
ഭ്രാന്തന്‍ എന്നാണ് എതിരാളികള്‍ അയാള്‍ക്കിട്ട വിളിപ്പേര്. അലക്ഷ്യമായിട്ട അയാളുടെ മുടി നോക്കി 'വിഗ്' എന്ന് വിളിച്ചവരുമുണ്ട്. പക്ഷേ, അയാള്‍ അയാളെത്തന്നെ വിശേഷിപ്പിക്കുന്നത് 'സിംഹം' എന്നാണ്. മിനി ട്രംപ് എന്നും മാഡ്മാന്‍ എന്നും തുടങ്ങി അനവധി വിളിപ്പേരുകളില്‍ അറിയപ്പെടുന്ന ഈ ആള്‍ ആരെന്നല്ലേ. അര്‍ജന്റീനയുടെ അടുത്ത പ്രസിഡന്റ് ഹാവിയര്‍ മിലെയ്. 55.69 ശതമാനം വോട്ടുവിഹിതം നേടി അദ്ദേഹം രാജ്യത്തിന്റെ അടുത്ത പ്രസിഡന്റ് കസേര ഉറപ്പിച്ചുകഴിഞ്ഞു. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്താണ് മത്സരിച്ചത്. എതിരാളിയായ പെറോണിസ്റ്റ് മുന്നണി നേതാവും ധനകാര്യമന്ത്രിയുമായ സെര്‍ജിയോ മാസയെ (44.31 ശതമാനം വോട്ടുവിഹിതം) തോല്‍പ്പിച്ചാണ് മിലെയ് അധികാരക്കസേരയിലേറുന്നത്. ഡിസംബര്‍ 10-ന് സത്യപ്രതിജ്ഞ.

അര്‍ജന്റൈന്‍ രാഷ്ട്രീയ ചതുരംഗപ്പലകയില്‍ തേരും കുതിരയുമായി പ്രവര്‍ത്തിച്ച പാരമ്പര്യങ്ങളൊന്നും മിലെയ്ക്കില്ല. രാജ്യത്തെ ഒരു ടി.വി. ന്യൂസ് അവതാരകനായിരുന്നു മുന്‍പ്. ചാനലിരുന്ന് അര്‍ജന്റീനയുടെ സാമ്പത്തിക അച്ചടക്കത്തിന്റെ അഭാവത്തെക്കുറിച്ചൊക്കെ ഘോരഘോരം ചര്‍ച്ച നടത്തലായിരുന്നു പ്രധാന പണി. രാഷ്ട്രീയപ്പാര്‍ട്ടികളെയൊക്കെ എതിര്‍ത്തു സംസാരിച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ത്ത സര്‍ക്കാരിനെ തരം കിട്ടുമ്പോഴെല്ലാം വിമര്‍ശിക്കാനും മിലെയ് മറന്നില്ല. ഇത് ചാനലിന്റെ റേറ്റിങ് കൂട്ടി; മിലെയുടെ കീര്‍ത്തി പെരുത്തു. ചാനലില്‍ രാഷ്ട്രീയവും സാമ്പത്തികസ്ഥിതിയും മാത്രമായിരുന്നില്ല സംസാരിച്ചത്. പലപ്പോഴും ലൈംഗികതയെക്കുറിച്ചും വളരെ ബൃഹത്തായി തുറന്നുപറഞ്ഞു. ലൈംഗിക തന്ത്രങ്ങളില്‍ താനൊരു വിദഗ്ധനാണെന്നും ഗ്രൂപ്പ് സെക്‌സുകളില്‍ പങ്കെടുത്തതിനെക്കുറിച്ചുവരെയും സംസാരിച്ചു.

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുള്ള പാരമ്പര്യമില്ലെന്നു പറയുമ്പോഴും, രാഷ്ട്രീയത്തെയും സാമ്പത്തികാവസ്ഥകളെയും ഇഴകീറി പരിശോധിച്ചുള്ള നിരവധി രചനകള്‍ നടത്തിയ ഗ്രന്ഥകാരനാണദ്ദേഹം. സാമ്പത്തികശാസ്ത്ര വിദഗ്ധന്‍, മാധ്യമപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ മേല്‍വിലാസം ചാര്‍ത്തിയ മിലെയ്, പിന്നീട് രാഷ്ട്രീയക്കാരന്‍ എന്ന വിലാസംകൂടി സ്വന്തം പേരിലേക്ക് തുന്നിച്ചേര്‍ക്കുകയായിരുന്നു.
ബസ് ഡ്രൈവറുടെ മകന്‍, പാട്ടും കളിയും വിട്ട് പഠനത്തിലേക്ക്
1970 ഒക്ടോബര്‍ 22-ന് ബ്യൂണസ് ഏറീസിലെ പാലര്‍മോയിലാണ് മിലെയുടെ ജനനം. ബസ് ഡ്രൈവറായിരുന്നു പിതാവ്. അമ്മ സാധാരണ വീട്ടമ്മ. മിലെയ് സാമ്പത്തിക വിദഗ്ധനായതിനു പിന്നില്‍ ഒരു കഥയുണ്ട്. സംഗീതവും ഫുട്‌ബോളുമായിരുന്നുവത്രെ അക്കാലത്തെ കുഞ്ഞു മിലെയുടെ ലോകം. അര്‍ജന്റീനക്കാരനായതുകൊണ്ടുതന്നെ പന്തിനോടുള്ള പ്രണയം സ്വാഭാവികമാണല്ലോ. പ്രാദേശികമായ ഒരു ക്ലബിന്റെ ഗോള്‍കീപ്പറായിരുന്നു.
അങ്ങനെ പാട്ടും കളിയുമായി കഴിഞ്ഞുവരവേ, ഒരിക്കല്‍ അര്‍ജന്റീനയില്‍ സാധനസാമഗ്രികള്‍ക്കൊക്കെ അതിഭയങ്കര വിലവര്‍ധന വന്നു. സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ അത്യന്തം പാടുപെട്ടു. രാജ്യം മൊത്തം വറുതിയനുഭവിക്കുന്നത് മനസ്സിലാക്കിയ ആ പതിനെട്ടുകാരന്‍, അതോടെ പാട്ടും കളിയുമൊക്കെ വിട്ട് സാമ്പത്തിക വിദഗ്ധനാവാന്‍ മോഹിച്ചു.
2021-ല്‍ രാഷ്ട്രീയ പ്രവേശം, 2023-ല്‍ അര്‍ജന്റീന പ്രസിഡന്റ്
2021-ലാണ് മിലെയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2023 പൂര്‍ത്തിയാവും മുന്നെത്തന്നെ ആല്‍ബസലസ്റ്റയുടെ പ്രസിഡന്റ് പദം ഈ അന്‍പത്തിമൂന്നുകാരന്റെ കൈകളില്‍ ഭദ്രം. അങ്ങനെയൊരു മനുഷ്യന്റെ പ്രതിഭയും വൈഭവവും ചില്ലറയായിരിക്കില്ലെന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 2018-ല്‍ രൂപവത്കൃതമായ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ നേതാവാണ് അദ്ദേഹം. 2021-ല്‍ ഈ പാര്‍ട്ടി, എല്‍.എ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലിബര്‍ട്ടി അഡ്വാന്‍സസ് എന്ന മുന്നണിയുടെ ഭാഗമായി. ആ വര്‍ഷം അര്‍ജന്റീനയുടെ അധോസഭയായ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ പ്രവേശിച്ചു.
ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന പ്രാഥമിക തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വോട്ടുവിഹിതം നേടി രാജ്യത്തെയാകെ മിലെയ് ഞെട്ടിച്ചു. 30.5 ശതമാനം വോട്ടായിരുന്നു അദ്ദേഹത്തിന്റെ പെട്ടിയില്‍ വീണത്. കണ്‍സര്‍വേറ്റീവ് മുന്നണിയും പെറോണിസ്റ്റ് മുന്നണിയുമാണ് അര്‍ജന്റീനയിലെ 'യു.പി.എ.'യും 'എന്‍.ഡി.എ.'യും. എന്നുവെച്ചാല്‍ അവിടത്തെ സുപ്രധാന ശക്തികള്‍. അതില്‍ത്തന്നെ പെറോണിസ്റ്റാണ് ഭരണകക്ഷി. ഈ രണ്ട് കൂട്ടരെയും മലര്‍ത്തിയടിച്ചാണ് മിലെയെ മുന്നേറിയത്. കണ്‍സര്‍വേറ്റീവ് നേടിയത് 28 ശതമാനം. പെറോണിസ്റ്റ് നേടിയത് ഇരുപത്തേഴും. ഇതിന്റെ മേലെ 30.5 ശതമാനത്തോടെ മിലെയ് വന്നുനിന്നത് തെല്ലൊന്നുമല്ല അര്‍ജന്റൈന്‍ രാഷ്ട്രീയത്തെ കുലുക്കിയത്. ഇതോടെ മിലെയ് പ്രസിഡന്റാവാന്‍ തക്കവണ്ണം യോഗ്യതകളുള്ള വ്യക്തിയാണെന്ന ഒരു ബോധം രാജ്യമാകെ പടര്‍ന്നു.
പ്രസിഡന്റ് പദത്തിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ സെര്‍ജിയോ മാസയായിരുന്നു മുന്നില്‍. മാസയ്ക്ക് 37 ശതമാനവും മിലെയ്ക്ക് 30 ശതമാനവുമായിരുന്നു വോട്ടിങ് വിഹിതമുണ്ടായിരുന്നത്. പിന്നിലെങ്കിലും മിലെയ്ക്ക് ലഭിച്ച വോട്ടുവിഹിതം കണ്ട് ജനം അന്തംവിട്ടു. ഇത് ആര് ജയിക്കുമെന്ന അനിശ്ചിതത്വത്തിലേക്ക് വഴിവെച്ചു. സാമ്പത്തികക്കുരുക്കഴിക്കാനുള്ള മിലെയുടെ നീക്കങ്ങൾ അപകടം കണ്ടവര്‍ ഒരറ്റത്തുണ്ടായിരുന്നു. മാസയെക്കൊണ്ട് അര്‍ജന്റീനയെ സാമ്പത്തിക ദുരന്തമുഖത്തുനിന്ന് കരകയറ്റാന്‍ കഴിയില്ലെന്നും അവര്‍ കരുതി. അങ്ങനെയുള്ളവര്‍ വോട്ടുചെയ്യാതെ വിട്ടുനിന്നു. ചിലര്‍ മിലെയുടെ നീക്കങ്ങളില്‍ ആകൃഷ്ടരായി അദ്ദേഹത്തിന് വോട്ടുചെയ്തു.

പെസോ മാറ്റി ഡോളര്‍ വരണം, ബാങ്ക് പൊളിക്കണം
മിലെയുടെ അരാജക മുതലാളിത്ത വാദത്തെക്കുറിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായിത്തന്നെ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടാണ് അദ്ദേഹത്തെ പലപ്പോഴും ഉപമിച്ചിരുന്നത്. മിനി ട്രംപ് എന്ന വിളിപ്പേരും ഒരു വിഭാഗക്കാര്‍ അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയിരുന്നു. ട്രംപിനോട് സമാനമായ കടുത്ത തീരുമാനങ്ങളും അതില്‍ ഉറച്ച മുന്നോട്ടുപോക്കുമാണ് അദ്ദേഹത്തെ ആ പേര് വിളിക്കുന്നതിലേക്ക് നയിച്ചത്. ട്രംപുമായി പലപ്പോഴും അദ്ദേഹം സ്വയം താരതമ്യപ്പെടുത്തിയിട്ടുണ്ട്.
യു.എസിലെ റിപ്പബ്ലിക് ഭരണകൂടത്തെയും ട്രംപിനെയും ഓര്‍മിപ്പിക്കുന്ന ആശയങ്ങളാണ് മിലെയും നയിക്കുന്നത്. അര്‍ജന്റീനയുടെ കറന്‍സിയായ പെസോ മാറ്റി യു.എസ്. ഡോളറാക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് പൊളിച്ചുകളയണമെന്നുമുള്‍പ്പെടെയുള്ള വാദങ്ങള്‍ക്കൊണ്ട് ലോകമാകെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഇതുവഴി രാജ്യത്തെ ഡോളര്‍ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിപ്പണിയുകയാണ് മിലെയുടെ ലക്ഷ്യം. പണപ്പെരുപ്പം അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗമായി അദ്ദേഹം കണ്ടത്, രാജ്യത്ത് നോട്ട് അച്ചടിക്കുന്ന പരിപാടി രാഷ്ട്രീയക്കാരില്‍നിന്ന് എടുത്തുമാറ്റുക എന്നതായിരുന്നു. അതിനാണ് അദ്ദേഹം ഡോളര്‍ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ അവതരിപ്പിക്കാനും സെന്‍ട്രല്‍ ബാങ്ക് ഇല്ലാതാക്കാനും ശ്രമിച്ചത്.

അതുപോലെ രാജ്യത്ത് ഒരു കാരണവശാലും ഗര്‍ഭച്ഛിദ്രം അനുവദിക്കരുതെന്നാണ് മിലെയുടെ പക്ഷം. ബലാത്സംഗത്തിനിരയായവരെപ്പോലും ഗര്‍ഭച്ഛിദ്രം നടത്താന്‍ പാടില്ല. ഇതിനായി നിയമഭേദഗതി വരുത്താനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് മനുഷ്യര്‍ കാരണമാകുന്നില്ലെന്ന വിചിത്രമായ വാദവും അദ്ദേഹം പങ്കുവെച്ചു. അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയെയും കത്തോലിക്ക സഭകളെയും അദ്ദേഹം വലിയ തോതില്‍ വിമര്‍ശിച്ചിരുന്നു. ലൈംഗിക വിദ്യാഭ്യാസത്തെയും അദ്ദേഹം കണക്കറ്റ് എതിര്‍ത്തു. അത് കമ്യൂണിസ്റ്റ് ആശയമാണെന്നും കുടുംബബന്ധം തകര്‍ക്കാനാണ് കമ്യൂണിസ്റ്റ് ശ്രമമെന്നും തുറന്നടിച്ചു.
ആയുധ നിയമങ്ങള്‍ ലഘൂകരിക്കാനും മനുഷ്യാവയവങ്ങള്‍ വില്‍പ്പന നടത്തുന്നത് നിയമവിധേയമാക്കാനും അനുമതി വേണമെന്നും വാദിച്ചു. തൊഴില്‍നിയമങ്ങളിലെ കാര്‍ക്കശ്യം കുറയ്ക്കുക, വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. ഒരേസമയം ജനകീയവാദിയായും വലതുപക്ഷ ലിബര്‍ട്ടേറിയനായും അതിയാഥാസ്ഥിതികനായും അതിപുരോഗനവാദിയായും അതിസ്വാതന്ത്ര്യവാദിയായുമെല്ലാം സ്വയംതന്നെ അടയാളപ്പെടുത്തി.
ബ്രസീല്‍ - അര്‍ജന്റീന അങ്കം ഫുട്‌ബോളില്‍ മാത്രമാവില്ല

അര്‍ജന്റീനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ ചൈനയെയും ബ്രസീലിനെയും ഒഴിവാക്കാനും നിര്‍ദേശിച്ചു. ബ്രസീലിനു ശേഷമുള്ള ലാറ്റിന്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അര്‍ജന്റീന. അടുത്ത കാലത്തായി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 140 ശതമാനം പണപ്പെരുപ്പം, സാമ്പത്തിക ദുരുപയോഗം, കറന്‍സി മൂല്യശോഷണം തുടങ്ങിയവകൊണ്ട് പൊറുതിമുട്ടുകയാണ് അര്‍ജന്റീന ഇന്ന്.
രാജ്യത്തെ സാമ്പത്തികത്തകര്‍ച്ചയ്ക്ക് അറുതി വരുത്തുമെന്നാണ് പ്രസിഡന്റായി വിജയിച്ച ഉടനെത്തന്നെ മിലെയെ എടുത്ത പ്രതിജ്ഞ. അര്‍ജന്റീനയുടെ പുനര്‍നിര്‍മാണത്തിനും തകര്‍ച്ച അവസാനിപ്പിക്കുന്നതിനും ഇന്ന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചിലര്‍ക്കുമാത്രം പ്രയോജനം ലഭിക്കുന്ന ഭരണകൂടത്തിന്റെ പതനവും ഇന്നുമുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തതിനെ പ്രതി, ബ്രസീലിന്റെ ഇടതുപക്ഷ പ്രസിഡന്റ് ഡ സില്‍വയുടെ പ്രതികരണം കൗതുകമുണര്‍ത്തുന്നതാണ്. മിലെയെയുടെ പേര് പരാമര്‍ശിക്കാതെയാണ് അദ്ദേഹം വിജയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഒരു പടികൂടി കടന്ന, തീവ്രവലതുപക്ഷത്തിന്റെ വിജയം ലാറ്റിനമേരിക്കയ്ക്കാകെ ദുഃഖമാണെന്നാണ് പ്രഖ്യാപിച്ചത്. അതേസമയം വൈറ്റ് ഹൗസ് മിലെയെ നന്നായിത്തന്നെ അഭിനന്ദിച്ചു.
ഇതോടെ അയല്‍ രാജ്യങ്ങള്‍ കൂടിയായ ബ്രസീലും കൊളംബിയയുമായി അര്‍ജന്റീനയുടെ ബന്ധം ഏതുതരത്തിലുള്ളതായിരിക്കുമെന്ന് ഇപ്പോള്‍തന്നെ ഏതാണ്ട് ഊഹിക്കാനാവും. ഫുട്‌ബോളിലെ ബ്രസീല്‍ - അര്‍ജന്റീന വൈരം പോലെ രാഷ്ട്രീയത്തിലും അത് കടുക്കുമെന്നുറപ്പ്.
മാസയുടെ വാക്ക് വിശ്വസിച്ചില്ല, ജനത്തിന് മിലെയെ മതി
സെര്‍ജിയോ മാസയാണല്ലോ നിലവിലെ അവിടത്തെ ധനമന്ത്രി. അദ്ദേഹം പുലര്‍ത്തിപ്പോന്ന സാമ്പത്തിക നയങ്ങളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചത്. രാജ്യത്തെ പണപ്പെരുപ്പത്തിലും അതിദാരിദ്ര്യാവസ്ഥയിലും പൊറുതിമുട്ടിയ ജനം, തന്നെ വിശ്വസിക്കൂ എന്ന മാസയുടെ വാക്കുകളെ ഉള്‍ക്കൊണ്ടില്ല. അവര്‍ക്ക് അതിദരിദ്രമായ ഈ ദുരവസ്ഥയില്‍നിന്ന് ഏതുവിധേനയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയായിരുന്നു. ആ വികാരത്തെ മുതലെടുക്കുന്നതില്‍ മിലെയ് വിജയിച്ചു എന്നുവേണം മനസ്സിലാക്കാന്‍. കഴിഞ്ഞ വര്‍ഷം വഞ്ചനാക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് സ്ഥാനമൊഴിയേണ്ടിവന്ന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ്, വൈസ് പ്രസിഡന്റ് ക്രിസ്റ്റീന കിര്‍ച്ച്‌നര്‍ എന്നിവരില്‍നിന്ന് അകലം പാലിച്ചുകൊണ്ട് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മാസ ശ്രമിച്ചിരുന്നുവെങ്കിലും വിലപ്പോയില്ല.

രാജ്യത്തെ സാമ്പത്തികമായി നവീകരിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഇല്ലാതാക്കുമെന്നും പ്രാദേശിക കറന്‍സിയായ പെസയ്ക്കു പകരം ഡോളര്‍ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ കൊണ്ടുവരുമെന്നുമുള്ള മിലെയെയുടെ തന്ത്രനീക്കങ്ങളെ ജനം ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
കുഞ്ഞിലേതന്നെ അപാരമായ വാഗ്വിലാസമായിരുന്നു മിലെയെക്ക്. ആ വാഗ്വിലാസം വെച്ചാണ് അദ്ദേഹം ഉയര്‍ന്നത്. ചാനലില്‍ പ്രവേശിച്ച് വിവിധ വിഷയങ്ങളില്‍ വിദഗ്ധാഭിപ്രായങ്ങള്‍ പറഞ്ഞത്, അദ്ദേഹത്തെ രാജ്യമൊട്ടാകെ അറിയുന്നതിലേക്ക് നയിച്ചു. പ്രസിഡന്റ് പദംവരെ നടന്നുകയറിയ വഴികളില്‍, ആ വാഗ്വിലാസം പ്രധാന സാന്നിധ്യമായുണ്ട്. അര്‍ജന്റീന മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ സാമ്പത്തിക അധമാവസ്ഥയിലേക്ക് കൂപ്പുകുത്തിയ ഈ ഘട്ടത്തില്‍, അവര്‍ക്കൊരു രക്ഷകനെ വേണമായിരുന്നു. മൂര്‍ച്ചയേറിയ വാക്കുകളും ആശയങ്ങളും ഉപയോഗിച്ച് മിലെയെ ആ രക്ഷകവേഷം ഏറ്റവും സമര്‍ഥമായിത്തന്നെ അണിഞ്ഞു. അര്‍ജന്റീനയിലെ ഭരണസമ്പ്രദായത്തെ അപ്പാടെ എതിര്‍ത്തുകൊണ്ട് അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങള്‍ ജനം നെഞ്ചേറ്റി.
Content Highlights: Javier Milei, argentina president, mini donald trump, eliminate central bank
Published: 22 Nov 2023, 12:06 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented