ബെംഗളൂരൂ: കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ മണ്ഡലത്തെ അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ. മൊളകാൽമുരു എംഎൽഎ. എൻ.വൈ. ഗോപാലകൃഷ്ണയാണ് തന്റെ മണ്ഡലത്തെ കർണാടകയിൽ നിന്ന് വേർപ്പെടുത്തി ആന്ധ്രാപ്രദേശിൽ ലയിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
തുടർച്ചയായി ഭരിച്ച സർക്കാരുകൾ തന്റെ മണ്ഡലത്തെ അവഗണിക്കുകയാണെന്ന് എംഎൽഎ ആരോപിച്ചു. മൊളകാൽമുരുവിനെ ആന്ധ്രയിലോ അല്ലെങ്കിൽ ചല്ലക്കെരെ താലൂക്കിലോ ലയിപ്പിക്കുന്നതാണ് നല്ലതെന്ന് താൻ വേദനയോടെ പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്ന ചിത്രദുർഗ്ഗ ജില്ലയിലെ ഒരു നിയമസഭാ മണ്ഡലമാണ് മൊളകാൽമുരു. ഇന്ത്യയിലെ തന്നെ ഏറ്റവും ദരിദ്രമായ ജില്ലകളിൽ ഒന്നായാണ് ചിത്രദുർഗ്ഗ കണക്കാക്കപ്പെടുന്നത്.
എന്നാൽ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് എംഎൽഎ പിന്നീട് അവകാശപ്പെട്ടു. താൻ മണ്ഡലത്തിന്റെ ലയനമല്ല ആവശ്യപ്പെട്ടതെന്നും, മറിച്ച് മികച്ച ജലസേചന സൗകര്യങ്ങളും പ്രത്യേക വികസന പാക്കേജുമാണ് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നും ഗോപാലകൃഷ്ണ വ്യക്തമാക്കി,.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മന്ത്രിസഭ വികസിപ്പിച്ചപ്പോൾ തന്നെ തഴഞ്ഞതിലുള്ള അതൃപ്തിയാണ് ഈ വിവാദ പരാമർശങ്ങൾക്ക് പിന്നിലെന്നാണ് സൂചന. ഏഴു തവണ എംഎൽഎയായ തന്നെപ്പോലുള്ള മുതിർന്ന നേതാക്കളെ അവഗണിച്ച് യുവ നേതാക്കൾക്ക് പാർട്ടി നേതൃത്വം മുൻഗണന നൽകുന്നത് അപമാനകരമാണെന്ന് അദ്ദേഹം ആരോപിച്ചു. 2018 മുതൽ 2023 വരെ ബിജെപിയിലായിരുന്ന അദ്ദേഹം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്.
പാർട്ടിക്കുള്ളിലെ അവഗണനയിൽ മനംനൊന്ത് തന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അദ്ദേഹം ഉടൻ തീരുമാനമെടുക്കുമെന്ന് സൂചിപ്പിച്ചു. മണ്ഡലത്തിലെ ജനങ്ങളുമായി ആലോചിച്ച ശേഷം മാത്രമേ അടുത്ത പടി സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഹൈക്കമാൻഡാണ് തന്നെ ഈ നിലയിലേക്ക് എത്തിച്ചതെന്നും ജനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ ഒരു തീരുമാനവും എടുക്കാനാവില്ലെന്നും ഗോപാലകൃഷ്ണ കൂട്ടിച്ചേർത്തു.
Content Highlights: Karnataka Congress MLA suggests merging his constituency with Andhra Pradesh over alleged neglect, later claiming misinterpretation.
Published: 17 Aug 2026, 10:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented