
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ആദ്യദിനത്തിൽ തന്നെ 'ന്യൂഡൽഹി പ്രഖ്യാപനം 2026' (New Delhi Declaration 2026) അംഗരാജ്യങ്ങൾ ഐക്യകണ്‌ഠേന പാസാക്കി. അംഗരാജ്യങ്ങളൊന്നും എതിർപ്പുകൾ ഉന്നയിക്കാതെ പൂർണ്ണ സമ്മതത്തോടെയാണ് പ്രഖ്യാപനം അംഗീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപനത്തിന് സമവായമുണ്ടാക്കാൻ സാധിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ബ്രിക്‌സിന്റെ 20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പ്രത്യേക തപാൽ സ്റ്റാമ്പുകളും ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
അന്താരാഷ്ട്ര വ്യാപാരത്തെ തടസ്സപ്പെടുത്തുന്നതും ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്ക് നിരക്കാത്തതുമായ ഏകപക്ഷീയ താരിഫുകൾ, നോൺ-താരിഫ് നടപടികൾ എന്നിവ വർദ്ധിച്ചുവരുന്നതിൽ പ്രഖ്യാപനത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. കൂടാതെ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ഏകപക്ഷീയ ഉപരോധങ്ങളെയും ബലപ്രയോഗങ്ങളെയും ഉച്ചകോടി അപലപിച്ചു.
അന്താരാഷ്ട്ര തർക്കങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായി പരിഹരിക്കണമെന്ന നിലപാട് ബ്രിക്‌സ് അംഗരാജ്യങ്ങൾ ആവർത്തിച്ചു.
സായുധ സംഘർഷങ്ങൾ നടക്കുന്ന സമയത്ത് പോലും ആണവ സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും നിർബന്ധമായും പാലിക്കപ്പെടണമെന്ന് പ്രഖ്യാപനം ആവശ്യപ്പെട്ടു. റഷ്യ- യുക്രൈൻ യുദ്ധം, അമേരിക്ക- ഇറാൻ യുദ്ധം എന്നിവ പ്രഖ്യാപനത്തിൽ പേരെടുത്ത് പരാമർശിച്ചിട്ടില്ല. അംഗരാജ്യങ്ങൾക്കിടയിൽ കുറഞ്ഞ ചെലവിൽ വേഗത്തിലുള്ള അതിർത്തി കടന്നുള്ള പണമടവ് സാധ്യമാക്കുന്നതിനും പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുന്നതിനുമുള്ള ചർച്ചകൾ ബ്രിക്‌സ് പേയ്മെന്റ് ടാസ്‌ക് ഫോഴ്സിന്റെ (BPTF) നേതൃത്വത്തിൽ തുടരുവാൻ ധാരണയായി.
മാറിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്തെ നയിക്കാൻ കാലഹരണപ്പെട്ട സ്ഥാപനങ്ങൾ കൊണ്ട് സാധിക്കില്ലെന്ന് ഉച്ചകോടിയുടെ സമാപന പ്രസംഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ പ്രാതിനിധ്യം, പ്രതികരണശേഷി, നിയമനിർമ്മാണം എന്നിവയിൽ അടിയന്തര പരിഷ്‌കരണങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ആനുകൂല്യങ്ങളുടെ പിരമിഡിനെ പങ്കാളിത്തത്തിന്റെ പ്ലാറ്റ്ഫോമാക്കി മാറ്റണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഭാവി സാങ്കേതികവിദ്യകളുടെ വികസനത്തിലും അവയുടെ നിയന്ത്രണ നിയമങ്ങൾ രൂപീകരിക്കുന്നതിലും 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങൾക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും കപ്പൽ ഗതാഗത തടസ്സങ്ങളുടെയും പശ്ചാത്തലത്തിൽ, നാവികരുടെ സുരക്ഷയ്ക്കായി ദുരന്ത മുന്നറിയിപ്പുകളും വൈദ്യസഹായവും ലഭ്യമാക്കുന്ന ബ്രിക്‌സ് അടിയന്തര ശൃംഖല (Seafarers Emergency Support Network) രൂപീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം തുടങ്ങിയ പ്രമുഖ ആഗോള നേതാക്കൾ പങ്കെടുത്തു.
Content Highlights: Brics summit in New Delhi sees unanimous adoption of the 2026 declaration, marking a significant diplomatic success for Prime Minister Narendra Modi.
Published: 12 Sept 2026, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented