സംഘര്‍ഷഭരിതമാണ് ഇന്ത്യയുടെ അയല്‍പക്കം. പാകിസ്താനും ബംഗ്ലാദേശും നേപ്പാളുമൊക്കെ ഇളകിമറിയുകയാണ്. പാകിസ്താന്‍, ചൈന അതിര്‍ത്തികളില്‍ ജാഗ്രത തെല്ലും കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ആകാശത്തെ മികവിനെ ആശ്രയിച്ചാണ് ആധുനികയുദ്ധങ്ങളെന്ന് ഓപ്പറേഷന്‍ സിന്ദൂറും യുക്രൈന്‍ യുദ്ധവും കാട്ടിത്തരുന്നു. പക്ഷേ, വേണ്ടത്ര പോര്‍വിമാനങ്ങള്‍ ഇല്ലാതെ കുഴങ്ങുകയാണ് ഇന്ത്യയുടെ വ്യോമസേന. ദിവസങ്ങള്‍ക്കകം രണ്ടു മിഗ്- 21 സ്‌ക്വാഡ്രണുകള്‍ കൂടി സര്‍വീസില്‍ നിന്നും പിന്‍വലിക്കാനിരിക്കെ ഇന്ത്യന്‍ പോര്‍വിമാനപ്പടയുടെ വലിപ്പം 29 സ്‌ക്വാഡ്രണുകളായി ചുരുങ്ങും. വിശ്വസനീയമായ വ്യോമപ്രതിരോധത്തിനും ആക്രമണത്തിനും രാജ്യത്തിന് 42 സ്‌ക്വാഡ്രണുകള്‍ വേണമെന്നാണ് കണക്ക്. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടെ രാജ്യത്തെ പോര്‍വിമാനപ്പട എണ്ണത്തില്‍ ഇത്രയും കുറയുന്നത് ആദ്യമാണ്.

To advertise here,

ഇത് മുന്നില്‍ക്കണ്ടാണ് ഇന്ത്യന്‍ വ്യോമസേന 114 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പിടാന്‍ പ്രതിരോധ മന്ത്രാലയത്തിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്. രണ്ടുലക്ഷത്തി പതിനയ്യായിരം കോടിയിലധികം രൂപയാണ് (24.5 ബില്യണ്‍ ഡോളര്‍) പ്രതീക്ഷിക്കുന്ന ചെലവ്.. നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ ഇടപാടാകും അത്. വൈകാതെ കേന്ദ്ര പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് ബോര്‍ഡ് ഈ നിര്‍ദേശം പരിശോധിക്കുമെന്ന് അറിയുന്നു. അനുമതി കിട്ടിയാല്‍ ഇന്ത്യയിലെ റഫാല്‍ വിമാനങ്ങളുടെ എണ്ണം 176 ആകും. ഇതിനകം തന്നെ 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്നുണ്ട്, നാവികസേന 26 എണ്ണം വാങ്ങാന്‍ ഓര്‍ഡര്‍ കൊടുത്തിട്ടുമുണ്ട്.

റഫാല്‍ പോര്‍വിമാനങ്ങളുടെ മികവ് ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യക്തമായിരുന്നു. അതിലെ അത്യാധുനിക ഏവിയോണിക്സും ആയുധ സംവിധാനങ്ങളും സേനാ വിദഗ്ധരെ വിസ്മയിപ്പിച്ചു. റഫാലിന്റെ അസാമാന്യമായശേഷികള്‍ വ്യോമയുദ്ധത്തില്‍ തന്ത്രപരമായ മുന്‍തൂക്കം നല്‍കുന്നവയാണെന്ന് അതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. പക്ഷേ, റഫാലിനെക്കാള്‍ കുറഞ്ഞ ചെലവില്‍ നമുക്ക് പൂര്‍ണസ്വാതന്ത്ര്യമുള്ള, കൂടുതല്‍ കാര്യക്ഷമവും മാരകവുമായ വിമാനം ഇന്ത്യയില്‍ ഉണ്ടാക്കാമെന്നിരിക്കെ ഇത്രയും വലിയ തുക മുടക്കി വിദേശവിമാനം വാങ്ങേണ്ട കാര്യമുണ്ടോയെന്ന് ചോദിക്കുന്നു, ഒരു വിഭാഗം വിദഗ്ധര്‍. റഫാലിനു പകരമായി തേജസ് എംകെ രണ്ട് വിമാനത്തെയാണ് അവര്‍ എടുത്തുകാട്ടുന്നത്. ഈ പോര്‍വിമാനം സജ്ജമാവുമ്പോള്‍ അത് ആയുധവിപണിയെത്തന്നെ മാറ്റിമറിക്കുമെന്ന് അവര്‍ പറയുന്നു.

സോഴ്സ്‌കോഡും റഫാലും എഫ് 414-ഉം സാഫ്രാനും

ഓപ്പറേഷന്‍ സിന്ദൂരില്‍ റഫാല്‍ വലിയ വിജയമായിരുന്നെങ്കിലും വിമാനത്തിന്റെ സോഴ്സ്‌കോഡ് കൈമാറാന്‍ നിര്‍മാതാക്കളായ ഡെസോള്‍ട്ട് ഏവിയേഷന്‍ വിസമ്മതിച്ചത് വ്യോമസേനയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാതിരിക്കാന്‍ ബൗദ്ധിക സ്വത്തവകാശവും കയറ്റുമതി നിയന്ത്രണ ചട്ടങ്ങളും പോലുള്ള ന്യായങ്ങള്‍ ഫ്രഞ്ച് കമ്പനി നിരത്തി. അത് സ്വാഭാവികവുമാണ്. കോടിക്കണക്കിന് ഡോളറും വര്‍ഷങ്ങളുടെ അധ്വാനവും ചെലവിട്ട് കരസ്ഥമാക്കുന്ന സാങ്കേതികവിദ്യ ഒരു സുപ്രഭാതത്തില്‍ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കുന്നത് ആര്‍ക്കും അത്രയ്ക്ക് സന്തോഷകരമാവില്ല. പക്ഷേ, സോഴ്സ്‌കോഡ് ഉണ്ടെങ്കില്‍ മാത്രമേ വിമാനത്തില്‍ നമ്മുടേതായ ചില സാങ്കേതിക സംവിധാനങ്ങള്‍ ഘടിപ്പിക്കാനും മാറ്റങ്ങള്‍ വരുത്താനും സാധിക്കൂ എന്നതാണ് പ്രശ്നം.

മിക്കവാറുമുള്ള പാശ്ചാത്യരാജ്യങ്ങള്‍ സോഴ്സ്‌കോഡ് കൈമാറ്റം ചെയ്യാന്‍ തയ്യാറാവില്ല. പക്ഷേ, തങ്ങളുടെ അഞ്ചാം തലമുറ അദൃശ്യ പോര്‍വിമാനമായ സു 57- വിന്റെ (എസ്യു 57) സാങ്കേതികവിദ്യ പൂര്‍ണമായി കൈമാറാനും ഇന്ത്യയില്‍ സംയുക്തമായി നിര്‍മിക്കാനും തയ്യാറായി റഷ്യ മുന്നോട്ടുവന്നിട്ടുണ്ട്. ഉത്പാദനത്തിനായി ഇന്ത്യയിലെ നാസിക്കിലെ നിര്‍മാണശാലയും അവര്‍ കണ്ടുവച്ചിരിക്കുന്നു. ദീര്‍ഘകാലമായി ഇന്ത്യയുമായുള്ള സൗഹൃദം മാത്രമല്ല ഈ വാഗ്ദാനത്തിനു പിന്നില്‍, മൂന്നര വര്‍ഷമായി തുടരുന്ന യുക്രൈന്‍ യുദ്ധമുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയും കാരണമാണ്.

തേജസ് എംകെ രണ്ടില്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സാധ്യത അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് (ജിഇ) കമ്പനിയുടെ എഫ് 414 എന്‍ജിനാണ്. 98 കിലോ ന്യൂട്ടന്‍ കരുത്തുള്ള ഈ എഞ്ചിന്‍ ഉദ്ദേശിച്ചാണത്രെ എംകെ രണ്ട് നിര്‍മിച്ചിട്ടുള്ളത്. എഞ്ചിന്‍ മാറുകയാണെങ്കില്‍ വിമാനം ആകെ അഴിച്ചു പണിയുകയോ, പുതിയൊരു വിമാനം രൂപകല്‍പ്പന ചെയ്യുകയോ വേണ്ടിവരും. അത് വലിയ കാലതാമസത്തിനിടയാക്കും. എഫ് 414 എഞ്ചിന്റെ 80 ശതമാനം സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാനും ഇന്ത്യയില്‍ നിര്‍മിക്കാനുമുള്ള ധാരണാപത്രത്തില്‍ 2023-ലാണ് ജിഇ കമ്പനി ഒപ്പുവച്ചത്, ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത്.

പക്ഷേ, തേജസ് എംകെ ഒന്നിന് വേണ്ട എഫ് 404 എഞ്ചിനുകള്‍ കൈമാറുന്നതില്‍ വലിയ കാലതാമസമുണ്ടായത് ഇന്ത്യയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. 2021-ല്‍ ഒപ്പുവെച്ച 48,000 കോടി രൂപയുടെ കരാര്‍ 83 എഞ്ചിനുകള്‍ക്കായിരുന്നു. ഇതിനകം മൂന്നു എഞ്ചിനുകളേ ഇന്ത്യയിലെത്തിയിട്ടുള്ളൂ. ആദ്യത്തേത് എത്തിയത് കഴിഞ്ഞ ജൂലായിലാണ്-രണ്ടു വര്‍ഷത്തെ കാലതാമസം. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങളും സര്‍ട്ടിഫിക്കേഷന്‍ പ്രശ്നങ്ങളുമൊക്കെ കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നു. എന്തായാലും ജിഇയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കരാറായാല്‍ 2029-ല്‍ ഉല്‍പ്പാദനം ആരംഭിക്കാനാകും. പക്ഷേ, നിലവിലെ രാഷ്ട്രീയ സാഹചര്യം ഉടനെ കരാറുണ്ടാകുന്നതിന് സഹായകമല്ല. ഇന്ത്യയ്ക്കെതിരെ പിഴത്തീരുവ ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടം പാകിസ്താനുമായി കൂടുതല്‍ അടുക്കുകയാണ്.

എഫ് 414 ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകാത്തതിനാല്‍ ഇന്ത്യ ഫ്രാന്‍സിലെ സാഫ്രാന്‍ എസ്എ കമ്പനിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 100-125 കിലോന്യൂട്ടന്‍ വരെ കരുത്തുള്ള പോര്‍വിമാന എഞ്ചിന്‍ നിര്‍മിക്കാനാണ് ഇന്ത്യന്‍ അധികൃതര്‍ സാഫ്രാനുമായി സംസാരിക്കുന്നത്. അവ ഇന്ത്യയില്‍ സംയുക്തമായി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. സാങ്കേതികവിദ്യ പൂര്‍ണമായും കൈമാറാന്‍ സാഫ്രാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എഫ് 414-ന്റെ കാര്യത്തിലെന്ന പോലെ, ഇന്ത്യയുടെ അഞ്ചാം തലമുറ പോര്‍വിമാനമായ ആംകയുടെ (അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ്, AMCA) എഞ്ചിന്‍ നിര്‍മാണത്തിനും ഇത് ഉപയോഗിക്കാനാവും.

എന്തുകൊണ്ട് തോജസ് എംകെ രണ്ട്?

നിര്‍മ്മാണച്ചെലവ് നോക്കിയാലും സാങ്കേതികമായ മുന്‍തൂക്കം നോക്കിയാലും റഫാലിനെക്കാള്‍ വളരെ മുന്നിലാണ് തേജസ് എംകെ രണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ ഓരോ റഫാലിനും 15 കോടി ഡോളര്‍ (ഏതാണ്ട് 1,320 കോടി രൂപ) വില വരും. ഒരു തേജസ് എംകെ രണ്ടിന് എട്ടുകോടി ഡോളറിന് താഴെ മാത്രമേ വില വരൂ. അതായത് ഒരു റഫാല്‍ വാങ്ങുന്ന വിലയ്ക്ക് തേജസ് എംകെ ടു രണ്ടെണ്ണം വാങ്ങാം. 114 റഫാലിനു വേണ്ടി വരുന്ന രണ്ട് ലക്ഷത്തി പതിനയ്യായിരം കോടി രൂപ ഉണ്ടെങ്കില്‍ ഇന്ത്യയ്ക്ക് 250 തേജസ് എംകെ രണ്ട് വിമാനങ്ങള്‍ വാങ്ങാനാവും. ആറ് സ്‌ക്വാഡ്രണ്‍ റഫാലോ, 12- 13 തേജസ് എംകെ രണ്ട് സ്‌ക്വാഡ്രണോ- ഏതാണ് വലുതും നല്ലതുമെന്ന ചോദ്യമുയരുന്നു.

 

തേജസ് എംകെ രണ്ട് മറ്റൊരു വിദേശ വിമാനത്തിനും കഴിയാത്ത ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് നല്‍കുന്നു. പോര്‍വിമാനത്തില്‍ പരിപൂര്‍ണമായ നിയന്ത്രണം കിട്ടും, മോഡിഫിക്കേഷന്‍ വരുത്താന്‍ നിര്‍മാതാവിന്റെ അനുമതി വേണ്ട. അതിനാല്‍ ഇന്ത്യന്‍ ആയുധസംവിധാനങ്ങളെ ഈ പ്ലാറ്റ്ഫോമില്‍ അനായാസം ഇണക്കി ചേര്‍ക്കാനാകും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര എംകെ രണ്ട്, മൂന്ന് എന്നിവ പോലുള്ള ദൃശ്യപരിധിക്ക് പുറത്തുള്ള ആയുധങ്ങള്‍, ബ്രഹ്‌മോസ് എന്‍ജി തുടങ്ങിയവ വിദേശികളുടെ അംഗീകാരമോ അധികച്ചിലവുകളോ ഇല്ലാതെ വിമാനത്തില്‍ ഘടിപ്പിക്കാന്‍ സാധിക്കും. അതിന്റെ മെയിന്റനന്‍സ്, സ്പെയര്‍ പാര്‍ട്ട് വാങ്ങല്‍, അപ്ഗ്രേഡുകള്‍ തുടങ്ങിയവയെല്ലാം ഇന്ത്യക്കുള്ളില്‍ തന്നെ നടത്താന്‍ കഴിയും.

ഈ തേജസ് വിമാനത്തിന്റെ ഏറ്റവും വലിയ മേന്മ റഡാര്‍ സാങ്കേതികവിദ്യയിലാണ്. അതില്‍ ഇന്ത്യന്‍നിര്‍മ്മിതമായ ഉത്തം എഇഎസ്എ (ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ഡ് അറേ- പോര്‍വിമാനങ്ങളിലും പടക്കപ്പലുകളിലും നിരീക്ഷണസംവിധാനങ്ങളിലും ഉപയോഗിക്കുന്ന അത്യാധുനിക റഡാര്‍ സംവിധാനം) ഘടിപ്പിച്ചിട്ടുണ്ട്. ഗാലിയം നൈട്രൈഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ റഡാര്‍ വികസിപ്പിച്ചത് ഡിആര്‍ഡിഒ ആണ്. റഫാലിലെ റഡാര്‍ പഴയകാലത്തെ ഗാലിയം ആര്‍സെനൈറ്റ് ടെക്നോളജി ആണ് ഉപയോഗിക്കുന്നത്. ഉത്തം റഡാര്‍ ഉപയോഗിക്കുന്ന എംകെ രണ്ടിന് കൂടുതല്‍ ഊര്‍ജ്ജക്ഷമത ഉണ്ടാകും, 200 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന എതിരാളി പോര്‍വിമാനങ്ങളെ തിരിച്ചറിയാനാകും, നിലവിലുള്ള റഡാര്‍ സിസ്റ്റത്തെക്കാള്‍ ഫലപ്രദമായി ഇലക്ട്രോണിക് ജാമിങ്ങിനെ ചെറുക്കാനുമാകും. എം.കെ രണ്ടിന് 2026-ല്‍ പറക്കാനാകും, പക്ഷേ, സമാനമായ ടെക്നോളജിയുമായി സര്‍വീസില്‍ പ്രവേശിക്കാന്‍ 2033-ല്‍ മാത്രമേ റഫാലിനാവൂ.

മുമ്പ് റഫാലിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതത്വവും കാലതാമസവും തേജസ് എംകെ രണ്ടിന്റെ കാര്യത്തില്‍ ഉണ്ടാവില്ലെന്ന് കരുതാം. 2007-ല്‍ 42,000 കോടി രൂപ ചിലവില്‍ 126 പോര്‍വിമാനങ്ങള്‍ വാങ്ങാനായിരുന്നു പ്രൊപ്പോസല്‍. വര്‍ഷങ്ങള്‍ നീണ്ട വിലയിരുത്തലിനും വിലപേശലിനും ശേഷം റഫാലാണ് തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ, വിലത്തര്‍ക്കവും മറ്റും കാരണം കരാര്‍ നീണ്ടുപോയി. ഒടുവില്‍ 2016-ലാണ് 36 റഫാലുകള്‍ 7.87 ബില്യന്‍ ഡോളറിന് വാങ്ങാന്‍ കരാറായത്. ഒടുവില്‍ ആ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത് 2020-നും 22-നും ഇടയ്ക്കും.