ഴിഞ്ഞ ദിവസമാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് ഇന്ത്യ ഒരു മിസൈല്‍ പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമായെന്ന് മാത്രമല്ല ബദ്ധവൈരിയായ പാകിസ്താനും നിരന്തരം അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കുന്ന ചൈനയ്ക്കും അതുണ്ടാക്കിയ അസ്വസ്ഥതകള്‍ ചെറുതല്ല. ഇന്ത്യ പലപ്പോഴും മിസൈല്‍ പരീക്ഷണം നടത്തുമ്പോള്‍ അസ്വസ്ഥരാകുന്നവരാണ് ഇരുകൂട്ടരും. എന്നാല്‍ ഇത്തവണ നടത്തിയ പരീക്ഷണം എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുന്ന ഒന്നായി മാറി. ലോകത്ത് ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യ ഇന്ത്യയും സ്വന്തമാക്കിയിരിക്കുകയാണ്. പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നത്.

To advertise here,

നവംബര്‍ 16ന് ഒഡിഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നടത്തിയ പരീക്ഷണത്തിലൂടെ ഇന്ത്യ ദീര്‍ഘകാലമായി സ്വന്തമാക്കാനാഗ്രഹിച്ച സാങ്കേതികവിദ്യയുടെ പൂര്‍ണതയാണ് നടന്നത്. ലോകത്ത് യു.എസ്., റഷ്യ, ചൈന തുടങ്ങിയ വന്‍ശക്തികള്‍ നേരത്തെ തന്നെ സ്വായത്തമാക്കിയ സൈനിക സാങ്കേതികവിദ്യയാണ് ഹൈപ്പര്‍സോണിക് മിസൈല്‍. പൂര്‍ണവിജയമായിരുന്നുവെന്ന് മാത്രമല്ല പ്രതീക്ഷിച്ച എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായി പൂര്‍ത്തിയാക്കിയാണ് പരീക്ഷണം സഫലമായത് എന്നുള്ളത് ഗവേഷകരുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. സ്വന്തമായി ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യയ്ക്ക് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ മുമ്പും നടന്നിരുന്നുവെങ്കിലും പൂര്‍ണവിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ പരീക്ഷണം വിജയിച്ചെങ്കിലും ആയുധം സേനയുടെ ഭാഗമാകുന്നതിന് കൂടുതല്‍ പരീക്ഷണങ്ങളും പരിഷ്‌കരണങ്ങളും ആവശ്യമായി വരും. കുറഞ്ഞത് അഞ്ച് വര്‍ഷത്തിനുള്ളില്‍ മിസൈല്‍ സേനയുടെ സ്ട്രാറ്റജിക് കമാന്‍ഡിന്റെ ഭാഗമായി മാറിയേക്കും.

1500 കിലോമീറ്റര്‍ പരിധി, ചൈന ഭയക്കണം 

ഇന്ത്യയുടെ മിസൈല്‍ സാങ്കേതികവിദ്യ വികസിച്ചത് പരമ്പരാഗത വൈരിയായ പാകിസ്താനെ ലക്ഷ്യമിട്ട് മാത്രമായിരുന്നു. എന്നാല്‍, ഇന്ത്യ സാമ്പത്തികമായി വളരുന്നതനുസരിച്ച് അയല്‍രാജ്യമായ ചൈന ഇന്ത്യന്‍ അതിര്‍ത്തികളില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുസായുധ സംഘര്‍ഷം വീണ്ടും ഉടലെടുക്കാന്‍ സാധ്യത കൂടുതല്‍ ചൈനയുമായാണ് എന്ന് വിലയിരുത്തലുകള്‍ ഉണ്ട്. 1962ലെ യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടൊരു യുദ്ധം നടന്നിട്ടില്ല. ലഡാക്കിലുള്‍പ്പെടെ നടന്ന യുദ്ധമല്ലാത്ത സംഘര്‍ഷം മാത്രമേ അടുത്തകാലത്ത് സംഭവിച്ചിട്ടുള്ളു. അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ കരാര്‍ വന്നെങ്കിലും അത് പാലിക്കുന്ന കാര്യത്തില്‍ ആത്മാര്‍ഥത കാണിക്കാത്ത ചരിത്രമാണ് ചൈനയ്ക്കുള്ളത്. ഈ സാഹചര്യത്തിലാണ് മിസൈല്‍ പരീക്ഷണം തന്ത്രപ്രധാനമാകുന്നത്.

ഏകദേശം 1500 കിലോമീറ്റര്‍ പ്രഹര പരിധിയാണ് പുതിയ ഹൈപ്പര്‍സോണിക് മിസൈലിനുള്ളത്. ചൈനീസ് പ്രദേശങ്ങള്‍ മിസൈലിന്റെ പരിധിയില്‍ വരും. പാകിസ്താനിലെ കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ഫൈസലാബാദ്, ചൈനയുടെ ടിബറ്റ് തുടങ്ങിയ മേഖലകളാണ് മിസൈലിന്റെ പരിധിയില്‍ വരുന്നത്. ടിബറ്റന്‍ മേഖലയിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പ്രശ്‌നമുള്ളത് എന്നതും ഇതിനോട് കൂട്ടിവായിക്കണം. സാങ്കേതികവിദ്യ ഭാവിയില്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെടുമ്പോള്‍ വേഗവും ദൂരവും ഇനിയും ഉയര്‍ന്നേക്കാമെന്നതാണ് ചൈനയുടെ ചങ്കിടിപ്പ് ഉയര്‍ത്തുന്നത്. ചൈന തങ്ങളുടെ പ്രതിരോധ സാങ്കേതിക മികവ് പ്രദര്‍ശിപ്പിക്കുന്ന എയര്‍ഷോ നടത്തി ഗര്‍വിഷ്ടരായിരിക്കുന്ന സമയത്ത് തന്നെയാണ് ഇന്ത്യ മിസൈല്‍ പരീക്ഷിച്ചതെന്നതും ശ്രദ്ധേയമായ കാര്യമാണ്. അത് യാദൃച്ഛികമാണെങ്കില്‍ പോലും.

പരീക്ഷണം നിരീക്ഷിക്കാനായി നിരവധി ഉപകരണങ്ങളാണ് ഡിആര്‍ഡിഒ സ്ഥാപിച്ചിരുന്നത്. ഇതില്‍ നിന്ന് ശേഖരിച്ച ഡാറ്റകളെല്ലാം വിരല്‍ചൂണ്ടുന്നത് മിസൈലിന്റെ കൃത്യത, സഞ്ചാരഗതി, ആഘാതം എന്നിവയെല്ലാം പ്രതീക്ഷിച്ചതിനുമപ്പുറമായിരുന്നുവെന്നാണ്. അണ്വായുധം ഉള്‍പ്പെടെ വിവിധ തരത്തിലുള്ള പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഹൈപ്പര്‍സോണിക് മിസൈല്‍. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മിസൈല്‍ അപകടകാരിയാണെന്ന് ചൈനയെ ആരും പഠിപ്പിച്ച് കൊടുക്കേണ്ടകതില്ല. അതേസമയം പാകിസ്താന്റെ ഒട്ടുമിക്ക പ്രദേശങ്ങളും ഇതിന്റെ പ്രഹരപരിധിയിലാണ്. നിലവിലെ ഒരു മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും ഹൈപ്പര്‍സോണിക് ആയുധങ്ങളെ പ്രതിരോധിക്കാനോ തകര്‍ക്കാനോ സാധിക്കില്ല. റഡാറുകള്‍ ഇവയുടെ വരവ് തിരിച്ചറിയുമ്പോഴേക്കും പ്രതിരോധ സംവിധാനങ്ങളെ മിസൈല്‍ മറികടന്നിരിക്കും. പ്രതികരിക്കാനുള്ള സമയം വളരെ കുറവാണ് ഇത്തരം മിസൈലുകള്‍ക്കെതിരെ ലഭിക്കുക. ഇത് പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കി മാറ്റും.

നമ്മുടെ അയല്‍പ്പക്കത്ത് ചൈന ഹൈപ്പര്‍സോണിക് ആയുധങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും വലിയതോതില്‍ പണം മുടക്കുന്നുണ്ട്. അവര്‍ക്ക് സ്വന്തമായി ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യയും കൈവശമുണ്ട്. ഇപ്പോള്‍ ഇന്ത്യയും അത് സ്വന്തമാക്കിയതോടെ സൈനിക കരുത്തില്‍ ഇന്ത്യ മസില്‍ പെരുപ്പിച്ചിരിക്കുകയാണ്. മറുവശത്ത് പാകിസ്താനാകട്ടെ തീര്‍ത്തും നിരായുധരാക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഇന്ത്യ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യ സ്വന്തമാക്കിയത് വലിയ ഭീഷണിയാണെന്ന് പാകിസ്താന്‍ പ്രതികരിച്ചുകഴിഞ്ഞു. 

അതിവേഗം, പ്രഹരം അതികഠിനം

ശബ്ദത്തിനേക്കാള്‍ അഞ്ചുമടങ്ങ് മുതല്‍ 25 മടങ്ങ് വരെ വേഗം കൈവരിക്കുന്നവയെ ആണ് ഹൈപ്പര്‍സോണിക് എന്ന് വിശേഷിപ്പിക്കുക. ഡിആര്‍ഡിഒവികസിപ്പിച്ച മിസൈലിന് ശബ്ദത്തേക്കാള്‍ അഞ്ചുമടങ്ങിലധികം വേഗത്തില്‍ സഞ്ചരിക്കാനാകും. ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് താഴ്ന്നു പറന്നാണ് ഇവ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക. ബാലിസ്റ്റിക് മിസൈലുകള്‍ പോര്‍മുനകളെ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്കാണ് എത്തിക്കുക. തുടര്‍ന്ന് ഇവ ഭൂഗുരുത്വം പ്രയോജനപ്പെടുത്തി ലക്ഷ്യത്തിലേക്ക് കുതിക്കും. ഈ സമയത്ത് ലക്ഷ്യത്തോട് അടുക്കുന്തോറും പോര്‍മുനയുടെ വേഗം ഹൈപ്പര്‍സോണിക് തലത്തിലേക്ക് ഉയരും.

എന്നാല്‍, മിസൈല്‍പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇവയുടെ സഞ്ചാരപാത കൃത്യമായി ഗണിച്ചെടുക്കാനാകും. ഒരിക്കല്‍ വിക്ഷേപിച്ച് കഴിഞ്ഞാല്‍ അതിന്റെ സഞ്ചാരപാതയില്‍ മാറ്റം വരുത്താനാകില്ല എന്നതാണ് കാരണം. എന്നാല്‍ ക്രൂസ് മിസൈലുകളുടെ ഗണത്തില്‍ പെടുന്നവയാണ് ഇന്ത്യ വികസിപ്പിച്ചിട്ടുള്ള സൂപ്പര്‍സോണിക്, ഹൈപ്പര്‍സോണിക് ആയുധങ്ങള്‍. ബ്രഹ്‌മോസ് ഒരു ഉദാഹരണം. ബാലിസ്റ്റിക് മിസൈലിനെ അപേക്ഷിച്ച് ഇത്തരം മിസൈലുകള്‍ ഭൂഗുരത്വത്തെ അതിജീവിച്ച് അതില്‍ നിറച്ച ഇന്ധനം പ്രത്യേക എഞ്ചിൻ ഉപപയോഗിച്ച് ജ്വലിപ്പിച്ചാണ് സഞ്ചരിക്കുന്നത്. ലക്ഷ്യത്തിലെത്തുന്നതുവരെ അവയുടെ കാര്യത്തില്‍ നിയന്ത്രണം സാധ്യമാണ്. അതിവേഗം സഞ്ചരിക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരം ശബ്ദാതിവേഗ മിസൈലുകളെ കണ്ടെത്താനും പ്രതിരോധിക്കാനും അസാധ്യമെന്ന് വേണമെങ്കില്‍ പറയാം. മാത്രമല്ല, ഇവയില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യമൂലം ആദ്യം ഉദ്ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമായ ലക്ഷ്യത്തിലേക്ക് ഗതിമാറ്റിവിടാനും സാധിക്കും. 

സൈനിക മേഖലയില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. പരമ്പരാഗത ആയുധങ്ങള്‍ക്ക് പുറമെ കൂടുതല്‍ അപ്രതിരോധ്യമായ ആയുധങ്ങള്‍ക്ക് വേണ്ടിയുള്ള ഗവേഷണത്തിലാണ് ലോകശക്തികള്‍. ഇന്ത്യയും വളരുകയാണ്. അതിനനുസരിച്ച് നമുക്ക് ദക്ഷിണേഷ്യയില്‍ മാത്രമല്ല, മുഴുവന്‍ ലോകത്തിനും  സ്വന്തം താത്പര്യങ്ങളുണ്ട്. അങ്ങനെയുള്ള ഒരു രാജ്യം സ്വന്തം താത്പര്യങ്ങളെ സംരക്ഷിക്കാനുതകുന്ന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുക തന്നെവേണം. പ്രത്യേകിച്ച് വിരുദ്ധ താത്പര്യങ്ങളുള്ളവര്‍ തൊട്ടയല്‍പ്പക്കത്ത് തന്നെയുള്ളപ്പോള്‍.

ഇന്ത്യ നാലാമത്തെ രാജ്യം 

ലോകത്ത് ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിരകവിദ്യ സ്വയം വികസിപ്പിച്ചെടുത്ത് വിജയകരമാക്കിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് നമ്മുടെ മുന്‍ഗാമികള്‍. ഇറാനും ഉത്തര കൊറിയയുമൊക്കെ ഇത്തരം സാങ്കേതികവിദ്യയുടെ പിറകെയാണ്.  ലോകത്തിലേറ്റവും വേഗമേറിയ ഹൈപ്പര്‍സോണിക് മിസൈല്‍ സ്വന്തമായുള്ളത് റഷ്യയ്ക്കാണ്. അവരുടെ അവങ്ഗാര്‍ഡ് എന്ന മിസൈലിന് ശബ്ദത്തേക്കാള്‍ 20 മടങ്ങാണ് വേഗം. മാത്രമല്ല 6000 കിലോമീറ്ററോളം ദൂരമാണ് ഇതിന്റെ പ്രഹര പരിധി. റഷ്യയുടെ അവങ്ഗാര്‍ഡിന്റെ പരിധിയിലാണ് യൂറോപ്പ് മുഴുവന്‍. വേണ്ടിവന്നാല്‍ അലാസ്‌കയിലും പസഫിക്കിലെ അമേരിക്കന്‍ ബേസുകളും ആക്രമിക്കാനാകും. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ 2019 മുതല്‍ റഷ്യന്‍ സൈന്യത്തിന്റ ഭാഗമാണ്.

റഷ്യയുടെ വൈരിയാണെങ്കിലും അമേരിക്കയ്ക്ക് അത്ര മോശമല്ല ഇക്കാര്യത്തില്‍. അവരുടെ പക്കല്‍ ഒന്നിലധികം ഹൈപ്പര്‍സോണിക് മിസൈലുണ്ട്. അതില്‍ മികച്ചത് എജിഎം-183എ എന്ന മിസൈലാണ്. ആണവായുധം വഹിക്കാമെന്നതിന് പുറമെ നിലവിലെ സംവിധാനങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാമെന്നതാണ് അമേരിക്കന്‍ മിസൈലിന്റെ മേന്മ. 1000 കിലോമീറ്ററിലധികമാണ് പ്രഹര പരിധി. ശബ്ദത്തേക്കാള്‍ അഞ്ചു മുതല്‍ ആറ് മടങ്ങുവരെ വേഗത്തില്‍ സഞ്ചരിക്കും. ചൈനയുടെ ഡിഎഫ്-ഇസഡ്എഫ് എന്ന മിസൈലിന് ശബ്ദത്തേക്കാള്‍ അഞ്ചുമുതല്‍ ആറ്മടങ്ങുവരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഐ മിസൈലും സമാന സ്വഭാവമുള്ളതാണ്.

ഇന്ത്യയാകട്ടെ അടുത്തിടെയാണ് അടിസ്ഥാന സൗകര്യങ്ങളൊക്കെ ഒരുക്കി മിസൈല്‍ വികസനം തുടങ്ങിയത്. 2024ല്‍ അത് പൂര്‍ത്തിയാകുകയും ചെയ്തു. റഷ്യയിലും ചൈനയിലും ഹൈപ്പര്‍സോണിക് മിസൈലുകള്‍ സൈന്യത്തിന്റെ ഭാഗമാണ്. അമേരിക്ക കൂടുതല്‍ മിസൈലുകള്‍ വികസിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ സൈന്യത്തിന്റെ ഭാഗമായി പൂര്‍ണവിന്യാസം നടത്തിയിട്ടില്ല.