പാം ഓയിൽ ഉത്പാദനത്തിലും കയറ്റുമതിയിലും ആഗോള തലത്തിൽ മുൻനിരക്കാരാണ് ഇൻഡൊനീഷ്യ. നിലവിൽ ലോകവിപണിയുടെ 60 ശതമാനത്തിലധികവും ഇൻഡൊനീഷ്യയുടെ നിയന്ത്രണത്തിലാണ്.

ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കത്തിക്കയറുന്നതിനിടെ പാം ഓയിൽ അധിഷ്ഠിത പുതിയ ‘ബി50’ ജൈവ ഇന്ധനം നിർബന്ധമാക്കാനൊരുങ്ങി ഇൻഡൊനീഷ്യ. 50 ശതമാനം പാം ഓയിൽ അധിഷ്ഠിത ബയോഡീസലും 50 ശതമാനം സാധാരണ ഡീസലും സംയോജിപ്പിച്ചാണ് ‘ബി50’ ജൈവ ഇന്ധനം തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ‘ബി50’ ഇന്ധനം ഈ വർഷം ജൂലൈ മാസത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഡൊനീഷ്യയുടെ ഈ നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഇൻഡൊനീഷ്യയിൽ നിന്നാണെന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. പുതിയ നയം നടപ്പാക്കുന്നതോടെ ഇൻഡൊനീഷ്യ കയറ്റുമതി ചെയ്യുന്ന പാം ഓയിലിന്റെ അളവ് കുറയും. ഇതോടെ ഇന്ത്യൻ വിപണിയിൽ പാചക എണ്ണവില വർധിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്താണ് പാം ഓയിൽ ബയോഡീസൽ? എന്തുകൊണ്ടാണ് ഇൻഡൊനീഷ്യ ജൈവ ഇന്ധനത്തിലേക്ക് നീങ്ങുന്നത്? ഇൻഡൊനീഷ്യയുടെ ഈ പുതിയ ചുവടുവെപ്പ് ഇന്ത്യയെ എപ്രകാരം ബാധിക്കും?
എന്താണ് പാം ഓയിൽ ബയോഡീസൽ?
അസംസ്‌കൃത പാമോയിലിൽനിന്ന് രാസപ്രക്രിയയിലൂടെ വേർതിരിച്ചെടുക്കുന്ന ഇന്ധനമാണ് പാം ഓയിൽ ബയോഡീസൽ. സസ്യകൊഴുപ്പിനെ കത്താൻ ശേഷിയുള്ള മെഥൈൽ എസ്റ്ററുകളായി (methyl esters) മാറ്റിയാണ് ഇത് നിർമിക്കുന്നത്. ട്രാൻസെസ്റ്ററിഫിക്കേഷൻ (transesterification) എന്നറിയപ്പെടുന്ന പ്രധാന ഉത്പാദനരീതിയിൽ, ഒരു കാറ്റലിസ്റ്റിന്റെ (catalyst) സാന്നിധ്യത്തിൽ പാമോയിൽ മെഥനോളുമായി പ്രതിപ്രവർത്തിക്കുന്നു. ഈ പ്രക്രിയയിലൂടെ ബയോഡീസലും ഗ്ലിസറോളും വേർതിരിച്ചെടുക്കുന്നു. അസംസ്‌കൃത പാമോയിലിലെ ഈർപ്പവും ഫാറ്റി ആസിഡുകളും നീക്കം ചെയ്യുന്ന ശുദ്ധീകരണ പ്രക്രിയയോടെയാണ് ഉത്പാദനം ആരംഭിക്കുന്നത്. ഇങ്ങനെ ശുദ്ധീകരിച്ച ഓയിൽ മെഥനോളും സോഡിയം ഹൈഡ്രോക്സൈഡ് പോലുള്ള കാറ്റലിസ്റ്റുകളും ഉപയോഗിച്ച് ട്രാൻസെസ്റ്ററിഫിക്കേഷന് വിധേയമാക്കുന്നു. ഹൈഡ്രജന്റെ സഹായത്തോടെ കൊഴുപ്പിനെ നേരിട്ട് ആൽക്കെയ്‌നുകളാക്കി മാറ്റുന്ന ഹൈഡ്രോ ഡീ ഓക്സിജനേഷൻ (hydrodeoxygenation) എന്ന സാങ്കേതികവിദ്യയും ഇതിനായി ഉപയോഗിച്ചുവരുന്നുണ്ട്.
മറ്റ് എണ്ണക്കുരുക്കളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ കഴിയുന്നു എന്നതാണ് ജൈവ ഇന്ധന നിർമ്മാണത്തിന് പാമോയിലിനെ പ്രിയങ്കരമാക്കുന്നത്. റേപ്സീഡ് (rapeseed), സോയ എന്നിവയെ അപേക്ഷിച്ച് പാം കൃഷിക്ക് ഭൂവിനിയോഗം വളരെ കുറച്ചു മതിയാകും. സാധാരണ ഡീസലുമായി നിശ്ചിത അനുപാതത്തിൽ ഇത് കലർത്തി ഉപയോഗിക്കുന്നത് വഴി കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബൺ തുടങ്ങിയ മാരകവാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സൾഫർ, ബെൻസീൻ എന്നിവയുടെ സാന്നിധ്യമില്ലാത്തതിനാൽ സാധാരണ ഡീസലിനേക്കാൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണിതെന്നാണ് വാദം.
പാം ഓയിൽ ബയോഡീസലിന്റെ സുസ്ഥിരതയെക്കുറിച്ച് ആഗോളതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കുമെങ്കിലും പാം ഓയിൽ ഉത്പാദനത്തിനായി തോട്ടങ്ങൾ വിപുലീകരിക്കുന്നത് പരിസ്ഥിതിയെയും ഭൂവിനിയോഗത്തെയും എപ്രകാരം ബാധിക്കുന്നു എന്നതാണ് ഇതിൽ പ്രധാനം. പ്രധാന പാം ഓയിൽ ഉത്പാദക രാഷ്ട്രങ്ങളായ ഇൻഡൊനീഷ്യയും മലേഷ്യയും മഴക്കാടുകൾ വെട്ടിത്തെളിച്ചാണ് പാംഓയിൽ കൃഷി നടത്തുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാണോ പാമോയിൽ ഉൽപ്പാദിപ്പിക്കുന്നതെന്ന് ഉറപ്പാക്കാൻ കൃത്യമായ സാക്ഷ്യപത്രങ്ങൾ (certifications) ഇപ്പോൾ നിർബന്ധമാക്കുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഇൻഡൊനീഷ്യ, മലേഷ്യ തുടങ്ങിയ പ്രധാന ഉൽപ്പാദക രാജ്യങ്ങൾ പാമോയിൽ ഇന്ധന മിശ്രിതങ്ങൾ ഉപയോഗിക്കുന്നത് നിയമപരമായി നിർബന്ധമാക്കിയിട്ടുണ്ട്.
എന്തുകൊണ്ട് ഇൻഡൊനീഷ്യ ജൈവ ഇന്ധനത്തിലേക്ക് ?
പാം ഓയിൽ ഉത്പാദനത്തിലും കയറ്റുമതിയിലും ആഗോളതലത്തിൽ മുൻനിരക്കാരാണ് ഇൻഡൊനീഷ്യ. നിലവിൽ ലോകവിപണിയുടെ 60 ശതമാനത്തിലധികവും ഇൻഡൊനീഷ്യയുടെ നിയന്ത്രണത്തിലാണ്. ഉത്പാദനത്തിൽ മാത്രമല്ല, കയറ്റുമതിയിലും അവർ തന്നെയാണ് മുന്നിൽ. ഉത്പാദിപ്പിക്കുന്ന പാം ഓയിലിന്റെ ഏതാണ്ട് പകുതിയോളം ആഭ്യന്തരമായി അവർ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ബയോഡീസൽ നിർമ്മാണത്തിനും ഭക്ഷ്യ ആവശ്യങ്ങൾക്കുമാണ് വിനിയോഗിക്കുന്നത്. ബാക്കിയാണ് അവർ നിലവിൽ കയറ്റുമതി ചെയ്യുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം, 2024-ൽ രാജ്യം ഏകദേശം 48.16 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് പാം ഓയിൽ (CPO) ഉത്പാദിപ്പിച്ചു. ഇതിൽ 29.54 ദശലക്ഷം മെട്രിക് ടൺ കയറ്റുമതി ചെയ്തു. ആഗോള ഭക്ഷ്യ-വ്യവസായ മേഖലകളിൽ ഇൻഡൊനീഷ്യൻ പാം ഓയിലിനുള്ള പങ്ക് അടിവരയിടുന്നതാണ് ഈ കണക്കുകൾ.
