സ്വാതന്ത്ര്യസമരസേനാനി എം.പി. നാരായണമേനോന്റെ അറുപതാം ചരമവാർഷികമാണ് ഇന്ന്

സ്വാതന്ത്ര്യസമരപോരാളിയായ എം.പി. നാരായണമേനോന്, ഉപാധികൾ അംഗീകരിച്ച് മാപ്പുപറഞ്ഞിരുന്നെങ്കിൽ നീണ്ട 13 വർഷം ബ്രിട്ടിഷ്ഭരണകൂടത്തിന്റെ തടവിൽ കഴിയേണ്ടിവരില്ലായിരുന്നു. 1921 മുതൽ 1934 വരെ പതിമ്മൂന്നുവർഷവും പിന്നീട് 1942 മുതൽ നാലുവർഷവും തടവിലടയ്ക്കപ്പെട്ട നാരായണമേനോനാണ് കേരളത്തിൽ ഏറ്റവും കൂടുതൽക്കാലം ജയിൽശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമരസേനാനി. മാപ്പുപറഞ്ഞുകൊണ്ട് ജയിൽശിക്ഷയിൽ ഇളവുനേടുന്നത് രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമായിക്കണ്ട ദേശാഭിമാനിയായിരുന്നു അദ്ദേഹം.
കുടിയാൻമാരുടെ ശബ്ദം
ദേശീയപ്രസ്ഥാനത്തിന്റെയും കോൺഗ്രസിന്റെയും സന്ദേശം താഴെത്തട്ടിൽ എത്തിക്കാൻ മലബാറിൽ ഹിന്ദു-മുസ്‌ലിം സാഹോദര്യം അനിവാര്യമാണെന്ന് മുൻകൂട്ടിക്കണ്ട എം.പി., കുടിയാൻമാരെയും കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിൽ മുന്നിട്ടിറങ്ങി. ആ കാലത്തെ അഭിഭാഷകരായ പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം ജന്മികൾക്കു വേണ്ടി വാദിക്കാനിറങ്ങിയപ്പോൾ, നാരായണമേനോൻ മലബാർ കുടിയാൻ സങ്കട നിവാരണസംഘം സ്ഥാപിച്ച് പാവപ്പെട്ട കുടിയാൻമാർക്കുവേണ്ടി ഫീസ് വാങ്ങിക്കാതെ കോടതിയിൽ വാദിച്ചു. താമസിയാതെ മലബാറിലെ കോൺഗ്രസ് ഓർഗനൈസിങ് സെക്രട്ടറിയായി. മഞ്ചേരിയിലും ഒറ്റപ്പാലത്തുംനടന്ന കോൺഗ്രസ് സമ്മേളനങ്ങളുടെ മുഖ്യസംഘാടകരിലൊരാളായിരുന്നു എം.പി.
ബ്രിട്ടീഷ് യുദ്ധഫണ്ടിലേക്ക് പണക്കിഴി നൽകണമെന്ന മലബാർ കളക്ടറുടെ ആവശ്യം നിരസിക്കണമെന്ന് പ്രസംഗിച്ചത് നാരായണമേനോനെ ബ്രിട്ടീഷ് അധികാരികളുടെ നോട്ടപ്പുള്ളിയാക്കിമാറ്റി. വള്ളുവനാട് താലൂക്കിലെ പുഴക്കാട്ടിരിയിൽ ജനിച്ചുവളർന്ന മേനോന് മുസ്‌ലിം സഹോദരങ്ങളിലുണ്ടായ സ്വാധീനവും മതിപ്പും ബ്രിട്ടീഷ് അധികാരികളെ അസ്വസ്ഥരാക്കി. മലബാറിൽ ലഹള തുടങ്ങിയപ്പോൾ ഹിന്ദു -മുസ്‌ലിം മൈത്രിക്കായി മുന്നിട്ടിറങ്ങിയ മേനോൻ അക്രമംനടന്ന പല പ്രദേശങ്ങളിലും നേരിട്ടെത്തി സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. ലഹള ആളിക്കത്തി സ്ഥിതി വഷളാവണമെന്നാഗ്രഹിച്ച ബ്രിട്ടീഷ് കളക്ടർക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറമായി. എം.പി.യെ ഏതു വിധേനെയും മലബാറിൽനിന്ന് നാടുകടത്താൻ നിശ്ചയിച്ചുറപ്പിച്ച കളക്ടർ വാറന്റ് പോലുമില്ലാതെയാണ് 1921 സെപ്റ്റംബർ 10-ന് പട്ടാളനിയമപ്രകാരം എം.പി.യെ അറസ്റ്റു ചെയ്തത്. ഒരു കൊലയാളിയെപ്പോലെ കൈയിലും കാലിലും ചങ്ങലയിട്ടുപൂട്ടി മലപ്പുറത്തുനിന്ന് തിരൂർവരെ 30 നാഴിക റോഡിലൂടെ നടത്തിച്ചാണ് കൊണ്ടുപോയത്. തിരൂരിൽനിന്ന് അദ്ദേഹത്തെ തീവണ്ടിമാർഗം കൊണ്ടുപോയി. അപ്പോഴും എവിടേക്കാണ് കൊണ്ടുപോയതെന്ന് ആർക്കും അറിയുമായിരുന്നില്ല.
നിയമവിരുദ്ധമായ വാറന്റ്
മാപ്പിള ആക്ടനുസരിച്ച് എം.പി.യെ അറസ്റ്റുചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഇതുപ്രകാരം 29 പേർക്കുനേരേ അറസ്റ്റു വാറന്റ് തയ്യാറാക്കി 1921 ഓഗസ്റ്റ് 18-ന് കളക്ടർ ഉത്തരവിട്ടു. എം.പി. ഹിന്ദുവായതിനാൽ മാപ്പിള ആക്ട് അദ്ദേഹത്തിനു ബാധകമാവില്ല എന്ന് കളക്ടർക്ക് പിന്നീട് മനസ്സിലായി. 29 പേരുടെ വാറന്റ് ഷീറ്റിൽ നാരായണമേനോന്റെ പേരിനുനേരേ 'അറസ്റ്റ് ഇപ്പോൾ വേണ്ടാ' എന്ന് എഴുതിച്ചേർത്തു. സെപ്റ്റംബറിൽ പട്ടാളനിയമം നടപ്പാക്കിയശേഷമാണ് മേനോനെ അറസ്റ്റുചെയ്ത് കോയമ്പത്തൂർ ജയിലിലടച്ചത്. ഒരുവർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കുകയോ മജിസ്‌ട്രേറ്റിനുമുൻപിൽ ഹാജരാക്കുകയോ ചെയ്തില്ല. ഇതേ കാലയളവിൽ ജയിലിലുണ്ടായിരുന്ന ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് തനിക്കുകിട്ടിയ കുറ്റപത്രം എം.പി.യെ കാണിച്ചശേഷം ചോദിച്ചു- 'ഈ കുറ്റത്തിനുള്ള ശിക്ഷ എന്തായിരിക്കും'. രാജ്യദ്രോഹത്തിന് മരണമാണു ശിക്ഷ, എന്താ അറിയില്ലെന്നുണ്ടോ എന്ന് എം.പി. ചോദിച്ചു. താൻ അത്തരം കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പേടിച്ചുകൊണ്ട് നമ്പൂതിരിപ്പാട് പറഞ്ഞപ്പോൾ എം.പി.യുടെ മറുപടി ഇങ്ങനെയായിരുന്നു- 'സമരത്തിനിറങ്ങുമ്പോൾ ഭവിഷ്യത്തിനെക്കുറിച്ച് ചിന്തിക്കണമായിരുന്നു. ഇനി ഒരു ദേശസ്‌നേഹി എന്ന നിലയ്ക്ക് ധൈര്യപൂർവം ജീവിതം ബലി അർപ്പിക്കാനൊരുങ്ങിക്കോളൂ. കാലുപിടിക്കാനും കരയാനും പോകരുത്.’
കുറ്റപത്രമോ വിചാരണയോ ഇല്ലാതെ ഒരു വർഷത്തിലേറേ തന്നെ അന്യായമായി തടങ്കലിൽവെക്കുന്നതിന്റെ നിയമസാധുത ചോദ്യംചെയ്ത് നാരായണമേനോൻ മദിരാശി ചീഫ് സെക്രട്ടറിക്കു കത്തയച്ചു. പിന്നാലെ ബ്രിട്ടീഷ് സർക്കാരിനുനോട് യുദ്ധംചെയ്തു എന്ന കുറ്റം ചുമത്തി സ്പെഷ്യൽ ജഡ്ജ് മുൻപാകെ ഹാജരാക്കി. മാപ്പിളമാരെ ബ്രിട്ടീഷ് സർക്കാരിനോട് നേരേ യുദ്ധംചെയ്യാൻ ഇളക്കിവിട്ടു എന്നതായിരുന്നു കുറ്റം. കേസ് നടത്തി കുറ്റവിമുക്തനാവണമെന്ന് കോൺഗ്രസ് നേതാക്കളായ കെ.പി. കേശവമേനോനും കെ. മാധവൻനായരും എം.പി.യെ ജയിലിൽ ചെന്നുകണ്ട് സംസാരിച്ചപ്പോൾ , ബ്രിട്ടിഷ് നീതിന്യായസംവിധാനത്തിൽ തനിക്ക് വിശ്വാസമില്ലെന്നായിരുന്നു മറുപടി. ഈ കേസ് വാദിക്കേണ്ടത് മലബാറിലെ കോൺഗ്രസിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന കേശവമേനോന്റെയും മാധവൻനായരുടെയും അഭ്യർഥന മാനിച്ചാണ് എം.പി. വക്കാലത്ത് ഒപ്പിട്ടുനൽകിയത്. തെളിവുകൾനിരത്തി കേസ് വാദിച്ചെങ്കിലും ജീവപര്യന്തംതടവിന് കോടതി ശിക്ഷിക്കുകയാണുണ്ടായത്.
ജയിലിലും പോരാളി
എം.പി. അറസ്റ്റിലാവുമ്പോൾ ഭാര്യ കല്യാണിക്കുട്ടിഅമ്മയ്ക്ക് പ്രായം 26. ഒരു മകൾ ഉൾപ്പെടെ നാല് കൊച്ചുകുട്ടികളടങ്ങുന്ന കുടുംബം. അറസ്റ്റ് ചെയ്ത് ഒരുവർഷത്തോളം ഭർത്താവിനെ എവിടേക്കാണ് കൊണ്ടുപോയത് എന്നുപോലും ഭാര്യക്ക് അറിയുമായിരുന്നില്ല. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൂറുപേർ ഒപ്പുവെച്ച നിവേദനം കെ. കേളപ്പൻ സെൻട്രൽ ലജിസ്‌ലേറ്റീവ് അസംബ്ലിക്ക് സമർപ്പിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ എം.പി.യുടെ അധ്യാപകനായിരുന്ന പ്രൊഫ. ഹോഗ് വൈസ്രോയിക്ക് കത്തയച്ചു. ഇതിനുമറുപടിയായി വൈസ്രോയി രണ്ട് നിബന്ധനകൾ മുന്നോട്ടുവെച്ചു. ഒന്ന്, നാരായണമേനോൻ കുറ്റം ഏറ്റുപറഞ്ഞ് മാപ്പുപറയണം. രണ്ട് മലബാറിൽ രണ്ടുകൊല്ലത്തേക്ക് കാലുകുത്തില്ല എന്ന് ഉറപ്പുനൽകണം.
രണ്ടു നിബന്ധനകളും എം.പി. നിരസിച്ചു. ജയിലിൽ വർഷങ്ങളോളം കടുത്തയാതനകൾ അനുഭവിക്കേണ്ടിവന്നശേഷം ഒടുവിൽ രാഷ്ട്രീയത്തടവുകാരന്റെ സ്റ്റാറ്റസ് നൽകാൻ തീരുമാനമായി. അങ്ങനെ എ ക്ലാസ് തടവുകാരനായി വൈകാതെ വെല്ലൂർ ജയിലിലേക്ക് മാറ്റി. ഒന്നരവർഷത്തോളം ഇതേ ജയിലിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടും എം.പിയോടൊപ്പം തടവുശിക്ഷ അനുഭവിച്ചു.'ധൈര്യശാലിയായ സ്വാതന്ത്ര്യഭടൻ, തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യപതാക ഒരിഞ്ചുപോലും താഴ്ത്താനനുവദിക്കാത്ത ധീരൻ' എന്നാണ് ഇ.എം.എസ്. നാരായണമേനോനെ വിശേഷിപ്പിച്ചത്.
ഗാന്ധിജി വെല്ലൂരിൽവന്നപ്പോൾ കോൺഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം എം.പി.യുടെ ഭാര്യ കല്യാണിക്കുട്ടിഅമ്മ ഗാന്ധിജിയെ ചെന്നുകണ്ട് ഭർത്താവിനെ ജയിൽമുക്തനാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. രണ്ടാം വട്ടമേശസമ്മേളനത്തിനായി ലണ്ടനിൽ പോയപ്പോൾ ഇക്കാര്യം ബ്രിട്ടിഷ് അധികാരികളോട് സംസാരിച്ചിരുന്നതായും എം.പി. മാപ്പുപറയാതെ വിട്ടയക്കില്ലെന്നായിരുന്നു മറുപടിയെന്നും ഗാന്ധിജി പറഞ്ഞു. പിന്നീട് കല്യാണിക്കുട്ടിഅമ്മ എം.പി.യെ കാണാൻ ജയിലിൽച്ചെന്നപ്പോൾ ധീരനായ ആ പോരാളിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.' എന്റെ കർത്തവ്യത്തിൽനിന്നും ദൃഢനിശ്ചയത്തിൽനിന്നും വ്യതിചലിക്കാനാവശ്യപ്പെടുന്ന ഭാര്യയെ എനിക്ക് കാേണണ്ടാ. ചെയ്യാത്ത കുറ്റത്തിന് മാപ്പുപറയാൻ ഒരിക്കലും തയ്യാറല്ല. വേണ്ടിവന്നാൽ ജയിൽമുക്തനായശേഷവും ബ്രിട്ടീഷ് സർക്കാരിനുേനരേ സമരംചെയ്യും.' മാപ്പ് പറഞ്ഞ് ജയിൽമോചിതനാവാൻ പിന്നീട് ഒരിക്കലും കല്യാണിക്കുട്ടിഅമ്മ നിർബന്ധിച്ചില്ല.
ഒടുവിൽ 1934-ൽ മാപ്പുപറയാതെതന്നെ എം.പി.യെ ജയിൽമോചിതനാക്കി. മദ്രാസിലും മലബാറിലും പലയിടങ്ങളിലുമായി നൽകിയ സ്വീകരണയോഗങ്ങളിൽ എം.പി. പറഞ്ഞ വാക്കുകൾ ഇന്നും പ്രസക്തമാണ്- 'രാജ്യത്തിന്റെ മാനംകാക്കാനായി കഷ്ടതയനുഭവിച്ചവരെ നന്ദി, പ്രത്യുപകാരം, പരസ്യപ്രചാരണങ്ങൾ എന്നിവവഴിയല്ല ഓർമ്മിക്കേണ്ടത്' എന്നു പറഞ്ഞ എം.പി പിന്നീട് സ്വാതന്ത്ര്യസമരസേനാനികൾക്ക് നൽകുന്ന പെൻഷനോ മറ്റ് എന്തെങ്കിലും ആനുകൂല്യങ്ങളോ സ്വീകരിക്കാൻ തയ്യാറായില്ല.
ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട എം.പി.യുടെ വക്കീൽജോലിക്കുള്ള സനദ് ബ്രിട്ടീഷ് സർക്കാർ എടുത്തുകളഞ്ഞതിനാൽ ജയിൽമോചിതനായശേഷം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ സാധിച്ചില്ല. 1936-ൽ കേന്ദ്ര അസംബ്ലിയിലേക്കുള്ള സ്ഥാനാർഥിയായി എം.പി.യെ കോൺഗ്രസ് തിരഞ്ഞെടുത്തെങ്കിലും ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് സ്ഥാനാർഥിത്വം നൽകുന്നതിനെ കോൺഗ്രസ് നേതാവ് ഭക്തവത്സലം എതിർത്തപ്പോൾ താൻ മത്സരിക്കാനില്ലെന്ന് എം.പി. പ്രഖ്യാപിച്ചു. ഇതിനിടെ 1934-35 വർഷത്തിൽ കെ.പി.സി.സി. പ്രസിഡന്റായി നേതൃപാടവം തെളിയിച്ചു. 1942-ൽ ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കെടുത്ത് കോഴിക്കോട്ട് പ്രസംഗിച്ചുകൊണ്ടിരിക്കെ എം.പി.യെയും മൊയ്തു മൗലവിയെയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. മകന് അസുഖം മൂർച്ഛിച്ചപ്പോൾ കാണാൻ പരോൾ അനുവദിക്കാമെന്നുപറഞ്ഞെങ്കിലും ഔദാര്യം നിരസിച്ച എം.പി., 1946 വരെ മൂന്നുവർഷം ജയിൽവാസമനുഷ്ഠിച്ചു. സ്വാതന്ത്ര്യത്തിനുശേഷം മറ്റു പലരെയുംപോലെ തനിക്കും ലഭിക്കുമായിരുന്ന ഉന്നതപദവികൾ തേടിപ്പോവാതെ ബോധപൂർവം പൊതുരംഗത്തുനിന്ന് ആ ധീരദേശാഭിമാനി മാറിനിന്നു.
Content Highlights: Freedom fighter MP Narayana Menon served 17 years in prison, refusing to apologize to the British or seek mercy, standing firm for tenant rights and communal harmony in Malabar during India's freedom movement.
Published: 05 Oct 2026, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented