സ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വം ഏറ്റെടുത്ത് മൂന്ന് മാസം പിന്നിട്ടിട്ടും ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അമേരിക്കൻ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നതനുസരിച്ച്, അതീവസുരക്ഷാ വലയത്തിൽ ഇറാനിലെ ഒരു ഭൂഗർഭ ബങ്കറിലാണ് മൊജ്തബ ഖമേനി നിലവിൽ ഒളിവിൽ കഴിയുന്നത്. സ്വന്തം കൈപ്പടയിലെഴുതിയ സന്ദേശങ്ങൾ പ്രത്യേക ദൂതന്മാർ വഴി അതീവരഹസ്യമായ ഒരു യുദ്ധകാല സംവിധാനത്തിലൂടെയാണ് ഖമേനി നിലവിൽ ഭരണം നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പുറംലോകവുമായി യാതൊരുവിധത്തിലും നേരിട്ടുള്ള സമ്പർക്കവുമില്ലാതെ അജ്ഞാതവും അതീവ സുരക്ഷിതവുമായ കേന്ദ്രത്തിലാണ് മൊജ്തബ ഖമേനി കഴിയുന്നതെന്നാണ് യു.എസ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

To advertise here,

മൊജ്തബ പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായത് യു.എസ്-ഇറാൻ സമാധാന ചർച്ചകളെയും സങ്കീർണ്ണമാക്കിയിട്ടുണ്ട്. ഇറാന്റെ നേതൃത്വത്തിനുള്ളിൽ നേരിട്ടുള്ള ആശയവിനിമയത്തിന്റെ അഭാവമുണ്ടെന്നാണ് ട്രംപ് ഭരണകൂടവും ഇറാൻ നേതൃത്വവും തമ്മിലുള്ള ചർച്ചകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള യു.എസ്. ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇത് അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങളോടുള്ള ഇറാന്റെ പ്രതികരണങ്ങളെയും നിലവിലെ ചർച്ചകളുടെ പുരോഗതിയെയും കാര്യമായി ബാധിക്കുകയും ഒപ്പം ചർച്ചകളുടെ വേഗത കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിന്റെ ഭാവിയും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾ പ്രസക്തമാകുന്നത്.

മൊജ്തബ ഖമേനി ഒളിവിൽ?

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ഭരണനേതൃത്വത്തിന്റെ ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഈ വർഷം ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രയേലും സംയുക്ത വ്യോമാക്രമണം ആരംഭിക്കുന്നത്. ‘ഓപ്പറേഷൻ എപിക് ഫ്യൂരി’, ‘ഓപ്പറേഷൻ റോറിങ് ലയൺ’ എന്നീ പേരുകളിൽ അറിയപ്പെട്ട സൈനിക നടപടിയെത്തുടർന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനിക്ക് പരിക്കേറ്റതായി സൂചനയുണ്ട്. എന്നാൽ മിസൈലുകൾ പതിക്കുന്നതിന് തൊട്ടുമുമ്പ് സ്ഥലത്തുനിന്നും മാറിയതിനാൽ നേരിയ പരിക്കുകളോടെയാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നാണ് രഹസ്യാന്വേഷണ വിലയിരുത്തൽ. ആക്രമണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മൊജ്തബയെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി) ഉടനടി അതീവസുരക്ഷിതമായ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.

ഇറാനെ സംബന്ധിച്ച് 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ സംഭവവികാസങ്ങളിലൊന്നായിരുന്നു അമേരിക്കൻ-ഇസ്രയേൽ സംയുക്താക്രമണം. അധികാരത്തിലിരുന്ന ഒരു പരമോന്നത നേതാവ് വിദേശ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ യുദ്ധകാല സാഹചര്യത്തിൽ രാജ്യത്തിന് പുതിയൊരു നേതൃത്വത്തിലേക്ക് മാറേണ്ടി വന്നു. ഖമേനിയുടെ പെട്ടെന്നുണ്ടായ മരണം രാജ്യത്ത് ഭരണപ്രതിസന്ധിക്ക് കാരണമായി. രാജ്യത്തിന്റെ ഭരണം താത്കാലികമായി നിയന്ത്രിക്കാൻ ഇറാന്റെ ഭരണഘടനയിലെ ആർട്ടിക്കിൾ 111 പ്രകാരം ഒരു താൽക്കാലിക നേതൃത്വ സമിതി രൂപീകരിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ മൊജ്തബ സുഖം പ്രാപിക്കുന്നതുവരെയുള്ള ചെറിയ കാലയളവിലേക്കാണ് താൽക്കാലിക നേതൃത്വ സമിതി രൂപീകരിച്ചത്. ഇതേസമയത്തുതന്നെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. മാർച്ച് 8-ന് മൊജ്തബ ഖമേനിയെ രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലാദ്യമായി, പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്ന രീതിക്കും ഈ നിയമനം വഴിതുറന്നു. എന്നാൽ, ഔദ്യോഗികമായി ചുമതലയേറ്റ ശേഷവും മൊജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ മുതിർന്ന നേതാക്കളെ പോലെ കൂടുതൽ സുരക്ഷിതമായ ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറുകയാണ് അദ്ദേഹം ചെയ്തത്.

ബങ്കറിലിരുന്ന് ഭരണം നിയന്ത്രിക്കുന്നവർ

മൊജ്തബ ഖമേനി എവിടെയാണ് എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തമായ സൂചനകൾ ഒന്നുമില്ല. ഭരണകൂടത്തിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് പോലും പരമോന്നത നേതാവ് നിലവിൽ എവിടെയാണെന്നതിനേക്കുറിച്ച് കൃത്യമായ ധാരണയില്ല. മന്ത്രിസഭാംഗങ്ങൾക്കും ചർച്ചകൾ നടത്തുന്ന നയതന്ത്ര പ്രതിനിധികൾക്കുപോലും അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്നില്ല. താൻ എവിടെയാണെന്ന് കണ്ടെത്താനും അതുവഴി ലക്ഷ്യംവെക്കാനുമുള്ള സാധ്യതകൾ ഇല്ലാതാക്കാൻ മൊജ്തബ എല്ലാ ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളും പൂർണമായും ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. പകരം, വിശ്വസ്തരായ സന്ദേശവാഹകരെ ഉൾപ്പെടുത്തിയുള്ള അതീവ രഹസ്യ സംവിധാനത്തിലൂടെയാണ് മൊജ്തബ ഖമേനി ഇപ്പോൾ പ്രവർത്തിക്കുന്നതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൊജ്തബ എവിടെയാണെന്ന് ആരും അറിയാതിരിക്കാനും ആശയവിനിമയത്തിന്റെ രീതികൾ ആർക്കും ചോർത്തിയെടുക്കാൻ കഴിയാത്തവിധം രഹസ്യമായാണ് ഈ സന്ദേശങ്ങൾ കൈമാറുന്നത്.

മൊജ്തബയ്ക്ക് ചുറ്റുമുള്ള സങ്കീർണമായ ഈ സുരക്ഷാവലയം കാരണം, മധ്യസ്ഥരിൽ നിന്നും സർക്കാർ പ്രതിനിധികളിൽ നിന്നുമുള്ള സന്ദേശങ്ങൾ പരമോന്നത നേതാവിലേക്ക് എത്തുവാൻ പലപ്പോഴും ദിവസങ്ങളെടുക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആശയവിനിമയത്തിലെ ഈ ഈ തടസ്സങ്ങൾ ഇറാനും അമേരിക്കയും തമ്മിൽ നിലവിൽ നടക്കുന്ന ചർച്ചകളെയും സങ്കീർണമാക്കിയിട്ടുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. അമേരിക്ക മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങളോ ചർച്ചകളുടെ കരട് രേഖകളോ മൊജ്തബയിൽ എത്തണമെങ്കിൽ പല തട്ടുകളിലുള്ള മധ്യസ്ഥരിലൂടെ അത് നേരിട്ട് കൈമാറേണ്ടതുണ്ട്. അവിടെനിന്നുള്ള മറുപടിയും ഇതേ രീതിയിൽ തന്നെ തിരിച്ചും വരണം. ആശയവിനിമയത്തിലെ ഇത്തരം തടസ്സങ്ങൾ അമേരിക്കയുമായുള്ള ചർച്ചകളുടെ വേഗത കുറക്കുന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ കാലതാമസങ്ങൾ നേരിടുന്നുണ്ടെങ്കിലും സമാധാന കരാറിന്റെ കരട് രൂപരേഖയ്ക്ക് മൊജ്തബ ഇതിനകം തന്നെ അനുമതി നൽകിയിട്ടുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

സുരക്ഷ മുൻനിർത്തിയുള്ള ഈ നിയന്ത്രണങ്ങൾ മൊജ്തബ ഖമേനിയിൽ മാത്രം ഒതുങ്ങുന്നതല്ല. ഇറാന്റെ മുതിർന്ന നേതാക്കളിൽ പലരും ഇപ്പോൾ നിരീക്ഷണങ്ങളിൽ നിന്നും വ്യോമാക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ദീർഘകാലമായി ഭൂഗർഭ കേന്ദ്രങ്ങളിലാണ് കഴിയുന്നത്. ഇവർ പരസ്പരമുള്ള ആശയവിനിമയവും പരമാവധി കുറച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇറാന്റെ ഭൂരിഭാഗം നേതാക്കളും പകൽവെളിച്ചം പോലും കാണാറില്ല. ആഴ്ചകളോളം അതീവ സുരക്ഷിതമായ ബങ്കറുകളിൽ കഴിയുന്ന ഇവർ, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് പരസ്പരം സംസാരിക്കുന്നത്. ഇറാന്റെ നിലവിലെ ഭരണനേതൃത്വം പരസ്പരം ബന്ധമില്ലാത്ത ഭൂഗർഭ ബങ്കറുകളിലൂടെയും പരോക്ഷ ആശയവിനിമയ ശൃംഖലകളിലൂടെയുമാണ് പ്രവർത്തിക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകളെ ഉദ്ധരിച്ച് യു.എസ്. രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു.

ഭരണകേന്ദ്രമായി ഖൂം നഗരം

മൊജ്തബ ഖമേനിയുടെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്ന് പുണ്യനഗരമായ ഖൂം ആണെന്ന് ഈ വർഷം ആദ്യം പുറത്തുവന്ന പാശ്ചാത്യ രഹസ്യാന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇറാന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതും മതനേതൃത്വത്തിനും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനും (ഐ.ആർ.ജി.സി) ഒരുപോലെ തന്ത്രപ്രധാനവുമായ നഗരമാണ് ഖൂം. ശത്രുക്കൾക്ക് തകർക്കാൻ കഴിയാത്തവിധം അതീവ സുരക്ഷിതമായി നിർമ്മിച്ച ഇറാന്റെ ഭൂഗർഭ താവളങ്ങളിൽ പലതും ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരിയിലുണ്ടായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മൊജ്തബ ആദ്യം അഭയം തേടിയത് ഈ നഗരത്തിനടിയിലുള്ള ബങ്കർ ശൃംഖലകളിലാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വിശ്വസിക്കുന്നത്. ശത്രുക്കൾ തന്റെ നീക്കങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ അദ്ദേഹം ഇപ്പോൾ നിരന്തരം വ്യത്യസ്ത ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറിത്താമസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിലയിരുത്തൽ. അലി ഖമേനിയുടെ വധത്തിന് ശേഷം രൂപീകരിച്ച വിപുലമായ യുദ്ധകാല കമാൻഡ് നെറ്റ്വർക്കിന്റെ ഭാഗമാണ് ഈ ഭൂഗർഭ സംവിധാനങ്ങളെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഐ.ആർ.ജി.സിയുടെ നേരിട്ടുള്ള സംരക്ഷണത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. പരമോന്നത നേതാവിന്റെ സുരക്ഷാ ചുമതല പൂർണമായും റെവല്യൂഷണറി ഗാർഡിന്റെ മാത്രം ഉത്തരവാദിത്തമായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മൊജ്തബ പൊതുവേദികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഭരണം നിലവിൽ നിയന്ത്രിക്കുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുമായി (ഐ.ആർ.ജി.സി) ബന്ധമുള്ള ചില ഉന്നത ഉദ്യോഗസ്ഥരടങ്ങിയ ചെറിയൊരു സംഘമാണെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ ആരോപിക്കുന്നത്. ഇറാൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, മുൻ ആഭ്യന്തര മന്ത്രി അഹമ്മദ് വാഹിദി, ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മൊഹ്‌സേനി, മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവി ഹുസൈൻ തയേബ് എന്നിവരുൾപ്പെടുന്നവരുടെ കൈകളിലാണ് ഭരണമെന്നാണ് ആക്ഷേപം.

എന്നാൽ ഇതിനിടെ സമാധാന ചർച്ചകൾ നിയന്ത്രിക്കുന്നതിനും ഭരണപരമായ തീരുമാനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മൊജ്തബ ഖമേനി രണ്ട് പ്രത്യേക സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്.സൈനിക ഉദ്യോഗസ്ഥർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഭരണകൂടത്തിലെ മുൻ ഉന്നതർ എന്നിവരടങ്ങിയതാണ് അതീവ സുരക്ഷയുള്ള ഈ സമിതികൾ. യുദ്ധകാല ഭരണനിർവ്വഹണത്തിലും നയതന്ത്ര ചർച്ചകളിലും നിർണായക പങ്കുവഹിക്കുന്ന ഈ ഗ്രൂപ്പുകൾ, കൊറിയർ സംവിധാനം വഴിയാണ് പരമോന്നത നേതാവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത്.

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടോ?

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടോ എന്നതാണ് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന ചോദ്യം. എന്നാൽ മൊജ്തബ ഖമേനി മരണപ്പെട്ടതായി സ്ഥിരീകരിക്കുന്ന യാതൊരു തെളിവുകളും നിലവിലില്ല. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിലുണ്ടായ ആക്രമണങ്ങളെ അദ്ദേഹം അതിജീവിച്ചതായി യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ട്രംപ് ഭരണകൂട വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും, ദീർഘനാളായി അദ്ദേഹം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മാത്രമല്ല, അദ്ദേഹത്തിന്റേതെന്ന് സ്ഥിരീകരിച്ച പുതിയ ദൃശ്യങ്ങളൊന്നും പുറത്തുവരാത്തതും ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

അതേസമയം, പരമോന്നത നേതാവ് പൊതുരംഗത്ത് നിന്ന് ഇത്രയും ദീർഘകാലമായി വിട്ടുനിൽക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ഭരണം പൂർണമായും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണെന്നാണ് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കുന്നത്. ഭരണകൂടത്തിന്റെ നിയന്ത്രണം ഇപ്പോഴും ഖമേനിയുടെ കൈകളിൽ ഭദ്രമാണെന്ന് കാണിക്കാൻ, ഇറാൻ ചില പ്രസ്താവനകളും തീയതി രേഖപ്പെടുത്താത്ത വീഡിയോ ദൃശ്യങ്ങളും നിരന്തരം പുറത്തുവിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.എങ്കിലും, ഭരണം ഏറ്റെടുത്ത ശേഷം ഇതുവരെ അദ്ദേഹം പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയോ ഏതെങ്കിലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടില്ല എന്നതാണ് മൊജ്തബ ഖമേനിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വഴിമരുന്നിടുന്നത്.