തിരുവനന്തപുരം: കേരള സർവകലാശാലയിലെ ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രത്തിൽ പ്രഭാഷണം നടത്തിയ വിദേശ മാധ്യമപ്രവർത്തകനു പ്രതിഫലം രൂപയ്ക്കു പകരം ഡോളറിൽ നൽകിയ സംഭവത്തിൽ മൂന്നുവർഷമായും നടപടിയില്ല. പ്രതിഫലമായി 20,000 രൂപ നൽകേണ്ടതിനുപകരം 20000 ഡോളറാണ് അയച്ചത്. പണമിടപാട് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ബാങ്കുകാർതന്നെ സമ്മതിച്ചിട്ടും ഇതുവരെയും അധികം നൽകിയ തുക സർവകലാശാലയുടെ അക്കൗണ്ടിൽ തിരിച്ചെത്തിയിട്ടില്ല.

To advertise here,

സംഭവത്തിൽ സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണ റിപ്പോർട്ട് നൽകിയിട്ടും വിസി അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. നിയമനടപടികളുമായി മുന്നോട്ടുപോവാൻ വിസി ഡോ. മോഹനൻ കുന്നുമ്മൽ നിർദേശം നൽകിയതായും അറിയുന്നു. ഇതിനിടെ, ഡോളർ തട്ടിപ്പാണെന്നു പരാതിപ്പെട്ടും സംഭവത്തിൽ വിജിലസ് അന്വേഷണം ആവശ്യപ്പെട്ടും സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ൻ കമ്മിറ്റി ഗവർണർക്കു നിവേദനം നൽകി.

2023 ജൂൺ മാസത്തിലായിരുന്നു ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രം സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ പ്രഭാഷണം. നാലു പ്രഭാഷണങ്ങൾക്കായി വിദേശ മാധ്യമപ്രവർത്തകന് 20,000 രൂപ പ്രതിഫലമായി നിശ്ചയിച്ചു.

പരിപാടിക്കുശേഷം തുക നൽകാനായി പഠനകേന്ദ്രത്തിന്റെ അക്കൗണ്ടുള്ള ബാങ്കിനോട് ആവശ്യപ്പെട്ടു. പക്ഷേ, ഇരുപതിനായിരം രൂപയ്ക്കുപകരം ബാങ്ക് കൈമാറിയതാവട്ടെ 20,000 ഡോളറായിരുന്നു. 17 ലക്ഷത്തോളം രൂപ ഇങ്ങനെ അബദ്ധത്തിൽ കൈമാറ്റം ചെയ്യപ്പെട്ടു. പിശകു സംഭവിച്ചതായി ബാങ്ക് സമ്മതിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തു.

അക്കൗണ്ടിൽ ലഭിച്ച തുക മാധ്യമപ്രവർത്തകൻ ബാങ്കിൽ തിരിച്ചുനിക്ഷേപിച്ചെന്ന് പരിപാടിയുടെ സംഘാടകനും ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. ആർ. ഗിരീഷ്‌കുമാർ വിശദീകരിച്ചു. എന്നാൽ, ബാങ്ക് തുക പഠനകേന്ദ്രത്തിന്റെ അക്കൗണ്ടിലേക്കു കൈമാറാത്തതിനാൽ 2024 ജനുവരിയിൽ പ്രശ്നത്തിൽ സർവകലാശാലയ്ക്കു റിപ്പോർട്ട് നൽകി.

ഇതിനിടെ, സിൻഡിക്കേറ്റ് ഉപസമിതിയും തന്നോടു വിശദീകരണം തേടി. ബാങ്കിനു പറ്റിയ പിഴവിന് ഇപ്പോൾ തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണം നടക്കുകയാണെന്നും ഗിരീഷ്‌കുമാർ പറഞ്ഞു. അതേസമയം, പണമിടപാടിൽ ഉത്തരവാദികളെ കണ്ടെത്തി തുക തിരിച്ചുപിടിക്കാനുള്ള നിയമനടപടികളെടുക്കാനാണ് വിസിയുടെ തീരുമാനം.