ലണ്ടൻ: പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധങ്ങളും അമേരിക്കയുടെ നാവിക ഉപരോധങ്ങളും നിഷ്പ്രഭമാക്കി ഇറാൻ വൻതോതിൽ ആയുധങ്ങളും സൈനിക സാമഗ്രികളും ഇറക്കുമതി ചെയ്തതായി റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിൽ വൻതോതിൽ ആയുധങ്ങളും സൈനിക സാമഗ്രികളും ഇറക്കുമതി ചെയ്യുന്നതിനായി ഇറാൻ രഹസ്യ സൈനിക ശൃംഖല രൂപീകരിച്ചതായി റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. 2025 ജനുവരി മുതൽ കുറഞ്ഞത് 200 കോടി ഡോളറിന്റെ (2 ബില്യൺ ഡോളർ) ആയുധങ്ങളും സ്ഫോടകവസ്തുക്കളും ട്രക്കുകളും ഇറാൻ ഇത്തരത്തിൽ രാജ്യത്തേക്ക് എത്തിച്ചെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
‘എം.ഒ.ഡി’(മിനിസ്ട്രി ഓഫ് ഡിഫൻസ്) എന്ന് തുടങ്ങുന്ന പേരുകളിൽ പ്രവർത്തിക്കുന്ന അയ്യായിരത്തിലധികം രഹസ്യ ഏജൻസികളാണ് ഈ ധനകാര്യ-സൈനിക ശൃംഖലയ്ക്ക് പിന്നിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോറുമായും (ഐ.ആർ.ജി.സി) ഇറാന്റെ ഭരണനേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള ‘ബോന്യാദ്’ എന്ന ബിസിനസ് ഗ്രൂപ്പുകളുമായും ഇവയ്ക്ക് അടുത്ത ബന്ധമുണ്ട്.
2025 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള 18 മാസക്കാലയളവിൽ, ‘എം.ഒ.ഡി 346428’ എന്ന ഒരൊറ്റ ഏജൻസിമാത്രം വലിയ അളവിൽ റോക്കറ്റ് ഇന്ധനം, സ്ഫോടകവസ്തുക്കൾ, ഡ്രോൺ-മിസൈൽ ഭാഗങ്ങൾ, മിസൈൽ ലോഞ്ചറുകളായി ഉപയോഗിക്കാവുന്ന ട്രക്കുകൾ എന്നിവ ഇറക്കുമതി ചെയ്തു. കര, കടൽ, വ്യോമ മാർഗ്ഗങ്ങളിലൂടെ എത്തിയ ഈ സാമഗ്രികളിൽ ഭൂരിഭാഗവും ചൈന, റഷ്യ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ളതാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ രഹസ്യ ഏജൻസികളെല്ലാം ടെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയത്തിന്റെ വിലാസമാണ് നൽകിയിട്ടുള്ളത്. ഇറാന്റെ വിപ്ലവദിനമായ 1979 ഫെബ്രുവരി 11-നാണ് ഇവയുടെ രൂപീകരണ തീയതിയായി രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഉപരോധം ശക്തമായതിനെ തുടർന്ന് 2013-ലാണ് ഇവയിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ പ്രവർത്തനം ആരംഭിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
നിയമവിരുദ്ധ എണ്ണവില്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിദേശ ഏജന്റുമാരും വ്യാജ കമ്പനികളും വഴിയാണ് ഈ ശൃംഖല ആയുധങ്ങൾ വാങ്ങുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ പ്രോഗ്രാമുകളിലെ മുതിർന്ന സൈനിക തലവന്മാർ ഈ ശൃംഖല ഉപയോഗിക്കുന്നുണ്ട്. ബാങ്ക്-സർക്കാർ രേഖകൾ, കോർപ്പറേറ്റ് ഫയലിങ്ങുകൾ, ഇറക്കുമതി വിവരങ്ങൾ എന്നിവ വിശകലനം ചെയ്താണ് റൂയിട്ടേഴ്‌സ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഈ ഏജൻസികൾക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ നേരിട്ട് ഉപരോധം ഏർപ്പെടുത്തിയതായി തെളിവുകളില്ല. ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഇറാൻ ഭരണകൂടമോ ഐക്യരാഷ്ട്രസഭയിലെ അവരുടെ പ്രതിനിധികളോ തയ്യാറായിട്ടില്ല.
Content Highlights: Reports indicate that Iran has established a clandestine military network of thousands of front agencies to import billions of dollars worth of arms, explosives, and military hardware from countries like China and Russia in defiance of international sanctions.
Published: 30 Oct 2026, 10:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented