'ആദ്യം അവർ എന്തിനാണ് ഈ ആക്രമണം ആരംഭിച്ചതെന്ന് വിശദമാക്കണം. തുടർന്ന് നമുക്ക് വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കാം. തീർച്ചയായും, ആരും യുദ്ധം തുടരാൻ ആഗ്രഹിക്കുന്നില്ല. ഈ യുദ്ധം ഞങ്ങളുടെ യുദ്ധമല്ല, ഞങ്ങളുടെ തിരഞ്ഞെടുപ്പുമായിരുന്നില്ല. ഈ യുദ്ധം അമേരിക്കയും ഇസ്രായേലും ഞങ്ങളുടെമേൽ അടിച്ചേൽപ്പിച്ചതാണ്. പ്രകോപനമില്ലാതെ, ന്യായീകരണമില്ലാതെ, നിയമവിരുദ്ധമായി അവർ ഈ യുദ്ധം ആരംഭിച്ചു. ഞങ്ങൾ ചെയ്യുന്നത് നിയമാനുസൃതമായ പ്രതിരോധം മാത്രമാണ്. സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്. ഞങ്ങളോട് ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നത് ന്യായമല്ല. യുദ്ധത്തിന് ഒരു സ്ഥിരമായ അന്ത്യമുണ്ടാകണം. അത്തരമൊരു ഘട്ടത്തിൽ എത്തുന്നതുവരെ ഞങ്ങളുടെ ജനങ്ങളുടെ സുരക്ഷയ്ക്കായി പോരാടുന്നത് തുടരേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.' യുഎസും ഇസ്രയേലും ഇറാൻ ആക്രമണം തുടങ്ങി ഒമ്പതാം ദിവസം എൻബിസിക്ക് ടെഹ്റാനിൽനിന്ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത് ഇങ്ങനെയാണ്. യുദ്ധത്തിന്റെ തീച്ചൂടിനിടയിലും വെല്ലുവിളികൾക്കോ ആഹ്വാനങ്ങൾക്കോ മുതിരാതെ എങ്ങനെ കൃത്യമായ കാര്യങ്ങൾ വിശദീകരിക്കാമെന്നതിന്റെ ഉദാഹരമാണമായാണ് അരാഗ്ചിയുടെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്. 'ശരിയായ സമയത്ത് ശരിയായ സ്ഥാനത്തുള്ള ശരിയായ വ്യക്തി' എന്നാണ് ഇറാനിയൻ അനലിസ്റ്റും രാഷ്ട്രീയ വിദഗ്ദ്ധനുമായ സയ്യിദ് ലെയ്ലാസ്, അരാഗ്ചിയുടെ യുദ്ധവുമായി ബന്ധപ്പെട്ട നിലപാടുകളെ വിശേഷിപ്പിക്കുന്നത്. 

To advertise here,

1989 മുതൽ ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമായ അരാഗ്ച്ചി ആണവ ചർച്ചകളിലും അന്താരാഷ്ട്ര കാര്യങ്ങളിലുമുള്ള നീണ്ട അനുഭവ സമ്പത്തിനുശേഷം 2024 ഓഗസ്റ്റ് 21-നാണ് ഇറാന്റെ വിദേശകാര്യ മന്ത്രിയാകുന്നത്. 'വിദേശകാര്യ മന്ത്രാലയത്തിലെ ഏറ്റവും പ്രൊഫഷണൽ നയതന്ത്രജ്ഞരിൽ ഒരാളാണ് അരാഗ്ചി, അദ്ദേഹത്തിന് ഒരു രാഷ്ട്രീയ മുന്നണിയുമായും ബന്ധമില്ല, എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നു' എന്നാണ് അദ്ദേഹത്തെ കുറിച്ച് ജർമനിയിലെ മുൻ ഇറാൻ അംബാസഡറും ആണവ ചർച്ചകളുടെ വക്താവുമായിരുന്ന ഹുസൈൻ മൗസാവിയൻ മുമ്പ് അഭിമുഖത്തിൽ പറഞ്ഞത്. 2015-ലെ ഇറാന്റെ ആണവ കരാറിലേക്കെത്തിച്ച ചർച്ചകളിലെ പ്രധാനപ്പെട്ട ശബ്ദമായിരുന്നു അരാഗ്ച്ചിയുടേത്.

