ണക്കുകൂട്ടലുകള്‍ക്കപ്പുറത്താണ് നമ്മുടെ ആകാശ സഞ്ചാരലോകം. കോവിഡിന്റെ പിടിവിട്ട് രാജ്യങ്ങളെല്ലാം ചിറകു വിരിച്ചു പറന്നു തുടങ്ങിയ കാലത്ത് കരുത്തന്മാരെയെല്ലാം അമ്പരപ്പിച്ച മുന്നേറ്റമായിരുന്നു സിവില്‍ വ്യോമയാന മേഖലയില്‍ ഇന്ത്യ നടത്തിയത്. സമീപകാലത്ത് ലോകം കണ്ട വലിയ രണ്ട് ജംബോ വിമാന പര്‍ച്ചേസുകളിലും ഒപ്പിട്ടത് ഇന്ത്യന്‍ വിമാനക്കമ്പനികളാണ്. ബജറ്റ് എയര്‍ലൈനുകളുടെ ശവപ്പറമ്പെന്ന് പേരുകേട്ട ഇന്ത്യയില്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെ എന്ന ചോദ്യത്തിന് സമീപകാലത്തെ കണക്കുകള്‍ ഉത്തരം പറയും. എങ്കിലും പിടികിട്ടാത്ത ചില  ചോദ്യങ്ങളുണ്ട്.

To advertise here,

ആകെ 700 വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്ന ഇന്ത്യ മാസങ്ങളുടെ ഇടവേളയില്‍ ഓര്‍ഡര്‍ നല്‍കിയത് ആയിരത്തോളം വിമാനങ്ങള്‍ക്കാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ശൈശവദശ പിന്നിട്ടിട്ടില്ലാത്ത നമ്മുടെ വിമാനത്താവളങ്ങള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഇത്രയേറെ വിമാനങ്ങള്‍ താങ്ങാനാകുമോ?

ലോകം ഇന്ത്യന്‍ വ്യോമയാന മേഖലയിലേക്ക് ആകാംക്ഷയോടെ നോക്കിത്തുടങ്ങിയത് ഫെബ്രുവരിയോടു കൂടിയാണ്. നഷ്ടക്കണക്കു പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ വിറ്റൊഴിവാക്കിയ എയര്‍ ഇന്ത്യ അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വിമാനക്കരാര്‍ പ്രഖ്യാപിച്ചത് അന്നാണ്. നാല് മാസങ്ങള്‍ക്ക് ശേഷം ലോകത്തിലെ തന്നെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വിമാനക്കമ്പനിയായ ഇന്‍ഡിഗോ പാരിസ് എയര്‍ഷോയില്‍ വച്ച് 500 വിമാനങ്ങളുടെ അടുത്ത കരാര്‍ പ്രഖ്യാപിക്കുന്നു. പുതിയ റെക്കോര്‍ഡ്!. മുന്‍ കരാറുകളുടെ കൂടെ കണക്കെടുത്താല്‍  ഇന്‍ഡിഗോക്ക് എയര്‍ബസില്‍നിന്ന് മാത്രം ലഭിക്കാനുള്ളത് 980 വിമാനങ്ങളാണ്. എയര്‍ ഇന്ത്യയടക്കം മറ്റ് കമ്പനികള്‍ക്ക് ബോയിങ്ങില്‍നിന്നും എയര്‍ബസില്‍നിന്നുമായി ലഭിക്കാനുള്ള വിമാനങ്ങളുടെ കണക്ക് വേറെയുമുണ്ട്. നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) യുടെ പക്കലുള്ള പൂര്‍ണതോതില്‍ സര്‍വീസ് നടത്തുന്ന എയര്‍പോര്‍ട്ടുകളുടെ എണ്ണം 137 മാത്രമാണ് എന്നുമോര്‍ക്കണം. വിമാനം നിലത്തിറക്കാനുള്ള എല്ലാ കാറ്റഗറിയില്‍പ്പെട്ട സംവിധാനങ്ങളുടെ എണ്ണമെടുത്താലും 148 മാത്രമേ വരൂ..

placeholder
Jyotiraditya Scindia | Photo: Mathrubhumi
ജ്യോതിരാദിത്യ സിന്ധ്യ

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത് ശരിയാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പറക്കുന്ന വിമാനങ്ങളുടെ എണ്ണം 1500നും 2000നും ഇടയിലായിരിക്കും. രാജ്യത്തെ വിമാനക്കമ്പനകള്‍ക്കെല്ലാം കൂടി നിലവിലുള്ളത് ഏതാണ്ട് 700ഓളം വിമാനങ്ങളാണ്. അതായത് നിലവിലുള്ളതിന്റെ രണ്ടോ മൂന്നോ ഇരട്ടി. കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് 75 ശതമാനമാണ് രാജ്യത്തെ വിമാനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന. അതിശയോക്തിയുടെ കരടുകള്‍ മാറ്റിവെച്ചാല്‍പോലും, കരാറുകള്‍ പ്രകാരം എയര്‍ബസും ബോയിങ്ങും കൃത്യമായി വാഗ്ദാനം നടപ്പാക്കിയാല്‍ ഈ കാലയളവില്‍ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നു തന്നെ കരുതണം. അങ്ങനെ വരുമ്പോള്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനം ഇത്ര വേഗത്തില്‍ മതിയോ എന്ന ചോദ്യം ശക്തമാകുന്നുണ്ട്? അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന ചില സത്യങ്ങള്‍ നമുക്കു മുന്നിലുണ്ട്.

ഹബ്ബുകളില്‍ നോ പാര്‍ക്കിങ്

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിങ്ങനെ ആറ് എയര്‍പോര്‍ട്ടുകള്‍ മാത്രമാണ് ഹബ്ബ് എയര്‍പോര്‍ട്ടുകളുടെ പട്ടികയിലുള്ളത്. അത്യാവശ്യത്തിന് സ്ഥലം പോലുമില്ലാതെ ഹബ്ബ് എയര്‍പോര്‍ട്ടുകള്‍ തന്നെ നട്ടംതിരിയുമ്പോള്‍ മറ്റ് എയര്‍പോര്‍ട്ടുകളുടെ കാര്യം പറയേണ്ടതില്ല. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ 233 വിമാനങ്ങള്‍ക്കു വേണ്ടിയുള്ള (നാരോബോഡി & വൈഡ് ബോഡി) പാര്‍ക്കിങ് സംവിധാനം മാത്രമാണുള്ളത്. നാലാമത് റണ്‍വേ കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ ഒരു ദിവസം ഡല്‍ഹി എയര്‍പോര്‍ട്ടിന് കൈകാര്യം ചെയ്യാവുന്ന ഫ്ളൈറ്റുകളുടെ എണ്ണം 2000 ആകും. അപ്പോഴും പാര്‍ക്കിങ്ങിന്റെ കാര്യത്തില്‍ പ്രതിസന്ധി വളരുക തന്നെയാണ്.സെപ്തംബറില്‍ ജി20 ഉച്ചകോടി നടന്ന സമയത്ത് ഏതാണ്ട് 80 ആഭ്യന്തര സര്‍വീസുകള്‍ കാന്‍സല്‍ ചെയ്തത് ഇതിനോട് ചേര്‍ത്തുവായിക്കണം.

placeholder
Aircraft parked on a runway at Indira Gandhi International Airport, in New Delhi./ ANI
Aircraft parked on a runway at Indira Gandhi International Airport, in New Delhi / ANI

എയര്‍ ഇന്ത്യയുടേയും ഇന്‍ഡിഗോയുടേയും പ്രൈമറി ഹബ്ബാണ് ഡല്‍ഹി എയര്‍പോര്‍ട്ട്. അതു മാത്രമല്ല, സ്‌പൈസ് ജെറ്റും വിസ്താരയുമടക്കം പ്രധാന വിമാനക്കമ്പനികളുടെയെല്ലാം പ്രധാന ഹബ്ബുകളും ഇവിടെ തന്നെയാണ്.

വലുപ്പത്തില്‍ രണ്ടാമനായ മുംബൈ ഛത്രപതി ശിവജി എയര്‍പോര്‍ട്ടില്‍ 131 നാരോബോഡി വിമാനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങുള്ള സ്ഥലം മാത്രമേയുള്ളൂ. സര്‍വീസ് നടത്താന്‍ കഴിയാതെ കിടക്കുന്ന വിമാനങ്ങളും നിര്‍ത്തിയിട്ടിരിക്കുന്നത് ഈ പാര്‍ക്കിങ് സ്റ്റാന്‍ഡുകളിലാണ് എന്നതുമോര്‍ക്കണം. നിലത്തിറക്കേണ്ടി വന്ന ഗോഫസ്റ്റ് വിമാനങ്ങളില്‍ 13 എണ്ണം ഡല്‍ഹിയിലും 9 എണ്ണം മുംബൈയിലും കഴിഞ്ഞ ആറു മാസമായി പറക്കാനാവാതെ കിടക്കുകയാണ്. ഡല്‍ഹി എയര്‍പോര്‍ട്ടിലാണ് സര്‍വീസ് നിര്‍ത്തിവെച്ച ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനങ്ങള്‍ 2019 മുതല്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പാര്‍ക്കിങ് ഫീ പോലും കൊടുക്കാതെ കാലങ്ങളായി നിര്‍ത്തിയിട്ട വിമാനങ്ങള്‍ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഡിയാല്‍ (DIAL) അധികൃതര്‍ കത്തു നല്‍കിയത് ഈയിടെയാണ്. രാജ്യത്ത് സര്‍വീസ് നടത്താതെ നിലത്തിറങ്ങിക്കിടക്കുന്നത് 120 വിമാനങ്ങളാണ് എന്നാണ് കണക്ക്.

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഏഷ്യ, സ്പൈസ് ജെറ്റ്, അകാസ എയര്‍ എന്നീ അഞ്ച് കമ്പനികളുടെ വിമാനങ്ങളാണ് രാജ്യത്തെ പ്രധാന വിമാനക്കമ്പനികള്‍. തങ്ങളുടേത് മാത്രമല്ലാത്ത കാരണത്താല്‍ സേവനം നിര്‍ത്തിവെക്കേണ്ടി വന്ന ഗോ എയര്‍ എന്തിനും തയ്യാറായി  കിടപ്പുണ്ട്. അലയന്‍സ് എയറും ചെറിയ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഫ്ളൈ ബിഗ്, ഇന്‍ഡ്യാവണ്‍ എയര്‍, സ്റ്റാര്‍ എയര്‍ എന്നിവയും ചേര്‍ന്നതാണ് ഇന്ത്യയുടെ വ്യോമയാന മാര്‍ക്കറ്റ്.  ഇതില്‍ ഇന്‍ഡിഗോക്ക് മാത്രം 335 വിമാനങ്ങളുണ്ട്. എയര്‍ ഇന്ത്യക്ക് 123, വിസ്താരക്ക് 63, എഐഎക്‌സ് കണക്ട് എന്ന പഴയ എയര്‍ ഏഷ്യക്ക് 27, സ്‌പൈസ് ജെറ്റിനും 37, അകാസക്ക് 20. ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ 53 ആണ്. അലയന്‍സ് എയറിന് 21, ഫ്‌ളൈബിഗിനും ഇന്‍ഡ്യാവണ്ണിനും, സ്റ്റാര്‍ എയറിനും കൂടി 16 ചെറിയ വിമാനങ്ങള്‍ വേറേയുമുണ്ട്. വിമാനങ്ങളുടെ എണ്ണവും

സര്‍വീസുകളുടെ കണക്കും എയര്‍പോര്‍ട്ടുകളുടെ പാര്‍ക്കിങ് സൗകര്യവും താരതമ്യപ്പെടുത്തിയാല്‍ പല വിമാനങ്ങളും 'ആകാശത്ത് നിര്‍ത്തിയിടേണ്ട' അവസ്ഥയാണെന്ന രസികത്വം തോന്നിയേക്കാം. മൊത്തം മാര്‍ക്കറ്റിന്റെ 85% കൈയാളുന്ന എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നീ മൂന്ന് വിമാനക്കമ്പനികള്‍ക്ക് ആവശ്യമായ പാര്‍ക്കിങ് സൗകര്യത്തിന്റെ പകുതി പോലും നിലവില്‍ ലഭ്യമാകുന്നില്ല എന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ക്കു ചെയ്യാന്‍ വിദേശയാത്ര

അര്‍ദ്ധരാത്രി പുറപ്പെട്ട് പുലര്‍ച്ചെ ലക്ഷ്യസ്ഥാനത്തെത്തുന്ന വിമാനങ്ങള്‍ക്ക് റെഡ് ഐ ഫ്‌ളൈറ്റുകള്‍ (Red eye flight) എന്നൊരു വിളിപ്പേരുണ്ട്. ക്ഷീണിച്ച് വലഞ്ഞ യാത്രക്കാരന് നല്ല ഉറക്കം പോലും കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്നതുകൊണ്ടാണ് ആ വിളിപ്പേരുണ്ടായത്. ലീസിനെടുത്ത വിമാനങ്ങള്‍ കഴിയുന്നത്ര ഉപയോഗിക്കുന്നതിനായാണ് ലോകത്ത് പൊതുവേ ഈ വഴിക്ക് കമ്പനികള്‍ നീങ്ങുന്നതെങ്കില്‍ ഇന്ത്യയില്‍ അതിലുപരി പാര്‍ക്കിങ് കിട്ടാഞ്ഞിട്ടു കൂടിയാണ്. അര്‍ദ്ധരാത്രി രാജ്യത്തിന്റെ താരതമ്യേന അപ്രധാനമായ വിമാനത്താവളങ്ങളിലേക്ക്‌ 'നട്ടപ്പാതിര' സര്‍വീസുകള്‍ നടത്തിയാണ് കമ്പനികള്‍ പിടിച്ചു നില്‍ക്കുന്നത്. പല കമ്പനികളും വൈകിട്ടത്തെ ഫ്‌ളൈറ്റ് ഗള്‍ഫ് നാടുകളിലേക്ക് ഷെഡ്യൂള്‍ ചെയ്തും പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നു.

മുംബൈക്ക് പകരം അവസാന ഫ്‌ളൈറ്റ് അഹമ്മദാബാദിലേക്കും ഡല്‍ഹിക്ക് പകരം ലഖ്‌നൗവിലേക്കും സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് പതിവാണ്. ആളൊഴിഞ്ഞ ഫ്‌ളൈറ്റുകള്‍ സാമ്പത്തിക ബാധ്യതയാവുമെങ്കിലും വേറെ നിവൃത്തിയില്ലാത്ത സ്ഥിതിയാണ് അവര്‍ക്ക്. 

ജംബോ ഉടമ്പടി പ്രകാരം ലഭിക്കാനുള്ള 500 എയര്‍ബസ് വിമാനങ്ങള്‍ക്ക് പുറമേ ഇതിന് മുമ്പ് ഓര്‍ഡര്‍ ചെയ്ത 480 വിമാനങ്ങള്‍ കൂടി ഇന്‍ഡിഗോക്ക് വന്നു ചേരാനുണ്ട്. ഈ 480 എണ്ണം 2030-നുള്ളില്‍ എത്തിച്ചേരാനുള്ളതാണ്. ജംബോ ഓര്‍ഡറിലെ 500 എണ്ണം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ലഭിക്കും. അതോടെ ഇന്‍ഡിഗോയുടെ ആകെയുള്ള വിമാനങ്ങളുടെ എണ്ണം 1330 ആകും. അതായത് അടുത്ത 12 വര്‍ഷം കഴിയുമ്പോള്‍ ഇന്‍ഡിഗോ എന്ന ഒറ്റ കമ്പനിക്ക് മാത്രം ഉണ്ടാവുക 1330 വിമാനങ്ങളായിരിക്കും. എയര്‍ ഇന്ത്യ ഒപ്പുവെച്ചത് 470 വിമാനങ്ങളുടെ കരാറാണ്. എയര്‍ബസ്, ബോയിങ് എന്നീ കമ്പനികളുമായാണ് കരാര്‍. A320neo എയര്‍ക്രാഫ്റ്റുകള്‍ 210 എണ്ണം, നാല്‍പ്പത് A350 , നൂറ്റി തൊണ്ണൂറ് 737 MAX, ഇരുപത് 787-9, പത്ത് 777-9 എന്നിങ്ങനെയാണ് ഓര്‍ഡര്‍. എയര്‍ ഇന്ത്യക്ക് ഈ വര്‍ഷം അവസാനം മുതല്‍ വിമാനങ്ങള്‍ എത്തിത്തുടങ്ങുമെന്നാണ് കണക്കുകൂട്ടല്‍. എയര്‍ ഇന്ത്യയുടെ ജംബോ കരാറിന്റെ മാത്രം കണക്കാണിത്. സ്‌പൈസ് ജെറ്റും അകാസയും വിസ്താരയുമടങ്ങുന്ന ശ്രേണിയിലെ മറ്റു കമ്പനികളുടെ ഓര്‍ഡറുകള്‍ ഇതിന് പുറമേ വരും. വിമാനത്താവളങ്ങളുടെ വികസന വേഗത്തേക്കാള്‍ എത്രയോ ഇരട്ടി വേഗത്തിലാണ് വിമാനക്കമ്പനികളുടെ സര്‍വീസുകളുടെ വളര്‍ച്ച.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അടിസ്ഥാന വികസന രംഗത്തെ വികസനക്കുതിപ്പ് കാണാതിരുന്നുകൂടാ. ഗോവയില്‍ ദാബോലിം എയര്‍പോര്‍ട്ടിന് പുറമേ നോര്‍ത്ത് ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (മോപ), മുംബൈയില്‍ നവി മുംബൈ എയര്‍പോര്‍ട്ട്, ഡല്‍ഹിയില്‍ നോയ്ഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടങ്ങി വന്നതും വരാനിരിക്കാനുള്ളതുമായ വിമാനത്താവളങ്ങള്‍ രാജ്യത്തിന്റെ വ്യോമയാന ഭൂപടത്തിലുണ്ട്. എങ്കിലും പ്രതിസന്ധി തരണം ചെയ്യാന്‍ വിമാനത്താവളങ്ങളുടെ നവീകരണവും പുതിയവയുടെ നിര്‍മാണവും നടക്കുന്നുണ്ടെങ്കിലും അതും അപര്യാപ്തമാണ്. അടുത്ത വര്‍ഷം തുറക്കുമെന്ന് കരുതുന്ന നോയ്ഡ എയര്‍പോര്‍ട്ടില്‍ (Noida international airport) 25 വിമാനങ്ങളുടെ പാര്‍ക്കിങ് സൗകര്യമേയുള്ളൂ. ബെംഗലുരു കെംപെഗൗഡ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ നാലു വര്‍ഷമായി നടന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി 142 വിമാനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള സംവിധാനമായിട്ടുണ്ട്, നിലവിലെ പദ്ധതി പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 14 വിമാനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സംവിധാനം കൂടി മാത്രമേ ലഭിക്കുകയുള്ളൂ.

മുംബൈ രാജ്യത്തെ ബിസിനസ് ഹബ്ബാണെങ്കില്‍ ബെംഗലുരു  ഐ.ടി. ഹബ്ബാണ്. ഭാവി നോക്കിയാല്‍ വികസനത്തിന്റെ തോത് ഇതുമതിയാകുമോ എന്ന ചോദ്യമുയരുന്നുണ്ട്. 

ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമയാന മേഖല ഇന്ത്യയുടേതാണെന്ന് പറയുന്നതിന് പിന്നില്‍ കാരണങ്ങള്‍ പലതുണ്ട്. 30 കോടി വരുന്ന മധ്യവര്‍ഗ്ഗമുള്ള ഇന്ത്യയില്‍ വിമാനയാത്രാ മാര്‍ഗങ്ങളുപയോഗിക്കുന്നവര്‍ വെറും നാലോ അഞ്ചോ ശതമാനം മാത്രമാണ്. വിപണിയോട് കൂടുതല്‍ ചങ്ങാത്തം സ്ഥാപിക്കാന്‍ കഴിവുള്ളവരെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്ന 30 വയസ്സില്‍ താഴെയുള്ളവരാണ് മൊത്തം ജനസംഖ്യയുടെ പകുതിയിലധികം പേരും. ഒന്നിടപെട്ടാല്‍, എയര്‍ലൈന്‍ വിപണിക്ക് എന്തുകൊണ്ടും അനുകൂലമായ സാഹചര്യമാണ് ഇന്ത്യയിലെന്ന് കരുതി തന്നെയാണ് നഷ്ടത്തിലായിട്ടും ഇന്ത്യയില്‍ വിമാനക്കമ്പനികളിലധികവും കൂടുതല്‍ നിക്ഷേപമിറക്കാന്‍ തയ്യാറാവുന്നത്. ഇനി വേണ്ടത് അടിസ്ഥാന വികസന രംഗത്തെ കൃത്യമായ പ്ലാനിങ്ങാണ്.