
കണ്ണൂർ : ‘ഡൂൺടോ മാരോ’ എന്ന അതികഠിനമായ രാത്രിജോലി കഴിഞ്ഞ്, കൂടെയുള്ള ആറുപേരോടൊപ്പം ബാരക്കിലെത്തി. പ്രാതൽ കഴിക്കുേമ്പാഴാണ് 15 വയസ്സ് തോന്നിക്കുന്ന ആൺകുട്ടി ഓടിവന്നത്. “മേരാ ഘർമേം ആദംഗവാദി ആഗയാ...”-കുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു കാർഗിൽ യുദ്ധം കഴിഞ്ഞ് തൊട്ടടുത്ത വർഷം 2000 ജൂലായ് 27-ന് കശ്മീരിലെ രജോരി ജില്ലയിലെ പൻഗ്ളാർ ഗ്രാമത്തിൽ നടന്ന ലഷ്‌കർ തോയിബ ഭീകരാക്രമണത്തിൽ പരിക്കേറ്റ തലശ്ശേരി പാലയാട്ടെ ‘പ്രിയ വിഹാറി’ൽ എം.വി. രാജീവിന്റെ കൺമുന്നിൽ ഇപ്പോഴുമുണ്ട് ആ കറുത്ത ദിനം. അന്നേറ്റ വെടിയുണ്ട ഇപ്പോഴുമുണ്ട് രാജീവിന്റെ തോളിൽ കാവൽമുദ്രയായി.
മരത്തടികൾ കൊണ്ടുണ്ടാക്കിയ വീട്ടിലേക്ക്
:കുട്ടിയുടെ വാക്ക് കേട്ട് സംഘാംഗങ്ങൾ മുഖത്തോട് മുഖം നോക്കി. ഇന്ത്യൻ പട്ടാളത്തെ ഗ്രാമവാസികൾ ഒറ്റാനിടയുണ്ട്. കുട്ടികളുടെ രൂപത്തിലും വരാം ഒറ്റുകാർ. രണ്ടും കല്പിച്ച് ഗ്രനേഡും എകെ 47 തോക്കും മറ്റുമെടുത്ത് രാജീവുൾപ്പെടെയുള്ള സംഘം കുട്ടിയെ മുന്നിൽ നടത്തിച്ച് അതിവേഗം വീടിനടുത്തെത്തി. മരത്തടികൾക്കൊണ്ടുള്ള ചുമരുകളുള്ള ചെറിയ വീടായിരുന്നു അത്.
ഗ്രൂപ്പ് ഹെഡ് വടക്കഞ്ചേരി സ്വദേശി പി.വി. വർഗീസ്, രാജസ്ഥാൻ സ്വദേശി ബവർലാൽ മീനയ്ക്കും തമിഴ്‌നാട്ടുകാരൻ സുരേഷിനും മുന്നോട്ട് പോകാൻ നിർദേശം നൽകി. ബാക്കിയുള്ള അഞ്ചുപേർ അവർക്ക് സുരക്ഷയൊരുക്കി. അതിനിടയിൽ ചോളക്കാടുകൾക്കിടയിൽനിന്ന് തുരുതുരാ വെടിപൊട്ടി. മുന്നിലുണ്ടായിരുന്ന നാലുപേർ പിടഞ്ഞുവീണു. രാജീവിന്റെ തലയ്ക്കു മുകളിലൂടെയും പാഞ്ഞു ഒരു വെടിയുണ്ട. തിരിഞ്ഞുനിന്ന് കാഞ്ചി വലിക്കുമ്പോഴേക്കും രാജീവിന്റെ നെഞ്ചിൻകൂടിന് പിന്നിൽ കൊണ്ട മൂന്ന് വെടിയുണ്ടകളിലൊന്ന് വലതുതോളിലേക്ക് തുളഞ്ഞുകയറി. ചോളക്കാട്ടിലെ ചെളിയിൽ കുറേസമയം അനങ്ങാതെ കിടന്നു. എകെ 47 മാത്രം കൈയിൽ കരുതി നൂറുമീറ്ററോളം ഇഴഞ്ഞ് താഴ്ചയിൽ എത്തി. മങ്ങിയ കാഴ്ചയിൽ കൂടെയുള്ള പഞ്ചാബി ബൽവിന്ദർ സിങ് കണ്ടു. അദ്ദേഹം അയാളുടെ തലേക്കെട്ട് അഴിച്ച് രാജീവിന്റെ മുറിവിൽ കെട്ടി. മെഡിക്കൽ സംഘാംഗങ്ങൾ എത്തി സ്ട്രെച്ചറിൽ കിടത്തി ഹെലികോപ്റ്ററിലേക്ക് കയറ്റി. രാജീവും വെടിയേറ്റ ബവർലാൽ മീനയെയും കൊണ്ട് കോപ്റ്റർ ഉദ്ധംപുർ ആർമി ഹോസ്‌പിറ്റലിലേക്ക് പറന്നു.
നീക്കാനാകാത്ത വെടിയുണ്ട
:''ബോധം തെളിഞ്ഞപ്പോൾ ആസ്പത്രി വാർഡിലായിരുന്നു. ഗ്രൂപ്പ് ഹെഡ് പി.വി. വർഗീസ് ഉൾപ്പെടെ നാല് ജവാൻമാർ വീരമൃത്യുവരിച്ചത് അറിയുന്നത് അപ്പോഴാണ്. രണ്ടുമാസം ഉദ്ധംപുർ ആർമി ഹോസ്‌പിറ്റലിൽ. രണ്ടുവെടിയുള്ള ശസ്ത്രക്രിയയിലടെ മാറ്റിയെങ്കിലും വലതുതോളിലെ വെടിയുണ്ട നീക്കാൻ വിദഗ്ധരായ ഡോക്ടർമാർ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. ചെറുഞരമ്പുകൾ വെടിയുണ്ടയുമായി ചേർന്നതിനാലായിരുന്നു അത്. ആ ബോധ്യവുമായി പിന്നെ താദാത്മ്യം പ്രാപിക്കേണ്ടിവന്നു''- 1990-ൽ 19-ാം വയസ്സിൽ പട്ടാളത്തിൽ ചേർന്ന രാജീവ് വെടിയേറ്റ വലതു കൈത്തോൾ നോക്കിക്കൊണ്ട് പറഞ്ഞു. 30-ാം വയസ്സിൽ ബിഎസ്‌എഫ് ജവാനായിത്തന്നെ പശ്ചിമബംഗാളിൽെവച്ച് വോളന്റിയർ റിട്ടയർമെന്റ് വാങ്ങി. ഇന്ന് രാജീവ് ബൈക്ക് ഓടിക്കും. എല്ലാ പണികളും ചെയ്യും. ഭാര്യ പ്രിയക്കും മകൻ അക്ഷയ് രാജിനുമൊപ്പമാണ് തലശ്ശേരി എൽഐസി സെക്കൻഡ് ബ്രാഞ്ചിൽ ജോലി ചെയ്യുന്ന രാജീവ് ജീവിതയാത്ര തുടരുന്നത്.
Content Highlights: Kargil's Aftermath: A Jawan's Harrowing Tale of Survival
Published: 27 Jul 2025, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented