ബെംഗളൂരു: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (Special Intensive Revision - SIR) സംബന്ധിച്ച് കർണാടകയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ചൊവ്വാഴ്ച കർണാടകയിലുടനീളം എസ്‌ഐആർ പ്രക്രിയ ആരംഭിച്ചതോടെ, വോട്ടർ പട്ടികയിൽ തങ്ങളുടെ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. വോട്ടവകാശം നഷ്ടപ്പെടുന്നത് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

To advertise here,

'വോട്ട് ചെയ്യാനുള്ള അവകാശം ജീവിക്കാനുള്ള അവകാശമാണ്' വോട്ടവകാശത്തെ ഒരു മൗലികാവകാശമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ശിവകുമാർ പറഞ്ഞു. ജൂൺ 30 മുതൽ ജൂലൈ 29 വരെ ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നൽകുന്ന രജിസ്‌ട്രേഷൻ ഫോമുകൾ കൃത്യസമയത്ത് പൂരിപ്പിച്ചു നൽകണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതിന് ജനങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാനത്തുടനീളം പതിനായിരക്കണക്കിന് സഹായ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ഈ നടപടിക്രമം പാലിക്കാത്തവർക്ക് തങ്ങളുടെ വോട്ടവകാശം നഷ്ടമാകുമെന്നും മുഖ്യമന്ത്രി അടക്കമുള്ള എല്ലാവർക്കും ഇത് ബാധകമാണെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് ഭാവിയിൽ സർക്കാർ ക്ഷേമപദ്ധതികളും പെൻഷനുകളും ലഭിക്കുന്നതിന് വലിയ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആഗസ്റ്റ് അഞ്ചിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപായി എല്ലാ പൗരന്മാരും ഈ പ്രക്രിയയിൽ പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'പശ്ചിമ ബംഗാളിൽ, എസ്‌ഐആർ അടിസ്ഥാനമാക്കി അർഹതയില്ലാത്ത റേഷൻ ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാൻ ഉത്തരവിട്ടു. മറ്റ് സംസ്ഥാനങ്ങളും സമാനമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. നിങ്ങൾക്ക് വോട്ടവകാശം നഷ്ടപ്പെട്ടാൽ, സർക്കാർ ആനുകൂല്യങ്ങളും നഷ്ടമാകും' പശ്ചിമ ബംഗാളിലെ എസ്‌ഐആർ നടപടികളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീടുകൾ തോറും കയറി ഇറങ്ങിയുള്ള വിവരശേഖരണ പ്രക്രിയ കർണാടകയിൽ ജൂലൈ 29 വരെ തുടരും.

പരിഷ്‌കരണ നടപടികൾക്ക് മുന്നോടിയായി, എസ്‌ഐആർ പ്രക്രിയ പൂർത്തിയാക്കാൻ പൗരന്മാരെ സഹായിക്കുന്നതിനായി സ്ഥിര താമസ സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 5.5 കോടിയിലധികം വോട്ടർമാരെ ഈ പരിഷ്‌കരണ പ്രക്രിയയിൽ ഉൾപ്പെടുത്തുമെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ അൻബുകുമാർ പറഞ്ഞു.

ഇതിനായി 59,050 ബൂത്ത് ലെവൽ ഓഫീസർമാരെയും (BLO), 7,556 ബിഎൽഒ സൂപ്പർവൈസർമാരെയും, 224 ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരെയും, 336 അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരെയും വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ നിയമിച്ച 1.1 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഏജന്റുമാർക്കും പരിശീലനം നൽകിയിട്ടുണ്ട്.

'ഞങ്ങൾ ഇതിനകം 5.5 കോടിയിലധികം വോട്ടർമാർക്കായി രണ്ട് സെറ്റ് വിവരശേഖരണ ഫോമുകൾ അച്ചടിച്ചു കഴിഞ്ഞു, ഫോമുകൾ എല്ലാ ബിഎൽഒമാരിലും എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുതൽ ബിഎൽഒമാർ സമ്മതിദായകരുടെ വീടുകൾ സന്ദർശിക്കുകയും ഫോമുകൾ വിതരണം ചെയ്യുകയും ചെയ്യും.' അൻബുകുമാർ പറഞ്ഞു. 2026 ജൂൺ 16-ലെ വോട്ടർ പട്ടികയിൽ പേരുള്ള വോട്ടർമാർക്ക് വിവരശേഖരണ ഫോമുകൾ വിതരണം ചെയ്യുന്നതിനായി ബിഎൽഒമാർ എല്ലാ വീടുകളും സന്ദർശിക്കും

ഫോമുകൾ വിതരണം ചെയ്ത വീടുകളിൽ വയലറ്റ് ചതുര സ്റ്റിക്കർ പതിപ്പിക്കും, അടഞ്ഞുകിടക്കുന്ന വീടുകളിൽ ചുവന്ന വൃത്താകൃതിയിലുള്ള സ്റ്റിക്കർ പതിപ്പിക്കും. ആവശ്യമുള്ളയിടങ്ങളിൽ, പൂരിപ്പിച്ച ഫോമുകൾ ശേഖരിക്കുന്നതിനായി ബിഎൽഒമാർ കുറഞ്ഞത് മൂന്ന് തവണയെങ്കിലും സന്ദർശനം നടത്തും. വിവരശേഖരണ ഘട്ടത്തിൽ രേഖകളൊന്നും ശേഖരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

'വോട്ടർമാർ ദയവായി ഫോം കൈപ്പറ്റുകയും അത് പൂരിപ്പിച്ച് ഒപ്പിട്ട് ബിഎൽഒയ്ക്ക് തിരികെ നൽകുകയും ചെയ്യണം. മുഴുവൻ പ്രക്രിയയും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമായിരിക്കും നടക്കുക, അത് നിയമപ്രകാരമായിരിക്കും. അതിനാൽ, ജനങ്ങൾ യാതൊരുവിധ ആശങ്കയും വെച്ചുപുലർത്തരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു'. അൻബുകുമാർ പറഞ്ഞു.

നടപടികളുടെ പുരോഗതിയെക്കുറിച്ച് ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് ദിവസേനയുള്ള വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഷെഡ്യൂൾ അനുസരിച്ച്, കരട് വോട്ടർ പട്ടിക ഓഗസ്റ്റ് 5-ന് പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളും സെപ്റ്റംബർ 4 വരെ സമർപ്പിക്കാം, അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 7-ന് പ്രസിദ്ധീകരിക്കും.