ഊർജ്ജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ഇൻഡൊനീഷ്യ ബി 50 ബയോഡീസൽ പദ്ധതി പ്രഖ്യാപിച്ചത്. ആഭ്യന്തര ആവശ്യത്തിനുള്ള പെട്രോളിയം ഉത്പന്നങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്താണ് അവർ ഉപയോഗിക്കുന്നത്. 2025-ലെ കണക്കനുസരിച്ച് ഏകദേശം 7.8 ബില്യൺ ഡോളറാണ് രാജ്യം ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ചെലവാക്കിയത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും ഇറാൻ യുദ്ധത്തിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ഇൻഡൊനീഷ്യയെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങൾക്ക് പകരം തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പാം ഓയിൽ ഉപയോഗപ്പെടുത്തി സാമ്പത്തികലാഭവും ഊർജ്ജ സുരക്ഷയുമാണ് അവർ ലക്ഷ്യമിടുന്നത്. ഡീസലിന് പകരം പാം ഓയിൽ ഉപയോഗിക്കുന്നതിലൂടെ ഇന്ധന ഇറക്കുമതിക്കായി ചിലവാക്കുന്ന കോടിക്കണക്കിന് ഡോളർ ലാഭിക്കാൻ അവർക്ക് സാധിക്കും. പ്രതിവർഷം ഏകദേശം 900 കോടി ഡോളറിലധികം ലാഭിക്കാനാണ് പദ്ധതിയിലൂടെ അവർ ലക്ഷ്യമിടുന്നത്.
മാത്രമല്ല, ആഗോള വിപണിയിൽ പാം ഓയിൽ വിലയിലുണ്ടാകുന്ന മാറ്റം ഇൻഡൊനീഷ്യൻ സമ്പദ്‌വ്യവസ്ഥയെയും അവിടുത്തെ ലക്ഷക്കണക്കിന് കർഷകരെയും നേരിട്ട് ബാധിക്കുന്നതാണ്. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള വിദേശ വിപണികൾ പാം ഓയിൽ ഇറക്കുമതിയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് രാജ്യത്തെ ഉത്പാദകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വനനശീകരണം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഇത്തരം നിയന്ത്രണങ്ങൾ മറികടക്കാൻ, ആഭ്യന്തര വിപണിയിൽ തന്നെ പാം ഓയിലിന് കൂടുതൽ ഡിമാൻഡ് സൃഷ്ടിക്കുകയാണ് ഈ നയത്തിലൂടെ സർക്കാർ ചെയ്യുന്നത്. അധികമായി വരുന്ന പാം ഓയിൽ ഇന്ധനത്തിനായി ഉപയോഗിക്കുന്നതിലൂടെ കർഷകർക്ക് മികച്ച വില ഉറപ്പാക്കാനും സാധിക്കും. മാത്രമല്ല, പാം ഓയിൽ ഇന്ധന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് വഴി വിപണിയിൽ എണ്ണയുടെ വില പിടിച്ചുനിർത്താൻ സാധിക്കുകയും ചെയ്യും.
ക്രൂഡ് ഓയിലിനായുള്ള വിദേശ ആശ്രിതത്വം കുറയ്ക്കുക, പാം ഓയിൽ വിപണിയെ സ്ഥിരപ്പെടുത്തുക എന്നിവയ്ക്ക് പുറമേ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കുകയും ഇതുവഴി ഇൻഡൊനീഷ്യ ലക്ഷ്യമിടുന്നു. ആഗോളതാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി കാർബൺ പുറംതള്ളൽ കുറയ്ക്കുമെന്ന് ഇൻഡൊനീഷ്യ അന്താരാഷ്ട്ര തലത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളെ അപേക്ഷിച്ച് ജൈവ ഇന്ധനങ്ങൾ കുറഞ്ഞ അളവിൽ മാത്രമേ ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്നുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ‘നെറ്റ് സീറോ’ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായാണ് അവർ ഈ മാറ്റത്തെ കാണുന്നത്. ഈ നീക്കത്തിലൂടെ മേഖലയിലെ ഹരിത ഊർജ്ജ രംഗത്തെ മുൻനിരക്കാരാകാനും ഇൻഡൊനീഷ്യ ലക്ഷ്യംവെയ്ക്കുന്നു.
ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
ലോകത്ത് ഏറ്റവും കൂടുതൽ പാം ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ പാം ഓയിലിന്റെ വലിയൊരു പങ്കും ഇൻഡൊനീഷ്യയിൽനിന്നാണ് എത്തുന്നത്. ഇന്ത്യ പ്രതിവർഷം ഏകദേശം 8.5 ബില്യൺ ഡോളർ മൂല്യമുള്ള പാം ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 50 ശതമാനത്തിലധികവും ഇൻഡൊനീഷ്യയിൽ നിന്നാണ്. ‘ബി50 പദ്ധതി’യുടെ ഭാഗമായി, കയറ്റുമതിക്കായി നീക്കിവച്ചിരിക്കുന്ന പാം ഓയിൽ ആഭ്യന്തര ഇന്ധന ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിടുന്നതോടെ ആഗോള വിപണിയിൽ ഇതിന്റെ ലഭ്യത കുറയും. ഇത് അന്താരാഷ്ട്ര തലത്തിൽ പാം ഓയിൽ വില കുത്തനെ ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം ഏറെ നിർണ്ണായകമാണ്. പാചക അവശ്യങ്ങൾ മുതൽ ഭക്ഷ്യസംസ്കരണം, സോപ്പ് നിർമ്മാണം, രാസവസ്തുക്കളുടെ ഉത്പാദനം തുടങ്ങി വിവിധ മേഖലകളിൽ പാം ഓയിൽ അത്യന്താപേക്ഷിതമാണ്. അതിനാൽതന്നെ ഇറക്കുമതിയിലുണ്ടാകുന്ന കുറവ് പാചക എണ്ണയുടെ വിലക്കയറ്റത്തിനും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലവർധനവിനും വഴിതെളിക്കും. പാം ഓയിൽ വില കൂടുമ്പോൾ അത് ബിസ്കറ്റ്, സോപ്പ്, മറ്റ് ലഘുഭക്ഷണങ്ങൾ തുടങ്ങി വൻതോതിൽ പാം ഓയിൽ ഉപയോഗിക്കുന്ന ഉല്പന്നങ്ങളുടെ വില വർദ്ധനവിന് വഴിവെക്കും. ഇന്ത്യയിലെ സാധാരണക്കാരന്റെ അടുക്കള ബജറ്റിനെ ഇത് നേരിട്ട് ബാധിക്കും. അതിനാൽ തന്നെ ഇൻഡൊനീഷ്യയുടെ പുതിയ നയം ഇന്ത്യയെ നേരിട്ട് ബാധിച്ചേക്കാം എന്നാണ് വിലയിരുത്തൽ.
ഇൻഡൊനീഷ്യ കയറ്റുമതി കുറച്ചാൽ ഇന്ത്യയ്ക്ക് മലേഷ്യ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യേണ്ടിവരും. ഇത് വിതരണ ശൃംഖലയിൽ അനിശ്ചിതത്വം സൃഷ്ടിച്ചേക്കാം. പാം ഓയിലിന് പകരമായി സൂര്യകാന്തി എണ്ണയോ സോയാബീൻ എണ്ണയോ ഉപയോഗിക്കാമെങ്കിലും അതിന് പരിമിതികളുണ്ട്. റഷ്യ, യുക്രൈൻ എന്നിവിടങ്ങളിൽനിന്നുള്ള സൂര്യകാന്തി എണ്ണയും അർജന്റീന, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള സോയാബീൻ എണ്ണയും കുറഞ്ഞ അളവിൽ മാത്രമേ ഇന്ത്യയിലേക്ക് എത്തുന്നുള്ളൂ. കൂടാതെ, ഇവയ്ക്ക് പാം ഓയിലിനേക്കാൾ വില കൂടുതലാണ്. ഇവയുടെ ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്നതിനൊപ്പം വിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.
ഇന്ത്യയ്ക്ക് മുന്നിൽ സാധ്യതകളും!
