കാർഗിൽ മലനിരകളിലെ നിഴൽച്ചിത്രങ്ങൾ ഇന്നും അഭിമാനവാഹികൾതന്നെ. ഉരുകുന്ന മഞ്ഞിൽനിന്നുതിരുന്ന തെളിവെളിച്ചം ആ ഉന്നതികളെ ഇപ്പോഴും വർണാഭമാക്കുന്നു- ഓർമ്മകൾക്ക് രജതജൂബിലിപ്രഭ. 

To advertise here,

നമ്മുടെ ദേശാഭിമാനത്തിനേറ്റ ഘനപ്രഹരത്തിന്റെയും അതിനെ ചൂഴ്ന്നുനിൽക്കുന്ന അമളികളുടെയും സ്മരണയാണ് വീണ്ടുമുണരുന്നത്. ലഹോർ പ്രഖ്യാപനത്തിന്റെ ചങ്ങാത്തമുഹൂർത്തത്തിനുശേഷം രാജ്യത്തിന്റെ സാമൂഹികമനസ്സിനുണ്ടായ പരാജയബോധത്തിന്റെ വേള. പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയ്ക്കായി ലഹോറിലേക്കുള്ള ബസിലേറിപ്പോയ എ.ബി. വാജ്‌പേയിയുടെ മുഖത്തെ സങ്കോചച്ചിരി നാമൊക്കെ പങ്കുവെച്ചതാണ്. ഷെരീഫിന്റെയും വാജ്‌പേയിയുടെയും ഗാഢാശ്ലേഷം ഉഭയകക്ഷിനയതന്ത്രത്തിന്റെ ചരിത്രത്തിലെ സുവർണനിമിഷമായിരുന്നു. പക്ഷേ, ലഹോർബസിന്റെ ചക്രപ്പാടുകൾ അതിർത്തിയിൽനിന്ന്‌ മായുന്നതിനുമുൻപേ കാർഗിലിൽ വെടിശബ്ദങ്ങൾ മുഴങ്ങി. ധീരരുടെ രക്തസാക്ഷിത്വത്തിന്റെ വർത്തമാനങ്ങളാണ് പുറകെയെത്തിയത്. അത് ദേശാഭിമാനബോധത്തെ കുത്തിമുറിപ്പെടുത്തി. ഓരോ പട്ടാളക്കാരന്റെയുള്ളിലും രോഷംനുരഞ്ഞു. ചതിക്കു പകരംചോദിക്കാൻ അവനു തിടുക്കമായി.

വ്രണിതമായ ദേശത്തിന്റെ തിരിച്ചടിയുടെ ചരിത്രനിമിഷത്തിനു സാക്ഷ്യംവഹിക്കാൻ മാധ്യമപ്രവർത്തകർക്കും അവസരമുണ്ടായി. രാജ്യത്തിന്റെ ഭൂമി കൈവിട്ടുപോയെന്ന ആധിപറച്ചിലല്ല, അപമാനിതജനതയുടെ യുദ്ധകാഹളമായിരുന്നു അത്. ധീരതയുടെ ആ രചനകൾതീർക്കാൻ വിധിനിയുക്തരായവരെന്ന് മാധ്യമപ്രവർത്തകരായ ഞങ്ങളോരോരുത്തരും സ്വയം വിശ്വസിച്ചു.

സൈനികോദ്യോഗസ്ഥരും സൈനികരും സ്വരക്ഷയെ തൃണവദ്ഗണിച്ച്, ഉത്തുംഗങ്ങൾ കീഴടക്കി, അധിനിവേശക്കാരെ നിഗ്രഹിക്കുന്നത് ഞങ്ങൾ കണ്ടു. പതിവു ചിട്ടവട്ടങ്ങൾ പാലിച്ച യുദ്ധമായിരുന്നില്ല അത്; പകയുടെ കനൽസൂക്ഷിച്ച ശത്രുവിന്റെ ഗൂഢതയും ഭീരുത്വവും പ്രതിഫലിച്ച ചതിയുദ്ധമായിരുന്നു. ആ സാഹസദിനങ്ങളിലെ ഓരോ സന്ദർഭവും വായനക്കാരെ ഞങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. യുദ്ധവീരരുടെമാത്രമല്ല, അവർക്കു പിന്തുണയും സഹായവുമായി നിലയുറപ്പിച്ച തദ്ദേശീയരെക്കുറിച്ചും എഴുതി. 

പല ഗ്രാമങ്ങളും തകർക്കപ്പെട്ടു. ഏക്കറുകണക്കിനു കൃഷിഭൂമി ഷെല്ലാക്രമണങ്ങളിൽ നശിച്ചു. ഒട്ടേറെപ്പേർക്കു ഗ്രാമങ്ങളിൽനിന്നു പലായനംചെയ്യേണ്ടിവന്നു. അതിർത്തിഗ്രാമങ്ങളിലെ ജനജീവിതം താറുമാറായി. പക്ഷേ, അവരാരും അതേക്കുറിച്ചൊന്നും പരാതിപറഞ്ഞില്ല. രാജ്യത്തിനുവേണ്ടി തങ്ങളാലായതുചെയ്യുന്നതിന്റെ സന്തോഷത്തിലായിരുന്നു ആ ഗ്രാമീണർ. ആ തൃപ്തി അവരുടെ മുഖങ്ങളെ പ്രസാദമുള്ളതാക്കി. 

മേലാളരാൽ ഉപേക്ഷിക്കപ്പെട്ട പാക് സൈനികർക്ക് ഇന്ത്യൻ സൈന്യം ഔപചാരികവും മാന്യവുമായ ശവസംസ്കാരമൊരുക്കിയത് ഏറ്റവും ഹൃദയസ്പൃക്കായ സന്ദർഭമായിരുന്നു. അവരുടെ ദേശീയപതാകയാൽ നാം ആ ശരീരങ്ങൾ പുതപ്പിച്ചു. പ്രാർഥനകൾ ഉയർന്നു. സ്വന്തം രാജ്യത്താൽ പരിത്യക്തരായ ആ ഭടന്മാർ ഇന്ത്യയുടെ പർവതശാഖകളിൽ അന്ത്യവിശ്രമംകൊള്ളുന്നു. 

രക്തസാക്ഷിത്വംവരിച്ച ഇന്ത്യൻ സൈനികർക്കും സൈനികോദ്യോഗസ്ഥർക്കും വിടചൊല്ലാൻ അവരുടെ നാടും അയൽക്കാരും ഒത്തുകൂടി. ആ വൈകാരികനിമിഷം ഒട്ടേറെ യുവാക്കൾ മനസ്സിലേറ്റിയിട്ടുണ്ടാകണം. രാജ്യത്തിനുവേണ്ടി ജീവനർപ്പിച്ച അയൽപക്ക നായകനിൽനിന്ന് ആവേശമുൾക്കൊണ്ട് എത്ര ചെറുപ്പക്കാർ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ സൈന്യത്തിൽ ചേർന്നിട്ടുണ്ടെന്നത് പഠനംനടത്താവുന്ന വിഷയമാണ്.

ബാക്കിവെപ്പുകളെക്കുറിച്ചൊരു സമഗ്രപഠനമില്ലാതെ കാർഗിലിന്റെ ചരിത്രം പൂർണമാകില്ല. രക്തസാക്ഷിത്വത്തിന്റെ ശക്തിയും ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ ശോകവും, സൈന്യത്തിലർപ്പിച്ച വിശ്വാസം, പുതുതായി രൂപമെടുത്ത രഹസ്യാന്വേഷണസംവിധാനം, കീഴടക്കപ്പെടുകയും പിന്നീട് ഉയിർത്തെഴുന്നേൽക്കുകയുംചെയ്ത രാഷ്ട്രീയമായൊരു അമിതേച്ഛ. കാർഗിലിന്റെ ഗാഥ തുടരുന്നു.

ഏത് ആഖ്യായികാകാരനെയുംപോലെ, അവസാന അധ്യായം ഉപദേശത്തിനായി നീക്കിവെക്കുകയാണ്. തകർന്നുപോയൊരു നയതന്ത്രത്തിന്റെ നിരാശയ്ക്കുമേൽ വട്ടമിട്ടുപറക്കുകയാണ് നാം നേടിയ വിജയത്തിന്റെ കുമിളകൾ. ആ വിജയം ഒരു ക്ഷണികധാരണയാണ്. അതിർത്തികളിൽ ഇപ്പോഴും സമാധാനമില്ല. അതിർത്തിയുടെ ഇരുവശത്തുമുള്ള സൈനികർ, എല്ലാവരും ഏതൊക്കെയോ ചകിതമാതാക്കളുടെ മക്കൾ, നിഷ്കരുണമായ കാലാവസ്ഥയിൽ കണ്ണിമവെട്ടാതെ പരസ്പരം തക്കംപാർക്കുന്നു. ഒന്നു കണ്ണുചിമ്മിയാൽ നഷ്ടപ്പെട്ടേക്കാവുന്നത് ജീവനാണ്; വിലപ്പെട്ട ജീവൻ. അത് നമ്മെക്കാൾ നന്നായി അവർക്കറിയാം.  

കാര്‍ഗില്‍ യുദ്ധംനേരിട്ട് റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി പത്രാധിപരുടെ അനുഭവ കുറിപ്പുകള്‍