വ്യാപാരി കുടുംബത്തിൽ ജനനം, യുകെയിൽ നിന്ന് പിഎച്ച്ഡി

1962-ൽ ടെഹ്റാനിലെ ഒരു യാഥാസ്ഥിക കുടുംബത്തിലാണ് അരാഗ്ചി ജനിച്ചത്. കുടുംബത്തിലുള്ളവർ വ്യാപാരികളായിരുന്നെങ്കിലും അരാഗ്ചി ആ വഴി തിരഞ്ഞെടുത്തില്ല. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന്റെ സമയത്ത് 17 വയസായിരുന്നു പ്രായം. ഇതിൽ പ്രചോദനം ഉൾക്കൊണ്ട് ഇറാൻ റെവല്യൂഷനി ഗാർഡിന്റെ ഭാഗമായി. 1980 മുതൽ എട്ട് വർഷം നീണ്ടുനിന്ന ഇറാഖുമായുള്ള യുദ്ധത്തിൽ മുന്നണി പോരാളിയാകുകയും ചെയ്തു. 1991-ൽ ടെഹ്റാനിലെ സെൻട്രൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടി. 1996-ൽ മാർക്സിസ്റ്റ് പണ്ഡിതനായ പ്രൊഫസർ ഡേവിഡ് മക്ലെല്ലന്റെ മേൽനോട്ടത്തിൽ കെന്റ് യൂണിവേഴ്സ്റ്റിയിൽ നിന്ന് പിഎച്ച്ഡിയും സ്വന്തമാക്കി. The evolution of the concept of political participation in twentieth-century Islamic political thought എന്നതായിരുന്നു വിഷയം. ഇസ്ലാമികവും പാശ്ചാത്യവുമായ ആശയങ്ങൾ തമ്മിൽ ശത്രുതയുണ്ട് എന്ന വാദത്തെ എതിർക്കുന്ന ആശയങ്ങളാണ്‌ ഈ പ്രബന്ധത്തലുള്ളത്. ഇസ്ലാമിക നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ജനാധിപത്യ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിനായി പാശ്ചാത്യ ജനാധിപത്യത്തിന്റെ ഘടകങ്ങളെ ഇസ്ലാമിക തത്വങ്ങളുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും ഈ പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുഹമ്മദ് ഖതാമി ഇറാൻ പ്രസിഡന്റായിരുന്ന സമയത്ത് 1999 മുതൽ 2003 വരെ ഫിൻലൻഡിലെ ഇറാൻ അംബാസഡറായിരുന്നു അരാഗ്ചി. തൊട്ടുപിന്നാലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പടിഞ്ഞാറൻ യൂറോപ്പ് വിഭാഗത്തിന്റെ തലവനായും പ്രവർത്തിച്ചു. ഈ സമയത്താണ് ഇറാൻ ആണവോർജ്ജവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളുമായി ചർച്ചകൾ തുടങ്ങിവെച്ചത്. 2005-ൽ നിയമപരമായ കാര്യങ്ങൾക്കുള്ള ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയായി അദ്ദേഹത്തെ സ്ഥാനക്കയറ്റം നൽകി. 2008-ൽ ജപ്പാനിലെ അംബാസഡറായി. 2011 മുതൽ 2013 വരെ ഏഷ്യൻ, പസഫിക് കാര്യങ്ങളുടെ ഡയറക്ടർ ആകുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.

2013-ൽ പ്രസിഡന്റ് ഹസൻ റൂഹാനി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അന്നത്തെ വിദേശകാര്യ മന്ത്രി ജാവേദ് ശരീഫ്, ആണവ ചർച്ചകൾക്കുള്ള തന്റെ ഡെപ്യൂട്ടിയായി അരാഗ്ചിയെ നിയമിച്ചു. അദ്ദേഹത്തിന്റെ അതേ സ്ഥാനം വഹിക്കുന്ന അമേരിക്കൻ അംബാസഡർ വെൻഡി ഷെർമാൻ 2018-ൽ എഴുതിയ 'Not for the Faint of Heart: Lessons in Courage, Power, and Persistence' എന്ന തന്റെ ഓർമക്കുറിപ്പിൽ ദൃഢനിശ്ചയമുള്ള, ലക്ഷ്യബോധമുള്ള, ശാന്തനായ വ്യക്തിയാണെന്നും ആണവോർജ്ജവുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ വിദഗ്ദ്ധനാണെന്നും അരാഗ്ച്ചിയെ കുറിച്ച് എഴുതി. 2015-ൽ യുഎസ്, യുകെ, ഫ്രാൻസ്, ചൈന, റഷ്യ, ജർമനി എന്നീ രാജ്യങ്ങളുമായുള്ള ഇറാന്റെ ആണവ കരാറിലേക്കെത്തിച്ച ചർച്ചകളിൽ അരാഗ്ച്ചിയുടെ ഇടപെടലുകൾ നിർണായകമായിരുന്നു. അന്ന് മൂന്ന് വ്യത്യസ്ത തലങ്ങളിൽ ഇറാനെ എങ്ങനെ ഈ കരാർ സഹായിക്കുന്നു എന്നതിനെ കുറിച്ചും അരാഗ്ചിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ഇറാനു മേലുള്ള ഉപരോധം നീക്കി, യുറേനിയം സംയോജനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നിയമസാധുത ലഭിച്ചു, മൂന്നാമതായി അന്താരാഷ്ട്ര സമാധാനത്തിന് ഇറാൻ ഗുരുതര ഭീഷണിയാണെന്ന് ചിത്രീകരിക്കുന്ന എതിരാളികളുടെ പദ്ധതികൾ നിർവീര്യമാക്കാനായി എന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ 2018-ൽ യുഎസ്എ ഈ കരാറിൽ നിന്ന് പിന്മാറി. പിന്നീട് ബൈഡൻ പ്രസിഡന്റായപ്പോൾ കരാർ വീണ്ടും പ്രാബല്യത്തിലാക്കാൻ ഇറാൻ വിയന്നയിൽ നടത്തിയ ചർച്ചയെ നയിച്ചതും അരാഗ്ചിയായിരുന്നു. പക്ഷേ ഇറാനിൽ രാഷ്ടീയമാറ്റം വരികയും റൂഹാനിക്ക് പകരം ഇബ്രാഹിം റെയ്സി പ്രസിഡന്റാകുകയും ചെയ്തതോടെ അരാഗ്ചിയുടെ സ്ഥാനവും നഷ്ടപ്പെട്ടു. പിന്നീട് പരമോന്നത നേതാവിന്റെ ഉപദേശക സമിതിയായ സ്ട്രാറ്റജിക് കൗൺസിൽ ഫോറിൻ റിലേഷനിന്റെ ഭാഗമായി അദ്ദേഹം.

റെയ്സിയുടെ കൊലപാതകം, 12 ദിവസത്തെ യുദ്ധം

2023-ൽ കാര്യങ്ങൾ മാറിമറിഞ്ഞു. ഇസ്രായേൽ ലബനനിലെ ഇറാനിയൻ പങ്കാളിയായ ഹിസ്ബുള്ളയെ ആക്രമിക്കുകയും സിറിയയിലെ ഐആർജിസി കമാൻഡർമാരെ കൊല്ലുകയും ചെയ്തതോടെ സംഘർഷം വർദ്ധിച്ചു. യെമനിലെ ഇറാൻ പിന്തുണയുള്ള വിമതരായ ഹൂതികൾ ചെങ്കടലിൽ ടാങ്കറുകളെ ആക്രമിച്ചു. 2024 ഏപ്രിലിൽ, ഡമാസ്‌കസിലെ ഇറാനിയൻ എംബസിക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തിന് തിരിച്ചടിയായി ടെഹ്‌റാൻ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. 2024 മെയ് 19-ന് ഇറാൻ വിദേശകാര്യ മന്ത്രി അമിർ-അബ്ദുള്ളാഹിയാനും ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും സഞ്ചരിച്ച ഹെലികോപ്റ്റർ ഇറാൻ-അസർബൈജാൻ അതിർത്തിക്കടുത്ത് തകർന്നു വീണു. ഇതോടെ ഇറാനിൽ ഭരണമാറ്റമുണ്ടാകുകയും പെസെഷ്‌കിയാൻ പ്രസിഡന്റാകുകയും ചെയ്തു. മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി അരാഗ്ചി പുതിയ റോളിലെത്തി.

2025 ജനുവരി 20-ന് ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തിയതോടെ ആണവ ചർച്ചകൾക്ക് അരാഗ്ചി മുൻകൈയ്യെടുത്തു. ഏപ്രിൽ 13-ന് അദ്ദേഹം ഒമാനിൽ ട്രംപ് ഉദ്യോഗസ്ഥരുമായി ആദ്യഘട്ട ചർച്ചകൾ നടത്തി. വളരെ സമാധാനപരവും ബഹുമാനപൂർണ്ണവുമായ അന്തരീക്ഷത്തിൽ നടന്ന ക്രിയാത്മകമായ കൂടിക്കാഴ്ചയായിരുന്നു ഇതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അവർ അഞ്ച് തവണ കൂടിക്കാഴ്ച നടത്തി. ജൂൺ 13-ന് ആറാമത്തെ റൗണ്ട് ചർച്ചകൾക്ക് രണ്ട് ദിവസം മുമ്പ്, ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ, ശാസ്ത്രജ്ഞർ, സൈനിക നേതാക്കൾ എന്നിവർക്കെതിരെ വലിയ ആക്രമണം നടത്തി. ജൂൺ 22-ന്, അമേരിക്ക ഇസ്രായേലിന്റെ യുദ്ധത്തിൽ പങ്കുചേർന്നു. പിന്നീട് ട്രംപ് അവകാശപ്പെട്ടത് യുഎസ് ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതികളെ തുടച്ചുനീക്കി എന്നാണ്. ജൂൺ 23-ന് ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇസ്രയേലും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. പക്ഷേ ഈ ആക്രമണം ഇറാന്റെ ആണവ പദ്ധതികളിൽ കാലതാമസമുണ്ടാക്കി.

ഇതിനെതിരെ ഇസ്താംബൂളിൽ നടന്ന ഒഐസിയുടെ യോഗത്തിൽ അരാഗ്ചി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 'നയതന്ത്രത്തെ ഒറ്റിക്കൊടുത്തത് അമേരിക്കയാണ്, പക്ഷേ ചർച്ചയിലേക്ക് മടങ്ങേണ്ടത് ഇറാനാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളായ ഇസ്ഫഹാൻ, നഥാൻസ്, ഫോർദോ എന്നിവിടങ്ങളിൽ ബോംബാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. 'ഞങ്ങളുടെ ആണവ സ്ഥാപനങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിരിക്കുന്നു, ഐക്യരാഷ്ട്രസഭയിൽ അംഗമായ രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും ദേശീയ പരമാധികാരത്തിനും നേരെ അമേരിക്ക ആക്രമണം നടത്തി. ഞങ്ങൾ ഞങ്ങളുടെ മൂല്യം മനസ്സിലാക്കുന്നു, ഞങ്ങളുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു, മറ്റൊരാളേയും ഞങ്ങളുടെ വിധി നിർണ്ണയിക്കാൻ ഒരിക്കലും അനുവദിക്കില്ല' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നീടിങ്ങോട്ട് യുഎസുമായുള്ള നിലപാടിൽ യുദ്ധം ഒഴിവാക്കി എങ്ങനെ ഇരുരാജ്യങ്ങൾക്കും തുല്ല്യ പരിഗണന ലഭിക്കുന്ന ആണവകരാർ നടപ്പിലാക്കാം എന്നതാണ് അരാഗ്ചി മുന്നോട്ടുവെച്ചത്. ആണവനിർവ്യാപന കരാറിയിലെത്തിയില്ലെങ്കിൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന ട്രംപിന്റെ വെല്ലുവിളിക്ക് അരാഗ്ചി നൽകിയ മറുപടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഞങ്ങളുടെ ധീരരായ സായുധസേനാംഗങ്ങൾ സജ്ജരാണ്. ഇറാനെതിരേ കര, കടൽ, ആകാശം എന്നിങ്ങനെഏതുമാർഗത്തിലൂടെയും എന്തെങ്കിലും ആക്രമണമുണ്ടായാൽ ഉടനടി ശക്തമായ പ്രതികരണമുണ്ടാകും. അതേസമയം, പരസ്പരം പ്രയോജനകരമായ, നീതിയുക്തമായ ഒരു ആണവകരാറിനെ ഇറാൻ എല്ലായ്‌പ്പോഴും സ്വാഗതംചെയ്തിട്ടുണ്ട്. ഭീഷണിയില്ലാതെ, ബലപ്രയോഗങ്ങളില്ലാതെ തുല്യപരിഗണനയുള്ള കരാറാകണം. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം കരാറിൽ ഉറപ്പാക്കണം' എന്നായിരുന്നു അരാഗ്ചിയുടെ മറുപടി. പിന്നാലെ നയതന്ത്രത്തിന്റെ ഭാഷയിലും അദ്ദേഹം സംസാരിച്ചു.

പരസ്പര താത്പര്യങ്ങളും ആശങ്കകളും പരിഹരിക്കുന്ന ഒരു അഭൂതപൂർവമായ കരാറിനുള്ള ചരിത്രപരമായ അവസരമാണ് മുന്നിലുള്ളതെന്നും, നയതന്ത്രത്തിന് മുൻഗണന നൽകിയാൽ ഇത് യാഥാർഥ്യമാകുമെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിലൂടെ അറിയിച്ചു. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമിക്കില്ലെന്നും എന്നാൽ സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊട്ടടുത്ത ദിവസം അതായത് ഫെബ്രുവരി 26-ന് ജനീവയിൽ യുഎന്നിലെ ഒമാൻ അംബാസഡറുടെ വസതിയിൽ ഇരുരാജ്യങ്ങളും ചർച്ച നടത്തി. സമ്പുഷ്ട യുറേനിയം ശേഖരിച്ചുവെക്കില്ലെന്നും അന്താരാഷ്ട്ര ആണവോർജ സമിതി (ഐഎഇഎ)യുടെ പരിശോധന അനുവദിക്കാമെന്നും ഇറാൻ അറിയിച്ചു. പോസിറ്റീവായൊരു വാർത്ത ഉടനെ അറിയിക്കാനാകുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രിയും പറഞ്ഞു. എന്നാൽ ഫെബ്രുവരി 27-ന് ട്രംപ് പറഞ്ഞത് അതിൽനിന്ന് വ്യത്യസ്തമായൊരു കാര്യമാണ്. ചർച്ചയിൽ ഇറാൻ എടുത്ത നിലപാടിൽ സന്തുഷ്ടരല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസും ഇസ്രയേലും വ്യോമാക്രമണം തുടങ്ങുകയും ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ ദിവസങ്ങൾ പിന്നിട്ടിരിക്കുന്ന യുദ്ധത്തിന്റെ മുൾമുനയിലാണ് പശ്ചിമേഷ്യ. അതിന്റെ സാമ്പത്തികമായ പ്രതിഫലനം എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പടർന്നുപിടിക്കാനും തുടങ്ങിയിരിക്കുന്നു. പരമോന്നത നേതാവിന് പ്രാധാന്യമുള്ള ഇറാന്റെ ഭരണസംവിധാനത്തിൽ വിദേശകാര്യ മന്ത്രി എന്ന നിലിയിൽ അരാഗ്ചിയുടെ ഇടപെടലുകളും നയതതന്ത്രവും എത്രത്തോളം യുദ്ധം അവസാനിക്കാൻ സഹായിക്കുമെന്ന് ഇനി കണ്ടറിയണം. പ്രത്യേകിച്ച് പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും നേരത്തെ യുഎസ് വെടിനിർത്തൽ കരാറുകൾ ലംഘിച്ചതിനാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും അരാഗ്ചി പറഞ്ഞ സ്ഥിതിക്ക് കാര്യങ്ങൾ കൂടുതൽ സങ്കീർണതയിലേക്കാണ് നീങ്ങുന്നത്.