ലോകത്തിലെ ഏറ്റവും വലിയ പാചകഎണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. നമുക്ക് ആവശ്യമായ ഭക്ഷ്യ എണ്ണയുടെ 30 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി ഇറക്കുമതി ചെയ്യുകയാണ്. വർധിച്ചുവരുന്ന ജനസംഖ്യയും ഉയർന്ന ഉപയോഗവും ആവശ്യകത വർധിപ്പിക്കുന്നുണ്ടെങ്കിലും കർഷകർ എണ്ണക്കുരു കൃഷിയേക്കാൾ മറ്റ് വിളകൾക്ക് മുൻഗണന നൽകുന്നത് ആഭ്യന്തര ഉത്പാദനത്തെ പിന്നോട്ടടിക്കുന്നു. ഇതിനൊപ്പം ഉത്പാദന മേഖലയിലെ അപര്യാപ്തതയും വെല്ലുവിളിയാണ്. രാജ്യത്തെ ഭൂരിഭാഗം എണ്ണ മില്ലുകളും ചെറുകിട സ്വഭാവമുള്ളതും പഴയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയുമാണ്. ഇവയുടെ ഉത്പാദനശേഷിയുടെ 30 ശതമാനം മാത്രമാണ് നിലവിൽ പ്രയോജനപ്പെടുത്തുന്നത്. അന്താരാഷ്ട്ര സംഘർഷങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ വരവിനെ ബാധിക്കുന്നു. ഇത് കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന പാം ഓയിലിനെ കൂടുതൽ ആശ്രയിക്കാൻ ഇന്ത്യയെ നിർബന്ധിതമാക്കുന്നു.
ഇതിന് മറ്റൊരു വശം കൂടിയുണ്ട്. പാം ഓയിൽ ഇറക്കുമതി കുറയ്ക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിക്കപ്പുറം വലിയൊരു സാമ്പത്തിക-കാർഷിക അവസരംകൂടിയാണ്. ഇറക്കുമതി കുറഞ്ഞാൽ സ്വാഭാവികമായും രാജ്യത്തിനാവശ്യമായ ഭക്ഷ്യ എണ്ണ പ്രാദേശികമായി ഉത്പാദിപ്പിക്കേണ്ടി വരും. ഇത് ആഭ്യന്തരമായി എണ്ണക്കുരുക്കൾ ഉത്പാദിപ്പിക്കാൻ ഇന്ത്യൻ കർഷകർക്ക് പ്രോത്സാഹനമാകും. മികച്ച വില ലഭിക്കുന്നത് വഴി എണ്ണക്കുരു കൃഷി വ്യാപിക്കാനും ദീർഘകാലാടിസ്ഥാനത്തിൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഇന്ത്യയ്ക്ക് അവസരമൊരുക്കും. ഇറക്കുമതി കുറയുമ്പോൾ ആഭ്യന്തര വിപണിയിൽ മറ്റ് എണ്ണകൾക്ക് ഡിമാൻഡ് കൂടിയേക്കാം. കൃഷി മുതൽ അവ സംസ്‌കരിക്കുന്നവർക്കും വിൽപനക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. പാം ഓയിൽ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന വാദമുണ്ട്. ഇറക്കുമതി കുറയുമ്പോൾ ജനങ്ങൾ കൂടുതൽ ഗുണമേന്മയുള്ള ആഭ്യന്തര എണ്ണകളിലേക്ക് മാറാൻ സാധ്യതയുണ്ട്.
എന്നാൽ, പാം ഓയിൽ പോലെ കുറഞ്ഞ വില, കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാനുള്ള കഴിവ് എന്നിവയുള്ള മറ്റൊരു എണ്ണ കണ്ടെത്തുക പ്രയാസകരമാണ്. എങ്കിലും ബദൽ മാർഗ്ഗങ്ങൾ വിപണിയിൽ ശ്രദ്ധ നേടുന്നുണ്ട്. സൂര്യകാന്തി, സോയാബീൻ എണ്ണകൾ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും ബിസ്കറ്റ്, ലഘുഭക്ഷണം തുടങ്ങിയവയുടെ വ്യാവസായിക ഉത്പാദനത്തിൽ പാം ഓയിലിന് പകരമാകാൻ ഇവയ്ക്ക് പരിമിതികളുണ്ട്. അതിനാൽതന്നെ ഇൻഡൊനീഷ്യയുടെ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കുള്ള യാത്ര ഇന്ത്യയ്ക്ക് ചെറുതല്ലാത്ത വെല്ലുവിളി ഉയർത്തിയേക്കും. വരുംമാസങ്ങളിൽ പാം ഓയിൽ വിലയിൽ ഉണ്ടായേക്കാവുന്ന വ്യതിയാനങ്ങൾ നേരിടാൻ ഇന്ത്യ ശക്തമായ വിപണി ഇടപെടലുകൾ നടത്തേണ്ടി വരും. എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ കാർഷിക മേഖലയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പാം ഓയിൽ ഇറക്കുമതി കുറയ്ക്കുന്നത് ഗുണം ചെയ്യുമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
Published: 28 Apr 2026, 04:30 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented