അഹ് വാങ്ങിന്റെ കഥ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തു

കണ്ണുനീരോടെ പ്രേക്ഷകർ കണ്ടുതീർത്ത ഹോളിവുഡ് ചലച്ചിത്രമാണ് 2009-ൽ പുറത്തിറങ്ങിയ ഹാച്ചി: എ ഡോഗ്‌സ് ടെയിൽ. മരിച്ചുപോയെന്നറിയാതെ, തന്റെ ഉടമസ്ഥനെ എന്നും റെയിൽവേ സ്‌റ്റേഷനിൽ കാത്തുനിൽക്കുന്ന ഹാച്ചി എന്ന നായയുടെ ഹൃദയസ്പർശിയായ കഥയാണ് ചിത്രം പറഞ്ഞത്. ജപ്പാനിൽ നടന്ന യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ, ഹാച്ചിയുടേതിന് സമാനമായ മറ്റൊരു വിശ്വസ്തനായ വളർത്തുനായയാണ് വാർത്തകളിൽ നിറയുന്നതും വായനക്കാരെ നൊമ്പരപ്പെടുത്തുന്നതും.
ചൈനയിലെ ഷാങ്ഹായിലുള്ള ബവോഷാൻ ജില്ലയിലാണ് സംഭവം. അഹ് വാങ് എന്ന വളർത്തുനായയാണ് തന്റെ ഉടമയേയും കാത്തിരിക്കുന്നതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഉടമ ഇനി ഒരിക്കലും തിരികെ വരില്ലെന്ന് അവനറിയില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഉടമ മരിച്ചത്. അന്ന് മുതൽ അഹ് വാങ് എന്നും അപ്പാർട്ട്‌മെന്റിന് പുറത്ത് തന്റെ പ്രിയപ്പെട്ടവനേയും കാത്തിരിക്കും.
നായയുടെ ഉടമയായ ഗാവോ ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ 11-നാണ് എന്തോ രോഗത്തെ തുടർന്ന് അന്തരിച്ചത്. എന്നത്തേയും പോലെ തന്റെ ഉടമ വരുമെന്നും തന്റെ കൂടെ കളിക്കുമെന്നുമെല്ലാം കരുതി അന്ന് മുതൽ അഹ് വാങ് കാത്തിരിക്കുകയാണ്.
പോകാൻ കൂട്ടാക്കാതെ വാതിലിന് പുറത്ത് എന്നും കാത്തിരിക്കുന്ന നായയെ അയൽക്കാർ ശ്രദ്ധിച്ചു. നായ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിർത്തിയതായും അവർ ശ്രദ്ധിച്ചു. തുടർന്ന് ചില അയൽവാസികൾ ഭക്ഷണവും വെള്ളവും കൊണ്ടുചെന്ന് കൊടുത്തെങ്കിലും അഹ് വാങ് അത് നോക്കിയത് പോലുമില്ല. ആശ്വസിപ്പിക്കാനും സ്വന്തം അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോകാനുമെല്ലാമായി ആരെങ്കിലും അടുത്തേക്ക് വന്നാൽ അവൻ ഓടിമാറുകയും ചെയ്യും.
ജനുവരി ആറിന് അഹ് വാങ്ങിനെ കാണാതായി. ഇതോടെ ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസിച്ചവർ ആശങ്കയിലായി. ഈ ദിവസങ്ങളിൽ പ്രദേശത്ത് വലിയ മഴയും ഇടിമിന്നലുമായിരുന്നു. താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ താഴുകയും ചെയ്തു. രണ്ടുദിവസത്തിനുശേഷമാണ് നായയെ കണ്ടുകിട്ടുന്നത്. തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയായിരുന്ന ഒരു സ്ത്രീയാണ് പുൽക്കൂട്ടത്തിനിടയിൽ അഹ് വാങ്ങിനെ കണ്ടത്. അഹ് വാങ്ങിന്റെ ശരീരം വിറയ്ക്കുകയും ദുഃഖം കൊണ്ട് അവന്റെ കണ്ണിൽനിന്ന് ധാരയായി കണ്ണുനീർ ഒഴുകുകയുമായിരുന്നുവെന്ന് സ്ത്രീ പറയുന്നു.
മൃഗപരിപാലകർ എത്തി നായയ്ക്ക് ആവശ്യമായ ചികിത്സ നൽകി. ഉടമയെ നഷ്ടപ്പെട്ടതിനെ തുടർന്ന് അഹ് വാങ് മാനസികമായി തകർന്നിരിക്കുകയാണെന്ന് പെറ്റ് കെയർ മാനേജർ പറഞ്ഞു. നായയ്ക്ക് വിശദമായ മെഡിക്കൽ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹ് വാങ്ങിന്റെ ഉടമയുടെ അയൽവാസിയായ ഒരാൾ അവനെ ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
Content Highlights: A heartbreaking story from Shanghai, China, is going viral about Ah Huang, a dog dubbed the "Modern Hachi." After his owner passed away in December, the loyal pet waited outside the apartment for weeks, refusing food and water. He was recently rescued in a distressed state and is now receiving medical care.
Published: 17 Jan 2026, 06:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented