ഗോ ഫസ്റ്റ് വിമാനം. ഫോട്ടോ | https://www.facebook.com/GOFIRST
രാജ്യം വികസിക്കുന്നതിന്റെ സൂചകങ്ങളിലൊന്നായി വിമാനയാത്രകളെ കാണുന്നവരാണ് നമ്മള്‍. ടാറ്റയും എയര്‍ ഇന്ത്യയും രചിച്ചു തുടങ്ങിയ ഇന്ത്യന്‍ ആകാശ യാത്രാചരിത്രത്തില്‍, ഇടംപിടിച്ചവരേക്കാള്‍ ചിറകു തളര്‍ന്ന് വീണവരാണ് കൂടുതലും. 1994-ന് ശേഷം മാത്രം ഏതാണ്ട് 27 വിമാന കമ്പനികളാണ് അടച്ചുപൂട്ടുകയോ മറ്റു കമ്പനികളുമായി ലയിക്കുകയോ ചെയ്തത്. ഗോ ഫസ്റ്റിനെ ഈ പട്ടികയില്‍ പൂര്‍ണമായി ചേര്‍ത്തുവെക്കാനാകില്ല. ദീര്‍ഘവീക്ഷണമില്ലായ്മയും സാമ്പത്തിക പ്രശ്‌നങ്ങളും പ്രതിസന്ധിയുടെ ആഴം കൂട്ടിയെങ്കിലും ഇന്ത്യയില്‍ സാങ്കേതിക പ്രശ്‌നത്തിന്റെ പേരില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്ന ആദ്യത്തെ വിമാനക്കമ്പനി എന്നതരത്തില്‍ വേണം ഗോ ഫസ്റ്റ് പ്രതിസന്ധിയെ കാണാൻ. അതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ പാതി വിമാനങ്ങളും നിലത്തിറക്കേണ്ടിവന്ന അവര്‍ അനുകമ്പ അര്‍ഹിക്കുന്നുണ്ട്.
2023 ഏപ്രില്‍ 30-ന് ഒരു പ്രത്യേകതയുണ്ട്. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആകാശയാത്ര നടത്തിയത് ഈ ദിവസമാണ്. 4.56 ലക്ഷം പേര്‍. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ പ്രഖ്യാപനം നടത്തി രണ്ടു ദിവസം കഴിഞ്ഞാണ് ഇന്ത്യയിലെ അഞ്ചാമത്തെ എയര്‍ലൈന്‍ കമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് ദേശീയ കമ്പനി നിയമ ട്രിബ്യൂണലില്‍ ( National Company Law Tribunal - NCLT) പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അതിനൊപ്പം സര്‍വീസുകളെല്ലാം റദ്ദാക്കിയിരുന്നു. ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസം മാത്രം 3.75 കോടി പേരാണ് ആകാശമാര്‍ഗത്തിലൂടെ ഇന്ത്യക്കകത്തുമാത്രം സഞ്ചരിച്ചത്. ഇതേസമയം, കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 51.7% വളര്‍ച്ച നേടിയെന്ന കണക്കുകള്‍ വ്യോമയാന രംഗത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് മെയ് അവസാനം വരെ ഗോ ഫസ്റ്റ് യാത്ര തല്‍ക്കാലം നിര്‍ത്തിവെച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍, മൂന്നോട്ടു കുതിക്കുന്ന ഇന്ത്യന്‍ ആകാശയാത്രക്കാര്‍ അനുഭവിക്കേണ്ട 6225 ഫ്‌ളൈറ്റുകളാണ്, അല്ലെങ്കില്‍ 11 ലക്ഷം സീറ്റുകളാണ് ഒറ്റയടിക്ക് ഇല്ലാതാവുന്നത്.
ഗോ ഫസ്റ്റിന്റെ തുടര്‍നടത്തിപ്പിന് ഇടക്കാല ഉദ്യോഗസ്ഥനെ നിയമിക്കുകയും ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്യരുതെന്ന് കമ്പനി നിയമ ട്രിബ്യൂണല്‍ ഉത്തരവിട്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമായി തുടരുക തന്നെയാണ്. ഈ ഉത്തരവ് പുറത്തുവന്നതോടെ വിമാനക്കമ്പനികള്‍ക്ക് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കുന്ന ലോകത്തെ മുന്‍നിര കമ്പനികള്‍ നിലപാട് കടുപ്പിച്ച് മുന്നോട്ടുവന്നു കഴിഞ്ഞു. ലോകത്തിലെ രണ്ടാമത്തെ എയര്‍ക്രാഫ്റ്റ് ലീസിങ് കമ്പനിയായ എസ്എംബിസി ഏവിയേഷന്‍ കാപ്പിറ്റല്‍ ട്രിബ്യൂണലിന് അയച്ച കത്തിന്റെ സ്വരം രാജ്യത്തെ ഏവിയേഷന്‍ ബിസിനസ് രംഗത്തിന് കേള്‍ക്കാന്‍ അത്ര ഇമ്പമുള്ളതല്ല. ഇന്ത്യയിലെ എയര്‍ക്രാഫ്റ്റ് ലീസിങ് നിയമങ്ങള്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം വലിയ 'റിസ്‌ക്' ആണ് എന്നാണ് കത്തിന്റെ ചുരുക്കം. സ്‌പൈസ് ജെറ്റിനും ഗോ ഫസ്റ്റിനും പാട്ടത്തിന് നല്‍കിയ 50 വിമാനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ കമ്പനികള്‍ ഡി.സി.ജി.എ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ)യെ സമീപിച്ചത് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണ്. പാട്ടത്തിനെടുത്ത വിമാനങ്ങള്‍ വിട്ടുകിട്ടാനുള്ള നടപടികളുടെ ആദ്യപടിയാണ് ഇത്.
.jpg?$p=ce6e0c1&&q=0.8)
എന്തുകൊണ്ട് ഗോ ഫസ്റ്റ്?
ഒപ്പം മത്സരരംഗത്തുള്ള ഇന്‍ഡിഗോ എയര്‍വേയ്‌സും സ്‌പൈസ് ജെറ്റും ബഹുദൂരം മുന്നോട്ടു പോയപ്പോഴും നേര്‍രേഖയിലുള്ള വളര്‍ച്ച മാത്രം മതിയെന്ന തീരുമാനത്തിലായിരുന്നു ഗോ എയര്‍ ഉടമസ്ഥരായ വാഡിയ ഗ്രൂപ്പ്. ഇന്ധനവില താങ്ങാതെ ബജറ്റ് എയര്‍ലൈനുകളെല്ലാം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍ അള്‍ട്രാ ലോ കോസ്റ്റ് എയര്‍ലൈന്‍ എന്ന വാഗ്ദാനം കഴിയുന്നത്ര പാലിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു. സൗജന്യ ഭക്ഷണമില്ലാതെ ആവശ്യമുള്ളവര്‍ക്ക് മാത്രം പണം കൊടുത്തു വാങ്ങാനുള്ള ഓപ്ഷന്‍ നല്‍കിയും അധിക നിരക്കുകള്‍ പരമാവധി കുറച്ചുമൊക്കെയായിരുന്നു കുറഞ്ഞ ടിക്കറ്റ് നിരക്ക് അവര്‍ ഈടാക്കിപ്പോന്നത്.
2005 നവംബറില്‍ മുംബൈ- അഹമ്മദാബാദ് റൂട്ടില്‍ ഒറ്റ എയര്‍ബസ് 320 വിമാനം ഉപയോഗിച്ച് യാത്ര തുടങ്ങിയതാണ് എയര്‍. ഗോവയിലേക്കും കോയമ്പത്തൂരിലേക്കും പിന്നീട് സര്‍വീസുകള്‍ നീട്ടി. 2008 ഓടെ കൂടുതല്‍ വിമാനങ്ങള്‍ ആകാശത്തിറക്കി ബിസിനസ് മെച്ചപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇന്ധനവില കൂടിയതും പിന്നീടുണ്ടായ സാമ്പത്തിക മാന്ദ്യവും കാരണം എല്ലാം തല്‍ക്കാലം കോള്‍ഡ് സ്റ്റോറേജില്‍ വെക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. 2009-ല്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് കമ്പനി വാങ്ങാനും ആ വര്‍ഷം തന്നെ സ്‌പൈസ് ജെറ്റുമായി ലയിക്കാനും ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും മുന്നോട്ടുപോയില്ല. 2012-ല്‍ കിങ്ഫിഷര്‍ കമ്പനി പൊളിഞ്ഞതോടെ ഇന്ത്യയിലെ അഞ്ചാമനായി ഗോ എയര്‍ .
.jpg?$p=4f4874c&&q=0.8)
ഇടക്ക് ആഗോളതലത്തില്‍ ഇന്‍വെസ്റ്റര്‍മാരെ തേടി കമ്പനി വലുതാക്കാന്‍ ശ്രമിച്ചെങ്കിലും 2016 വരെ എതിരാളികളായ സ്‌പൈസ് ജെറ്റിനോ ഇന്‍ഡിഗോക്കോ ഉണ്ടായ വളര്‍ച്ച ഗോ എയര്‍ നേടിയില്ല. ആ വര്‍ഷമാണ് 20 പുതിയ വിമാനങ്ങള്‍ കൂടി ഗോ എയറിന്റെ ശ്രേണിയില്‍ ഇടം നേടിയത്. അങ്ങനെ രാജ്യത്തിന് പുറത്തേക്ക് സര്‍വീസ് നടത്താന്‍ യോഗ്യരായ കമ്പനിയായി അവര്‍ മാറി. തായ്‌ലന്‍ഡിലെ ഫുക്കെറ്റില്‍നിന്നു ഡല്‍ഹിയിലേക്ക് 2018 ഒക്ടോബറിലായിരുന്നു ആദ്യ ഇന്റര്‍നാഷണല്‍ സര്‍വീസ്. 2020-ല്‍, കോവിഡ് മഹാമാരി ലോകത്തെ നിശ്ചലമാക്കുന്നതിന് മുമ്പ് ഒമ്പത് അന്താരാഷ്ട്ര റൂട്ടുകളുള്‍പ്പെടെ 36 വിമാനത്താവളങ്ങളിലേക്ക് 330 പ്രതിദിന ഫ്‌ളൈറ്റുകളുണ്ടായിരുന്നു ഗോ എയറിന്. കോവിഡ് സാഹചര്യത്തില്‍ മാര്‍ച്ച് 17-ന് അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. ക്രമേണ മറ്റു സര്‍വീസുകളും. ലോക്ഡൗണ്‍ തീവ്രത കുറഞ്ഞ അടുത്ത വര്‍ഷം, 2021 മെയ് മാസമാണ് ഗോ എയര്‍ ഗോ ഫസ്റ്റായി മാറുന്നത്.
വില്ലന്‍ എന്‍ജിന്‍
ഗോ ഫസ്റ്റിന്റെ ഇന്നത്തെ ദുര്‍ഗതിയിലേക്കുള്ള യാത്ര തുടങ്ങുന്നത് 2011-ലാണ്. ആ വര്‍ഷം ജൂണിലാണ് 72 എയര്‍ബസ് Airbus A320neo വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ ചെയ്തത്. 2016 മുതല്‍ ഓരോ വര്‍ഷവും പന്ത്രണ്ടോ പതിനഞ്ചിനോ വിമാനങ്ങള്‍ വീതം ഡെലിവറി ചെയ്യുക എന്നതായിരുന്നു കരാര്‍. എയര്‍ബസ് വിമാനങ്ങളില്‍ എ220 വിമാനങ്ങള്‍ക്ക് അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്നിയുടെ ജിടിഎഫ് എന്‍ജിന്‍ മാത്രമാണ് ഉള്ളതെങ്കില്‍ എ 320 നിയോ വിമാനങ്ങള്‍ക്ക് പ്രാറ്റ് ആന്റ് വിറ്റ്നിയുടെ എന്‍ജിനുകളോ സിഎഫ്എം ഇന്റര്‍നാഷണല്‍ എന്‍ജിനുകളോ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. ഗോ ഫസ്റ്റ് തിരഞ്ഞെടുത്തത് പ്രാറ്റ് ആന്റ് വിറ്റ്‌നിയുടെ എന്‍ജിനാണ്. പിഡബ്ളിയു എന്‍ജിന്‍ ഉപയോഗിച്ച രണ്ട് സീരീസും ഇന്ന് ഒരുപോലെ പ്രതിസന്ധി നേരിടുകയാണ്. ലോകത്തെ വമ്പന്‍ വിമാനക്കമ്പനികളുള്‍പ്പെടെ നിരവധി എയര്‍ലൈനുകളെ വെട്ടിലാക്കിയ പ്രാറ്റ് ആന്റ് വിറ്റ്‌നി ജിടിഎഫ് എന്‍ജിനാണ് ഈ കഥയിലേയും വില്ലന്‍. മറ്റ് കമ്പനികള്‍ക്ക് വിവിധ ശ്രേണിയിലുള്ള വിമാനങ്ങളുണ്ടായിരുന്നെങ്കില്‍ ഗോ ഫസ്റ്റിന് വിമാനങ്ങളുടെ വൈവിധ്യമില്ലായ്മ കെണിയാവുകയായിരുന്നു.
ഗോ ഫസ്റ്റിന് 53 എയര്‍ബസ് എ 320 നിയോ വിമാനങ്ങളും അഞ്ച് എയര്‍ബസ് A 320-200 വിമാനങ്ങളുമാണ് ഉള്ളത്. കമ്പനിയുടെ ബഹുഭൂരിപക്ഷം വരുന്ന എയര്‍ബസ് എ 320നിയോ വിമാനങ്ങളിലും പ്രാറ്റ് ആന്റ് വിറ്റ്നിയുടെ ജിടിഎഫ് (ഗിയേര്‍ഡ് ടര്‍ബോ ഫാന്‍) എന്‍ജിനുകളാണ് ഉപയോഗിച്ചത്. കുഴപ്പക്കാരനായ എന്‍ജിന്‍ ഉപയോഗിച്ചാണ് ഗോ ഫസ്റ്റിന്റെ 90 ശതമാനം സര്‍വീസുകളും നടത്തിയത് എന്ന് ചുരുക്കം. അതുകൊണ്ടാണ് പ്രതിസന്ധി പതിന്മടങ്ങ് രൂക്ഷമായത്.
2019-ല്‍ ഏഴ് ശതമാനം വിമാനങ്ങള്‍ സാങ്കേതിക തകരാറുമൂലം നിലത്തിറക്കേണ്ടി വന്നപ്പോള്‍, 2022 ആയപ്പോഴേക്കും ഏതാണ്ട് പകുതി വിമാനങ്ങളും അറ്റകുറ്റപ്പണിക്ക് വേണ്ടി മാറ്റി നിര്‍ത്തേണ്ട അവസ്ഥയായിരുന്നു ഗോ ഫസ്റ്റിന്. നഷ്ടം കുമിഞ്ഞുകൂടിയപ്പോള്‍ ഇരുവരും തമ്മിലുള്ള മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി ഏപ്രില്‍ 27-ന് ചുരുങ്ങിയത് 10 എന്‍ജിനുകളെങ്കിലും പ്രാറ്റ് ആന്റ് വിറ്റ്‌നി അടിയന്തരമായി നല്‍കണമെന്ന് ധാരണയായിരുന്നു. ഡിസംബറോടെ ബാക്കിയും. എന്നാല്‍ അവര്‍ ആ വാക്ക് പാലിച്ചില്ല. അതോടെയാണ് ഗോ ഫസ്റ്റ് കടുത്ത നടപടിക്ക് മുതിര്‍ന്നത്.
ലുഫ്താന്‍സ മുതല്‍ ഗോ ഫസ്റ്റ് വരെ
2016 ജനുവരിയിലാണ് ഈ സീരീസിലെ എന്‍ജിനുകളില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. ഗോ ഫസ്റ്റിന് ഈ സീരീസിലെ ആദ്യത്തെ വിമാനം ലഭിക്കുന്നത് 2016 ജൂണിലാണ്. ആദ്യവര്‍ഷം തന്നെ അമിതമായ ഇന്ധനം കത്തിത്തീരുന്നതടക്കമുള്ള പരാതികള്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. കൂളിങ് പ്രശ്‌നങ്ങള്‍ കാരണം ആദ്യവിമാനം ലഭിച്ച ലുഫ്താന്‍സ തന്നെ പരാതിയുമായി മുന്നോട്ടു വന്നു.
എയര്‍ബസ് എ320നിയോ വിമാനങ്ങള്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയന്‍ലൈന്‍സും വാങ്ങിയിട്ടുണ്ട്. പക്ഷേ പ്രശ്‌നം തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയ അവര്‍ സിഎഫ്എം എന്‍ജിനുകളിലേക്ക് മാറിത്തുടങ്ങുകയും, പ്രാറ്റ് ആന്റ് വിറ്റ്‌നിയുമായി ചേര്‍ന്ന് പ്രശ്‌നം കഴിയുന്നത്ര രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, അതിനുള്ള സാഹചര്യം ഗോ ഫസ്റ്റിനുണ്ടായില്ല എന്നു മാത്രമല്ല, അവസരമുണ്ടായിട്ടും അത് വിനിയോഗിക്കാനാകാതെ പോകുകയും ചെയ്തു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന് വിവിധ ശ്രേണികളിലുള്ള 250 വിമാനങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇന്‍ഡിഗോക്ക് കാര്യങ്ങള്‍ കൃത്യമായി മാനേജ് ചെയ്യാവുകയും ചെയ്തു.
.jpg?$p=f0ded84&&q=0.8)
ഒച്ചയില്ലാത്ത സ്മാര്‍ട് എന്‍ജിന്‍ !
ഒച്ച കൂടുതലില്ലാത്തതും കുറഞ്ഞ മെയിന്റനന്‍സും ഇന്ധനക്ഷമതയും കമ്പനിയുടെ നല്ല സേവനചരിത്രവും കണ്ടാണ് ഈ എന്‍ജിന് പന്നാലെ പോയതെന്നാണ് ഗോ ഫസ്റ്റ് നല്‍കുന്ന വിശദീകരണം. പ്രധാനമായും ഫാന്‍ ബ്ലേഡുകള്‍ക്കും ഓയില്‍ സീലിനും കംബന്‍സ്റ്റന്‍ ചേംബര്‍ ലൈനിങ്ങിനുമാണ് പ്രശ്‌നങ്ങള്‍ കണ്ടത്. ഈ പ്രശ്‌നങ്ങള്‍ കാരണം ഗോ ഫസ്റ്റിനും ഇന്‍ഡിഗോക്കും മാത്രം 2017-ല്‍ 12 വിമാനങ്ങളാണ് ഒറ്റയടിക്ക് നിലത്തിറക്കേണ്ടി വന്നത്. സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്ന സംഭവങ്ങള്‍ അതിലും എത്രയോ കൂടുതലാണ്. ഇതേത്തുടര്‍ന്ന് 2017-ല്‍ പ്രാറ്റ് ആന്റ് വിറ്റ്‌നിയുമായി നഷ്ടപരിഹാരവും മെയിന്റനന്‍സുമായി ബന്ധപ്പെട്ട കരാറിലെത്തിയതുമാണ്. എന്നാല്‍, മൂന്നു വര്‍ഷത്തിന് ശേഷം 2020-ല്‍ എന്‍ജിന്‍ തകരാര്‍ വീണ്ടും രൂക്ഷമായി. കോവിഡും ലോക്ഡൗണും കഴിഞ്ഞ് വ്യോമയാന രംഗം ശക്തമായ തിരിച്ചുവന്ന 2022-ലാണ് രണ്ട് കമ്പനികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. 2023-ല്‍ മുന്‍വാഗ്ദാനത്തിന് വിപരീതമായി നാലിലൊന്ന് കുറവ് നഷ്ടപരിഹാരമെന്ന നിര്‍ദേശവുമായി പ്രാറ്റ് ആന്റ് വിറ്റ്‌നി രംഗത്തെത്തിയതോടെയാണ് ഗോ ഫസ്റ്റ് പരാതിയുമായി മുന്നോട്ട് പോയത്.
ചൂടും ഉപ്പുരസവും ഹ്യുമിഡിറ്റിയും കൂടുതലുള്ള അന്തരീക്ഷമാണ് ഇന്ത്യന്‍ വിമാനങ്ങളിലെ എന്‍ജിന്‍ തകരാറിന് കാരണമെന്നാണ് പ്രാറ്റ് ആന്റ് വിറ്റ്‌നി അതിന് കാരണം പറഞ്ഞത്. ഗോ എയറിലെ പ്രതിസന്ധിക്ക് കാരണം അവരുടെ മോശം ധനകാര്യമാനേജ്‌മെന്റാണെന്നും പ്രാറ്റ് ആന്റ് വിറ്റ്‌നി വാദിച്ചു. 100 മില്യണ്‍ ഡോളര്‍ ഗോ ഫസ്റ്റ് തങ്ങള്‍ക്ക് നല്‍കാനുണ്ടെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിക്കുള്ളില്‍ ഇന്‍ഡിഗോക്കും ഗോ എയറിനു മാത്രം 42 എന്‍ജിനുകള്‍ പൂര്‍ണമായും മാറ്റി നല്‍കിയെന്നാണ് പ്രാറ്റ് ആന്റ് വിറ്റ്‌നിയുടെ കണക്ക്. കൂടുതല്‍ എണ്ണം മാറ്റി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
പ്രതിസന്ധി ഇന്ത്യയില്‍ മാത്രമല്ല
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ മാത്രമല്ല, ലുഫ്താന്‍സ, എയര്‍ ഹവായിയന്‍, എയര്‍ ടാന്‍സാനിയന്‍, തുടങ്ങിയ കമ്പനികളും പ്രാറ്റ് ആന്റ് വിറ്റ്നിയുടെ എന്‍ജിന്‍ മൂലമുള്ള പ്രതിസന്ധി അനുഭവിക്കുന്നവരാണ്. ലുഫ്താന്‍സ അവരുടെ സ്വിസ് കമ്പനിയുടെ എയര്‍ബസ് എ220 വിമാനങ്ങളുടെ മൂന്നിലൊന്നും (30-ല്‍ പത്ത്) നിലത്തിറക്കേണ്ടി വന്നത് ഇതേ സമയത്താണ്. ഇറാഖി എയര്‍വേയ്‌സ് അവരുടെ എല്ലാ എയര്‍ബസ് എ220 വിമാനങ്ങള്‍ നിലത്തിറക്കിയതും ഈ അടുത്ത ദിവസങ്ങളിലാണ്. അമേരിക്കന്‍ കമ്പനിയായ സ്പിരിറ്റ് എയര്‍വെയ്സ് അടക്കം നഷ്ടക്കണക്കുകളുമായി നിരവധി പേരാണ് പ്രാറ്റ് ആന്റ് വിറ്റ്‌നിക്കെതിരേ നിയമനടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്‍ജിനുകള്‍ തുരുതുരെ തകരാറിലായതോടെ ലോകത്തെങ്ങുമുള്ള വിമാനക്കമ്പനികള്‍ക്ക് അറ്റകുറ്റപ്പണികള്‍ വഴിയോ പുതിയ എന്‍ജിനുകള്‍ നല്‍കിയോ സേവനം ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രാറ്റ് ആന്റ് വിറ്റ്നി എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെയര്‍ പാര്‍ട്‌സുകള്‍ കിട്ടാനില്ലാത്തതു കാരണമാണ് അവര്‍ക്ക് കരാര്‍ പാലിക്കാന്‍ കഴിയാത്തത് എന്നാണ് എയര്‍ബസ് കമ്പനിയുടെ വിശദീകരണം. സംഗതി എന്തായാലും വ്യോമയാന മേഖല ഇതുവഴി നേരിടുന്നത് സാമ്പത്തിക പ്രതിസന്ധിക്കപ്പുറം സുരക്ഷാ പ്രതിസന്ധി കൂടിയാണ് എന്ന് വ്യക്തം.

വിമാന ടിക്കറ്റ് നിരക്കിന്റെ പകുതിയോളവും പോകുന്നത് ഇന്ധന (Aviation Turbine Fuel - ATF) ചെലവിലേക്കാണ്. രാജ്യത്തെ ഇന്ധനവില മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ എത്രയോ കൂടുതലാണ്. രാജ്യത്തെ നികുതിയും പണക്കൈമാറ്റത്തിന് ഡോളറിനെ ആശ്രയിക്കുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളുമെല്ലാം വേറേയുമുണ്ട്. ഇതിനിടെയാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള ബജറ്റ് എയര്‍ലൈനുകള്‍ മത്സരിക്കുന്നത്. ഗോ ഫസ്റ്റിന്റെ വിമാനങ്ങളെല്ലാം സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ എതിരാളികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, പുതിയതായെത്തിയ അകാസ എന്നീ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കാമെന്നാണ് കണക്കുകൂട്ടല്‍. അത് ഏറെക്കുറേ ശരിയുമാണ്. പെട്ടെന്ന് ഗോ ഫസ്റ്റ് വിമാനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ അടുത്ത നാല് മാസത്തിനുള്ളില്‍ ആഭ്യന്തര ടിക്കറ്റ് നിരക്കില്‍ 50 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തിലെ മൂന്നാമത്തെ വലിയ എയര്‍ലൈന്‍ മാര്‍ക്കറ്റാണ് ഇന്ത്യയുടേത്. അവിടെയാണ് വിമാനങ്ങള്‍ നിലത്തിറക്കിയതുമൂലം 10,800 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് ഒരു കമ്പനി പറയുന്നത്. മറ്റ് ചെലവുകള്‍ വേറെയുമുണ്ട്. മിസ്മാനേജ്‌മെന്റും ധൂര്‍ത്തും കാരണമായിരുന്നു സമീപകാലത്തെ എണ്ണപ്പെട്ട കമ്പനികള്‍ പൊളിഞ്ഞതെങ്കില്‍ ഗോ ഫസ്റ്റിന്റെ കഥ വ്യത്യസ്തമാണ്. പ്രതിസന്ധി നിറഞ്ഞ ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍ ഇത്രയും കാലം പിടിച്ചുനിന്ന ഒരു കമ്പനി സാങ്കേതിക തകരാറിന്റെ പേരില്‍ മാത്രം കെട്ടടങ്ങേണ്ടി വരുന്നത് ലോകത്തെ വലിയ സാമ്പത്തിക ശക്തിയായിക്കൊണ്ടിരിക്കുന്ന ഇന്ത്യക്ക് ഭൂഷണമല്ല.
അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 2200 എയര്‍ക്രാഫ്റ്റുകള്‍ നമുക്ക് ആവശ്യം വരുമെന്നാണ് ഏകദേശ കണക്ക്. വിമാനയാത്ര തിരഞ്ഞെടുക്കാവുന്ന വലിയ മധ്യവര്‍ഗ്ഗമുള്ള ഇന്ത്യയില്‍ എയര്‍ലൈന്‍ ബിസിനസ് മേഖലക്ക് വളരാന്‍ അനുകൂലമായ സാഹചര്യവുമുണ്ട്. അവിടെയാണ് എന്‍ജിന്‍ തകരാറിന്റെ പേരില്‍ രാജ്യത്തെ അഞ്ചാമത്തെ വലിയ വിമാനക്കമ്പനി പ്രതിസന്ധി നേരിടുന്നത്. അവിടെയാണ് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിന് പ്രാധാന്യമേറുന്നത്.
Content Highlights: Go First Airline Crises
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..