ണവും ജാതിസമവാക്യങ്ങളും വാഴുന്ന കർണാടക രാഷ്ട്രീയം. അതിനിടയിലേക്കാണ് ഇപ്പോൾ മറ്റൊരു വിവാദം കൂടെ കോളിളക്കത്തോടെ കടന്നുവരുന്നത്. 'ഹണി ട്രാപ്പ്'. കർണാടകയിലെ ജനങ്ങളെ സംബന്ധിച്ച് അത്ര പുതിയതൊന്നുമല്ല ഹണി ട്രാപ്പ് വിവാദങ്ങൾ. പല രാഷ്ട്രീയ ഉന്നതരേയും അധികാരത്തിൽ നിന്ന് താഴെയിറക്കിയത് ഇതേ കെണിയായിരുന്നു. എന്നാൽ, ഇത്തവണ കന്നട ദേശത്ത് കാര്യങ്ങൾ കൈവിട്ട മട്ടാണ്. സാധാരണ ടേപ്പുകളുടേയോ ഓഡിയോ റെക്കോഡിങ്ങുകളുടേയോ രൂപത്തിൽ പുറത്തുവരുന്ന ഒരു പിടിവള്ളിയിൽ പിടിച്ചാണ് എതിർചേരിയിൽപ്പെട്ടവർ കാര്യങ്ങൾ കണക്കുകൂട്ടാറുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ഒരു ഭരണകക്ഷിമന്ത്രി തന്നെ വെട്ടിത്തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സർക്കാരിനെയും ഭരണകക്ഷിയെയും  വെട്ടിലാക്കിയിരിക്കുന്നത്.

To advertise here,

എംഎൽഎമാർ ഉൾപ്പടെ 48 പേർ ഹണിട്രാപ്പിൽ പെട്ടിട്ടുണ്ടെന്നും തന്നെയും സംഘം ലക്ഷ്യമിട്ടെന്നും സഹകരണമന്ത്രി കെ.എൻ രാജണ്ണ പറഞ്ഞത് നിയമസഭയിലാണ്. തൊട്ടുപിന്നാലെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സഭ നിശ്ചലമാക്കിക്കൊണ്ട് ബിജെപി എംഎൽഎമാർ നടുത്തളത്തിലിറങ്ങി. എന്നാൽ, ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള പതിവ് ഏറ്റുമുട്ടലായി മാത്രം ഈ സംഭവവികാസങ്ങളെ കാണാനാകുമോ. അതോ, കോൺ​ഗ്രസിനുള്ളിലെ അധികാര പോരാട്ടത്തിന്റെ ബാക്കിപത്രമായിരിക്കുമോ ഈ ഹണി ട്രാപ്പ് വിവാദം. 

കുടുങ്ങിയത് 48 പേർ?

ദേശീയനേതാക്കളടക്കം 48 പേരെ ഹണിട്രാപ്പിൽ കുടുക്കിയെന്നായിരുന്നു സഹകരണമന്ത്രി കെ.എൻ രാജണ്ണയുടെ ആരോപണം.  രം​ഗത്തെത്തെത്തിയതാണ് കർണാടക നിയമസഭയിൽ പുത്തൻ വിവാദത്തിന് തിരികൊളുത്തിയത്. വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നലാണ് ആദ്യം ഈ വിഷയം സഭയിൽ ഉന്നയിക്കുന്നത്. പക്ഷേ, ഇതിന് മറുപടിയായി രാജണ്ണ തൊടുത്ത ആരോപണങ്ങളാണ് വിഷയത്തെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്. ഇത് സംസ്ഥാനത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമല്ലെന്നും ദേശീയനേതാക്കളെയടക്കം ഈ വിധത്തിൽ കുടുക്കിയിട്ടുണ്ടെന്നും മന്ത്രി തുറന്നുപറഞ്ഞു. വിഷയത്തിൽ അന്വേഷണം വേണമെന്നും ആഭ്യന്തരമന്ത്രിക്ക് പരാതി സമർപ്പിക്കുമെന്നുമെല്ലാം സഭയിൽ സംസാരിക്കവെ രാജണ്ണ പറഞ്ഞിരുന്നു. എന്നാൽ, നാളിതുവരെ വിഷയത്തിൽ പോലീസിൽ പരാതി സമർപ്പിക്കാൻ മന്ത്രി തയ്യാറായിട്ടില്ല. രാജണ്ണയുടെ മകൻ രാജേന്ദ്ര  ഈ വിഷയം മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽക്കണ്ട് ബോധിപ്പിച്ചിരുന്നു. ഡിജിപിക്ക് പരാതി നൽകാനായിരുന്നു മുഖ്യന്റെ നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ വലിയ തിടുക്കമൊന്നും മന്ത്രിയും മകനും കാണിക്കുന്നില്ല. സാമ്പത്തിക വർഷാവസാനമായതിനാൽ ജോലിത്തിരക്കാണ് പരാതി നൽകുന്നത് വൈകാൻ കാരണമെന്നാണ് വിഷയത്തിൽ മന്ത്രി നൽകുന്ന വിശദീകരണം. 

അതേസമയം, തന്നെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചുവെന്ന വസ്തുത രാജണ്ണ തുറന്നുസമ്മതിക്കുന്നുണ്ട്. കൈവശം തെളിവുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഒരു മന്ത്രിയെ രണ്ടുതവണ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം നടന്നതായി കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും വെളിപ്പെടുത്തി. എന്നാൽ, മന്ത്രിയുടെ പേര് പറയാൻ സതീഷ് തയ്യാറായിരുന്നില്ല. ബിജെപിയിലെയും ജെഡിഎസിലെയും കോൺഗ്രസിലെയും നേതാക്കൾ ഹണി ട്രാപ്പിനിരയായിട്ടുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. 20 വർ‌ഷമായി ഈ ഭീഷണി സംസ്ഥാനത്ത് തുടരുന്നുവെന്ന് ഒരു മന്ത്രിതന്നെ നേരിട്ട് പറയുമ്പോൾ വിഷയം എത്രത്തോളം ​ഗുരുതരമാണ് എന്നത് വ്യക്തമാണ്.

placeholder
കെ.എൻ രാജണ്ണ നിയമസഭയിൽ | Photo: PTI

ലക്ഷ്യം ഡി.കെ.യോ?

സഭയിലെ ബഹളത്തിനും വാ​ഗ്വാദങ്ങൾക്കുമപ്പുറം രാജണ്ണയുടെ ഭൂതകാലം പരിശോധിക്കുമ്പോഴാണ് ഇപ്പോൾ കത്തിനിൽക്കുന്ന ഈ വിഷയത്തിന് പിന്നിലെ ഉള്ളുകളികളെക്കുറിച്ചുള്ള സൂചന വെളിച്ചത്തുവരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത് നിൽക്കുന്ന നേതാക്കളിൽ ഒരാളാണ് രാജണ്ണ. സിദ്ധരാമയ്യ ജനതാദളിൽ ഉണ്ടായിരുന്ന കാലം മുതലേയുള്ള അടുപ്പം ഇരുവർക്കുമിടയിലുണ്ട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കാണണമെന്ന് ആ​ഗ്രഹിക്കുമ്പോൾ  തന്നെ ഡി.കെ. ശിവകുമാറിന്റെ കടുത്ത വിമർശകനുമാണ് ഈ പറയുന്ന സഹകരണമന്ത്രി. ഒരു നേതാവിന് ഒരു പദവി എന്ന പ്രഖ്യാപിതനയം പാർട്ടിക്കുള്ളപ്പോഴും ശിവകുമാർ വ്യത്യസ്ത അധികാരങ്ങൾ കയ്യാളുന്നതിനെതിരേ കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിനോട് ചോദ്യങ്ങൾ ഉന്നയിച്ചതും ഇതേ രാജണ്ണയാണ്. 

സമുദായ സമവാക്യങ്ങളാണ് പലപ്പോഴും കർണാടക രാഷ്ട്രീയത്തിന്റെ ​ഗതി മാറ്റുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൃത്യമായി സ്വാധീനിക്കാനാകുന്ന തലത്തിൽ പ്രബലമാണ് സംസ്ഥാനത്തെ ജാതിരാഷ്ട്രീയമെന്നതും നോക്കിക്കാണേണ്ട കാര്യമാണ്. സിദ്ധരാമയ്യയെ രാജണ്ണയ്ക്ക് ഇത്ര പ്രിയപ്പെട്ടവനാക്കുന്നതും സമുദായത്തിന് വേണ്ടി ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങളാണ്. രാജണ്ണയ്ക്ക് പുറമെ, പിന്നാക്ക വിഭാ​ഗത്തിൽ നിന്നുള്ള മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, ജി. പരമേശ്വര. എച്ച്.സി. മഹാദേവപ്പ എന്നീ നേതാക്കളും ഡി.കെ. ശിവകുമാറിന്റെ കടുത്ത വിമർശകരാണ്. സംസ്ഥാനത്തെ കോൺ​ഗ്രസിനുമേൽ ഉയർന്നുവരുന്ന ഡി.കെ ആധിപത്യത്തെ വെല്ലുവിളിക്കുന്നവരാണ് ഇവരെല്ലാം. 

സിദ്ധരാമയ്യയ്ക്കും ഡി.കെ. ശിവകുമാറിനും പുറമെ മുഖ്യമന്ത്രിസ്ഥാനം മോഹിക്കുന്ന മറ്റൊരാളാണ്  ആഭ്യന്തരമന്ത്രി ജി. പരമേശ്വര. അധികാരക്കസേര ഉറപ്പിക്കുന്നതിന് തന്റെ ഊഴവും കാത്ത് ഇരിക്കുന്നതിനിടയിലാണ് പരമേശ്വരയെ വെട്ടിലാക്കിക്കൊണ്ട് നടി രന്യ റാവുവിന്റെ സ്വർണക്കടത്ത് കേസ് പുറത്തുവന്നത്. രന്യയുമായി നേരിട്ടുള്ള ബന്ധമൊന്നും ഇല്ലെങ്കിലും ഇവരുടെ രണ്ടാനച്ഛൻ പരമേശ്വരയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉന്നത പോലീസ് ഉദ്യോ​ഗസ്ഥനാണ്. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും നാളെ ഒരുഘട്ടത്തിൽ മുഖ്യമന്ത്രിപദത്തിലേക്കുള്ള യാത്രയിൽ ഈ വിവാദം ഒരു വിലങ്ങുതടിയായേക്കാമെന്ന നല്ല ബോധ്യമുണ്ടാകണം പരമേശ്വരയ്ക്ക്. ഈ സ്വർണക്കടത്ത് വാർത്ത പ്രൈം ടൈമിൽ ഇടംപിടിച്ച് ദേശീയതലത്തിൽ ശ്രദ്ധയാകുന്നതിനിടെയാണ് രാജണ്ണ ഹണിട്രാപ്പ് ആരോപണവുമായി രം​ഗത്തെത്തുന്നത്. 

ഇപ്പോൾ, ഇങ്ങനെയൊരു ആരോപണവുമായി രം​ഗത്തുവരേണ്ട സാഹചര്യങ്ങളൊന്നും സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. മാത്രവുമല്ല, ആരോപണങ്ങളെ പിന്തുണയ്ക്കാനാവശ്യമായ തെളിവുകളും പുറത്തുവന്നിട്ടില്ല. അവിടെയാണ്, ഈ ഹണി ട്രാപ്പ് വിവാദം ഡി.കെ. ശിവകുമാറിനെ കുടുക്കാനുള്ള നീക്കമാണോ എന്ന ചോദ്യം അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ഉയരുന്നത്. വ്യക്തമായ തെളിവുകളോ പരാതിയോ ഒന്നും ഇല്ലെങ്കിലും രാജണ്ണ ഉന്നംവെയ്ക്കുന്ന ഹണി ട്രാപ്പ് സംഘത്തെ ഒരു ഉന്നതനേതാവിലേക്ക് ബന്ധിപ്പിക്കുന്നതിന് മന്ത്രിക്കും കൂട്ടാളികൾക്കും കഴിഞ്ഞിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്. 

ബിജെപിക്ക് നഷ്ടമായ വിക്കറ്റ്

എന്തുകൊണ്ടാണ് തെളിവുകളൊന്നുമില്ലാതെയൊരു ഹണി ട്രാപ്പ് വിവാദം ഉയരുമ്പോഴേക്കും രാഷ്ട്രീയ എതിരാളികൾ ഡി.കെ. ശിവകുമാറിലേക്ക് വിരൽചൂണ്ടുന്നത്. ആ കഥയ്ക്ക് ഏകദേശം നാല് വർഷത്തിന്റെ പഴക്കമുണ്ട്. 2021-ലാണ് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അന്നത്തെ കർണാടക ജലവിഭവവകുപ്പു മന്ത്രി രമേഷ് ജാർക്കിഹോളിക്ക് തന്റെ മന്ത്രിസ്ഥാനം തന്നെ തെറിക്കുന്നത്. അശ്ലീല വീഡിയോ കൂടെ പുറത്തുവന്നതോടെ അന്ന് രാജിയല്ലാതെ മറ്റ് മാർ​ഗങ്ങളൊന്നും രമേഷിന് മുന്നിലില്ലായിരുന്നു. എങ്കിലും ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നും താൻ നിരപരാധിയാണെന്നും അന്നത്തെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയോട് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. എന്നാൽ, സംസ്ഥാനത്താകെ പ്രതിഷേധങ്ങളുയർന്ന സാഹചര്യത്തിൽ യെദ്യൂരപ്പയും ബി.ജെ.പി. ദേശീയ നേതൃത്വവും മന്ത്രിയോട് രാജി ആവശ്യപ്പെടുകയായിരുന്നു. 

placeholder
 രമേഷ് ജാർക്കിഹോളി | Photo: PTI

രാജിയും കോലാഹലവും എല്ലാം കഴിഞ്ഞതോടെ വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചുകൊണ്ട് രമേഷ് രം​ഗത്തെത്തി. വീഡിയോ വ്യാജമാണെന്നും ഈ ടേപ്പുകളെപ്പറ്റി നാല് മാസം മുമ്പ് തന്നെ തനിക്ക് വിവരം ലഭിച്ചിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒരു വലിയ നേതാവ് ഈ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്നും പറഞ്ഞുവെച്ചു. ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ആരെയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് അന്നേ വ്യക്തമായിരുന്നു. പണമൊഴുക്കിയുള്ള ഇടപാടാണ് തനിക്കെതിരേ നടന്നത്. 20 കോടി രൂപയുടെ ഗൂഢാലോചന നടന്നിട്ടുണ്ട്. വിഡിയോ ടേപ്പിൽ കാണുന്ന യുവതിക്ക് അഞ്ചുകോടി രൂപയും വിദേശത്ത് രണ്ട് ഫ്ലാറ്റും പ്രതിഫലം നൽകിയെന്നും അദ്ദേഹം ആരോപിച്ചു. 

പിന്നെയും വർഷങ്ങൾ രമേഷ് കാത്തിരുന്നു. എല്ലാം അടങ്ങിയെന്ന് ഉറപ്പായതോടെ ഈ കോലാഹലങ്ങളെല്ലാം ഒപ്പിച്ചത് ഡി.കെ. ശിവകുമാറാണെന്ന് ഇയാൾ ആരോപിച്ചു. അന്നത്തെ കെപിസിസി അധ്യക്ഷനായിരുന്ന ഡി.കെ. ശിവകുമാറാണ് തന്നെ ​ഗൂഢാലോചനയിൽ കുടുക്കിയതെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു മുൻമന്ത്രിയുടെ ആവശ്യം. വിവാദത്തിലുൾപ്പെട്ട സ്ത്രീയേയും സഹായികളേയും അറസ്റ്റ് ചെയ്താൽ മാത്രമേ സത്യാവസ്ഥ പുറത്തുവരൂവെന്നും അന്ന് അദ്ദേഹം പറഞ്ഞു. 

ഇതേ ആരോപണത്തിന്റെ ചുവടുപിടിച്ചാണ് രാജണ്ണയും കൂട്ടരും പുതിയ ഹണി ട്രാപ്പ് വിവാദത്തിന് തിരികൊളുത്തിയതെന്ന് വാദിക്കുന്നവർ നിരവധിയാണ്. പൊതുജനത്തെ ബോധിപ്പാക്കാനാകുന്ന ഒരു തെളിവുമില്ലെന്നിരിക്കെ ഇങ്ങനെയൊരു ആരോപണവുമായി എതിർചേരിയിൽപ്പെട്ടവർ രം​ഗത്തെത്തുമ്പോൾ സ്വാഭാവികമായി ചോദ്യം ഡി.കെ.യിലേക്കെത്തുമെന്ന പ്രതീക്ഷയാണോ ഇക്കൂട്ടർക്കെന്നതും കണ്ടറിയേണ്ടതാണ്. 

കുലുങ്ങാതെ ഡി.കെ.

അധികമൊന്നും സംസാരിച്ചില്ലെങ്കിലും കൃത്യമായി കൊള്ളേണ്ടവർക്ക് കൊള്ളുന്ന മറുപടിയാണ് ഡി.കെ. ശിവകുമാർ ഈ വിഷയത്തിൽ നൽകിയത്. നിങ്ങൾ തിരിച്ചു പ്രതികരിക്കുന്നതിനാലാണ് ഇത്തരം വിഷയങ്ങളുണ്ടാകുന്നതെന്ന് ഡി.കെ. തുറന്നടിച്ചു. നിങ്ങൾ ഹലോ പറഞ്ഞാൽ അവർ അതേ ഭാഷയിൽ മറുപടി പറയും. മറിച്ച്, നിങ്ങൾ പ്രതികരിക്കേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ അവർക്കെന്ത് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. കാര്യങ്ങൾ ഈ രീതിയിലാണെങ്കിലും പരാതി സമർപ്പിക്കാൻ വൈകരുതെന്നും അതിവേ​ഗം നടപടിയുണ്ടാകണമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി. രാജണ്ണ ഔദ്യോഗികമായി പരാതി സമർപ്പിക്കുന്ന പക്ഷം വിഷയത്തിൽ അന്വേഷണം ആരംഭിക്കുമെന്നും ഡി.കെ. സൂചിപ്പിച്ചു. ആരോപണപ്രത്യാരോപണങ്ങൾക്ക് മറുപടിയായി ആർക്കും സംരക്ഷണം നൽകില്ലെന്ന ശക്തമായ നിലപാട് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്വീകരിച്ചു. വിഷയത്തിൽ ന്യായമായ അന്വേഷണമുണ്ടാകുമെന്നും കുറ്റക്കാരെ നിയമത്തിനുമുന്നിലെത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, ജുഡിഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് സിദ്ധരാമയ്യ കണ്ണടച്ചു. 

അവസരം മുതലെടുത്ത് ബിജെപി

കെ.എൻ. രാജണ്ണയുടെ വെളിപ്പെടുത്തലുണ്ടായതോടെ കിട്ടിയ അവസരത്തിൽ സഭ പ്രക്ഷുബ്ധമാക്കിക്കൊണ്ട് ബിജെപി എംഎൽഎമാർ പ്രതിഷേധം ആരംഭിച്ചു. സിഡികളും പെൻഡ്രൈവുകളുമായെത്തിയ ബിജെപി അം​ഗങ്ങൾ ഈ വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും സ്പീക്കർ അനുവാദം നൽകിയില്ല. ഇതോടെ, പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളംവെയ്ക്കാനും കടലാസുകൾ കീറി സ്പീക്കറുടെ ഡയസിനുനേരേ എറിയാനും ആരംഭിച്ചു. സംസ്ഥാന ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ മറുപടിപറയുന്നതിനിടെയാണ് ഈ കോലാഹലങ്ങളെല്ലാം സഭയിൽ അരങ്ങേറിയത്.

കർണാടക ‘ഹണിട്രാപ്’ ഫാക്ടറി ആയെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആർ. അശോകിന്റെ ആരോപണം. ഹണിട്രാപ്പ് സംബന്ധിച്ച വിഷയത്തിൽ ആഭ്യന്തരവകുപ്പ് നടത്തുന്ന ഉന്നതതല അന്വേഷണം പോരെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും ബിജെപി അം​ഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഒടുവിൽ, ബഹളമുണ്ടാക്കിയ 18 ബിജെപി എംഎൽഎമാരെ സസ്പെൻ‍ഡ് ചെയ്തുകൊണ്ടാണ്  സ്പീക്കർ യു.ടി. ഖാദർ രം​ഗം ശാന്തമാക്കിയത്.

