തെളിഞ്ഞു തെളിഞ്ഞു വരുന്നത് ചെമ്പാണ്. മൊത്തം സിസ്റ്റത്തിന്റെയും ചെമ്പ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം വേദനിപ്പിച്ചത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ കൈ മുറിച്ചുമാറ്റിയതാണ്. പാലക്കാട് സ്വദേശിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വലത് കൈ ആണ് മുട്ടിന് താഴെവെച്ച് മുറിച്ചു മാറ്റേണ്ടി വന്നത്. സഹോദരങ്ങളുമൊത്ത് കളിക്കുന്നതിനിടെ നിലത്ത് വീണ് കൈയ്യൊടിഞ്ഞ കുട്ടിയെ ചികിത്സിക്കുന്നതില്‍ പാലക്കാട് ജില്ലാ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്കുണ്ടായ പിഴവിന്റെ ദാരുണ ഫലം. സംഭവത്തിനുത്തുരവാദികളായ രണ്ട് ഡോക്ടര്‍മാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. പക്ഷേ, അതില്‍ തീരുന്നതാണോ ആ കുട്ടിക്കും കുടുംബത്തിനുമുണ്ടായ നഷ്ടം? ഒരു കുട്ടിയുടെ ജീവിത സ്വപ്നങ്ങളത്രയും തകര്‍ത്തെറിയുന്ന ഇത്തരം അലംഭാവങ്ങള്‍ക്ക് ശരിക്കും ഉത്തരവാദി സിസ്റ്റം തന്നെയല്ലേ?
സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരല്ല സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സ തേടി എത്തുന്നത്. അസംഘടിത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെയും നിത്യ വേതനക്കാരുടെയും ആശ്രയവും അത്താണിയുമാണ് സര്‍ക്കാര്‍ ആസ്പത്രികള്‍. പാലക്കാട്ടെ കുട്ടിയുടെ പിതാവ് നിര്‍മ്മാണത്തൊഴിലാളിയാണ്. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കില്‍ അടുപ്പ് പുകയാന്‍ വേറെ മാര്‍ഗ്ഗമില്ലാത്ത കുടുംബം. ഇത്തരമൊരു കുടുംബത്തിന്റെ ഭാവിയാണ് നമ്മുടെ സര്‍ക്കാര്‍ ആസ്പത്രിയിലെ ഡോക്ടര്‍മാരുടെ അലംഭാവം കൊണ്ട് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. ആ കുട്ടി അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദനകള്‍ എന്ത് നഷ്ടപരിഹാരം നല്‍കിയാലാണ് പരിഹരിക്കാനാവുക? അത്തരം നഷ്ടപരിഹാരങ്ങളെക്കുറിച്ച് നമ്മുടെ ആരോഗ്യ മന്ത്രിയും മന്ത്രിയുടെ കപ്പിത്താനും അടങ്ങുന്ന കേരള സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ? എട്ട് കൊല്ലം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന എന്ന യുവതി നഷ്ടപരിഹാരം തേടി ഇപ്പോഴും സമര പാതയിലാണെന്നോര്‍ക്കുമ്പോള്‍ പാലക്കാട്ടെ പെണ്‍കുട്ടിക്ക് എന്നാണ് നീതി ലഭിക്കുക എന്നത് ഒരു ചോദ്യം തന്നെയാണ്.
വീഴ്ചകളും തെറ്റുകളും ശൂന്യതയില്‍ നിന്നുണ്ടാവുന്നതല്ല. സാധാരണ മനുഷര്‍ക്ക് ഇങ്ങനെയൊക്കെ മതി എന്ന ചിന്തയും നിലപാടുമാണ് ഇത്തരം ഗുരുതരമായ പാകപ്പിഴകള്‍ക്ക് പിന്നില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ഹാരിസ് വിരല്‍ചൂണ്ടിയത് ഇതേ പ്രതിസന്ധിയിലേക്കാണ്. സിസ്റ്റത്തിന്റെ തകരാറുകള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നായിരുന്നു ഡോക്ടര്‍ ഹാരിസിന്റെ ആവശ്യം. സിസ്റ്റത്തിനുള്ളിലുള്ള ഒരു പ്രധാനപ്പെട്ട ആളെന്ന നിലയില്‍ തനിക്കറിയാവുന്ന കാര്യങ്ങളാണ് അദ്ദേഹം വിളിച്ചു പറഞ്ഞത്. കാര്യങ്ങള്‍ നേരെയാക്കണമെന്ന ചിന്ത ഭരണകൂടത്തിനുണ്ടായിരുന്നെങ്കില്‍ ഹാരിസിനെപ്പോലുള്ളവരെ ചേര്‍ത്ത്പിടിച്ച് മുന്നോട്ട് പോകുമായിരുന്നു. പക്ഷേ, സിസ്റ്റം നോക്കിയത് സത്യം വിളിച്ചുപറയുന്നവരെ എങ്ങിനെ ക്രൂശിക്കാം എന്നാണ്.
ബിനാമി കൂട്ടായ്മകള്‍
എങ്ങിനെയൊക്കെ മൂടിവെയ്ക്കാന്‍ നോക്കിയാലും സത്യം ഒരു നാള്‍ പുറത്തു വരും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ശബരിമല. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതെ വരുമ്പോഴാണ് മനുഷ്യര്‍ ദൈവത്തിലേക്ക് തിരിയുന്നത്. തത്വമസി എന്നാണ് ശബരിമല പറയുന്നത്. അത് നീയാണ്. ശബരിമലയ്ക്ക് പോകുന്ന ഭക്തരെ സ്വാമി എന്നാണ് വിളിക്കുക. ഭക്തനും അയ്യപ്പനും ഒന്നാകുന്ന സവിശേഷ അവസ്ഥയാണത്. ഇത്തരമൊരിടത്താണ് സ്വര്‍ണ്ണക്കൊള്ള നടന്നിരിക്കുന്നത്. വിശ്വാസികളെ ഒന്നടങ്കം കബളിപ്പിക്കുന്ന പ്രക്രിയ. എല്ലാത്തിനും കൃത്യമായ സിസ്റ്റമുണ്ടെന്ന വീമ്പിളക്കല്‍ ശബരിമലയുടെ കാര്യത്തിലും സര്‍ക്കാരിനുണ്ട്. തിരുവാഭരണം കമ്മീഷണര്‍ മുതല്‍ സോപാനം ഓഫീസര്‍ വരെ ഉദ്യോഗസ്ഥര്‍ക്ക് ഒരു പഞ്ഞവുമില്ല. പക്ഷേ, വേലി തന്നെ വിളവ് തിന്നുമ്പോള്‍ സിസ്റ്റം കാശിക്ക് പോകുന്നു.
മൂന്നാം വട്ടവും ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ സിസ്റ്റത്തിന്റെ വീഴ്ചകള്‍ എങ്ങിനെയൊക്കെ മറച്ചുവെയ്ക്കാം എന്നാണ് അധികാരികള്‍ നോക്കുന്നത്. സ്വര്‍ണ്ണപ്പാളി കച്ചവടം ആഗോള അയ്യപ്പ സംഗമത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം അത്തരമൊരു വൃഥാ വ്യായാമമാണ്. അയ്യപ്പ സംഗമം ഒരു രാഷ്ട്രീയ പദ്ധതിയായിരുന്നു. ശബരിമലയുടെ വികസനം എന്ന ലേബലില്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തിയ രാഷ്ട്രീയ നീക്കം. എന്‍എസ്എസ്സും എസ്എന്‍ഡിപിയും പിന്തുണച്ചതോടെ സംഗതി വിജയമായി എന്ന പ്രതീതി ഉയരുന്നതിനിടയിലാണ് സ്വര്‍ണ്ണക്കൊള്ള വരുന്നത്. ശാസ്താവിന്റെ സ്വര്‍ണ്ണം എന്ന് പറഞ്ഞാല്‍ വിശ്വാസികളുടെ സ്വര്‍ണ്ണമാണ്. ഈ സ്വര്‍ണ്ണം കൊള്ളയടിച്ചവരെ കൂട്ടിയിണക്കുന്ന ഒരേയൊരു കണ്ണി അവിശ്വാസമായിരിക്കും. അയ്യപ്പനില്‍ ഒരു തരിയെങ്കിലും വിശ്വാസമുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു വൃത്തികെട്ട പണിക്ക് ഇവര്‍ നില്‍ക്കില്ലായിരുന്നു. കൊള്ള നടത്തിയവരെ ഒന്നടങ്കം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിനുപകരം അതില്‍ സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചന കാണുന്നത് സിസ്റ്റം എത്രമാത്രം പൊള്ളയാണെന്ന യാഥാര്‍ത്ഥ്യം പുറത്തുവരുന്നതിലുള്ള സങ്കടവും ദേഷ്യവുംകൊണ്ടായിരിക്കണം.
