റുത്ത സ്വർണത്തിന്റെ ദ്വീപ് എന്നാണ് ഇറാന്റെ ഖാർഗ് ദ്വീപറിയപ്പെടുന്നത്. ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ഇവിടമാണ് രാജ്യത്തിന്റെ എണ്ണ കയറ്റുമതിയുടെ ടെർമിനൽ. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാന്റെ ഭാഗമായ ഖാർഗ് ദ്വീപിൽ സൈനിക നടപടികൾ ആസൂത്രണം ചെയ്യുകയാണ് ട്രംപ്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ മേഖലയെ തകർത്താൽ ഇറാനെ പ്രതിസന്ധിയിലാക്കാമെന്നാണ് അമേരിക്ക കണക്കുകൂട്ടുന്നത്. എന്നാൽ യുദ്ധം ഇത്രയും ദിവസം തുടർന്നിട്ടും അമേരിക്കയും ഇസ്രയേലും എന്തുകൊണ്ടാണ് ഖാർഗ് ആക്രമിക്കാതിരുന്നത്? എത്രത്തോളം തന്ത്രപ്രധാനമാണ് ഈ ദ്വീപ് ടെർമിനൽ? 
ഇറാൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്

To advertise here,

ഇറാന്റെ തീരത്തുനിന്ന് വെറും 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപാണ് ഖാർഗ്. ബുഷെർ പ്രവിശ്യയുടെ ഭാഗമായ, 20 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഈ ദ്വീപിൽ എട്ടായിരത്തോളം ജനങ്ങളാണ് ആകെയുള്ളത്. വലുപ്പത്തിൽ നന്നേ ചെറുതെങ്കിലും ഇറാൻ സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക നട്ടെല്ലായി ഈ ദ്വീപിനെ കണക്കാക്കുന്നു. കാരണം ദശാബ്ദങ്ങളായി ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ടെർമിനലായി പ്രവർത്തിക്കുന്ന കേന്ദ്രമാണിത്.

ഇറാന്റെ തീരപ്രദേശങ്ങളിലെ സമുദ്രഭാഗത്ത് ആഴം കുറവായതിനാൽ എണ്ണക്കപ്പലുകൾ അടുപ്പിക്കാനോ നങ്കൂരമിടാനോ സാധിക്കില്ല. അവിടെയാണ് ഖാർഗ് വ്യത്യസ്തമാവുന്നത്. സ്വാഭാവിക ആഴമുള്ളതിനാൽ എണ്ണക്കടത്തിനാവശ്യമായ സൂപ്പർ ടാങ്കറുകളെ അടുപ്പിക്കാൻ ഖാർഗിന് കഴിയും. ഇറാന്റെ മൊത്തം ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 85-95% വരെ ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ് നടക്കുന്നത്. പ്രതിദിനം ഏകദേശം 70 ലക്ഷം ബാരൽ വരെ എണ്ണ ലോഡ് ചെയ്യാൻ ശേഷിയുള്ള ഈ സൗകര്യം 1960-കളിലാണ് വികസിപ്പിച്ചെടുത്തത്. എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന ഇറാന്റെ വരുമാനത്തിന്റെ സിംഹഭാഗവും രാജ്യത്തേക്കെത്തുന്നത് ഖാർഗ് ദ്വീപ് വഴിയാണെന്ന് ചുരുക്കം. 1960-കൾ മുതൽ വിദേശ നിക്ഷേപത്തോടെയാണ് ഈ സൗകര്യം വികസിപ്പിച്ചെടുത്തത്. അന്ന് മുതൽക്കേ ഇറാനിയൻ എണ്ണപ്പാടങ്ങളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി ഖാർഗ് ടെർമിനൽ പ്രവർത്തിക്കുന്നു. ഖാർഗ് ദ്വീപിനെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുന്നത് വഴി ഇറാന്റെ പ്രധാന വരുമാന സ്രോതസ്സ് ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.

1960കൾക്ക് മുൻപുവരെ ഇറാന്റെ പേർഷ്യൻ ഗൾഫിലെ ഒരു ചെറിയ പവിഴ ദ്വീപ് മാത്രമായിരുന്നു ഖാർഗ്. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിലെ എണ്ണപര്യവേഷണത്തോടെ ദ്വീപിന്റെ ചിത്രം ആകെ മാറി. അതുവരെ ജനവാസമില്ലാത്ത ദ്വീപിൽ ആളുകളെത്തുന്നതും സമൂഹമായി വികസിക്കുന്നതും അതോടെയായിരുന്നു. ഭൂഗർഭ എണ്ണ പൈപ്പ്ലൈനുകളിലൂടെ നേരിട്ട് ടെർമിനലിലേക്ക് എത്തിക്കാൻ സാധിക്കും. ഹോർമുസ് കടലിടുക്കിന് സമീപത്തായതിനാൽ സുരക്ഷിതമായ ലൊക്കേഷൻ ആണ് ഖാർഗ്. വലിയ എണ്ണ ടാങ്കറുകൾ എത്താൻ ആഴമുള്ള തുറമുഖമുണ്ട് തുടങ്ങിയ സവിശേഷതകൾ ഖാർഗ് ദ്വീപിനുണ്ട്.

1950കളിലാണ് ഇറാന്റെ തെക്കൻ ഭൂപ്രദേശങ്ങളിലും പേർഷ്യൻ ഗൾഫിലും വൻതോതിലുള്ള എണ്ണപ്പാടങ്ങൾ (ഗച്‌സാരാൻ, ഖൂസിസ്ഥാൻ മുതലായവ) കണ്ടെത്തിയത്. കയറ്റുമതിയടക്കമുള്ള സാധ്യതകൾ തെളിഞ്ഞതോടെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി ടെർമിനലായി ഖാർഗിനെ തിരഞ്ഞെടുത്തു. 1950കളുടെ അവസാനത്തോടെ ഇറാനിലെ എണ്ണപ്പാടങ്ങളിൽ നിന്നുള്ള അസംസ്‌കൃത എണ്ണ കടലിനടയിലുള്ള പൈപ്പ്‌ലൈനിലൂടെ ഖാർഗിലേക്കെത്തിക്കാനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചത്. പിന്നാലെ പ്രധാനപ്പെട്ട എല്ലാ എണ്ണപ്പാടങ്ങളിലും ഈ സംവിധാനങ്ങൾ നടപ്പിലാക്കിയതോടെ ഖാർഗ് പ്രധാന ഓയിൽ ടെർമിനലായി വളരുകയായിരുന്നു. ടെർമിനലുകൾ, സ്റ്റോറേജ് ടാങ്കുകൾ, ജെട്ടികൾ, ബെർത്തുകൾ, പിയറുകൾ എന്നിവ ഖാർഗിൽ പണികഴിപ്പിച്ചു. 1960കളോടെ പ്രവർത്തനം പൂർണമായി. പ്രതിദിനം 3 മില്യൺ ബാരൽ വരെ ശേഷി ഉയർന്നു. 1970ലാണ് വൻ വിപുലീകരണം നടന്നത്. അതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയിൽ എക്‌സ്‌പോർട്ട് ടെർമിനൽ ഖാർഗ് മാറി. സൗദി അറേബ്യയിലെ റാസ് തനൂറയാണ് ആദ്യസ്ഥാനത്ത്.

ഇറാൻ-ഇറാഖ് യുദ്ധത്തിനു മുൻപ് ഇറാന്റെ എണ്ണ വരുമാനത്തിന്റെ നട്ടെല്ല് ആയിരുന്നു ഖാർഗ് ടെർമിനൽ. എന്നാൽ യുദ്ധത്തിൽ വലിയ നാശനഷ്ടം നേരിടേണ്ടി വന്നു. 1986-ൽ ടെർമിനൽ പൂർണമായി പ്രവർത്തനരഹിതമായി, ദാരിയസ് ഓയിൽ ഫീൽഡും നശിപ്പിക്കപ്പെട്ടു. ഒന്നിലേറെ തവണകൾ ഇറാഖ് ഖാർഗിന് മേൽ ബോംബ് വർഷിച്ചിരുന്നു. പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഇറാൻ താൽക്കാലികമായി ലവാൻ, സിറി ദ്വീപുകളിലേക്ക് എണ്ണ കയറ്റുമതി മാറ്റി. എങ്കിലും ഖാർഗിൽ നിന്ന് ചെറിയ തോതിൽ എണ്ണ ഇടപാട് നടത്തിയിരുന്നു. യുദ്ധം അവസാനിച്ചതിന് ശേഷം, 1988ൽ ഖാർഗിൽ പുനർനിർമാണം ആരംഭിച്ചു. പിന്നീട് ഇറാനിയൻ ഓയിൽ കമ്പനിക്കായിരുന്നു ഖാർഗ് ടെർമിനലിന്റെ നിയന്ത്രണം. 2009-ൽ തന്നെ 950 മില്യൺ ബാരൽ ക്രൂഡ് എണ്ണ കയറ്റുമതി ഇവിടെ നിന്ന് നടന്നിരുന്നു. 2020കളിൽ ടെർമിനലിന്റെ ശേഷി പ്രതിദിനം 70 ദശലക്ഷം ബാരലിലേക്കുയർന്നു. അതായത് ഒരേസമയം 10 സൂപ്പർടാങ്കറുകൾ ലോഡ് ചെയ്യാൻ പറ്റുന്ന ശേഷിയാണിത്.

1950കളിലെ ഒരു പൈപ്പ്ലൈൻ പദ്ധതിയിൽ നിന്ന് ലോകോത്തര ടെർമിനലായി വളർന്നതാണ് ഈ ടെർമിനൽ. തകർക്കപ്പെട്ടെങ്കിലും പൂർവാധികം ശക്തിയോടെയാണ് ഇത് വികസിച്ചത്. കറുത്ത സ്വർണത്തിന്റെ കവാടമെന്ന വിശേഷണത്തോടെ ഇന്നും ഇറാന്റെ സാമ്പത്തിക-തന്ത്രപ്രധാനമായ മേഖലയായി ഈ ദ്വീപ് തുടരുകയാണ്. ഇതിന്റെ ഏതെങ്കിലും തടസ്സം നേരിട്ടാൽ ആഗോള എണ്ണവിലയെ വൻതോതിൽ ബാധിക്കുമെന്നതാണ് ഇതിന്റെ പ്രാധാന്യം. ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായാണ് ഈ ദ്വീപിനെ വിലയിരുത്തുന്നത്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ്. ഇവയെ തകർത്താൽ യുദ്ധം തുടരാൻ ആവശ്യമായ പണമില്ലാതെ ഇറാൻ പെട്ടെന്ന് തകരുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്.

ഖാർഗ് ആക്രമിക്കപ്പെട്ടാൽ എന്ത് സംഭവിക്കും?

ആഴ്ചകളായി ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിനെ ഇതുവരെസ്പർശിച്ചിരുന്നില്ല. എന്നാൽ, സാഹചര്യങ്ങൾ മാറിയതോടെ ഈ ദ്വീപിനെതിരെ സൈനിക നടപടികൾ യുഎസ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ദ്വീപിനെ ആക്രമിക്കുന്നതിലൂടെ ഇറാന്റെ ശ്രദ്ധ തന്ത്രപ്രധാനമായ കേന്ദ്രം സംരക്ഷിക്കുന്നതിലേക്ക് മാറും. ഇറാന്റെ പ്രതിരോധം ദുർബലമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ആണവ വസ്തുക്കൾ സുരക്ഷിതമാക്കുന്നതിനോ അല്ലെങ്കിൽ നിർവീര്യമാക്കുന്നതിനോ വേണ്ടിയുള്ള പ്രത്യേക സൈനിക നീക്കങ്ങളും യുഎസ് ആലോചിക്കുന്നുണ്ട്.

ഖാർഗ് ദ്വീപ് ആക്രമിക്കപ്പെട്ടാലോ പിടിച്ചെടുക്കപ്പെട്ടാലോ അത് ഇറാന്റേയും ലോകത്തിന്റെ സാമ്പത്തിക-ഊർജ മേഖലയിലേക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. നിലവിലെ ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഖാർഗ്  ഒരു ചുവപ്പുരേഖയാവുന്നതിന് പിന്നിലും അതാണ് കാരണം. ഖാർഗ് ആക്രമിക്കപ്പെട്ടാൽ മുന്നിലുള്ള പ്രത്യാഘാതങ്ങൾ ഇവയാകാം;

1. ഇറാന്റെ എണ്ണ കയറ്റുമതി തകരും

ഖാർഗ് ദ്വീപ് ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഏകദേശം 90% കൈകാര്യം ചെയ്യുന്നു. ആക്രമണം നടന്നാൽ എണ്ണ ലോഡിങ് ഉടൻ നിർത്തിവയ്ക്കപ്പെടും. ഇറാന്റെ ദൈനംദിന കയറ്റുമതി (1.3-1.6 മില്യൺ ബാരൽ, ചിലപ്പോൾ 3-4 മില്യൺ വരെ) പൂർണമായോ ഭാഗികമായോ നിലയ്ക്കും. ഇറാന്റെ എണ്ണ ഉത്പാദനവും (ഏകദേശം 3.3 മില്യൺ ബാരൽ ക്രൂഡ് + കണ്ടൻസേറ്റ്) പകുതിയോ അതിലധികമോ കുറയാം. ഉത്പാദനം പകുതിയായേക്കാം എന്നാണ് ജെപി മോർഗൻ റിപ്പോർട്ട് ചെയ്യുന്നത്. അതോടെ ഇറാന്റെ സാമ്പത്തിക നട്ടെല്ല് (എണ്ണ വരുമാനം) തകരും. യുദ്ധച്ചെലവുകൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാവുന്നതോടെ ആഭ്യന്തര അസ്ഥിരതയും വർധിക്കാം.

2. ആഗോള എണ്ണ വില കുത്തനെ ഉയരും

ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 4.5% സംഭാവന ചെയ്യുന്നത് ഇറാനാണ്. അതെല്ലാം ഖാർഗ് വഴിയാണ് നടക്കുന്നതും. ആക്രമണം നടന്നാൽ ഒന്നുകിൽ എണ്ണ വിതരണം താൽക്കാലികമായി തടസ്സപ്പെടും. അല്ലെങ്കിൽ ടെർമിനലിന് സ്ഥിരമായ നാശനഷ്ടങ്ങൾ സംഭവിക്കും. ഏത് സംഭവിച്ചാലും ആഗോള എണ്ണ വിതരണത്തെ ഇത് പ്രതിസന്ധിയിലാക്കും. നിലവിൽ യുദ്ധം മൂലം ബ്രെന്റ് ക്രൂഡ് വില ബാരലിന് 92 ഡോളർ മുതൽ 120 ഡോളർ വരെ എത്തിയിട്ടുണ്ട്. ഇത് 120-150 ഡോളർ വരെ എത്തിയേക്കാമെന്നാണ് പ്രവചനം. ഖാർഗ് തകരുകയാണെങ്കിൽ ഇത് വീണ്ടും വർധിക്കും. തത്ഫലമായി ഇന്ത്യ, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ പെട്രോൾ-ഡീസൽ വില വൻതോതിൽ ഉയരും. ഇന്ത്യയിൽ 120-150 രൂപവരെ ലിറ്ററിന് മുകളിൽ എത്തിയേക്കാമെന്ന സൂചനകളുമുണ്ട്.

3. ഇറാൻ പ്രതികാരം നടത്തിയാൽ യുദ്ധം പ്രവചനാതീതം

ഖാർഗ് ആക്രമിക്കപ്പെട്ടാൽ ഇറാൻ ഒരിക്കലും വെറുതേയിരിക്കില്ല. പ്രതികരമായി സൗദിയിലേയും യുഎഇയിലേയുമുൾപ്പെടെയുള്ള ഊർജകേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെയ്ക്കും. എണ്ണ കൈമാറ്റം തടസ്സപ്പെടുന്നത് വലിയ സാമ്പത്തിക-ഊർജ പ്രതിസന്ധിയിലേക്കാവും ലോകത്തെ നയിക്കുക. ലോകരാജ്യങ്ങൾക്ക് അതിനെ മറികടക്കുന്നത് വലിയ ബാധ്യതയാവും. അതും മുന്നിൽ കണ്ടുകൊണ്ടാണ് ഖാർഗ് ഇത്രയും നാളും സുരക്ഷിതമായി തുടരുന്നതിന് പിന്നിലെ കാരണവും.

ഖാർഗ് ദ്വീപിനെതിരായ ആക്രമണം ആഗോള എണ്ണവിപണിയിൽ വലിയ ചലനം സൃഷ്ടിക്കും. ഖാർഗ് ദ്വീപിനെതിരെയുള്ള ആക്രമണം ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ കാരണമാകും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഈ ദ്വീപ്. ഹോർമുസ് ആകട്ടെ ഇറാൻ അടച്ചിരിക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന കപ്പലുകൾ ആക്രമിക്കുമെന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഖാർഗ് ദ്വീപിനെ തകർത്താൽ അത് യുദ്ധാനന്തരം പ്രാദേശിക ഊർജ്ജ യുദ്ധത്തിലേക്കാകും വഴിതെളിക്കുക.

ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനം കടന്നുപോവുന്നത് ഹോർമൂസ് കടലിടുക്കിലൂടെയാണ്. ഇറാൻ ഇതിനോടകം തന്നെ തന്നെ ഹോർമുസ് അടച്ചിട്ടുകൊണ്ട് പ്രതികാര നടപടികളിലേക്ക് കടന്നുകഴിഞ്ഞു. ഇതിലൂടെ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടു. പിന്നാലെ ആഗോള ഊർജ വിതരണത്തിൽ ക്ഷാമം നേടുകയോ വില കുത്തനെ ഉയരുകയോ ചെയ്തു. ഷിപ്പിങ് ഇൻഷുറൻസിലും വലിയ വർധനവാണുണ്ടാവുക. ഇറാനിൽ നിന്നുള്ള വിലകുറഞ്ഞ എണ്ണ വാങ്ങുന്ന പ്രധാന രാജ്യമാണ് ചൈന. ഇറാനിൽ നിന്നുള്ള എണ്ണ വിതരണം നിലച്ചാൽ ചൈനയ്ക്ക് കൂടിയ വിലയ്ക്ക് മറ്റ് മാർഗങ്ങൾ തേടേണ്ടി വരും. ചൈന മാത്രമല്ല, ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളെല്ലാം ഇതേ പ്രതിന്ധിയാവും നേരിടുക. ഇറക്കുമതി ചെലവ് കൂടുന്നത് ഇന്ധനവിലവർധനവിലാവും പ്രതിഫലിക്കുക. ഇന്ധന വിലയിലെ വർധന സാമ്പത്തിക വളർച്ചയെ ബാധിക്കാം. നിലവിൽ ദക്ഷിണേഷ്യയിലേക്കുള്ള എണ്ണ വിതരണം താറുമാറായിരിക്കുകയാണ്. ഇന്ത്യയുൾപ്പെടെ ഇതിന്റെ പ്രത്യാഘാതം നേരിടുന്നുണ്ട്. തത്കാലം റഷ്യൻ ക്രൂഡോയിൽ വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. എന്നാൽ, യുദ്ധം റഷ്യൻ ക്രൂഡിനുള്ള ആവശ്യകത വർധിപ്പിച്ചേക്കാം. ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെയും യൂറോപ്പിന്റെയും ശ്രമങ്ങളെ പരാജയപ്പെടുത്തും.

ഇതെല്ലാം സാധ്യതകൾ മാത്രമാണ്, ഖാർഗ് ആക്രമണം വലിയ നാശനഷ്ടങ്ങളുണ്ടാക്കണമെങ്കിൽ ഈ ടെർമിനൽ തുടർച്ചയായി ആക്രമിക്കപ്പെടണം. ഇറാൻ-ഇറാഖ് യുദ്ധത്തിൽ പോലും ഇത്തരത്തിലുള്ള ആക്രമണം ഖാർഗിന് മേൽ നടന്നിട്ടില്ല. കാരണം ഖാർഗ് ആക്രമിക്കപ്പെടുന്നത് ഇറാനെ സാമ്പത്തികമായി ബാധിക്കുമെന്നത് ഒരുവശത്തുണ്ട്. അതേസമയം ആഗോള എണ്ണവിലയിലും ഊർജ സുരക്ഷയിലുമുണ്ടായേക്കാവുന്ന അതിന്റെ ആഘാതം വലുതാണ്. അമേരിക്കയേയും ഇസ്രയേലിനേയും പോലും അത് ബാധിക്കും. അതുകൊണ്ടാണ് ആക്രമണത്തിൽ നിന്ന് യു.എസും ഇസ്രായേലും ഖാർഗിനെ ഒഴിവാക്കിയിരിക്കുന്നത്. യുദ്ധം മൂലം താറുമാറായ ആഗോള ഊർജ്ജ വിപണിയിൽ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കാതിരിക്കാനാണ് ഇതുവരെ ദ്വീപിനെ ആക്രമിക്കുന്നതിൽ വിട്ട് യുഎസ് വിട്ടുനിന്നത്.യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ ഖാർഗ് ദ്വീപിന്റെ ഭാവി എന്താകും എന്നത് ആഗോള സാമ്പത്തിക രംഗത്തെയും യുദ്ധത്തിന്റെ ഗതിയെയും നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും. അതായത് ഖാർഗ് ടെർമിനൽ ഇരുതലമൂർച്ചയുള്ള വാളാണെന്ന് ചുരുക്കം.