placeholder
ഡി.കെ. ശിവകുമാർ | Photo: PTI

കോൺ​ഗ്രസ് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

സംസ്ഥാന കോൺ​ഗ്രസിനുള്ളിൽ ചില്ലറ പിരിമുറുക്കങ്ങൾക്ക് രാജണ്ണയുടെ ആരോപണങ്ങൾ വഴിവെച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത മുഖ്യമന്ത്രിയാകാനൊരുങ്ങി നിൽക്കുന്ന ഡി.കെ. ശിവകുമാറിനെ സംബന്ധിച്ച് വിഷയം ഏതെങ്കിലും രീതിയിൽ തിരിച്ചടിയാകുമോ എന്നതാണ് ഇനി കണ്ടറിയാനുള്ളത്. ഡി.കെ.യെ സംബന്ധിച്ച് കോൺ​ഗ്രസ് എംഎൽഎമാർക്കിടയിൽ തന്റെ വിശ്വാസം നേടിയെടുക്കേണ്ട സമയമാണിത്. മറുഭാ​ഗത്തുള്ളതാകട്ടെ, പിന്നാക്ക ജാതി വിഭാഗങ്ങളിലും ന്യൂനപക്ഷങ്ങളിലും ബഹുജന പിന്തുണയുള്ള സിദ്ധരാമയ്യയും. മറ്റ് മാർ​ഗങ്ങളിലൂടെ നിയമസഭാം​ഗങ്ങളുടെ പിന്തുണ നേടാൻ ശ്രമിച്ചാൽ അതിൽ ഹൈക്കമാൻഡ് ഇടപെടുമെന്നതും തീർച്ചയാണ്. 

മല്ലികാർജുൻ ഖാർ​ഗെയും സിദ്ധരാമയ്യയും മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് കഴിഞ്ഞ ദിവസം ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ മാത്രമെത്തിയതാണ് താനെന്ന് ഖാർ​ഗെ പറയുമ്പോഴും അത് മാത്രമായിരിക്കും ഇരുവരും സംസാരിച്ചതെന്ന് കരുതാൻ നിലവിലെ സാഹചാര്യത്തിൽ നിർവാഹമില്ല. രാഷ്ട്രീയമായി ചില നിബന്ധനകൾ പാലിക്കാനുള്ള നിർദേശം സംസ്ഥാന കോൺ​ഗ്രസിന് ഹൈക്കമാൻഡ് നൽകിയാലും അതിൽ തെറ്റ് കാണാനാകില്ല. അതുമല്ലെങ്കിൽ, നേതൃത്വപരമായ ഇടപെടലിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള വഴിയെങ്കിലും ദേശീയ നേതൃത്വം തേടേണ്ടതുണ്ട്. 

അതേസമയം, ബിജെപിയെ സംബന്ധിച്ച് വീണുകിട്ടിയ അവസരമാണ് ഈ ഹണിട്രാപ്പ്. വലിയ വിഷയങ്ങളോ വിവാദങ്ങളോ ഇല്ലാതെയിരിക്കുന്ന ഒരു സഭാസമ്മേളനത്തിലേയ്ക്കാണ് ഭരണകക്ഷി തന്നെ തങ്ങൾക്കെതിരേ പ്രയോഗിക്കാൻ പാകത്തിൽ ഒരു തീക്കൊള്ളി എറിഞ്ഞുകൊടുത്തത്. കോൺ​ഗ്രസിനുള്ളിൽ തന്നെ വലിയ കലഹമുണ്ടായേക്കാവുന്ന ഒരു വിഷയത്തിനെതിരേ അതേ രീതിയിൽ തന്നെ ബിജെപി പ്രതികരിച്ചു. ആരാണ് ഈ സർക്കാരിന് നേതൃത്വം നൽകുന്നതെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച പ്രധാന ചോദ്യം. ഹണി ട്രാപ്പിനെക്കുറിച്ച് പരസ്യമായി സംസാരിച്ച മന്ത്രിമാരെല്ലാം സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവരാണ് എന്നത് യാദൃച്ഛികമാണോ എന്നും ബിജെപി നേതാക്കൾ തുറന്നുചോദിച്ചു. ഇക്കാര്യത്തിലൊന്നും ഒരു വ്യക്തത വരുത്താൻ കോൺ​ഗ്രസ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല.