ന്യൂഡൽഹി: കാർഗിൽ വീരനായകൻ കേണൽ സോനം വാങ്ചുക്ക് (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വിരമിച്ചശേഷം ലഡാക്കിലായിരുന്നു താമസം. കാർഗിൽ യുദ്ധത്തിൽ ശത്രുസൈന്യത്തെ തുരത്തുന്നതിൽ സമാനതകളില്ലാത്ത പോരാട്ടം കാഴ്ചവെച്ച അദ്ദേഹത്തെ രാജ്യം മഹാവീർ ചക്ര നൽകി ആദരിച്ചിരുന്നു.

To advertise here,

കാർഗിൽ യുദ്ധകാലത്ത് ബറ്റാലിക് സെക്ടറിലെ ‘ചോർബത് ലാ’ പിടിച്ചെടുക്കുക എന്ന ദുഷ്കരമായ ദൗത്യമായിരുന്നു അന്ന് മേജർ പദവിയിലായിരുന്ന സോനം വാങ്ചുക്കിനെ ഏൽപ്പിച്ചിരുന്നത്. ലഡാക്ക് സ്കൗട്ട്സിനെ നയിച്ച് 5500 മീറ്റർ ഉയരത്തിലുള്ള ഹിമാനി പ്രദേശത്ത് അദ്ദേഹം നടത്തിയ മുന്നേറ്റം സൈനികചരിത്രത്തിലെ സുവർണ അധ്യായമാണ്. കഠിനമായ മഞ്ഞുവീഴ്ചയെ അവഗണിച്ച് ശത്രുകേന്ദ്രങ്ങൾ ആക്രമിച്ച അദ്ദേഹം ആറ് പാക് സൈനികരെ വധിക്കുകയും തന്ത്രപ്രധാനമായ ഇടങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു. അദ്ദേഹത്തോടുള്ള ബഹുമാനാർഥം ലഡാക്കിലെ രണ്ട് സൈനിക പോസ്റ്റുകൾക്ക് സോനം ഒന്ന്, സോനം രണ്ട് എന്നാണ് നാമകരണം ചെയ്തത്.

വാങ്ചുക്കിന്റെ നിര്യാണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചിച്ചു. ‘ലഡാക്കിന്റെ അഭിമാനിയായ മകൻ’ എന്നാണ് പ്രതിരോധമന്ത്രി വാങ്ചുക്കിനെ വിശേഷിപ്പിച്ചത്. ഓപ്പറേഷൻ വിജയ് സമയത്ത് പ്രായോഗികമായ മാതൃകയിലൂടെ വാങ്ചുക്ക് തന്റെ സൈനികരെ പ്രചോദിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ പാരമ്പര്യം വരുംതലമുറകൾക്ക് കരുത്താകുമെന്നും രാജ്‌നാഥ് സിങ് എക്സിൽ കുറിച്ചു. കരസേനയും വാക്ചുക്കിന്റെ നിര്യാണത്തിൽ അനുശോചിച്ചു.