ജലക്ഷാമവും വൈദ്യുതിക്ഷാമവും കൊണ്ട് പൊറുതിമുട്ടുന്ന രാജ്യം, ബജറ്റ് കമ്മിയെന്ന തലവേദന, ഒപ്പം കുത്തനെ ഇടിയുന്ന കറന്‍സി, റെക്കോര്‍ഡ് തൊഴിലില്ലായ്മ നിരക്കും. തകര്‍ച്ചയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഇറാന്‍ വീണ്ടും കടുത്ത പ്രതിസന്ധികളെ നേരിടാനൊരുങ്ങുകയാണ്. ആണവപദ്ധതികളുടെ പേരില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇറാനു മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇറാന്റെ സാമ്പത്തികാരോഗ്യം ഇനിയും മോശമാകും. യുഎന്‍ മേല്‍നോട്ടത്തില്‍ നടന്ന മാരത്തോണ്‍ നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ആണവ പദ്ധതിയുടെ പേരില്‍ ഐക്യരാഷ്ട്ര രക്ഷാസമിതി ഇറാന് മേല്‍ വീണ്ടും കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനെതിരായ നിലവിലെ അമേരിക്കന്‍ ഉപരോധങ്ങളേക്കാള്‍ കൂടുതല്‍ വ്യാപകവും ശക്തവുമാണ് യു.എന്‍ ഉപരോധങ്ങള്‍. പാശ്ചാത്യ ശക്തികളുമായി 2015-ല്‍ ഉണ്ടാക്കിയ ആണവക്കരാര്‍ ഇറാന്‍ പാലിക്കുന്നതിനെച്ചൊല്ലി യൂറോപ്പുമായുള്ള തര്‍ക്കവും ജൂണില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങള്‍ക്കുശേഷം തങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര നിരീക്ഷകരെ വിലക്കാനുള്ള ഇറാന്റെ തീരുമാനവുമാണ് ഇതിന് കാരണം. യുഎന്നിന്റെ ഉപരോധം എങ്ങനെയാവും ഇറാനെ ബാധിക്കുക?

To advertise here,

ഇറാനും ഉപരോധവും

ആണവപദ്ധതികളുടെ പേരിലാണ് ഇറാന്‍ വീണ്ടും ഉപരോധം നേരിടേണ്ടി വരുന്നത്. ഇറാന്റെ ആണവപദ്ധതിയെ നിയന്ത്രിക്കുന്ന ചരിത്രപരമായ ഇറാന്‍ ആണവ ഉടമ്പടി ഇറാന്‍ ലംഘിച്ചത്  ചൂണ്ടിക്കാട്ടിയാണ് ഇറാനെതിരേയുള്ള പുതിയ ഉപരോധം. ഇറാന്റെ ആണവപദ്ധതികളെ ലക്ഷ്യമിട്ട് അടുത്തിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.

ഇതാദ്യമായല്ല ഇറാന് മേല്‍ ഉപരോധത്തിന്റെ കരിനിഴല്‍ വീഴുന്നത്. ആണവപദ്ധതി ആയുധങ്ങള്‍ നിര്‍മിക്കാനാണെന്ന സംശയത്തെത്തുടര്‍ന്ന് 2010 മുതല്‍ ഐക്യരാഷ്ട്രസഭ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ഇറാനുമേല്‍ വിപുലമായ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്റെ ആണവ പദ്ധതികളുടെ പേരില്‍ എട്ട്  തവണ എങ്കിലും യുഎന്‍ ഇറാന് ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരോധങ്ങളെത്തുടര്‍ന്ന് ഇറാന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല, രാജ്യത്തിന്റെ 100 ബില്യണ്‍ ഡോളര്‍ വിദേശ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തു. ഇതോടെ സമ്പദ്​വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയും കറന്‍സിയുടെ മൂല്യം ഇടിയുകയും ചെയ്തു. ഇത് പണപ്പെരുപ്പം കുതിച്ചുയരാന്‍ കാരണമായി. പാശ്ചാത്യരാജ്യങ്ങളുമായി ഒരു കരാറിലേക്കെത്താന്‍ ഇതെല്ലാം ഇറാനെ പ്രേരിപ്പിച്ചു.

2015-ലാണ് ഇറാനും ലോകശക്തികളും ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ എന്നറിയപ്പെടുന്ന കരാറില്‍ എത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ, യു.എസ് എന്നിവര്‍ക്ക് പുറമേ യൂറോപ്യന്‍ യൂണിയന്‍, ജര്‍മനി എന്നിവര്‍ കക്ഷികളായിട്ടുള്ളതാണ് കരാര്‍. 2015 ജൂലായ് 14-ന് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് കരാര്‍ നിലവില്‍വന്നത്. യു.എന്‍. രക്ഷാസമിതിയില്‍ കരാര്‍ സംബന്ധിച്ച പ്രമേയം പാസാക്കിയതോടെ കരാറിന് ഔദ്യോഗിക അംഗീകാരവും ലഭിച്ചു. പകരമായി ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ വ്യവസ്ഥകളോടെ പിന്‍വലിക്കപ്പെട്ടു. ഇറാനെതിരേ അമേരിക്കയും ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഭൂരിഭാഗം ഉപരോധങ്ങളും പിന്‍വലിക്കപ്പെട്ടു. ആണവപദ്ധതികള്‍ നിര്‍ത്തിവെക്കേണ്ടിവന്നെങ്കിലും ഉപരോധം പിന്‍വലിച്ചത് രാജ്യത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തീരുമാനമായിരുന്നു.

2015-ലെ കരാര്‍ യുഎന്‍ ഉപരോധങ്ങളില്‍ നിന്ന് ഇറാന് ആശ്വാസം നല്‍കിയിരുന്നു. 2025 ഒക്ടോബറിനുള്ളില്‍ ഇറാന്‍ കരാര്‍ ലംഘിക്കുകയാണെങ്കില്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള 'സ്നാപ്ബാക്ക്' സംവിധാനത്തെ കുറിച്ച് ഈ കരാര്‍ പരാമര്‍ശിക്കുന്നുണ്ട്. കരാര്‍ ലംഘനങ്ങളൊന്നുമില്ലാതെ ഈ കാലയളവ് കടന്നുപോയാല്‍ ഈ വ്യവസ്ഥ സ്വാഭാവികമായും കാലഹരണപ്പെടും. ഇറാന്റെ ആണവപദ്ധതി മന്ദഗതിയിലാക്കുകയായിരുന്നു കരാറിന്റെ പ്രധാനലക്ഷ്യം. മാത്രമല്ല, ഇറാന്‍ ആണവപരിപാടിയുടെ ഭൂരിഭാഗവും നിര്‍ത്തിവെക്കുകയും പരിശോധനകള്‍ക്ക് അവസരമൊരുക്കുമെന്നുമായിരുന്നു കരാറിന്റെ കാതല്‍. എന്നാല്‍ ഇറാന്റെ ഭാഗത്തുനിന്ന് കരാര്‍ ലംഘനമുണ്ടായതായി അംഗരാജ്യങ്ങള്‍ ആരോപിക്കുന്നു.

ഇറാന്‍ കരാര്‍ ലംഘിച്ചോ?

15 വര്‍ഷം കാലാവധിയാണ് കരാറിന് നിശ്ചയിച്ചിരുന്നതെങ്കിലും 2018ല്‍ അമേരിക്ക ഈ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയിരുന്നു. മാത്രമല്ല കടുത്ത ഉപരോധങ്ങള്‍ ഇറാന് മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ഇറാന്‍ തീവ്രവാദ സംഘങ്ങളെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു കരാറില്‍ നിന്ന് പിന്മാറിക്കൊണ്ടുള്ള അമേരിക്കയുടെ ന്യായീകരണം. അമേരിക്ക പിന്മാറിയെങ്കിലും കരാറിലെ മറ്റു പങ്കാളിരാഷ്ട്രങ്ങള്‍ അതു സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യുമെന്ന് ഇറാന്‍ കരുതിയിരുന്നു. എന്നാല്‍, കാര്യമായ ശ്രമം അവയുടെ ഭാഗത്തുനിന്നുണ്ടായില്ല. അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റം കരാറില്‍ കക്ഷികളായ മറ്റുരാജ്യങ്ങളെ പ്രതിരോധത്തിലാക്കി. ഉപരോധം ഭയന്ന് പങ്കാളികളായ രാജ്യങ്ങള്‍ അമേരിക്കയുടെ വഴിക്ക് നീങ്ങി ഉപരോധമേര്‍പ്പെടുത്തി. ഇറാന്‍ വീണ്ടും പ്രതിസന്ധിയിലായി. ആണവകരാര്‍ തകര്‍ന്ന പശ്ചാത്തലത്തില്‍ ഇറാന്‍ തങ്ങളുടെ ആണവപദ്ധതി വിപുലീകരിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്തു. ഇറാന്‍ അളവില്‍ കൂടുതല്‍ ആണവസമ്പുഷ്ടീകരണവും ആരംഭിച്ചു. ഇതില്‍ പ്രകോപിതരായാണ് ജൂണ്‍ മാസത്തില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്.

കരാര്‍ ലംഘനങ്ങളും ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളിലുണ്ടായ വ്യോമാക്രമണത്തെ തുടര്‍ന്നുള്ള പ്രകോപനങ്ങളും ചൂണ്ടിക്കാട്ടി ഓഗസ്റ്റില്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ യുഎന്‍ രക്ഷാസമിതിയെ സമീപിച്ചിരുന്നു. ഇറാന്റെ പ്രധാന വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു ഈ സംഘം ചെയ്തത്. തുടര്‍ന്നാണ് യുഎന്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചത് (സ്നാപ്പ് ബാക്ക് ചെയ്തത്). ആണവ സമ്പുഷ്ടീകരണം 3.5 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി വേഗത്തിലാക്കിയതും ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ പര്യാപ്തമായ 400 കിലോഗ്രാം അതിസമ്പുഷ്ട യുറേനിയം ശേഖരിച്ചതും ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സംഘത്തിന് പരിശോധനയ്ക്ക് അവസരം നിഷേധിച്ചതുമാണ് പുതിയ ഉപരോധങ്ങളിലേക്ക് നയിച്ചത്.

'ഇറാന്‍ ഉത്തരം പറയേണ്ടി വരും'

യുഎന്നിന്റെ ഉപരോധം പ്രാബല്യത്തില്‍ വന്നതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് സ്ഥിരീകരിച്ചത്. ഉപരോധങ്ങളും നിയന്ത്രണങ്ങളും പുനഃസ്ഥാപിക്കാനുള്ള തീരുമാനം വ്യക്തമായ സന്ദേശമാണ് ഇറാന് നല്‍കുന്നത്. ഭീഷണികള്‍ക്ക് വഴങ്ങില്ല, ടെഹ്‌റാന്‍ ഇതിന് ഉത്തരം പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഉപരോധങ്ങള്‍ പ്രകാരം നിരവധി ഇറാനിയന്‍ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ആസ്തികള്‍ മരവിപ്പിക്കുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള ഇറാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പലുകളും വ്യോമമാര്‍ഗമോ കടല്‍മാര്‍ഗമോ ഇറാനില്‍ നിന്നെത്തുന്ന ചരക്കുകള്‍ പരിശോധിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് അധികാരവും ലഭിക്കും. കൂടാതെ യുറേനിയം സമ്പുഷ്ടീകരണം, ആണവ പോര്‍മുന ഘടിപ്പിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം, ബാലിസ്റ്റിക് മിസൈലുകളുടെ സാങ്കേതിക വിജ്ഞാനം കൈമാറുക എന്നിവയില്‍ നിന്നും ഉപരോധം ഇറാനെ വിലക്കും. ആയുധ ഉപരോധവും പുനഃസ്ഥാപിച്ചിട്ടുണ്ട്. ഉപരോധം വൈകിപ്പിക്കണമെന്ന് റഷ്യയും ചൈനയും യുഎന്നില്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെ മുന്‍പുണ്ടായിരുന്ന ഉപരോധങ്ങളെല്ലാം പൂര്‍ണമായും പ്രാബല്യത്തില്‍ വന്നു.

ഉപരോധം എങ്ങനെയാവും ഇറാനെ ബാധിക്കുക?

യുഎന്‍ ഉപരോധം ഇറാനെ സാമ്പത്തികമായും നയതന്ത്രപരവുമായ പ്രതിസന്ധികളിലേക്കാണ് ചെന്നെത്തിക്കുക.

  • ആയുധ ഉപരോധം; ആയുധങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതിനുമുള്ള വിലക്ക്
  • ആണവപദ്ധതികള്‍ക്കുള്ള വിലക്ക്; എല്ലാ യുറേനിയം സമ്പുഷ്ടീകരണ, പുനഃസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ വികസനത്തിന് നിയന്ത്രണങ്ങള്‍. ഇത് ഇറാന്റെ ആണവ പദ്ധതിയെ നേരിട്ട് ലക്ഷ്യമിടുന്നതാണ്.
  • ആസ്തി മരവിപ്പിക്കല്‍; ഇവയ്ക്ക് പുറമേ ഡസന്‍ കണക്കിന് ഇറാനിയന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആസ്തി മരവിപ്പിക്കലും യാത്രാ വിലക്കുമേര്‍പ്പെടുത്തി.
  • ചരക്ക് നിയന്ത്രണം; വ്യോമ, കപ്പല്‍ മാര്‍ഗങ്ങളിലെത്തുന്ന ചരക്കുകള്‍ പരിശോധിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് അധികാരം ലഭിക്കും.
  • സാമ്പത്തിക നിയന്ത്രണം; അന്താരാഷ്ട്ര ഇടപാടുകളെയും ആഗോള വിപണികളിലേക്കുള്ള ഇറാന്റെ പ്രവേശനത്തെയും ബാധിക്കുന്ന ബാങ്കിങ് സാമ്പത്തിക മേഖലകളിലും നിയന്ത്രണങ്ങളുണ്ട്.

ഉപരോധം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഉപരോധ പ്രഖ്യാപനത്തിന് ശേഷം ഇറാനിയന്‍ റിയാലിന്റെ മൂല്യം 4% ഇടിഞ്ഞ് ഒരു ഡോളറിന് 1,126,000 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിച്ചു. പുതുതായി ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നും വ്യാപാരത്തിന് തടസ്സമാകുമെന്നും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്നുമാണ് വിദഗ്ധരും വിശകലനം ചെയ്യുന്നത്.

'ഉപരോധം അന്യായം നിയമവിരുദ്ധം'

ഇറാനെ അട്ടിമറിക്കാനാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്നാണ് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞത്. നടപടി അന്യായവും നിയമ വിരുദ്ധവുമാണെന്ന് അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. എന്നാല്‍ ഏത് രീതിയിലാണ് ഇറാന്‍ ഇതിനെ മറികടക്കുകയെന്നതിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞ ദിവസം ഇറാന്റെ വിദേശകാര്യ മന്ത്രാലയം, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി എന്നിവിടങ്ങളിലെ തങ്ങളുടെ അംബാസഡര്‍മാരെ ചര്‍ച്ചകള്‍ക്കായി ടെഹ്‌റാനിലേക്ക് തിരികെ വിളിപ്പിച്ചിരുന്നു. പതിവ് പോലെ ആണവായുധ പദ്ധതികളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഉപരോധ പ്രഖ്യാപനത്തോടും ഇറാന്‍ പ്രതികരിച്ചത്. ആണവ പരിശോധനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നും ആവര്‍ത്തിച്ചു.

രാജ്യത്തിന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. 2018-ല്‍ അമേരിക്ക ഏകപക്ഷീയമായി ആണവക്കരാറില്‍ നിന്ന് പിന്മാറുകയും ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തതിനാലാണ് തങ്ങള്‍ സമ്പുഷ്ടീകരണം വേഗത്തിലാക്കിയതെന്ന് അവര്‍ വിശദീകരിച്ചു. ഇറാന്‍ കരാര്‍ പൂര്‍ണമായി പാലിച്ചിട്ടും ട്രംപ് അതിനെ 'ഏകപക്ഷീയമായ കരാര്‍' എന്നാണ് വിളിച്ചത്, അമേരിക്കന്‍ ഉപരോധങ്ങള്‍ പാലിക്കുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിച്ചു. ഇത് ചെയ്യുന്നതിലൂടെ, യൂറോപ്യന്‍ ശക്തികള്‍ തങ്ങളുടെ കരാര്‍ ലംഘിക്കുകയാണ്. എന്നാല്‍ ലോകം ഇത് കാണുന്നില്ല. ഉപരോധം അംഗീകരിക്കാന്‍ തയ്യാറല്ലെന്നും ഇറാന്‍ പ്രതികരിച്ചു.

നിലവിലെ ഉപരോധങ്ങള്‍ക്കിടയിലും രാജ്യം പിടിച്ചുനില്‍ക്കുന്നുണ്ടെന്നും പുതിയവയെ നേരിടാനുള്ള വഴികള്‍ കണ്ടെത്തുമെന്നും പറഞ്ഞ് ഇറാനിലെ ചില രാഷ്ട്രീയ നേതാക്കള്‍ ഉപരോധത്തിന്റെ ആഘാതം നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. യൂറോപ്പും അമേരിക്കയും ഒരു നയതന്ത്ര കരാറിലെത്താന്‍ ഗൗരവമായി ഒരിക്കലും താല്പര്യം കാണിച്ചിട്ടില്ലെന്ന് പറഞ്ഞ് അവര്‍ യൂറോപ്യന്‍ രാജ്യങ്ങളെ കുറ്റപ്പെടുത്തി. ശത്രുവിന് മുന്നില്‍ ഇറാന്‍ കീഴടങ്ങുമെന്ന ചിന്തയെ മായ്ച്ചുകളയുന്ന തലത്തിലേക്ക് ശക്തരാവുക എന്നതാണ് ഏക മാര്‍ഗമെന്നാണ് ഇറാന്‍ പാര്‍ലമെന്റ് വക്താവ് പ്രതികരിച്ചത്. അതേസമയം ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറിക്കൊണ്ട് തിരിച്ചടിക്കണമെന്ന് ഇറാനിലെ തീവ്രനിലപാടുള്ള വിഭാഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മിതവാദിയായ പെസഷ്‌കിയാന്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടുമെന്ന് അദ്ദേഹത്തിന് തീര്‍ച്ചയുണ്ടെന്ന് ഇതിലൂടെ വ്യക്തമാണ്. പ്രത്യേകിച്ച്, പ്രയാസകരമായ ഒരു സമയത്താണ് ഇറാനെ ഉപരോധം വീണ്ടും ബാധിച്ചിരിക്കുന്നത്.

ഉപരോധവുമായി യൂറോപ്യന്‍ യൂണിയനും

യുഎന്നിന് പുറമേ യൂറോപ്യന്‍ യൂണിയനും നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ച് നടപ്പിലാക്കുന്നുണ്ട്. അമേരിക്ക തങ്ങളുടെ പ്രത്യേകവും ഏകപക്ഷീയവുമായ ഉപരോധങ്ങള്‍ തുടരുന്നു. ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി (IAEA) പൂര്‍ണ സഹകരണം പുനഃസ്ഥാപിക്കണമെന്നും ആണവനിര്‍വ്യാപന ബാധ്യതകളിലേക്ക് മടങ്ങണമെന്നുമാണ് അംഗരാജ്യങ്ങള്‍ ശഠിക്കുന്നത്. പുതിയ ഉപരോധങ്ങള്‍ ഒഴിവാക്കുന്നതിനായി യൂറോപ്പ് ഇറാന് മുന്നില്‍ മൂന്ന് വ്യവസ്ഥകള്‍ വെച്ചിരുന്നു. പുറത്തുനിന്നുള്ള ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഉടനടി പ്രവേശനം നല്‍കുക, 400 കിലോഗ്രാം വരുന്ന ഉയര്‍ന്ന സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം എവിടെയാണെന്ന് അറിയിക്കുക, അമേരിക്കയുമായി നേരിട്ടുള്ള ആണവ ചര്‍ച്ചകള്‍ ആരംഭിക്കുക എന്നിവയായിരുന്നു അത്. ഈ വ്യവസ്ഥകളില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി സഹകരിക്കാന്‍ ഇറാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് പെസെഷ്‌കിയാന്‍ മറുപടി നല്‍കുകയും ചെയ്തു. ചര്‍ച്ചകള്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്ക് പ്രവേശനം നല്‍കുന്നതിനും ഇറാന്‍ സമ്മതിച്ചതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും പറഞ്ഞു. എന്നാല്‍ സ്നാപ്പ്ബാക്ക് ഉപരോധങ്ങള്‍ മൂന്ന് മാസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് പകരമായി 400 കിലോഗ്രാം ശേഖരം മുഴുവനായി കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടുവെന്നും ഈ വ്യവസ്ഥ യുക്തിരഹിതമാണെന്നതിനാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഇറാന്‍ വാദിച്ചത്. തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്റെ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടത്.

പിന്തുണച്ച് ചൈനയും റഷ്യയും

ഇറാനെതിരേ ഉപരോധമേര്‍പ്പെടുത്തുന്നത് പരമാവധി വൈകിപ്പിക്കാന്‍ ഇറാന്റെ രണ്ട് പ്രധാന സഖ്യകക്ഷികളായ റഷ്യയും ചൈനയും ശ്രമിച്ചിരുന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളാണ് ഇരുവരും. ആറുമാസത്തേക്ക് വൈകിപ്പിച്ച് ഉപരോധം ഏപ്രിലിലേക്ക് നീട്ടാനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ എതിര്‍ത്തതോടെ ഈ നീക്കം പരാജയപ്പെട്ടു. സ്നാപ്പ്ബാക്ക് നടപടി നിയമപരമായി കണക്കാക്കുന്നില്ലെന്നും ഇറാനുമായുള്ള വ്യാപാരം തുടരുന്നതിലൂടെ ഉപരോധത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ സാധ്യതയുണ്ടെന്നും റഷ്യയും ചൈനയും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയും ഇറാനും തമ്മില്‍ അടുത്ത സൈനിക ബന്ധങ്ങളുണ്ട്. യുക്രൈന്‍ യുദ്ധത്തില്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഇറാനാണ് റഷ്യയ്ക്ക് വില്‍ക്കുന്നത്. ചൈനയ്ക്കും ഇറാനുമായി ശക്തമായ സാമ്പത്തിക ബന്ധങ്ങളുമുണ്ട്. ഇറാന്റെ എണ്ണ വില്‍പ്പനയിലെ പ്രധാന ഉപഭോക്താവ് ചൈനയാണ്, ഏകദേശം 20% കിഴിവില്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നതിലൂടെ സര്‍ക്കാരിന് സാമ്പത്തിക സ്ഥിരത നല്‍കാനുള്ള പിന്തുണയാണ് ചൈന നല്‍കുന്നത്.

പക്ഷേ സമീപ വര്‍ഷങ്ങളിലായി ഇറാന്റെ സമ്പദ്വ്യവസ്ഥ പാടെ തകര്‍ന്നിരിക്കുകയാണ്. അമേരിക്കന്‍ ഉപരോധങ്ങള്‍ മാത്രമല്ല, നിരന്തരമായ കെടുകാര്യസ്ഥതയും അഴിമതിയും ഇറാന്റെ തകര്‍ച്ചയില്‍ സംഭാവന ചെയ്തിട്ടുണ്ട്. ജൂണില്‍ ഇസ്രയേലുമായി നടന്ന 12 ദിവസം നീണ്ട രൂക്ഷമായ യുദ്ധത്തിന്റെ ആഘാതത്തില്‍ നിന്ന് ഇറാന്‍ ഇപ്പോഴും കരകയറിയിട്ടില്ല. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ വരുത്തിക്കൊണ്ട് അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചതോടെയാണ് ആ യുദ്ധം അവസാനിച്ചത്. അതിനു പിന്നാലെ മാസങ്ങളായി ഇറാന്‍ സര്‍ക്കാര്‍ രൂക്ഷമായ ഊര്‍ജ-ജല പ്രതിസന്ധിയുമായി പൊരുതുകയാണ്. ഇറാന്റെ പല നഗരങ്ങളിലും വൈദ്യുതി, ജലവിതരണം പരിമിതപ്പെടുത്തിയിരുന്നു. 40 ശതമാനത്തിലധികമാണ് പണപ്പെരുപ്പം. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ മറ്റൊരു ഭാഗത്ത്. സാമ്പത്തിക-സാമൂഹിക അസ്ഥിരത മറ്റൊരിടത്ത്. പാശ്ചാത്യരാജ്യങ്ങളുമായുള്ള ഇറാന്റെ ഏറ്റുമുട്ടലും തുടരുന്നു. സാധ്യമായ സംഘര്‍ഷത്തെയും സാമ്പത്തിക ദുരിതത്തെയും കുറിച്ച് ഇറാനികള്‍ക്കിടയില്‍ വ്യാപകമായ ഉത്കണ്ഠയുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള സര്‍ക്കാരിന്റെ ഏറ്റുമുട്ടല്‍ തുടരുമ്പോള്‍, ഇസ്രയേലും അമേരിക്കയുമായുള്ള ഒരു യുദ്ധം തിരിച്ചുവരുമോ എന്ന് പലരും ഭയപ്പെടുകയാണ്.