ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ ഏറ്റവും പ്രശസ്തമാണ് അയൺ ഡോം.

അയൺ ഡോമിന്റെ വ്യോമപ്രതിരോധ സുരക്ഷ ഇന്ത്യയ്ക്കും ലഭിക്കുമോ? കാര്യങ്ങൾ ആ നിലയ്ക്കാണ് നീങ്ങുന്നത്. വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോമിന്റെ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായിട്ടായിരുന്നു നിർണായക പ്രഖ്യാപനം. ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാർ വിപുലീകരിക്കുന്നതിനൊപ്പം സൈനിക ഉപകരണങ്ങൾ രാജ്യത്തുതന്നെ നിർമ്മിക്കാനുള്ള സഹകരണവും ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.
അയൺ ഡോം, അയൺ ബീം എന്നിവയുമായി ബന്ധപ്പെട്ട സഹകരണവും സാങ്കേതിക കൈമാറ്റവും കേന്ദ്രീകരിച്ചുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, മറ്റ് പ്രതിരോധ-സഹകരണ കരാറുകളിൽ ഒപ്പുവെച്ചെങ്കിലും അയൺ ഡോമിന്റെ കൈമാറ്റം സംബന്ധിച്ച കരാറിലേക്ക് എത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ.
നിർമാണം പൂർത്തിയായ സിസ്റ്റത്തിന്റെ കൈമാറ്റത്തിന്ന് പകരം ഉത്പാദനം, സംയോജനം, സംയുക്ത വികസനം എന്നിവയിൽ സഹകരണത്തിനാണ് ഇരുരാജ്യങ്ങളും ഉദ്ദേശിക്കുന്നതെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. അയൺ ഡോം സാങ്കേതികവിദ്യ പങ്കുവെക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ ശേഷി ഗണ്യമായി വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്താണ് അയൺ ഡോം സംവിധാനം? എങ്ങനെയാണ് ഇത് ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുക?
അതിശക്തൻ അയൺ ഡോം!
ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ ഏറ്റവും പ്രശസ്തമാണ് അയൺ ഡോം. ഹ്രസ്വദൂര റോക്കറ്റുകൾ, പീരങ്കി ഷെല്ലുകൾ, മോർട്ടാറുകൾ, ഡ്രോണുകൾ എന്നിവ ഫലപ്രദമായി തടയുന്നതിനായി ഇസ്രയേൽ വികസിപ്പിച്ചെടുത്ത മൊബൈൽ വ്യോമ പ്രതിരോധ സംവിധാനമാണിത്. പ്രധാനമായും ജനവാസ മേഖലകളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. നാല് കിലോമീറ്റർ മുതൽ 70 കിലോമീറ്റർ വരെ ദൂരപരിധിയിൽ ഈ സംവിധാനം വഴി പ്രതിരോധം സാധ്യമാക്കുന്നു. ഹ്രസ്വദൂര റോക്കറ്റുകളുടെയും ആളില്ലാ വിമാനങ്ങളുടെയും ഭീഷണി നേരിടാൻ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യത്തെ മിസൈൽ പ്രതിരോധ സംവിധാനമാണ് അയൺ ഡോം. ഒരേസമയം ഒന്നിലധികം ഭീഷണികളെ വിജയകരമായി കൈകാര്യം ചെയ്യാനും ഇതിന് സാധിക്കും.
തൊണ്ണൂറുകളിൽ തന്നെ വ്യോമപ്രതിരോധ സംവിധാനം എന്ന ആശയത്തെക്കുറിച്ച് ഇസ്രയേൽ ചിന്തിച്ചിരുന്നു. 2004-ൽ ബ്രിഗേഡിയർ ജനറൽ ഡാനിയേൽ ഗോൾഡ് ഇസ്രയേൽ പ്രതിരോധ സേന ഗവേഷണ ബ്യൂറോയുടെ തലവനായി നിയമിതനായതോടെയാണ് അയൺ ഡോം എന്ന ആശയം ശക്തി പ്രാപിച്ചത്. 2006-ൽ ഇസ്രയേലും ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയും തമ്മിലുണ്ടായ യുദ്ധം ഇതിന് പ്രേരകമായി. ആ യുദ്ധത്തിൽ ഹിസ്ബുള്ള ഇസ്രയേലിലേക്ക് ഏകദേശം 4,000 റോക്കറ്റുകളാണ് തൊടുത്തുവിട്ടത്. റോക്കറ്റ് ആക്രമണത്തിൽ 44 ഇസ്രയേലി പൗരന്മാർ കൊല്ലപ്പെടുകയും വലിയ തോതിലുള്ള നാശനഷ്ടമുണ്ടാകുകയും ചെയ്തു. പിന്നാലെ വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചു. ഇസ്രയേലി സ്ഥാപനങ്ങളായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് എന്നിവർ യു.എസ്. പിന്തുണയോടെയാണ് അയൺ ഡോം രൂപകൽപ്പന ചെയ്തത്.
2007-ൽ നിർമാണം ആരംഭിച്ച അയൺ ഡോം 2011 മാർച്ചിൽ പ്രവർത്തനക്ഷമമായി. ഇതിന്റെ ആദ്യ ‘ബാറ്ററി’ (മൂന്ന് പ്രധാന ഘടകങ്ങൾ അടങ്ങുന്നതാണ് അയൺ ഡോമിന്റെ ഒരു ബാറ്ററി) 2011-ൽ ഗാസയിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ബീർഷേവ നഗരത്തിലാണ് സ്ഥാപിച്ചത്. ആ വർഷം ഏപ്രിൽ 7-ന്, ഗാസ മുനമ്പിൽനിന്ന് ഇസ്രയേലി നഗരമായ അഷ്‌കെലോണിലേക്ക് തൊടുത്തുവിട്ട റോക്കറ്റിനെ തടഞ്ഞുകൊണ്ട് ഇത് ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായി. അതിനുശേഷം തുടർച്ചയായി അയൺ ഡോമിന്റെ കഴിവു പരീക്ഷിക്കപ്പെട്ടു. കൂടാതെ എണ്ണമറ്റ റോക്കറ്റുകൾ ഇസ്രയേലിൽ പതിക്കുന്നത് ഈ സംവിധാനം വിജയകരമായി തടഞ്ഞിട്ടുണ്ട്. സമീപവർഷങ്ങളിൽ - പ്രത്യേകിച്ച് ഗാസയിലെ ഹമാസ് പോലുള്ള ഗ്രൂപ്പുകളുമായുള്ള സംഘർഷങ്ങളിലും ഹിസ്ബുള്ള ഉൾപ്പെടുന്ന അതിർത്തി കടന്നുള്ള വെടിവയ്പ്പിലും - ഇസ്രയേൽ നഗരങ്ങളെ റോക്കറ്റ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ അയൺ ഡോം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
അയൺ ഡോം പ്രതിരോധം തീർക്കുന്നത് എങ്ങനെ?
അയൺ ഡോമിന് മൂന്ന് പ്രധാന ഘടകങ്ങളാണ് ഉള്ളത്. ഡിറ്റക്ഷൻ ആൻഡ് ട്രാക്കിങ് റഡാർ, ബാറ്റിൽ മാനേജ്‌മെന്റ് ആൻഡ് വെപ്പൺ കൺട്രോൾ (ബിഎംസി), മിസൈൽ ഫയറിങ് യൂണിറ്റ് എന്നിവയടങ്ങുന്നതാണ് അയൺ ഡോമിന്റെ ഒരു ‘ബാറ്ററി’. ശത്രു വിക്ഷേപിക്കുന്ന റോക്കറ്റുകളെ തിരിച്ചറിയാനുള്ള റഡാർ സംവിധാനം ഇസ്രയേൽ പ്രതിരോധ കമ്പനിയും ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനവുമായ എൽറ്റയാണ് നിർമിച്ചിരിക്കുന്നത്. ഇസ്രയേലി സോഫ്റ്റ്‌വെയർ കമ്പനിയായ എംപ്രെസ്റ്റ് സിസ്റ്റംസാണ് പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം നിർമ്മിച്ചിരിക്കുന്നത്. പ്രതിരോധ സാങ്കേതിക കമ്പനിയായ റാഫേൽ നിർമിച്ച തമിർ ഇന്റർസെപ്റ്റർ മിസൈലാണ് ലോഞ്ചറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു അയൺ ഡോം ‘ബാറ്ററി’യിൽ മൂന്ന്-നാല് ലോഞ്ചറുകളാണുള്ളത്. ഓരോ ലോഞ്ചറിലും 20 പ്രത്യാക്രമണ മിസൈലുകൾ തയ്യാറായിരിക്കും. നാലു മുതൽ 70 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതാണ് ഇതിൽ ഉപയോഗിക്കുന്ന ‘താമിർ’ മിസൈലുകൾ.
അയൺ ഡോം റഡാർ ഉപയോഗിച്ച് ശത്രു റോക്കറ്റുകളെ കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും ചെയ്യും. റിപ്പോർട്ട് ചെയ്യപ്പെട്ട ഡാറ്റ അനുസരിച്ച് ജനവാസമേഖലകളിൽ പതിക്കാൻ സാധ്യതയുള്ളവ ഏതെന്ന് തിരിച്ചറിയും. ശത്രുറോക്കറ്റിനെ തിരിച്ചറിയുകയും സ്ഥാനം നിർണയിക്കുകയും ചെയ്താൽ ആ വിവരം പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് കൈമാറും. ഈ വിവരം ഉപയോഗിച്ച് റോക്കറ്റ് പതിക്കാനിടയുള്ള പ്രദേശം ഏതെന്ന് തിരിച്ചറിയും അതനുസരിച്ച് അനുയോജ്യമായ ഇടത്തുനിന്ന് പ്രത്യാക്രമണ മിസൈൽ തൊടുക്കുകയും ചെയ്യും. ശത്രുവിന്റെ റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപുതന്നെ ആകാശത്തുവെച്ച് അത് തകർക്കപ്പെടും. അയൺ ഡോമിന്റെ മൂന്ന് യൂണിറ്റുകളും വ്യത്യസ്ത ഇടങ്ങളിലായിരിക്കും സ്ഥാപിച്ചിരിക്കുക. മറ്റു റോക്കറ്റ് ലോഞ്ചർ ‘ബാറ്ററി’കളുമായി അയൺ ലോഞ്ചറിനുള്ള പ്രധാന വ്യത്യാസം ഇതുതന്നെയാണ്. വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലോഞ്ചറുകളെ വയർലെസ് സംവിധാനത്തിലൂടെയായിരിക്കും നിയന്ത്രിക്കുക.
ഓരോ ‘ബാറ്ററി’ക്കും 150 ചതുരശ്ര കിലോമീറ്റർ പരിധിയിൽ സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കും എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. രാത്രിയും പകലും പ്രതികൂല കാലാവസ്ഥയിലും അയൺ ഡോമിന് കാര്യക്ഷമമായി പ്രവർത്തിക്കാനാകും. അയൺ ഡോം ലക്ഷ്യമിടുന്ന 90 ശതമാനം റോക്കറ്റുകളെയും നശിപ്പിക്കുന്നുവെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് അവകാശപ്പെടുന്നു. അയൺ ഡോം ഉപയോഗിച്ചുതുടങ്ങിയ ശേഷം 2,400-ൽ അധികം ശത്രുറോക്കറ്റുകളെ ആകാശത്തുവെച്ചുതന്നെ തകർക്കാൻ കഴിഞ്ഞുവെന്ന് ഇസ്രയേൽ മിസൈൽ ഡിഫൻസ് ഓർഗനൈസേഷൻ അവകാശപ്പെടുന്നു. അയൺ ഡോമിന് 90 ശതമാനം കൃത്യതയാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ, 80 ശതമാനത്തിന് മേൽ കൃത്യതയാണ് വിദഗ്ധർ പറയുന്നത്.
ഇന്ത്യയ്ക്ക് പ്രധാനം, പക്ഷേ ലഭിക്കുമോ അയൺ ഡോം?
അതിർത്തി കടന്നുള്ള ആക്രമണ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് അയൺ ഡോം പ്രതിരോധം ഇന്ത്യയ്ക്ക് നിർണായകമാകുന്നത്. ഇത് ഡ്രോണുകളിൽനിന്നും മിസൈലുകളിൽനിന്നും മികച്ച സംരക്ഷണം നൽകും. തന്ത്രപരമായ ഭീഷണികൾ നേരിടാനുള്ള ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, നഗരങ്ങളെയും ജനവാസകേന്ദ്രങ്ങളെയും സംരക്ഷിക്കുന്നതിനാണ് അയൺ ഡോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയന്ത്രണ രേഖയ്ക്കും പടിഞ്ഞാറൻ അതിർത്തിക്കും സമീപമുള്ള പട്ടണങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പ്രതിരോധ കവചം തീർക്കാൻ സാധിക്കും. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലാണ് ഇതിന്റെ ഗുണഫലം ഏറ്റവും കൂടുതൽ ലഭിക്കുക. അയൺ ഡോമിനൊപ്പം ഇസ്രയേൽ അയൺ ബീമും (ലേസർ അധിഷ്ഠിത ഇന്റർസെപ്ഷൻ) വാഗ്ദാനം ചെയ്യുന്നു.
ഇതെല്ലാമാണെങ്കിലും ഇന്ത്യക്ക് അയൺ ഡോം സാങ്കേതിക വിദ്യ ലഭിക്കാൻ എന്തെങ്കിലും തടസമുണ്ടോ എന്നതാണ് വലിയ ചോദ്യം. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയ്ക്ക് പൂർണ്ണ അർത്ഥത്തിൽ അയൺ ഡോം സാങ്കേതികവിദ്യ ലഭിക്കുന്നതിന് തടസങ്ങളുണ്ട്. അമേരിക്ക ഉന്നയിച്ചേക്കാവുന്ന എതിർപ്പാണ് പ്രധാന തടസം. അയൺ ഡോമിന് ഭാഗികമായി ധനസഹായം നൽകിയത് അമേരിക്കയാണ്. മാത്രമല്ല, അമേരിക്കയുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചതും. 2011 മുതൽ അയൺ ഡോം ഉത്പാദനത്തിനും ഇന്റർസെപ്റ്റർ പുനർനിർമാണത്തിനുമായി വലിയ തോതിൽ ധനസഹായം നൽകിയിട്ടുണ്ട്. ഇതോടെ യുഎസിന് അയൺ ഡോമിന്റെ സാങ്കേതികവിദ്യയിലേക്ക് പൂർണ്ണ പങ്കാളിത്തം ലഭിച്ചു. 2014-ലെ യു.എസ്.-ഇസ്രയേൽ കരാർ പ്രകാരം ‘താമിർ’ ഇന്റർസെപ്റ്റർ നിർമാണം യുഎസിലേക്ക് മാറ്റി. റാഫേലിന്റെ യു.എസ്. പങ്കാളിയായ റേതിയോൺ ‘താമിർ’ ഘടകങ്ങൾ നിർമ്മിക്കുന്നു. അവ പിന്നീട് ഇസ്രയേലിൽ കൂട്ടിച്ചേർക്കുന്നു.
യു.എസ്. നിയമപ്രകാരം (ആയുധ കയറ്റുമതി നിയന്ത്രണ നിയമം), രേഖാമൂലമുള്ള അനുമതിയില്ലാതെ ഇസ്രയേലിന് കോർ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൈമാറാൻ കഴിയില്ല. ഇന്ത്യ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നു എന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് യുഎസിന് ആവശ്യപ്പെടാം. യു.എസിന് ബന്ധമുള്ള സോഫ്റ്റ്‌വെയറും ഇന്റർസെപ്റ്റർ ഘടകങ്ങളും പൂർണമായി ലഭ്യമാക്കാതെ തന്നെ ചില ക്രമീകരണങ്ങൾ നൽകാൻ ഇസ്രയേലിന് കഴിഞ്ഞേക്കും.
മാത്രമല്ല, സമ്പൂർണ്ണ അയൺ ഡോം സാങ്കേതിക വിദ്യ, ഉൽപാദന അവകാശങ്ങൾ എന്നിവ ഇസ്രയേൽ മറ്റൊരു രാജ്യത്തിന് കൈമാറിയിട്ടുമില്ല. അതിനാൽ തന്നെ ഇസ്രയേൽ സാങ്കേതിക വിദ്യയിൽ രൂപകല്പന ചെയ്ത അയൺ ഡോം മോഡൽ സംവിധാനമായിരിക്കാം ഇന്ത്യയ്ക്ക് ലഭിക്കാൻ സാധ്യതയെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: India Eyes Israel's Iron Dome: How the Missile Defense System Works
Published: 27 Feb 2026, 02:00 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented