
ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുകയും കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറത്താക്കുകയും ചെയ്ത ശേഷം ബോഫോഴ്‌സ് അഴിമതിക്കേസിന് നാല് പതിറ്റാണ്ടിന് ശേഷം സുപ്രീംകോടതി കഴിഞ്ഞ ദിവസം അന്ത്യമിടുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ രാജീവ് ഗാന്ധിക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ ബോഫോഴ്‌സ് എന്നത് ഒരു കളങ്കപ്പെട്ട പേരായിരുന്നുവെങ്കിൽ, പിൻകാലത്ത് രാജ്യത്തിന്റെ രക്ഷകനായ ചരിത്രമാണ് അതിനുള്ളത്.
1980കളുടെ അവസാനത്തിൽ രാജീവ് ഗാന്ധി സർക്കാരിന്റെ പതനത്തിനും വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും വഴിവെച്ച ബോഫോഴ്‌സ് 1999-ലാണ് രാജ്യത്തിന്റെ രക്ഷകനായി തിരിച്ചുവരവ് നടത്തിയത്. കാർഗിലിലെ ടോലോലിംഗ്, ടൈഗർ ഹിൽ തുടങ്ങിയ ഉയർന്ന കൊടുമുടികൾ പാകിസ്താൻ സൈന്യവും ഭീകരരും കൈയേറിയപ്പോൾ, ഉയർന്ന മലനിരകളിൽ നിലയുറപ്പിച്ച ശത്രുവിനെ തുരത്താൻ ഇന്ത്യൻ സൈന്യം ആശ്രയിച്ചത് ഈ ബോഫോഴ്‌സ് പീരങ്കികളേയായിരുന്നു.
1986ൽ രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്താണ് സ്വീഡനിൽ നിന്ന് 1437 കോടി രൂപ ചെലവിൽ 410 ബോഫോഴ്‌സ് FH-77B (155 mm) ഹൊവിറ്റ്‌സർ തോക്കുകൾ വാങ്ങാൻ കരാറൊപ്പിടുന്നത്. എന്നാൽ ഇടനിലക്കാർ വൻതുക കൈക്കൂലി വാങ്ങി എന്ന ആരോപണം ഉയർന്നതോടെ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി കേസുകളിലൊന്നായി മാറി. ബോഫോഴ്‌സ് രാഷ്ട്രീയ അട്ടിമറികൾ സൃഷ്ടിച്ചെങ്കിലും മറുഭാഗത്ത് അത് ഇന്ത്യൻ സൈന്യത്തിന് ഒരു ഗെയിം ചേഞ്ചറായി ഉയർന്നുവന്നിരുന്നു.
ദുഷ്‌കരമായ ഭൂപ്രദേശത്ത് കൃത്യതയോടെ ഉപയോഗിക്കാനുകുമെന്നതാണ് ബൊഫോഴ്‌സ് FH-77B ഹൊവിറ്റ്‌സർ, 155 എംഎം ഫീൽഡ് പീരങ്കികളുടെ പ്രത്യേകത.
സാധാരണയായി കുന്നുകൾക്ക് മുകളിലൂടെയുള്ള പരോക്ഷ ആക്രമണങ്ങൾക്കാണ് ഹൊവിറ്റ്‌സർ തോക്കുകൾ ഉപയോഗിക്കുന്നത്. എന്നാൽ കർഗിലിൽ, ആയിരക്കണക്കിന് അടി ഉയരത്തിലുള്ള പാകിസ്താന്റെ ബങ്കറുകളിലേക്ക് പോയിന്റ്-ബ്ലാങ്ക് റേഞ്ചിൽ നേരിട്ട് വെടിയുതിർക്കാൻ ഇന്ത്യൻ സൈന്യം ബോഫോഴ്‌സ് തോക്കുകൾ ഉപയോഗിച്ചു.
35 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ തോക്കുകൾക്ക് 12 സെക്കൻഡിൽ 3 റൗണ്ട് വെടിയുതിർക്കാൻ സാധിക്കുമായിരുന്നു.
കാർഗിൽ യുദ്ധത്തിലാണ് ഇന്ത്യ ആദ്യമായി ബോഫോഴ്സ് പീരങ്കികൾ നേരിട്ടുള്ള ആക്രമണത്തിനായി ഉപയോഗിച്ചത്.
മെഴ്‌സിഡസ് ബെൻസ് എൻജിൻ ഘടിപ്പിച്ച ഈ പീരങ്കികൾക്ക് ചെറിയ ദൂരത്തേക്ക് സഞ്ചരിക്കാൻ കഴിയുന്ന സംവിധാനവും ഉണ്ടായിരുന്നു. ശത്രുവിന്റെ പ്രത്യാക്രമണം ഒഴിവാക്കാൻ, വെടിയുതിർത്ത ഉടൻ തന്നെ ഇവയുടെ സ്ഥാനം മാറ്റാൻ ഈ സംവിധാനം സഹായിച്ചു.
യുദ്ധത്തിൽ പാകിസ്താന്റെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളിൽ 80 ശതമാനവും ഇന്ത്യൻ പീരങ്കിപ്പടയുടെ ആക്രമണം മൂലമായിരുന്നു. ശത്രുക്കളുടെ പ്രതിരോധം തകർക്കുന്നതിനൊപ്പം തന്നെ അവരെ പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നതിനും സഹായിച്ചു. 2,50,000 പീരങ്കി ഉണ്ടകളും റോക്കറ്റുകളുമാണ് ഇന്ത്യ യുദ്ധത്തിൽ ഉപയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും ബോഫോഴ്‌സ് തോക്കുകളിൽ നിന്നായിരുന്നു.
Content Highlights: The Bofors case, once a major political scandal, has reached a legal conclusion after four decades., Bofors FH-77B howitzers were central to India's victory in the 1999 Kargil War., The artillery's ability to fire at point-blank range on high-altitude bunkers was a game-changer., Technological superiority allowed for high-precision strikes and quick tactical repositioning.
Published: 08 Aug 2026, 02:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented