ന്ത്യൻ ആഭ്യന്തര വ്യോമയാനരംഗത്ത് ഏതാണ്ട് 65 ശതമാനവും കൈയിലുള്ള രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇൻഡിഗോ. വിമാനക്കമ്പനികൾ ഓരോന്ന് ഇല്ലാതാവുമ്പോഴും തിരിഞ്ഞു നോക്കാതെ മുകളിലേക്ക് വളർന്ന, ഫ്ളീറ്റ് മാനേജ്മെന്റിന്റെ ഉത്തമ മാതൃക. വിമാനങ്ങൾ താഴെ ഇറക്കേണ്ടി വന്നപ്പോഴും ഡിജിസിഎ കൈത്താങ്ങുമായി പലതവണ വന്നത് ആ കമ്പനിക്ക് വ്യോമയാന മേഖലയിലുള്ള പ്രാധാന്യം കൊണ്ടാണ്. എന്തുകൊണ്ടാണ് ഇൻഡിഗോ മാത്രം ഇത്ര വലിയ പ്രതിസന്ധിയിൽ വീണുപോയത്. സിവിൽ ഏവിയേഷൻ മേഖലയിൽ ലോകോത്തര മാതൃകയായി ചൂണ്ടിക്കാണിക്കപ്പെട്ട ഇൻഡിഗോ എന്തുകൊണ്ടാണ് പുതിയ ചട്ടങ്ങൾ വന്നപ്പോൾ ഇത്ര വലിയ പ്രതിസന്ധിയിൽ ചെന്നുപെട്ടത്?.

To advertise here,

പൈലറ്റുമാരുടെ ജോലി സമയത്തിൽ വരുത്തിയ മാറ്റം ഉടൻ നടപ്പിലാക്കണമെന്ന ഉത്തരവ് പാലിക്കാൻ നിർബന്ധിതരായതാണ് പെട്ടെന്നുണ്ടായ കാരണം. സമയമേറെ ഉണ്ടായിരുന്നിട്ടും ആവശ്യത്തിന് പൈലറ്റുമാരെ നിയമിക്കാൻ ശ്രമിച്ചില്ല എന്നാണ് പൈലറ്റുമാരുടെ സംഘടനകളുടെ ആരോപണം. ഏറ്റവും കുടുതലുള്ള എയർബസ് 320 ഫാമിലിയിൽ പെട്ട വിമാനങ്ങൾക്ക് പെട്ടെന്ന് വന്ന സോഫ്റ്റ്​വെയർ അപ്ഡേറ്റാണ് മറ്റൊരു കാരണം. എന്തായിരുന്നോ ഉപയോക്താക്കൾ എല്ലാവരും അടുത്ത ദിവസം വരെ ഇൻഡിഗോയെ പുകഴ്ത്താൻ കാരണം, അതു തന്നെയാണ് അവർക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.

ഇൻഡിഗോ മാതൃക

ഏത് നട്ടപ്പാതിരിക്കും, വെളുപ്പാൻകാലത്തും രാജ്യത്തെ ഏത് കോണിലേക്കും ഫ്ലൈറ്റുകൾ. പറഞ്ഞ സമയത്തിന് മുമ്പേ ലാൻഡിങ്, സുലഭമായ കണക്ഷൻ ഫ്ളൈറ്റുകൾ... ഇൻ‍ഡിഗോയെക്കുറിച്ച് പറയുമ്പോൾ ആരും ആദ്യം പറയുന്ന കാര്യങ്ങളാണിവ. ഇൻഡിഗോയുടെ കൈയിലുള്ള 413 വിമാനങ്ങളിൽ ഏതാണ്ട് 80 ശതമാനത്തിലധികവും എയർബസിന്റെ നാരോബോഡി എയർക്രാഫ്റ്റുകളാണ്. അതായത് A320-200, A320neo, A321neo എന്നിവ. (ബോയിങ് അടക്കമുള്ള മറ്റ് ഫ്ളൈറ്റുകൾ വിദേശ കമ്പനികളിൽ നിന്ന് ലീസിനെടുത്ത് സർവീസ് നടത്തുന്നുമുണ്ട്.). താരതമ്യേന ഇന്ധനക്ഷമതയുള്ള, മെയിന്റനൻസ് കുറവുള്ള നാരോബോഡി എയർക്രാഫ്റ്റുകൾ ഉപയോഗിച്ച്, രാത്രിയും പകലും ഒരുപോലെ സർവീസുകൾ സംയോജിപ്പിച്ച് വിജയകരമായി മുന്നോട്ടു പോകുകയായിരുന്നു ഇൻഡിഗോ. നിർത്താതെ പറക്കുകയായിരുന്നു ഇൻഡിഗോ വിമാനങ്ങൾ എന്നു പറയുന്നതാവും ശരി.

ഇൻഡിഗോയുടെ ഫ്ളീറ്റ് മാനേജ്മെന്റ്, മാനേജ്മെന്റ് വിദഗ്ധർ പലപ്പോഴും എടുത്തുപറയാറുള്ളതാണ്. രാജ്യത്ത് പൈലറ്റുമാരുടെ ക്ഷാമമുണ്ടാവുമ്പോഴും മറ്റു പ്രതിസന്ധികൾ ഭീഷണിയാകുമ്പോഴും വലിയ പരിക്കില്ലാതെ രക്ഷപ്പെട്ട ആ ഇൻഡിഗോ ഇപ്പോൾ അകപ്പെട്ടിരിക്കുന്നത് ചെറുതല്ലാത്ത പ്രതിസന്ധിയിലാണ്.

2024 ജൂണിൽ നടപ്പിലാക്കേണ്ടിയിരുന്ന വിമാന ജോലിക്കാരുടെ ജോലി സമയം സംബന്ധിച്ച ചട്ടങ്ങൾ ( FDTL- Flight Duty Time Limitations) നടപ്പിലാക്കാൻ ഡൽഹി ഹൈക്കോടതി ഇടപെട്ടതോടെയാണ് ഇൻഡിഗോ വെട്ടിലായത്. വേണ്ടത്ര വിശ്രമമില്ലാതെ ജോലി ചെയ്യുന്നതും, ഉറക്കം കൃത്യമായി ലഭിക്കാത്തതും കാരണം പൈലറ്റുമാരുടെ ജോലിസമയം നീളുന്നത് വ്യോമസുരക്ഷയെ ബാധിക്കുന്നുവെന്ന് വന്നപ്പോഴാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഈ ചട്ടങ്ങളുമായി മുന്നോട്ടു വന്നത്. ഈ ചട്ടങ്ങളൊന്നും ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികളുടെ പ്രവർത്തന രീതിയുമായി ചേർന്നുപോകുന്നതായിരുന്നില്ല. ‌പ്രത്യേകിച്ചും ഇൻഡിഗോയുടെ കാര്യത്തിൽ. 2024 ജൂൺ മുതൽ നടപ്പിൽ വരുത്താനായിരുന്നു നിർദേശമെങ്കിലും ആവശ്യത്തിന് പൈലറ്റുമാരില്ലെന്ന കാരണം പറഞ്ഞ് ഇൻഡിഗോ അടക്കമുള്ളവർ രംഗത്തെത്തിയതോടെ അത് നീണ്ടുപോയി. എന്നാൽ ഡൽഹി ഹൈക്കോടതി ഇടപെട്ടതോടെ ഈ വർഷം നടപ്പാക്കാൻ ഡിജിസിഎ തീരുമാനിക്കുകയായിരുന്നു. അതും രണ്ട് ഘട്ടങ്ങളായി, ആദ്യത്തേത് ജൂലായിലും നവംബറിലും.

രണ്ട് ഘട്ടത്തിലുമായി 22 നിർദേശങ്ങളായിരുന്നു വിമാനക്കമ്പനികൾ നടപ്പിലാക്കേണ്ടിയിരുന്നത്. ആഴ്ചയിൽ 36 മണിക്കൂറെങ്കിലും ഒരുമിച്ച് വിശ്രമം വേണമെന്നത് 48 മണിക്കൂർ എന്നാക്കിയതടക്കമുള്ള 15 ഭേദഗതികൾ ആദ്യത്തെ ഘട്ടത്തിലായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്. പൈലറ്റുമാർക്ക് നൈറ്റ് ലാൻഡിങ് ഒരാഴ്ച ആറെണ്ണമേ പാടുള്ളൂ എന്ന നിബന്ധന, ആഴ്ചയിൽ രണ്ട് നൈറ്റ് ലാൻഡിങ് എന്നാക്കി ഭേദഗതി ചെയ്തത് അടക്കമുള്ള 7 ചട്ടങ്ങൾ നവംബർ ഒന്നിന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിലായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്. ഇവിടെയാണ് ഇൻഡിഗോ കിതച്ചു തുടങ്ങിയത്.

പാതിരാ ഫ്ലൈറ്റുകൾ (Red eyE FLIGHTS) അധികമുള്ള ഇൻഡിഗോ ശരിക്കും പെട്ടു. 36 മണിക്കൂറിൽ നിന്നും 48 മണിക്കൂർ റെസ്റ്റ് ടൈം വർദ്ധിപ്പിച്ചുകൊണ്ടുള്ള ചട്ടവും രാത്രി ലാൻഡിങ് ആറിൽ നിന്നും രണ്ടാക്കിയ ചട്ടവും ഒന്നിച്ചുവന്നപ്പോൾ പ്രത്യേകിച്ചും. രാത്രി 12 മുതൽ പുലർച്ചെ 5 മണി വരെയുള്ള ജോലിസമയം നൈറ്റ് ഡ്യൂട്ടിയായി കണക്കാക്കുന്നത് രാവിലെ ആറുമണി വരെയായി വർദ്ധിപ്പിക്കാനും പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു. പൈലറ്റുമാർക്ക് വിശ്രമം കൊടുക്കാതെ തരമില്ലെന്നായി. നവംബറിൽ ഇക്കാരണങ്ങളാൽ 755 ഫ്ലൈറ്റുകളാണ് ഇൻഡിഗോക്ക് കാൻസൽ ചെയ്യേണ്ടി വന്നത്. ഡിസംബറായപ്പോൾ പ്രതിസന്ധി രൂക്ഷമായി. ഇൻഡിഗോ എന്തൊക്കെ കാരണം കൊണ്ടായിരുന്നോ യാതക്കാരുടെ ഇഷ്ടം നേടിയത്, ആ മേഖലയെ എല്ലാം ഇത് ബാധിച്ചു. ക്രമേണ എല്ലാം താറുമാറായി. മുപ്പത് ശതമാനത്തിലേറെ ഫ്ലൈറ്റുകൾ കാൻസൽ ചെയ്യേണ്ടി വന്നു.

നവംബറിലെ കണക്കെടുത്താൽ ഇൻഡിഗോയാണ് ഏറ്റവും കുടുതൽ യാത്രക്കാരെ കൊണ്ടുപോയത്, അതായത് 65.6 ശതമാനം. രണ്ടാം സ്ഥാനത്ത് എയർ ഇന്ത്യ ഗ്രൂപ്പാണ് - 25.7 ശതമാനം. മൂന്നാംസ്ഥാനത്ത് അകാസയാണ് -5.2 ശതമാനം, നാലാംസ്ഥാനത്ത് സ്പൈസ് ജെറ്റ് - 2.6 ശതമാനം. ഇൻഡിഗോയുടെ പ്രാധാന്യം ഇതിൽ നിന്നും തന്നെ വ്യക്തം. ഒരു ദിവസം 2300 സർവീസുകൾ. പകുതി സർവീസുകൾ നിർത്തിവെക്കേണ്ടി വന്നാൽ പോലും അത് 1150 സർവീസുകളാവും. രാജ്യത്തെ ആഭ്യന്തര സർവീസുകൾ 65 ശതമാനം കൈയാളുന്ന ഇൻഡിഗോ മുടങ്ങിയപ്പോൾ അത് വ്യോമയാന മേഖലയിൽ തന്നെ വലിയ തിരിച്ചടിയായി. അതോടെ ഇൻഡിഗോ വീണ്ടും ഇളവ് ആവശ്യപ്പെട്ടു. ഒടുവിൽ രാജ്യത്തെ വ്യോമഗതാഗത പ്രതിസന്ധി മനസ്സിലാക്കി ഡിജിസിഎ വഴങ്ങി. പൈലറ്റുമാർ അവധിയെടുത്താൽ അതും നിർബന്ധിത വിശ്രമത്തിന്റെ പരിധിയിൽ കൊണ്ടുവരാം, നൈറ്റ് ഡ്യൂട്ടിയിലെ നിബന്ധന തുടങ്ങിയവ നടപ്പിൽ വരുത്താൻ സമയപരിധി നീട്ടി തുടങ്ങിയവയായിരുന്നു ഇളവ്. പുതിയ സാഹചര്യത്തിൽ ഫെബ്രുവരി 10 വരെ നൈറ്റ്ഡ്യൂട്ടിയുടേയും, രാത്രി ലാൻഡിങ്ങിന്റെയും കാര്യത്തിൽ ഇൻഡിഗോക്ക് മാത്രം ഇളവ് ലഭിച്ചു. രാത്രി ഡ്യൂട്ടിസമയം പുലർച്ചെ അഞ്ച് വരെ തന്നെയായും പൈലറ്റുമാരുടെ രാത്രി ലാൻഡിങ് ആഴ്ചയിൽ ആറായും ഇൻഡിഗോക്ക് ഫെബ്രുവരി 10 വരെ തുടരാം.

ചോദ്യമുനയിൽ ഇൻഡിഗോ

രണ്ടു വർഷത്തോളം മുമ്പേ നിർദേശമുണ്ടായിട്ടും നിസ്സംഗമായി മുന്നോട്ടുപോയ ഇൻഡിഗോയുടെ നയത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ദീർഘവീക്ഷണമില്ലാഞ്ഞതും പൈലറ്റുമാരെയടക്കം നിയമിക്കുന്നതിൽ നിന്ന് പിൻമാറിയതുമൊക്കെയാണ് പ്രധാന കാരണമായി പറയുന്നത്. വിമാനക്കമ്പനികൾ ആരും ഈ നിർദേശങ്ങളെ ഗൗരവമായി കണ്ട് കൃത്യമായ നടപടികളുമായി മുന്നോട്ടുപോയില്ലെന്ന് എയർലൈൻ പൈലറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (Airline Pilots’ Association of India (ALPA) ആരോപിക്കുന്നു.

ചട്ടം നടപ്പിലാക്കേണ്ട മേഖലകളിൽ, പ്രത്യേകിച്ചും വിമാനയാത്രയുമായി നേരിട്ട് ബന്ധപ്പെടുന്ന മേഖലയിൽ കൂടുതൽ ജീവനക്കാരെ ജോലിക്കെടുക്കാതെ നിലവിലുള്ളവരെ അധിക ജോലി ചെയ്യിപ്പിച്ച് മുന്നോട്ടുപോയ മാനേജ്മെന്റ് നടപടിയാണ് ഇൻഡിഗോയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (Federation of Indian Pilots (FIP) ആരോപിക്കുന്നു. ചട്ടങ്ങൾ നടപ്പിലാക്കാൻ നിർദേശം വന്നെങ്കിലും റിക്രൂട്ടിങ് മരവിപ്പിച്ചും മറ്റും മുന്നോട്ടുപോയ ഇൻഡിഗോയെ സംഘടന വിമർശിക്കുന്നുമുണ്ട്. ഇപ്പോൾ ഇൻഡിഗോയ്ക്ക് മാത്രമായി ഇളവ് നൽകിയത് ശരിയായില്ലെന്നും അത് അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും എയർലൈൻ പൈലറ്റ് അസോസിയേഷൻ ആരോപിച്ചു.

നിലത്തിറങ്ങി വിശ്രമിക്കാൻ പോലും സമയമില്ലാതെ ഫ്ലൈറ്റുകൾ ഓടിച്ച് മുതലാക്കുക എന്ന ബിസിനസ് മോഡലിന് ഏറ്റ ആദ്യത്തെ വലിയ തിരിച്ചടിയായാണ് ഈ പ്രശ്നത്തെ വിദഗ്ധർ നോക്കിക്കാണുന്നത്. മറ്റു വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് രാത്രികാല വിശ്രമ സമയം കൂടുതലുണ്ട്. എന്നാൽ ഇൻഡിഗോയുടെ കാര്യത്തിൽ വിമാനങ്ങളുടെ വിശ്രമ സമയം (Rest hours) കുറവാണ്. പാതിരാഫ്ളൈറ്റുകൾ രാജ്യത്തെ അത്രപ്രാധാന്യമില്ലാത്ത വിമാനത്താവളങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ സർവീസ് നടത്തി, പാർക്കിങ്ങും മെയിന്റനൻസും ചെയ്തുപോരുന്ന രീതിയാണ് ഇൻഡിഗോ തുടർന്നുപോരുന്നത്. രാത്രി പാർക്കിങ് സമയം കൂടുതലുള്ളതുകൊണ്ടാണ് മറ്റ് വിമാനക്കമ്പനികൾ ചട്ടങ്ങൾ നടപ്പാക്കിയെങ്കിലും വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. 

എയർബസ് സോഫ്റ്റ് വേർ അപ്ഡേഷൻ

ഈ സമയത്തു തന്നെയാണ് ഇൻഡിഗോയുടെ കൈയിലുള്ള എയർബസ് 320 വിമാനങ്ങളിൽ പകുതിയെണ്ണത്തിനും അടിയന്തിര സോഫ്റ്റ്​വേർ അപ്ഡേഷൻ വന്നത്. JetBlue വിമാനം കനത്ത അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സംഭവം സോളാർ റേഡിയേഷൻ കാരണമാണെന്നും ലോകത്ത് ഏതാണ്ട് 6000 ഓളം വരുന്ന എയർബസ് 320 ശ്രേണിയിൽപ്പെട്ട വിമാനങ്ങൾക്ക് അടിയന്തിര സോഫ്റ്റ്​വേർ അപ്ഡേഷൻ വേണമെന്നുമായിരുന്നു നവംബർ 28 ന് നിർദേശം. ഇൻഡിഗോയുടെ ഏതാണ്ട് പകുതി വിമാനങ്ങളും നിലത്തിറക്കേണ്ടി വന്നു. നിലംതൊടാതെ പറന്ന ഇൻഡിഗോ വിമാനങ്ങൾ താൽക്കാലികമായെങ്കിലും നിലത്തിറക്കേണ്ടി വന്നത് പ്രതിസന്ധി കനക്കാൻ ഒരു കാരണമായി. വിന്റർ ഷെഡ്യൂളിലുണ്ടായ പ്രതിസന്ധികളും, കാലാവസ്ഥയുമൊക്കെ അതിന് ആക്കം കൂട്ടി.

തൽക്കാലം ചില കാര്യങ്ങളിൽ ഫെബ്രുവരി 10 വരെ സമയം നീട്ടിക്കിട്ടിയെങ്കിലും ഇൻഡിഗോയുടെ കാര്യത്തിൽ മാനേജ്മെന്റ് പോളിസികളിൽ കാര്യമായ മാറ്റം ആവശ്യമാണ്. ഷെഡ്യുളുകളുടെ കാര്യത്തിലും നിരക്കിന്റെ കാര്യത്തിലും അത് യാത്രക്കാരെ എങ്ങനെ ബാധിക്കുമെന്ന കാര്യമാണ് ഇനി കണ്ടറിയേണ്ടത്.