പാലക്കാട്ടെ കുട്ടിയുടെ കൈ ഇല്ലാതാക്കിയതിലും ശബരിമലയിലെ സ്വര്‍ണ്ണം കൊള്ളയടിക്കുന്നതിലും മാത്രമല്ല സിസ്റ്റം പ്രതിസ്ഥാനത്തുള്ളത്. ആഭ്യന്തര വകുപ്പിന്റെ ചെമ്പ് പണ്ടേ തെളിഞ്ഞതാണ്. കിഫ്ബിയില്‍ തെളിഞ്ഞത് ചെമ്പാണോ ചേമ്പാണോ എന്ന കാര്യത്തില്‍ ബഹു തോമസ് ഐസക്കിന്റെ പ്രബന്ധം വരാനിരിക്കുന്നതേയുള്ളു. ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും ഇന്നിപ്പോള്‍ കേരളം നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. നമ്മുടെ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ കിട്ടാത്ത അവസ്ഥയാണ്. ഒരു നിവൃത്തിയുണ്ടെങ്കില്‍ കേരളം വിട്ടുപോവാനാണ് നമ്മുടെ ചെറുപ്പക്കാര്‍ നോക്കുന്നത്. അധികാര കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ സൃഷ്ടിക്കുന്ന ബിനാമി കൂട്ടായ്മകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. പിന്‍വാതില്‍ നിയമനങ്ങളും ഈവന്റ് മാനേജ്മെന്റും അവരെത്തേടി എത്തുന്നു. ഭരണകൂടത്തിനുള്ളിലെ ഭരണകൂടമായി ഇക്കൂട്ടര്‍ പരിണമിക്കുമ്പോള്‍ സിസ്റ്റം വെറും നോക്കുകുത്തിയാവുന്നു.
മേളകള്‍ , മെഗാ മേളകള്‍
പ്രളയത്തിനും കോവിഡ് മഹാമാരിക്കും മുന്നില്‍ തീര്‍ത്തും അരക്ഷിതരായ ഒരു ജനതയാണ് 2021ല്‍ ഇടത്പക്ഷ മുന്നണിക്ക് തുടര്‍ഭരണത്തിനുള്ള അവസരം നല്‍കിയത്. കെ കെ ശൈലജയും തോമസ് ഐസക്കും ജി സുധാകരനുമൊക്കെ അടങ്ങിയ നിരയെ മാറ്റിനിര്‍ത്തി പുതുമുഖങ്ങളുമായി കളത്തിലിറങ്ങിയ രണ്ടാം പിണറായി മന്ത്രിസഭ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ വളരെ വലുതായിരുന്നു. പക്ഷേ, അതൊരു മിനുക്കുപണി മാത്രമായിരുന്നെന്നും കെടുകാര്യസ്ഥതതയിലും അഴിമതിയിലും പൂതലിച്ചുപോയ സിസ്റ്റം അടിത്തട്ടില്‍ അതേപടി തുടരുകയായിരുന്നുവെന്നും വൈകാതെ തെളിഞ്ഞു. പ്രളയം കഴിഞ്ഞപ്പോള്‍ റീ ബില്‍ഡ് കേരള എന്നൊരു മെഗാ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. അതിപ്പോള്‍ എവിടെയാണെന്നറിയാന്‍ പുതിയൊരു കമ്മീഷനെ വെയ്‌ക്കേണ്ടി വരും. നെതര്‍ലന്റ്സില്‍ നിന്ന് ഇറക്കുമതി ചെയ്ത പുഴയ്ക്കൊരു മുറി എന്ന ഇടിവെട്ട് ആശയത്തെക്കുറിച്ചാലോചിച്ചാല്‍ ചിരിച്ച് മരിക്കും.
സകല തുറകളിലും ഇങ്ങനെ ആടിയുലഞ്ഞുനില്‍ക്കുമ്പോള്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ചില ക്രിയകളുണ്ട്. മെഗാ ഷോകള്‍ സംഘടിപ്പിക്കുക. ഒരു ദിവസത്തെ വേതനം 232 രൂപയില്‍ നിന്ന് 700 രൂപയാക്കണം എന്ന ആവശ്യവുമായി സമരം ചെയ്യുന്ന ആശാ തൊഴിലാളികളെ അദൃശ്യരാക്കുന്ന ഈ ഘോഷങ്ങള്‍ കാണുമ്പോള്‍ റോമന്‍ സാമ്രാജ്യം സംഘടിപ്പിച്ചിരുന്ന ഗ്ളാഡിയേറ്റര്‍ മേളകള്‍ ഓര്‍ത്തുപോയാല്‍ കുറ്റം പറയാനാവില്ല. എടുത്തുകാണിക്കാന്‍ ഒന്നുമില്ലാതെ വരുമ്പോഴാണ് ഇത്തരം കെട്ടുകാഴ്ചകളിലേക്ക് ഭരണകൂടങ്ങള്‍ തിരിയുക. 27 കോടി മുടക്കി സംഘടിപ്പിച്ച കേരളീയം വിസ്മരിക്കാനാവുമോ? ഒരു കോടി അഞ്ച് ലക്ഷം മുടക്കി ഭാരത് ബെന്‍സില്‍ കേരളം ചുറ്റി നടന്ന് കണ്ടതും മറക്കരുത്. ഡെല്‍ഹിയില്‍ ദ ഹിന്ദു ദിനപ്പത്രത്തിന് മുഖ്യമന്ത്രിയുടെ അഭിമുഖം പി ആര്‍ ഏജന്‍സി ഏര്‍പ്പാടാക്കുന്ന കാഴ്ചയും ഇടയ്ക്കുണ്ടായി. അയ്യപ്പ സംഗമത്തിന് എത്ര ചെലവായി എന്നതിന്റെ മുഴുവന്‍ കണക്കുകളും പുറത്തു വന്നിട്ടില്ല. ഈവന്റ് മാനേജ്മെന്റ് കമ്പനിയുമായി എട്ട് കോടി രൂപയുടെ കരാറുണ്ടാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടിയപ്പോള്‍ എത്രപെട്ടെന്നാണ് മെഗാ ഷോ അരങ്ങേറിയത്. മൂന്ന് കോടി രൂപയുടെ അടുത്താണ് ലാലിനെ ആദരിക്കാന്‍ ചെലവിട്ടതെന്ന് കേള്‍ക്കുന്നു. 2004 ല്‍ തനിക്ക് ഇതേ പുരസ്‌കാരം കിട്ടിയപ്പോള്‍ ഒരാദരവുമുണ്ടായില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ലാല്‍ സലാം വേദിയില്‍ പരിഭവിച്ചിരുന്നു. ആദരിക്കലും മേളയാക്കാമെന്ന രാഷ്ട്രീയ ജ്ഞാനമുള്ള കാലത്ത് പുരസ്‌കാരം നേടാനും അല്ലറ ചില്ലറ യോഗമൊക്കെ വേണം!
ഇനിയിപ്പോള്‍ ഇതിലൊക്കെ പ്രതിഷേധിക്കാം എന്ന് കരുതുന്നത് ശുംഭത്തരമാവും. എട്ടുമുക്കാല്‍ അട്ടി അടുക്കിവെച്ചവരൊക്കെ പ്രതിഷേധിച്ചിട്ട് എന്ത് കാര്യമെന്ന് ചോദിച്ചത് സാക്ഷാല്‍ മുഖ്യമന്ത്രിയാണ്. അത് കേട്ട് ആവേശഭരിതനായി ഒരു ഭരണകകഷി എംഎല്‍എ ഇരുകൈയ്യുമില്ലാത്തവരെ പരിഹസിക്കുന്നതും കേരളം കണ്ടു. സിസ്റ്റത്തിന്റെ ചെമ്പ് ഇങ്ങനെ തെളിഞ്ഞു തെളിഞ്ഞുവരുമ്പോള്‍ ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം കണ്ണാടി ഒന്ന് സ്വന്തം മുഖത്തേക്ക് പിടിക്കാന്‍ അധികാരികള്‍ക്കാവണം. എന്നിട്ട് കവി കടമ്മനിട്ടയുടെ വരികള്‍ അര്‍ത്ഥമറിഞ്ഞ് ചൊല്ലണം : '' നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.'
Content Highlights: Examining systemic failures in Kerala, from a child`s hand amputation due to medical negligence to alleged gold theft at Sabarimala. Critiquing government inefficiency and misplaced priorities.
Published: 18 Oct 2025, 09:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented