1949 നവംബർ 26-ന് ഭരണഘടന നിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിലൂടെ പുതിയ ഇന്ത്യയെ സൃഷ്ടിക്കുകയായിരുന്നു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ ഭരണഘടന ആമുഖത്തിലെ 85 വാക്കുകളിൽ അന്തർലീനമായിട്ടുണ്ട്. ആ മൂല്യങ്ങൾക്ക് വെല്ലുവിളി നേരിട്ടാൽ മറികടക്കാനുള്ള കരുത്തുണ്ടോ ഇന്ത്യൻ ഭരണഘടനയ്ക്ക്. ഭരണഘടനാദിനത്തിന്റെ ഭാഗമായി 'മാതൃഭൂമി' സംഘടിപ്പിച്ച ചർച്ചയിൽ ഉയർന്നത് ഏത് വെല്ലുവിളിയേയും നേരിടാനുള്ള കരുത്ത് ഇന്ത്യൻ ഭരണഘടനയ്ക്ക് ഉണ്ടെന്ന അഭിപ്രായമാണ്.
മുൻ എം.പി.യും അഭിഭാഷകനുമായ ഡോ.സെബാസ്റ്റിയൻ പോൾ, മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ രഞ്ജിത് തമ്പാൻ, സുപ്രീംകോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഡ്വ. പാർവതി എ.മേനോൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. മാതൃഭൂമി സീനിയർ റിപ്പോർട്ടർ വി.എസ്.സിജു മോഡറേറ്ററായി.

ഡോ. സെബാസ്റ്റ്യൻ പോൾ
ഇന്ത്യൻ ഭരണഘടനയുടെ വൈശിഷ്ട്യത്തെ കുറിച്ച് ആർക്കും സംശയമില്ല. ലോകരാഷ്ട്രങ്ങളുടെ ആദരം പിടിച്ചുപറ്റിയ ഭരണഘടനയാണ് നമ്മുടേത്. ഇന്ത്യ ഭരണഘടന അംഗീകരിച്ചതിന് പിന്നാലെ ബ്രിട്ടനിലെ അക്കാദമിക് പണ്ഡിതനായ സർ വില്യം ഐവർ ജെന്നിങ്‌സ് പറഞ്ഞത് നാലോ അഞ്ചോ കൊല്ലം അതിനപ്പുറം ഇത് പോകില്ലെന്നാണ്. ശൈശവ മരണമാണ് ഐവർ ജെന്നിങ്‌സിനെ പോലെയുള്ളവർ അന്ന് കണ്ട അപകടം, പക്ഷേ നമ്മൾ ഏഴ് ദശാബ്ദം അതിജീവിച്ചു.

To advertise here,

ഐവർ ജെന്നിങ്‌സ് പിന്നീട് ശ്രീലങ്കയ്ക്കായി തയ്യാറാക്കിയ ഭരണഘടനയുടെ ആയുസ്സ് നാലോ അഞ്ചോ വർഷം മാത്രമായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ ഭരണഘടന എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നിലനിൽക്കുന്നു എന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു, അത് ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന മൂല്യങ്ങളുടെ കരുത്താണ്. എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതാണ് നമ്മുടെ ഭരണഘടനയുടെ സവിശേഷത. ആമുഖത്തിൽ പറയുന്ന സ്വാതന്ത്ര്യം മുതൽ അന്തസ്സു വരെയുള്ള മാനവികതയുടെ മൂല്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് നിലനിൽക്കാൻ കഴിഞ്ഞു എന്നതാണ് കരുത്തായി മാറിയത്. ഏറ്റവും വലിയ വെല്ലുവിളി ഉണ്ടായത് അടിയന്തരാവസ്ഥയിലാണ്- അതുൾപ്പെടെ ഏത് വെല്ലുവിളിയെയും അതിജീവിക്കുന്നതിനുള്ള പ്രാപ്തി ഭരണഘടനയ്ക്ക് ഉണ്ടെന്ന് കാലം തെളിയിച്ചു.
അഡ്വ. രഞ്ജിത് തമ്പാൻ
ഭരണഘടന നിർമ്മാണ സഭ ഭരണഘടന അംഗീകരിച്ച ശേഷം ഡോ.ബി.ആർ.അംബേദ്കറുടെ വിഖ്യാതമായ പ്രസ്താവനയുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടന തന്നെ ജനങ്ങൾക്ക് നൽകിയാലും കൈകാര്യം ചെയ്യുന്ന വ്യക്തികൾ മോശക്കാരാണെങ്കിൽ ആ ഭരണഘടന ഏറ്റവും മോശമായിമാറും, അതേ സമയം മോശം ഭരണഘടനയാണെങ്കിലും കൈകാര്യം ചെയ്യുന്നവരുടെ മികവിൽ മികച്ച ഭരണഘടനയായും മാറിയേക്കുമെന്നുമായിരുന്നു അംബേദ്ക്കർ അഭിപ്രായപ്പെട്ടത്.

ഭരണഘടന ആമുഖത്തിൽ പറയുന്ന 'വീ ദ പീപ്പിൾ' (We the People) ആണ് ഏറ്റവും പ്രധാനം. ജനങ്ങളുടെ ഇച്ഛാശക്തിയും മൂല്യങ്ങളും ഉള്ളിടത്തോളം കാലമേ ഭരണഘടനയ്ക്ക് പ്രസക്തിയുള്ളൂ.

മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്: നിങ്ങൾ സത്യത്തെ മുറുകെ പിടിക്കൂ, അപ്പോൾ നിയമം നിങ്ങളുടെ പാതയിൽ ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ഭരണഘടനയും ജനാധിപത്യ ഇന്ത്യയും നിലനിൽക്കുന്നത്. 1947-ന് മുമ്പ് ഇന്ത്യയെ ചിന്നഭിന്നമാക്കാനുള്ള വലിയൊരു ബാൽക്കണൈസേഷൻ പ്ലാൻ ഉണ്ടായിരുന്നു. തിരുവിതാംകൂർ രാജാവും ഹൈദരാബാദ് നൈസാമും സ്വതന്ത്ര രാജ്യങ്ങളാകാൻ ശ്രമിച്ചപ്പോൾ അതിനെയൊക്കെ ചെറുത്തുതോൽപ്പിച്ചത് ജനങ്ങളാണ്. അതുകൊണ്ടാണ് 'വീ ദ പീപ്പിൾ' ആണ് ഏറ്റവും പ്രധാനം എന്ന് പറയുന്നത്.

1975-ലെ അടിയന്തരാവസ്ഥക്കാലത്ത് ജീവിക്കാനുള്ള അവകാശം പൗരനില്ല എന്ന് (എ.ഡി.എം. ജബൽപൂർ കേസിൽ ആർട്ടിക്കിൾ 21 നെക്കുറിച്ച്) പ്രഖ്യാപിച്ച കോടതിയാണ് സുപ്രീം കോടതി. നീതിന്യായ കോടതികളും മാധ്യമങ്ങളും ഭരണകൂടത്തിന് മുന്നിൽ വഴങ്ങിയപ്പോഴും അതിനെ ചെറുത്തുതോൽപ്പിച്ചത് ജനങ്ങളാണ്. മോഹൻ ഭഗവതിനെപ്പോലുള്ളവർ ഇപ്പോൾ ഭരണഘടനയെ മാനിക്കുന്നുണ്ട്. ഗോൾവാർക്കർ പണ്ട് 'ബഞ്ച് ഓഫ് തോട്‌സ്' എന്ന പുസ്തകത്തിൽ ഇത് വെറുമൊരു കടലാസിന്റെ വിലപോലുമില്ലാത്തതാണെന്ന് എഴുതിയിരുന്നു. ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്, എന്നാൽ ഇതൊരു തന്ത്രമാകാനാണ് സാധ്യത. ജനങ്ങളുടെ ചേർത്തുനിൽപ്പും ഇച്ഛാശക്തിയും ഉള്ളിടത്തോളം കാലമേ ഭരണഘടനയ്ക്ക് പ്രസക്തിയുള്ളൂ.
അഡ്വ. പാർവതി എ. മേനോൻ
അഭിഭാഷക എന്ന നിലയിലും നിയമ വിദ്യാർഥി എന്ന നിലയിലും പറയുകയാണെങ്കിൽ, എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ഭരണഘടന. ഭരണഘടനാപരമായ ധാർമികത (Constitutional Morality) നിലനിർത്തുന്നിടത്തോളം കാലം ഭരണഘടന നിലനിൽക്കും. എല്ലാവർക്കും സംരക്ഷണവും സുരക്ഷയും ഉറപ്പാക്കന്ന ഒന്നാണ് ഭരണഘടന. കോടതികളുടെ ഇടപെടലുകളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയുമാണ് മൗലികാവകാശങ്ങളും ഭരണഘടനയും ഒരു വലിയ ആൽമരം പോലെ വളർന്നു പന്തലിച്ചത്. എന്നാൽ പല സ്ഥലത്തും ഭരണഘടനാപരമായ ധാർമികത നഷ്ടപ്പെട്ടു പോകുന്നുണ്ട്. അഴിമതിയാണ് പ്രധാന വെല്ലുവിളി. അഴിമതി തുടച്ചുനീക്കി സ്ട്രീംലൈൻ ചെയ്യാൻ ജനങ്ങൾക്കും ഭരണാധികാരികൾക്കും സാധിച്ചാൽ ഭരണഘടന എന്നും നിലനിൽക്കും.

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയവും ഭരണഘടനയും

ഡോ. സെബാസ്റ്റ്യൻ പോൾ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് എല്ലാം ഉൾക്കൊള്ളുക എന്ന ഭരണഘടന ലക്ഷ്യത്തിന്റെ പൂർണ്ണമായ നിഷേധമാണ്. 1952-ലും 1957-ലും 1967-ലും ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടന്നത്. എന്നാൽ 1957-ലെ കേരള ഗവൺമെന്റിനെ 1959-ൽ കേന്ദ്രം പിരിച്ചുവിട്ടതുപോലെയുള്ള സാഹചര്യങ്ങൾ പിന്നീട് ഉണ്ടായി. സംസ്ഥാനങ്ങളിൽ ഇടയ്ക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പുകൾ ഭരണാധികാരികൾക്ക് സ്വന്തം നയങ്ങൾ പുനഃപരിശോധിക്കാനും ജനവികാരം മനസ്സിലാക്കാനും അവസരം നൽകുന്നുണ്ട്. അത് ജനാധിപത്യത്തിന്റെ കരുത്താണ്.

അമേരിക്കയിൽ ഒരു പ്രസിഡന്റിന്റെ നാലു വർഷത്തെ കാലാവധിക്കിടയിൽ ഗവർണർമാർ ജനപ്രതിനിധി സഭ എന്നിവിടങ്ങളിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്. ജനവിധി എതിരായപ്പോൾ ട്രംപിന്റെ പാർട്ടിക്ക് സ്വന്തം നയങ്ങൾ പുനഃപരിശോധിക്കാൻ പ്രേരണയായി. ഇടക്കാല തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുമ്പോൾ ഭരണകൂടങ്ങൾക്ക് തങ്ങളുടെ നയങ്ങളിൽ വീണ്ടുവിചാരത്തിനും ജനങ്ങളുടെ സ്പന്ദനം മനസ്സിലാക്കാനും അവസരം ലഭിക്കുന്നു. ഇടയ്ക്കിടെ തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ഭരണകൂടങ്ങൾക്ക് അത് വലിയൊരു ഓർമ്മപ്പെടുത്തലായി മാറും. ഭരണം കൂടുതൽ മെച്ചപ്പെടുത്താൻ അവരെ നിർബന്ധിതരാക്കും.
അഡ്വ. രഞ്ജിത് തമ്പാൻ
ഈ ആശയം ഒരു നിലയ്ക്കും ഭരണഘടനാപരമല്ല. ഭരണഘടനയുടെ അടിസ്ഥാന തത്വമായ ഫെഡറലിസത്തെയും വൈവിധ്യത്തിലെ ഏകത്വത്തെയും ഇല്ലാതാക്കുന്ന ഒന്നാണിത്. സാമ്പത്തിക ചെലവ് ചുരുക്കൽ എന്നത് ജനാധിപത്യപരമായ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ഒഴികഴിവ് മാത്രമാണ്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചത് ഭരണഘടനാപരമായ ധാർമികതയ്ക്ക് നിരക്കാത്തതാണ്. കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി നിർവചിച്ച ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാൻ കഴിയില്ലെന്ന തത്വത്തിന് തികച്ചും എതിരാണ് ഈ നീക്കം. ഇത് സംസ്ഥാനങ്ങളുടെ അധികാരങ്ങളെയും നിലനിൽപ്പിനെയും സാരമായി ബാധിക്കും. ഒരൊറ്റ പോപ്പുലർ നേതാവിന്റെ പേരിൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും എന്തിന് പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും വരെ ഒരൊറ്റ തിരഞ്ഞെടുപ്പ് നടത്തുക എന്നത് തികച്ചും ഏകാധിപത്യപരമായ ചിന്താഗതിയാണ്. 1974-1977 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി പ്രസിഡൻഷ്യൽ രീതിയിലേക്ക് മാറാൻ ശ്രമിച്ചതിനോടാണ് ഇതിനെ താരതമ്യം ചെയ്യേണ്ടത്.
അഡ്വ. പാർവതി എ. മേനോൻ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ (Basic Structure) നേരിട്ട് ബാധിക്കുന്നതാണ്. ജനാധിപത്യവും ഫെഡറലിസവും ചേരുന്നതാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന. വൈവിധ്യമാർന്ന ചിന്താഗതികളും രാഷ്ട്രീയ നിലപാടുകളുമുള്ള ജനങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ ജനാധിപത്യം ശരിയായ രീതിയിൽ മുന്നോട്ടുപോകാൻ ജനങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള ചോയ്‌സ് ഉണ്ടായിരിക്കണം.

ഇടയ്ക്കിടെ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകൾ ഭരണാധികാരികൾക്കുള്ള വലിയൊരു ഓർമ്മപ്പെടുത്തലാണ്. ഏതെങ്കിലും സംസ്ഥാനത്ത് ഭരിക്കുന്ന പാർട്ടിക്ക് എതിരായ ഫലമുണ്ടാകുമ്പോൾ, തങ്ങൾ ചെയ്യുന്നത് ശരിയല്ലെന്ന തിരിച്ചറിവ് ഭരണാധികാരികൾക്ക് ലഭിക്കുകയും ജനവികാരം മനസ്സിലാക്കി ഭരണം മെച്ചപ്പെടുത്താനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും അവസരം ലഭിക്കുന്നു. ഒറ്റ തിരഞ്ഞെടുപ്പിലേക്ക് മാറുമ്പോൾ ഭരണകൂടങ്ങൾക്ക് ഭരണം മെച്ചപ്പെടുത്താനുള്ള ഈ അവസരം പൂർണ്ണമായും നഷ്ടപ്പെടുന്നു.
ഈ ആശയത്തെ അനുകൂലിക്കുന്നവർക്ക് പറയാൻ 'ഖജനാവിന് ലാഭം' എന്ന ഒരൊറ്റ കാര്യം മാത്രമേയുള്ളൂ. എന്നാൽ സാമ്പത്തിക ലാഭത്തിനായി ജനാധിപത്യ മൂല്യങ്ങൾ ബലികഴിച്ചാൽ അതിന് രാജ്യം വലിയ വില നൽകേണ്ടിവരും.

എസ്.ഐ.ആറും വോട്ടവകാശവും

ഡോ. സെബാസ്റ്റിയൻ പോൾ
1931-ൽ മഹാത്മാഗാന്ധി മുന്നോട്ടുവെച്ച സാമ്പത്തിക-സാമൂഹിക തടസ്സങ്ങളില്ലാത്ത സാർവത്രിക പ്രായപൂർത്തി വോട്ടവകാശമാണ് (Universal Adult Suffrage) നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ. വോട്ടവകാശം ലഭിക്കാൻ പണക്കാരനോ, പണ്ഡിതനോ, പ്രഭുവോ ആകേണ്ടതില്ല; പ്രായപൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും വോട്ടുചെയ്യാൻ അവകാശമുണ്ട്. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ/ശുദ്ധീകരണത്തിന്റെ ഭാഗമായി കോടിക്കണക്കിന് ആളുകളുടെ (13 കോടിയോളം) പേര് വെട്ടിമാറ്റപ്പെടുന്നത് പാർലമെന്ററി ജനാധിപത്യത്തിന് മേലുള്ള വലിയൊരു അട്ടിമറിയാണ്. ജർമ്മനിയിൽ ഹിറ്റ്ലറുടെ കാലത്തുണ്ടായ ഹോളോകോസ്റ്റ് പോലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയെ ഒരു 'ഇലക്ടറൽ ഹോളോകോസ്റ്റ്' എന്ന്് വിശേഷിപ്പിക്കാം.
ഓരോ പൗരന്റെയും വോട്ടവകാശത്തെ അടിസ്ഥാനമാക്കിയാണ് പാർലമെന്ററി ജനാധിപത്യം ആരോഗ്യത്തോടെ നിലനിൽക്കുന്നത്. അത് തടയുന്നതും നിഷേധിക്കുന്നതും അങ്ങേയറ്റം വേദനാജനകവും ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധവുമാണ്.

തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സാമ്പത്തിക ചെലവുകളെക്കുറിച്ച് ഒരു പിശുക്കനെപ്പോലെ കണക്ക് പറയേണ്ടതില്ല. രാജ്യത്തിന്റെ പ്രതിരോധത്തിന് പണം ചെലവഴിക്കുന്നത് പോലെ തന്നെ ജനാധിപത്യ റിപ്പബ്ലിക്കിനെ രക്ഷിക്കാനും ആവശ്യമായ പണം ചെലവഴിച്ചേ മതിയാകൂ.
അഡ്വ. രഞ്ജിത് തമ്പാൻ
ഭരണഘടനയുടെ 325, 326 വകുപ്പുകൾ പ്രകാരം ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ വ്യത്യാസമില്ലാതെ ഓരോ ഇന്ത്യൻ പൗരനും വോട്ടവകാശവും അത് സംരക്ഷിക്കപ്പെടാനുള്ള അവകാശവുമുണ്ട്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കാനും മരിച്ചുപോയവരുടെയോ സ്ഥലംമാറിപ്പോയവരുടെയോ പേരുകൾ നീക്കം ചെയ്യാനും നടത്തുന്ന സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നിയമപരമായി അംഗീകരിക്കപ്പെട്ട ഒന്നാണ്. എന്നാൽ നിലവിൽ നടപ്പിലാക്കുന്ന എസ്.ഐ.ആർ ഇത്തരം സാധാരണ ശുദ്ധീകരണ നടപടിയല്ല. 13 കോടിയോളം വരുന്ന വോട്ടർമാർ ഒഴിവാക്കപ്പെടുന്ന സാഹചര്യം വന്നപ്പോഴാണ് രാഷ്ട്രീയ പാർട്ടികളും മറ്റും സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്.
പശ്ചിമ ബംഗാളിലെ കേസിൽ 'ഇത്തവണ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത തവണ ചെയ്താൽ മതി' എന്ന് കോടതി പറഞ്ഞത് ഭരണഘടനയോടും പ്രായപൂർത്തി വോട്ടവകാശത്തോടും യാതൊരു പ്രതിബദ്ധതയുമില്ലാത്ത സമീപനമായിരുന്നു. ഫോം നമ്പർ 6-ലെ അഫിഡവിറ്റ് സംബന്ധിച്ച വിഷയത്തിൽ ബീഹാർ തിരഞ്ഞെടുപ്പ് സമയത്ത് സുപ്രിംകോടതി ഇത് നിയമപരമാണെന്നാണ് വിധിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന്റെ പേരിൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചു.

ജസ്റ്റിസ് കെ.എം.ജോസഫിന്റെ വിധി പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതി വേണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാർ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, ഒരു ക്യാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തി നിയമം കൊണ്ടുവരികയും തങ്ങൾക്ക് താല്പര്യമുള്ള രീതിയിൽ തീരുമാനങ്ങൾ മാറ്റുകയും ചെയ്തു. ഈ നിയമത്തിനെതിരെയുള്ള ഹർജികൾ കഴിഞ്ഞ മൂന്ന് വർഷമായി സുപ്രീം കോടതി പരിഗണിച്ചിട്ടില്ല.

യഥാർഥത്തിൽ എസ്.ഐ.ആർ സുപ്രീം കോടതി തന്നെ സൃഷ്ടിച്ച ഒരു വലിയ ആശയക്കുഴപ്പമാണ്. ഭരണഘടനയുടെയും വോട്ടവകാശത്തിന്റെയും സംരക്ഷകരായ സുപ്രീം കോടതിയിൽ നിന്ന് ശരിയായ പരിഹാരം പ്രതീക്ഷിക്കാൻ കഴിയില്ല.
ഭരണഘടനാ സംരക്ഷണത്തിന് ജനങ്ങളിൽ മാത്രമേ പ്രതീക്ഷയുള്ളൂ. ഗ്യാനേഷ് കുമാർ മാറിയതുകൊണ്ട് മാത്രം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരില്ല. സുപ്രീം കോടതിയും എക്‌സിക്യൂട്ടീവും ചേർന്ന നിലവിലെ സംവിധാനത്തിൽ എസ്.ഐ.ആറിലെ തെറ്റുകൾ തിരുത്തപ്പെടുമെന്ന് കരുതാനാവില്ല.
അഡ്വ. പാർവതി എ. മേനോൻ
എസ്.ഐ.ആറിൽ വോട്ട് നഷ്ടപ്പെട്ട വ്യക്തിയാണ് ഞാൻ. വോട്ട് നഷ്ടപ്പെട്ട രാജ്യത്തെ 13 കോടി ജനങ്ങളിൽ ഒരാൾ. എന്റെയും ഭർത്താവിന്റെയും മകളുടെയും പേർ വോട്ടർപട്ടികയിൽ ഇല്ലായിരുന്നു. മകന് 18 വയസ്സ് തികഞ്ഞ് വോട്ടവകാശത്തിനായി ഫോം നൽകിയിട്ടും ഇതുവരെ വോട്ട് ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ ഒൻപതിന് നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. 18 വയസ്സു മുതൽ കൃത്യമായി വോട്ട് ചെയ്യുന്ന ഒരാളാണ്. ഒക്ടോബറിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നു. പക്ഷെ ഏപ്രിലായപ്പോൾ വോട്ടർ പട്ടികയിൽ പേരില്ല. ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. മകളുടെ വോട്ട് എവിടെ നിന്നോ കണ്ടെത്താനായെങ്കിലും, തങ്ങളുടെ രണ്ടുപേരുടെയും വോട്ടവകാശം ഇതുവരെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

മരിച്ചവരുടെ പേര് ഒഴിവാക്കാനും കള്ളവോട്ട് തടയാനും വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന എസ്.ഐ.ആറിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ അംഗീകരിക്കപ്പെട്ട ഒന്നാണ്. എന്നാൽ അത് പ്രായോഗികമായി നടപ്പിലാക്കുന്ന രീതിയിൽ വലിയ ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. തങ്ങളുടെ വോട്ട് നഷ്ടപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയപരമായോ വ്യക്തിപരമായോ ഉള്ള ദുരുദ്ദേശ്യങ്ങൾ ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ ഭരണപരമായ വീഴ്ച മൂലം പൗരന് ലഭിക്കേണ്ട പ്രാഥമിക അവകാശം നിഷേധിക്കപ്പെടുകയാണ്.

തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ കഴിയാതെ വന്നപ്പോൾ സ്വന്തം ഭരണാധികാരികളെ തീരുമാനിക്കാനുള്ള അവകാശം തടസ്സപ്പെട്ടതിൽ വലിയ മാനസിക വിഷമമുണ്ടായി. എസ്.ഐ.ആറിന്റെ പ്രായോഗിക വീഴ്ചകളുടെ ഒരു 'രക്തസാക്ഷി' തന്നെയാണ് താൻ.

ഭരണഘടന ഭേദഗതിയും സ്ത്രീപ്രാതിനിധ്യവും

അഡ്വ. പാർവതി എ. മേനോൻ
ഇക്കാര്യത്തിൽ എന്റെ കാഴ്ചപ്പാട് പരമ്പരാഗത രീതികളിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ്. സംവരണ സീറ്റുകൾക്ക് പകരം, പൊതു സീറ്റിൽ സ്ത്രീയും പുരുഷനും ഒന്നിച്ച് മത്സരിക്കുകയും അവിടെ സ്ത്രീ ജയിച്ചു വരികയും ചെയ്യുന്നതാണ് പൂർണ്ണമായ ശാക്തീകരണം.

സംവരണം നൽകി സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരേണ്ട സാമൂഹിക ചുറ്റുപാടിലാണ് നമ്മൾ ഇപ്പോഴും ജീവിക്കുന്നത് എന്നത് സങ്കടകരമായ കാര്യമാണ്. നിലവിലെ സാമൂഹിക സാഹചര്യത്തിൽ ഇത്തരത്തിലുള്ള സംവരണങ്ങൾ ആവശ്യമായി വന്നേക്കാം, എന്നാൽ ഭാവിയിൽ സംവരണത്തിന്റെ സഹായമില്ലാതെ തന്നെ സ്ത്രീക്കും പുരുഷനും ഒരേപോലെ കടന്നുവരാൻ കഴിയുന്ന അവസ്ഥയാണ് ഉണ്ടാകേണ്ടത്.

നിയമനിർമ്മാണ സഭകളിൽ സംവരണം ഏർപ്പെടുത്തുന്നതിനേക്കാൾ പ്രധാനം സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തുകയാണ്. സ്ത്രീകൾ ബലഹീനരാണെന്നും അതിനാൽ 33% സംവരണം നൽകി അവരെ എങ്ങനെയെങ്കിലും കരകയറ്റാം എന്നുമുള്ള മനോഭാവത്തിന് പകരം, ജെൻഡർ സെൻസിറ്റൈസേഷനും ലിംഗഭേദമില്ലാത്ത നിലപാടുകളും പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് വേണ്ടത്. ജില്ല ജുഡീഷ്യറിയിലൊക്കെ സംവരണമില്ലാതെ തന്നെ സ്ത്രികളുടെ പങ്കാളിത്തം ഗണ്യമായി വർദ്ധിക്കുന്നുണ്ടിപ്പോൾ.
ഡോ. സെബാസ്റ്റിയൻ പോൾ
പ്രത്യേക സംവരണത്തിന്റെയോ പരിഗണനകളുടെയോ പിൻബലമില്ലാതെ തന്നെ ശക്തയായ വനിതാ പ്രധാനമന്ത്രിയെയും (ഇന്ദിരാഗാന്ധി) തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മികച്ച ഭരണശേഷി തെളിയിച്ച വനിതാ മുഖ്യമന്ത്രിമാരെയും സൃഷ്ടിച്ച രാജ്യമാണ് ഇന്ത്യ. എന്നാൽ ഉന്നത തലങ്ങളിൽ മാത്രം പോരാ, രാഷ്ട്രീയ ശാക്തീകരണം സമൂഹത്തിന്റെ താഴെത്തട്ടുവരെ എത്തണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം ഏർപ്പെടുത്തിയ കേരളത്തിന്റെ തീരുമാനം വിപ്ലവകരമായ പരീക്ഷണമായിരുന്നു. ഇതിലൂടെ പഞ്ചായത്തുകളിൽ വനിതാ അംഗങ്ങൾ കടന്നുവന്നതിന് പുറമേ, അവരെ കേന്ദ്രീകരിച്ച് ധാരാളം സ്ത്രീകൾ പൊതുരംഗത്തേക്കും സജീവ രാഷ്ട്രീയത്തിലേക്കും കടന്നുവരാൻ സാധിച്ചു.

യാതൊരു സംവരണത്തിന്റെയും പിൻബലമില്ലാതെ പുരുഷ സ്ഥാനാർത്ഥികളെ തോൽപ്പിച്ചു കടന്നുവന്ന കെ.ആർ. ഗൗരിയമ്മയെപ്പോലുള്ള കരുത്തുറ്റ വനിതാ നേതാക്കളുടെ ചരിത്രം നമുക്കുണ്ട്. സംവരണമില്ലാതെ തന്നെ സ്ത്രീകൾ സ്വന്തം പ്രാപ്തികൊണ്ട് നിയമനിർമ്മാണ സഭകളിൽ ആവശ്യത്തിന് എത്തിച്ചേരുന്ന ഒരു കാലഘട്ടമാണ് ഉണ്ടാകേണ്ടത്.
33% സംവരണം എന്നത് സ്ത്രീ മുന്നേറ്റത്തിന് വേണ്ടിയുള്ള ആദ്യഘട്ട പരിശ്രമം മാത്രമാണ്. കേവലം 33 ശതമാനത്തിൽ ഒതുങ്ങാതെ, യാഥാർത്ഥ്യബോധത്തോടെയുള്ള സ്ത്രീ മുന്നേറ്റമാണ് ആവശ്യമായിട്ടുള്ളത്. സംവരണത്തിന്റെ കാലം പിന്നിട്ട് സ്ത്രീകൾ സ്വയം യഥാർത്ഥ രാഷ്ട്രീയ പ്രവർത്തകരും ജനപ്രതിനിധികളുമായി വളരുന്ന അവസ്ഥയാണ് ഉണ്ടാകേണ്ടത്.
അഡ്വ. രഞ്ജിത് തമ്പാൻ
നിയമസഭകളിലും പാർലമെന്റിലും 33% സീറ്റുകൾ സ്ത്രികൾക്കായി നീക്കിവെയ്ക്കുന്നത് ശരിയായ തീരുമാനമാണ്. പക്ഷെ അത് നടപ്പാക്കന്നത് സെൻസസ്, മണ്ഡല പുനർനിർണ്ണയം എന്നിവയുമായി കൂട്ടിച്ചേർക്കുന്നത് ശരിയായ ലക്ഷ്യത്തോടെയാണെന്ന് കരുതാനാകില്ല.

നിയമനിർമ്മാണസഭയിലെ സ്ത്രി പ്രാതിനിധ്യം വൈകിപ്പിക്കാൻ സർക്കാർ മനപ്പൂർവ്വം നടത്തുന്ന തന്ത്രമായിട്ടെ ഇതിനെ കാണാനാകു. മണ്ഡല പുനർനിർണ്ണയം നടത്താതെ തന്നെ നിയമനിർമ്മാണ സഭയിലെ സ്ത്രി പ്രാതിനിധ്യം ഉറപ്പാക്കാനാകും.
രാജീവ് ഗാന്ധിയുടെ കാലത്താണ് പഞ്ചായത്തുകളിൽ 33% സംവരണം കൊണ്ടുവന്നത്. കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ അത് 50% ആയി ഉയർത്തി. തുടക്കത്തിൽ ഭർത്താക്കന്മാർ ഭാര്യമാർക്ക് വേണ്ടി ഭരണം നടത്തുന്ന രീതി കണ്ടിരുന്നുവെങ്കിലും, പിന്നീട് അതിൽ വലിയ മാറ്റം വന്നു. സ്ത്രീകൾ ഭരണനിർവ്വഹണത്തിൽ സജീവവും കാര്യക്ഷമവുമായി ഇടപെട്ട് ശാക്തീകരിക്കപ്പെട്ടു.

കേവലം 33% സംവരണം മാത്രം നൽകിയതുകൊണ്ട് കാര്യമായില്ല, അതിനോടൊപ്പം സാമ്പത്തിക പിന്തുണയും സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റവും ഉണ്ടാകണം. ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിൽ ഇപ്പോഴും കാണുന്ന നിഴൽ ഭരണ സംസ്‌കാരം മാറാൻ സാമൂഹിക തിരുത്തൽ അത്യാവശ്യമാണ്.

സംവരണം നിയമനിർമ്മാണ സഭകളിൽ മാത്രമായി ഒതുങ്ങാതെ പ്രൊഫഷണൽ ബോഡികളിലും ജുഡീഷ്യറിയിലും തീരുമാനങ്ങളെടുക്കുന്ന എല്ലാ പ്രധാന മേഖലകളിലും നടപ്പിലാക്കണം. തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങളിൽ സ്ത്രീകൾ എത്തുമ്പോഴാണ് ആർത്തവ അവധി പോലുള്ള പ്രധാന മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകുന്നത്.

കൈയിൽ ഭരണഘടനയുമായി ജെൻസികൾ

ഡോ. സെബാസ്റ്റിയൻ പോൾ
ഭരണഘടന അനുസരിച്ച് രാഷ്ട്രപതിയാണ് ഭരണഘടനയുടെ സംരക്ഷകൻ. എന്നാൽ ഫക്‌റുദ്ദീൻ അലി അഹമ്മദ് മുതലുള്ള രാഷ്ട്രപതിമാരുടെ ചരിത്രം പരിശോധിച്ചാൽ എക്‌സിക്യൂട്ടീവ് ഭരണഘടനയെ അപകടത്തിലാക്കുമ്പോൾ രാഷ്ട്രപതിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. 1977-ൽ ഭരണഘടന കണ്ടിട്ടില്ലാത്ത, തങ്ങളെക്കുറിച്ച് 'വീ ദ പീപ്പിൾ' എന്ന് ഭരണഘടനയിൽ പരാമർശിച്ചിട്ടുണ്ടെന്ന് പോലുമറിയാത്ത സാധാരണ ജനങ്ങളാണ് ഭരണഘടനയെ രക്ഷിച്ചത്. ജനങ്ങൾ ഏറ്റെടുത്ത ആ രക്ഷാദൗത്യം മുന്നോട്ട് കൊണ്ടുപോയതിന്റെ ഏറ്റവും പുതിയതും അതിമനോഹരവുമായ ഉദാഹരണമാണ് ജെൻ സി പ്രക്ഷോഭങ്ങൾ.

ജന്തർ മന്തറിലായാലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമ്മേളനങ്ങളിലായാലും ആ കുട്ടികൾ ഒരു കയ്യിൽ ഭരണഘടനയെ വിശുദ്ധ ഗ്രന്ഥം പോലെ സൂക്ഷിക്കുകയും, മറുകയ്യിൽ ദേശീയ പതാക ഏന്തി 'ആസാദി' എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

അവർ ഭരണഘടന മുഴുവൻ വായിച്ചു പഠിച്ചിട്ട് വന്നതല്ല. എന്നാൽ ഏതൊരു വിശുദ്ധ ഗ്രന്ഥത്തേക്കാൾ പവിത്രവും വിശുദ്ധവുമാണ് ഭരണഘടന എന്ന സത്യം അവർക്ക് നന്നായി അറിയാം.

തങ്ങളുടെ കൈകളിൽ ഭരണഘടന എന്ന അതിവിശിഷ്ടമായ പുസ്തകം പിടിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കാൻ ആ ചെറുപ്പക്കാർ തയ്യാറായെങ്കിൽ, നമ്മുടെ ഭരണഘടനയുടെ ഭാവി അവരുടെ കൈകളിൽ സുരക്ഷിതമായിരിക്കും.
അഡ്വ. രഞ്ജിത് തമ്പാൻ
വിദ്യാർത്ഥികളാണ് ചരിത്രപരമായ മാറ്റങ്ങളുടെ ചാലകശക്തി. 'ജെൻ സി' (Gen Z) എന്ന് മാത്രം വേർതിരിച്ചു പറയേണ്ടതില്ല, ചരിത്രത്തിലുടനീളം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത് വിദ്യാർത്ഥികളാണ്. 1968-ലെ ഫ്രഞ്ച് വിദ്യാർഥി പ്രക്ഷോഭം, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ചരിത്രപരമായ മുന്നേറ്റങ്ങളുടെ പ്രധാന ചാലകശക്തി വിദ്യാർത്ഥികളായിരുന്നു. സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഭിപ്രായ രൂപീകരണക്കാർ എപ്പോഴും വിദ്യാർത്ഥികളാണ്.

വിദ്യാർത്ഥികൾ നന്നായി വായിക്കുകയും കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്നവരാണ്. അവർക്ക് യാതൊരു ഭയവുമില്ല; ഭാവിയെക്കുറിച്ചുള്ള ഭയങ്ങളോ നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത മാനസികാവസ്ഥയോ ആണ് അവരെ ധീരരാക്കുന്നത്. പോലീസിന് മുന്നിൽ പോലും അവരുടെ ചിരിയും ഭയമില്ലാത്ത നിലപാടുകളും അത് തെളിയിക്കുന്നു.

ജെൻ സി എന്നോ ആൽഫ ജനറേഷൻ എന്നോ ഉള്ള വേർതിരിവുകൾക്കപ്പുറം, ഏത് കാലത്തും സമൂഹത്തിലെ തെറ്റുകൾ തിരുത്തുന്നതിനും മാറ്റങ്ങൾ കൊണ്ടുവരുന്നതിനും മുൻപന്തിയിൽ നിന്നിട്ടുള്ളത് വിദ്യാർത്ഥികളാണ്.
കേരളത്തിലും ഇന്ത്യയിലും ലോകത്തിലുമൊക്കെയുള്ള ഏറ്റവും വലിയ പ്രതീക്ഷ വിദ്യാർത്ഥികളിലാണ്; നിലവിലെ സാഹചര്യത്തിൽ അത് ജെൻ സി തലമുറയിലാണ്.
സുപ്രീം കോടതിയുടെ ചരിത്രപരമായ വിധികൾക്ക് അടിത്തറയായിരുന്നത് ഭരണഘടനാ ധാർമ്മികത (Constitutional Morality) എന്ന ആശയമായിരുന്നു. എന്നാൽ ഇന്ന് ഭരണഘടനയുടെയും പ്രായപൂർത്തി വോട്ടവകാശത്തിന്റെയും സംരക്ഷകരാകേണ്ട സുപ്രീം കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കാൻ കഴിയില്ല. ഭരണഘടന മുൻനിർത്തി പൊരുതുന്ന ജനങ്ങളിലും ചെറുപ്പക്കാരിലും മാത്രമാണ് പ്രതീക്ഷ.
അഡ്വ. പാർവതി എ. മേനോൻ
ഒരു കയ്യിൽ ഭരണഘടനയും മറുകയ്യിൽ ദേശീയ പതാകയും പിടിച്ചുകൊണ്ട് ആ കുട്ടികൾ നടത്തിയ പ്രക്ഷോഭം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് മുഴുവൻ ഇന്ത്യക്കാർക്കും വേണ്ടി സംസാരിച്ച പോലെയാണ് അനുഭവപ്പെട്ടത്.

ജെൻ സി തലമുറയുടെ ചിന്താശേഷിക്ക് വളരെയധികം വ്യക്തതയുണ്ട്. ഭരണഘടനയാണ് തങ്ങൾക്ക് സുരക്ഷയും സംരക്ഷണവും നൽകുന്നത് എന്ന് അവർ കൃത്യമായി മനസ്സിലാക്കുന്നുണ്ട്.

അതേസമയം അവർക്ക് രാഷ്ട്രീയ ബോധ്യങ്ങൾ ഉണ്ടെങ്കിലും പല കാര്യങ്ങളിലും രാഷ്ട്രീയ പക്വതയുടെ കുറവുള്ളതും പ്രകടമാണ്.
സ്വന്തം വീട്ടിൽ ജെൻ സി പ്രായത്തിലുള്ള മക്കളുള്ള അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്.
ഭരണഘടനാ തത്വങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും മുൻനിർത്തി സംസാരിക്കുമ്പോഴും, പ്രായോഗികമായ തീരുമാനങ്ങൾ എടുക്കുന്നതിൽ പലപ്പോഴും പക്വതക്കുറവും തെറ്റുകളും പാളിച്ചകളും ഉണ്ടാകുന്നുണ്ട്.
അവകാശങ്ങൾ ഉന്നയിക്കുന്നതിനോടൊപ്പം ഭരണഘടനാ ധാർമ്മികത (Constitutional Morality) കാത്തുസൂക്ഷിക്കാനുള്ള ബോധ്യം കൂടി ഉണ്ടാകണം. അതിനായി മുതിർന്നവർ അവർക്ക് ആവശ്യമായ വഴിവിളക്കായി നൽക്കുകയും വേണം.