസ്രായേലിന്റെ കുന്തമുന. 1960-കളുടെ ഒടുവിലോ എഴുപതുകളുടെ തുടക്കത്തിലോ ആവണം ഈ അതിവിദഗ്ധ സംഘത്തെ രൂപീകരിച്ചത്. വർധിച്ചുവന്ന സുരക്ഷാഭീഷണികളാണ് പ്രേരണ. അതിനുശേഷം വിജയകരമായ നിരവധി വിദേശദൗത്യങ്ങളിലൂടെ ഇസ്രായേലിന്റെ സുരക്ഷാപരിപാലനത്തിൽ വിലയ പങ്കു വഹിക്കുകയാണ് കിഡോൺ. ഓരോ മിഷനും നടപ്പാക്കുക അങ്ങേയറ്റത്തെ തയ്യാറെടുപ്പിനും (പ്രധാനം പരിശീലനം തന്നെ) പിഴവറ്റ ആസൂത്രണത്തിനും ശേഷമായിരിക്കും. പരാജയസാധ്യതകൾ ഒഴിവാക്കാൻ അവർ ഏതറ്റം വരെയും പോവും.

മൊസാദിലെ സെസാറിയ (അണ്ടർ കവർ) വിഭാഗത്തിനു കീഴിലാണ് ഈ അതിരഹസ്യ വിഭാഗം. മുഖ്യ ജോലി ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രമുഖരെ അതിവിദഗ്ധമായി കൊലപ്പെടുത്തുക, അവരെവിടെയായാലും. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് അതിവേഗത്തിൽ ദൗത്യം പൂർത്തിയാക്കുന്ന ഇവരുടെ എണ്ണം അമ്പതിനും അമ്പത്തഞ്ചിനും ഇടയ്ക്കാണെന്ന് കരുതപ്പെടുന്നു. കിഡോണിന്റെ ഫണ്ടിംഗ് അടക്കമുള്ള വിവരങ്ങളെല്ലാം പരമരഹസ്യം. സ്വന്തം ഐഡന്റിറ്റി വളരെ രഹസ്യമായി സൂക്ഷിക്കുന്ന ഇവർക്ക് മൊസാദിനകത്ത് പോലും വ്യാജപ്പേരുകളാണത്രെ. പുറമേയാണ് ദൗത്യങ്ങൾക്കിറങ്ങുമ്പോൾ ഉപയോഗിക്കുന്ന നിരവധി കള്ളപ്പേരുകൾ.

മുപ്പതിൽ താഴെ പ്രായമുള്ള ഇവർക്ക് ശാരീരികക്ഷമതയിൽ മാത്രമല്ല വൈദഗ്ധ്യം. നിരവധി ഭാഷകൾ സംസാരിക്കുന്ന സംഘാംഗങ്ങൾ സാങ്കേതികവിദ്യയിൽ അവഗാഹമുള്ളവരാണ്. ഫോൺ ടാപ്പിംഗും കംപ്യൂട്ടർ ഹാക്കിംഗുമൊക്കെ വഴങ്ങുന്ന ഇവർക്ക് ലോകത്തുള്ള ഏറ്റവും പുതിയ ആയുധങ്ങൾ ഉപയോഗിക്കാനറിയാം. അവരുടെ കൈയിലുള്ള ചില ആയുധങ്ങൾ ലോകത്ത് മറ്റാർക്കും ഉണ്ടാവില്ല. അതികഠിനമാണ് അവരുടെ പരിശീലനം. കിഡോണിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രധാനമായും ഇസ്രായേലിലെ സൈന്യത്തിലും മറ്റ് പ്രത്യേക സേനകളിൽ നിന്നുമാണ്. പിന്നെയാണ് ശരിക്കുള്ള പരിശീലനം. പോരാട്ടത്തിലും ബുദ്ധിയിലും ഭാഷാനൈപുണ്യത്തിലും വളരെ മികവുള്ളവരെയാണ് തിരഞ്ഞെടുക്കുക. ചിലപ്പോൾ സഖ്യരാജ്യങ്ങളുമായും ഇക്കാര്യത്തിൽ സഹകരിച്ചെന്നു വരാം.

ഒരു ദൗത്യത്തിനിറങ്ങുമ്പോൾ സംഘാംഗങ്ങൾക്ക് നാലു പ്രധാന കാര്യങ്ങളാണ് നിർവഹിക്കാനുള്ളത്. നിരീക്ഷിക്കൽ, ഓപ്പറേഷനു വേണ്ട കാര്യങ്ങൾ സംഘടിപ്പിക്കൽ, കൊലയാളി സംഘത്തെ സ്ഥലത്തെത്തിക്കുകയും രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യൽ, വധിക്കൽ എന്നിങ്ങനെ. വേണമെങ്കിൽ ഇംഗ്ലീഷിൽ ഈ വിഭാഗങ്ങളെ ഇങ്ങനെയും പറയാം-1. ട്രെയ്സർ 2. ട്രാൻസ്പോർട്ടർ 3. ഹെൽപ്പർ 4. കില്ലർ. മികച്ച ഷൂട്ടർമാരും സ്ഫോടകവസ്തു നിർമാണത്തിൽ അഗ്രഗണ്യരും ആണിവർ. വിവരങ്ങൾ ശേഖരിക്കാനും മറ്റും അത്യാധുനിക നിരീക്ഷണ ഉപകരണങ്ങൾ അവർക്കുണ്ട്, അതീവകൃത്യതയുള്ള നിരവധി ആയുധങ്ങളും. കിഡോൺ സംഘാഗങ്ങൾ തങ്ങളുടെ മേധാവികളുമായി ബന്ധപ്പെടുന്നത് അത്യപൂർവമാണ്. രഹസ്യാത്മകതയ്ക്ക് പുറമേ സാഹചര്യമനുസരിച്ച ഉടനടി തീരുമാനമെടുക്കാൻ അവർക്കുള്ള സ്വാതന്ത്ര്യവും കാരണമാണ്.

ഹമാസ് ആക്രമണവും നെതന്യാഹുവിന്റെ ഉത്തരവും

2023 ഒക്ടോബർ 7-ലെ അപ്രതീക്ഷിത ആക്രമണത്തിൽ ഹമാസ് 1200 പേരെ കൊല്ലുകയും 250-ഓളം പേരെ ബന്ധികളാക്കുകയും ചെയ്തത് ഇസ്രായേലിനെ കോപാകുലമാക്കി. തുടർന്ന് നവംബർ 22-ന് പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചു, ഹനിയ്യ അടക്കമുള്ള പ്രധാന ഹമാസ് നേതാക്കളെ വധിക്കാൻ മൊസാദിന് ഉത്തരവു കൊടുത്തെന്ന്. പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഒരുപടി കൂടി കടന്നു, ഗാസയിൽ മാത്രമല്ല, ലോകത്തെവിടെയായലും ഹമാസ് നേതാക്കൻമാർക്ക് അധികം ആയുസ്സുണ്ടാവില്ലെന്ന്. അതിന്റെ പിന്നാലെ കിഡോൺ സംഘത്തെ സജീവമാക്കിയെന്ന് അഭ്യൂഹമുയർന്നു.

ദൈവകോപം

കിഡോൺ നടത്തിയ ഓപ്പറേഷനുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്ന് 'ദൈവകോപം' (Wrath of God) ആയിരുന്നു. 1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ ബ്ലാക്ക് സെപ്തംബർ എന്നു പേരായ പലസ്തീൻ തീവ്രവാദി സംഘം 11 ഇസ്രായേലി അത്​ലറ്റുകളെ ബന്ദികളാക്കുകയും ഒടുവിൽ കൊല ചെയ്യുകയും ചെയ്ത സംഭവത്തെ തുടർന്നായിരുന്നു ഈ ഓപ്പറേഷൻ. ഒരർത്ഥത്തിൽ ഭീകരവാദത്തെ നേരിടുന്ന രീതി അടിമുടി ഉടച്ചുവാർക്കാൻ ജൂതരാജ്യത്തെ പ്രേരിപ്പിച്ചതും ഈ സംഭവമാണ്. ഭീകരവാദികളുമായ ജർമൻ അധികൃതരാണ് ചർച്ച നടത്തിയത്. ഇസ്രായേൽ ഉദ്യോഗസ്ഥരെ ഇടപെടാൻ അനുവദിച്ചുമില്ല. എന്തായാലും മൊസാദിന്റെ തലവൻ സമീർ അടക്കമുള്ളവർ നിസ്സഹായരായി നിൽക്കെ ഇസ്രായേലി അത്​ലറ്റുകൾ കൊല്ലപ്പെട്ടു.

placeholder
1972 മ്യൂണിക്ക് ഒളിമ്പിക്​സിൽ ഇസ്രായേലി കായികതാരങ്ങളെ ബന്ദികളാക്കാൻ എത്തിയ തീവ്രവാദികളിൽ ഒരാൾ. Photo: AP Photo/Kurt Strumpf
1972 മ്യൂണിക്ക് ഒളിമ്പിക്​സിൽ ഇസ്രായേലി കായികതാരങ്ങളെ ബന്ദികളാക്കാൻ എത്തിയ തീവ്രവാദികളിൽ ഒരാൾ. Photo: AP Photo/Kurt Strumpf

തീവ്രവാദി സംഘത്തിലെ എല്ലാവരെയും കൊല്ലാൻ പറ്റില്ല, പക്ഷേ, 'സർപ്പത്തിന്റെ തല' തകർത്തേ പറ്റൂ എന്ന് സുരക്ഷമേധാവികൾ പറഞ്ഞപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഗോൾഡാ മേയർ ഒന്നറച്ചു. എങ്കിലും യൂറോപ്പിലും മധ്യപൂർവേഷ്യയിലുമൊക്കെയുള്ള ബ്ലാക്ക് സെപ്തംബർ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ നേതാക്കളെ വധിക്കാനുള്ള പദ്ധതിക്ക് അങ്ങനെ തുടക്കമായി.. പിന്നെ റോമിലും പാരീസിലും ബെയ്റൂട്ടിലും ആതൻസിലും സൈപ്രസിലുമൊക്കെ തീവ്രവാദി നേതാക്കൾ മരിച്ചുവീഴാൻ തുടങ്ങി. ഏഴെട്ടു വർഷങ്ങളിൽ കൊല്ലപ്പെട്ടത് ഇരുപതിലധികം നേതാക്കൾ. ഈ ഓപ്പറേഷനിൽ പങ്കെടുത്ത ഒരു കമാൻഡോ പിന്നീട് ഇസ്രായേൽ പ്രധാനമന്ത്രിയുമായി-എഹൂദ് ബരാക്ക്. ഈ ഓപ്പറേഷനെ ആധാരമാക്കി സ്പിൽബർഗ് ചെയ്ത സിനിമയാണ് മ്യൂണിക്ക് (2005).

യാത്ര ചെയ്യുന്ന സമയത്താണ് ഇരകൾ ഏറ്റവും ദുർബലമാവുക എന്ന് അവർക്ക് നന്നായറിയാം. വിദേശരാജ്യത്ത് അവരെ കാക്കാൻ ഒരു രാജ്യത്തിന്റെ സുരക്ഷാസംവിധാനം പൂർണമായും ഉണ്ടാവില്ലല്ലോ. ഏറിയാൽ രണ്ടോ മൂന്നോ പേർ. മാത്രമല്ല, ഹോട്ടലും വിമാനത്താവളവുമടക്കം നിരവധി പൊതുസ്ഥലങ്ങളിലൂടെ കടന്ന് പോവേണ്ടിയും വരും. ഹനിയയുടെ കാര്യത്തിൽ സംഭവിച്ചതും അതാകാമെന്ന് സുരക്ഷാവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെയും പൗരൻമാരുടെയും രക്ഷയ്ക്ക് മറ്റാരുമില്ലെന്ന ബോധ്യത്തിൽ നിന്നായിരുന്നു പ്രധാന ശത്രുക്കളെ ലോകത്തെവിടെയും പോയി വധിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനം. പക്ഷേ, പിന്നീടത് രാജ്യത്തിന്റെ നയമായി മാറുകയായിരുന്നു.

പിന്നീട് ലോകശ്രദ്ധയാകർഷിച്ച മറ്റൊരു കിഡോൺ കൊലപാതകം മഹ്‌മൂദ് അൽ മബൂഹിന്റെതായിരുന്നു. 2010-ൽ ദുബായിൽ വെച്ചായിരുന്നു ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ സഹസ്ഥാപകനായ മബൂഹ് കൊല്ലപ്പെട്ടത്. വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച ഏജന്റുമാരാണ് കൊല നടത്തിയതെന്ന് പിന്നീട് കണ്ടെത്തി. ഇന്റർപോൾ പുറപ്പെടുവിച്ച മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ 26 പേരുടെ ചിത്രമുണ്ടായിരുന്നു. 12 പേർക്ക് ബ്രിട്ടീഷ് പാസ്പോർട്ട്, ആറെണ്ണം ഐറിഷ്, നാലെണ്ണം ഫ്രഞ്ച്, മൂന്ന് ഓസ്ട്രേലിയൻ, ഒരു ജർമൻ പാസ്പോർട്ടും. എല്ലാം വ്യാജം. ഇവരെ സഹായിച്ചെന്ന സംശയത്തിൽ രണ്ടു പലസ്തീൻകാരെയും അറസ്റ്റു ചെയ്തിരുന്നു. പക്ഷേ, ദുബായ് പോലീസ് അവരുടെ പേരു വെളിപ്പെടുത്തിയില്ല. സിറിയയിൽ നിന്നും ദുബായിലെത്തിയ ഹമാസ് നേതാവിനെ ഈ ഏജന്റുമാർ ദിവസങ്ങളോളം പിന്തുടരുകയായിരുന്നു. മഹ്‌മൂദിനെ സ്റ്റൺഗൺ കൊണ്ട് ഷോക്കടിപ്പിച്ചശേഷം ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു എന്നു കരുതുന്നു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഇവരെല്ലാം വന്നപോലെ തിരിച്ചുപോയി. പിറ്റേന്നാണ് അദ്ദേഹം കൊല്ലപ്പെട്ട വിവരം പുറംലോകമറിഞ്ഞത്. ഈ സംഭവത്തെ ആധാരമാക്കിയ ഫ്രഞ്ച്-ഇസ്രായേലി സിനിമ കിഡോൺ (2013) ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൊലപാതകങ്ങളിൽ മാത്രമല്ല, മറ്റ് രഹസ്യ ഓപ്പറേഷനുകളിലും കിഡോണിന്റെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്. അതിലൊന്നാണ് 2007-ലെ ഓപ്പറേഷൻ ഓർച്ചഡ്. സിറിയയിലെ ദെയർ എസ്സോർ മേഖലയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി, അവിടെ ആണവ റിയാക്ടർ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്. (പിന്നീട് 2010-ൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി പ്രദേശത്ത് റിയാക്ടർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു.)  ആക്രമണത്തിന്റെ പിതൃത്വം പക്ഷേ, ഇസ്രായേൽ ഏറ്റെടുത്തില്ല.

ഹനിയയുടെ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഹിസ്ബുള്ളാ കമാൻഡർ ഫുവാദ് ഷുക്കൂറിനെ ലെബനോൻ തലസ്ഥാനമായ ബെയ്റൂത്തിൽ വച്ച് മിസൈൽ ആക്രമണത്തിൽ മൊസാദ് വധിച്ചിരുന്നു. ആ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തു. ഹിസ്ബുള്ളയുടെ സൈനികവിഭാഗത്തിന്റെ സ്ഥാപകരിൽ ഒരാളായ ഷുക്കൂറാണ് ഗോലാൻ കുന്നിൽ പന്ത്രണ്ടു കുട്ടികളുടെ മരണത്തിനിടയാക്കിയ മിസൈൽ ആക്രമണത്തിനു പിന്നിലെന്ന് ഇസ്രായേൽ കരുതുന്നു.

placeholder
ടെഹ്​റാനിൽ സ്ഥാപിച്ച ഇറാൻ പ്രസിഡന്റ് മസൗദ് പസെഷ്കിയാന്റെയും കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മയിൽ ഹനിയെയുടെയും കൂറ്റൻ ചിത്രങ്ങൾ: Photo by AFP
ടെഹ്​റാനിൽ സ്ഥാപിച്ച  ഇറാൻ പ്രസിഡന്റ് മസൗദ് പസെഷ്കിയാന്റെയും കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മയിൽ ഹനിയെയുടെയും കൂറ്റൻ ചിത്രങ്ങൾ: Photo by AFP

പരാജയപ്പെട്ട ദൗത്യവും നെതന്യാഹുവും മഷാലും

വിജയകഥകൾ മാത്രമല്ല, പൊളിഞ്ഞുപോയ ദൗത്യങ്ങളുമുണ്ട് കിഡോണിന്. അതിലൊന്ന് ഹനിയയെപ്പോലെ വധിക്കുമെന്ന് നെതന്യാഹു പേരെടുത്തു പറഞ്ഞ ഖാലിദ് മഷാലിനെതിരെ 1997-ൽ നടന്ന ശ്രമമാണ്. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ ഖാലിദ് അന്ന് ജോർദാനിലായിരുന്നു, അപ്രശസ്തനായ ഒരു നേതാവ്. പക്ഷേ, ഗാസയിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ അയാൾക്ക് കയ്യുണ്ടെന്ന് ഇസ്രായേൽ കരുതി. നിശബ്ദമായ ഓപ്പറേഷനാണ് സെസാറിയ യൂണിറ്റ് തീരുമാനിച്ചത്. ഒരാളെ കൊല്ലാൻ ഒന്നോ രണ്ടോ തുള്ളി മതിയാവുന്ന ഉഗ്രവിഷം ഏജന്റുമാർ മഷാലിന്റെ ചെവിയിൽ സ്‌പ്രേ ചെയ്തു. പക്ഷേ, അയാൾക്ക് ഭാഗ്യത്തിന് ഓടി രക്ഷപ്പെടാനായി, പിന്നാലെയുണ്ടായിരുന്ന രണ്ട് ചാരൻമാരും പിടിക്കപ്പെട്ടു.

കോപാകുലനായ ഹുസൈൻ രാജാവ് മഷാലിനെ രക്ഷിക്കാനാവശ്യമായ പ്രതിവിഷം കൊണ്ടുവരാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന് വഴങ്ങാതെ  നിർവാഹമുണ്ടായില്ല. പ്രതിവിഷം മാത്രമല്ല, തടവിലായിരുന്ന 20 പലസ്തീൻ പോരാളികളെയും ഷെയ്ക്ക യാസിൻ എന്ന ആത്മീയ നേതാവിനെയും വിട്ടുകൊടുക്കേണ്ടി വന്നു പ്രധാനമന്ത്രിക്ക്. പകരം കിട്ടിയത് ജോർദാൻ തടവിലാക്കിയിരുന്ന രണ്ട് മൊസാദ് ഏജന്റുമാരെ. യാസിൻ പിന്നീട് ഗാസയിൽ ഹമാസിന്റെ നേതൃത്യത്തിൽ നടന്ന സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായി. ഹനിയയുടെ സ്ഥാനത്ത് മഷാൽ എത്തുക കൂടി ചെയ്താൽ നെതന്യാഹുവിനും മൊസ്സാദിനും കിഡോണിനും അത് മുഖത്തേറ്റ അടിയാവും.

നേതാക്കളുടെ ഉൻമൂലനം

തീവ്രവാദി നേതാക്കളെ ഉൻമൂലനം ചെയ്താൽ സമാധാനം കൊണ്ടുവരാമെന്ന ആശയം നല്ലതാണ്. പക്ഷേ, ഒരിക്കലും അത് വിജയിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. എത്രയെത്ര നേതാക്കളെ വധിച്ചാലും അതിവേഗം അവർക്ക് പകരക്കാർ വരും. ഇറാനിലെ നിരവധി ആണവ ശാസ്ത്രജ്ഞരെ വധിച്ചതു കൊണ്ട് ഇസ്രായേലിനുണ്ടായ ഗുണം തൽക്കാലത്തേക്ക് പദ്ധതികളുടെ വേഗം കുറയ്ക്കാനായി എന്നതു മാത്രമാണ്. ശത്രുക്കളെ ഹ്രസ്വകാലത്തേക്ക് ഒന്നു ഭയപ്പെടുത്താൻ മാത്രമേ ഇത്തരം കൊലപാതകങ്ങൾക്കാവൂ. കൊല്ലുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് ഇനി കൊല്ലേണ്ടവരുടെ ലിസ്റ്റ് വലുതായി വരും! നേതാക്കളുടെ കൊലപാതകങ്ങൾ പലസ്തീൻ പോരാട്ടങ്ങൾക്ക് കൂടുതൽ ശക്തി പകരാനാണ് സാധ്യത. കാരണം, അവർ പൊരുതുന്നത് അവരുടെ മണ്ണിനു വേണ്ടിയാണ്, സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. ഭയന്നു ജീവിക്കുന്നവരെപ്പോലെ, ഭയപ്പെടുന്നവരും പേടിച്ചു പേടിച്ചു ജീവിക്കുന്ന അവസ്ഥ തുടർന്നു കൊണ്ടേയിരിക്കും. ഇതിന് മാറ്റം വരാൻ അത്ഭുതങ്ങൾ സംഭവിക്കേണ്ടിയിരിക്കുന്നു.