അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കെട്ടഴിച്ചുവിട്ട പകരച്ചുങ്കത്തിന്റെ വേട്ടനായ്ക്കള്‍ ലോകവിപണികളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനിടെ ഇന്ത്യയുടെ വാണിജ്യ, വ്യവസായമന്ത്രി പീയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു. ഇന്ന് ആഗോള സമ്പദ്‌വ്യവസ്ഥ ആടിയുലയുന്നതിന് കാരണം ദശകങ്ങളായി ചൈന തുടര്‍ന്നുവരുന്ന അന്യായമായ വ്യാപാരരീതികളാണെന്നും 2001-ല്‍ ചൈനയ്ക്ക് ലോകവ്യാപാര സംഘടനയില്‍ (WTO) അംഗത്വം ലഭിച്ചത് മുതലാണ് അതാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ, ചൈനയുടെ അഭൂതപൂര്‍വ്വമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നില്‍ അദൃശ്യമായ സബ്‌സിഡികളും ജനാധിപത്യരാജ്യങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത തൊഴിലാളി നിയമങ്ങളും കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ കൊണ്ടുതള്ളി എതിരാളികളെ തകര്‍ക്കുന്നതു പോലുള്ള തന്ത്രങ്ങളുമാണെന്നും അദ്ദേഹം തുറന്നടിച്ചു. ചൈനയുടെ ഇത്തരം നടപടികള്‍ ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെ അസ്ഥിരപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഈ നിര്‍ണായക ഘട്ടത്തില്‍ കേന്ദ്രമന്ത്രിയെ ഈ തുറന്നുപറച്ചിലിന് നിര്‍ബന്ധിതമാക്കിയത് എന്തായിരിക്കാം എന്ന ചോദ്യം അസ്ഥാനത്തല്ല. അതും, അമേരിക്കന്‍ പകരച്ചുങ്കഭീഷണി നേരിടാന്‍ ഒരുമിച്ചു നില്‍ക്കണമെന്നും ഗജ-വ്യാളീ നൃത്തം ലോകപുരോഗതിക്കും സമാധാനത്തിനും ഉത്തമമാണെന്നും ചൈന കഴിഞ്ഞയാഴ്ചയും പ്രസ്താവിച്ചതിനു ശേഷം. ഒരു കാര്യം വ്യക്തമാണ്- ചൈനയുടെ അതിദ്രുത സാമ്പത്തികമുന്നേറ്റത്തിനു പിന്നില്‍ നിയമവിരുദ്ധ നടപടികള്‍ക്ക് വലിയ കൈയുണ്ടായിരുന്നു. ഒരുപക്ഷേ, അമേരിക്കയെ വെറുപ്പിക്കേണ്ട എന്ന് വിചാരിച്ച് ഗോയല്‍ പറയാത്ത കാര്യം ഇതാണ്- ചൈനയുടെ വളര്‍ച്ചയില്‍ അമേരിക്കയാണ് ഏറ്റവും വലിയ പങ്കുവഹിച്ചത്! അവര്‍ മാത്രമല്ല അമേരിക്കയിലെ ബഹുരാഷ്ട്ര കുത്തകകളും അമേരിക്കയില്‍ നിന്നുള്ള ബില്യണ്‍ കണക്കിന് ഡോളര്‍ വിദേശനിക്ഷേപവും വിസ്മയിപ്പിക്കുന്ന വേഗത്തില്‍ വളര്‍ന്നു വലുതാകാന്‍ വ്യാളിക്ക് തുണയായി, ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായി. ഇപ്പോള്‍ അമേരിക്കയെ മുഖത്തുനോക്കി വെല്ലുവിളിക്കാവുന്ന അവസ്ഥയില്‍ അവര്‍ എത്തിയിരിക്കുന്നു.

വ്യാളിക്ക് അങ്കിള്‍ സാമിന്റെ പോഷണം

1990-കളില്‍ ചൈനയെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കണമെന്ന് വാദിച്ചവരില്‍ പ്രധാനി അമേരിക്കയായിരുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പറഞ്ഞത് ചൈന ലോകവ്യാപാര സംഘടനയില്‍ (ഡബ്ലിയു.ടി.ഒ.) അംഗമാകുന്നത് അവിടത്തെ വിപണികള്‍ തുറക്കുന്നതിനും സാമ്പത്തിക ഉദാരീകരണത്തിനും രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കും വഴിവെക്കും എന്നായിരുന്നു. ചൈനയിലെ കുറഞ്ഞ കൂലിയും അയഞ്ഞ നിയമങ്ങളും കാരണം ആകര്‍ഷിക്കപ്പെട്ട അമേരിക്കന്‍ കമ്പനികള്‍ കൂട്ടത്തോടെ ചൈനയിലേക്ക് നിര്‍മാണശാലകളെ മാറ്റി. രണ്ടായിരാമാണ്ട് ആയപ്പോള്‍ ചൈന ലോകത്തെ കളിപ്പാട്ടവിപണിയുടെ 90 ശതമാനം കയ്യടക്കി, പാദരക്ഷാ വ്യവസായത്തിന്റെ 70 ശതമാനവും ഇലക്ട്രോണിക്‌സ് വ്യാപാരത്തിന്റെ മുഖ്യപങ്കും.

വ്യാപാരനയങ്ങള്‍ വഴിയും അമേരിക്ക ചൈനയ്ക്ക് പിന്തുണ നല്‍കി. ചൈനയ്ക്ക് രണ്ടായിരത്തിലേ നോര്‍മല്‍ ട്രേഡ് റിലേഷന്‍സ് സ്റ്റാറ്റസ് (NTRS) അവര്‍ കൊടുത്തു. 1990-നും 2010-നും മധ്യേ ചൈനയിലെ അമേരിക്കന്‍ എഫ്.ഡി.ഐ (നേരിട്ടുള്ള വിദേശനിക്ഷേപം) 50 കോടി ഡോളറില്‍ നിന്നും പ്രതിവര്‍ഷം 6000 കോടി ഡോളറായി വര്‍ദ്ധിച്ചു. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കും ഗുണമുണ്ടായി, വളരെ വിലകുറഞ്ഞ സാധനസാമഗ്രികള്‍ ലഭ്യമായി. പക്ഷേ അത് അമേരിക്കയ്ക്കുണ്ടാക്കിയ നഷ്ടം വളരെ വലുതായിരുന്നു- 1997-നും 2011-നും ഇടയ്ക്ക് അമേരിക്കയില്‍ ഇല്ലാതായത് 24 ലക്ഷം പേരുടെ തൊഴിലാണ്!

2001 ഡിസംബറില്‍ ചൈന ഡബ്ലിയു.ടി.ഒയില്‍ അംഗമായി. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘടന ചൈനയെ സ്വാഗതം ചെയ്തത് അവര്‍ അന്താരാഷ്ട്രനിയമങ്ങള്‍ അനുസരിച്ചുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് പക്ഷേ, ലോകവ്യാപാര സംഘടനയിലെ അംഗത്വം ഉപയോഗിച്ചുകൊണ്ട് എന്തു വില കൊടുത്തും വലിയ സാമ്പത്തിക വളര്‍ച്ച നേടാന്‍ ചൈന തുനിഞ്ഞിറങ്ങി.

ഡബ്ലിയു.ടി.ഒയില്‍ ഒപ്പുവെച്ചതിനുശേഷം ചൈനയുടെ വ്യാപാരമിച്ചം കുത്തനെ ഉയര്‍ന്നു. അവരുടെ കയറ്റുമതി 2001-ല്‍ 266 ബില്യണ്‍ ഡോളറായിരുന്നത് 2023-ല്‍ മൂന്നരലക്ഷം കോടി ഡോളറായി വര്‍ദ്ധിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി 2004-ല്‍ 1.8 ബില്യന്‍ ഡോളര്‍ ആയിരുന്നത് 2014 ആയപ്പോള്‍ 30 ഇരട്ടി വര്‍ദ്ധിച്ച് 43 ബില്യണ്‍ ഡോളറായി. ചൈനയുടെ ഉല്‍പ്പാദനക്ഷമതയുടെ മികവ് മാത്രമല്ല, ഡബ്ലിയു.ടി.ഒ ചട്ടങ്ങളിലെ പഴുതുകള്‍ ചൂഷണം ചെയ്യാനുള്ള രാജ്യത്തിന്റെ ശേഷി കൂടിയാണ് അത് വ്യക്തമാക്കുന്നത്. സുതാര്യമല്ലാത്ത സബ്‌സിഡികളെയും കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ട് തള്ളുന്നതിനെയും (ഡംപിങ്) നിയന്ത്രിക്കാനുള്ള കഴിവ് ഡബ്ലിയു.ടി.ഒയ്ക്കില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

placeholder
ട്രംപ് താരിഫ് നിരക്കുകള്‍ പ്രഖ്യാപിക്കുന്നു | Photo: gettyimages

എതിരാളികളെ തുലയ്ക്കാന്‍ വഴിവിട്ട രീതികള്‍

വ്യാപാരരംഗത്തെ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ അവര്‍ ഉല്‍പ്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വിറ്റു. അദൃശ്യമായ സബ്‌സിഡികള്‍ കൊണ്ട് വ്യവസായങ്ങളെ- ഉരുക്ക്, ഇലക്ട്രോണിക്‌സ് മുതല്‍ മൊബൈല്‍ ഫോണ്‍ വരെ- താങ്ങിനിര്‍ത്തി. ലോകമെമ്പാടുമുള്ള വിപണികളില്‍ വളരെ വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങളെ കൊണ്ടുനിറച്ചു. കുറഞ്ഞ കൂലി, മോശമായ ജോലി സാഹചര്യങ്ങള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ പരിമിതം- ഇതൊക്കെ കാരണം മറ്റു രാജ്യങ്ങള്‍ക്ക് ചൈനയെക്കാള്‍ കുറഞ്ഞ ചെലവില്‍ ഉല്‍പാദനം അസാധ്യമായി. ചൈനയോട് മത്സരിക്കാന്‍ കഴിയാത്ത സാഹചര്യം. അവരോട് മത്സരിക്കുന്ന സമ്പദ് വ്യവസ്ഥകളില്‍ വ്യവസായങ്ങള്‍ ഇല്ലാതായി, ഉത്പാദന നിലവാരം കുത്തനെ ഇടിഞ്ഞു. താങ്ങാനാവാത്ത വ്യാപാരക്കമ്മിയില്‍പ്പെട്ട് രാജ്യങ്ങള്‍ നട്ടം തിരിഞ്ഞു.

വ്യാപാര, വ്യവസായ രംഗങ്ങളില്‍ മുന്നേറ്റത്തിന് വേണ്ടി ചൈന സ്വീകരിച്ച രീതികളും വിമര്‍ശനവിധേയമായി. ഉന്നത സാങ്കേതികവിദ്യാരംഗത്ത് ചൈന പേറ്റന്റുകള്‍ മോഷ്ടിച്ചതായി ആരോപണമുണ്ട്. ചൈനയില്‍ മുതല്‍മുടക്കുന്ന വിദേശസ്ഥാപനങ്ങള്‍ പ്രാദേശിക കമ്പനികളുമായി സംയുക്ത സംരംഭങ്ങള്‍ ഉണ്ടാക്കണം. ചൈനീസ് വിപണിയില്‍ പ്രവേശനം കിട്ടണമെങ്കില്‍ പ്രാദേശിക കമ്പനികളുമായിട്ട് സാങ്കേതികവിദ്യ പങ്കുവെക്കണം എന്നാണ് ചട്ടം. അങ്ങനെ നിര്‍ബന്ധപൂര്‍വ്വം സാങ്കേതികവിദ്യ പിടിച്ചെടുത്തത് റിവേഴ്‌സ് എന്‍ജിനീയറിങ്ങിലൂടെ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ചൈനീസ് സ്ഥാപനങ്ങളെ സഹായിച്ചു. സെമികണ്ടക്ടര്‍ മുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വരെ അവര്‍ ഇങ്ങനെ ഉണ്ടാക്കിയത്രെ.

മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ ചൈന നേടിയ കുതിപ്പ് അല്‍ഭുതവാഹമാണ് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നോക്കിയയും മോട്ടോറോളയും പോലുള്ളവരായിരുന്നു മുന്നില്‍. പക്ഷേ പത്തുവര്‍ഷം കൊണ്ട് വാവേ, ഷവോമി, ഒപ്പോ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ ലോകവിപണി പിടിച്ചെടുത്തു. വളരെ ചെറിയ ചെലവില്‍ ഗംഭീര ഫീച്ചറുകളുള്ള ഫോണുകള്‍ അവര്‍ ലഭ്യമാക്കി. ചൈനീസ് ഗവണ്‍മെന്റ് പിന്തുണയുള്ള സ്ഥാപനങ്ങള്‍ പ്രമുഖ കമ്പനികളുടെ ഡിസൈനുകള്‍ മോഷ്ടിച്ച് അവയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പുതിയ പേറ്റന്റുകളായി രജിസ്റ്റര്‍ ചെയ്യുന്നു. അങ്ങനെയാണ് ചൈനയ്ക്ക് ഇത്തരത്തില്‍ വിലകുറഞ്ഞ സാങ്കേതികവിദ്യ വില്‍ക്കാന്‍ സാധിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. ഇന്നത്തെ ആഗോള സാമ്പത്തികപ്രതിസന്ധിക്ക് ചൈനയെ മാത്രം കുറ്റം പറയുന്നതില്‍ തെറ്റുണ്ട്. അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനാവില്ല. അവരുടെ നയങ്ങളും കോര്‍പ്പറേറ്റുകളുടെ ആര്‍ത്തിയുമാണ് ചൈനയുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടത്. കിട്ടിയ അവസരം ചൈന മുതലെടുത്തു എന്നും പറയാം.

ചൈനീസ് ഭസ്മാസുരനും ട്രംപിന്റെ മന്ത്രവാദവും

ചൈനീസ് ഉത്പന്നഭീഷണിയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ട്രംപിന്റെ പകരച്ചുങ്കം കൊണ്ടുള്ള ഉച്ചാടനത്തിനു കഴിയുമോ എന്നത് കണ്ടറിയേണ്ടതാണ്. പ്രധാനകാരണം, അമേരിക്ക തന്നെ സൃഷ്ടിച്ച ഭസ്മാസുരനാണ് ചൈന എന്നതു തന്നെ. ചൈനീസ് കമ്യൂണിസത്തെ തകര്‍ക്കാന്‍ ഉദാരീകരണത്തിന്റെ മരുന്ന് സൗജന്യമായി നല്‍കുകയായിരുന്നു അമേരിക്ക. പക്ഷേ, ചൈനാസര്‍ക്കാര്‍ നിയന്ത്രിതമായ മുതലാളിത്തം കൊണ്ടുവരികയാണ് ചെയ്തത്. പാശ്ചാത്യമൂലധനം ഉപയോഗിച്ച് അവര്‍ രാജ്യത്തെ ലോകത്തിന്റെ ഉല്‍പ്പാദനശാലയാക്കി മാറ്റി. വളരെ ചുരുങ്ങിയ കാലംകൊണ്ട് അന്നദാതാക്കളെ വെല്ലുവിളിക്കുന്ന, അവരെ മറികടക്കുന്ന നിലയിലേക്ക് ചൈന വളര്‍ന്നു.

ചൈനക്ക് അന്യായമായ രീതികള്‍ ദശകങ്ങളോളം തുടരാനായത് അമേരിക്കയും ഇന്ത്യയുമടങ്ങുന്ന ലോകം കൈകെട്ടി നോക്കി നിന്നതു കൊണ്ടാണ്. താല്‍ക്കാലിക ലാഭത്തിന്റെ പിന്നാലെ പോയ അമേരിക്കന്‍ നയങ്ങളാണ് തീതുപ്പുന്ന ചൈനീസ് വ്യാളിയെ സൃഷ്ടിച്ചത്. ചൈനയുടെ ബൗദ്ധികസ്വത്തു മോഷണം ന്യായീകരിക്കാനാവില്ലെങ്കിലും ചരിത്രത്തില്‍ വേറെയുമുണ്ട് സമാനസംഗതികള്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി കൈവശമാക്കിയിട്ടാണ് അമേരിക്കയിലെ വ്യാവസായിക വിപ്ലവം നടന്നത്!

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ 54 ശതമാനം പകരച്ചുങ്കമാണ് ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന സമാനമായി ഇറക്കുമതിത്തീരുവ വര്‍ദ്ധിപ്പിച്ചാല്‍ പകരച്ചുങ്കം 94 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. അതായത്, ചൈനയോടുള്ള സമീപനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ല എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയാണ്. 2023-ല്‍ അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ചൈനയുടെ വ്യാപാരമിച്ചം 375 ബില്യണ്‍ ഡോളറായിരുന്നു. ട്രംപിന്റെ പകരച്ചുങ്കം തീര്‍ച്ചയായും ചൈനീസ് ആഭ്യന്തര വിപണിയെയും ഉല്‍പാദന വ്യവസായത്തെയും വിതരണശൃംഖലയെയും ഗണ്യമായി ബാധിക്കും. പക്ഷേ, ഇത്തരമൊരു സാഹചര്യം മുന്‍കൂട്ടിക്കണ്ടാണ് അവര്‍ ആഭ്യന്തര ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത്, ബെല്‍റ്റ്-റോഡ് പദ്ധതി പോലുള്ള വമ്പന്‍ അടിസ്ഥാനസൗകര്യ വികസനപദ്ധതികളില്‍ മുതല്‍ മുടക്കുന്നത്. അവര്‍ക്കറിയാം, പകരച്ചുങ്കപ്പോരാട്ടം കൈവിട്ടു പോയാല്‍ അമേരിക്കയടക്കമുള്ള ലോകം ആഗോളമാന്ദ്യത്തിലേക്ക് പതിക്കുമെന്ന്. അതായത്, നിലംപൊത്തുന്നത് ചൈന മാത്രമാവില്ല!

placeholder
പിയൂഷ് ഗോയല്‍ | Photo: PTI

ചൈനീസ് ഉല്‍പ്പന്നപ്രളയം തടയാന്‍ കരുതലോടെ ഇന്ത്യ

ഇന്ത്യയെ സംബന്ധിച്ച് ട്രംപിന്റെ തീരുവച്ചൂതാട്ടം ഒരേസമയം നല്ലതും ചീത്തയുമാണ്. ചൈന ക്ഷീണിക്കുന്നത് ഇന്ത്യന്‍ വിപണികളിലുള്ള സമ്മര്‍ദ്ദം കുറയ്ക്കും. പക്ഷേ വ്യാപാരയുദ്ധം പരിധി വിട്ടാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ താറുമാറാകും. മാത്രമല്ല, തങ്ങളുടെ ഏറ്റവും വലിയ വിപണിയായ അമേരിക്ക നഷ്ടമായാല്‍ വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കുന്നുകൂടാന്‍ സാധ്യതയുണ്ട്. അത് മുന്നില്‍ കണ്ട് ഇന്ത്യ വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഡംപിങ് തടയാനും നിരീക്ഷിക്കാനുമായി മന്ത്രിതലസമിതി രൂപീകരിച്ചിട്ടുണ്ട്.

2014-ല്‍ തന്നെ നിലവാരം കുറഞ്ഞ ഉല്‍പ്പന്ന ഇറക്കുമതി നിയന്ത്രിക്കാന്‍ നൂറോളം ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍ ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്, അവ മിക്കതും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് എതിരെയായിരുന്നു. അതുപോലെ, ഇന്ത്യയിലെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പാദനബന്ധിത പ്രോത്സാഹന (പി.എല്‍.ഐ) പദ്ധതിക്കായി ഏതാണ്ട് രണ്ടുലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. എങ്കിലും ചൈനയുമായുള്ള വ്യാപാരക്കമ്മി -ഏതാണ്ട് 70 ബില്ല്യന്‍ ഡോളറിനും നൂറു ബില്ല്യന്‍ ഡോളറിനും ഇടയില്‍- വലിയ പ്രശ്‌നമായി തുടരുകയാണ്. മെഷീനറിയും രാസവസ്തുക്കളും പോലുള്ള സാധനങ്ങളാണ് കൂടുതലും ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ ഉല്‍പ്പാദന വ്യവസായത്തിന് ചൈനീസ് ഘടകഭാഗങ്ങള്‍ അത്യാവശ്യമാണ് എന്നതും ശ്രദ്ധിക്കണം.

ചൈനീസ് ഭീഷണി തരണം ചെയ്യാന്‍ ആഭ്യന്തരവിപണിയെയും ഉല്‍പ്പാദകരെയും സംരക്ഷിച്ചാല്‍ മാത്രം പോര. പുതിയ സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും കണ്ടെത്താനുള്ള ഗവേഷണങ്ങളുമുണ്ടാവണം. അതിന് ഗവേഷണ, വികസനമേഖലകളില്‍ കാര്യമായി മുതല്‍ മുടക്കണം. ചൈനയുടെ വളര്‍ച്ചയ്ക്ക് പ്രധാനകാരണം ഈ മേഖലകളിലെ ഉദാരമായ സര്‍ക്കാര്‍ ഫണ്ടിംഗാണ്. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ചൈനയെ അപേക്ഷിച്ച് പിന്നിലാണെന്ന് പറഞ്ഞ് മന്ത്രി ഗോയല്‍ പുലിവാല്‍ പിടിച്ചിരുന്നു. വിപണി പിടിക്കാന്‍ ചൈന ചെയ്തുപോന്ന അന്യായമായ രീതികള്‍ ആവര്‍ത്തിക്കാതെ അവര്‍ ചെയ്ത ശരിയായ നടപടികള്‍ പിന്തുടരണം. ന്യായത്തിനും നീതിക്കും മൂല്യം കൊടുക്കുന്ന ഒരു അന്താരാഷ്ട്ര വ്യാപാരസംവിധാനത്തെ സൃഷ്ടിക്കുകയും അത് ദുരുപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഒരുരാജ്യത്തിന് ഒറ്റയ്ക്ക് പരിഹരിക്കാന്‍ കഴിയുന്ന കാര്യമല്ല ഇത്. എങ്കിലും ഇന്ത്യയ്ക്ക് ഒരു ശ്രമം തുടങ്ങിവെക്കാവുന്നതാണ്.