
വയല്‍ക്കിളി കലാപം വെറും കലപിലയായി ഒതുങ്ങുമെന്നു കരുതിയിടത്താണ് സിപിഎമ്മിന് ആദ്യം പിഴച്ചത്. കരുത്തുറ്റ കോട്ടയായ കീഴാറ്റൂരില്‍ പാര്‍ട്ടിക്കെതിരെ സ്വന്തം കൂടാരത്തില്‍നിന്നു തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും, പതിവുപോലെ സംഘടനാ കാർക്കശ്യത്തിലൂടെ അടിച്ചമർത്തിയും സാമൂഹികമാധ്യമങ്ങളിലൂടെ പരിഹസിച്ചുമെല്ലാം വയല്‍ക്കിളി സമരം പരാജയപ്പെടുത്തുന്നതില്‍ പാര്‍ട്ടി വിജയിച്ചു. പക്ഷേ, തോറ്റു പിന്‍വാങ്ങിയപ്പോഴും വയല്‍ക്കിളി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുന്നറിയിപ്പുകളെയും പരിസ്ഥിതിവാദങ്ങളെയും ഫലപ്രദമായി നേരിടുന്നതില്‍ സിപിഎം ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കീഴാറ്റൂരില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
സമരത്തെ അടിച്ചമര്‍ത്തി, കീഴാറ്റൂര്‍ പാടശേഖരം നികത്തിക്കൊണ്ട് ദേശീയപാത നിര്‍മാണം പൂർത്തിയാവുമ്പോള്‍ വയല്‍ക്കിളികള്‍ ഉയര്‍ത്തിയ ആശങ്കകളും മുന്നറിയിപ്പുകളുമെല്ലാം കീഴാറ്റൂരിനെ കീഴ്‌പ്പെടുത്തുന്ന കാഴ്ചയാണ്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമെല്ലാം മണ്‍സൂണ്‍ തുടങ്ങിയപ്പോള്‍ തന്നെ കീഴാറ്റൂരും പരിസരത്തുമുള്ള വീടുകളിലേക്കെല്ലാം വെള്ളം ഒഴുകിയെത്തി.

'കീഴാറ്റൂര്‍ കുന്നില്‍നിന്നും തളിപ്പറമ്പ് നഗരത്തില്‍ നിന്നുമെല്ലാം ഒഴുകിയെത്തുന്ന മഴവെളളത്തെ ഉള്‍ക്കൊണ്ടിരുന്നത് നാല്‍പ്പതേക്കറോളം വരുന്ന കീഴാറ്റൂര്‍ പാടശേഖരവും അനുബന്ധ തോടുകളുമായിരുന്നു. തളിപ്പറമ്പ് നഗരത്തേക്കാള്‍ 40 മീറ്റര്‍ താഴ്ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ മഴവെള്ളമെല്ലാം ഇങ്ങോട്ടാണ് ഒഴുകി വരിക. പാടം നികത്തിയതോടെ മഴവെള്ളം മുഴുവന്‍ ദേശീയപാതയുടെ പരിസരപ്രദേശങ്ങളിലുള്ള വീടുകളിലേക്കാണ് ഒഴുകിയെത്തുന്നത്.' വയല്‍ക്കിളി സമരത്തിനു നേതൃത്വം നല്‍കിയവരില്‍ ഒരാളായ സി. മനോഹരന്‍ മഴവെള്ളം കയറിയ സ്വന്തം വീട്ടിലിരുന്ന് പറയുന്നു.

'വയല്‍ക്കിളികളെ വികസനവിരുദ്ധര്‍ എന്നാണ് സിപിഎമ്മും അവരുടെ കൂട്ടാളികളും വിളിച്ചത്. ഞങ്ങളുടെ സമരപ്പന്തല്‍ തീയിട്ടു നശിപ്പിച്ചതിനു ശേഷം സ്ത്രീകള്‍ അടക്കമുള്ള വയല്‍ക്കിളി പ്രവര്‍ത്തകരെ കൂവിത്തോല്‍പ്പിക്കാനും ശ്രമിച്ചു. തളിപ്പറമ്പിലും പരിസരത്തുമെല്ലാം രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തി വികസന മുദ്രാവാക്യം വിളിച്ച നേതാക്കന്‍മാരെയൊന്നും ഇപ്പോള്‍ ഇതുവഴി കാണുന്നില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കീഴാറ്റൂരില്‍ നിര്‍മാണത്തിലിരിക്കുന്ന റോഡിനു മുകളില്‍ വരെ വെള്ളമെത്തി.' മനോഹരന്‍ പറഞ്ഞു.
വയല്‍ക്കിളികളുടെ ആദ്യപോരാട്ടം സിപിഎമ്മിനെതിരേയായിരുന്നില്ല. അതു വികസനത്തിനും എതിരായിരുന്നില്ല. 'പാര്‍ട്ടി പിന്തുണയോടെ ആരംഭിച്ച സമരമായിരുന്നു കീഴാറ്റൂരിലേത്. പിന്നെ, പാര്‍ട്ടിക്കു മാത്രം അറിയാവുന്ന ചില കാരണങ്ങളാല്‍ പാര്‍ട്ടി ആ സമരത്തില്‍നിന്നു പിന്‍വാങ്ങി. പക്ഷേ, കീഴാറ്റൂരിലെ കര്‍ഷകരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആ സമരത്തില്‍നിന്നു പിന്‍വാങ്ങാന്‍ കഴിയുമായിരുന്നില്ല,' മനോഹരന്‍ പറഞ്ഞു.
വയല്‍ക്കിളികളുടെ നേതാവായ സുരേഷ് കീഴാറ്റൂര്‍ പറഞ്ഞതുപോലെ ഇടതുപക്ഷ, കമ്യൂണിസ്റ്റ് ആശയത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് അവര്‍ ഉയര്‍ത്തിയ വാദങ്ങളെ മുതലാളിത്ത നിലപാടിലേക്ക് മാറിയ പുതിയ നേതൃത്വം അടിച്ചമര്‍ത്തി. വയല്‍ക്കിളി കലാപം പാർട്ടി ഗ്രാമത്തില്‍ സംഭവിച്ച ഒരു മാർഗഭ്രംശം മാത്രമായിരുന്നു സിപിഎമ്മിന്. വയല്‍ക്കിളി സമരത്തിന് പാര്‍ട്ടി പോലും പ്രതീക്ഷിക്കാതെ കീഴാറ്റൂരിനു പുറത്തുനിന്നും പിന്തുണയെത്തിയപ്പോള്‍ മാത്രമാണ് സിപിഎം ഒന്നു പതറിയത്.

സമരം തുടങ്ങിയ നാളുകളില്‍ വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ പാടം നികത്തി റോഡ് നിര്‍മിക്കുന്നതിനെതിരേ വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. 'അന്ന് ബാംഗ്ലൂര്‍ റീജ്യണൽ ഓഫിസില്‍നിന്നു പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഒരു മണ്‍സൂണ്‍ സീസണ്‍ പഠനവിധേയമാക്കണം എന്ന് നിര്‍ദേശിച്ചിരുന്നു. ആ പഠനം കഴിഞ്ഞിട്ടേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവൂ എന്നും. പക്ഷേ, ഒന്നും നടന്നില്ല. തിരക്കിട്ട നടപടികളായിരുന്നു നടന്നത്'-വയല്‍ക്കിളികള്‍ക്കു പിന്തുണയുമായി സജീവമായി രംഗത്തുണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ നോബിള്‍ പൈകട പറയുന്നു.
'കീഴാറ്റൂര്‍ പാടം നികത്തിത്തന്നെ ദേശീയപാത കടന്നുപോകണമെന്ന് ആര്‍ക്കൊക്കെയോ താല്‍പര്യമുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കാനും എതിര്‍പ്പുകള്‍ അടിച്ചമര്‍ത്താനും സര്‍ക്കാരും തിരക്കുകൂട്ടി. കീഴാറ്റൂര്‍ പാടശേഖരത്തെ ഒഴിവാക്കി മറ്റൊരു അലൈന്‍മെന്‍റ് വയല്‍ക്കിളികളും ശാസ്ത്രസാഹിത്യ പരിഷത്തും മുന്നോട്ടുവച്ചെങ്കിലും അതിനെയൊക്കെ പരിഹസിച്ചു തള്ളിക്കളയുകയായിരുന്നു'- നോബിള്‍ പറഞ്ഞു.
പാത നിര്‍മാണം നടന്നത് ഏറ്റവും അശാസ്ത്രീയമായിട്ടാണെന്നും ദേശീയപാതാ അധികൃതര്‍ ആദ്യം പറഞ്ഞ പല കാര്യങ്ങളും പാലിച്ചില്ല എന്നും വയല്‍ക്കിളി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ദേശീയപാതയില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിനായി അടിപ്പാതകളടക്കം 26 ചെറിയ നിര്‍മിതികള്‍ ഉണ്ടാക്കുമെന്നു പറഞ്ഞെങ്കിലും പകുതിയോളം മാത്രമാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ടാറിങ് പൂര്‍ത്തിയായ പല സ്ഥലങ്ങളിലും വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴ ശക്തമായാല്‍ റോഡില്‍ കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
'ഒഴുകിപ്പോകാനിടമില്ലാതെ വീടുകളിലേക്കെത്തിയ വെള്ളം കെട്ടിക്കിടക്കുന്നതോടെ കിണറുകളിലെ വെള്ളം മലിനമായിത്തുടങ്ങി. വികസനം കുടിവെള്ളം മുട്ടിക്കുന്ന അവസ്ഥയായിട്ടും ഇതുവരെ ഒരു നേതാവും ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല'-മനോഹരന്‍ പറഞ്ഞു.
കീഴാറ്റൂരും പരിസരപ്രദേശങ്ങളും മഴവെള്ളം നിറഞ്ഞ് വെള്ളക്കെട്ടായി മാറിയതോടെ മറ്റു കൃഷികളും നശിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നൂറുകണക്കിനു തെങ്ങുകളും കവുങ്ങുകളുമാണ് ഈ പ്രദേശത്ത് നശിച്ചുപോയതെന്ന് കീഴാറ്റുരുകാര്‍ പറയുന്നു.

'ഞങ്ങളുടെ സമരം ഇപ്പോള്‍ ചരിത്രത്തിലെ മറന്നുപോകാനിടയുള്ള ഒരു ചെറിയ പോരാട്ടം മാത്രമായിരുന്നു. പക്ഷേ, ഞങ്ങള്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്കു സിപിഎമ്മോ വികസനവാദികളോ മറുപടി തന്നിട്ടില്ല. ഇപ്പോള്‍ കീഴാറ്റൂര്‍ ഒരു ദുരിതബാധിതമേഖലയാണ്. ഭാവിയില്‍ ഈ പ്രശ്നങ്ങള്‍ രൂക്ഷമാവാനാണ് സാധ്യത. മഴ കൂടുതല്‍ ശക്തമായാല്‍ കീഴാറ്റൂരിലെ ജനജീവിതം കൂടുതല്‍ ദുസ്സഹമാവും. ദേശീയപാത നിര്‍മാണമാണ് നടക്കുന്നതെങ്കിലും കീഴാറ്റൂരില്‍ നടക്കുന്നത് മഴവെള്ള സംഭരണി നിര്‍മാണമാണ്'- മനോഹരന്‍ പറഞ്ഞു.
മനോഹരന്‍ പറഞ്ഞതുപോലെ കാലം കടന്നുപോവുമ്പോള്‍ വയല്‍ക്കിളി സമരത്തെ കണ്ണൂരും കേരളവുമെല്ലാം മറന്നുപോവുമായിരിക്കും. നികത്തിയ പാടശേഖരത്തിനു മുകളിലൂടെ രണ്ടറ്റവും കാണാത്ത ദേശീയപാതയിലൂടെ വാഹനങ്ങള്‍ അതിവേഗത്തില്‍ കടന്നുപോവുന്നുണ്ടാവും. മഴക്കാലത്ത് വെള്ളപ്പൊക്കം ശീലമായ ഒരു ജനക്കൂട്ടത്തോട് അപ്പോഴും നെല്‍പ്പാടങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും തണ്ണീര്‍ത്തടങ്ങള്‍ പരിപാലിക്കേണ്ടതിനെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നുണ്ടാകും രാഷ്ട്രീയ നേതൃത്വം.
Content Highlights: Keezhattoor paddy field reclamation, opposed by the Vayalkkili protest, now causes severe flooding
Published: 24 Jun 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented