
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതിക്കാരാണ് ഇന്ത്യ. പ്രതിരോധ സേനകള്‍ക്ക് ആവശ്യമായ യുദ്ധവിമാനങ്ങള്‍, ആധുനിക സംവിധാനങ്ങള്‍ അങ്ങനെ പലതും ഇപ്പോഴും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അടുത്തകാലം വരെ ഇന്ത്യന്‍ സേനകളുടെ ആവശ്യങ്ങള്‍ക്കായുള്ള ഇറക്കുമതിക്ക് സോവിയറ്റ് യൂണിയനെയും പിന്നീട് റഷ്യയെയുമാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. പ്രതിസന്ധികാലത്ത് ഇന്ത്യയ്‌ക്കൊപ്പം നിലകൊണ്ട ചരിത്രമുള്ള സോവിയറ്റ് യൂണിയനുമായി പതിറ്റാണ്ടുകള്‍ നീണ്ട തന്ത്രപരമായ സൗഹൃദമാണ് ഇന്ത്യ പുലര്‍ത്തിയിരുന്നത്. എന്നാല്‍, കുറച്ചുകാലമായി സൈനിക സാങ്കേതിക വിദ്യകള്‍ക്കായി റഷ്യയെ അമിതമായി ആശ്രയിക്കുന്ന പരിപാടി ഇന്ത്യ കുറച്ചുകൊണ്ടുവരികയാണ്. റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് കുറഞ്ഞപ്പോള്‍ അതിന്റെ പ്രയോജനം നേടിയതാകട്ടെ റഷ്യയുടെ വൈരികളായ പാശ്ചാത്യരാജ്യങ്ങളും. ഇന്ത്യയുടെ വിദേശനയവും പ്രതിരോധനയവും റഷ്യയെ കേന്ദ്രീകരിച്ച് രൂപപ്പെട്ടിരുന്നതില്‍നിന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ഇത് വളരെ പെട്ടെന്ന് നടന്ന ഒന്നല്ല. കാലങ്ങളായി ഇന്ത്യ പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് അതിന് വേഗം വര്‍ധിച്ചുവെന്ന് മാത്രം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
2009-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതിയുടെ സിംഹഭാഗവും റഷ്യയില്‍ നിന്നായിരുന്നു. ഏതാണ്ട് 75 ശതമാനം. എന്നാല്‍ 2024-ലെ വിവരങ്ങള്‍ പ്രകാരം അത് 36 ശതമാനമായി കുറഞ്ഞു. കുത്തനെയുള്ള ഈ ഇടിവിന് കാരണം ഭരണതലത്തിലെ മാറ്റംകൂടിയാണ്. മോദി സര്‍ക്കാരിന് സൈനിക സാങ്കേതികവിദ്യ റഷ്യയില്‍നിന്ന് വാങ്ങുന്നതിനേക്കാള്‍ താത്പര്യം അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വാങ്ങുന്നതിനോടാണ്.
ഇന്ത്യയുടെ അമേരിക്കന്‍ പ്രേമം
നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യ- റഷ്യ ബന്ധത്തില്‍ ഉലച്ചില്‍ വന്നില്ലെന്ന് മാത്രമല്ല അത് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു എന്നതാണ് വാസ്തവം. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ പാശ്ചാത്യ ഉപരോധങ്ങള്‍ ഉണ്ടായപ്പോഴും അവരില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങി അവരെ സാമ്പത്തികമായി സഹായിച്ച രാജ്യമാണ് ഇന്ത്യ. അതിനുമുമ്പ് അമേരിക്കന്‍ എതിര്‍പ്പ് മറികടന്ന് എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. (യുക്രൈനുമായി യുദ്ധം തുടരുന്നതിനാല്‍ വാങ്ങിയതില്‍ രണ്ട് യൂണിറ്റുകള്‍ ഇതുവരെ ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല) ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് ഈ പ്രതിരോധ ഇടപാടില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
റഷ്യയുമായി ഇത്തരമൊരു തന്ത്രപരമായ ബന്ധം നിലനിര്‍ത്തുമ്പോഴും പതിയെ സൈനിക സാങ്കേതികവിദ്യകള്‍ അമേരിക്കയില്‍ നിന്നുള്‍പ്പെടെ വാങ്ങുന്നതില്‍ വര്‍ധനവുണ്ടായി. ഒരേസമയം രണ്ട് ബന്ധവൈരികളുമായുള്ള തന്ത്രപരമായ ബന്ധം ഇന്ത്യ നിലനിര്‍ത്തി കൊണ്ടുപോകുന്നുണ്ട്. റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിക്കൊണ്ടിരിക്കെ തന്നെ അമേരിക്കന്‍ പ്രതിരോധ സാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ സാവധാനം കടന്നുചെല്ലുകയും ചെയ്തു. സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ( STOCKHOLM INTERNATIONAL PEACE RESEARCH INSTITUTE- SIPRI) കണക്കുകള്‍ പ്രകാരം ഇന്ത്യ ആയുധങ്ങള്‍ കൂടുതലായി പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വാങ്ങുകയും പലതും സ്വന്തമായി നിര്‍മിക്കുകയും ചെയ്യുന്നു. ഇതിനും ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ബന്ധമുണ്ട്. ഈ മാറ്റത്തിന്റെ വേഗം വര്‍ധിച്ചത് നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യയുടെ ഈ മാറ്റം അമേരിക്കന്‍ പ്രതിരോധ കമ്പനികള്‍ക്ക് ഗുണം ചെയ്‌തെന്നത് മാത്രമല്ല; ഇന്ത്യ- അമേരിക്ക ബന്ധം പൂര്‍വാധികം ശക്തിയായി വളര്‍ത്തുന്നതിനുമിടയാക്കി. ഒരുകാലത്ത് ഇന്ത്യയുടെ വിശ്വസ്ത സൈനിക പങ്കാളിയായിരുന്ന റഷ്യയില്‍നിന്ന് കുറഞ്ഞവിലയ്ക്ക് ഇന്ത്യ ആയുധങ്ങള്‍ വാങ്ങിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയും നാവികസേനയുമാണ് ഈ ബന്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്. ഇരുരാജ്യങ്ങളും സംയുക്തമായി റഷ്യന്‍ സാങ്കേതിക വിദ്യയിലുള്ള റഷ്യന്‍ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇന്ത്യയില്‍ നിര്‍മിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഒരേ കേന്ദ്രത്തിനെ തന്നെ കൂടുതലായി ആശ്രയിക്കുന്നതില്‍നിന്ന് ഇന്ത്യ പിന്മാറുകയാണ്. ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ അമിതമായി ആശ്രയിച്ചിരുന്ന രീതി ഉടച്ചുവാര്‍ക്കുകയും അതിന് വിവിധ കേന്ദ്രങ്ങളെ ഒരേസമയം ഉപയോഗപ്പെടുത്തുകയും ചെയ്തതിന് സമാനമായ രീതിയിലേക്കാണ് ഇന്ത്യയുടെ പ്രതിരോധനയവും പോകുന്നത്.
പാശ്ചാത്യ പ്രതിരോധ സാങ്കേതികവിദ്യകള്‍ക്ക് ബദലായാണ് ഇന്ത്യ സോവിയറ്റ്- റഷ്യന്‍ സാങ്കേതികവിദ്യകളുടെ പിറകെ പോയിരുന്നത്. മുന്‍കാലങ്ങളില്‍ അമിതവിലയുള്ള പാശ്ചാത്യ ആയുധങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് സാമ്പത്തിക പരിമിതികളുണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാകില്ല. അന്ന് സോവിയറ്റ്-റഷ്യന്‍ സാങ്കേതികവിദ്യ വാങ്ങിയതിനെ തെറ്റുപറയാനുമാകില്ല. കാലം മാറുകയാണ്. ഇന്ത്യയുടെ ശരികളും താത്പര്യങ്ങളും ആഗോള സമീപനവുമൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ഇന്ത്യയുടെ നയങ്ങളും തന്ത്രങ്ങളും മാറിമറിയും. വിലകുറഞ്ഞ റഷ്യന്‍ ആയുധങ്ങള്‍ വാങ്ങിയെങ്കിലും പിന്നീട് ഇന്ത്യയെ കാത്തിരുന്നത് ഇവയുടെ തുടര്‍ച്ചയായുള്ള അറ്റകുറ്റപ്പണികളാണ്. ഇതിനാകട്ടെ പലപ്പോഴായി വലിയ തുക ചെലവഴിക്കേണ്ടി വരികയു ചെയ്തു. റഷ്യന്‍ സാങ്കേതികവിദ്യയുടെ പ്രധാന പ്രശ്‌നം ഇത്തരം ആവര്‍ത്തന ചെലവുകളാണ്. ഇത് ദീര്‍ഘകാലത്തേക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നു. എന്നാല്‍, മറുവശത്ത് അമേരിക്കന്‍ സാങ്കേതികവിദ്യയ്ക്ക് അത്തരം പ്രശ്‌നങ്ങള്‍ കുറവാണെന്നതാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയുടെ നയമാറ്റത്തിന് അതും കാരണമായിരിക്കാം. എന്നാല്‍, അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങുന്നതിന് അവര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ പലപ്പോഴും വെല്ലുവിളിയാകുന്നുമുണ്ട്.
ഇന്ത്യ ആയുധങ്ങള്‍ക്കായി പടിഞ്ഞാറേക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നാണ്. ഇന്ത്യയുടെ പക്കലുള്ള ആയുധങ്ങള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭിക്കുന്നതില്‍ തടസം നേരിട്ടു. എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശേഷിക്കുന്ന യൂണിറ്റുകളുടെ വിതരണത്തില്‍ കാലതാമസം വര്‍ധിക്കുകയും ചെയ്തു. നാവികസേനയ്ക്ക് വേണ്ടിയുള്ള യുദ്ധക്കപ്പല്‍ നിര്‍മാണത്തിലും കാലതാമസം നേരിട്ടു. ഇങ്ങനെ നിരവധി പ്രതിസന്ധികള്‍ വന്നതോടെയാണ് പാശ്ചാത്യ ആയുധങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. നേരത്തെ തന്നയുണ്ടായിരുന്ന തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പായി തുടങ്ങിയെന്ന് മാത്രം. ഇതിനൊപ്പം ചൈനീസ്- റഷ്യന്‍ സഹകരണം പ്രതിരോധരംഗത്ത് കൂടുതല്‍ വന്നതും റഷ്യന്‍ ആയുധങ്ങളില്‍ ചൈനീസ് സാങ്കേതിക സംവിധാനങ്ങള്‍ വരുന്നതും ഇന്ത്യയെ ആശങ്കപ്പെടുത്തി. ചില റഷ്യന്‍ ആയുധങ്ങളില്‍ ചൈനീസ് ഇലക്ട്രോണിക് ഘടകങ്ങള്‍ അവര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചൈനയുമായുള്ള ബന്ധം സൗഹൃദപരമല്ലാത്തതിനാല്‍ ഇന്ത്യ അതിനെ അപകടമായിട്ടാണ് വിലയിരുത്തിയത്. ഇത്തരം നിരവധി കാരണങ്ങള്‍ ആയുധ സാങ്കേതിക വിദ്യകള്‍ക്കായി പടിഞ്ഞാറേക്ക് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കി.
ഇന്ത്യ- അമേരിക്കന്‍ ബന്ധം
2018 മുതല്‍ അമേരിക്കയുമായി ഇന്ത്യ നടത്തിയിട്ടുള്ളത് 20 ബില്യണ്‍ ഡോളര്‍ (1.7 ലക്ഷം കോടി രൂപ)യുടെ ഇടപാടുകളാണ്. ഇതില്‍ 31 പ്രിഡേറ്റഡര്‍ ഡ്രോണ്‍ ഇടപാടും ഉള്‍പ്പെടും. ഇതിനൊപ്പം ഇന്ത്യന്‍ പൊതുമേഖല സ്ഥാപനമായ എച്ച്.എ.എല്ലും അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കും അടുത്ത തലമുറ ലഘുയുദ്ധവിമാനങ്ങള്‍ക്കുള്ള എന്‍ജിന്‍ സംയുക്തമായി വികസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2024-ലെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. നിലവില്‍ ഇന്ത്യന്‍ നിര്‍മിത തേജസ് വിമാനത്തിന് എന്‍ജിന്‍ നല്‍കുന്നത് ജനറല്‍ ഇലക്ട്രിക്കാണ്. നിലവില്‍ ഈ എന്‍ജിന്‍ വിതരണത്തില്‍ കാലതാമസം നേരിടുന്നുണ്ട്. തേജസ് എംകെ-2 വരുന്നതോടെ അതിനുതകുന്ന എന്‍ജിന്‍ പുതിയതാകണമെന്നതാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യ- ചൈന ബന്ധം യുദ്ധത്തിന്റെ വക്കിലെത്തിനിന്ന സമയത്ത് ഇന്ത്യയ്ക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ കരസേനയുടെ ഏറ്റവും വലിയ പ്രതിസന്ധി ചൈനയുമായുള്ള സംഘര്‍ഷമേഖലകളില്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള കവചിത വാഹനങ്ങളുടെ അഭാവമായിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഡൈനാമിക്‌സിന്റെ സ്‌ട്രൈക്കര്‍ എന്ന കവചിത വാഹനം ഇന്ത്യയില്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന വാര്‍ത്തകളാണ് വരുന്നത്. നേരത്തെ അമേരിക്കന്‍ സാങ്കേതിക വിദ്യയിലുള്ള ആയുധ നിര്‍മാണം അമേരിക്കയ്ക്ക് പുറത്ത് അവര്‍ അനുവദിച്ചിരുന്നില്ല. സ്‌ട്രൈക്കറിന്റെ കാര്യത്തില്‍ ആ തീരുമാനം മാറിയേക്കും. അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ നിര്‍മാണകേന്ദ്രമാണ് ഇന്ത്യയില്‍ വരാന്‍പോകുന്നത്. എട്ട് വീലുകളുള്ള കവചിത വാഹനമായ സ്‌ട്രൈക്കറിന് ഐ.ഇ.ഡി. സ്‌ഫോടനങ്ങളെ വരെ ചെറുക്കാനാകും. മാത്രമല്ല, അഫ്ഗാനിസ്ഥാനിലുള്‍പ്പെടെ സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ സ്‌ട്രൈക്കറിന്റെ പ്രവര്‍ത്തനം വിജയകരമായിരുന്നു. സൈനികരെ സുരക്ഷിതമായി യുദ്ധമുന്നണിയിലേക്ക് എത്തിക്കാനും പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റാനുമായി രണ്ട് വിഭാഗത്തില്‍ ഇതിനെ നിര്‍മിക്കുന്നുണ്ട്. 2002-ല്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായ സ്‌ട്രൈക്കര്‍ ഇപ്പോഴും സര്‍വീസിലുണ്ട്.
ആദ്യം അമേരിക്കയില്‍ നിര്‍മിക്കുകയും പിന്നീട് ഇന്ത്യയില്‍ സംയുക്ത സംരംഭത്തോടെ നിര്‍മിക്കാനുമാണ് പദ്ധതി. ഇതിനൊപ്പം ഭാവിയില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച് പുതിയ മോഡലുകള്‍ നിര്‍മിക്കും. ചര്‍ച്ചകള്‍ വിജയിച്ചാല്‍ ഭാവിയില്‍ കൂടുതല്‍ അമേരിക്കന്‍ ആയുധങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള വഴിതെളിയും. മോദി സര്‍ക്കരിന്റെ കാലത്ത് ഇന്ത്യ- അമേരിക്ക പ്രതിരോധ കരാറുകള്‍ വളരെ വേഗം യാഥാര്‍ഥ്യത്തിലെത്തിയിരുന്നു. പ്രതിരോധ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഇരുരാജ്യങ്ങള്‍ക്കും താത്പര്യം. ഇന്തോ-പസഫിക് മേഖലയില്‍ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും സമാനമായ താത്പര്യങ്ങള്‍ ഉള്ളതിനാല്‍ ബന്ധം കൂടുതല്‍ ദൃഢമാകാനാണ് സാധ്യത.
റഷ്യന്‍ ബന്ധം മുറിക്കാനാകില്ല
ഇതൊക്കെയാണെങ്കിലും ഇനിയും ഇന്ത്യയ്ക്ക് കാലങ്ങളോളം റഷ്യന്‍ ആശ്രിതത്വം തുടരേണ്ടി വരും. നിലവില്‍ ഇന്ത്യന്‍ പ്രതിരോധ സേനകള്‍ക്കാവശ്യമായ സൈനിക ഹാര്‍ഡ്‌വേറുകള്‍ നല്‍കുന്നത് കൂടുതലും റഷ്യയാണ്. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തുടര്‍ച്ചയുമാണ്. എന്നാല്‍, റഷ്യയില്‍നിന്നുള്ള ഇറക്കുമതിയുടെ സിംഹഭാഗവും പുതിയ ആയുധങ്ങള്‍ക്ക് പകരം നിലവിലെ ഉപകരണങ്ങള്‍ക്കുള്ള സ്‌പെയര്‍ പാര്‍ട്‌സുകളായി പരിമിതപ്പെട്ടേക്കാം. ഇന്ത്യ ഇപ്പോഴും വലിയതോതില്‍ ഉപയോഗിക്കുന്നത് റഷ്യന്‍ യുദ്ധവിമാനങ്ങളാണ്. അവയുടെ എന്‍ജിനുകളും റഷ്യന്‍ സാങ്കേതിക വിദ്യയിലുള്ളതാണ്. കരസേനയുടെ മെയിന്‍ ബാറ്റില്‍ ടാങ്കുകള്‍ റഷ്യന്‍ സാങ്കേതികവിദ്യയിലുള്ളതാണ്. ഇവയെല്ലാം സര്‍വീസില്‍ തുടരുന്ന കാലത്തോളം സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കായി റഷ്യയെ ആശ്രയിക്കാതിരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല.

റഷ്യ മാത്രമാണ് ഇന്ത്യയ്ക്ക് ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനി നല്‍കിയ രാജ്യം. ഇന്നേവരെ മറ്റൊരു രാജ്യവും ആണവായുധത്തിന്റെ കാര്യത്തില്‍ ഇന്ത്യയോട് ഇത്തരമൊരു ഉദാരത പുലര്‍ത്തിയിട്ടില്ല. ഇന്ത്യന്‍ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ്. വിക്രമാദിത്യ റഷ്യന്‍ നിര്‍മിതമാണ്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിക്രാന്ത്, ഇനി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വിശാല്‍ തുടങ്ങിയ വിമാന വാഹിനിക്കപ്പലുകള്‍ റഷ്യന്‍ ശൈലി കടംകൊണ്ടവയാണ്. ഇവയ്ക്ക് ആവശ്യമായ എന്‍ജിനുകളുടെ ഘടകങ്ങള്‍, യുദ്ധക്കപ്പലുകള്‍ക്ക് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇവയൊക്കെ ഇനിയും റഷ്യയില്‍നിന്ന് വരണം. അതിനാല്‍ ഇന്ത്യ- റഷ്യ പ്രതിരോധ സഹകരണം ഇനിയും ഒരു പതിറ്റാണ്ടിലധികം തുടരാനാണ് സാധ്യത.
ഇന്ത്യ- അമേരിക്ക പ്രതിരോധ ബന്ധം പൂര്‍ണമാവണമെങ്കില്‍ ഇരുരാജ്യങ്ങളും ആണവായുധത്തിന്റെ കാര്യത്തിലുള്ള തര്‍ക്കങ്ങളും അവിശ്വാസങ്ങളും സംസാരിച്ച് തീര്‍ക്കേണ്ടത് അത്യാവശ്യമാണ്. അത് ഉടനെങ്ങും നടക്കാനുള്ള വിദൂരമായ സാധ്യത പോലുമില്ല. അതിനാല്‍ അമേരിക്കയെയും റഷ്യയെയും സഹകരിപ്പിച്ച് സ്വയം ശക്തരാകാനുള്ള ശ്രമമാകും ഇന്ത്യ അനുവര്‍ത്തിക്കുക.
Content Highlights: India`s defense imports are diversifying, moving away from Russia towards Western nations
Published: 12 Jan 2025, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented