ദുർഗന്ധം, പുറത്തിറങ്ങാൻ പേടി; പോലീസുകാരിയുടെ നായപ്രേമത്തിൽ വലഞ്ഞ് നാട്ടുകാർ
തിരുവനന്തപുരം: അൻപതോളം നായ്ക്കളുമായി താമസിക്കുന്ന പോലീസ് ഉദ്യോഗസ്ഥക്കെതിരെ പരാതിയുമായി അയൽവാസികൾ. ചെങ്കോട്ടുകോണം മടവൂർ പാറയിൽ താമസിക്കുന്ന കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ മെറ്റിൽഡ എന്ന ഉദ്യോഗസ്ഥയ്ക്കെതിരെയാണ് നാട്ടുകാരുടെ പരാതി. നായ്ക്കൾ കാരണം ഭീതിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്ന് അയൽവാസികൾ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തോളമായി നായ ശല്യത്തെ കുറിച്ച് നിരന്തരം അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു പ്രതിവിധിയും ഉണ്ടായില്ലെന്ന് അയൽവാസികൾ പറയുന്നു. കോർപ്പറേഷനിലും പോലീസിലും എല്ലാം പരാതി നൽകി കഴിഞ്ഞു. രാത്രികാലങ്ങളിൽ നായ്ക്കളുടെ ഓരിയിടലും റോഡിലൂടെയുള്ള അലഞ്ഞു നടക്കലും കാരണം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് സമീപവാസികൾ. ഒറ്റയ്ക്ക് താമസിക്കുന്ന മെറ്റിൽഡയുടെ വീട്ടിന്റെ മുറ്റത്തും റോഡിലും ടെറസിലുമെല്ലാം നായ്ക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മൂന്നുവർഷം മുൻപ് രണ്ടു നായ്ക്കൾ ആണ് ഉണ്ടായിരുന്നത്. അവശ്യ സേവനത്തിനുള്ള ആളുകൾ പോലും വീടുകളിൽ എത്താൻ ഭയക്കുന്നു എന്ന് അയൽവാസികൾ പറയുന്നു. കൂറിയർ സർവീസുകാർ പരിസരത്തേക്ക് വരാറില്ല.
ഇറച്ചിക്കടയിൽ നിന്ന് മാലിന്യം വാങ്ങി നായ്ക്കൾക്ക് എറിഞ്ഞു കൊടുക്കുന്ന പതിവ് മെറ്റിൽഡയ്ക്ക് ഉണ്ടെന്നും പരാതിയുണ്ട്. അതേസമയം നായ്ക്കൾ തനിയെ പെറ്റ് പെരുകിയതാണെന്നും വേണമെങ്കിൽ കോർപ്പറേഷൻ നായ്ക്കളെ കൊണ്ടുപോയിക്കോട്ടെ എന്നതാണ് മെറ്റിൽഡയുടെ വാദം.
Published: 15 Jan 2026, 08:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented