കഴിഞ്ഞ സർക്കാർ നടപ്പാക്കിയ, നാലുവർഷ ബിരുദം (എഫ്.വൈ.യു.ജി.പി.) സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച പ്രൊഫ. ഡോ. ഗ്ലാഡ്സ്റ്റൺ രാജിന്റെ നേതൃത്വത്തിലുള്ള സമിതി ഉന്നത വിദ്യാഭാസ കൗൺസിലിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. നിലവിലുള്ള ഘടനയിൽ  പരിഷ്കാരങ്ങൾ നിർദേശിച്ചുകൊണ്ടുള്ള ഈ റിപ്പോർട്ട് അതേപടി നടപ്പാക്കിയാൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാകുമോ? എഫ്.ഐ.യു.ജി.പി നിലവിൽ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്? നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികളുടെ ആശങ്കകൾ എങ്ങനെ പരിഹരിക്കാം? പുതിയ സമ്പ്രദായം നടപ്പാക്കിയശേഷമുള്ള, മൂന്നുവർഷത്തെ അനുഭവം മുൻനിർത്തി നടത്തുന്ന അന്വേഷണത്തിന്റെ ആദ്യഭാഗം.

To advertise here,

 

ഈ വരുന്ന മാർച്ചിൽ കേരളത്തിലെ ആർട്‌സ് & സയൻസ് കോളേജുകളിലെ മൂന്നാംവർഷ ബിരുദ ക്ലാസുകൾ അവസാനിക്കുമ്പോൾ നമ്മുടെ കോളേജ് കാമ്പസുകളിൽ പതിവില്ലാത്ത ഒരുമാറ്റം സംഭവിക്കും. ഒരേ ക്ലാസിൽ പഠിച്ചിരുന്നവരിൽ കുറച്ചുപേർ പഠനം അവസാനിപ്പിച്ച് യാത്രപറഞ്ഞ് പോകും. കുറച്ചുപേർ നാലാംവർഷ പഠനത്തിനായി ബാക്കിയാകും. ബിരുദപഠന കാലയളവ് നാലുവർഷം ആക്കിയതിനു ശേഷമുള്ള ആദ്യത്തെ ബാച്ച് ഇപ്പോൾ മൂന്നുവർഷം പൂർത്തിയാക്കുകയാണ്. പുതിയ രീതിയനുസരിച്ച്, മതിയെന്ന് തോന്നുന്നവർക്ക് മൂന്നുവർഷംകൊണ്ട് പഠനം അവസാനിപ്പിച്ച് ഡിഗ്രി സർട്ടിഫിക്കറ്റുമായി കാമ്പസ് വിടാം; പഠനം തുടരാൻ താൽപര്യമുള്ളവർക്ക് ഒരുവർഷംകൂടി പഠിച്ച് ഓണേഴ്‌സ്/ ഓണേഴ്‌സ് വിത്ത് റിസർച്ച് സർട്ടിഫിക്കറ്റ് നേടാം.

സംഗതി വളരെ ലളിതമാണെന്നു തോന്നാം. പക്ഷേ, ഇപ്പോൾ മൂന്നാംവർഷത്തിൽ എത്തിനിൽക്കുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ആശയക്കുഴപ്പത്തിലാണ്. ഈ രണ്ട് സാധ്യതകളിൽ ഏത് തിരഞ്ഞെടുക്കണം? ഒരു തീരുമാനത്തിലെത്താൻ ആരോട് അഭിപ്രായം ചോദിക്കണം- ഒരെത്തും പിടിയുമില്ലാത്ത അവസ്ഥ. സംശയം ചേദിക്കാൻ, ഈ രീതിയിൽ പഠനം പൂർത്തിയാക്കിയ പൂർവവിദ്യാർഥികൾ നാട്ടിലില്ല. കുട്ടികളുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടി നൽകണം, തീരുമാനമെടുക്കാൻ അവരെ എങ്ങനെ സഹായിക്കണം എന്നകാര്യം അധ്യാപകർക്കും പിടിയില്ല. നാലാംവർഷ ബിരുദം ഒരു പുകമറയ്ക്കുള്ളിലാണെന്ന് ചുരുക്കം.

ആറാം സെമസ്റ്റിറിലേക്ക് കടന്നിരിക്കുന്ന ഒരു വിദ്യാർത്ഥി വരുന്ന മാർച്ച് മാസത്തിനുള്ളിൽ തന്റെ തീരുമാനം യൂണിവേഴ്‌സിറ്റിയെ അറിയിക്കേണ്ടതുണ്ട്. പക്ഷേ, കുറച്ചേറെ സംശയങ്ങൾക്ക് ഉത്തരംകിട്ടാതെ തീരുമാനം എടുക്കാനാകുന്നുമില്ല:

  • മൂന്നുവർഷ ബിരുദം മതിയെന്ന് തീരുമാനിച്ച് ഇപ്പോൾ ‘എക്‌സിറ്റ്’ ആയാൽ (കോഴ്സ് മതിയാക്കിയാൽ) സർക്കാർ/സ്വകാര്യ മേഖലയിൽ ജോലികിട്ടാൻ പ്രയാസമുണ്ടാകുമോ, നാലുവർഷ ബിരുദം ഉള്ളവർക്കായിരിക്കില്ലേ കൂടുതൽ പരിഗണന കിട്ടുക?

  • ഇനി, നാലാംവർഷംകൂടി പഠിക്കാം എന്ന് തീരുമാനിച്ചാൽ കോഴ്‌സിന്‌റെ ഭാഗമായുള്ള ഇന്റേൺഷിപ്പ്, പ്രൊജക്ട് തുടങ്ങിയവ എവിടെ ചെയ്യും? ഇതിന് വലിയ തുക കണ്ടെത്തേണ്ടിവരുമോ?

  • നാലുവർഷ ഓണേഴ്‌സ് കഴിഞ്ഞാൽ ബിഎഡിന് ഒരുവർഷം പഠിച്ചാൽ മതിയോ, അതോ നിലവിലേതുപോലെ രണ്ടുവർഷം പഠിക്കണോ? ഒരുവർഷ ബിരുദാനന്തര ബിരുദ കോഴ്സ് നിലവിൽ എവിടെയാണുള്ളത്?

  • ഓണേഴ്‌സ് വിത്ത് റിസർച്ച് ആണ് ചെയ്യുന്നതെങ്കിൽ അത് ബിരുദാനന്തര ബിരുദത്തിന് തുല്യമാണോ? വിദേശരാജ്യങ്ങളിലും പിജി ഇല്ലാതെതന്നെ പിഎച്ച്ഡിക്ക് പ്രവേശനം കിട്ടുമോ?

ഈ സംശയങ്ങൾക്ക് അധ്യാപകർക്കോ യൂണിവേഴ്സിറ്റിക്കോ കേരള ഉന്നതവിദ്യാഭ്യാസ വകുപ്പിനുതന്നെയോ ഒറ്റവാക്കിൽ ഉത്തരം പറയാനാകില്ല എന്നതാണ് സത്യം. കാരണം, കാര്യങ്ങൾ കുറച്ചേറെ കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണ്.

നാലാംവർഷത്തിൽ എന്തൊക്കെയാണ് വിദ്യാർഥികളെ കാത്തിരിക്കുന്നതെന്ന് ഇപ്പോഴൊരു നിഗമനങ്ങളിലെത്തുംമുൻപ്, നാലുവർഷ ബിരുദത്തിന്റെ ആദ്യ മൂന്നുവർഷങ്ങളിൽ കാര്യങ്ങൾ എങ്ങനെ നടന്നെന്ന് അറിയണം. രാജ്യത്ത് ആകെ നാലുവർഷ ബിരുദ പ്രോഗ്രാം നടപ്പാക്കിയ 21 സംസ്ഥാനങ്ങളിൽ, ആറു സംസ്ഥാനങ്ങളിൽ 2026-ൽ മൂന്നുവർഷം തികച്ച് ആദ്യബാച്ച് പുറത്തിറങ്ങി. കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ 2024-2025 അധ്യയനവർഷമാണ് എഫ്‌വൈയുജിപിയുടെ ആദ്യ ബാച്ച് പ്രവേശനം നേടിയത്. ഈ സംസ്ഥാനങ്ങളിൽ 2026-27 അധ്യയനവർഷം മൂന്നുവർഷം തികച്ച ആദ്യബാച്ച് പഠിച്ചിറങ്ങും; നാലുവർഷം തികച്ചവർ 2027-28 അധ്യയനവർഷവും.

എന്താണ് കേരളത്തിലെ മൂന്നുവർഷം പൂർത്തിയാക്കുന്നവരുടെ അനുഭവം? പരിശോധിക്കാം.

എൻഇപിയും നാലുവർഷ ബിരുദവും

മാറുന്ന ലോകത്തിലെ പുതിയ ആവശ്യങ്ങൾക്ക് ഉതകുംവിധത്തിൽ, തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കിണങ്ങുന്ന കോഴ്സുകളാണ് നാലുവർഷ ബിരുദം അഥവാ ഫോർ ഇയർ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) വിഭാവനം ചെയ്തിരിക്കുന്നത്. തൊഴിലധിഷ്ഠിത കോഴ്സുകളും തൊഴിലുംതേടി വിദേശങ്ങളിലേക്ക് യുവജനങ്ങൾ പോകുന്ന സാഹചര്യവും ഇവിടത്തെ പരമ്പരാഗത കോഴ്സുകൾ പഠിക്കാൻ വിദ്യാർഥികൾ കുറയുന്ന സാഹചര്യവും നമുക്ക് മുന്നിലുണ്ട്. നിലനിൽക്കുന്ന പഠനരീതിയിൽ കാതലായ മാറ്റങ്ങൾ പുതിയ കാലം ആവശ്യപ്പെടുന്നുമുണ്ട്. ഇതാണ് നാലുവർഷ ബിരുദം നടപ്പാക്കുന്നതിന്റെ പശ്ചാത്തലമായി ബന്ധപ്പെട്ടവർ പറയുന്നത്.

കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യസ പദ്ധതി (നാഷണൽ എഡ്യൂക്കേഷൻ പ്രോഗ്രാം- എൻഇപി)യുടെ ഭാഗമാണ് നാലുവർഷ ബിരുദം. പല സംസ്ഥാനങ്ങളും അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ച് ഭേദഗതികളോടെയാണ് ഇത് നടപ്പാക്കിയത്. എന്നാൽ, കേരളം ആദ്യംമുതലേ എൻഇപിക്ക് എതിരായിരുന്നതുകൊണ്ട് എഫ്‌വൈയുജിപി നടപ്പാക്കില്ലെന്ന സമീപനമാണ് സ്വീകരിച്ചത്. പകരം, കേരളത്തിൽ നടപ്പാക്കുക ‘സ്വതന്ത്രമായ ബിരുദ പരിഷ്കരണ’മാണെന്ന നിലപാടായിരുന്നു പിണറായി സർക്കാരിന്. ഇക്കാര്യങ്ങളെല്ലാം പഠിക്കാൻ ഡോ. ശ്യാം ബി. മേനോൻ കമ്മിഷനെ നിയോഗിച്ചു. കമ്മീഷൻ 2022-ൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ ചുവടുപിടിച്ച് നാലുവർഷ ബിരുദത്തിന്റെ ‘സ്വതന്ത്രമായ’ ഒരു ചട്ടക്കൂട് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, 2022-ൽ യുജിസി പുറത്തിറക്കിയ കരിക്കുലം-ക്രെഡിറ്റ് ഘടന അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടുതന്നെയാണ് കേരളത്തിലെ നാലുവർഷ ബിരുദത്തിന്റേതും എന്നതാണ് വസ്തുത.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിനായി കേന്ദ്രം 2023-ൽ ‘പിഎം ഉഷ പദ്ധതി’ നടപ്പാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രമാണ് ഫണ്ട് ലഭിക്കുക. ഇതിനായി കേന്ദ്രവുമായി സംസ്ഥാനങ്ങൾ ധാരണാപത്രം ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ. 2024-25-ൽ ഇവിടെ നടപ്പാക്കിയ നാലുവർഷ ബിരുദം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമല്ലെന്ന് കേരളം അവകാശപ്പെട്ടെങ്കിലും പിഎം ഉഷ ഫണ്ട് കേരളത്തിന് കിട്ടി. ചുരുക്കിപ്പറഞ്ഞാൽ, കേരള സർക്കാർ പദ്ധതിയുടെ പേരുമാറ്റി പുതിയ പാത്രത്തിൽ കേന്ദ്രത്തിന്റെ വീഞ്ഞുതന്നെയാണ് വിളമ്പിയത്.

എങ്കിലും, യുജിസിയുടെ എഫ്.വൈ.യു.ജി.പി. ചട്ടക്കൂടിൽ കേരളം ചില മാറ്റങ്ങൾ വരുത്തിയില്ലെന്നല്ല. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലുവർഷ കോഴ്സിന്റെ ഏത് ഘട്ടത്തിലും വിദ്യാർഥിക്ക് അതുവരെയുള്ള ഘട്ടം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് പഠനം നിർത്താം (എക്സിറ്റ് ആകാം) എന്ന വ്യവസ്ഥയ്ക്ക് പകരം മൂന്നാം വർഷം അല്ലെങ്കിൽ നാലാം വർഷം മാത്രം എക്സിറ്റ് എന്നതാണ് കേരളം കൊണ്ടുവന്ന പ്രധാന മാറ്റം. കേന്ദ്രത്തിന് സവിശേഷ താൽപര്യമുള്ള ചില പഠന മേഖലകൾക്കു പകരം, കരിക്കുലത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾക്ക് നിരക്കുന്ന ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തു.

മൂന്നുവർഷംകൊണ്ട് എന്തു പഠിച്ചു?

പാഠപുസ്തകം കാണാതെ പഠിച്ച് ഉത്തരമെഴുതി മാർക്ക്‌ വാങ്ങുന്നതിനപ്പുറം വിമർശനാത്മക ചിന്ത, ഡിജിറ്റൽ സാക്ഷരത, ഭരണഘടനാ മൂല്യങ്ങൾ, സാമൂഹിക പ്രതിബദ്ധത എന്നിവ വികസിപ്പിച്ചെടുക്കാനും തൊഴിൽ നൈപുണി (സ്കിൽ) കൈവരിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് നാലുവർഷ ബിരുദത്തിന്റെ കോഴ്സ് ഘടന. ആദ്യ മൂന്നുവർഷങ്ങൾക്കു ശേഷം പഠനം അവസാനിപ്പിക്കുന്ന വിദ്യാർഥിക്കും നാലുവർഷം പൂർത്തിയാക്കുന്നവർക്കും ആനുപാതികമായ വിധത്തിൽ ഇതൊക്കെ കൈവരിക്കാനാകണം. ഇതിനായി വിദ്യാർഥികളും അധ്യാപകരും ചെയ്യേണ്ട കാര്യങ്ങളും അതിലൂടെ വിദ്യാർഥികൾ കൈവരിക്കേണ്ട ശേഷികളും സംബന്ധിച്ച് കേരള ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കരിക്കുലം ഫ്രെയിംവർക്ക് വ്യക്തമാക്കുന്നു.

ആറ് സെമസ്റ്ററുകളിലായി വിദ്യാർഥികൾ നേടേണ്ടത് 133 ക്രെഡിറ്റുകളാണ്. ആദ്യ മൂന്നുവർഷത്തിനുള്ളിൽ നിർബന്ധമായും മൾട്ടിഡിസിപ്ലിനറി ഫൗണ്ടേഷൻ ക്രെഡിറ്റുകൾ പൂർത്തിയാക്കണം. 5, 6 സെമസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്റേൺഷിപ്പ്, ഫീൽഡ് സ്റ്റഡി, വൊക്കേഷണൽ പരിശീലനം എന്നിവയും വിജയകരമായി ചെയ്തുതീർക്കണം. കൂടാതെ, ലൈബ്രറി അസൈൻമെന്റുകൾ, പ്രാക്ടിക്കലുകൾ, ട്യൂട്ടോറിയൽ സെഷനുകൾ, മൂക് (MOOC) കോഴ്‌സുകൾ എന്നിവയുമുണ്ട്.

സെമസ്റ്റർ ഒന്നു മുതൽ ആറുവരെയുള്ള കോഴ്സ് ഘടന:

ചുരുക്കപ്പേരുകൾ: DSC: Discipline Specific Core (പ്രധാന വിഷയം) | DSE: Discipline Specific Elective (ഐച്ഛിക വിഷയം) | AEC: Ability Enhancement (ഭാഷകൾ) | MDC: Multi-Disciplinary Course | VAC: Value-Added Course | SEC: Skill Enhancement Course

ക്രെഡിറ്റ് നേടുന്നതിനൊപ്പം വിദ്യാർഥി കൈവരിക്കേണ്ട നിശ്ചിത ശേഷികളും കരിക്കുലം ലക്ഷ്യംവെക്കുന്നു. സ്വന്തം മേജർ/മൈനർ വിഷയങ്ങളിൽ വ്യക്തമായ തിയററ്റിക്കൽ-പ്രാക്ടിക്കൽ അറിവും പ്രശ്നപരിഹാര ശേഷിയും, ചോദ്യം ഉന്നയിക്കാനും വിവരങ്ങൾ വിശകലനം ചെയ്യാനുമുള്ള മികവ്, പുതിയ ആശയങ്ങൾ രൂപപ്പെടുത്താനും നടപ്പിലാക്കാനുമുള്ള ശേഷി, സ്വന്തം അഭിപ്രായങ്ങൾ വ്യക്തമായി അക്കാദമിക് ശൈലിയിലും വാമൊഴിയായും വിനിമയം ചെയ്യാനുള്ള മിടുക്ക്, ഗ്രൂപ്പുകളിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള കഴിവ്, വൊക്കേഷണൽ കോഴ്‌സുകളിലൂടെയും ഇന്റേൺഷിപ്പുകളിലൂടെയും നേരിട്ടുള്ള ജോലിപരിചയവും വ്യവസായ മേഖലയെക്കുറിച്ചുള്ള ധാരണയും, മതേതരത്വം, ലിംഗസമത്വം, ഭരണഘടനാ അവകാശങ്ങളും ചുമതലകളും, പരിസ്ഥിതി സംരക്ഷണം, കേരളത്തിന്റെ വികസന മാതൃകകൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അവബോധം, വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ കാര്യങ്ങൾ സ്വയം പഠിച്ചെടുക്കാനുള്ള പ്രാപ്തി... എന്നിങ്ങനെ പോകുന്നു ലക്ഷ്യം.

നാലാംവർഷ പഠനം തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് ചിന്തിക്കുന്ന വിദ്യാർഥികൾക്ക് ഈപറഞ്ഞ കാര്യങ്ങൾ മൂന്നുവർഷംകൊണ്ട് സ്വായത്തമാക്കാൻ സാധിച്ചോ എന്ന് സ്വയം വിശകലനം ചെയ്യാവുന്നതാണ്. ഒപ്പം, ഫ്രെയിംവർക്കിൽ വിഭാവനംചെയ്ത കാര്യങ്ങൾ മൂന്നുവർഷത്തിനിടെ നടപ്പാക്കാനായോ എന്നകാര്യം അധ്യാപകരും യൂണിവേഴ്സിറ്റികളും സർക്കാരും വിലയിരുത്തുകയും വേണം. അങ്ങനെ വിലയിരുത്താൻ ശ്രമിക്കുമ്പോഴാണ് ഒട്ടും ശുഭകരമല്ലാത്ത ചില തിരിച്ചറിവുകളിലേക്ക് എത്തിച്ചേരുന്നത്.

തമ്മിലടിച്ച് മേജറും മൈനറും!

പുതിയ പഠനരീതിയും കരിക്കുലവും നടപ്പിൽ വരുത്തുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങളും ചില വീഴ്ചകളും എഫ്.വൈ.യു.ജിപിയുടെ കാര്യത്തിലും സ്വാഭാവികമായും പ്രതീക്ഷിക്കണം. എന്നാൽ, വേണ്ടത്ര മുന്നൊരുക്കങ്ങൾ കൂടാതെ അടിച്ചേൽപ്പിക്കപ്പെടുകയായിരുന്നോ നാലുവർഷ ബിരുദം എന്ന സംശയം ഉണ്ടാക്കുന്നതാണ് വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും ലഭിക്കുന്ന പ്രതികരണങ്ങളിൽ പലതും. ഒന്നിലധികം മേജർ, മൈനർ സാധ്യതകൾ ഉള്ളതുകൊണ്ടുതന്നെ ഇവ യുക്തിപൂർവം തിരഞ്ഞെടുക്കാനുള്ള ധാരണ ഒന്നാം സെമസ്റ്ററിൽ എത്തുന്ന കുട്ടികൾക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിനുള്ള അവസരം ലഭിച്ചില്ല എന്നതാണ് ആദ്യത്തെ പോരായ്മ. നാലുവർഷ ബിരുദത്തിന്റെ ഘടനയേക്കുറിച്ച് അടിസ്ഥാന ധാരണ പ്ലസ് ടു തലത്തിൽതന്നെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ലഭിക്കണ്ടതുണ്ടെന്ന് ഈരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പല മൈനറുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. പഠിക്കാനുള്ള എളുപ്പം മാത്രം നോക്കി മൈനറുകൾ തിരഞ്ഞെടുക്കുമ്പോൾ അത് മേജർ ക്ലാസുകളെയും മൊത്തത്തിലുള്ള പഠനത്തെയും ബാധിക്കുന്ന സ്ഥിതിയുണ്ടെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എയ്ഡഡ് കോളെജിലെ അധ്യാപകൻ പറയുന്നു. ‘ഉദാഹരണമായി, കെമിസ്ട്രി മേജർ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ അഞ്ച്, ആറ് സെമസ്റ്ററുകളിൽ ഫിസിക്സ്, കണക്ക് തുടങ്ങിയവയിലെ അറിവ് ആവശ്യമായിവരുന്ന അഡ്വാൻസ്ഡ് വിഷയങ്ങൾ പഠിക്കേണ്ടതുണ്ട്. പഠിക്കാനുള്ള എളുപ്പത്തിനായി ഫിസിക്സും കണക്കും മൈനർ വിഷയങ്ങളായി എടുക്കാതെ ഹിസ്റ്ററിയോ എക്കണോമിക്സോ പോലുള്ള മറ്റുവിഷയങ്ങൾ എടുത്ത വിദ്യാർഥിക്ക് ഈ സെമസ്റ്ററുകൾ വലിയ വെല്ലുവിളി സൃഷ്ടിക്കും. ഇതുപോലെതന്നെയാണ് കൊമേഴ്സ് പഠിക്കുന്ന വിദ്യാർഥി എക്കണോമിക്സിനു പകരം ബോട്ടണി മൈനറായി എടുക്കുന്നതും.’ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മേജർ വിഷയം ആഴത്തിൽ പഠിക്കുന്നതിന് അനിവാര്യമായ അനുബന്ധ വിഷയം ഒഴിവാക്കുന്നത് മേജർ പഠനത്തിൽ ഗുരുതരമായ പോരായ്മ ഉണ്ടാക്കുമെന്ന് ചുരുക്കം. ഈ പ്രശ്നം പരിഹരിക്കുന്നതിന് എഫ്.വൈ.യു.ജി.പിയുടെ അടിസ്ഥാന ചട്ടക്കൂടിൽത്തന്നെ ക്രമീകരണം കൊണ്ടുവരണമെന്ന അഭിപ്രായമാണ് പലർക്കുമുള്ളത്.

3 വർഷ ബിരുദത്തിന് കുറഞ്ഞത് 2 ക്രെഡിറ്റ് (60 മണിക്കൂർ പ്രവൃത്തിസമയം) ഇന്റേൺഷിപ്പ് നിർബന്ധമാണ്. (BBA, BCA തുടങ്ങിയ പ്രൊഫഷണൽ/വൊക്കേഷണൽ സ്വഭാവമുള്ള ചില പ്രോഗ്രാമുകളിൽ 3-ാം വർഷത്തിൽ 4 ക്രെഡിറ്റ് അഥവാ 120 മണിക്കൂർ ഇന്റേൺഷിപ്പ് വേണ്ടിവരും). മേജർ വിഷയവുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, എൻജിഒകൾ, മാധ്യമ സ്ഥാപനങ്ങൾ, അല്ലെങ്കിൽ അപ്രന്റിസ്ഷിപ്പ്/കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോജക്ടുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവ വഴി ഇന്റേൺഷിപ്പ് പൂർത്തിയാക്കാം.

എഫ്.വൈ.യു.ജിപിക്കുവേണ്ടി പ്ലസ് ടു തലംമുതൽ വിദ്യാർഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് പല അധ്യാപകരും പറയുന്നു. കാരണം, സിലബസ് പഠിപ്പിക്കുക എന്നതിനപ്പുറം, ഡിഗ്രി തലത്തിലെ പഠനരീതികൂടി കണക്കിലെടുത്ത് ഹയർ സെക്കർഡറി തലത്തിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചാലേ കോളേജിലെത്തുമ്പോർ പുതിയ സംവിധാനവുമായി പൊരുത്തപ്പെടാൻ കഴിയൂ. നാലുവർഷ ബിരുദത്തിന്റെ ഘടനയേക്കുറിച്ച് അടിസ്ഥാന ധാരണ പ്ലസ് ടു വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ലഭിക്കുകയും വേണം. നിലവിൽ ബിരുദപഠനം ആരംഭിക്കുന്ന വിദ്യാർഥികൾക്ക്, കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നതിന് ആദ്യത്തെ ഒരുവർഷം ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്.

തൊഴിലുറപ്പ് കണക്കും ബികോം ഇന്റേൺഷിപ്പും

കേരള ഇൻറേൺഷിപ്പ് പോർട്ടൽ എന്നൊരു പോർട്ടലുണ്ട്. അതിൽ മിക്കവാറും വിഷയങ്ങളിൽ നിലവിൽ ഇന്റൺഷിപ്പ് ഇല്ല; സയൻസ്, ഭാഷാ വിഷയങ്ങളിലുള്ളവയ്ക്ക് പ്രത്യേകിച്ച്. വലിയ ഫീസ് വാങ്ങിയാണ് പല ഇൻറേൺഷിപ്പ് ദാതാക്കളും കോഴ്സ് നടത്തുന്നത്. സ്ഥാപനങ്ങൾ ദൂരെയാണെങ്കിൽ വണ്ടിക്കൂലി, താമസം തുടങ്ങിയ വലിയ സാമ്പത്തിക ഭാരവും വിദ്യാർഥികൾക്കുണ്ടാകും. ദൂരെയുള്ള സ്ഥലങ്ങളിൽ പോയി ഇൻറേൺഷിപ്പ് ചെയ്യാൻ സാധിക്കാതെവരുമ്പോൾ, ചില വിദ്യാർഥികൾക്ക് മികച്ച സ്ഥാപനങ്ങളിൽ അവസരം ലഭിക്കുകയും സ്ഥാപനങ്ങൾ അടുത്തില്ലാത്ത മറ്റുള്ളവർക്ക്‌ മികച്ച അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. പല വിദ്യാർഥികൾക്കും സമീപ്രദേശങ്ങളിലെ ചെറുകിട സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതായി വരും. അങ്ങനെ വരുമ്പോൾ, കൊമേഴ്സ്, മാത്‌സ്‌ വിദ്യാർഥികൾക്ക് കുടുംബശ്രീ, തൊഴിലുറപ്പ് ഡാറ്റ എൻട്രിയാകും ഇൻറേൺഷിപ്പ്..!

സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ഉള്ളതുപോലെ സയൻസ് ഇതര വിഷയങ്ങളിൽ പ്രാക്ടിക്കലിന് സമാനമായി ‘പ്രാക്റ്റിക്കം’ (Practicum) ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രവിഷയങ്ങളിലെ ലബോറട്ടറി പ്രാക്ടിക്കലുകൾക്ക് സമാനമായി സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ഭാഷകൾ, കോമേഴ്‌സ് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പ്രായോഗിക പരിശീലനം നൽകുകയാണ് ലക്ഷ്യം. കേസ് സ്റ്റഡികൾ, ഫീൽഡ് പ്രോജക്റ്റുകൾ, അക്കാദമിക് റൈറ്റിങ്- കണ്ടന്റ് നിർമ്മാണം, ഡാറ്റാ വിശകലനം, കമ്മ്യൂണിറ്റി ആക്ടിവിറ്റികൾ തുടങ്ങിയ പ്രായോഗിക പ്രവർത്തനങ്ങൾ അധ്യാപകരുടെയും അധ്യാപകേതര വിദഗ്ധരുടെയും മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ ഇതിലൂടെ പൂർത്തിയാക്കണം. നിരന്തര മൂല്യനിർണയം, ഫീൽഡ് വർക്ക് അസൈൻമെന്റുകൾ, സെമിനാർ/പ്രെസന്റേഷൻ, പരീക്ഷ എന്നിങ്ങനെ പല തലങ്ങളിലുള്ള മൂല്യനിർണയ രീതികളാണ് കരിക്കുലം ഫ്രെയിംവർക്ക് പറയുന്നത്. എന്നാൽ, പലപ്പോഴും ഒരു വൈവയോ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ് പേപ്പറോ ആയാണ് ഇത് പലയിടത്തും നടപ്പാക്കപ്പെടുക. കോഴ്സുകൾ, ഇൻ്റേൺഷിപ്പിന്റെ ദൈർഘ്യം തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്ത യൂണിവേഴ്സിറ്റികൾ വ്യത്യസ്ത നിർദേശങ്ങളാണ് മുന്നോട്ടുവെക്കുന്ന് എന്നകാര്യവും ഓർക്കണം.

പുതിയ കരിക്കുലത്തിൽ എബിലിറ്റി എൻഹാൻസ്മെന്റ് എന്ന പേരിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷാപഠനത്തേക്കുറിച്ചുള്ള ആശങ്കയും പല അധ്യാപകരും പങ്കുവെക്കുന്നുണ്ട്. സാഹിത്യപഠനം ഏറെക്കുറെ ഒഴിവാക്കപ്പെടുന്നു, ഭാഷയെ ‘ഫങ്ഷണൽ’ (പ്രയോഗത്തിനുള്ള) മൂല്യം മാത്രമുള്ള ഒന്നായി സമീപിക്കുന്നു എന്നതൊക്കെയാണ് ആശങ്കയ്ക്ക് അടിസ്ഥാനം. വിദ്യാർഥിയെ ജോലിക്ക് പ്രാപ്തനാക്കാൻ ഉതകുന്ന ഭാഷാപഠനം മാത്രമാണ് നടക്കുന്നതെന്നാണ് പരാതി.

മൂല്യനിർണയത്തിൽ വൻ വെള്ളംചേർക്കൽ

ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളിലെ മൂല്യനിർണയം കോളേജ് തലത്തിലും രണ്ട്, നാല്, ആറ് സെമസ്റ്ററുകളിലേത് യൂണിവേഴ്സിറ്റി തലത്തിലുമാണ് നടക്കുന്നത്. കോളേജ് തലത്തിൽ നടക്കുന്ന മൂല്യനിർണയത്തിൽ ചിലയിടങ്ങളിലെങ്കിലും വൻ വെള്ളംചേർക്കൽ നടക്കുന്നതായി അനുഭവത്തിന്റെ വെളിച്ചത്തിൽ അധ്യാപകർ പറയുന്നു.

മൂല്യനിർണയത്തിലെ കൃത്യത ഉറപ്പുവരുത്താൻ ചില യൂണിവേഴ്സിറ്റികൾക്ക് സ്ക്വാഡ് സംവിധാനമുണ്ട്. സ്വന്തം കോളേജിലെ കുട്ടികൾക്ക് അധ്യാപകർ മാർക്ക് വാരിക്കോരി നകിയതായി ഇത്തരമൊരു സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തി. എട്ട് മാർക്കിന് അഹർതയുള്ള കുട്ടിക്ക് അധ്യാപകൻ നൽകിയത് 65 മാർക്കായിരുന്നു. ഇത്തരം റാൻഡം പരിശോധന എല്ലാ കോളേജുകളിലും നടക്കണമെന്നില്ല. മാത്രമല്ല, പരിശോധനയ്ക്ക് ഇത്തരമൊരു സ്ക്വാഡ് സംവിധാനം പോലും ഇല്ലാത്തവയാണ് പല യൂണിവേഴ്സിറ്റികളും എന്നോർക്കുമ്പോഴാണ് മൂല്യനിർണയത്തിലെ വെള്ളംചേർക്കലിന്റെ രൂക്ഷത വ്യക്തമാകുന്നത്. പഠിപ്പിക്കുന്ന കാര്യത്തിൽ ഈ അധ്യാപകർ എത്ര വെള്ളംചേർത്തിട്ടുണ്ടാകും?

ഇന്റൺഷിപ്പിന്റെ മൂല്യനിർണയം സംബന്ധിച്ചും അവ്യക്തതയുണ്ടെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ലക്ഷ്യം തൊഴിൽ പരിശീലനമാണ് എന്നിരിക്കേ, വ്യത്യസ്ത സ്ഥാപനങ്ങളിൽ ഇത് പൂർത്തിയാക്കിയ വിദ്യാർഥികളെ ഏതൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം ചെയ്യും? ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കെല്ലാം മുഴുവൻ മാർക്കും ലഭിക്കുന്ന സ്ഥിതിയാണ്. എഫ്.വൈ.യു.ജി.പി. എത്ര ഉന്നത ലക്ഷ്യത്തോടെ വിഭാവനംചെയ്യപ്പെട്ടാലും പ്രായോഗികതലത്തിൽ അത് വഴിമാറിപ്പോകാം എന്നതിനുള്ള ചില ഉദാഹരണങ്ങൾ മാത്രമാണിത്‌.

മൈനർ തിരഞ്ഞെടുപ്പിൽ വേണം വലിയശ്രദ്ധ- ഡോ. ജി. ഹരികൃഷണൻ

 

placeholder

മൈനർ തിരഞ്ഞെടുക്കാനുള്ള അവസരം ശ്രദ്ധയോടെ വിനിയോഗിക്കേണ്ടതുണ്ടെന്ന് മടപ്പള്ളി കോളേജ് ഫിസിക്സ് വടകര മടപ്പള്ളി ഗവ. കോളേജ് ഫിസിക്സ് വിഭാഗം അധ്യാപകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്.വൈ.യു.ജി.പി പ്രോഗ്രാമിന്റെ ചട്ടങ്ങൾ തയ്യറാക്കിയ കമ്മിറ്റിയിൽ അംഗവുമായ ഡോ. ജി. ഹരികൃഷ്ണൻ പറയുന്നു. ‘മൈനറിന്റെ തിരഞ്ഞെടുപ്പിലുള്ള ഫ്ലെക്സിബിലിറ്റി ചിലപ്പോൾ ഗുണവും മറ്റുചിലപ്പോൾ ദോഷവുമായി മാറുന്നതാണ് കണ്ടുവരുന്നത്. ഇന്റർ ഡിസിപ്ലിനറിയായ വിഷയങ്ങൾ പഠിക്കുന്നത് പ്രയോജനകരമാകുന്ന ചില വിദ്യാർഥികളുടെ കാര്യത്തിൽ മാത്രമാണ് ഇത് ഗുണംചെയ്യുക, എല്ലാവർക്കും അല്ല. അതുകൊണ്ട് ഇത് വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതാണ്’, അദ്ദേഹം ഓർമിപ്പിക്കുന്നു.

 

‘ബിരുദ വിദ്യാഭ്യാസത്തിലെ പുതിയ മാറ്റങ്ങൾ അനുസരിച്ച് പണ്ടത്തെപ്പോലെ കോർ, കോംപ്ലിമെന്ററി വിഷയങ്ങൾ ഫിക്സ്ഡ് ആയിരിക്കില്ല. ഉദാഹരണത്തിന് ബിഎസ്സി ഫിസിക്സ് കോർ അഥവാ മേജർ ആയി എടുക്കുന്ന ഒരു കുട്ടിക്ക് കോളേജിൽ ലഭ്യമായ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നും അവരുടെ ഇഷ്ടാനുസരണം മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. മേജർ ഫിസിക്സ് പഠിക്കുന്ന കുട്ടികൾക്ക് വേണമെങ്കിൽ പൊളിറ്റിക്സോ മലയാളമോ ഒക്കെ മൈനർ ആയി തിരഞ്ഞെടുക്കാനുള്ള ഫ്ലെക്സിബിലിറ്റി നിലവിലുണ്ട്. ഇത്തരം ഫ്ലെക്സിബിലിറ്റി, സിവിൽ സർവീസ് പോലെയുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാണ്. എന്നാൽ, കൃത്യമായ പ്ലാനിങ് ഇല്ലാതെ വിഷയങ്ങൾ തിരഞ്ഞെടുത്താൽ അത് കുട്ടികളുടെ ഉപരിപഠനത്തെയും വിഷയാധിഷ്ഠിത അറിവിനെയും സാരമായി ബാധിച്ചേക്കാം. കോളേജുകളിൽനിന്നും അധ്യാപകരിൽനിന്നും കുട്ടികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം ലഭിച്ചില്ലെങ്കിൽ അബദ്ധമായ തിരഞ്ഞെടുപ്പുകളിലേക്ക് അവർ എത്തിപ്പെടും. ബികോം മേജർ എടുത്ത കുട്ടികൾ കെമിസ്ട്രി മൈനർ ആയി എടുക്കേണ്ടി വന്ന സാഹചര്യങ്ങളും ഫിസിക്സ് പഠിക്കുന്ന കുട്ടികൾ മാത്തമാറ്റിക്സ് ഒഴിവാക്കുന്നത് മൂലം എം.എസ്‌സി അഡ്മിഷന് യോഗ്യത നേടാനാവാത്ത അവസ്ഥയും ഉണ്ടാകുന്നുണ്ട്. അതിനാൽ ഉചിതമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി കുട്ടികൾക്ക് ശരിയായ ഓറിയന്റേഷൻ ലഭിക്കേണ്ടതുണ്ട്.’ ഡോ. ഹരികൃഷ്ണൻ പറയുന്നു.

 

ബിരുദാനന്തര ബിരുദ അഡ്മിഷനെയും ഇത്തരം കാര്യങ്ങൾ ബാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ അഡ്മിഷൻ ലഭിക്കാൻ പ്രധാന വിഷയത്തിനൊപ്പം പഠിച്ചിരിക്കേണ്ട ചില അനുബന്ധ വിഷയങ്ങളുണ്ട്. ഉദാഹരണത്തിന് ഫിസിക്സ് മേജർ പഠിക്കുന്ന വിദ്യാർഥിക്ക് പിന്നീട് പിജിക്ക് ചേരേണ്ടിവരുമ്പോൾ  ഡിഗ്രി ലവലിൽ വേണ്ടത്ര മാത്‌സ്‌ പഠിച്ചിട്ടില്ലെങ്കിൽ അഡ്മിഷനെ ബാധിക്കാം. മിക്കയിടത്തും എം.എസ്‌സി ഫിസിക്സിന് 10-12 ക്രെഡിറ്റ് മാത്‌സ്‌ പഠിക്കണമെന്നു നിർബന്ധമാണ്. ഈ അഡ്മിഷൻ ക്രൈറ്റീരിയയേക്കുറിച്ച് ധാരണ ഇല്ലാതെ ഡിഗ്രിക്ക് മൈനർ ആയി വേറെ പലതും പഠിച്ച വിദ്യാർഥിക്ക് എം.എസ്‌സി ഫിസിക്സിന് അഡ്മിഷൻ കിട്ടാതെ വന്നേക്കാം. അഡ്മിഷന്റെ കാര്യത്തിൽ അത്തരം പ്രയാസങ്ങൾ ഉണ്ടായില്ലെങ്കിൽപോലും ഗണിതത്തിൽ കിട്ടേണ്ട അറിവ് ലഭിക്കാത്തതുമൂലം  എം.എസ്‌സി ശരിയായി പഠിക്കാൻ കഴിയാതെവരാം. ഇത് എല്ലാ വിഷയത്തിലും സംഭവിക്കാം’, അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

ഇത്തരം കാര്യങ്ങളേക്കുറിച്ച് പ്ലസ് ടു കഴിഞ്ഞ് ബിരുദത്തിന് ചേരുന്ന വിദ്യാർഥിക്ക് അവബോധം നൽകേണ്ടതാണെന്നാണ് ഡോ. ഹരികൃഷ്ണന്റെ അഭിപ്രായം. എന്നാൽ, മിക്ക കോളേജുകളിലും  അത്തരത്തിലുള്ള അവബോധം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്. മാത്രമല്ല, ചിലപ്പോഴെങ്കിലും കോളേജിലെ സാഹചര്യങ്ങൾവെച്ച് ചില മൈനർ കോഴ്സുകൾ എടുക്കാൻ വിദ്യാർഥികളെ നിർബന്ധിക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. കുട്ടികളുടെ എണ്ണം കുറഞ്ഞാൽ വർക്ക് ലോഡ് കുറയുമോ എന്നൊക്കെയുള്ള പേടിമൂലം നിർബന്ധപൂർവം കുട്ടികളെ ചില പ്രത്യേക കോമ്പിനേഷൻ ഒക്കെ എടുക്കാൻ അങ്ങനെ നിർബന്ധിക്കുന്ന സംഭവങ്ങളുമുണ്ട്.’ അദ്ദേഹം പറയുന്നു.

നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ സങ്കീർണമാണ് കാര്യങ്ങൾ. കോഴ്സ് ഘടനയും നടപ്പാക്കലും മാത്രമല്ല, ക്ലാസ് മുറികളുടെ ലഭ്യത മുതൽ ഓൺലൈൻ/സ്കിൽ കോഴ്സുകൾക്കുള്ള ചെലവുകൾവരെ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. ഇപ്പോൾ വിദഗ്ധസമിതി മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങൾ ഈ ആശങ്കകൾക്കുള്ള ഉത്തരമാകുമോ?
വരുന്ന അധ്യായത്തിൽ പരിശോധിക്കാം.

(തുടരും)