ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ മലപ്പുറം തിരുനാവായ നവാമുകുന്ദ സ്‌കൂള്‍ വിദ്യാര്‍ഥി ആദിത്യ അജിക്ക് സ്വര്‍ണമുണ്ട്. 100 മീറ്റര്‍ ഹര്‍ഡില്‍സ് 14.57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പൊന്നുംനേട്ടം. പക്ഷേ, അടുത്തവര്‍ഷം നടക്കുന്ന സ്‌കൂള്‍ കായികമേളയില്‍ ഈ വിദ്യാര്‍ഥിക്ക് പങ്കെടുക്കാന്‍ കഴിയുമോ എന്നതില്‍ അനിശ്ചിതത്വമുണ്ട്. ആദിത്യ അജി പഠിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ അടുത്തവര്‍ഷത്തെ കായികമേളയില്‍ പങ്കെടുക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനൊപ്പം എറണാകുളം കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും സര്‍ക്കാര്‍ വിലക്കുണ്ട്. ആദിത്യ അജിയുടെ മെഡല്‍ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ വിലക്കുകള്‍ നീക്കുമെന്ന് മന്ത്രി ഇന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, അത് എന്നാണെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. 

To advertise here,

ഇരു സ്‌കൂളിനും അടുത്തവര്‍ഷത്തെ കായികമേളയില്‍ പങ്കെടുക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തേ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന പരിപാടിക്കിടെ ഓവറോള്‍ പോയിന്റിനെച്ചൊല്ലി ഇവര്‍ നടത്തിയ വാഗ്വാദങ്ങളും തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. നല്ല രീതിയിൽ നടന്ന മേളയുടെ ഖ്യാതി ഈ രണ്ട് സ്‌കൂളുകള്‍ നശിപ്പിച്ചുവെന്ന വിലയിരുത്തലിനെ തുടർന്നുള്ള നടപടിയാണെന്നാണ് മനസ്സിലാവുന്നത്. 

placeholder

കഴിഞ്ഞദിവസം ആദിത്യ അജിയോട് ഈ വിഷയത്തില്‍ പ്രതികരണം തേടിയിരുന്നു. അപ്പോൾ ഹര്‍ഡില്‍സ് മത്സരം കഴിഞ്ഞിട്ടില്ല. മീറ്റ് നടക്കുന്ന റാഞ്ചിയിലെ കൊടിയ തണുപ്പില്‍ പരിശീലനത്തിന്റെ ഇടവേളയിലായിരുന്നു അവളപ്പോള്‍. ഈ വിലക്ക് എങ്ങനെയൊക്കെ ബാധിക്കുമെന്നതായിരുന്നു ചോദ്യം. നിസ്വാര്‍ഥമായ, ഒരുള്‍ക്കൊള്ളലിന്റെ സ്വഭാവം പൂണ്ട മറുപടി കൊണ്ട് ആദിത്യ ഞെട്ടിച്ചു. ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സംസ്ഥാനതലത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ള സ്‌കൂളുകളാണ് നവാമുകുന്ദയും മാര്‍ ബേസിലും. മികച്ച പ്രകടനം നടത്തുന്ന ഈ രണ്ട് സ്‌കൂളുകളെ വിലക്കിയാല്‍ കായികമേളയില്‍ മാത്സര്യത്തിന്റെ തോത് കുറയുമെന്നായിരുന്നു ആദിത്യയുടെ നിരീക്ഷണം. അത് മറ്റു കുട്ടികള്‍ക്ക് വലിയ മാത്സര്യമില്ലാതെ കയറിപ്പറ്റാനും ദേശീയ തലത്തില്‍ സംസ്ഥാനത്തിന്റെ നിലവാരം കുറയ്ക്കാനും ഇട വരുത്തുമെന്ന് മറുപടി.

placeholder
സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ ഭാഗ്യചിഹ്നമായ തക്കുടു

ഫോണ്‍ വെച്ചുകഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ത്തന്നെ ആദിത്യ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയതായുള്ള വിവരമറിഞ്ഞു. നിലവില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ആദിത്യ, ഒരുവര്‍ഷംകൂടി തിരുനാവായ സ്‌കൂളിലുണ്ടാകും. സ്‌കൂളിന്റെ വിലക്ക് നീങ്ങാതിരുന്നാല്‍, ദേശീയ തലത്തില്‍ സ്വര്‍ണം നേടിയ ഈ മിടുക്കിക്ക് അടുത്തവര്‍ഷം സംസ്ഥാനത്ത് നടക്കുന്ന കായികമേളയില്‍ പങ്കെടുക്കാനാവില്ല. സ്വര്‍ണം നേടുംമുന്‍പ് അവള്‍ പറഞ്ഞപോലെത്തന്നെ, നിലവാരം കുറഞ്ഞ വിദ്യാര്‍ഥികള്‍ ദേശീയതലത്തിലേക്ക് കയറിപ്പറ്റാന്‍ അത് ഇടവരുത്തും. 

അത്‌ലറ്റിക്‌സിലെ മികവ് പ്രതീക്ഷിച്ച്, അതിലൊരു ഭാവി കരുപ്പിടിപ്പിക്കാമെന്ന ഒറ്റ ഉദ്ദേശ്യത്തിലാണ് ആദിത്യ ജന്മനാടായ കോട്ടയത്തുനിന്ന് തിരുനാവായയിലേക്ക് വണ്ടി കയറിയത്. വിലക്കില്‍ക്കഴിയുന്ന രണ്ട് സ്‌കൂളുകളിലും ഇതുപോലെ പലയിടങ്ങളില്‍നിന്ന് വന്ന കുട്ടികള്‍ ഇഷ്ടംപോലെയുണ്ട്. അവരില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന കുട്ടികള്‍ പോലുമുണ്ട്. സ്‌പോര്‍ട്‌സ് എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇവരെല്ലാം ഈ സ്‌കൂളുകളെ തേടിയെത്തിയത്. അതിനാല്‍ സ്‌കൂളുകളുടെ വിലക്ക്, ഈ വിദ്യാര്‍ഥികളുടെ ഭാവി എന്നതിനപ്പുറത്ത് കേരളത്തിന്റെ കായിക നിലവാരത്തകര്‍ച്ചയ്ക്കുതന്നെ വഴിവെയ്ക്കും.

placeholder
Kerala School Sports Meet 2024 closing ceremony
സ്‌കൂള്‍ ഒളിമ്പിക്‌സ് സമാപന വേദിയില്‍നിന്ന്‌

പൂട്ടുവീണതെങ്ങനെ?

തിരുവനന്തപുരം ജി.വി. രാജ സ്‌കൂളിനെ മികച്ച രണ്ടാമത്തെ സ്‌കൂളായി തിരഞ്ഞെടുത്ത് ട്രോഫി നല്‍കാന്‍ തീരുമാനിച്ചതോടെയാണ് സ്‌കൂള്‍ ഒളിമ്പിക്‌സ് സമാപനവേദിയില്‍ അനിശ്ചിതത്വം ഉടലെടുത്തത്. സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തിലാദ്യമായി ഓവറോള്‍ കിരീടം നേടിയതിന്റെ സന്തോഷത്തിലായിരുന്നു മലപ്പുറം. സ്‌കൂള്‍ തലത്തില്‍ എടപ്പാള്‍ ഉപജില്ലയിലെ ഐഡിയല്‍ കടകശ്ശേരിയായിരുന്നു ഒന്നാമത്. തിരുന്നാവായ നവാമുകുന്ദ സ്‌കൂള്‍ രണ്ടാം സ്ഥാനത്തിനും കോതമംഗലം മാര്‍ ബേസില്‍ മൂന്നാം സ്ഥാനത്തിനും ഉള്ള ട്രോഫിക്കായി കാത്തിരിക്കുന്നു. 

അപ്പോഴാണ് ജി.വി. രാജ സ്‌കൂളിനാണ് രണ്ടാംസ്ഥാനമെന്ന പ്രഖ്യാപനം വേദിയില്‍നിന്ന് വരുന്നത്. രണ്ടാം സ്ഥാനത്തിനായുള്ള ട്രോഫി വാങ്ങാന്‍ വേദിക്കരികില്‍ കാത്തുനില്‍ക്കുകയായിരുന്ന നവാമുകുന്ദ സ്‌കൂള്‍ അധികൃതര്‍ ഇതോടെ പ്രതിഷേധത്തിന് തിരികൊളുത്തി. ഔദ്യോഗിക വെബ്‌സൈറ്റിലടക്കം കാണിക്കുന്നുണ്ട്, നവാമുകുന്ദയ്ക്കാണ് രണ്ടാംസ്ഥാനമെന്ന്, മാര്‍ബേസില്‍ മൂന്നാമതെന്നും. പക്ഷേ, വേദിയില്‍ പ്രഖ്യാപിച്ചപ്പോള്‍ വെബ്‌സൈറ്റിലില്ലാത്ത ജി.വി. രാജ സ്‌കൂളിന് രണ്ടാം സ്ഥാനം. തിരുവനന്തപുരം ജില്ലാ കായികമേളയില്‍ ജി.വി. രാജയ്ക്കായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ, അവിടെ മറ്റൊരു സ്‌കൂളിനാണ് ഒന്നാം സ്ഥാനം നല്‍കിയത്. ഇത് എല്ലാ വര്‍ഷവും ഇങ്ങനെത്തന്നെയാണ് എന്നിരിക്കേ, സംസ്ഥാന കായികമേളയില്‍ മാത്രം ഒരു മുന്നറിയിപ്പുമില്ലാതെ മാറ്റിയതെന്തിനാണെന്ന ന്യായമായ ചോദ്യമാണ് നവാമുകുന്ദയും മാര്‍ബേസിലും ഉയര്‍ത്തിയത്. ഇനി അങ്ങനെ ചെയ്താല്‍, ജി.വി. രാജയ്ക്ക് നൽകുന്ന ഫണ്ടുകള്‍ ഈ സ്‌കൂളുകള്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാകണം. അതുണ്ടായതുമില്ല. 

placeholder
സ്‌കൂളുകള്‍ക്ക് പോയിന്റ് നല്‍കിയതിനെച്ചൊല്ലിയുണ്ടായ പ്രതിഷേധം

ഈ അനീതിക്കെതിരെയാണ് നവാമുകുന്ദ സ്‌കൂള്‍ അധികൃതര്‍ പ്രതിഷേധിച്ചത്. ഇവിടെ വേറെന്തൊക്കെയോ കളികള്‍ നടക്കുന്നുവെന്ന അവകാശവാദവുമായി അവര്‍ രംഗത്തെത്തി. അധ്യാപകരും കുട്ടികളും ഒരേ പ്രതിഷേധം. ഇതിനൊപ്പം മാര്‍ ബേസില്‍ സ്‌കൂള്‍ അധ്യാപകരും കുട്ടികളും കൂടി ചേര്‍ന്നതോടെ സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ മുഖച്ഛായ തന്നെ മാറി. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. നിയമപാലകരും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളലുമുണ്ടായി.  പ്രകോപിതരാവരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വേദിയില്‍നിന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ആരും ഗൗനിച്ചില്ല. അതുവരെ മികവാര്‍ന്ന രീതിയില്‍ നടത്തിയിരുന്ന സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ പ്രതിച്ഛായ മുഴുവന്‍ ആ ഒരൊറ്റ പ്രതിഷേധത്തില്‍ അലിഞ്ഞില്ലാതായി. 

എന്തുകൊണ്ട് ജി.വി. രാജ?

കേരളത്തിന്റെ കായികനിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ട് 1974-75ല്‍ സ്ഥാപിച്ച സ്‌പോര്‍ട്‌സ് സ്‌കൂളാണ് തിരുവനന്തപുരം ജി.വി. രാജ സ്‌കൂള്‍. കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ സ്‌കൂള്‍. ഒളിമ്പ്യന്‍ താരങ്ങളായ ഷൈനി വില്‍സണ്‍, ഒളിമ്പ്യന്‍ കെ.എം. ബീനാമോള്‍, ഇന്ത്യയുടെ ഹോക്കി ടീം മുന്‍ ക്യാപ്റ്റനും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായി പി.ആര്‍. ശ്രീജേഷ് എന്നിവരെല്ലാം ഈ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. അത്‌ലറ്റിക്‌സ്, ഹോക്കി, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, തെയ്ക്വാണ്‍ഡോ, ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള ഗെയിംസ് ഇനങ്ങള്‍ക്കും സ്‌കൂളില്‍ പരിശീലനം നല്‍കുന്നുണ്ട്. 

അന്താരാഷ്ട്ര മെഡല്‍ ലക്ഷ്യംവെച്ച് സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ എന്ന നിലയ്ക്ക്, ജി.വി. രാജയെ കായികമേളയില്‍ സ്‌കൂളുകളുടെ റാങ്കിങ് പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. എന്തെന്നാല്‍ ബാക്കി സ്‌കൂളുകളെല്ലാം സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തിയും മറ്റുമാണ് കുട്ടികളെ പരിശീലിപ്പിക്കുന്നതും പരിശീലന സൗകര്യമൊരുക്കി കൊടുക്കുന്നതും. അവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാറില്ല. അതിനാല്‍ത്തന്നെ കോടികളുടെ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജി.വി. രാജ സ്‌കൂളിനെ, മറ്റു സ്‌കൂളുകള്‍ക്കൊപ്പം റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ നീതികേടുണ്ട്. 

ഈവര്‍ഷം സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന മാതൃക സ്വീകരിച്ച്  നടത്തിയപ്പോള്‍ ആ വേര്‍തിരിവ്‌ പാടില്ലെന്ന ഉദ്ദേശ്യത്തിലാണ് ജി.വി. രാജയെക്കൂടി റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന ന്യായം. പക്ഷേ, ഈ മാറ്റം നേരത്തേ അറിയിച്ചിരുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ട്രോഫി വാങ്ങാന്‍ കാത്തുനില്‍ക്കുമ്പോഴാണ് ഈ മാറ്റത്തെക്കുറിച്ച് അറിഞ്ഞത്. അത് കനത്ത പ്രതിഷേധത്തിന് ഇടവരുത്തി. 

placeholder
കേരള സ്‌കൂള്‍ ഒളിമ്പിക്‌സ് ഉദ്ഘാടന വേദിയില്‍നിന്ന്‌

ഒളിമ്പിക്‌സ് മാതൃക, നെറികെട്ട സമീപനം

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് സ്‌കൂള്‍ ഒളിമ്പിക്സ് എന്ന മാതൃക കൊണ്ടുവന്ന് പുതിയൊരു ഭാവുകത്വം സൃഷ്ടിച്ചിരുന്നു. ഭിന്നശേഷി വിദ്യാര്‍ഥികളെ ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പൊതുമത്സരങ്ങളുടെ ഭാഗമാക്കിയത് വലിയ പ്രകീര്‍ത്തനങ്ങള്‍ക്ക് കാരണമായി. ഗെയിംസ് മത്സരങ്ങള്‍ മേളയ്ക്കൊപ്പം ചേര്‍ത്തതും സര്‍ക്കാരിന് വലിയ തരത്തിലുള്ള സല്‍പ്പേരു നല്‍കി. മേളയുടെ മെച്ചപ്പെട്ട ഏകോപനത്തിനും കുറ്റമറ്റ രീതിയിലുള്ള മുന്നോട്ടുപോക്കിനുമായി വിദ്യാഭ്യാസമന്ത്രി എറണാകുളത്തുതന്നെ ക്യാമ്പുചെയ്ത് പ്രവര്‍ത്തിച്ചു. 

ഭാവിയില്‍ ഒളിമ്പിക്‌സിലേക്ക് കേരളത്തില്‍നിന്ന് കൂടുതല്‍പ്പേരെ എത്തിക്കുക, ഒളിമ്പിക്‌സില്‍ മെഡല്‍ നേടുക എന്ന ബൃഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 'സ്‌കൂള്‍ ഒളിമ്പിക്‌സ്' എന്ന പേരു സ്വീകരിച്ചത്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഹോക്കി താരം പി.ആര്‍. ശ്രീജേഷിനെ മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കി. ഒളിമ്പിക്‌സ് മാതൃക കൊണ്ടുവന്നതിന്റെ ലക്ഷ്യത്തെപ്പറ്റി മന്ത്രി പല വേദികളില്‍ ഊന്നിയൂന്നിപ്പറയുകയും ചെയ്തിരുന്നു. 

കേരളം ഇന്നുവരെ കാണാത്ത വിധത്തിലുള്ള കായികമേള എന്ന നിലയ്ക്ക് വലിയ വാര്‍ത്താപ്രാധാന്യവും കൈവരിച്ചു. സംഘാടനവും മികച്ചതായിരുന്നു. പക്ഷേ, അവസാനത്തില്‍ പോയിന്റിനെച്ചൊല്ലി സംഭവിച്ച അപാകം മേളയുടെ പ്രഭ കെടുത്തി. മഹാരാജാസ് ഗ്രൗണ്ടില്‍ കനത്ത പ്രതിഷേധം നടക്കുന്നതിനിടെ, ഒരു പരിഹാരമുണ്ടാക്കാതെ മന്ത്രി സ്ഥലം വിട്ടതും പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. 

തുടര്‍ന്ന് രണ്ട് സ്‌കൂളുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയും അവിടത്തെ അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചായിരുന്നു നടപടി. എന്നാല്‍ ചൊവ്വാഴ്ച ആദിത്യ അജി സ്വര്‍ണം നേടിയതിനു പിന്നാലെ, നിലപാടില്‍ അല്പം മയം വരുത്തിയിട്ടുണ്ട് വിദ്യാഭ്യാസ മന്ത്രി. കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും വിലക്ക് നീക്കുമെന്നുമാണ് മന്ത്രി പറഞ്ഞുവെച്ചിരിക്കുന്നത്. പക്ഷേ, എന്ന് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുന്നു.

വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് കത്ത് നല്‍കിയിരുന്നു. അധ്യാപക സംഘടനകളും ഇതേ ആവശ്യമുന്നയിച്ചു. കൂടാതെ വിലക്ക് നേരിട്ട സ്‌കൂള്‍ അധ്യാപകര്‍ തിരുവനന്തപുരത്തെത്തി മന്ത്രിയെ നേരില്‍ക്കണ്ടും നടപടി നീക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.  

placeholder
ഉദ്ഘാടന വേദിയില്‍നിന്നിറങ്ങുന്ന നടന്‍ മമ്മൂട്ടി

വിലക്ക് എന്തുകൊണ്ട് പെട്ടെന്ന് നീക്കണം?

കായികപരമായി മുന്നേറുന്ന ഒരു സ്‌കൂളില്‍ അവസരം തേടി നിരവധി ഇടങ്ങളില്‍നിന്ന് കുട്ടികള്‍ വരും. ജില്ലയ്ക്കകത്തും പുറത്തും സംസ്ഥാനത്തിന് പുറത്ത് നിന്നുമൊക്കെയായി ആ വരവ് നീളും. സ്‌കൂളിലെ മെച്ചപ്പെട്ട കായിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ചാണത്. മികച്ച ട്രെയിനിങ്, സൗകര്യമുള്ള ഗ്രൗണ്ടുകള്‍, മികച്ച പരിശീലകര്‍,ഹോസ്റ്റലുകള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് ഇവര്‍ വരുന്നത്. ഒരു കായികതാരമായി വളരുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായാണ് കുട്ടികള്‍ സ്‌കൂള്‍ തിരഞ്ഞെടുക്കുന്നത്. 

അങ്ങനെയുള്ള സ്‌കൂളിനെ വിലക്കിയാല്‍ കായികാഭിലാഷമുള്ള കുട്ടികളുടെ വരവ് നിലയ്ക്കും. ആദിവാസികളും പിന്നോക്കക്കാരുമായുള്ള  വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ ആഗ്രഹങ്ങള്‍ പേറി വരുന്നവരില്‍ അധികവും. സര്‍ക്കാരിന്റെ ധനസഹായത്തിലല്ല ഇത്തരം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞല്ലോ. കായികസ്‌നേഹികളായ നിരവധി പേര്‍ നല്‍കുന്ന ഫണ്ടും നിരവധി അധ്യാപകരുടെ അര്‍പ്പണബോധവും കൊണ്ടാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ട്രെയിനിങ്, കുട്ടികളുടെ ഡയറ്റ്, ഹോസ്റ്റല്‍ ചെലവ് എന്നിങ്ങനെയായി ഒരു വര്‍ഷം ലക്ഷങ്ങളാണ് ചെലവ്. സുമനസ്സുകളുടെ സഹായത്താലാണ് ഈ ഭാരിച്ച ചെലവ് കണ്ടെത്തുന്നത്. 

വിലക്കുള്ള ഒരു സ്‌കൂളിന് ആരാണ് ഫണ്ട് നല്‍കുക? സാമ്പത്തികം നിലച്ചാല്‍ പരിശീലനവും നിലക്കും. അത് കുട്ടികള്‍ ഈ സ്‌കൂളിനെ തിരഞ്ഞെടുക്കുന്നതില്‍ കുറവ് വരുത്തുകയും ചെയ്യും. സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് പല വിദ്യാര്‍ഥികളുടെയും ചെലവ് കണ്ടെത്തുന്നത്. അധ്യാപകര്‍, പി.ടി.എ., നാട്ടുകാര്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയും ധനം സമാഹരിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിലയ്ക്കാന്‍ കാരണമാവുന്ന നിലപാട്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ. ഉണ്ടായ സ്ഥിതിക്ക് വേഗത്തില്‍ പരിഹരിക്കാനുള്ള ശ്രമമാണ് ഇനി നടക്കേണ്ടത്.