
സ്വകാര്യമേഖലയിലെ ആദ്യത്തെ പെട്രോളിയം സംഭരണകേന്ദ്രം (സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്) സജ്ജമാക്കാനൊരുങ്ങി ഇന്ത്യ. 5,700 കോടി രൂപയുടെ പദ്ധതി അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കര്‍ണാടകത്തിലെ പാഡൂരില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താനായി രാജ്യങ്ങള്‍ പെട്രോളിയം സംഭരിക്കുന്നതിനെയാണ് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് എന്ന് വിളിക്കുന്നത്. ഈ മെഗാ പദ്ധതി പൂര്‍ത്തിയായാല്‍ സ്വകാര്യമേഖലയില്‍ ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ പെട്രോളിയം സംഭരണകേന്ദ്രമായി പാഡൂര്‍ മാറും. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ അടിയന്തര പെട്രോളിയം ആവശ്യത്തെ പരിഹരിക്കാനും ആഗോള പെട്രോളിയം ഉത്പാദകര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളേയും വിലപേശലുകളേയും നേരിടാനും ഇന്ത്യയ്ക്ക് സാധിക്കും. പെട്രോളിയം സംഭരണ കേന്ദ്രങ്ങള്‍ നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള സുപ്രധാന കരാര്‍ പ്രമുഖ കമ്പനിയായ മേഘ എഞ്ചിനീയറിങ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് സ്വന്തമാക്കിയത്.
കരുതല്‍ സംഭരണവും ഇന്ത്യയും
ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവാണ് ഇന്ത്യ. ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും വേണ്ടി രാജ്യങ്ങൾ ഇത്തരം കരുതല്‍ സംഭരണങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയിലിന്റെ ഏകദേശം 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. പ്രതിദിനം ഏകദേശം 5.5 ദശലക്ഷം ബാരല്‍ (mbpd) ഉപയോഗിക്കുകയും ചെയ്യുന്നു. ഇന്ത്യ പ്രധാനമായും പെട്രോളിയം (ക്രൂഡ് ഓയില്‍) ഇറക്കുമതി ചെയ്യുന്നത് മിഡില്‍ ഈസ്റ്റിലെ പരമ്പരാഗത വിതരണക്കാരില്‍നിന്നാണ്. ഇറാഖ്, സൗദി അറേബ്യ, റഷ്യ തുടങ്ങിയവയാണ് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങള്‍. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 20-23 ശതമാനവും ഇറാഖില്‍നിന്നാണ്. 16-18 ശതമാനം വരെയാണ് സൗദിയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്. സൗദിയുമായി ഇന്ത്യ ദീര്‍ഘകാലമായുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുമുണ്ട്. 18-20% ക്രൂഡ് ഓയില്‍ റഷ്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. വിലക്കിഴിവില്‍ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്നാണ് ഇന്ത്യ റഷ്യയുമായുള്ള പങ്കാളിത്തം വര്‍ധിപ്പിച്ചത്. 8-10% ഇറക്കുമതി യുഎഇയില്‍നിന്നാണ്. നൈജീരിയയും മറ്റ് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളും ചേര്‍ന്ന് 6-7% വിതരണം ചെയ്യുന്നുണ്ട്. കുവൈറ്റ്, അംഗോള, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ചെറിയ അളവില്‍ ഇറക്കുമതി നടക്കുന്നുണ്ട്.
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യയുടെ ആവശ്യം ദിനംപ്രതി വര്‍ധിച്ചുവരുമ്പോള്‍ ആഗോള എണ്ണവിതരണത്തിലെ ചെറിയ തടസ്സങ്ങള്‍ പോലും രാജ്യത്തിന് മുന്നില്‍ പ്രതിസന്ധി തീര്‍ത്തേക്കാം. വിലയുടേയോ നയതന്ത്രത്തിന്റേയോ പേരില്‍ എണ്ണ ഇറക്കുമതി തടസ്സപ്പെട്ടാല്‍ അത് വിലയിരട്ടിച്ചുകൊണ്ടാവും രാജ്യത്തെ ജനങ്ങളെ ബാധിക്കുക. ലോകത്തിലെ ഏറ്റവും വലിയ ചില എണ്ണപ്പാടങ്ങള്‍ സ്ഥിതിചെയ്യുന്ന പശ്ചിമേഷ്യയില്‍ അടുത്തിടെയുണ്ടായ ദിവസങ്ങളോളം നീണ്ടുനിന്ന സംഘര്‍ഷം ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നു. ആഗോള ഊര്‍ജ്ജ വിപണികളുടെ ദുര്‍ബലാവസ്ഥയെ തുറന്നുകാട്ടുന്നവയായിരുന്നു ഈ സംഘര്‍ഷം. ഇന്ത്യയ്ക്കും സ്ഥിതി മറ്റൊന്നായിരുന്നില്ല. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കുള്ള പ്രതികരണമായാണ് ഇന്ധന സംഭരണശേഷി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ത്വരിതപ്പെടുത്തിയത്.
ഓപ്പറേഷന്‍ സിന്ദൂര്‍ പോലെ അടുത്തിടെയുണ്ടായ സൈനിക നടപടികളും ഭാവിയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യതകളും ഇന്ത്യയ്ക്ക് കാര്യമായ അടിയന്തര എണ്ണശേഖരം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയാണ് അടിവരയിടുന്നത്. കരുതല്‍ശേഖരം ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്കും സുപ്രധാന സുരക്ഷാ കവചമാണ് നല്‍കുക. പ്രതിസന്ധി കാലത്ത് രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശക്തിയും അവസരവുമാണ് ഈ സംഭരണത്തിലൂടെ ഉണ്ടാവുക. ഭൂമിക്കടിയിലാണ് കരുതല്‍ സംഭരണ കേന്ദ്രങ്ങള്‍ നിര്‍മിക്കുക. എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ഇവ പലപ്പോഴും തുറമുഖങ്ങള്‍ക്കും എണ്ണശുദ്ധീകരണ ശാലകള്‍ക്കും സമീപത്താണ് നിര്‍മിക്കാറുള്ളത്.
5700 കോടിയുടെ പദ്ധതി, 11000 കോടിയുടെ കരുതല്‍ ശേഖരം
വിശാഖപപട്ടണം, മംഗലാപുരം, പാഡൂര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയ്ക്ക് നിലവില്‍ കരുതല്‍ സംഭരണമുള്ളത്. ഇതിന് പുറമേയാണ് സ്വകാര്യമേഖലയില്‍ കരുതല്‍ശേഖരം സജ്ജമാക്കാനുള്ള പദ്ധതികളും നടപ്പാക്കുന്നത്. ഇതുപ്രകാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ സംഭരണശാല നിര്‍മിക്കാനുള്ള കരാറാണ് 'മേഘ'യ്ക്കുള്ളത്. 60 വര്‍ഷത്തേക്കാണ് പ്രവര്‍ത്താനാനുമതി. 2.5 മില്ല്യണ്‍ മെട്രിക് ടണ്‍ പെട്രോളിയം ശേഖരിക്കാനുള്ള സംവിധാനം കര്‍ണാടകത്തിലെ പാഡൂരില്‍ നിര്‍മിക്കാനാണ് കരാര്‍. നിലവിലെ വിലയനുസരിച്ച് ഈ ശേഖരം ഏതാണ്ട് 11,000 കോടിയോളം വരും. പാഡൂരില്‍ ഇന്ത്യയുടെ കരുതല്‍ശേഖരണ സംവിധാനം നിലവിലുണ്ട്. ഇതിനുപുറമേയാണ് പുതിയ സംവിധാനവുമൊരുക്കുന്നത്. സംഭരണശാല നിര്‍മിക്കാനുള്ള ലേലം നടത്തിയത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡാണ്. ഇന്ത്യയിലെ നിലവിലെ സംഭരണത്തിന്റെ ചുമതലയും ഇവര്‍ക്കുതന്നെ.
കരയിലെയും കടലിലെയും പൈപ്പ്‌ലൈന്‍ ശൃംഖലകള്‍ ഉള്‍പ്പെടെ എണ്ണ കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ ആധുനിക സൗകര്യങ്ങളും പാഡൂരില്‍ നിര്‍മിക്കുന്ന പുതിയ സംഭരണശാലയില്‍ ഉണ്ടായിരിക്കും. റിഫൈനറി നിര്‍മ്മാണം, പൈപ്പ്‌ലൈന്‍ നിര്‍മാണം, റിഗ്ഗുകളുടെ വിതരണം എന്നിവ ഉള്‍പ്പെടെ എണ്ണ, വാതക വ്യവസായത്തിനായുള്ള ഇപിസി കരാറുകളാണ് മേഘയുടെ പ്രധാന ബിസിനസ്സ്. നിലവില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനായി ഒരു ഭൂഗര്‍ഭ എല്‍പിജി സംഭരണ കേന്ദ്രം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് 'മേഘ'. ഇന്ധന സംഭരണത്തിനായി 214 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഐഎസ്പിആര്‍എല്ലും 'മേഘ'യും ചര്‍ച്ചകളിലാണ്. അതുകൂടി പൂര്‍ത്തിയായാല്‍ ഈ കരാര്‍ പൂര്‍ണമാവും. സര്‍ക്കാരിനും എണ്ണക്കമ്പനികള്‍ക്കും സംഭരണ സ്ഥലം വാടകയ്ക്ക് നല്‍കി തങ്ങളുടെ നിക്ഷേപം വീണ്ടെടുക്കാനാണ് 'മേഘ' പദ്ധതിയിടുന്നത്. അതേസമയം, ക്രൂഡ് ഓയില്‍ വ്യാപാര പ്രവര്‍ത്തനങ്ങളില്‍ കമ്പനി സ്വയംഭരണാധികാരം നിലനിര്‍ത്തുകയും ചെയ്യും.
നിലവില്‍ എന്താണ് ഇന്ത്യയുടെ ശേഷി?
നിലവിലുള്ള ഇന്ത്യയുടെ കരുതല്‍ ശേഖരം 5.33 എംഎംടിയാണ്. വിശാഖപട്ടണത്ത് 1.33 എംഎംടി, മംഗളൂരുവില്‍ 1.5 എംഎംടി, പാഡൂരില്‍ 2.5 എംഎംടി എന്നിങ്ങനെയാണത്. ഇവയുടെ പരമാവധി ശേഷിയില്‍ 8-9 ദിവസത്തെ ഇന്ത്യയുടെ ആവശ്യം മാത്രമേ നിറവേറ്റാന്‍ സാധിക്കുകയുള്ളൂ. ഈ മൂന്ന് മേഖലകളിലേയും ഭൂഗര്‍ഭ അറകളിലായി 39 മില്ല്യണ്‍ ബാരല്‍ ശേഖരമാണുള്ളത്. അമേരിക്കയുടേയും ചൈനയുടേയും വമ്പന്‍ ശേഖരത്തെ അപേക്ഷിച്ച് വളരെ കുറവാണ് ഈ ശേഖരം. അമേരിക്ക 727 മില്ല്യണ്‍ ബാരല്‍ ശേഖരവും ചൈന 1200 മില്ല്യണ്‍ ബാരലുമാണ് സംഭരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ പെട്രോളിയം കരുതല്‍ സംഭരണത്തില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരികയെന്ന ആശയം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മുന്നോട്ടുവരുന്നത്. തുടര്‍ന്ന് 2018ല്‍ കര്‍ണാടകയിലെ പാഡൂര്‍ (2.5 MMT), ഒഡീഷയിലെ ചാന്ദിഖോല്‍ (4 MMT) എന്നിവിടങ്ങളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിഇ മോഡല്‍) രണ്ട് പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ പ്രാഥമിക അനുമതിയും നല്‍കുകയായിരുന്നു. പാഡൂരിലേതാണ് ആദ്യം യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. രണ്ടാം ഘട്ടത്തിലെ വികസനത്തില്‍ ചാന്ദിഖോലില്‍ സംഭരണ കേന്ദ്രം നിര്‍മിക്കും. ഇതിനുപുറമേ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാനായി രാജ്യത്ത് ആറ് കേന്ദ്രങ്ങളില്‍ എണ്ണ സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയും ഇന്ത്യയ്ക്കുണ്ട്. രാജസ്ഥാനിലെ ബിക്കാനീര്‍, മധ്യപ്രദേശിലെ ബിന, മംഗളൂരു എന്നിവിടങ്ങളിലാണ് അടുത്ത ഘട്ടത്തില്‍ പദ്ധതി വിപുലീകരിക്കുക.
ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ വന്‍കിട സ്വകാര്യ എണ്ണക്കമ്പനികളെ അസംസ്‌കൃത എണ്ണയുടെ വ്യാപാരം നടത്താന്‍ അനുവദിച്ചുകൊണ്ടാണ് രാജ്യത്തിന്റെ ആവശ്യങ്ങളെ നേരിടുന്നത്. ഇതിന് സമാനമായി, സ്വകാര്യ പങ്കാളിത്തവും വാണിജ്യവല്‍ക്കരണവും അനുവദിക്കുന്നതിനായാണ് ഇന്ത്യ തങ്ങളുടെ നയങ്ങളില്‍ മാറ്റം കൊണ്ടുവന്നത്. അതില്‍ പ്രധാനമായിരുന്നു സ്വകാര്യ പങ്കാളിത്തം. 90 ദിവസത്തെ കരുതല്‍ ശേഖരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡ് വ്യക്തമാക്കുന്നു. അംഗരാജ്യങ്ങള്‍ കുറഞ്ഞത് 90 ദിവസത്തെ എണ്ണ ഉപഭോഗത്തിനുള്ള ശേഖരം കൈവശം വെക്കണമെന്ന് നിബന്ധനയുള്ള അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയില്‍ ചേരാന്‍ ഇത് ഇന്ത്യയെ സഹായിക്കും. നിലവില്‍ ഇന്ത്യയിലുള്ളതും, സമീപഭാവിയില്‍ ഇന്ത്യ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വലിയ പദ്ധതികളിലൂടേയും ഇന്ത്യയുടെ സംഭരണ ശേഷി 75 ദിവസത്തെ ഇന്ധന ആവശ്യം നിറവേറ്റാന്‍ പര്യാപ്തമാവുമെന്നും ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡ് വിശദീകരിക്കുന്നുണ്ട്.
കരുതല്‍ ശേഖരം, ഇന്ത്യയും അയല്‍ക്കാരും
ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍, ചൈനയ്ക്ക് മാത്രമേ നിലവില്‍ വലിയ തോതിലുള്ള തന്ത്രപ്രധാനമായ പെട്രോളിയം കരുതല്‍ ശേഖരമുള്ളൂ. പാകിസ്താനും ബംഗ്ലാദേശിനും കാര്യമായ പ്രവര്‍ത്തനക്ഷമമായ തന്ത്രപ്രധാന കരുതല്‍ ശേഖരമില്ല, അവര്‍ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നു. 2025-ലെ കണക്കനുസരിച്ച് ചൈനയുടെ തന്ത്രപ്രധാന പെട്രോളിയം കരുതല്‍ ശേഖര ശേഷി ഏകദേശം 313-401 മില്ല്യണ്‍ ബാരലാണ്. ഇവയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയും പുതിയ സംഭരണ കേന്ദ്രങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്നു. വാണിജ്യപരമായ ശേഖരവുമായി ചേര്‍ക്കുമ്പോള്‍ ചൈനയുടെ മൊത്തം അസംസ്‌കൃത എണ്ണയുടെ ശേഖരം എത്രയോ മടങ്ങാണ്. മൂന്ന് മാസത്തിലേറെക്കാലത്തേക്കുള്ള ഇന്ധന പരിരക്ഷ ഇത് ചൈനയ്ക്ക് നല്‍കുന്നു. എണ്ണ ആവശ്യകതയുടെ 70 ശതമാനത്തിലധികവും ചൈന ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍തന്നെ ചൈന ഊര്‍ജ്ജ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. കൂടാതെ പുതിയ തന്ത്രപ്രധാന സംഭരണ സൗകര്യങ്ങളില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നത് തുടരുകയും ചെയ്യുന്നു. ചൈനയിലെ കരുതല്‍ ശേഖര സംവിധാനത്തില്‍ ഭൂഗര്‍ഭ അറകളെന്ന പോലെ ഭൂതല സംവിധാനങ്ങളുമുണ്ട്.
അതേസമയം, പാകിസ്താന് ഒരു പ്രത്യേക പെട്രോളിയം കരുതല്‍ ശേഖരം ഇല്ല. അതിനാല്‍ വിതരണ ശൃംഖലയില്‍ ഏതെങ്കിലും രീതിയിലുള്ള തടസ്സങ്ങളുണ്ടായാല്‍ അത് പാകിസ്താനെ വളരെ പെട്ടന്നുതന്നെ ബാധിക്കും. പാകിസ്താനില്‍ തെളിയിക്കപ്പെട്ട പരമ്പരാഗത എണ്ണ ശേഖരവും പരിമിതമാണ്. ഏകദേശം 234-353 ദശലക്ഷം ബാരലായി കണക്കാക്കപ്പെടുന്ന ഇതിന് ആഗോളതലത്തില്‍ താഴ്ന്ന റാങ്കാണുള്ളത്. നിലവിലെ നിരക്കില്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള ആഭ്യന്തര ഉപഭോഗം മാത്രമേ ഈ ശേഖരം നിറവേറ്റുകയുള്ളൂ. 45 ദിവസം വരെയുള്ള ഉപഭോഗം നിറവേറ്റാന്‍ കഴിയുന്ന കരുതല്‍ ശേഖരം നിര്‍മ്മിക്കാന്‍ തന്ത്രപരമായ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രാരംഭഘട്ടത്തിലാണ്. പാകിസ്താന്റെ ഏറ്റവും വലിയ ഇറക്കുമതി ഇനം എണ്ണയാണ്. അവരുടെ വാര്‍ഷിക ഇറക്കുമതി ബില്ലിന്റെ ഏകദേശം 20 ശതമാനമാണിത്.മറ്റൊരു അയല്‍രാജ്‌യമായ ബംഗ്ലാദേശിനും വലിയതോതിലുള്ള പെട്രോളിയം കരുതല്‍ ശേഖരമില്ല. അവര്‍ പരിമിതമായ വാണിജ്യ സ്റ്റോക്കുകള്‍ മാത്രമേ അവര്‍ സൂക്ഷിക്കുന്നുള്ളൂ.പാകിസ്താനെപ്പോലെ ബംഗ്ലാദേശും പ്രധാനമായും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുകയാണ്.
കരുതലില്‍ മുന്നില്‍ വെനസ്വേല
ലോകത്ത് ഏറ്റവും കൂടുതല്‍ പെട്രോളിയം കരുതല്‍ ശേഖരമുള്ള രാജ്യം വെനസ്വേലയാണ്. 2025ലെ കണക്കനുസരിച്ച് 300 ബില്യണ്‍ ബാരലിലധികമാണ് വെനസ്വേലയുടെ ശേഖരം. പുറത്തുവിട്ട കണക്കുകള്‍ മാത്രമാണിതെന്നിരിക്കെ ഇതിലധികമായിരിക്കും യഥാര്‍ഥ ശേഖരമെന്നാണ് വാസ്തവം. കരുതല്‍ ശേഖരത്തില്‍ സൗദി അറേബ്യ, ഇറാന്‍, കാനഡ തുടങ്ങിയ മറ്റ് പ്രമുഖ രാജ്യങ്ങളെക്കാള്‍ എത്രയോ മടങ്ങാണ് വെനസ്വേലയുടെ ശേഖരം.
വെനസ്വേലയിലെ എണ്ണയില്‍ ഭൂരിഭാഗവും അതിസാന്ദ്രത കൂടിയ അസംസ്‌കൃത എണ്ണയാണ്. ഇത് വേര്‍തിരിച്ചെടുക്കാനും ശുദ്ധീകരിക്കാനും കൂടുതല്‍ പ്രയാസമുള്ളതാണ്. ഒറിനോക്കോ ബെല്‍റ്റിലാണ് ഈ ഭീമമായ ശേഖരത്തിന്റെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഈ സമൃദ്ധി ഉണ്ടായിരുന്നിട്ടും, സാമ്പത്തിക അസ്ഥിരത, ഉപരോധങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവ കാരണം എണ്ണ ഖനനം ചെയ്യാനും ശുദ്ധീകരിക്കാനുമുള്ള വെനസ്വേലയുടെ കഴിവ് പരിമിതമാണ്. ഇത് എണ്ണ ഖനന മേഖലയെ നല്ല രീതിയില്‍ ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ തടസ്സങ്ങള്‍ക്കിടയിലും, ആഗോള ഊര്‍ജ്ജ വിപണിയില്‍ വെനസ്വേലയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ എണ്ണ ശേഖരത്തിലുള്ള ഈ മുന്‍തൂക്കം നിര്‍ണായകമാണ്. പ്രകൃതി വാതകത്തിന്റെ കാര്യത്തിലും, ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്ന് വെനസ്വേലയിലാണെങ്കിലും അതിന്റെ വികസനം മന്ദഗതിയിലാണ്. തങ്ങളുടെ ഹൈഡ്രോകാര്‍ബണ്‍ സമ്പത്ത് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി നിക്ഷേപങ്ങളും സാങ്കേതിക പങ്കാളിത്തവും പുനരുജ്ജീവിപ്പിക്കുക എന്നതാണ് രാജ്യം നേരിടുന്ന നിലവിലെ പ്രധാന വെല്ലുവിളി.
ഏകദേശം 267 ബില്യണ്‍ ബാരല്‍ എണ്ണ ശേഖരവുമായി സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഈ എണ്ണ ശേഖരം ആഗോള എണ്ണവിപണിയില്‍ സൗദിക്ക് കാര്യമായ സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ സ്വാധീനം നല്‍കുന്നുണ്ട്. വെനസ്വേല, സൗദി അറേബ്യ, ഇറാന്‍, റഷ്യ, അമേരിക്ക, ഇറാഖ്, ഖത്തര്‍, യുഎഇ, കാനഡ, ബ്രസീല്‍ എന്നിവയാണ് കരുതല്‍ ശേഖരത്തില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള രാജ്യങ്ങള്‍.
Content Highlights: India to build its first private strategic petroleum reserve in Karnataka
Published: 21 Sept 2025, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented